Thursday, June 27, 2019

'ഉണ്ട'യുള്ള സിനിമ

ഒരു ചെറിയ കഷ്ണം പത്ര വാർത്തയിൽ നിന്ന് ഇത്രയേറെ സാമൂഹിക വിഷയങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു നാടിന്റെ-നാട്ടുകാരുടെ- അതിലുപരി ഈ കാലഘട്ടത്തിന്റെയൊക്കെ രാഷ്ട്രീയം തികഞ്ഞ ജനാധിപത്യമര്യാദയോട് കൂടി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്താണ് 'ഉണ്ട' ഒരു സമകാലീന സാമൂഹിക രാഷ്ട്രീയ സിനിമയായി മാറുന്നത്. 

പോലീസിന്റെ ഒരു ദിവസം തുടങ്ങുന്നതു തൊട്ട് പുതിയ ചുമതലയേറ്റടുെത്തു കൊണ്ടുള്ള അവരുടെ യാത്രാ ഒരുക്കങ്ങളും പുറപ്പാടുകളുമൊക്കെയായി മനോഹരമായി വരച്ചു കാണിച്ചു തരുന്ന കേരളാ പോലീസിനെ ഭീതിജനകമായ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്ന സീനുകൾ. കേരളാന്തരീക്ഷത്തിൽ മാത്രം പരിശീലിച്ചു പഴകിയ ഒരു പോലീസ് സേനക്ക് കേരളത്തിന് പുറത്ത് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും ബന്ധപ്പെട്ട സർക്കാരുകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന അവഗണനകളുമൊക്കെ കേവലം സിനിമാ സ്‌ക്രീൻ കാഴ്ചകളായി ഒതുക്കാതെ കാണുന്നവനെ അനുഭവപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നു. 

മാവോയിസ്റ്റുകളെ ജനാധിപത്യ വിരുദ്ധരും ഭീകരവാദികളുമായി പ്രതിഷ്ഠിക്കുമ്പോഴും ജനാധിപത്യ വിശ്വാസികൾ എന്ന് കണക്കാക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ തെമ്മാടിത്തരവും ഗുണ്ടായിസവും ജനാധിപത്യ വിരുദ്ധമായി കാണാൻ സർക്കാരുകൾക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നു പോകുന്ന സീനുകളുണ്ട്. ബൂത്തു കൈയ്യേറി ഓഫിസറെ മർദ്ദിക്കുകയും കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരൊക്കെ ഭീകരർ അല്ലാതാകുന്ന സ്ഥിതി വിശേഷം. 

എത്രത്തോളം കരുതലും സുരക്ഷയുമൊരുക്കി കൊണ്ടാണ് ഛത്തീസ്‌ഗാഡ് പോലുള്ള സ്ഥലങ്ങളിൽ പോലീസ് സേന ജനാധിപത്യത്തിന് കാവലാളാകുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമ. ഒരു ഘട്ടത്തിൽ തമാശ രൂപേണ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം ഭയാനകമായ സാഹചര്യങ്ങളായിരുന്നെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിക്കാൻ നിർബന്ധിതരാകുമ്പോഴും ഈഗോയും ദുരഭിമാനവും നിവർത്തികേടും സഹാനുഭൂതിയും ദുഷിപ്പുകളുമൊക്കെ പേറുന്ന പല വിധം മനുഷ്യരുടെ യൂണിഫോമിട്ട രൂപമാണോ കേരളാ പോലീസെന്ന് ചിന്തിച്ചു പോകും. 

അകത്തു നിന്നും പുറത്തു നിന്നുമായി ഇത്രയേറെ ഭീഷണികളും അടിച്ചമർത്തലുകളും നേരിടുമ്പോഴും അതി രാവിലെ വോട്ട് ചെയ്യാനെത്തുന്ന ഗ്രാമവാസികൾ ഇന്ത്യൻ ജനാധിപത്യത്തിനു നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും കാൽഭാഗമെങ്കിലും ഭരണകൂടം തിരിച്ചു അവർക്ക് നൽകുന്നുണ്ടോ എന്നത് വേദനിപ്പിക്കുന്ന ചോദ്യമായി മനസ്സിൽ അവശേഷിക്കുന്നു. 

ആദിവാസി സമൂഹത്തിൽ നിന്ന് പോലീസിലെത്തിയ ബിജു എന്ന കഥാപാത്രം ഈ സിനിമയുടെ നിലപാടുപരമായ മാണിക്യമാണ്. ആ കഥാപാത്രത്തെ മുൻനിർത്തി കൊണ്ട് തന്നെ ഒരേ സമയം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതിയെ തുറന്നു കാണിക്കുകയും അത് തിരുത്തിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. നമ്മുടെ ജീവിതം എങ്ങിനെയാകണമെന്ന് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ് അത് സഹിക്കാൻ പറ്റില്ല സാറേ എന്ന് പറയുന്ന പിസി ബിജുകുമാർ ഛത്തീസ്‌ഗഡ്‌ വിട്ടു പോകുന്ന സമയത്ത് തെളിയിച്ചിട്ടു പോകുന്ന ഒരു വിളക്കുണ്ട്. ആ വിളക്കിന്റെ വെളിച്ചം തന്നെയാണ് ഈ സിനിമയുടെ ചിന്ത. ആദിവാസി ഊരുകളിലെ ആ വെളിച്ചം കെടാതെ സൂക്ഷിക്കാൻ, അവരെ കൂടെ നിർത്താൻ, മുഖ്യധാരാ സമൂഹത്തിലേക്ക് നയിക്കാൻ, സംവരണമെന്തിന് എന്ന് ചിന്തിക്കുന്നവർക്ക് മറുപടി നൽകാൻ ലുക്മാന്റെ ബിജു കുമാറിനെ പോലുള്ള കഥാപാത്രങ്ങൾ സിനിമയിലൂടെയെങ്കിലും നമുക്കിടയിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. 

മമ്മൂട്ടി എന്ന താരത്തെ കാണാൻ കിട്ടാതെ പോയ സിനിമയുടെ അവസാന സീനുകളിലാണ് ചെറിയ അഡ്ജസ്റ്റ്മെന്റുകൾ നടക്കുന്നത്. മണി സാറും ടീമും അവിടെ സ്ട്രോങ്ങ് ആയി പൊരുതിയാലേ ജീവിതത്തിലേക്കൊരു മടക്കമുള്ളൂ എന്നത് കൊണ്ട് തന്നെ റിയലിസ്റ്റിക് അവതരണത്തിന്റെ സാധ്യതകളെ അവസാന സീനുകളിൽ നിന്ന് വെട്ടിക്കളയുന്നു. 

ആകെ മൊത്തം ടോട്ടൽ = മണി സാറിന്റെയും ടീമിന്റെയും കൈയ്യിലെ തോക്കുകളിൽ ഉണ്ടയില്ലായിരുന്നിരിക്കാം. പക്ഷേ നിലപാടുപരമായി ഒരുപാട് ഉണ്ടകൾ ഉള്ള ഒരു നല്ല തോക്കാണ് ഖാലിദ് റഹ്മാന്റെ ഈ  സിനിമ. സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. അവതരണപരമായി ഒരുപാട് സാധ്യതകൾ ഉളള പ്രമേയത്തിന്റെ ഏറ്റവും ലളിതമായ അവതരണമായി 'ഉണ്ട' എന്നത് ഒരു പോരായ്മയായി ചിലരെങ്കിലും പറഞ്ഞേക്കാം. പക്ഷെ പറഞ്ഞു കാട് കയറാത്ത  ആ ലാളിത്യം തന്നെയാണ് ഈ കൊച്ചു സിനിമയുടെ മികവ് എന്ന് പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin-


Sunday, June 23, 2019

മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ

ഒരുപാട് അവകാശ വാദങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ഫാമിലി എന്റർടൈനർ മൂവി എന്ന് പറയാം. കഴിഞ്ഞ കുറച്ചു കാലത്തെ ജയറാമിന്റെ സിനിമകളെല്ലാം ഓവർ ആക്ടിങ് കൊണ്ടും തറ കോമഡികൾ കൊണ്ടുമൊക്കെ അങ്ങേയറ്റം വെറുപ്പിച്ചിരുന്നെങ്കിലും 'ലോനപ്പന്റെ മാമോദീസ' അക്കൂട്ടത്തിൽ ഒരു ആശ്വാസമായിരുന്നു. പഴയ ജയറാമിലേക്കുള്ള ഒരു തിരിച്ചു വരവെന്നൊക്കെ പറയാവുന്ന ഒരു പടമായിരുന്നു അത്. സിനിമാ തിരഞ്ഞെടുപ്പുകളിൽ കാര്യ ഗൗരവമില്ലാത്ത ഒരു സീനിയർ നടൻ എന്ന ചീത്തപ്പേര് അപ്പോഴും ബാക്കിയുണ്ട് എന്നത് വേറെ കാര്യം. എന്നിരുന്നാലും സമീപ കാല ജയറാം സിനിമകളുടെ കൂട്ടത്തിൽ 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ 'വീണ്ടും ഒരു ആശ്വാസമാണ് എന്ന് പറയാം.

'ഫ്രണ്ട്സും' 'മിന്നാര'വും അടക്കമുള്ള പല സിനിമകളിലും കണ്ടു മറന്ന സീനുകളുടെ ഓർമ്മപ്പെടുത്തലുകൾ ഉള്ള സിനിമയാണ് 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ'. 'ഫ്രണ്ട്സ്' സിനിമയിലെ ജയറാം-മുകേഷ്-ശ്രീനിവാസൻ മൂവർ സംഘം പോലെ തന്നെയാണ് ഇതിലെ ജയറാം-ബാബുരാജ്-ജോണി ആന്റണി കൂട്ട് കെട്ട്. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്ന ഇവർക്കിടയിലെ സൗഹൃദവും വേർപിരിയലും ഒന്നിക്കലുമൊക്കെ തന്നെയാണ് പ്രധാന കഥ. 'മിന്നാര'ത്തിൽ ബോബിയുടെ മകളെന്നും പറഞ്ഞു നീന ഒരു കൊച്ചു കുട്ടിയുമായി രംഗ പ്രവേശം ചെയ്യുന്ന പോലെ ഇവിടെ മൈക്കിളിന്റെ മകളും പേരക്കുട്ടിയും കൂടിയാണ് വരുന്നത് എന്ന് മാത്രം. 

പുതുമയില്ലാത്ത കഥയെങ്കിലും ജയറാം- ധർമ്മജൻ-ജോണി ആന്റണി-ബാബുരാജ് ടീമിന്റെ കോമ്പോ തരക്കേടില്ലാതെ വർക് ഔട്ടായിട്ടുണ്ട്. ഒരർത്ഥത്തിൽ അത് മാത്രമാണ് സിനിമ എന്ന് തന്നെ പറയാം. 

ആകെ മൊത്തം ടോട്ടൽ = ഓർത്തെടുത്തു പറയാൻ തക്ക മികച്ച സീനുകളോ പ്രകടനങ്ങളോ ഇല്ലെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഫാമിലിയായിട്ട് കാണാവുന്ന തരക്കേടില്ലാത്ത ഒരു എന്റർടൈനർ ആണ് 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ'. അത്യാവശ്യം കോമഡിയും സെന്റിമെൻസും അവസാനത്തെ ചില ട്വിസ്റ്റുകളുമൊക്കെ കൂടെ ആകുമ്പോൾ പടം ഒരു ടൈം പാസ് ഫീലിൽ ഓക്കേ ടു വാച്ച് ആണ്.

വിധി മാർക്ക് = 5/10 

-pravin-

Saturday, June 8, 2019

വൈറസ് - അതിജീവനത്തിന്റെ നേർ കാഴ്ചകൾ

കേരളത്തിൽ ഭീതി പടർത്തിയ നിപ്പയുടെ സിനിമാവിഷ്ക്കാരം എന്നതിനേക്കാളേറെ നിപ്പ എന്തെന്നും നിപ്പയെ കേരളം എങ്ങിനെ നേരിട്ടെന്നും പറഞ്ഞു തരുന്ന അനുഭവസാക്ഷ്യമാണ് 'വൈറസ്'. 

മെഡിക്കൽ കോളേജിലെ ഒരു ദിവസം എന്താണെന്ന് കാണിച്ചു തന്നു കൊണ്ട് തുടങ്ങുന്ന ഓപ്പണിങ്‌ സീൻ തൊട്ട് തന്നെ പ്രേക്ഷക പിന്തുണ അനായാസേന നേടിയെടുക്കാൻ സാധിക്കുന്നുണ്ട് സിനിമക്ക്. എത്ര മാത്രം സങ്കീർണ്ണവും ദുഷ്ക്കരവുമായ കേസുകളാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കേണ്ടി വരുന്നവർക്ക് ഒരു ദിവസം നേരിടേണ്ടി വരുന്നതിന്റെ നേർ കാഴ്ചകളിലൂടെയാണ് ടൈറ്റിലുകൾ തെളിയുന്നത്. 

ഒരു ജനതയുടെ അതിജീവനത്തിനു വേണ്ടി കൈ കോർത്തവരും അവരുടെ ജീവിതങ്ങളും ചുറ്റുപാടുകളും കുറഞ്ഞ സമയം കൊണ്ട് അനവധി ചെറു കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ കാണാൻ സാധിക്കുന്നുണ്ട്. രണ്ടര മണിക്കൂർ സിനിമക്കുള്ളിൽ നിന്ന് ഒരു വലിയ മിഷൻ പെട്ടെന്ന് പറഞ്ഞു പോകുക എന്നത് എളുപ്പമല്ല. നിപ്പയുടെ അതിജീവനം ഒരു മെഡിക്കൽ ത്രില്ലർ കണക്കെ അവതരിപ്പിക്കാനുള്ള സാധ്യതകളേക്കാൾ പൊതുജന സമക്ഷം നിപ്പയെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ സിനിമ എത്തിക്കാനാണ് ആഷിഖ്  അബു ശ്രമിച്ചിരിക്കുന്നത്. 

മെഡിക്കൽ ടേമുകളും മറ്റു വിശദീകരണങ്ങളുമൊക്കെ കൂടിയായി കാര്യ ഗൗരവത്തോടെ തന്നെ നിപ്പ പ്രമേയത്തെ പരിചരിക്കുന്നതിനാൽ 'വൈറസി'ൽ സിനിമാറ്റിക് എലമെൻറ്സ് പരതേണ്ടതില്ല. അത് കൊണ്ടൊക്കെ തന്നെ സാമാന്യം നല്ല ലാഗ് ഉണ്ടായിരുന്നു സിനിമക്ക്. ഒരു മെഡിക്കൽ സർവൈവൽ സിനിമ എന്നതിനപ്പുറം ത്രില്ലടിപ്പിക്കുന്ന അല്ലെങ്കിൽ പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങളിൽ കൂടിയല്ലായിരുന്നു സിനിമയുടെ അവതരണം എന്നത് കൊണ്ടും മേൽപ്പറഞ്ഞ ലാഗ് കൊണ്ടും എത്രത്തോളം പ്രേക്ഷകർക്ക് സിനിമയുടെ സെൻസറിഞ്ഞു കൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. 

ഒരർത്ഥത്തിൽ ഈ സിനിമയുടെ അവതരണ ശൈലി പോലും ഒരു വിപ്ലവകരമായ പരീക്ഷണമാണ് എന്ന് പറയേണ്ടി വരും. സ്പൂൺ ഫീഡിങ്ങിലൂടെ മാത്രം സങ്കീർണ്ണമായ കാര്യങ്ങളെ വിവരിച്ചു തന്നിരുന്ന ഒരു ശൈലിയിൽ നിന്നും വിദ്യാസമ്പന്നരായ മലയാളി പ്രേക്ഷകർക്ക് ഇതെല്ലാം മനസ്സിലാക്കാൻ സാധിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയുള്ള അവതരണം ഒരു നല്ല ചുവടുമാറ്റമാണ്. നിപ്പയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിരീക്ഷണങ്ങളും കണ്ടു പിടിത്തങ്ങളുമൊക്കെയായി മുന്നേറുന്ന സമയത്തും സിനിമയിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക് കൊണ്ട് പോകാൻ ഉപയോഗിക്കുന്ന കട്ടുകളും എഡിറ്റിങ്ങുമൊക്കെ ഗംഭീരമായിരുന്നു. 

സക്കറിയയിൽ നിന്ന് തുടങ്ങി വക്കുന്ന നിപ്പയെ സക്കറിയ എങ്ങിനെ മറ്റുള്ളവരിലേക്ക് എത്തിച്ചു എന്നതിലേക്കുള്ള അന്വേഷണമൊക്കെ നോക്കൂ, പരസ്പ്പരം അറിയാത്ത, പല ജീവിത സാഹചര്യങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമുള്ള, പല പല കഥാപാത്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് എത്ര കൃത്യതയോടെ പറഞ്ഞു വക്കുന്നു. അതിലേറെ നിപ്പയെ സക്കറിയക്ക് എങ്ങിനെ കിട്ടുന്നു എന്നതുമായി ബന്ധപ്പെട്ട സീനാണ് ഏറ്റവും കൂടുതൽ ഹൃദ്യമായത് എന്ന് പറയേണ്ടി വരുന്നു. വൈറസ് വാഹകരായ, നിപ്പയുടെ ഉറവിടമുള്ള വവ്വാലുകളെ ഒരിടത്തും ശത്രു പക്ഷത്ത് നിർത്താതെ പ്രകൃതിയോട് ചേർത്ത് വക്കുന്ന മനുഷ്യത്വപരമായ സമീപനത്തെ എത്ര കൈയ്യടിച്ചാലും മതിയാകില്ല. 

ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഓരോ നടീനടന്മാർക്കും അവരുടേതായ സ്‌പേസ് സിനിമയിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് കഥാപാത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബനെ പോലുള്ള നടന്മാരെ ട്രാഫിക്കിലും ടേക് ഓഫിലുമൊക്കെ ഉപയോഗിച്ചു വിജയിച്ചതിന്റെ തുടർച്ച വൈറസിലും കാണാൻ സാധിക്കും. ശ്രീനാഥ്‌ ഭാസിയും സൗബിനും, ടോവിനോയും , ആസിഫ് അലിയുമൊക്കെ ഇത്തരം സിനിമകളുടെ ഭാഗമാകാൻ കാലം വിധിച്ചവരാണ്. അത്ര മാത്രം പെർഫെക്ട് ആയിരുന്നു അവരുടെ കാസ്റ്റിങ്ങും പ്രകടനവും. 

ഇന്ദ്രജിത്തും ഇന്ദ്രൻസും ജോജോയും ഷറഫുദ്ധീനുമൊക്കെ എത്ര അനായാസകരമായാണ് ചെറു റോളുകളെ ഏറ്റെടുത്തു കൊണ്ട് ഒന്നോ രണ്ടോ സീനുകൾ അല്ലെങ്കിൽ രണ്ടും മൂന്നും ഷോട്ടുകൾ കൊണ്ട് പോലും ആ കഥാപാത്രത്തിന് പറഞ്ഞേൽപ്പിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് എന്ന് നോക്കൂ. അതേ സമയം ശൈലജ ടീച്ചറുടെ രൂപ ഭാവത്തിൽ പെർഫെക്ട് എന്ന് തോന്നിച്ച രേവതിക്ക് പക്ഷെ പ്രമീള ടീച്ചർ എന്ന കഥാപാത്രത്തെ എന്ത് കൊണ്ടോ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രവുമല്ല ഏറെ കൈയ്യടി നേടേണ്ടിയിരുന്ന പ്രസംഗമൊക്കെ തീർത്തും നാടകീയമായ ഒരു നന്ദി പറച്ചിലെന്ന പോലെ അനുഭവപ്പെടുത്തിയതിലെ നിരാശ മറച്ചു വെക്കുന്നില്ല. 

സിസ്റ്റർ ലിനിയുടെ ജീവത്യാഗവും അവരെഴുതിയ കത്തുമൊക്കെ ഇന്നും മലയാളിയുടെ മനസ്സിൽ ഒരു വലിയ നൊമ്പരമായി തന്നെ നിലനിൽക്കുന്നു എന്നതിനാൽ അഖിലയെന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ റീമക്ക് അധികം സീനിന്റെ പോലും ആവശ്യം വന്നില്ല. പാർവ്വതിയുടെ ഡോക്ടർ അന്നു തന്നെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ ലീഡ് ചെയ്തത് എന്ന് പറയാം. എന്തായാലും നിപ്പയെ കേരളം നേരിട്ടതിനു പിന്നിൽ വലിയൊരു ടീം സ്പിരിറ്റ് ഉണ്ട് എന്ന പോലെ തന്നെയാണ് ഈ സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആഷിഖ് അബുവിനും ടീമിനും അക്കാര്യത്തിൽ അഹങ്കരിക്കാം. 

നിപ്പയെ അതിജീവിച്ചെങ്കിലും ഒറ്റ കാര്യത്തിൽ മാത്രമാണ് സിനിമ അവസാനിക്കുമ്പോൾ ഒട്ടും സന്തോഷം തോന്നാത്തത്. താൽക്കാലിക ജോലിയായിട്ടു പോലും നിപ്പാ കാലത്ത് കൂലിക്ക് വേണ്ടിയല്ലാതെയും പണിയെടുക്കാൻ തയ്യാറായി വന്നവർക്ക് അവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ പരിഗണിച്ചെങ്കിലും ഒരു സ്ഥിരം ജോലി കൊടുക്കാൻ സർക്കാരിന് സാധിച്ചോ എന്ന ചോദ്യം മനസ്സിൽ ബാക്കിയാക്കി പോകുന്നുണ്ട് ജോജുവിന്റെ കഥാപത്രം. 

ആകെ മൊത്തം ടോട്ടൽ = അതിജീവനത്തിന്റെ നേർ കാഴ്ചകളാണ് 'വൈറസ്'. നിപ്പയെ അതിജീവിക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് പറഞ്ഞ പോലെ 'വൈറസ്' എന്ന സിനിമയെ ആസ്വദിക്കാൻ  വേണ്ടത് സിനിമാറ്റിക്ക് ചിന്താഗതികളല്ല യാഥാർഥ്യബോധത്തോടെയുള്ള ആസ്വാദന ശൈലിയാണ്. അല്ലാത്തവർക്ക് നിരാശപ്പെടാം, കുറ്റവും പറയാം. പക്ഷേ ഈ സിനിമ ഇങ്ങിനെ അല്ലാതെ എടുത്തിരുന്നെങ്കിൽ അത് വെറും ഒരു ത്രില്ലർ സിനിമ മാത്രമായി ഒതുങ്ങി പോയേനെ. ആഷിഖിനും കൂട്ടർക്കും നിറഞ്ഞ കൈയ്യടികൾ. 

*വിധി മാർക്ക് = 8/10 

-pravin- 

Tuesday, May 28, 2019

കാലഘട്ടത്തിന്റെയും നിലപാടുകളുടെയും 'ഇഷ്‌ക്ക്'

2015 ൽ നവദീപ് സിംഗിന്റെ സംവിധാനത്തിൽ വന്ന ബോളിവുഡ് സിനിമ 'NH 10', 2016 ൽ സമീർ താഹിറിന്റെ സംവിധാനത്തിൽ വന്ന മോളിവുഡ് സിനിമ 'കലി' എന്നിവയുടെ കൂട്ടത്തിലേക്ക് നിർത്താവുന്ന ഒരു സിനിമയാണ് അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' എന്ന് വേണമെങ്കിൽ പറയാം. പരിചിതമല്ലാത്ത ഒരു ചുറ്റുപാടിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരാണിനും പെണ്ണിനും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും അപകടങ്ങളുമൊക്കെ കാണിച്ചു തരുന്നതാണ് ഈ മൂന്നു സിനിമകളും. എങ്കിൽ പോലും അക്കൂട്ടത്തിൽ ഇഷ്‌ക്ക് വേറിട്ട് നിക്കുന്നത് ചർച്ച ചെയ്യപ്പെടുന്ന വിഷയം കൊണ്ടാണ്. ഇന്നത്തെ സാമൂഹികാവസ്ഥകളിലൂടെ പ്രേമവും കാമവും സദാചാര പോലീസിങ്ങുമൊക്കെ ഭീകരമായി തന്നെ വരച്ചിടുകയാണ് സംവിധായകനും കൂട്ടരും. 

ഷൈൻ നിഗത്തിന്റെ മറ്റൊരു തകർപ്പൻ കഥാപാത്രം..കിടുക്കൻ പ്രകടനം.. ആൽവിന്റെ വീട്ടിൽ നിന്ന് ചെക്കൻ ചിരിച്ചോണ്ട് ഇറങ്ങി വരുന്ന ആ സീനും ബിജിഎമ്മും. എന്റെ പൊന്നോ വേറെ ലെവൽ !! ഇഷ്‌ക്- ഒരു പ്രേമ കഥയല്ല എന്ന ടാഗ് ലൈൻ പോലെ സച്ചി ഹീറോയും അല്ല ഒരു മണ്ണാങ്കട്ടിയുമല്ല എന്ന് കാണിച്ചു തരാൻ അങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്തതിൽ ഒരു വ്യത്യസ്തയുണ്ട്. ഷൈനിന്റെ സിനിമാ തിരഞ്ഞെടുപ്പുകളിലേക്ക് മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഇഷ്‌ക്. ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ ടീമിനെ നേരിട്ട് കണ്ടാൽ പോലും ഒന്ന് പൊട്ടിച്ചു പോകും വിധമുള്ള നെഗറ്റിവ് വേഷങ്ങൾ. ആൻ ശീതളിന്റെ വസുധയും ശ്രദ്ധേയമായ  സ്ത്രീ കഥാപാത്രമാണ്. 

ഷമ്മിമാരെയും ഗോവിന്ദുമാരെയും കണ്ടു തീർന്നില്ല അപ്പോഴേക്കും ഇതാ സച്ചിമാരും ആൽവിൻമാരും.. ഈ സമൂഹം ഇത്ര മേൽ ആൺ വിചാര വൈകല്യങ്ങൾ പേറുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തി തരുക കൂടിയാണ് ഇഷ്‌ക്. ബേബിമോളെ എടീ പോടീ വിളിക്കരുതെന്നും പറഞ്ഞു ഷമ്മിയെ ചൂളിച്ചു നിർത്തിയ സിമിക്കൊപ്പം, എനിക്ക് ഞാനാകണം എന്ന് ഗോവിന്ദിനോട് പറഞ്ഞ പല്ലവിക്കൊപ്പം തന്നെ നിർത്തേണ്ടതാണ് വസുധയെയും.

ആൽവിന്റെ ചൊറിച്ചിലിനു മറുപടി സച്ചിൻ നൽകുമ്പോൾ സച്ചിന്റെ ഊള മനസ്സിന് നിലപാട് കൊണ്ട് പ്രഹരമേൽപ്പിക്കുന്നു വസുധ. ആ നിലപാടിലെ ഗാംഭീര്യം തന്നെയാണീ സിനിമയുടെ ക്ലൈമാക്സിനെ മികച്ചതാക്കി മാറ്റുന്നത്. മറ്റൊരു തലത്തിൽ പറഞ്ഞാൽ പല കോണുകളിൽ കൂടി പല സാമൂഹിക പ്രശ്നങ്ങളെ കാണിച്ചു തരുകയും അതിനോടുള്ള നിലപാട് അറിയിക്കലുമണീ സിനിമ. 

ആകെ മൊത്തം ടോട്ടൽ = നിലപാടുകളുടെ സിനിമ എന്ന് തന്നെ പറയാം. നമ്മുടെ സമൂഹം കാണേണ്ട സിനിമ. പുതുമുഖ സംവിധായകന്റെയോ എഴുത്തുകാരന്റെയോ പോരായ്മാകളൊന്നും അനുഭവപ്പെടുത്താതെ പറയാനുള്ള കാര്യം ഗംഭീരമായി തന്നെ പറഞ്ഞവസാനിപ്പിക്കാൻ അനുരാജ് മനോഹറിനും രതീഷ് രവിക്കും സാധിച്ചിരിക്കുന്നു. 

വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, May 15, 2019

ഉയരെ - നിലപാടുകളുടെ ചിറകിൽ പറന്നുയരുന്ന സിനിമ

നവ തലമുറ സിനിമാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ ഓർമ്മകളിലാണ് 'ഉയരെ' ആരംഭിക്കുന്നത്. പിള്ളേച്ചന്റെ ശിഷ്യൻ മനു അശോകൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. രാജേഷ് പിള്ളയുടെ പൊടുന്നനെയുള്ള വിയോഗത്തിന് ശേഷമായിരുന്നു രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിൽ എഡിറ്റർ മഹേഷ് നാരായൺ ആദ്യമായി സംവിധാനം ചെയ്ത 'ടേക് ഓഫ്' വരുന്നത്. ഈ രണ്ടു സിനിമകളിലും രാജേഷ് പിള്ളയുടെ അദൃശ്യ സാന്നിധ്യവും പിന്തുണയും ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി. അവതരണ മികവായിരുന്നു ടേക് ഓഫിന്റെ പ്രധാന മികവെങ്കിൽ 'ഉയരെ' ശ്രദ്ധേയമാകുന്നത് പ്രമേയം കൊണ്ടും നിലപാടുകൾ കൊണ്ടുമാണ്. ഈ രണ്ടു സിനിമയിലും പൊതുവായുള്ള മികവാണ് പാർവതിയുടെ കേന്ദ്ര കഥാപാത്രങ്ങളായുള്ള പ്രകടനങ്ങൾ. ടേക് ഓഫിലെ സമീറയെന്ന ശ്കതമായ കഥാപാത്രത്തിന് ശേഷം പാർവതിക്ക് കിട്ടിയ മറ്റൊരു മികച്ച കഥാപാത്രമാണ് 'ഉയരെ'യിലെ പല്ലവി. 

"എനിക്ക് ഞാനായി ജീവിക്കണം..നിനക്ക് വേണ്ട ഞാനല്ല എനിക്ക് വേണ്ട ഞാൻ".. സിനിമയിൽ പല്ലവി ഗോവിന്ദിനോട് പറയുന്ന ആ ഒറ്റ ഡയലോഗിൽ ഉണ്ട് 'ഉയരെ'യുടെ ആത്മാവ്. നിലപാടുകളുടെ സിനിമയാണ് ഉയരെ. നിലപാടുകൾ കൊണ്ടും ബോധ്യങ്ങൾ കൊണ്ടും ഉയരേക്ക് പറക്കുന്ന സിനിമ. കണ്ടു ശീലിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വവും സൗന്ദര്യവുമൊക്കെ എന്താണെന്ന് ഭംഗിയായി വരച്ചു കാണിക്കാൻ സിനിമക്ക് സാധിക്കുന്നു. സൗഹൃദവും പ്രണയവുമൊക്കെ എങ്ങിനെയാകണം എന്താകരുത് എന്ന് കാണിച്ചു തരുന്നു പല സീനുകളും. ഒരു പക്ഷേ ഈ സിനിമ കാണുന്ന പലർക്കും സ്വന്തം ജീവിതത്തിൽ ചില തിരുത്തലുകളെങ്കിലും നടത്താൻ സാധിച്ചാൽ ബോക്സ് ഓഫിസ് ഹിറ്റിനുമപ്പുറം അതാണീ സിനിമയുടെ വിജയം എന്ന് പറയാം. 

നെഗറ്റിവ് പരിവേഷമുള്ള അല്ലെങ്കിൽ മുരടൻ സ്വഭാവമുള്ള കഥാപാത്രങ്ങൾ ആസിഫ് അലി മുന്നേയും ചെയ്തിട്ടുണ്ടെങ്കിലും 'ഉയരെ'യിലെ ഗോവിന്ദ് ആസിഫിന്റെ കരിയറിൽ വ്യത്യസ്തതമായ ഒന്നാണ്. ടോവിനോയുടെ കഥാപാത്രവും സ്‌ക്രീൻ പ്രസൻസും സിനിമക്ക് നൽകുന്ന ഉണർവ് ചെറുതല്ല. പല്ലവിയുടെ കൂട്ടുകാരി കഥാപാത്രത്തെ അനാർക്കലി മരിക്കാറും മനോഹരമാക്കിയിട്ടുണ്ട്. സിദ്ധീഖ്, പ്രേം പ്രകാശ് അവരവരുടെ സ്‌പേസിൽ ഒതുങ്ങിയ പ്രകടനം കൊണ്ട് തൃപ്‍തിപ്പെടുത്തുന്നുണ്ട്. ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ പാർവ്വതി തന്നെയാണ് പ്രകടനത്തിൽ അവർക്കെല്ലാം ഉയരെ നിൽക്കുന്നത്. പ്രമേയപരമായി ഒരുപാട് പ്രസക്തിയുള്ള ഒരു സിനിമയായിട്ടു പോലും അത് പാർവ്വതിയുടെ പല്ലവിയിൽ നിറഞ്ഞൊഴുകിയത് അത് കൊണ്ടാണ്. 

പ്രണയം നിഷേധിക്കപ്പെടുമ്പോൾ പ്രതികാര ദാഹം തീർക്കാൻ പെണ്ണിനെ പച്ചക്ക് തീയിടാൻ നടക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരം സിനിമകൾക്ക് പ്രസക്തി ഏറെയാണ്. ആസിഡ് ആക്രമണമാണ് 'ഉയരെ' യിലെ പ്രതിപാദ്യ വിഷയമെങ്കിലും, സിനിമ കൈക്കൊള്ളുന്ന നിലപാട് ആസിഡ് ആക്രമണത്തിന് എതിരെ മാത്രമാണ് എന്ന് ചുരുക്കി വായിക്കാനാകില്ല. നിബന്ധനകളോടെയല്ല പ്രണയം തിരഞ്ഞെടുക്കേണ്ടതും പ്രണയിക്കേണ്ടതും. പ്രണയം നിഷേധിക്കപ്പെടുന്നത് എന്തിന്റെ കാരണത്താലായാൽ പോലും ഒരു പെണ്ണിനോട് ചെയ്യരുതാത്ത കുറെ അരുതേകളുണ്ട്. അതെല്ലാം അക്ഷരം പ്രതി മാനിക്കേണ്ട കാര്യങ്ങളാണ്. ഒരു പെണ്ണ് തേച്ചു പോയെന്നും പറഞ്ഞു അവളുടെ കൂടെ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങൾ ഫോട്ടോയായും വീഡിയോയായും സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കാമുകന്മാരും ആസിഡ് ആക്രമണം നടത്തുന്ന ഗോവിന്ദുമാരിൽ പെടുന്ന സൈബർ ക്രിമിനലുകളാണ് എന്ന് തിരിച്ചറിയണം. 

ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും കഥാപാത്ര നിലപാടുകൾ കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ. സഞ്ജയ് ബോബി മാരുടെ നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ശക്തി. ഉയരെ ഒരു സിനിമാനുഭവം മാത്രമായി പറയാനാകില്ല. കാഴ്ചക്കാരോടുള്ള ചില ആഹ്വാനങ്ങളുടേതു കൂടിയാണ്. നമ്മുടെ പ്രണയ സൗന്ദര്യ സങ്കൽപ്പങ്ങളും സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളുമൊക്കെ മാറേണ്ടതുണ്ട്. ടോവിനോയുടെ വിശാൽ പറയുന്ന പോലെ 2019 ഒക്കെ ആയില്ലേ..മാറണം. 

*വിധി മാർക്ക് - 7.5/10 
-pravin-

Saturday, April 27, 2019

യമണ്ടൻ പ്രേമമില്ലാത്ത ഒരു കഥ

സ്പാർക്കുള്ള ഒരു പെണ്ണിന് വേണ്ടിയുള്ള ലല്ലുവിന്റെ കാത്തിരിപ്പ് ആണ് 'യമണ്ടൻ പ്രേമകഥ'യുടെ കഥാവൃത്തമെങ്കിലും കോമഡി സീനുകൾ എഴുതി കൂട്ടിയ തിരക്കിൽ ആ കഥക്ക് സ്‌പേസില്ലാതാകുന്നുണ്ട് സിനിമയിൽ. ദൈർഘ്യ കൂടുതൽ കാരണം ചെറിയൊരു ലാഗ് പലർക്കും തോന്നിയിരിക്കാം. കോമഡിയെല്ലാം  നന്നായി തന്നെ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്.  ബിബിൻ-വിഷ്ണു കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിലെ ആ ഒരു മിനിമം ഗ്യാരണ്ടി ഈ സിനിമയും തരുന്നുണ്ട്. 

കഥാപാത്രപരമായി ലല്ലു ദുൽഖറിന്റെ ചില മുൻകാല സിനിമകളെ ഓർമിപ്പിക്കുന്നുണ്ട് പലയിടത്തും. ടെസ്സ ചാർളിയെ അന്വേഷിച്ചു നടക്കും പോലെ ലല്ലു തനിക്ക് സ്പാർക്ക് തോന്നിയ ദിയയെ അന്വേഷിച്ചിറങ്ങിയതൊക്കെ ആ കൂട്ടത്തിൽ പെടുത്താമെങ്കിലും കഥാപരമായി അതിനോടൊന്നും സാമ്യമില്ല. അതിനേക്കാളുപരി  ലല്ലു-ദിയ പ്രണയമോ അവരുടെ ഫീലോ ഒന്നും പ്രേക്ഷകന് അനുഭവപ്പെടുത്താതെ പോകുന്നിടത്താണ് 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ടൈറ്റിൽ പോലും സിനിമക്ക് ബാധ്യതയാകുന്നത്. 

 ചെറുതെങ്കിലും കാരക്ടർ റോളിൽ സുരാജ് വീണ്ടും തിളങ്ങിയിട്ടുണ്ട് ഈ സിനിമയിലൂടെ. ടൈപ്പ് വേഷങ്ങളിലേക്ക് വീണ്ടും ഒതുങ്ങിക്കൂടുന്നു രൺജി പണിക്കർ. മധു സാറിനെ പോലെയുള്ള സീനിയർ നടനെയൊക്കെ ചെറു വേഷത്തിൽ കോമഡി ട്രാക്കിൽ ഇറക്കി പുതുമ പരീക്ഷിക്കുന്നുണ്ട് സംവിധായകൻ. കട്ടപ്പനയിലെ പഴംപൊരിയെ രതീഷാക്കിയതിന്റെ പിന്നാലെ പരിപ്പുവടയെ ചിത്രഗുപ്തനാക്കി മാറ്റുന്നതൊക്കെ പഴയ കോമഡിയെ ട്രാജഡിയാക്കിയ പോലെയായി. അങ്ങിനെ ഏൽക്കാതെ പോകുന്ന നുറുങ്ങുകളും സിനിമയിലുണ്ട് എന്ന് സാരം. 

അവനവന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും തമ്മിൽ വല്ലാത്തൊരു ബന്ധമുണ്ട്. സന്തോഷങ്ങൾ നമ്മളെങ്ങനെ നമ്മുടെ ഇഷ്ടങ്ങളോട് കൂട്ടിയിണക്കുന്നു എന്നതിലാണ് കാര്യമെന്ന് പറയുന്ന, ഒന്നും ഈ ലോകത്ത് വേസ്റ്റ് അല്ല എന്ന് ബോധ്യപ്പെടുത്തുന്ന, പ്രണയിക്കാൻ ഒരാളെ കാണണമെന്നില്ല എന്ന് കുറിക്കുന്ന അങ്ങിനെ പല നിസ്സാര കാര്യങ്ങളെയും ഫിലോസഫിക്കലി നമ്മളുമായി കണക്ട് ചെയ്യുന്ന കുറച്ചു സീനുകൾ സിനിമയുടെ ആസ്വാദനത്തിലെ  ബോണസാണ്. 

ആകെ മൊത്തം ടോട്ടൽ = പേരിൽ പറയുന്ന പോലൊരു യമണ്ടൻ പ്രേമമുള്ള ഒരു കഥയൊന്നുമില്ലെങ്കിലും  കോമഡിയും പാട്ടും സെന്റിമെൻസും ആക്ഷനുമൊക്കെയുള്ള കണ്ടിരിക്കാവുന്ന ഒരു എന്റെർറ്റൈനർ മൂവി തന്നെയാണ് 'ഒരു യമണ്ടൻ പ്രേമ കഥ'. 

*വിധി മാർക്ക് = 6/10 


*pravin*

Wednesday, March 6, 2019

കോടതി സമക്ഷം ബാലൻ വക്കീൽ - വിക്കിലല്ല വർക്കിലാണ് കാര്യം

വിക്കുള്ള ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പരിഹാസങ്ങളും വെല്ലുവിളികളുമൊക്കെ രഞ്ജിത്ത് ശങ്കറിന്റെ 'സു..സു..സുധി വാത്മീക'ത്തിൽ നമ്മൾ കണ്ടതാണ്. ഇവിടെ അതിനു പകരം, വിക്കുള്ള ഒരു വ്യക്തിയുടെ എന്നതിനേക്കാൾ വിക്കുള്ള ഒരു വക്കീലിന്റെ കരിയറിലും ജീവിതത്തിലുമൊക്കെ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ബി ഉണ്ണിക്കൃഷ്ണൻ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത് എന്നതാണ് പുതുമ. സുധിക്ക് കുട്ടിക്കാലം തൊട്ടേ വിക്കുണ്ടായിരുന്നു എങ്കിൽ ഇവിടെ ബാലകൃഷ്ണന് വിക്ക് കിട്ടുന്നത് തീർത്തും അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിന് സാക്ഷ്യം വഹിക്കുന്നതോട് കൂടിയാണ്. വിജയിച്ചു നിന്നിരുന്ന ബാലകൃഷ്ണന്റെ ആത്മവിശ്വാസം തകരുന്നതും ജീവിതം പരാജയങ്ങളുടെയും പരിഹാസങ്ങളുടേതുമായി മാറുന്നത് അവിടെ നിന്നാണ്. 

ഒരു വക്കീലിനെ സംബന്ധിച്ച് അയാളുടെ തല പോലെ തന്നെ പ്രധാനപ്പെട്ടതാണ് നാവും. ബാലൻ വക്കീലിന്റെ കാര്യത്തിൽ തല വർക്ക് ചെയ്യുമ്പോഴും നാക്ക് പിഴച്ചു പോകുകയാണ്. അങ്ങിനെയുള്ള ബാലൻ വക്കീലിന് ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന ഒരു കേസും തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന കഥാ വഴിത്തിരിവുകളാകുന്നത് . ആദ്യത്തെ അരമണിക്കൂറിലെ നിലവാരമില്ലാത്ത തമാശകളും ഭീമൻ രഘുവിന്റെ പാട്ടും ഡാൻസുമൊക്കെയായി വിരസത സമ്മാനിച്ച സിനിമ പിന്നീടങ്ങോട്ടാണ് ത്രില്ലിംഗ് സ്വഭാവമുള്ള ഉപ കഥയിലേക്ക് തിരിയുന്നത്. അന്വേഷണാത്മകതയും ആകാംക്ഷയുമൊക്കെ നിറയുന്ന കഥാ സാഹചര്യങ്ങളുണ്ടെങ്കിലും ഒരു ത്രില്ലർ എന്ന നിലക്കല്ല മറിച്ച് കോമഡിയും ആക്ഷനുമൊക്കെയായി തീർത്തും കൊമേഴ്സ്യൽ എന്റർടൈൻമെന്റ് മൂവി എന്ന നിലക്കാണ് ബി ഉണ്ണിക്കൃഷ്ണൻ സിനിമയെ അവതരിപ്പിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = റിയലിസ്റ്റിക് കഥാപരിസരങ്ങളും പരിചരണരീതികളുമൊക്കെയായി വേറിട്ട പാതയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമീപ കാല മലയാള സിനിമകളെ വച്ച് നോക്കുമ്പോൾ അക്കൂട്ടത്തിൽ പെടുത്താൻ പറ്റുന്ന സിനിമയല്ല 'കോടതി സമക്ഷം ബാലൻ വക്കീൽ'. എട്ടും പത്തും ഗുണ്ടകളെ ഒറ്റക്ക് തല്ലിതോൽപ്പിക്കുന്ന നമ്മൾ മറന്നു കൊണ്ടിരിക്കുന്ന നായക സങ്കല്പത്തെയൊക്കെ വീണ്ടും അതേ പടി തിരിച്ചു കൊണ്ട് വരുന്നുണ്ട് സംവിധായകൻ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ യുക്തിഭദ്രമായ തിരക്കഥയിൽ ഒരുക്കിയ കുറ്റമറ്റ സിനിമയൊന്നുമല്ലെങ്കിലും രണ്ടാം പകുതി കൊണ്ടും ഡീസന്റ് ക്ലൈമാക്സ് കൊണ്ടുമൊക്കെ സിനിമ ആസ്വദനീയമായി മാറി. ഒരാൾ എങ്ങിനെ പറയുന്നു എന്നതല്ല ..എന്ത് പറയുന്നു എന്നതാണ് കാര്യം എന്ന് സൈജു കുറുപ്പിന്റെ ജഡ്ജി കഥാപാത്രം പറയുന്നുണ്ട്. ആ പറഞ്ഞത് സിനിമയുടെ കാര്യത്തിലും പറയാവുന്നതാണ് .

*വിധി മാർക്ക്= 6/10 

-pravin- 

Thursday, February 14, 2019

ഹൃദയത്തിൽ തറക്കുന്ന 'പേരൻപ്'

'കട്രത് തമിഴ്' തൊട്ട് 'തങ്കമീൻകളും' 'താരാ മാണി'യും സമ്മാനിച്ച റാമിന്റെ തൊട്ടടുത്ത സിനിമ എന്ന നിലക്കാണ് 'പേരൻപ്' ആദ്യം മനസ്സിൽ കേറിയതെങ്കിലും, റാം എന്ന പ്രതിഭാധനനയാ സംവിധായകനൊപ്പം മമ്മുട്ടിയെന്ന നടന വിസ്മയം കൂടി ഒത്തു ചേരുന്നു എന്നറിഞ്ഞപ്പോഴാണ് അത് ഇത്രത്തോളം പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കേണ്ട ഒരു സിനിമയായി മാറിയത്. ചലച്ചിത്ര മേളകളിലെല്ലാം നിരൂപക പ്രശംസ ഏറ്റു വാങ്ങിയ 'പേരൻപ്'നു വേണ്ടി ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു പ്രേക്ഷകർക്ക്. ആ കാത്തിരിപ്പ് വെറുതെയായില്ല. 2015 ൽ റിലീസായ പത്തേമാരിക്ക് ശേഷം മമ്മുട്ടി എന്ന നടനെ ഉപയോഗപ്പെടുത്താൻ മലയാളത്തിനു കഴിഞ്ഞില്ലെങ്കിലും തമിഴിന് സാധിച്ചിരിക്കുന്നു. 

വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റാത്ത സ്നേഹാനുഭൂതികളെയും വേദനകളെയുമൊക്കെ ദൃശ്യങ്ങൾ കൊണ്ട് അനുഭവപ്പെടുത്തുകയാണ് റാം. അതിനായി അമുദവന്റെയും സ്പാസ്റ്റിക്ക് പാരലൈസിസ് ബാധിച്ച അയാളുടെ മകളുടെയും ഇടയിലേക്ക് പ്രേക്ഷകനെ ആദ്യമേ വിളിച്ചു കൊണ്ടിരുത്തുന്നുണ്ട് സംവിധായകൻ. അമുദവന്റെയും പാപ്പയുടെയും കഥ പറയുന്ന വെറും സിനിമയായി മാറ്റാതെ പ്രകൃതിയുമായി കോർത്തിണക്കി കൊണ്ട് പത്തു പന്ത്രണ്ട് അധ്യായങ്ങളെന്ന പോലെ നമുക്കിടയിലെ പല ജീവിതങ്ങളേയും സസൂക്ഷ്മമായി അടയാളപ്പെടുത്തുകയും നമ്മെ അനുഭവപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാന രീതിയാണ് 'പേരൻപി'നെ ശ്രദ്ധേയമാക്കുന്നത്. ഒരു സിനിമക്കപ്പുറം പ്രേക്ഷകന്റെ ഉള്ളു തൊടുന്ന നോവും സ്നേഹവും സഹാനുഭൂതിയുമൊക്കെ ഭംഗിയായി അടക്കം ചെയ്തിട്ടുള്ള തിരക്കഥയിൽ കെട്ടു കാഴ്ചകളില്ല പകരം മാനുഷികമായ കാഴ്ചപ്പാടുകൾ മാത്രം. എല്ലാവരെയും വ്യത്യസ്തമായി സൃഷ്ടിക്കുകയും ഒരു പോലെ പരിപാലിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ വൈരുദ്ധ്യങ്ങളെ അമുദവന്റെയും പാപ്പയുടെയും ജീവിതത്തെ മുൻനിർത്തി കൊണ്ട് ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിലുണ്ട് റാമിന്റെ സംവിധായക മികവ്. 

കണ്ടു മറന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി നിലപാടുകൾ കൊണ്ട് ഒരുപാട് പൊളിച്ചെഴുത്തുകൾ സംഭവിച്ചിട്ടുണ്ട് പേരൻപിൽ. ഭർത്താവിനെയും അസുഖം ബാധിച്ച മകളെയും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തിൽ മറ്റൊരുവന് കൂടെ പോയ അമ്മ കഥാപാത്രത്തെ ശാപ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താൻ ആഗ്രഹിക്കാത്ത അമുദവൻ എന്ന ഭർത്താവ് ഒരു അത്ഭുതപ്പെടുത്തലാണ്. ഒരു വലിയ കാലയളവ് വരെ അമ്മയെ ആശ്രയിച്ചു മാത്രം ജീവിച്ച പാപ്പക്ക് അമ്മയുടെ ഒളിച്ചോട്ടം നൽകിയ ആഘാതത്തെക്കാൾ വലുതായിരുന്നു ആ കുറവ് നികത്താൻ പുതുതായി നിയോഗിക്കപ്പെടുന്ന അച്ഛനോടുള്ള അപരിചിതത്വം. സ്വന്തം മകൾക്ക് മുന്നിലും അവളുടെ മനസ്സിലും ഒരു അച്ഛന്റെ സ്ഥാനം കിട്ടാനായി അമുദവൻ ചിലവിടുന്ന സമയങ്ങളും നടത്തുന്ന ശ്രമങ്ങളും കാണുമ്പോൾ പ്രേക്ഷകന് അച്ഛനോട് സഹതാപവും അമ്മയോട് ദ്വേഷ്യവും തോന്നിപ്പോകും. എന്നാൽ സുഖമില്ലാത്ത പാപ്പയെ നോക്കാൻ അവൾ അക്കാലയളവിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും താനാണ് വെറും ഭർത്താവായി പോയതെന്ന അമുദവന്റെ പരിതാപമാണ് പിന്നീട് നമ്മളെ മാറ്റി ചിന്തിപ്പിക്കുന്നത് . 

പ്രമേയം കൊണ്ടും അവതരണം കൊണ്ടും മമ്മുക്കയുടെയും സാധനയുടേയുമൊക്കെ ഗംഭീര പ്രകടനം കൊണ്ടും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് പേരൻപ്. കണ്ടിരിക്കുക എന്നത് ഈ സിനിമയുടെ കാര്യത്തിൽ മറ്റൊരു തലത്തിൽ നോക്കിയാൽ മാനസികമായ ഒരു ബുദ്ധിമുട്ടു കൂടിയാണ്. അത്ര മാത്രം മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് കടന്നു പോകുന്നുണ്ട് പല സീനുകളും. നമ്മളൊക്കെ എത്ര ഭാഗ്യ ജന്മങ്ങളാണ് എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ. ഭിന്ന ശേഷിക്കാരെയും ട്രാൻസ്ജെൻഡേഴ്സിനെയും ഇത്രത്തോളം വേദനയോടെയും ആദരവോടെയും സ്നേഹത്തോടെയും അവതരിപ്പിച്ച മറ്റൊരു ഇന്ത്യൻ സിനിമ വേറെയുണ്ടാകില്ല. അഞ്ജലി അമീറിന്റെ മീര എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രമൊക്കെ അവ്വിധം സിനിമയുടെ ആത്മാവിൽ അലിഞ്ഞു കിടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അമുദവന്റെ മാത്രമല്ല മീരയുടെ കൂടിയാണ് 'പേരന്പ്'. ഒരു അച്ഛന്റെയും മകളുടെയും കഥ എന്ന് ഒറ്റ വാക്കിൽ പറയാവുന്ന ഒരു സിനിമയെ അപ്രകാരം  വേറിട്ട കഥാപാത്ര സൃഷ്ടികൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും കൃതിമത്വം കലരാത്ത അവതരണം കൊണ്ടുമൊക്കെയാണ് സംവിധായകൻ മികവുറ്റതാക്കുന്നത്. 

'ഒരു വടക്കൻ വീരഗാഥ' യിൽ ചന്തു ചതിയനല്ല എന്ന് പറഞ്ഞു വക്കുന്നതിനൊപ്പം ചന്തുവിനെ ആശിപ്പിക്കുകയും ചതിക്കുകയും ചെയ്ത സ്ത്രീകളെ ചൂണ്ടി ആ വർഗ്ഗത്തെ മൊത്തത്തിൽ അടിച്ചധിക്ഷേപിക്കാൻ ന്യായം കണ്ടെത്തിയ എം ടി യെ പോലുള്ള പ്രഗത്ഭരായ എഴുത്തുകാരെ പോലും തല കുനിപ്പിക്കുന്ന വിധമുള്ള സ്ത്രീപക്ഷ സംഭാഷണങ്ങളാണ് അമുദവനു വേണ്ടി റാം എഴുതി ചേർത്തിരിക്കുന്നത്. അന്ന് എം.ടിയുടെ ചന്തുവായും ഇന്ന് റാമിന്റെ അമുദവാനായും അഭ്രപാളിയിൽ നിറഞ്ഞാടാൻ മമ്മുക്ക തന്നെ നിയോഗിക്കപ്പെട്ടു എന്നത് കാലത്തിന്റെ മറ്റൊരു തമാശ. കസബയിലെ സ്ത്രീവിരുദ്ധനായ രാജൻ സക്കറിയയെ ചൂണ്ടി മമ്മുക്കയെന്ന മഹാനടനെ വിമർശിക്കാൻ ഉത്സാഹിച്ചവർ പേരൻപിലെ അമുദവനെ കുറിച്ച് കൂടി രണ്ടു വാക്ക് പറയേണ്ടിയിരിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = ഹൃദയം കൊണ്ട് കാണേണ്ട സിനിമ. പത്തേമാരിക്ക് ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ മമ്മുക്കയുടേതായി കണ്ട മികച്ച കഥാപാത്രവും പ്രകടനവും. ഒരു ക്ലാസ് പടമെന്നു തന്നെ വിശേഷിപ്പിക്കാം. ഓരോ അധ്യായങ്ങൾ കണക്കെ പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ഈ സിനിമയുടെ അവതരണത്തിലാണ് റാം എന്ന സംവിധായകന്റെ കൈയ്യൊപ്പ്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും യുവൻ ശങ്കർ രാജയുടെ സംഗീതവും സിനിമക്ക് നൽകുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. 

*വിധി മാർക്ക് = 9/10 
-pravin-

Friday, January 25, 2019

Uri: The Surgical Strike - ഹൈ ജോഷ് ഹേ സാർ !!

ഉറി മിന്നലാക്രമണത്തിന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ മുൻവിധികളോടെയാണ് പലരും ഈ സിനിമയെ ഉറ്റു നോക്കിയിരുന്നത് . എന്നാൽ അത്തരം മുൻവിധികൾക്കൊന്നും സിനിമയുടെ ആസ്വാദനത്തിൽ ഇടപെടാൻ സാധിക്കാത്ത വിധം ഇത് വരെ ഇറങ്ങിയ സോ കാൾഡ് പട്ടാള സിനിമകളിൽ നിന്നും അവതരണപരമായും സാങ്കേതിക പരമായും വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുകയാണ് 'ഉറി'. മണിപ്പൂരിൽ പതിനെട്ടോളം സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രാദവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം 2015-ൽ മ്യാന്മർ അതിർത്തി കടന്നു നടത്തിയ സർജിക്കൽ സ്ട്രൈക്ക് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. വെറും നാൽപ്പതു മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള അന്നത്തെ ആ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ ആക്രമണ ശൈലിയും ചടുലതയും കൃത്യതയുമൊക്കെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക വഴി സിനിമ പ്രേക്ഷകനെ ആദ്യമേ പിടിച്ചിരുത്തുന്നുണ്ട്. ബോളിവുഡ് സിനിമാ രംഗത്ത് പത്തു പന്ത്രണ്ടോളം വർഷങ്ങളായി തിരക്കഥാകൃത്തായും ഗാനരചയിതാവായും സംഭാഷണമെഴുത്തുകാരനായുമൊക്കെ നാനാ മേഖലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഒരു സംവിധായകൻ എന്ന നിലക്ക് ആദിത്യ ധറിന്റെ മികച്ച തുടക്കം കൂടിയാണ് 'ഉറി' എന്ന് പറയാം. 

2015 തൊട്ട് ഇടവേളകളില്ലാത്ത വിധം അശാന്തമായി കൊണ്ടിരുന്നിരുന്ന കശ്മീർ താഴ്വരയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന നിരവധി അക്രമ സംഭവങ്ങളാണ് ഇന്ത്യൻ സൈന്യത്തെ ഉറി മിന്നലാക്രമണത്തിലേക്ക് നയിക്കുന്നത്. സൈന്യവും കശ്മീർ ജനതയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ അകം പൊരുൾ തേടലല്ല മറിച്ച് ഉറി മിന്നലാക്രമണം മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ ഇതിലേക്ക് നയിക്കുന്ന അക്രമ സംഭവങ്ങളുടെ പരമ്പരയിൽ പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത് ഉറി സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണമാണ്. പഠാൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ കരസേനയുടെ യൂണിഫോമു ധരിച്ചു കൊണ്ട് ക്യാമ്പിനകത്തേക്ക് കയറിയാണ് ഭീകരവാദികൾ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉറി സൈനിക താവളത്തിലും അതേ രീതിയിലുള്ള ആക്രമണം നടന്നതായിട്ടാണ്  സിനിമയിലും കാണുന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് വളരെ എളുപ്പത്തിൽ കയറിക്കൂടുന്ന രംഗം കാണുമ്പോൾ അന്ന് സംഭവിച്ച സുരക്ഷാ വീഴ്ചകളെ ഓർത്ത് ആശങ്കപ്പെടുന്നതിനോടൊപ്പം തന്നെ രാജ്യത്തിന് സുരക്ഷ നൽകാൻ നിയോഗിക്കപ്പെടുന്ന സൈനികർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ എന്ത് കൊണ്ട് ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. 


മലയാളി സൈനികൻ ലഫ്. കേണൽ നിരഞ്ജനടക്കം ആറു ഇന്ത്യക്കാരുടെ മരണത്തിനു കാരണമായ പഠാൻകോട്ട് ഭീകരാക്രമണവും കേണൽ മുനീന്ദ്ര റായ് അടക്കം ഇരുപതോളം സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണവുമൊക്കെ വൈകാരികമായല്ലാതെ നോക്കി കാണാനാകില്ല. കേണൽ മുനീന്ദ്ര റായിയുടെ മൃതദേഹത്തിന് മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് മുദ്രാവാക്യം വിളിച്ച് സലൂട്ട് ചെയ്ത മകളുടെ വീഡിയോ കാണാത്തവരുണ്ടാകില്ല. നമ്മൾ കണ്ടു മറന്ന ആ വീഡിയോയിലെ രംഗങ്ങൾ സിനിമയിൽ അത് പോലെ തന്നെ കാണാം. ഗൂർഖാ റെജിമെന്റിന്റെ വാർ ക്രൈ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കാതെ കടന്നു പോകില്ല. അത്ര മാത്രം വികാരഭരിതമായ സീൻ. വേണ്ടപ്പെട്ടവർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ ഏത് മനുഷ്യനും ഉണ്ടാകുമല്ലോ ഒരൽപ്പമെങ്കിലും പ്രതികാര ദാഹം. ആ സ്പിരിറ്റ് ഒരു പട്ടാളക്കാരനെ സംബന്ധിച്ചോളം മറ്റാരേക്കാളും കൂടുതലാണ് എന്ന് പറയാനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ. അത് കൊണ്ട് തന്നെ അവസാന രംഗങ്ങളിലേക്ക് എത്തുമ്പോൾ war movie യെന്ന ചട്ടക്കൂട് പൊളിച്ചു കൊണ്ട് വ്യക്തിപരമായ കണക്ക് തീർക്കലുകൾക്ക് കൂടി സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് സംവിധായകൻ.

പ്രതികാരവും പ്രകടനവുമൊക്കെ റിയലിസ്റ്റിക് തന്നെയെന്ന് സമ്മതിക്കുമ്പോഴും അത്തരം രംഗങ്ങൾ അത് വരേക്കും സിനിമ നിലനിർത്തി കൊണ്ട് പോയ ആർമി ടീം സ്പിരിറ്റിൽ നിന്ന് മാറി നായകനിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നുണ്ട്. സിനിമാറ്റിക് ആക്കാതെ അവതരിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടായിട്ടും ആ രംഗം നായകന് വേണ്ടി മാറ്റി നിർത്തപ്പെട്ടതിനു കാരണമാകുന്നത് നായകന്റെ അളിയന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈകാരികതയും പ്രതികാര ബുദ്ധിയും കൂടിയാണ്. ആർമി സ്പിരിറ്റിൽ നിന്ന് മാറി അത് വ്യക്തിപരമായ ഒരു കണക്ക് തീർക്കൽ എന്ന നിലക്ക് ഒറ്റക്ക് ചെയ്തു തീർക്കുന്നത് കാണുമ്പോൾ ആണ് പുരികം ചുളിഞ്ഞു പോകുന്നത്. അല്ലാത്ത പക്ഷം ആ സീനിനെ കുറ്റം പറയാൻ തോന്നുമായിരുന്നില്ല .പിന്നെ പ്രധാനമായും ഇത് ഒരു യുദ്ധമല്ല surgical strike മാത്രമാണ് . ടൈമിങ്ങിന് ഏറെ പ്രാധാന്യമുള്ള ഒരു ഗ്യാങ് ഓപ്പറേഷൻ. ആ നിലക്ക് കൂടി ചിന്തിക്കുമ്പോൾ അത്തരമൊരു സീനിൽ ഒരു വൺ മാൻ ഫൈറ്റ് ഷോക്ക് ആസ്വാദന സാധ്യത കൽപ്പിക്കാൻ പോലുമാകില്ല. എത്രയൊക്കെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ചാലും ഇത്തരം ഓപ്പറേഷൻ സീനുകളിൽ സാധാരണക്കാരെന്ന നിലക്കുള്ള നമ്മുടെ അറിവില്ലായ്‍മ കൊണ്ടും ചില സംശയങ്ങൾ ഉന്നയിക്കപ്പെടാം . അത് കൊണ്ടൊക്കെ തന്നെ ആധികാരികമായ കണ്ടെത്തലുകളല്ല മറിച്ച് ആസ്വാദനപരമായ ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്ന് മാത്രം. 

ചരിത്രവും സംഭവ കഥകളുമൊക്കെ സിനിമയക്കപ്പെടുമ്പോൾ ഒരു സംവിധായകൻ പ്രധാനമായും നേരിടുന്ന പ്രശ്നം അതിന്റെ അവതരണമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളെ സിനിമയിലൂടെ എങ്ങിനെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു എന്നതിലാണ് അയാളുടെ മിടുക്ക്. 'ഉറി' യിൽ ആദിത്യധർ തന്റെ ആ മിടുക്ക്  തെളിയിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് എന്ന കേട്ട് കേൾവിയെ അല്ലെങ്കിൽ വായിച്ചറിവിനെ കാഴ്ചകളിലൂടെ നമ്മളെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചു എന്നതിനൊപ്പം തന്നെ ഇനി വരാനിരിക്കുന്ന പട്ടാള സിനിമകൾക്ക് അവതരണപരമായ വെല്ലുവിളികളും ഉയർത്തുന്നുണ്ട് 'ഉറി'. മേജർ വിഹാൻ സിംഗ് തന്റെ സഹ സൈനികരെ ഊർജ്ജ സ്വലരാക്കാൻ വേണ്ടി ഇടക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഹൌ ഈസ് ദി ജോഷ് എന്ന്. അതിന്റെ മറുപടിയായി  ഹൈ സാർ എന്ന് മറ്റു സൈനികർ ഉച്ചത്തിൽ ഊർജ്ജത്തോടെ പറയുമ്പോൾ സിനിമ കാണുന്നവരുടെ ജോഷും അറിയാതെ കൂടി പോകും. അത്തരത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട് പല സീനിലും ആവേശം വിതറുന്നുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിനിടയിൽ  ഭീകരവാദികളോട് പറയുന്ന ഒരു ഡയലോഗ് അത് പറയുന്ന ശൈലി കൊണ്ടും സൗണ്ട് മോഡുലേഷൻ കൊണ്ടും വേറെ ലെവലാക്കി മാറ്റുന്നുണ്ട് വിക്കി കൗശൽ. 

" അപ്നീ 72 ഹൂറോം കോ ഹമാരാ സലാം ബോൽനാ !! കഹ്‌നാ, ദാവത് പേ ഇൻതസാർ കരേ, ആജ് ബഹുത് സാരെ മെഹ്‌മാൻ കോ ഭേജ്നെവാലെ ഹേ.."

ആകെ മൊത്തം ടോട്ടൽ = ഈ ഇലക്ഷൻ കാലത്ത് റിലീസ് ചെയ്യിപ്പിച്ചു എന്നതൊഴിച്ചാൽ സംശയിക്കപ്പെടേണ്ട രാഷ്ട്രീയ കുബുദ്ധികളൊന്നും സിനിമയിൽ ഇല്ല. മോദിയും പരീക്കറും അജിത് ഡോവലും ദൽബീർ സിംഗ് സുഹാഗുമൊക്കെ സിനിമയിൽ വന്നു പോകുന്നുവെങ്കിലും Uri-the surgical strike അവരുടെ സിനിമയാക്കി മാറ്റാതെ ഇന്ത്യൻ ആർമിയുടെ ടീം സ്പിരിറ്റിന്റെതാക്കി മാറ്റുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നത്. ഒരു പട്ടാളക്കാരന്റെ നിഴല് കണക്കെ നമ്മളെ കൂടെ കൂട്ടുന്ന കാമറ ഈ സിനിമയുടെ ഒരു വലിയ പ്ലസാണ്. അത് പോലെ തന്നെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ആക്ഷനുമൊക്കെ കൂടെയായി സാങ്കേതികമായുള്ള അവതരണത്തിലും സിനിമ ഏറെ മുന്നിട്ടു നിക്കുന്നു. മേജർ വിഹാൻ സിംഗ് ഷെർഗിലായി വിക്കി കൗശൽ നിറഞ്ഞാടിയ സിനിമ കൂടിയാണ് ഉറി. പരേഷ് റാവലും, യാമി ഗൗതമും, കീർത്തി കുലാരിയും ആരും തന്നെ അവരവരുടെ റോളുകൾ മോശമാക്കിയില്ല. ഒടുക്കം വരെ ഇന്ത്യൻ ആർമിയുടെ സിനിമയായി അവതരിപ്പിച്ചു കൊണ്ട് പോയിട്ട് അവസാന സീനുകൾ നായകൻറെ പ്രതികാര കഥയെന്നോണം പറഞ്ഞവസാനിപ്പിക്കാൻ ശ്രമിച്ചതു മാത്രം മികവുകൾക്കിടയിലെ കല്ല് കടിയായി മാറി. എന്നിരുന്നാലും its a decent and well made army operation movie. Tribute to the Indian Army. 

*വിധി മാർക്ക് -7.5 /10 
-pravin- 

Thursday, January 10, 2019

ആരെയും കുപ്രസിദ്ധരാക്കുന്ന നെറികെട്ട പോലീസ് സംവിധാനങ്ങൾ

രാജീവ് അഞ്ചലിന്റെ 'കാശ്മീര'ത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ഒരു നടനിൽ നിന്നും സംവിധായകനിലേക്കുള്ള വലിയൊരു വളർച്ചയുടെ കഥ തന്നെ പറയാനുണ്ട് മധുപാലിനെ കുറിച്ച്. യേശു ക്രിസ്തുവിനെ ഓർമ്മിപ്പിക്കും വിധമുള്ള താടിയും മുടിയും ശരീര പ്രകൃതിയുമുണ്ടായിരുന്ന ഒരാൾ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ പ്രേക്ഷക പരിചിതനായത് . ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഇക്കഴിഞ്ഞ വലിയ കാലയളവിൽ സാന്നിധ്യം അറിയിച്ച നടൻ എന്നതിനേക്കാൾ നല്ലൊരു സിനിമാ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ മധുപാലിനെ സഹായിച്ചത് ആദ്യ സംവിധാന സംരംഭമായ 'തലപ്പാവ്' തന്നെയാണ്. നക്സൽ വർഗ്ഗീസിന്റെ ജീവിതവും അദ്ദേഹത്തിന്റെ കൊലപാതകവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാലത്ത് തന്നെ അതിനൊരു സിനിമാവിഷ്ക്കാരം സമ്മാനിക്കാൻ മധുപാലിന്‌ സാധിച്ചു. ആദ്യ സിനിമയിൽ നിന്നും വ്യത്യസ്തമായി കേരളം പിന്നിട്ട മുപ്പത് നാൽപ്പത് വർഷ കാലയളവുകളിൽ നിലനിന്നിരുന്ന പിന്തുടർച്ചാവകാശങ്ങളുടെ പശ്ചാത്തലത്തിലാണ് 'ഒഴിമുറി' ഒരുക്കിയത്. സ്ത്രീ സ്വാതന്ത്ര്യവും ജാതിയും ആചാരങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് വീണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ എന്ന നിലക്ക് ഇപ്പോഴും ശ്രദ്ധേയമാണ് 'ഒഴിമുറി'.  ഒരു സംവിധായകൻ എന്നാൽ സിനിമ നന്നായി സംവിധാനം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവൻ മാത്രമല്ല സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ തിരഞ്ഞെടുത്ത് സിനിമയാക്കാനുള്ള മനസ്സും കൂടിയുള്ളവനാകണം എന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് 'തലപ്പാവ്' തൊട്ട് 'ഒരു കുപ്രസിദ്ധ പയ്യൻ' വരെയുള്ള മധുപാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ. 

ആരെയും കുപ്രസിദ്ധരാക്കാൻ പോന്ന പോലീസിന്റെ നെറി കെട്ട നിയമ സംവിധാനങ്ങളെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന സിനിമയാണ് 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന് ഒറ്റ വാക്കിൽ പറയാം. 2012 കാലത്ത് കോഴിക്കോട് നടന്ന സുന്ദരി അമ്മ കൊലപാതക കേസിനെ ചെമ്പമ്മാൾ കൊലപാതക കേസായി പുനരവതരിപ്പിച്ചു കൊണ്ടാണ് സിനിമ അതിന്റെ ദൗത്യം ഏറ്റെടുക്കുന്നത്. കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞാണ് എല്ലാവർക്കും സുപരിചിതനായ ജയേഷിനെ ജബ്ബാറെന്ന പേരിൽ അറസ്റ്റ് ചെയ്യുന്നത്. ജബ്ബാർ എന്ന പുതിയ പേരിടൽ ചടങ്ങിനു പിന്നിൽ പോലും ഒരു നീച ഉദ്ദേശ്യം ക്രൈം ബ്രാഞ്ചിനുണ്ടായിരുന്നു. സിനിമയിൽ അത് കാണിക്കുന്ന ഒരു രംഗം തന്നെയുണ്ട്. യഥാർത്ഥ ജീവിതത്തിലെ ജയേഷ് ജബ്ബാറായപ്പോൾ സിനിമയിൽ അജയൻ അജ്മലായി മാറി. കാശ്മീരില്ലാത്ത ഇന്ത്യയുടെ മാപ് കടയിൽ തൂക്കിയതിന്റെ പേരിൽ ഏതോ കാലത്തുണ്ടായ കോലാഹലങ്ങളെ പരാമർശിച്ചു കൊണ്ട് അജയൻ ജോലിക്ക് നിന്നിരുന്ന കടയുടമയെ കള്ള സാക്ഷി മൊഴി നൽകാൻ പ്രേരിപ്പിക്കുന്ന സീൻ പോലീസ് കുബുദ്ധികളുടെ നേർ പതിപ്പാണ്. പൊതു സമൂഹത്തിന്റെ മനശാസ്ത്രങ്ങളെ പഠിച്ചെടുക്കുക വഴി ആരോപണങ്ങൾ കൊണ്ടും വ്യാജ തെളിവുകൾ കൊണ്ടും സാക്ഷി മൊഴികൾ കൊണ്ടുമൊക്കെ ഒരു നിരപരാധിയെ പഴുതടച്ച കുറ്റ പത്രം കൊണ്ട് കുരുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഏതാണ്ട് ഒരു വർഷത്തിലധികം കാലം ജയിലിൽ കിടക്കേണ്ടി വന്ന ജയേഷിനെ കോടതിയുടെ ഇടപെടലുകളിൽ കൂടിയാണ് കുറ്റവിമുക്തനാക്കുന്നത്. വ്യാജ തെളിവുകൾ ഉണ്ടാക്കി ജയേഷിനെ പ്രതിയാക്കിയ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച കോടതി അവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. ഈ കേസും അന്വേഷണവും ജയിൽ വാസവും ജയേഷ് എന്ന അനാഥന്റെ ജീവിതത്തെ ഏതൊക്കെ വിധത്തിൽ ബാധിച്ചു എന്ന് ഊഹിക്കാവുന്നതാണ്. അത്രയും കാലം താൻ സ്വീകാര്യനായിരുന്ന ഒരിടത്തിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ആട്ടിയോടിക്കപ്പെട്ടവന്റെ പരിഭവങ്ങളെല്ലാം മറച്ചു കൊണ്ട് ഇന്നും പോലീസിനെ ഭയപ്പെട്ട് കോഴിക്കോട് തെരുവിൽ എവിടെയൊക്കെയോ ജീവിക്കുന്നുണ്ട് ജയേഷ്. 

സുന്ദരിയമ്മ കൊലപാതക കേസും അതുമായി ബന്ധപ്പെട്ട് ജയേഷിന്റെ ജീവിതത്തിലുണ്ടായ പോലീസിന്റെ ക്രൂരമായ കടന്നു  കയറ്റവും പീഡനങ്ങളുമൊക്കെ അതേ പടി പുനരവതരിപ്പിക്കുന്നതോടൊപ്പം സിനിമാപരമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമൊക്കെ നടത്തിക്കാണാം 'ഒരു കുപ്രസിദ്ധ പയ്യനിൽ'. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു മാത്രം കേട്ട് ശീലിച്ച ദുരഭിമാനക്കൊലപാതകങ്ങൾ സമീപ കാലത്തായി കേരളത്തിലും സംഭവിക്കുകയുണ്ടായല്ലോ. അതിന്റെ ഓർമ്മപ്പെടുത്തലെന്നോണം ദുരഭിമാനക്കൊലയുടെ ഒരു ഭീകര നിഴൽ രൂപത്തെ ചെമ്പമ്മാളുടെ ജീവിതവുമായി ബന്ധപ്പെട്ടു കൊണ്ട് കാണാതെ കാണാൻ സാധിക്കും സിനിമയിൽ. ഒരു ക്രൈം ത്രില്ലർ / കോർട്ട് റൂം സിനിമയുടെ കഥാഘടന ഉള്ളപ്പോഴും സമാന ജേർണറിലുള്ള സിനിമകളിലെ പോലെ യഥാർത്ഥ കുറ്റവാളി ആരെന്നുള്ള പോലീസ് അന്വേഷണത്തിന് പിന്നാലെയല്ല 'ഒരു കുപ്രസിദ്ധ പയ്യന്റെ' സഞ്ചാരം എന്നത് ഒരു വ്യത്യസ്തതയാണ്. കുറ്റം ചെയ്തത് ആരാണെന്ന് കണ്ടു പിടിക്കാനുള്ള പോലീസ് അന്വേഷണങ്ങളല്ല മറിച്ച് പ്രതിയാക്കപ്പെട്ടവന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയുള്ള ഒരു വക്കീലിന്റെ അന്വേഷണവും വാദമുഖങ്ങളുമാണ് സിനിമയെ ത്രില്ലിങ്ങാക്കുന്നത്. പോലീസ് എഴുതിയുണ്ടാക്കിയ കുറ്റപത്രം അതേ പടി വായിച്ചു വിശ്വസിക്കാതെ കേസിന് ആസ്പദമായ സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ചു തന്റേതായ രീതിയിൽ തയ്യാറാക്കിയ മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം ഒരു വക്കീൽ കോടതിയിൽ തന്റെ വാദമുഖങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്  സിനിമ .  

കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ പത്തും ഇരുപതും വർഷങ്ങളായി ജയിലിൽ കിടന്നിരുന്ന പലരേയും പരമോന്നത നീതി ന്യായ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി ജയിൽ മോചിതരാക്കിയ വാർത്തകൾ വായിക്കാൻ സാധിക്കും. ഇതിൽ മിക്കവരും കെട്ടിച്ചമച്ച പോലീസ് കേസുകളുടെ ഇരകൾ മാത്രമാണ്. മനോവീര്യം തകർന്നാലും സാരമില്ല പോലീസ് ഭാഷ്യങ്ങളെ ക്രോസ് വിസ്താരം ചെയ്യുക തന്നെ വേണമെന്ന് അടി വരയിടുന്നതോടൊപ്പം തെറ്റായ പോലീസ് അന്വേഷണങ്ങളും സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുന്നു എന്നത് കൂടി വ്യക്തമാക്കി തരുന്നുണ്ട് സിനിമ. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യത്തെ ആരെക്കാളും കൂടുതൽ ഓർക്കേണ്ടത് പോലീസാണ്. പലപ്പോഴും കോടതികളിൽ നീതി പുലരാതെ പോകുന്നത് നീതിന്യായ വ്യവസ്ഥകളുടെ പ്രശ്നം കൊണ്ടല്ല മറിച്ച് കോടതികളിൽ എത്തപ്പെടുന്ന കേസുകളിൽ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണ കാലയളവിൽ ഉണ്ടായ വീഴ്ചകളും തിരുമറികളും കൊണ്ടാണ്. അപ്രകാരം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലും രാഷ്ട്രീയ സമ്മർദ്ദങ്ങളിലും പോലീസ് രചിച്ചുണ്ടാകുന്ന കുറ്റപത്രങ്ങളിൽ കുരുങ്ങി പോകുന്ന നിരപാധികൾക്കുള്ള സമർപ്പണം കൂടിയാണ് ഈ സിനിമ. 

ആകെ മൊത്തം ടോട്ടൽ = വെറുമൊരു സിനിമാക്കഥ എന്ന ലാഘവത്തോടെ കാണാൻ സാധിക്കാത്ത ഒരു സിനിമ. കുറ്റമറ്റ സിനിമയല്ലെങ്കിൽ കൂടി ഒരു യഥാർത്ഥ സംഭവ കഥ എന്ന നിലക്കും പ്രമേയപരമായ പ്രസക്തി കൊണ്ടുമൊക്കെ ഇക്കാലത്ത് കാണേണ്ട സിനിമയാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. അജയനായി ടൊവിനോ തോമസ് ആദ്യ പകുതി വരെ നിറഞ്ഞു നിന്ന സിനിമയെ ഇടവേളക്ക് ശേഷം നിമിഷാ സജയന്റെ ഹന്ന എലിസബത്ത് എന്ന വക്കീൽ കഥാപാത്രം ഹൈജാക്ക് ചെയ്യുകയാണ്. നിമിഷയുടെ കരിയറിലെ മികച്ച കഥാപാത്രമെന്നതിനപ്പുറം ഈ സിനിമയുടെ നട്ടെല്ല് കൂടിയായിരുന്നു നിമിഷയുടെ ഹന്ന. സാധാരണക്കാരനും നിഷ്ക്കളങ്കനുമായ അജയനെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോയും. തിരക്കഥയിലെ പോരായ്മാകൾ ചില രംഗങ്ങളെ വിരസമാക്കുന്നുണ്ടെങ്കിലും ഒരു നവാഗത തിരക്കഥാകൃത്ത് എന്ന നിലക്ക് ജീവൻ ജോബ് തോമസ് അഭിനന്ദനമർഹിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin-

Friday, December 21, 2018

ഒടിയൻ - ആസ്വാദനത്തെ ബാധിച്ച പ്രതീക്ഷകൾ

എഴുത്തുകാരന്റെയും സംവിധായകന്റെയുമൊക്കെ സൃഷ്ടി എന്നതിനേക്കാളുമുപരി ആസ്വാദനപരമായി പ്രേക്ഷകന്റെ മാത്രമാണ് സിനിമ. അത് കൊണ്ട് തന്നെ സംവിധായകനോ എഴുത്തുകാരനോ സംസാരിക്കാനുള്ളതിനേക്കാൾ അവരുടെ സിനിമയെ കുറിച്ച് കൂടുതൽ പറയാനുണ്ടാവുക പ്രേക്ഷകന് തന്നെ. കാർത്തിക് സുബ്ബരാജിന്റെ 'ഇരൈവി' സിനിമയിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനാകുകയും സ്വയമേ പ്രശംസിക്കുകയും ചെയ്യുന്ന സംവിധായകനോട് എസ്.ജെ സൂര്യയുടെ അരുൾ ദാസ് എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നമ്മുടെ പടമാണ് സംസാരിക്കേണ്ടത്, നമ്മളല്ല. ഒടിയനെ ബാധിച്ച പ്രധാന പ്രശ്നവും അതാണ്. പരിധി വിട്ട ഹൈപ്പുകൾ നൽകി സംവിധായകൻ തന്നെ  സിനിമ കാണാൻ വരുന്നവരുടെ ആസ്വാദനത്തിനു ബാധ്യതയാകുന്ന വിധത്തിൽ പ്രതീക്ഷകളുടെ ഭാരമുണ്ടാക്കി. സംവിധായകൻ പറഞ്ഞത് മാത്രം പ്രതീക്ഷിച്ചു കൊണ്ട് തിയേറ്ററിൽ എത്തിയവർ സ്‌ക്രീനിൽ കാണുന്നതിനെ വില കുറച്ചു കാണുകയും ചെയ്തു. ഇവിടെ പരിപൂർണ്ണമായി പരാജയപ്പെട്ടത് സിനിമയോ സംവിധായകനോ അല്ല മറിച്ച് സ്വാഭാവികമായുള്ള ആസ്വാദനമാണ്. അതിന്റെ ഉത്തരവാദി എന്ന നിലക്ക് സംവിധായകനെ ചൂണ്ടി കാണിക്കാം എന്ന് മാത്രം. 

കുട്ടിക്കാലത്ത് കേട്ട് ശീലിച്ച ഒടിയന്റെ അമാനുഷിക കഥകളിൽ നിന്ന് വ്യത്യസ്തമായി മാനുഷികമായ അവതരണമായിരുന്നു സിനിമയിലേത്. ഒടി വിദ്യയെ തീർത്തും ഒരു ആഭിചാര കർമ്മമെന്ന നിലയിൽ അവതരിപ്പിക്കാതെ കൺകെട്ടും കായികാഭ്യാസവും കൂടിച്ചേർന്നുള്ള ഒരു ആയോധന കലയെന്ന രീതിയിൽ അവതരിപ്പിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പഴങ്കഥകളെ അപ്പാടെ അന്ധവിശ്വാസവുമായി ചേർത്ത് വച്ച് കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒടിയൻ എന്ന ആശയത്തിന്റെ മാനുഷികതലം നമുക്ക് കാണാൻ കിട്ടില്ലായിരുന്നു. മിത്തുകളിൽ നിറഞ്ഞു നിൽക്കുന്ന ഒടിയന് ഇഷ്ടമുള്ള രൂപങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അമാനുഷികമായ കഴിവാണ് ഉണ്ടായിരുന്നതെങ്കിൽ സിനിമയിലെ ഒടിയൻ ഒടി മറയുന്നത് മൃഗരൂപങ്ങൾക്ക് ചേരുന്ന വേഷ ചമയങ്ങൾ കൊണ്ടാണ്. ഒടിയനെ തിന്മയുടെ പ്രതിരൂപമാക്കി അവർണ്ണനെ മോശക്കാരനാക്കി കാണിക്കാനുള്ള കുപ്രചാരണങ്ങൾ കൂടി നടന്ന നാടാണ് നമ്മുടെ എന്നിരിക്കെ ഒടിയനെ നന്മയുടെ പക്ഷത്തു നിർത്താനുള്ള ശ്രമം കൂടിയായി സിനിമയെ കാണാവുന്നതാണ്. അതേ സമയം, ഭാവനാ സമ്പുഷ്ടമായ കഥക്കും തിരക്കഥക്കും അതിലേറെ ഗംഭീരമായ അവതരണ സാധ്യതകൾക്കും വഴിയൊരുക്കുന്ന ഒരു പ്രമേയം എന്ന നിലക്ക് 'ഒടിയന്' അർഹിച്ച രീതിയിലുള്ള ഒരു സിനിമാവിഷ്ക്കാരം സംഭവിക്കാതെ പോയി എന്നത് നിരാശയുമാണ്. 

ഒടിയൻ എന്നാൽ ഒരു സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രമാകും എന്ന പ്രതീക്ഷകളിലാണ് പലരും സിനിമ കാണാനെത്തിയത് എന്നത് കൊണ്ട് തന്നെ സാധാരണക്കാരനായ മാണിക്യനെ ഉൾക്കൊള്ളാൻ പ്രേക്ഷകർ വിമുഖത പ്രകടിപ്പിച്ചു. തന്റെ ആദ്യ സിനിമ എന്ന നിലക്ക് ഒടിയൻ വിജയിക്കേണ്ടത് മറ്റാരേക്കാളും കൂടുതൽ ആവശ്യമായത് ശ്രീകുമാർ മേനോന് ആണെന്നുള്ളത് കൊണ്ട് തന്നെ സിനിമ എന്ന 'പ്രോഡക്റ്റ്' നന്നായി വിറ്റു പോകാനുള്ള സർവ്വ തന്ത്രങ്ങളും മാർക്കറ്റിങ്ങ് സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തി. ഇതുണ്ടാക്കിയ ഹൈപ്പുകൾ ചെറുതല്ലായിരുന്നു. ഈ ഹൈപ്പുകൾ ഉണ്ടാക്കിയ പ്രതീക്ഷകൾ സിനിമാസ്വാദനത്തിനു ബാധ്യതയായി മാറിയതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശക്തമായ പ്രചാരണങ്ങളും നടന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. മാണിക്യനോട് കഞ്ഞിയെടുക്കട്ടെ എന്ന് ചോദിക്കുന്ന ഡയലോഗ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം പലരും ചോദിക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം കാണുന്ന പ്രഭയും മാണിക്യനും കൂടി പഴയ തെറ്റിദ്ധാരണകൾ പറഞ്ഞവസാനിപ്പിക്കുന്ന സീനാണ് അത്. പഴയ കാലത്ത് മാണിക്യൻ വീട്ടിൽ വരുമ്പോൾ കഞ്ഞി കൊടുക്കാറുണ്ടായിരുന്ന പ്രഭ ആ കാലത്ത് മാണിക്യന് ഉണ്ടായിരുന്ന അതേ സ്വീകാര്യത ഇപ്പോഴുമുണ്ട് എന്ന് ബോധിപ്പിക്കാൻ തരത്തിൽ പറഞ്ഞ ഡയലോഗ് ആയിരുന്നു അത്. പക്ഷെ അസ്ഥാനത്തുള്ള കഞ്ഞി ഡയലോഗ് ട്രോളന്മാർക്ക് സുഭിക്ഷമായ സദ്യയായി മാറി എന്ന് മാത്രം. 

മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ എന്ന നടൻ ശാരീരികവും മാനസികവുമായെടുത്ത തയ്യാറെടുപ്പുകളും പരിശ്രമങ്ങളും പത്ര മാധ്യങ്ങളിലൂടെ വായിച്ചറിഞ്ഞ ഒരു പ്രേക്ഷകന് സ്‌ക്രീനിൽ അത് കണ്ടനുഭവിക്കാൻ സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടനല്ല, സംവിധായകന് തന്നെയാണ്. കൊട്ടിഘോഷിച്ചു കൊണ്ട് പറഞ്ഞ പീറ്റർ ഹെയ്ൻറെ ആക്ഷന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ആക്ഷൻ സീനുകൾ മിക്കതും ഇരുട്ടിലും മാണിക്യന്റെ കറുത്ത പുതപ്പിലും കാണാതെ പോയി. എന്നാൽ സിനിമയുടെ ആത്മാവ് തൊട്ടറിയും വിധമായിരുന്നു ഷാജി കുമാറിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും. കരിമ്പനകളുടെ നാടിനെ അതി ഗംഭീരമായി തന്നെ സ്ക്രീനിലേക്ക് എത്തിച്ചിട്ടുണ്ട് ഷാജിയുടെ കാമറ. മാണിക്യൻ എന്ന ഒടിയനെക്കാൾ, ഒടിയൻ എന്ന പേര് ചൊല്ലി വിളിക്കപ്പെട്ടിരുന്ന, തെറ്റിദ്ധരിക്കപ്പെട്ടു പോയ മാണിക്യൻ എന്ന പാവം മനുഷ്യന്റെ കഥയെന്നോളം സിനിമക്ക് മറ്റൊരു ആസ്വാദന തലമുണ്ടാക്കുന്നതിൽ ജയചന്ദ്രന്റെ സംഗീതം  ഏറെ സഹായിച്ചിട്ടുണ്ട്. എടുത്തു പറയുകയാണെങ്കിൽ 'നെഞ്ചിലെ കാള കുളമ്പ്..' എന്ന് തുടങ്ങുന്ന പാട്ടും അതിന്റെ രംഗാവിഷ്ക്കാരവും. ലക്ഷ്മി ശ്രീകുമാറിന്റെ വരികളിൽ ശങ്കർ മഹാദേവൻ പാടിയ ആ പാട്ടിലുണ്ട് മാണിക്യനെന്ന മനുഷ്യന്റെ എല്ലാ വേദനകളും. സ്വന്തം നിഴലിനെ പോലും പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ഒടിയന്റെ മാനസിക വിചാരങ്ങൾ അത്രത്തോളം ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. സിനിമയേക്കാൾ സിനിമയിലെ ഗാനങ്ങൾ ചിത്രീകരിക്കുന്നതിലാണോ  സംവിധായകന്റെ ശ്രദ്ധയും താൽപ്പര്യവും കൂടുതലുണ്ടായത് എന്ന് സംശയിച്ചു പോകും. 

ആകെ മൊത്തം ടോട്ടൽ = ശ്രീകുമാർ മേനോന്റെ പരിധിയില്ലാത്ത ഹൈപ്പുണ്ടാക്കലും ത്രില്ലിങ്ങായി തുടങ്ങിയ  സിനിമയുടെ ലാഗുമൊക്കെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും തേച്ചൊട്ടിക്കാൻ മാത്രം മോശമായൊരു സിനിമ അല്ല ഒടിയൻ. പാലക്കാടൻ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത കാമറയും പാട്ടുകളും മനോഹരം. പീറ്റർ ഹെയ്ൻറെ ആക്ഷൻ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. മുൻകാല സിനിമകളിൽ കണ്ടു മറന്ന പല കഥാപാത്രങ്ങളുടെയും വാർപ്പ് മാതൃകകൾ ഒടിയനിലുണ്ട് എന്നതൊഴിച്ചാൽ പ്രകടനം കൊണ്ട് ആരും മോശമാക്കിയില്ല.  ക്ലാസും മാസുമല്ലാത്ത കണ്ടിരിക്കാവുന്ന സാധാരണ സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി. 

*വിധി മാർക്ക് =6.5/10 

-pravin- 

Saturday, December 8, 2018

2.0 - ചിട്ടിയുടെ രണ്ടാം വരവും ചില ശാസ്ത്ര വിചാരങ്ങളും



തമിഴ് സിനിമകളുടെ സാങ്കേതിക മികവിന്റെ വളർച്ചാ വഴിയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എസ്. ശങ്കർ. ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യൻ സംവിധായകൻ എന്ന വിശേഷണത്തേക്കാൾ സിനിമാ മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്കാണ് ശങ്കർ കൂടുതലും ശ്രദ്ധേയനായിട്ടുള്ളത്. ആ തലത്തിൽ തെന്നിന്ത്യൻ സിനിമാ നിർമ്മാണങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും ഊർജ്ജവുമൊന്നും ചെറുതല്ല. 1993 ലെ 'ജെന്റിൽമാൻ' തൊട്ട് തുടങ്ങി 2018 ലെ '2.0' വരെയുള്ള സിനിമകൾക്കായി പ്രമേയപരമായും അവതരണപരമായും എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരു സംവിധായകൻ എന്ന നിലക്ക് അദ്ദേഹത്തിന്റെ സിംഹാസനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ശങ്കർ സിനിമകൾ വിമർശിക്കപ്പെട്ടാലും ശങ്കർ എന്ന സംവിധായകനെ അംഗീകരിക്കാത്ത ഒരു ആസ്വാദന സമൂഹം ഇനിയുണ്ടാകുകയുമില്ല. 

ശങ്കർ സിനിമകൾ ഇന്ത്യൻ സിനിമാ ആസ്വാദകരിൽ ഉണ്ടാക്കുന്ന പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ് എന്നത് കൊണ്ട് തന്നെ രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചു കാലമായി ശങ്കർ സിനിമകൾക്ക് ലഭിക്കുന്നത്. പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പറയുന്നവർ ശങ്കർ സിനിമയെ വെറും യുക്തി കൊണ്ടു അളന്നു കാണാൻ ശ്രമിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. കെട്ടുറപ്പുള്ള തിരക്കഥകളുടെ പിൻബലമില്ലാതെ സാങ്കേതിക വിദ്യക്കായി കൂടുതൽ സമയവും പണവും ചിലവഴിക്കുന്ന പ്രവണതയും ഒരു പരിധി വരെ ശങ്കർ സിനിമകളെ ബാധിക്കുന്നു. വിക്രമിനെ നായകനാക്കി ചെയ്ത 'ഐ' യിലും അത് പ്രകടമായിരുന്നു. കോടികൾ മുടക്കുന്നത് ഗ്രാഫിക്സിനു വേണ്ടി മാത്രമാകുകയും ആ ഗ്രാഫിക്സിനു സിനിമയുടെ പ്രമേയത്തിലോ കഥയിലോ അവതരണത്തിലോ കാര്യമായ പ്രസക്തിയില്ലാതെ പോകുകയും ചെയ്ത അവസ്ഥയാണ് 'ഐ' സിനിമയുടെ കാര്യത്തിൽ സംഭവിച്ചതെങ്കിൽ '2.0' യിൽ സംഭവിക്കുന്നത് ഗ്രാഫിക്സിന് കാര്യമായ പ്രസക്തി ഉള്ള പ്രമേയത്തിന് അനുസരിച്ച ശക്തമായ ഒരു തിരക്കഥയുടെ കുറവാണ്. 

മൊബൈൽ ഫോൺ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ എങ്ങിനെയൊക്കെ ബാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്. മൊബൈൽ ഫോണുകൾ ഇല്ലാത്ത ഒരു മനുഷ്യ ജീവിതം ഇക്കാലത്ത് സാധ്യവുമല്ല. ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗവും അതുമായി ബന്ധപ്പെട്ട റേഡിയേഷൻ പ്രശ്നങ്ങളും പ്രകൃതിയെയും ജന്തുജാലങ്ങളെയും മനുഷ്യനെയുമൊക്കെ എങ്ങിനെയൊക്കെ ബാധിച്ചേക്കാം എന്ന ചിന്തക്ക് ഒരുപാട് പ്രസക്തിയുണ്ട്. മൊബൈൽ ഫോൺ റേഡിയേഷൻ കൊണ്ട് മനുഷ്യനോ പ്രകൃതിക്കോ യാതൊരു വിധ പ്രശ്നവും വരുന്നതായി ശാസ്ത്രീയമായ റിപ്പോർട്ടുകൾ ഇല്ല എന്ന വാദം ഉന്നയിച്ചു കൊണ്ട് സിനിമയുടെ പ്രമേയത്തെ തൊട്ട് സകലതിനെയും ഭള്ള് പറയുന്ന ഒരു വിഭാഗം പ്രേക്ഷകരോട് യോജിക്കാൻ സാധിക്കില്ല. 2011ൽ ലോകാരോഗ്യ സംഘടന തന്നെ മുൻകൈ എടുത്ത് നടത്തിയ ഗവേഷണത്തിൽ മൊബൈൽ ഫോൺ വികിരണങ്ങൾ മനുഷ്യരിൽ അർബുദം ഉണ്ടാക്കിയേക്കാമെന്നു വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊബൈൽ വികിരണങ്ങൾ അർബുദങ്ങൾക്ക് കാരണമാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകൾക്കപ്പുറം ശാസ്ത്രീയമായൊരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേ സമയം മൊബൈൽ ഫോൺ വികിരണങ്ങൾ കുറക്കുന്നതിനായി പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കാത്ത ഈ ഒരു പ്രശ്ന വിഷയത്തെ ഫിക്ഷന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശങ്കർ 2.0 യിൽ അവതരിപ്പിക്കുന്നത്. 

ഒരു സുപ്രഭാതത്തിൽ മൊബൈൽ ഫോണുകൾ അപ്രത്യക്ഷമാകുന്നതിന്റെ രഹസ്യം തേടുന്ന ഡോക്ടർ വസീഗരൻ അഞ്ചാം ബലത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്നത് കാണാം സിനിമയിൽ. ഭൗതിക ശാസ്ത്ര പ്രകാരം അടിസ്ഥാന ബലങ്ങൾ നാലാണ്- ഗുരുത്വാകർഷണ ബലം, വൈദ്യുത കാന്തിക ബലം, അതിശക്ത ബലം, ദുർബല അണുകേന്ദ്ര ബലം. അഞ്ചാമതായി ഉണ്ടായിരിക്കാം എന്ന് വിശ്വസിക്കപ്പെടുന്ന ബലത്തെ കുറിച്ച് ആധികാരികമായ ഉറപ്പുകൾ ഒന്നുമില്ലെങ്കിലും അതേ കുറിച്ചും ശാസ്ത്രം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. മിത്തോളജിക്കൽ കോസ്മോളജിയിൽ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും കൃതികളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ സയൻസിനു അന്വേഷിച്ചു കണ്ടെത്താനാകുന്ന പലതും അക്കൂട്ടത്തിലും ഉണ്ട് എന്ന് നിരീക്ഷിക്കാം. പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത വിധമുള്ള ദ്രവ്യത്തെ തമോദ്രവ്യം അഥവാ Dark Matter എന്നാണ് സയൻസ് വിശേഷിപ്പിക്കുന്നത്. തമോ ഊർജ്ജങ്ങളെ പോലെ നമുക്ക് കാണാൻ സാധിക്കാത്ത ഊർജ്ജ ഉറവിടങ്ങൾ നമുക്ക് ചുറ്റും നില നിൽക്കുകയും അവ മറ്റു വസ്തുക്കളിൽ ഗുരുത്വാകർഷണ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതായുള്ള ഒരു ചിന്തയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമയിലെ പക്ഷിരാജൻ എന്ന കഥാപാത്രത്തെ ഒരുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ സിനിമക്ക് കുറച്ചു കൂടി ശാസ്ത്രീയമായ അടിത്തറ ഉണ്ടാകുമായിരുന്നു എന്ന് കരുതുന്നു. ഇവിടെ പോസിറ്റിവ് എനർജിയെന്നും നെഗറ്റിവ് എനർജിയെന്നും പറഞ്ഞു ഡോക്ടർ വസീഗരനും പുള്ളിയുടെ ചീഫും കൂടെ വളരെ നിസ്സാരമായി അത്ഭുത പ്രതിഭാസത്തെ വിലയിരുത്തുന്നത് ഒരു പക്ഷേ സയൻസ് വിശദീകരിച്ചു കൊണ്ട് സിനിമാസ്വാദനം സങ്കീർണ്ണമാക്കേണ്ട എന്ന് കരുതിയുമാകാം.

'യെന്തിരൻ' പറഞ്ഞു വച്ച കഥയുടെ തടുർച്ചയല്ലെങ്കിലും ഡോക്ടർ വസീഗരനും ചിട്ടിയും രണ്ടാമതും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ ഒരു കൗതുകമുണ്ടായിരുന്നു. ചിട്ടിയുടെ രണ്ടാം വരവിനായുണ്ടാക്കിയ മിഷൻ എന്നതിനേക്കാൾ മുഴുനീള സിനിമയിൽ ശക്തനായ എതിരാളിയായി തിളങ്ങുകയാണ് അക്ഷയ് കുമാറിന്റെ പക്ഷി രാജൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ 2.0 യിലെ ഏറ്റവും നീതി പുലർത്തിയ കഥാപാത്ര സൃഷ്ടി എന്ന് പറയാവുന്നത് പക്ഷിരാജൻ തന്നെയാണ്. പക്ഷി രാജന്റെ ഫ്ലാഷ് ബാക്ക് കഥ അത്ര മാത്രം മനസ്സിൽ തൊടുന്നതു കൊണ്ടാകാം നെഗറ്റിവ് വേഷമായിട്ട് പോലും പക്ഷിരാജനോട് സഹതാപം തോന്നിപ്പോകും. ആമി ജാക്സന്റെ റോബോട്ട് കഥാപാത്രത്തിനു ഒരുപാടൊന്നും ചെയ്യാനില്ലായിരുന്നെങ്കിലും റോബോട്ട് ഏതാണ് ആമി ജാക്സൺ ഏതാണ് എന്ന് മനസ്സിലാകാത്ത വിധം എന്നത്തേയും പോലെ 'ഭാവ വ്യത്യാസങ്ങളി'ല്ലാതെ അവർ അഭിനയിച്ചിട്ടുണ്ട്. ചെറുതെങ്കിലും കലാഭവൻ ഷാജോൺ തനിക്ക് കിട്ടിയ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ഒരു പക്ഷേ കലാഭവൻ മണിയോ കൊച്ചിൻ ഹനീഫയോ ജീവിച്ചിരുന്നിരുന്നെങ്കിൽ അവരിലാരെങ്കിലും   ചെയ്യുമായിരുന്ന  ഒരു കഥാപാത്രമായിരുന്നിരിക്കാം അത്. 

മൊബൈൽ കമ്പനികളും ടവറുകളും ഫോണുകളും അതിന്റെ ഉപഭോക്താക്കളായ നമ്മളുമടക്കം പ്രതിക്കൂട്ടിലായി പോകുന്ന കാര്യ കാരണങ്ങളാണ് പക്ഷി രാജൻ പറയുന്നത് എന്നതിനാലാകാം പ്രമേയത്തിലെ യുക്തിയെ ചോദ്യം ചെയ്യാൻ പല പ്രേക്ഷകർക്കും താൽപ്പര്യം കൂടിയത്. ഡോക്ടർ വസീഗരന്റെ തന്നെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ പക്ഷിരാജന്റെ ചെയ്തികളെ മാത്രമേ നമ്മൾ എതിർക്കേണ്ടതുള്ളൂ പക്ഷിരാജൻ പറഞ്ഞതും ചോദിച്ചതുമായ കാര്യങ്ങളെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. ആ നിലക്ക് 2.0 യിലെ പക്ഷി രാജന്റെ ആശങ്കകളെയും ചോദ്യങ്ങളെയുമൊക്കെ ഒന്നുകിൽ സിനിമാപരമായി മാത്രം കാണുക അതുമല്ലെങ്കിൽ അത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായി ഉത്തരങ്ങളുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുക. ഈ ലോകം മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല എന്ന സിനിമയുടെ ഓർമ്മപ്പെടുത്തൽ അപ്പോഴും പ്രസക്തമാണ്. 

ആകെ മൊത്തം ടോട്ടൽ = തലച്ചോറ് കൊണ്ട് സിനിമ കണ്ടു ശീലിച്ചവർക്ക് അതുമല്ലെങ്കിൽ യുക്തിയും ശാസ്ത്രീയതയുമൊക്കെ കുറിച്ചെടുത്ത് അളന്ന് കാണുന്നവർക്കൊന്നും പറഞ്ഞിട്ടുള്ള സിനിമയല്ല 2.0. പ്രമേയത്തിന് പിന്തുണ നൽകുന്ന ശക്തമായ തിരക്കഥ ഇല്ലാതെ പോയി എന്നതൊഴിച്ചാൽ ഇന്ത്യൻ സിനിമാ സാങ്കേതിക വിദ്യകളുടെ പരിമിതികൾക്കിടയിലും അഭ്രപാളിയിൽ വിസ്മയം തീർക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. 3D ഇഫക്ട്സിന്റെ മികവ് അക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്. സാങ്കേതികമായി യെന്തിരനെ വെല്ലുമ്പോഴും പിരിമുറുക്കം നൽകുന്ന കഥയോ അവതരണമോ 2.0 ക്കുള്ളതായി അവകാശപ്പെടാനില്ല എന്ന് മാത്രം. എന്തായാലും ചിട്ടിക്ക് ശേഷം ഇനി കുട്ടി - വേർഷൻ 3.0 ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കാം. 

വിധി മാർക്ക് = 7/10 

-pravin-

Saturday, November 10, 2018

തമിഴ് രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്ന 'സർക്കാർ'

ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റേയുമൊക്കെ അനാസ്ഥകൾക്കെതിരെ തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പലപ്പോഴായി കലഹിച്ചിട്ടുള്ള ഒരു സംവിധായകനാണ് മുരുഗദോസ്. 2002 ൽ വിജയ്‌കാന്തിനെ നായകനാക്കി ചെയ്ത 'രമണ' യും 2014 ൽ വിജയിനെ നായകനാക്കി ചെയ്ത 'കത്തി' യുമാണ് അക്കൂട്ടത്തിൽ ശ്രദ്ധേയമെന്നു പറയാവുന്നത്. കഴിഞ്ഞ വർഷം ആറ്റ്ലിയുടെ സംവിധാനത്തിൽ വന്ന 'മെർസ'ലിലെ വിജയുടെ കഥാപാത്രം കറൻസി നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും പരമർശിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്ന പേരിലാണ് വിവാദങ്ങൾ ഉണ്ടാക്കിയതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതുമെങ്കിൽ ഇക്കുറി മുരുഗദോസിനൊപ്പം വിജയ് ചേരുന്നത് ദ്രാവിഡ രാഷ്ട്രീയത്തിലെ ജീർണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥതികളെ അടപടലം വിമർശിക്കാനും ബദൽ രാഷ്ട്രീയ വ്യവസ്ഥകൾ നിർദ്ദേശിക്കാനുമാണ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള സിനിമയായി പോലും 'സർക്കാരി'നെ വിലയിരുത്തുന്നവർ ഭരണ - പ്രതിപക്ഷത്തു തന്നെയുണ്ട് എന്നത് മറ്റൊരു കാര്യം. ഒരു ടിപ്പിക്കൽ വിജയ് സിനിമയായി ഒതുങ്ങുമ്പോഴും പ്രമേയം കൊണ്ടും രാഷ്ട്രീയപരമായ ചൂണ്ടി കാണിക്കലുകൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ ഒരു മക്കൾ പോരാട്ടത്തിന്റെ സാധ്യതകൾ എടുത്തു പറഞ്ഞു കൊണ്ട് ശ്രദ്ധേയമാകുകയാണ് 'സർക്കാർ'. 

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഡെമോക്രാറ്റിയ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കുന്നത്. ഡെമോസ് അഥവാ ജനങ്ങൾ എന്നും ക്രറ്റോസ് അഥവാ ഭരണമെന്നും അർത്ഥം വരുന്ന രണ്ടു പദങ്ങൾ കൂടി ചേർന്നപ്പോഴുണ്ടായ ഡെമോക്രാറ്റിയ ഇംഗ്ലീഷിൽ ഡെമോക്രസിയായും മാറി. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ ആരംഭവും വികാസവും വളർച്ചയുമൊക്കെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ വിവിധ കാലഘട്ടങ്ങളുടെ സ്കെച്ചിലൂടെ അവതരിപ്പിച്ചു കാണാം. പറയാൻ പോകുന്ന വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം വെളിപ്പെടുത്തുമ്പോഴും സ്ഥിരം മാസ്സ് തമിഴ് സിനിമകളിലെ നായക സങ്കൽപ്പങ്ങൾ കൊണ്ടും പരിചയപ്പെടുത്തലുകൾ കൊണ്ടും സിനിമ ആദ്യമേ വിരസതയിലേക്ക് നീങ്ങുന്നു. സുന്ദർ രാമസ്വാമി ഒരു കോർപ്പറേറ്റ് മോൺസ്റ്ററാണ്, ഒരു സംഭവമാണ്, മഹാ പ്രതിഭാസമാണ് എന്നൊക്കെയുള്ള ഹൈപ്പുകൾ കൊണ്ട് പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ ഓവർ ആക്ടിങ് കൊണ്ടും സഹിക്കാൻ പറ്റാത്ത വിധമുള്ള സംസാര ചേഷ്ടകൾ കൊണ്ടുമൊക്കെ കാണുന്നവന് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറ്റുന്നു വിജയ്. തന്റെ വോട്ടവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്നും തമിഴ് നാട്ടിലെത്തുന്ന കോർപ്പറേറ്റ് മോൺസ്റ്ററിന്റെ പേരിൽ മറ്റാരോ അതിനു മുന്നേ കള്ള വോട്ട് ചെയ്തു പോയിരിക്കുന്നു എന്ന സാഹചര്യത്തിൽ നിന്നാണ്  കഥ ഒന്ന് മാറി മറയുന്നത്. കള്ള വോട്ടിന്റെ രാഷ്ട്രീയ അണിയറകളിലേക്കുള്ള നായകൻറെ അന്വേഷണവും തന്റെ നഷ്ടപ്പെട്ട ഒരു വോട്ടിനു വേണ്ടിയുള്ള നായകൻറെ നിയമ പോരാട്ടവുമൊക്കെയാണ് സിനിമക്ക് പിന്നീട് ഒരു ദിശാബോധം നൽകുന്നത് എന്ന് പറയാം. 

സെക്ഷൻ 49 P യെ കുറിച്ച് വോട്ടർമാർക്ക് വലിയ തോതിൽ ഒരു ബോധവത്ക്കരണം തന്നെ നൽകാൻ സിനിമക്ക് സാധിക്കുന്നു. ഒരു പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞവർ ഏറ്റവും കൂടുതൽ അന്വേഷിച്ചറിയാൻ ശ്രമിച്ചതും ആ സെക്ഷനെ കുറിച്ച് തന്നെയായിരിക്കും. ഏതെങ്കിലും വിധേന നമ്മുടെ വോട്ട് കള്ള വോട്ടായി പോയിരിക്കുന്നുവെന്നു സംശയിക്കുകയോ അതുമല്ലെങ്കിൽ കള്ളവോട്ട് ചെയ്തത് കാരണം നമുക്ക് വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഇലക്ഷൻ കമ്മീഷനിൽ നമുക്ക് പരാതിപ്പെടാനുള്ള അവകാശം ഉറപ്പാക്കുന്ന സെക്ഷൻ 49 P നിയമമുണ്ടായത് 1961 ലാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് ഭരണം നടത്തുന്നത് എന്നൊക്കെയുള്ള വാഴ്ത്തിപ്പാടലുകൾ ഉണ്ടെങ്കിലും  ജനങ്ങൾക്ക് ഇപ്പറഞ്ഞ ഭരണ കാര്യത്തിൽ എത്രത്തോളം അധികാരമുണ്ട് എന്നത് ചോദ്യം തന്നെയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ ഭരണത്തിലേറുന്നതെങ്കിൽ നമ്മുടെ നാട് എന്നോ സ്വർഗ്ഗഭൂമിയായേനെ. രാഷ്ട്രീയം എന്നത് പാർട്ടികൾക്ക് അധികാരം പങ്കിടാനും സമ്പാദിക്കാനും മാത്രമുള്ള ഒരു ഉപാധിയായി മാറപ്പെട്ടു എന്നതാണ് സത്യം. അഞ്ചു വർഷം ഭരിക്കാൻ ഭരണത്തിലേറ്റി വിടുന്ന ഒരു സർക്കാരിന് അഞ്ചു വർഷത്തെ അധികാരമുണ്ടെങ്കിൽ വോട്ടു ചെയ്യുന്നവന് വോട്ടെടുപ്പിന്റെ ആ ഒരു ദിവസം മാത്രമേ അവന്റെ കൈയ്യിൽ അധികാരമുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് നായക കഥാപാത്രം. ഒരൊറ്റ വോട്ട് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുക എന്നതോടൊപ്പം കക്ഷി രാഷ്ട്രീയം കൊണ്ട് സ്വന്തം പാർട്ടിയെ വളർത്താനും കീശ വീർപ്പിക്കാനും മാത്രം ശ്രമിക്കുന്ന രാഷ്ട്രീയ ജീർണ്ണതക്ക് ഒരു ബദൽ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കേണ്ട വിധം എങ്ങനെയെന്നും സിനിമ വിശദീകരിക്കുന്നു. 

എതിർ ശബ്ദം ഇല്ലാത്തതാണ് ജനാധിപത്യത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന് ആവർത്തിച്ചു പറയുകയും ഏത് ഭരണകൂടം വന്നാലും എതിർശബ്ദം നിലനിൽക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ മഹിമ ഉയരുന്നത് എന്ന് പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. മുരുഗദോസിന്റെ തിരക്കഥയെക്കാൾ ശ്രദ്ധേയമാകും വിധം പല സീനുകളിലും അർത്ഥവത്തായ രാഷ്ട്രീയ സംഭാഷണങ്ങൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടുമൊക്കെ തമിഴ് കക്ഷി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് ജയമോഹൻ ചെയ്യുന്നത്. വോട്ടിന്റെ ശക്തിയും മൂല്യവും ഒരു ജനതക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതോടൊപ്പം നാടിനും പൊതുജനത്തിനും വേണ്ടി മക്കൾ രാഷ്ട്രീയത്തെയും പോരാട്ടത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകാനും സിനിമക്ക് സാധിക്കുന്നുണ്ട് എന്നതിനാൽ സിനിമയിൽ വലിയ തോതിൽ തന്നെ മുഴച്ചു നിൽക്കുന്ന ക്ളീഷേകളെയും നായകന്റെ വൺ മാൻ ഷോയേയും മനഃപൂർവ്വം സഹിച്ചു മറക്കാൻ നിർബന്ധിതരാകുന്നു പ്രേക്ഷകർ. 

വിജയുടെ ഓവർ ആക്റ്റിംഗും വൺ മാൻ ഷോയും മുൻകാല സിനിമകളിലെ പോലെ തന്നെയുള്ള ക്ളീഷേ സീനുകളുമൊക്കെയാണ്  പ്രമേയം കൊണ്ട് പ്രസക്തമായ 'സർക്കാരി'നെ പിന്നോട്ടു വലിക്കുന്നത്. നായികാ പദവി മാത്രമുള്ള കഥാപാത്രം കൊണ്ട് കീർത്തി സുരേഷ് ഒതുങ്ങി പോയപ്പോൾ മുഴുനീള സിനിമയിൽ നെഗറ്റിവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പല. കറുപ്പയ്യയും, രാധാ രവിയും, വര ലക്ഷ്മിയുമൊക്കെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചു. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു അനുയോജ്യമായ BGM സൃഷ്ടിക്കാൻ AR റഹ്മാന് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് വര ലക്ഷ്മിയുടെ നെഗറ്റിവ് കഥാപത്രത്തിനു എല്ലാ തന്ത്രി വാദ്യങ്ങളുടെയും മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീണയുടെ സ്വരം കൊണ്ട് ഒരുക്കിയ ബിജിഎം ആണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും ഓർത്തെടുത്തു പറയാൻ മാത്രമുള്ള  പാട്ടുകൾ  സമ്മാനിക്കാൻ റഹ്‌മാന്‌ സാധിച്ചില്ല എന്നത് നിരാശയേകി. റഹ്‌മാൻ  പാടിയ 'ഒരു വിരൽ പുരട്ചി..'  മുൻകാല റഹ്‌മാൻ പാട്ടുകളിൽ പലതിനെയും ഓർമ്മിപ്പിച്ചുവെങ്കിലും  വിവേകിന്റെ അർത്ഥഗംഭീരമായ  വരികൾ ആ പാട്ടിനെ  ശ്രദ്ധേയമാക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ടിപ്പിക്കൽ വിജയ് സിനിമകകളുടെ കഥാ ഘടകങ്ങൾ ഒത്തു ചേരുമ്പോഴും തമിഴ് രഷ്ട്രീയത്തെ പശ്ചാത്തലമാക്കിയുള്ള  കഥ പറച്ചിലും രാഷ്ട്രീയ വിമർശനങ്ങളും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായി തന്നെ മാറുന്നു 'സർക്കാർ'. 'മെർസലി'ൽ കേന്ദ്ര സർക്കാരിനെതിരെ ചുരുങ്ങിയ  സീനുകളിൽ മാത്രമാണ്   രാഷ്ട്രീയ വിമർശനങ്ങൾ  ഉണ്ടായിട്ടുള്ളതെങ്കിൽ  'സർക്കാരി'ൽ അത് നിലവിലെ തമിഴ് രാഷ്ട്രീയത്തെ മൊത്തത്തിൽ  വിമർശിക്കും  വിധം തുടക്കം മുതൽ ഒടുക്കം വരേക്കുമുണ്ട് എന്നതാണ്  വ്യത്യസ്തത. 

*വിധി മാർക്ക് = 6/10 

-pravin-

Friday, November 2, 2018

Badhaai Ho- ചിരിയിൽ അൽപ്പം കാര്യം

ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994 ൽ റിലീസായ 'പവിത്രം' സിനിമയിലെ ഈശ്വര പിള്ള - ദേവകിയമ്മ ദമ്പതികളെ ഓർത്തു പോകുകയാണ്. വിവാഹം കഴിഞ്ഞതും കഴിക്കാനിരിക്കുന്നതുമായ മുതിർന്ന രണ്ടു മക്കളുടെ അച്ഛനമ്മമാരായിരുന്നു അവർ. അതേ അച്ഛനമ്മമാർ വയസ്സാം കാലത്ത് വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആകാൻ പോകുകയാണ് എന്ന വാർത്ത കുടുംബത്തിലും സമൂഹത്തിലും എങ്ങിനെ സ്വീകരിക്കപ്പെടുന്നു എന്നത് കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട് സിനിമയിൽ. അമ്മയുടെ ഗർഭ വാർത്ത ആദ്യം ജാള്യതയോടെയും പിന്നീട് സന്തോഷത്തോടെയും സ്വീകരിക്കുന്ന മക്കളും, വിവാഹം കഴിഞ്ഞിട്ടും കുട്ടികളാകാത്ത മൂത്ത മകൻ രാമകൃഷ്‌ണന്റെയും ഭാര്യയുടെയും മുഖത്തേക്ക് എങ്ങിനെ ഇനി നോക്കും എന്ന് വേവലാതിപ്പെടുന്ന ദേവകിയമ്മയും, മക്കളുടെ മുഖത്തു നോക്കാതെ സംസാരിക്കേണ്ടി വരുന്ന ഈശ്വര പിള്ളയും, അമ്മയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുന്ന രാമകൃഷ്ണന്റെ ഭാര്യയുമടക്കം ഒട്ടനവധി കഥാപാത്രങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് ടിപി രാജീവ് കുമാർ പറയാൻ ശ്രമിച്ച അതേ വിഷയത്തിന്റെ  ഒരു മുഴുനീള  സിനിമാ അവതരണമാണ് അമിത് രവീന്ദ്രനാഥ്‌ ശർമ്മയുടെ Badhaai Ho എന്ന് വേണമെങ്കിൽ പറയാം.

സരസവും ഹൃദ്യവുമായ അവതരണം കൊണ്ടാണ് Badhaai Ho പ്രേക്ഷക മനസ്സിലേക്ക് ചേക്കേറുന്നത്. കഥാപാത്രങ്ങളെ സംബന്ധിച്ച് അവർക്ക് സങ്കീർണ്ണമായി അനുഭവപ്പെടുന്ന സിനിമയിലെ സാഹചര്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ച് കോമഡി സീനുകളായി മാറുന്ന വിധമാണ് അവതരണം. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ചുറ്റുപാടും പെരുമാറ്റ ശൈലിയുമൊക്കെ വളരെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടാണ് സിനിമ കടന്നു പോകുന്നത്. അച്ഛനും അമ്മയും പുതിയൊരു കുഞ്ഞിന്റെ കൂടി അച്ഛനമ്മമാരാകാൻ പോകുകയാണ് എന്നറിയുമ്പോഴുള്ള മക്കളുടെ റിയാക്ഷനും, ഇതേ വാർത്ത മക്കളോട് പറയാൻ ശ്രമിക്കുന്ന അച്ഛനമ്മമാരുടെ മാനസികാവസ്ഥയുമൊക്കെ സിനിമയിൽ ചിരി പടർത്തുന്ന രംഗങ്ങളാണ്. ഓരോ കഥാപാത്രങ്ങളും അവരവരുടെ സാഹചര്യത്തിനും മാനസികാവസ്ഥക്കും അനുസരിച്ചുള്ള ചിന്തകളും നിലപാടുകളുമാണ് പറയുന്നത് എന്നത് കൊണ്ട് തന്നെ സിനിമ ആരെയും പ്രതിക്കൂട്ടിൽ നിർത്താതെ തന്നെ കാര്യങ്ങളെ അവതരിപ്പിക്കുകയാണ്. സാന്ദർഭിക ഹാസ്യത്തിന്റെ എല്ലാ വിധ സാധ്യതകളും മുതലെടുത്തു കൊണ്ടുള്ള അവതരണ ശൈലിക്കൊപ്പം തന്നെ പറയാനുള്ള  കാര്യങ്ങളെ സമൂഹത്തോട് തുറന്നു പറയാനും സിനിമ മടിക്കുന്നില്ല. 

പുറമേക്ക് എത്ര തന്നെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ പൊതുബോധങ്ങളെയും വിമർശനങ്ങളെയും പേടിക്കുന്നവരാണ് മിക്കവരും. മധ്യവയസ്‌ക്കരുടെ പ്രണയവും ലൈംഗികതയുമൊക്കെ അപ്രകാരമുള്ള പൊതുബോധങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇന്ത്യയിലുള്ളത്. നാൽപ്പത് വയസ്സ് കഴിഞ്ഞാൽ മക്കൾക്ക് വേണ്ടി ത്യജിക്കേണ്ടതാണോ ഭാര്യാഭർത്താക്കന്മാരുടെ പ്രണയവും ലൈംഗികതയും എന്ന് നകുലിനോട് കാമുകിയായ റെനി ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്. സ്വന്തം അച്ഛനും അമ്മയും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധങ്ങളെ  ഉൾക്കൊളളാൻ സാധിക്കാതെ പോകുന്ന മക്കളെക്കാളുപരി സമൂഹം എന്ത് ചിന്തിക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന കുടുംബക്കാരാണ് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ ശക്തരായ കാവലാളുകൾ. പ്രണയത്തിനും വികാരങ്ങൾക്കും പ്രായവുമായി ഒരു ബന്ധവുമില്ല എന്നും ഭാര്യാ ഭർതൃ ബന്ധത്തിൽ അത് നിലനിർത്തുന്നത് പാപമായി കാണുന്നതാണ് ടിപ്പിക്കൽ ഇന്ത്യക്കാന്റെ രീതി എന്ന് സൂചിപ്പിക്കുന്ന സിനിമ പ്രണയത്തെയും കാമത്തെയും ലൈംഗികതയെയും കുറിച്ചുമൊക്കെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട അതേ നാട്ടിൽ എങ്ങിനെയായിരിക്കും ഇത്തരം പൊതുബോധങ്ങൾ ഉടലെടുത്തത് എന്ന് സംശയപൂർവ്വം ചിന്തിപ്പിക്കുന്നുമുണ്ട്. 

ഒരു വലിയ കഥ പറയാനില്ലാതിരുന്നിട്ടും ഉള്ള കഥയെ രസകരമായ കഥാ സന്ദർഭങ്ങളുടെ പിന്തുണയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും അത് വഴി പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന്  സാധിക്കുന്നു. അമിത് രവീന്ദ്ര നാഥ്‌ ശർമ്മ എന്ന സംവിധായകന്റെ എന്നതോടൊപ്പം ശന്തനു ശ്രീവാസ്തവ-അക്ഷത് ഖിൽദിയാൽ- ജ്യോതി കപൂർ കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിന്റെ  കൂടെ വിജയമാണത്. ഒരു കൊച്ചു സിനിമയെ ഒരു മികച്ച ഫാമിലി എന്റർടൈനർ ആക്കി മാറ്റുന്നതിൽ സിനിമയിലെ കാസ്റ്റിങ്ങിനും പ്രധാന പങ്കുണ്ട്. ആയുഷ്മാൻ ഖുരാന-സാന്യ മൽഹോത്ര യുടെ നായികാ നായക പദവിയെക്കാൾ സിനിമയിൽ ശ്രദ്ധേയമാകുന്നത് സീനിയർ നടീനടന്മാരുടെ പ്രകടന മികവാണ്. ആ അർത്ഥത്തിൽ അച്ഛനമ്മമാരുടെ വേഷം ഗംഭീരമാക്കിയ ഗജ്‌രാജ് റാവോയും നീനാ ഗുപ്തയുമാണ് ഈ സിനിമയിലെ നായികാ നായകന്മാര്‍.  തുടക്കം മുതൽ ഒടുക്കം വരേയ്ക്കും സിനിമയിൽ നിറഞ്ഞാടിയ അവര്‍ പ്രത്യേക അഭിന്ദനങ്ങൾ അർഹിക്കുന്നു. മുത്തശ്ശിയായി അഭിനയിച്ച സുരേഖ സിക്രിയുടെ പ്രകടനത്തെ കൂടി കൂട്ടത്തിൽ പരാമർശിച്ചില്ലെങ്കിൽ അതൊരു നീതികേടാകും. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഈ സിനിമ തീർത്തും സീനിയേഴ്സ് നടീനടന്മാരുടെ പ്രകടനത്തിനാണ് കൂടുതൽ സ്‌പേസ് കൊടുത്തിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = സാന്ദർഭിക ഹാസ്യ രംഗങ്ങൾ കൊണ്ട് ചിരിയുണർത്തുകയും വൈകാരിക രംഗങ്ങൾ കൊണ്ട് മനസ്സ് നിറക്കുകയും ചെയ്ത ഒരു മികച്ച ഫാമിലി എന്റർടൈനറാണ് ബധായ് ഹോ. 


വിധി മാർക്ക് = 8.5/10 
-pravin-