പലർക്കും ഉൾക്കൊള്ളാൻ താൽപ്പര്യമില്ലാത്ത യഥാർഥ്യത്തെ / അംഗീകരിക്കാൻ മടിയുള്ള സത്യങ്ങളെ ഒളി മറയില്ലാതെ പറഞ്ഞു വക്കുന്ന വേറിട്ട ഒരു സിനിമ.
സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന കാപട്യങ്ങളെ തുറന്ന് കാണിക്കുന്നതോടൊപ്പം ഉട്ടോപ്യൻ ലോക സങ്കൽപ്പത്തെയും നന്മ നിറഞ്ഞ നായക സങ്കൽപ്പങ്ങളെയുമൊക്കെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ എടുത്തലക്കുകയാണ് സിനിമ.
അത് കൊണ്ട് തന്നെ ഏതെങ്കിലും വിധേനയുള്ള സന്ദേശമോ, പോസിറ്റീവ് വൈബോ, പ്രചോദനമോ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാൻ പോകുന്നവർ ഡാർക്ക് അടിച്ചു മരിക്കും എന്ന് കട്ടായം.
ജാഫർ ഇടുക്കി പറയുന്ന പോലെ ഇത് കര വേറെയാണ്. ഇവിടെ സീൻ മൊത്തം ഡാർക്ക് ആണെന്ന് ഉൾക്കൊള്ളണം.
പരാജയം നുണഞ്ഞു മതിയായപ്പോൾ, ജീവിതത്തിൽ എത്തിക്സിനു വട്ട പൂജ്യമാണ് പ്രസക്തി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് വിജയിക്കാൻ എന്ത് നെറികേടു ചെയ്യാനും തയ്യാറായ മുകുന്ദനുണ്ണിയെ പോലെയല്ല വിനീത് മാധവൻ.
ആ ഒരൊറ്റ വ്യത്യാസം ഒഴിച്ച് നിർത്തിയാൽ 'മുകുന്ദനുണ്ണി'യൻ തത്വ ശാസ്ത്രങ്ങളെ കുറച്ചു കൂടി വിപുലമായ രീതിയിൽ 'മോളിവുഡ് ടൈംസി'ലേക്ക് ആവിഷ്‌കരിക്കുകയാണ് അഭിനവ് സുന്ദർ ചെയ്തിട്ടുള്ളത് എന്ന് കാണാം.
സൃഷ്ടി സ്വീകരിക്കപ്പെട്ടാൽ സൃഷ്ടാവും സ്വീകരിക്കപ്പെടും. അവിടെ യഥാർത്ഥ സൃഷ്ടാവ് ആരാണ് എന്ന സത്യത്തിനേക്കാൾ സൃഷ്ടാവായി ആര് വാഴ്ത്തപ്പെടുന്നു എന്നതിനാണ് പ്രാധാന്യം.
ഇംഗ്ലീഷ് കവി ആർതർ ബ്രൂക്കിന്റെ 'The Tragical History of Romeous and Juliet' നെ കടമെടുത്താണ് ഷേക്സ്പിയർ 'റോമിയോ ആൻഡ് ജൂലിയറ്റ്' എഴുതിയതെന്ന് പറയുമ്പോഴും ഷേക്സ്പിയർ സാഹിത്യ ചോരണം നടത്തിയതായി സമ്മതിക്കാൻ നമുക്ക് സാധിക്കുമോ എന്ന ചോദ്യ രൂപത്തിലുള്ള കഥാപാത്ര സംഭാഷണമാണ് ഈ സിനിമയുടെ ഉള്ളടക്കത്തെ ചർച്ചക്ക് വക്കുന്നത്.
'ഉദയനാണ് താര'ത്തിന്റെ ഒരു ഷെയ്ഡെന്ന പോലെ സിനിമക്കുള്ളിലെ നീതികേടുകളും ചതിയും കാപട്യങ്ങളുമൊക്കെ ഇവിടെയും തുറന്ന് കാണിക്കുന്നുണ്ട്.
പക്ഷേ ഇവിടെ കഥാപാത്രങ്ങളുടെ ശരി തെറ്റുകൾ ബോധ്യപ്പെടുത്തി കൊണ്ടുള്ള വിലയിരുത്തലുകൾക്കൊന്നും സാധ്യത കൽപ്പിക്കുന്നില്ല സംവിധായകൻ.
കഴിവും പരിശ്രമവും ദീർഘവീക്ഷണവും ഇച്ഛാ ശക്തിയുമൊക്കെ ഉണ്ടായത് കൊണ്ടായില്ല ജീവിതത്തിൽ പലതും നേടിയെടുക്കാൻ ഭാഗ്യവും, കുതന്ത്രങ്ങളും പ്രായോഗിക ബുദ്ധിയുമൊക്കെ വേണ്ടി വരും എന്ന് അടിവരയിട്ടു പറയുന്ന സിനിമ 'നന്മ-തിന്മ കർമ്മ' തത്ത്വങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധിയെ ഒരു അജ്ഞാത ശക്തിയായി പ്രഖ്യാപിക്കുകയാണ്.
നമ്മൾ ധരിച്ചു വച്ചിരിക്കുന്നതിന് വിപരീതമായൊരു സത്യത്തെ ഉൾക്കൊള്ളേണ്ടി വരുന്നതാണ് ഏറ്റവും വലിയ ഭയം എന്നൊക്കെ പറഞ്ഞു വക്കുന്ന സിനിമയിലേക്ക് ജാതി സംവരണത്തെ അനാവശ്യമായി ബന്ധപ്പെടുത്തിയ പൊളിറ്റിക്സിനോട് മാത്രം വിയോജിക്കാതെ വയ്യ.
ഈ ലോകത്ത് വിജയിച്ചവരേക്കാൾ കൂടുതൽ പരാജയപ്പെട്ടവരാണ് എന്നിരിക്കെ ഈ ലോകത്ത് എന്ത് ചെയ്തിട്ടും വിജയിക്കാൻ സാധിക്കാതെ പോയവരുടെ കഥയെ ഹീറോയിസവും മോട്ടിവേഷൻ ക്ലാസ്സും കൊണ്ട് സിനിമാറ്റിക് ആക്കാതെ ഡാർക്ക് റിയാലിറ്റിയിൽ പറഞ്ഞവതരിപ്പിക്കുന്ന ചങ്കൂറ്റത്തിന് കൈയ്യടിയുണ്ട്.
നസ്‌ലന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്ര പ്രകടനം. വിനീത് മാധവനെന്ന കഥാപാത്രത്തിന്റെ വിവിധ കാലത്തെ മാനസികാവസ്ഥകൾ ഉൾക്കൊണ്ടു തന്നെ അഭിനയിക്കാൻ സാധിച്ചിട്ടിട്ടുണ്ട്.
ഒരു കൊമേഴ്സ്യൽ സിനിമ എന്ന നിലക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധ്യതയില്ലെങ്കിലും വ്യക്തിപരമായി എനിക്ക് വേറിട്ട ആസ്വാദനം സമ്മാനിച്ചു 'മോളിവുഡ് ടൈംസ്'
©bhadran praveen sekhar


No comments:
Post a Comment