Saturday, April 27, 2013

സൌണ്ട് തോമ - രൂപവും സൌണ്ടും മാത്രം പുതുമ.


പ്ലാപ്പറമ്പിൽ പൌലോയുടെ (സായ്കുമാർ) മൂന്നാമത്തെ മകനാണ് തോമ (ദിലീപ്).  മുറിച്ചുണ്ടോട് കൂടി ജനിച്ചു വീണ കുഞ്ഞു തോമയെ കണ്ടപ്പോൾ പൌലോയടക്കം എല്ലാവരുടെയും മുഖം  നിരാശാമയമായി.  തോമയെ പ്രസവിച്ചതിനാലാണ്  അവന്റെ അമ്മ മരിക്കുന്നത്  എന്നതിനാൽ തോമയെ അന്ത്യ ക്രിസ്തുവായാണ് അപ്പനായ  പൌലോ കാണാൻ ശ്രമിക്കുന്നത്.  ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ  തോമയുടെ മുറിച്ചുണ്ട് മാറ്റിയെടുക്കാമെന്നു ഡോക്ടർമാർ പറഞ്ഞു നോക്കുന്നുവെങ്കിലും  പിശുക്കനും, അറുത്ത കൈക്ക് ഉപ്പു തേക്കാത്തവാനുമായ പൌലോ അതിനു തയ്യാറല്ലായിരുന്നു. ആ ഒരു കാരണത്താൽ ഒരു പക്ഷെ ഭാവിയിൽ അവന്റെ ശബ്ദം വരെ വികലമായി പോയേക്കാം എന്ന സൂചന കൊടുത്തിട്ട് പോലും പൌലോ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അതാണ്‌ പൌലോയുടെ സ്വഭാവം. പണത്തിനെക്കാൾ കൂടുതലായി ഒന്നിനെയും ഒരു ബന്ധത്തിനെയും അയാൾ വില കൽപ്പിക്കില്ല. അതിന്റെ ആദ്യത്തെ ഇരയാണ് മുസ്ലീം പെണ്ണിനെ കല്യാണം കഴിച്ചു മതം മാറേണ്ടി വന്ന പൗലൊയുടെ മൂത്ത മകനായ മത്തായി അഥവാ ഇന്നത്തെ മുസ്തഫ (മുകേഷ്) . ഉയർന്ന സ്ത്രീധനം വാങ്ങി കൊണ്ട് മക്കളെ  കല്യാണം കഴിപ്പിക്കുക എന്ന പൌലോയുടെ ആഗ്രഹത്തിനു വിപരീതമായി  പ്രവർത്തിച്ചതു കൊണ്ടാണ്  മത്തായിക്ക്  പ്ലാപ്പറമ്പിൽ വീടിന്റെ പടിക്ക് പുറത്ത് പോകേണ്ടി വന്നത് പോലും . അപ്പന്റെ ഈ വക സ്വഭാവമെല്ലാം  അറിഞ്ഞിട്ടും ഇളയ മകനായ തോമ സ്ഥലത്തെ ഭാഗവതരുടെ (വിജയ രാഘവൻ) മകൾ ശ്രീലക്ഷ്മിയെ (നമിത പ്രമോദ് ) അഗാധമായി പ്രേമിക്കുന്നു. അവന്റെ പ്രേമം അവൾ തിരിച്ചറിയുമോ, പിശുക്കനായ പൌലോക്ക് മാനസാന്തരം സംഭവിക്കുമോ, ബന്ധങ്ങളുടെ വില അയാൾക്ക്‌ ബോധ്യപ്പെടുമോ, എന്നീ ചോദ്യങ്ങളാണ് സിനിമ പിന്നീട് ബാക്കി വക്കുന്നത്. ഇതിനിടയിലേക്ക് ഒരു വില്ലനെയും കൂടി കയറ്റി വിടുമ്പോൾ കഥ ഏകദേശം മസാല പരവുമായി തീരുന്നു. 

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ് എന്നീ സിനിമകൾക്ക്‌ ശേഷം ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് സൌണ്ട് തോമ. ബെന്നി പി നായരമ്പലമാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തോമ എന്ന കഥാപാത്ര സൃഷ്ടി നടത്തി എന്നതിലുപരി ബെന്നി പി നായരമ്പലത്തിന് പ്രത്യേകിച്ചൊരു പുതുമയോ വ്യത്യസ്തതയോ   കഥയിലും തിരക്കഥയിലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല . പണ്ട് കണ്ടു മറന്ന കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . വിരൂപനായ നായകന് നായികയോട് തോന്നുന്ന ഇഷ്ടവും, നായികക്ക് നായകനോട് ആദ്യം തോന്നുന്ന വെറുപ്പും , പിന്നീടുള്ള ഇഷ്ടവും , വില്ലന്റെ കടന്നു വരവും എല്ലാം തന്നെ പുതിയ കുപ്പിയിലെ  പഴയ വീഞ്ഞിനെ ഓർമിപ്പിക്കുന്ന ചുരുക്കം ചില ഘടകങ്ങൾ ആണ്. 

വൈശാഖിനെ സംബന്ധിച്ച് തന്റെ ആദ്യ സിനിമയിലൂടെ  അയാളുണ്ടാക്കിയ ഇമേജിനു വലിയ കോട്ടം ഇപ്പോഴും സംഭവിക്കുന്നില്ല. ഇമേജിൽ കാര്യമായൊരു ഉയർച്ചയോ താഴ്ച്ചയോ ഇല്ലാതെ നിലനിർത്തുക മാത്രമാണ് വൈശാഖ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ ഒരു നവ സംവിധായകൻ എന്ന നിലയിൽ വൈശാഖിന്റെ ഈ നിലപാട് അയാളുടെ ഭാവിയിലേക്ക് ദോഷമേ ചെയ്യൂ എന്നതും  മറ്റൊരു വസ്തുതയാണ്.


വികലാംഗ കഥാപാത്രങ്ങളെ നായകനാക്കി ഒരു കാലത്ത് തുടരെ സിനിമകൾ  ചെയ്ത ആളായിരുന്നു സംവിധായകൻ വിനയൻ. ഇവിടെ ദിലീപും ഒരു തരത്തിൽ ആ പാതയാണ് പിന്തുടരുന്നത്. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് തുടങ്ങീ സിനിമകളിലെ ദിലീപിന്റെ അത്തരം കഥാപാത്രങ്ങൾ  ഏറെ പ്രശംസയും ജന ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം എന്ത് കൊണ്ടോ, അത്തരം വേഷങ്ങൾക്കായി തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ ഭാഗം  എഴുതി കൊടുത്ത പോലെയാണ് ദിലീപ് അഭ്രപാളിയിൽ പച്ചകുതിരയായും, മായാ മോഹിനിയായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. അത്തരം കഥാപാത്രങ്ങളെ വേഷം കൊണ്ടും പ്രകടനം കൊണ്ടും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള കഴിവ് അഭിനന്ദനീയം തന്നെയാണ്. സൌണ്ട് തോമയിലും ആ പ്രകടന നിലവാരം ദിലീപ് തന്മയത്വത്തോടെ നിലനിർത്തിയിട്ടുണ്ട്. ദിലീപിന്റെ പഴയ കാലത്തെ മിമിക്രിയുടെ സ്വാധീനം ഇത്തരം കഥാപാത്രങ്ങളിൽ പലയിടത്തും പ്രകടമാണെങ്കിലും   മലയാള സിനിമയിൽ സ്വന്തം ശരീരത്തെയും രൂപത്തെയും ശബ്ദത്തെയും പരീക്ഷണാടിസ്ഥാനത്തിൽ ഇത്ര മേൽ ഉപയോഗിച്ച മറ്റൊരു നടൻ വേറെയുണ്ടാകില്ല. സംഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും സൌണ്ട് തോമയിൽ  ശബ്ദത്തിനും രൂപത്തിലുമുപരി കാര്യമായൊരു പ്രകടനം ദിലീപ് കാഴ്ച വച്ചിട്ടില്ല. അതെ സമയം പൌലോ ആയി വന്ന സായ് കുമാർ ചോട്ടാ  മുംബൈക്ക് ശേഷം സമാനമായ നല്ലൊരു വേഷം ചെയ്തെന്നു പറയാം. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ ഒരു മാറ്റം വരുത്തിയേക്കാവുന്ന ഒരു കഥാപാത്രമായിരുന്നു ഈ സിനിമയിലെത് എന്നാലും ആ വേഷം വേണ്ട പോലെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല . 

ഗോപീ സുന്ദറിന്റെ സംഗീതം സിനിമയിലെ കഥാ സന്ദർഭത്തിന് യോജിച്ചു നിന്നു എന്നൊഴിച്ചാൽ അവിടെയും കാര്യമായൊരു ചലനം സൃഷ്ടിക്കാൻ സിനിമക്ക് സാധിച്ചിട്ടില്ല. അതെ സമയം ഗാന രംഗങ്ങളിലെ ച്ഛായാഗ്രഹണവും, കലാ സംവിധാനവും, choreography  യും മികച്ചു നിന്നു.  നമിത പ്രമോദിന്റെ  അഭിനയത്തേക്കാൾ മികച്ചതായി തോന്നിയത് സിനിമയിൽ നമിതയ്ക്ക് കിട്ടിയ ഡാൻസാണ്.  ഈ സിനിമയിൽ നമിത പ്രമോദ് identify ചെയ്യുന്നത് പോലും ആ ഡാൻസ് കൊണ്ട് മാത്രമാണ് എന്ന് പറയുന്നതായിരിക്കും ഏറെ ഉചിതം. 

ആകെ മൊത്തം ടോട്ടൽ = പ്രത്യേകിച്ച് പുതുമയോ ട്വിസ്ട്ടോ ഇല്ലാത്ത ഒരു സിനിമ. ദിലീപിന്റെ   മുറിച്ചുണ്ടും  ശബ്ദവും  പുതുമയായി അവതരിപ്പിക്കാൻ ശ്രമിച്ച അവതരിപ്പിച്ച ഒരു ആവറേജ്  സിനിമ. 

* വിധി മാർക്ക്‌ = 5/10 

-pravin- 

Sunday, April 14, 2013

ആമേൻ - പുതുമക്ക് സ്തുതി


നായകൻ, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾക്ക്‌ ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ആമേൻ. ലിജോ ജോസിന്റെ തന്നെയാണ് ആമെന്റെ കഥ. 'നായക'ന് ശേഷം ഇത് രണ്ടാം തവണയാണ് പി. എസ് റഫീക്ക് മറ്റൊരു ലിജോ ജോസ് സിനിമയ്ക്കു കൂടി തിരക്കഥ- സംഭാഷണം ഒരുക്കുന്നത്. 1970 ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ചിലതെല്ലാം നമ്മൾ കണ്ടു മറന്നിട്ടുണ്ട്. അതിൽ  നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ലിജോവിന്റെ ആമേൻ. 

കുമരംഗരി എന്ന ഗ്രാമവും, അവിടത്തെ ക്രിസ്ത്യൻ ദേവാലയവും, ദേവാലയം വകയുള്ള ബാൻഡ് സംഘവും,  ആണ് സിനിമയിലെ പ്രധാന ആകർഷണം. കുമരംഗരി ഗ്രാമത്തിനു പുറം നാട്ടുകാരോട് പറയാൻ ഒരു വലിയ സംഗീത ചരിത്രമുണ്ട്. എസ്താപ്പനും (രാജേഷ്‌ ഹബ്ബർ), ലൂയി പാപ്പനും (കലാഭവൻ മണി, അടങ്ങുന്ന ബാൻഡ് സംഘമായിരുന്നു ഒരു കാലത്തെ കുമരംഗരിയുടെ പ്രധാന സംഗീത വിസ്മയം. എസ്തപ്പാന്റെ  മരണ ശേഷമാണ് ബാൻഡ് സംഘത്തിനു  പ്രധാനമായും തകർച്ച നേരിടേണ്ടി  വരുന്നത്.  തുടരെ തുടരെ എല്ലാ മത്സരങ്ങളിലും തോറ്റു തുന്നം പാടുന്നതിലൂടെ  ബാൻഡ് സംഘം പള്ളിക്ക് ഒരു ബാധ്യതയായി വരുന്നു. എസ്താപ്പന്റെ മകനായ സോളമൻ (ഫഹദ്) ക്ലാർനെറ്റ് വായിക്കാനും പള്ളി വക ബാൻഡ് സംഘത്തിൽ ചേരാനും  താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫാദർ അബ്രഹാം ഒറ്റപ്ലാക്കൽ (ജോയ്  മാത്യു) അവനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പള്ളി വകയുള്ള  ബാൻഡ് സംഘം  എന്നന്നേക്കുമായി പിരിച്ചു വിടാൻ ഫാദർ അബ്രഹാം ശ്രമിക്കുന്ന സമയത്താണ് പള്ളിയിലേക്ക് പുതിയതായി നിയമിച്ച ഫാദർ വിൻസെന്റ് വട്ടോളി (ഇന്ദ്രജിത്ത് ) സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്നങ്ങോട്ടുള്ള സംഭവ വികാസങ്ങളാണ് സിനിമയെ ജീവസ്സുറ്റതാക്കുന്നത്. 

അവതരണമികവും, കഥാ പശ്ചാത്തലത്തിന്റെ പുതുമയും, ഫഹദിന്റെയും സ്വാതിയുടെയും വേറിട്ട പ്രകടന നിലവാരവും കൊണ്ടും മാത്രമാണ് ആമെനിലെ പ്രണയം വിശുദ്ധമാകുന്നത്. അതല്ലായിരുന്നെങ്കിൽ കഥയിലെ പാവപ്പെട്ട നായകന് സ്ഥലത്തെ പ്രമാണിയുടെ മകളോട് തോന്നുന്ന വെറും ക്ലീഷേ പ്രണയമായി ഇതും വിലയിരുത്തപ്പെട്ടെനെ. ജോയ് മാത്യുവിന്റെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കലും, ഇന്ദ്രജിത്തിന്റെ ഫാദർ വട്ടോളിയും, സുനിൽ സുഖദയുടെ കപ്യാർ വേഷവും, മകരന്ദ് ദേശ്പാണ്ടെയുടെ ഷെവലിയാർ പോത്തച്ചനും പോലെ തന്നെ  ഈ സിനിമയിലഭിനയിച്ച അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ വേഷത്തെ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. നിസ്സഹായനായ കാമുകന്റെ ശരീര ഭാഷ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിൽ ഫഹദ് വിജയിച്ചപ്പോൾ, ശോശന്നയായി വന്ന സ്വാതി തന്റെതായാ  പ്രകടനം കൊണ്ട് പ്രേക്ഷകനെ കൈയ്യിലെടുത്തു. ലൂയി പാപ്പാനായി വരുന്ന കലാഭവൻ മണിയുടെ പ്രകടനത്തിൽ   പലയിടങ്ങളിലും  നടൻ തിലകന്റെ അപ്രത്യക്ഷ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. 

സിനിമയുടെ തുടക്കം തൊട്ടു അവസാനം വരെയുള്ള സോളമന്റെയും ശോശന്നയുടെയും (സ്വാതി) പ്രണയത്തെക്കാൾ കൂടുതൽ പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് പള്ളിയും, പള്ളി വികാരിയും, ഇടവകക്കാരും, ബാൻഡ് സംഘവുമടങ്ങുന്ന  കുമരംഗരി ഗ്രാമം തന്നെയാണ് എന്ന് പറയേണ്ടി വരും. അത്രക്കും ദൃശ്യചാരുതയോടെയാണ് അഭിനന്ദൻ രാമാനുജം 'കുമരംഗരി' എന്ന സ്വപ്നലോകത്തെ തന്റെ ക്യാമറയിലൂടെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ആരെ മറന്നാലും  കുമരംഗരിയെ മറക്കില്ല. ക്ലോസപ്പ് ഷോട്ടുകൾ, സ്ലോ മോഷൻ സീനുകൾ, മറ്റു ക്യാമറാ ഗിമ്മിക്കുകൾ എന്നിവക്കൊന്നും അമിത പ്രസക്തി കൊടുക്കാൻ ലിജോ ആഗ്രഹിക്കുന്നില്ല . അതിനു പകരമായി ക്രൈൻ ഷോട്ടും ഏരിയൽ ഷോട്ടുമൊക്കെയാണ് പുള്ളി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ചില സീനുകളിൽ, പ്രത്യേകിച്ച് തോണിയിൽ സഞ്ചരിക്കുന്നതും, അതിനിടയിലെ സംഭാഷണ സീനുകകളിലെല്ലാം ഉപയോഗിച്ചിരുന്ന ഷോട്ടുകൾ  ഒരു തരം തലവേദനയുണ്ടാക്കുന്ന ദൃശ്യാവിഷ്ക്കാരമായും മാറിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ. 

പ്രശാന്ത് പിള്ളയുടെ സംഗീതമാണ് സിനിമയിലെ മറ്റൊരു വിജയ തരംഗം. സിനിമയിലെ ഗാനങ്ങൾ എന്നത് നായകനും നായികക്കും പ്രണയവും വിരഹവും തോന്നുമ്പോൾ മാത്രം പാടാനുള്ളതല്ല, മറിച്ച് ആവശ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകനുമായി സംവദിക്കാനും കഥാപാത്രങ്ങൾക്കിടയിലെ ആശയ വിനിമയത്തിനും കൂടി ഉപയോഗിക്കാമെന്ന് ലിജോ ജോസ് ഈ സിനിമയിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. ക്രിസ്ത്യൻ ഭക്തി ചുവയുള്ള  ഗാനങ്ങൾ എന്നതിലുപരി അതെ പശ്ചാത്തലത്തിൽ ആവേശം തുളുമ്പുന്ന മാത്സരികമായ ഊർജ്ജമാണ് ഈ സിനിമയിലെ സംഗീതം നമുക്ക് നൽകുന്നത്. കാവാലം നാരായണ പണിക്കരുടെ വരികളോട് കൂടെ പ്രശാന്തിന്റെ സംഗീതം കൂടിചേർന്നപ്പോൾ സിനിമാ ചരിത്രത്തിലെ ഇന്ന് വരെയുള്ള സംഗീത ശൈലികളുടെ പൊളിച്ചെഴുത്താണ് സംഭവിച്ചത് എന്ന് പറയുന്നതായിരിക്കും ഉചിതം. 

അതെ സമയം മേൽപ്പറഞ്ഞ യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെ തികഞ്ഞ നിശബ്ദതയിലാണ് സിനിമയിൽ  പി എസ് റഫീക്ക് എഴുതിയ ' സോളമനും ശോശന്നയും ..' എന്ന് തുടങ്ങുന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത്. സോളമന്റെയും ശോശന്നയുടെയും വിശുദ്ധപ്രണയത്തിന്റെ സംഗീതാവിഷ്ക്കാരം കൂടിയാണ് ഈ ഗാനം.   ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 'പമ്പര പ പ്പ പ്പാ .. ' എന്ന കള്ള് ഷാപ്പ് ഗാനം ഗാനം സിനിമയിലെ മറ്റൊരു ആകർഷണീയതയാണ്. ഒറ്റ ഷോട്ടിൽ എടുത്തു എന്നതിലുപരി ആ ഗാനത്തിന്റെ  സീൻ coordination, ടീം സ്പിരിറ്റുമാണ് ഏറെ അഭിനന്ദനീയം. ഫാദർ വട്ടോളിയുടെ രംഗ പ്രവേശന ശേഷം ആ കഥാപാത്രത്തെ ഒന്ന് കൂടി ഹൈലൈറ്റ് ചെയ്യാനെന്ന വണ്ണം പ്രമുഖ ഗായകനായ ലക്കി അലിയെ കൊണ്ട്   "വട്ടോളി ..വട്ടോളി " എന്ന് തുടങ്ങുന്ന ഒരു ആഷ് -ബുഷ്‌ ഗാനം കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സാഹസം എന്തിനായിരുന്നു എന്നത് അജ്ഞാതം.

ഈ അടുത്ത കാലത്ത് വന്ന ഏതു സിനിമകൾ എടുത്തു നോക്കിയാലും അതിലെല്ലാം കാണാവുന്ന വളിപ്പും അശ്ലീലവും കലർന്ന തമാശകൾ ഈ സിനിമയിലും ചേർക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അങ്ങിനെയൊക്കെയുള്ള  സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ കൂടി തിരക്കഥാകൃത്തും സംവിധായകനും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. അതോ, ഇത്തരം അധോവായു തമാശകൾ പ്രേക്ഷനെ രസിപ്പിക്കും എന്ന മുൻവിധി ലിജോവിനു ഉണ്ടായിരുന്നോ എന്തോ.  1970 കാലത്തിലാണ് കഥ നടക്കുന്നതെന്ന് നേരത്തെ പറയുന്നുണ്ടെങ്കിലും ക്ലൈമാക്സ് സീനുകളിൽ പ്രമുഖ ബാൻഡ് സംഘങ്ങളുടെ പേരിൽ മത്സര വേദിയോട് ചേർന്ന് ഫ്ലക്സ് ബോർഡ് പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. ഇങ്ങിനെയുള്ള ചുരുക്കം ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ ആമേൻ മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത് പുതുമയുടെയും അവതരണ മികവിന്റെയും ദൃശ്യമനോഹാരിത മാത്രമാണ്. 

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ വന്നു പോകുന്നുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു തെങ്ങിൻ മുകളിലെ കള്ള് ചെത്തുകാരൻ കാഴ്ച വച്ചത്. കുറഞ്ഞ സീനുകളിൽ മാത്രമേ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിൽ കൂടി പ്രേക്ഷന്റെ മനസ്സിലേക്ക്  ഒരേ സമയം ചിരിയുടെയും ചിന്തയുടെയും  വെളിച്ചം  വാരി വിതറുന്ന മിടുക്കനും കൂടിയാണ് ഈ കള്ള് ചെത്തുകാരൻ. തെങ്ങിൻ മുകളിലിരുന്നു സദാ ഗ്രാമത്തെ നിരീക്ഷിക്കുകയും ഓരോരുത്തരുടെയും പ്രവർത്തികളെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിലയിരുത്തുകയും ചെയ്യുന്ന കള്ള് ചെത്തുകാരന് സംവിധായകൻ സിനിമയിൽ ഒരു ദൈവീക പരിവേഷം നൽകിയിരുന്നൊ എന്ന സംശയം  സിനിമ കഴിയുമ്പോൾ ചുരുക്കം പ്രേക്ഷകർക്കെങ്കിലും തോന്നിയേക്കാം. അങ്ങിനെ ചിന്തിക്കുമ്പോൾ  കുമരംഗരി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ അർത്ഥ വ്യാപ്തി മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുന്ന പ്രേക്ഷകർക്ക് മുന്നിലാണ് പുണ്യാളൻ സത്യത്തിൽ വെളിപ്പെടുന്നതും സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു നീണ്ട നിര സൃഷ്ടിക്കുന്നതും. 

ആകെ മൊത്തം ടോട്ടൽ =  മികച്ച ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറഞ്ഞ  സിനിമ. മലയാളിക്ക് പരിചയമില്ലാത്ത, പുതുമയുള്ള വഴികളിൽ കൂടി പ്രേക്ഷകന്റെ കൈ പിടിച്ചു നടത്തി ഒരു സാങ്കൽപ്പിക ലോകത്തിന്റെ അനുഭൂതി തന്നു കൊണ്ട് കഥ പറയുന്ന ഒരു നല്ല സിനിമ. ആകെ മൊത്തം ഒരു പുണ്യാളൻ എഫെക്റ്റ് ഉള്ള ഒരു മാജിക്കൽ സിനിമ. അതാണ്‌ ചുരുക്കത്തിൽ ആമേൻ. 

* വിധി മാർക്ക്‌ = 7.7/10 

- pravin- 

Wednesday, April 3, 2013

'സെല്ലൂലോയ്ഡ്' ചരിത്രം


ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ 'നഷ്ട നായിക' എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് "സെല്ലുലോയ്ഡ്".  2012-ലെ മികച്ച ചിത്രത്തിനടക്കമുള്ള ഏഴോളം  കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സെല്ലുലോയിഡിനെ  വെറും ഒരു സിനിമ മാത്രമായി പ്രേക്ഷകന് കാണാൻ സാധിക്കില്ല. അതൊരു വേദനിപ്പിക്കുന്ന ചരിത്രം കൂടിയാണ്.  ജാതി വ്യവസ്ഥയുടെ കരാള ഹസ്തങ്ങളാൽ കൊല ചെയ്യപ്പെട്ട, തന്മൂലം  ലോകം അറിയാതെ പോയ മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം വിഗതകുമാരനാണ് ഇന്നും നമ്മളെ  വേദനിപ്പിക്കുന്ന ആ ചരിത്രം .

സിനിമ തുടങ്ങുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഒരു കൊച്ചു കുട്ടി ഏതോ സിനിമയുടെ ഫിലിമെല്ലാം വാരി വലിച്ചു പുറത്തിടുകയാണ്. വലിച്ചു വാരിയിട്ട ഫിലിമിൽ അവൻ നിഷ്ക്കളങ്കമായി ചാടിക്കളിക്കുന്നു. പിന്നീട് ആ ഫിലിമെല്ലാം തീയിൽ അലിഞ്ഞു ചേരുന്നതായാണ് കാണാൻ സാധിക്കുന്നത്. ഒരൊറ്റ നോട്ടത്തിൽത്തന്നെ എത്ര നിഷ്കളങ്കൻ എന്ന് തോന്നിക്കുന്ന ആ കുട്ടിയാണ് മലയാള സിനിമാ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏക തെളിവിനെ ചുട്ടെരിച്ച വികൃതികുമാരൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജെ. സി. ഡാനിയലിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയൽ ആയിരുന്നു ആ കൊച്ചു കുട്ടി. അവൻ ആ ഫിലിമെല്ലാം ചുട്ടെരിക്കുന്ന സമയത്ത് പിതാവായ ജെ. സി. ഡാനിയൽ അത് നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു. സിനിമയെ ജീവനായിക്കാണുകയും, തിരുവിതാംകൂറിലെ ആദ്യ മലയാള സിനിമ എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്റെ സകല സമ്പാദ്യവും ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ചങ്കൂറ്റം കാണിക്കുകയും ചെയ്ത ആ മനുഷ്യന് അതെങ്ങനെ നോക്കി നിൽക്കാൻ സാധിച്ചു എന്ന സംശയം പ്രേക്ഷകനുണ്ടായേക്കാം. പക്ഷേ, ആ സംശയങ്ങളെല്ലാം നികത്തപ്പെടുന്നത്  ജെ. സി യുടെ ജീവ ചരിത്രത്തിലേക്ക് സിനിമ പ്രേക്ഷകന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിൽ കൂടിയാണ് .

ജെ. സി. ഡാനിയൽ  തന്റെ അവസാന കാലത്ത് സിനിമയെ വെറുത്തിരുന്നു എന്ന് പറയുമ്പോഴും സിനിമയിൽ നമുക്ക് കാണാൻ പറ്റുന്ന ഡാനിയലിന്റെ മുഖത്ത് ആ വെറുപ്പ്‌ നിഴലിച്ചതായി കാണപ്പെടുന്നില്ല. അദ്ദേഹം വെറുത്തിരുന്നത് ഒരിക്കലും സിനിമയെ ആകാൻ തരമില്ല. വർഷങ്ങൾക്കു ശേഷം, അഗസ്ത്യപുരത്തെ ഇരുട്ട് മുറിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ചേലങ്ങാട്ട്  ഗോപാലകൃഷ്ണൻ ഡാനിയലിനെ കാണാൻ വരുന്നതും പഴയ സിനിമ വിശേഷം അന്വേഷിച്ചറിയാൻ ശ്രമിക്കുന്നതും. ആ നേരത്ത് ചേലങ്ങാടിനെ  കാണാൻ വിസമ്മതിക്കുകയും ഒരൽപ്പം നീരസത്തോടെ അയാളോട് സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഡാനിയൽ പ്രകടിപ്പിച്ചത് സിനിമയോടുള്ള വിരോധമോ വെറുപ്പോ അല്ല. മറിച്ച് തിരുവിതാംകൂറിന്റെ ആദ്യ സിനിമയെ തകർത്ത് കളഞ്ഞ ജാതിക്കോമരങ്ങളോടും, രണ്ടാമത് സിനിമയെടുക്കാൻ മദിരാശിയിൽ ചെന്നപ്പോൾ സിനിമയുടെ പേരിൽ തന്റെ സമ്പാദ്യത്തെ ഇല്ലാതാക്കിയവരോടുമുള്ള കടുത്ത അമർഷമായിരുന്നു എന്ന് അനുമാനിക്കുന്നതാകും ഉചിതം.

സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമ വേദിയാണ്. അവിടെ ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത്‌ കല എന്ന ദൈവികതയാണ്.  ആ ദൈവികതക്ക് ജാതി വ്യവസ്ഥയുടെ തൊട്ടു കൂടായ്മകളും ഭ്രഷ്ടും കൽപ്പിക്കാനാണ് വിഗതകുമാരന്റെ ഘാതകരായ ജാതിക്കോമരങ്ങൾ ആഗ്രഹിച്ചത്.  സവർണ കഥാപാത്രത്തെ റോസി എന്ന ദളിത്‌ സ്ത്രീ അഭിനയിച്ചു കാണിച്ചതിനെതിരെ തുടങ്ങിയ കാഹളം പിന്നീട് ആ സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്ന ആഭാസത്തോളം ചെന്നെത്തിയതായി ചരിത്രം പറയുമ്പോൾ  സിനിമയിലെ റോസി സമൂഹത്തെ ഭയന്ന് ഇരുട്ടിലെവിടെയോ ഓടി മറയുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആ സാഹചര്യം അത്തരത്തിൽ ചിത്രീകരിക്കുന്നതിൽക്കൂടി സംവിധായകൻ റോസിയുടെ വേദന പ്രേക്ഷകന്റെ മനസ്സിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. റോസിയുടെ രംഗങ്ങൾ കഴിഞ്ഞ ശേഷവും സിനിമ ഡാനിയലിന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇരുളിലെവിടെയോ ഓടി മറഞ്ഞ റോസി  പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ റോസിക്ക് നേരിടേണ്ടി വരുന്ന പീഡനത്തേക്കാൾ കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ചരിത്രത്തിലെ പി.കെ റോസി നമ്മളോട് പങ്കു വച്ചിട്ടുള്ളത് എന്നതോര്‍ക്കുമ്പോൾ ആ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

റോസി എന്ന കഥാപാത്രത്തെ ഇത്രമേൽ ഉൾക്കൊണ്ടു് അഭിനയിച്ച് ഫലിപ്പിച്ചതിൽ ചാന്ദ്നി എന്ന നടി ഒട്ടേറെ അഭിനന്ദനം അർഹിക്കുന്നു. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഡാനിയലിന്റെ വേഷം അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയായിരുന്നു. അതൊട്ടും മോശമാക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവ് തന്നെയാണ് അയാൾക്ക്‌ ഇത്തവണ ലഭിച്ച മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്.  വേഷഭൂഷാദികൾ കൊണ്ടുള്ള കണ്‍കെട്ട് മാത്രമല്ല സിനിമയിലെ അഭിനയം എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പൃഥ്വിരാജ് സെല്ലുലോയ്ഡ്‌ എന്ന സിനിമയിലൂടെ ചെയ്തത്. തുടക്കം മുതലുള്ള തിരുവിതാംകൂർ ശൈലിയിലുള്ള സംസാരവും പട്ടണം റഷീദിന്റെ മികവാർന്ന മേയ്ക്കപ്പും കൂടിയായപ്പോൾ പൃഥ്വിയിലൂടെ ജെ. സി. ഡാനിയൽ പുനർജ്ജനിക്കുക തന്നെ ചെയ്തെന്നു പറയാം. പട്ടണം റഷീദ് എന്ന ചമയക്കാരന്റെ പേര്  പല സിനിമകളുടെ ഭാഗമായി സ്ക്രീനിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകന് അത്ര കണ്ട് പരിചയം അയാളോട് തോന്നാൻ ഇടയില്ല. പക്ഷേ സെല്ലുലോയ്ഡിലെ വേഷപ്പകർച്ചകൾ ആസ്വദിച്ച പ്രേക്ഷകന് ഇനി മുതൽ പട്ടണം റഷീദ് സുപരിചിതൻ തന്നെയാകും.


129 മിനുട്ടോളം ദൈർഘ്യമുള്ള ഈ സിനിമയിലെ ഓരോ രംഗത്തിനും കാലാനുസൃതമായ ദൃശ്യ ചാരുത സമ്മാനിക്കുന്നതിൽ ഒരു ഛായാഗ്രാഹകന് എന്തെല്ലാം സാധിക്കുമോ അതെല്ലാം വളരെ മികവോടെ തന്നെ അവതരിപ്പിക്കാൻ വേണുവിനു സാധിച്ചു എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ   പ്രേക്ഷകന് സ്ക്രീനിൽ സാധാരണ അനുഭവപ്പെടുമായിരുന്ന  നിറം മങ്ങലോ ക്യമറാ ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയിൽ അനുഭവപ്പെടാത്ത വിധമാണ്  സംവിധായകനും ഛായാഗ്രാഹകനും സിനിമയെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാ സാഹചര്യത്തിന് അനുയോജ്യമായ പ്രകൃതി ദൃശ്യങ്ങളും മറ്റു ഔട്ട്‌ ഡോർ സീനുകളും ദൃശ്യചാരുതയോടെ അനുഭവവേദ്യമാക്കുന്നതിൽ സിനിമക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.  1928 കാലഘട്ടമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് 1966 കാലഘട്ടത്തിൽ നിന്നുമാണ്.  ഇവിടെല്ലാം ഒരു കലാ സംവിധായകന്റെ ചുമതല കണ്ടറിഞ്ഞു ചെയ്യുന്നതിൽ സുരേഷ് കൊല്ലം വിജയിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറയുമ്പോൾ, സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ സംഭവിച്ചിരിക്കുന്നത്  വേണുവിന്റെ ഛായാഗ്രഹണവും സുരേഷിന്റെ കലാ സംവിധാനവും ഒത്തു കൂടിയപ്പോഴാണ് .


സംഗീതത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കഥയായിരുന്നു സെല്ലുലോയ്ഡിന്റേത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കഥാ  സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാം വിധം വളരെ പ്രാധാന്യത്തോടെ തന്നെ എം ജയചന്ദ്രൻ സംഗീതത്തെ ഉപയോഗിച്ച് കാണാം.  തന്റെ സകല സ്വത്തും പ്രതാപങ്ങളും നഷ്ട്ടപ്പെട്ടു മുഖ്യധാരാ സമൂഹത്തിൽ നിന്ന് മാറി ജീവിക്കാൻ തീരുമാനിച്ച ഡാനിയൽ കുടുംബത്തോടൊപ്പം അഗസ്ത്യപുരത്തേക്കു യാത്രയാകുന്ന സമയത്താണ് 'കാറ്റേ .. കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം തുടങ്ങുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ ഈ ഗാനം ജി. ശ്രീറാമും വൈക്കം വിജയലക്ഷ്മിയും കൂടെ ആലപിച്ചിരിക്കുന്നത്‌ പഴയ കാലത്തെ പാട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ്. ഗൃഹാതുരമായ ഈണവും  ആലാപന ശബ്ദത്തിലെ വ്യത്യസ്തതയുമാണ് ഈ ഗാനത്തെ സിനിമയിൽ ആകർഷണീയമാക്കിയത്. അതേസമയം ഈ ഗാനത്തെക്കാൾ കൂടുതൽ സ്ഥാനം സിനിമയിൽ നൽകപ്പെടുന്നത്  അല്ലെങ്കിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി സിതാര കൃഷ്ണകുമാർ ആലപിച്ച 'ഏനുണ്ടോടി  അമ്പിളി ചന്തം ' എന്ന ഗാനത്തിനാണ്. തിരുവിതാം കൂറിന്റെ ആദ്യ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടുന്ന റോസി ആദ്യം ചിന്തിക്കുന്നത് അവളുടെ സൌന്ദര്യത്തെ കുറിച്ചാണ്. സിനിമയിലൊക്കെ അഭിനയിക്കാൻ ഒരുപാട് സൌന്ദര്യം വേണമല്ലോ, തനിക്കത്രക്ക് സൌന്ദര്യമുണ്ടോ എന്ന് കൂട്ടുകാരിയോട് സംശയത്തോടെ ചോദിക്കുന്നിടത്ത് നിന്നാണ് 'ഏനുണ്ടോടി  അമ്പിളി ചന്തം' എന്ന ഗാനം തുടങ്ങുന്നത്.  ഒരു ദളിത്‌ സ്ത്രീയായ റോസിയുടെ നിഷ്ക്കളങ്കമായ മനോവ്യാപാരമാണ് ഈ ഗാനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവൾ അത് പങ്കുവെക്കുന്നതാകട്ടെ പ്രകൃതിയോടും. ഈ പാട്ടിലെ ഓരോ വരിയിലും പ്രകൃതിയും അവളുമായുള്ള ആശയവിനിമയം പ്രകടമാണ്.


നേരത്തേസൂചിപ്പിച്ച പോലെ സിനിമ എന്നത്  സകലകലകളുടെയും സംഗമ വേദിയാണ്. അവിടെ ഓരോ കലയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഈ സിനിമയുടെ എഡിറ്റിങ്ങിനും  അതുപോലെ അവകാശപ്പെടാൻ ഒരു സ്ഥാനമുണ്ട്. മികച്ച എഡിറ്റിംഗ് എന്ന് പറയാൻ മാത്രം ഒന്നുമില്ല എങ്കിലും രാജഗോപാലിന്റെ കത്രിക ശരിയായ ദിശയിൽ തന്നെയാണ് ചലിച്ചിരിക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ കത്രികയുടെ അവസരോചിതമായ ഇടപെടലുകൾ സിനിമയിൽ ആവശ്യമായ ആകാംക്ഷ നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കത്തിയെരിയുന്ന ഫിലിം എന്തായിരുന്നു എന്ന് കഥാവസാനം മാത്രമാണ് സിനിമ വെളിപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ഡാനിയൽ സിനിമ നിർമിച്ചതും അതിന്റെ പ്രദർശനം തടയപ്പെടുന്നതും മാത്രമാണ് കാണിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന സൂചന നൽകപ്പെടുന്നത് ഇടവേളയ്ക്കു ശേഷം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രംഗ പ്രവേശത്തോടെയാണ്. ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു  സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം.

സിനിമയിലെ ഏറ്റവും മികച്ച സീനുകളും  ഷോട്ടുകളും  ഏതെന്നു ചോദിച്ചാൽ ചൂണ്ടി കാണിക്കാൻ ഒരുപാടുണ്ടായിരിക്കാം. പക്ഷേ  മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന  ചില രംഗങ്ങൾ ഉണ്ട്.

  • തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ സിനിമ, അതും താൻ നായികയായി അഭിനയിച്ച സിനിമ. ആ സിനിമ  ആദ്യ ഷോയിൽത്തന്നെ കാണണം എന്ന് ആഗ്രഹിച്ചു വരുന്ന റോസി തിയേറ്ററിനു മുന്നിൽ പ്രവേശനം കാത്തു നിൽക്കുകയാണ്. സവർണന്റെ മേൽക്കോയ്മ എല്ലായിടത്തും പ്രകടമാണ്. അത് തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമ കാണുന്നിടത്തു പോലും പാലിക്കണം എന്ന് നിഷ്ക്കർഷിക്കപ്പെടുമ്പോൾ അവളുടെ മുഖം വാടുന്നു . സിനിമ കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ദളിത്‌ സ്ത്രീയായ അവൾ നായർ സ്ത്രീയുടെ വേഷം അഭിനയിച്ചു എന്ന കുറ്റത്തിന് ജാതി ഭ്രാന്ത്‌ മൂത്ത ചില നരാധമന്മാർ അവളുടെ മേൽ ചാടി വീഴുന്നു. ഭയചികിതയായ അവൾ സമൂഹത്തിൽ നിന്നും  ഇരുട്ടിലേക്ക് ഓടി മറയുകയാണ്. രംഗം മുഴുവൻ ഇരുട്ടിലാകുന്നു എങ്കിലും  നമ്മുടെയെല്ലാം മനസ്സിൽ നിന്നും അവൾ മാഞ്ഞു പോകുന്നുമില്ല.
  • ഡാനിയലിന് തീരെ വയ്യാതായിരിക്കുന്നു. ശ്വാസഗതിയിലും സംസാരത്തിലും  അത് പ്രകടമാണ്. കട്ടിലിൽ അവശ നിലയിൽ കിടക്കുന്ന അയാൾ ഭാര്യയായ ജാനറ്റിനോട് എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ചുമരിൽ ഒരു ജനലാകൃതിയിൽ നിലാവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ എന്തൊക്കെയോ നിഴലുകൾ ആടുന്നുണ്ട്. ജാനറ്റിനോട് സംസാരിക്കുമ്പോഴും അതിലേക്കാണ് അയാളുടെ നോട്ടം. ജനാലക്കരികിൽ നിൽക്കുന്ന ഏതോ ചെടിയുടെ ഉണങ്ങിയ ശിഖരങ്ങളുടെതായിരിക്കാം ആ നിഴലുകൾ. നിഴലുകൾ ആടുന്ന സമയത്ത് പശ്ചാത്തലത്തിൽ കരിയിലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം. ആ നിഴലുകളുടെ ചലനം അയാളെ ഓർമപ്പെടുത്തുന്നത് വിഗതകുമാരനെയാണ്. സ്ക്രീനിൽ  സിനിമ കാണുന്ന കൌതുകത്തോടെ അയാൾ അത് ജാനറ്റിനോട് പറയുന്നു. അത് വിഗതകുമാരനല്ലേ എന്ന് ചോദിക്കുന്ന സമയം നിഴലുകൾ കരിയില ശബ്ദം ഉണ്ടാക്കി കൊണ്ട് വേഗത്തിൽ ആടുകയാണ്.  ഡാനിയലിന്റെ ശ്വാസഗതിയും അത് പോലെ വേഗത്തിലാകുന്നു. പിന്നെ പെട്ടെന്ന് നിലക്കുന്നു. ആ സമയം കരിയിലകളുടെ ശബ്ദവും നിഴലുകളുടെ ആട്ടവും നിലക്കുകയാണ്. മരണത്തിന്റെ നിഴലുകളിൽ വരെ സിനിമയെ കാണാൻ സാധിച്ച ഡാനിയലിന്റെ ജീവിത കഥ അവിടെ അവസാനിക്കുന്നു. ചരിത്രം തുടങ്ങുകയും ചെയ്യുന്നു.

വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ നിർമ്മിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ.

* ഇ മഷി മാഗസിന്‍ ലക്കം എട്ടിൽ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 

-pravin-

Saturday, March 30, 2013

Vatthikuchi


ഒരാൾ കൊല്ലപ്പെടാൻ ഒരു കാരണം ഉണ്ടായിരിക്കാം. പക്ഷെ, ഒരാളെ കൊല്ലാൻ തീരുമാനിക്കാൻ മൂന്നു പേർക്ക് മൂന്നു കാരണങ്ങൾ ഉണ്ടെങ്കിലോ ? Vathikuchi  സിനിമയിലെ നായകനായ ശക്തി (ധിലേബൻ) അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. മൂന്നു വ്യത്യസ്ത കാരണങ്ങളാൽ മൂന്നു വ്യത്യസ്ത സംഘങ്ങൾ  ശക്തിയെ കൊല്ലാൻ തീരുമാനിക്കുന്നു. എന്താണ് ആ മൂന്നു കാരണങ്ങൾ? ആരൊക്കെയാണ് ശക്തിയെ കൊല്ലാൻ ആഗ്രഹിക്കുന്നവർ തുടങ്ങീ ചോദ്യങ്ങൾക്കുള്ള രംഗ വിശദീകരണങ്ങളുമായാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. 

നവാഗതനായ കിൻസ്ലിൻ കഥയും തിരക്കഥയുമെഴുതി  സംവിധാനം ചെയ്ത Vathikuchi യുടെ  നിർമാണ ചിലവ് വഹിച്ചിരിക്കുന്നത് നമുക്ക് സുപരിചിതനും പ്രിയനുമായ സംവിധായകൻ  എ . ആർ മുരുഗ ദോസ്  ആണ് .  

 ഒരു പ്രാന്ത പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിട്ടു കൂടി ഒരു സാധാരണ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ വേണ്ട ചേരുവകൾ ചേർക്കാൻ സംവിധയകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിലെല്ലാം തന്നെ ഒരു ആവറേജ് നിലവാരത്തിൽ മാത്രമേ സംവിധായകൻ വിജയിച്ചിട്ടുള്ളൂ എന്ന് പറയുന്നതാകും ശരി. ഉള്ളതിൽ വച്ച് മികവ് തോന്നിച്ചത് സിനിമയുടെ പ്രമേയവും, മറ്റു ആക്ഷൻ രംഗങ്ങളുമാണ്.  അഭിനേതാക്കളുടെ പ്രകടന നിലവാരത്തെ കുറിച്ച് വിശിഷ്യാ ഒന്നും തന്നെ പറയാനില്ലാത്ത സിനിമയാണ് Vathikuchi. 

ആകെ മൊത്തം ടോട്ടൽ = ഒരു ആക്ഷൻ ത്രില്ലർ സിനിമ എന്ന ലേബലിൽ ചുമ്മാ കാണാവുന്ന സിനിമയാണ് . 

* വിധി മാർക്ക്‌ = 5/10 

- pravin- 

Monday, March 11, 2013

Table No: 21


തൊഴില്‍രഹിതനും വിവാഹിതനുമായ വിവാന്‍ (രാജീവ് ഖണ്ടെല്‍വാല്‍ ) തന്‍റെ ഭാര്യയായ സിയാ അഗസ്തിയുടെ (ടെന ദേസെ) കൂടെ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. നവ ദമ്പതികളായ ഇവരുടെ മോഹങ്ങള്‍ പൂവണിയണമെങ്കില്‍ രണ്ടു പേര്‍ക്കും നല്ലൊരു ജോലി ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമത്തിനിടയില്‍  ദമ്പതികള്‍ക്ക് ഒരു ലക്കി ഡ്രോയിലൂടെ ഫിജി ദ്വീപ സമൂഹത്തിലേക്കു ഒരു സുവര്‍ണ യാത്ര തരപ്പെടുന്നു.

ഫിജിയിലെ താമസവും മറ്റു ചിലവുകളുമെല്ലാം സൌജന്യമായി ലഭിക്കുന്നതോടൊപ്പം  അവരുടെ വിവാഹിക വാര്‍ഷിക ദിനത്തില്‍  ഒരു വലിയ ഡിന്നറില്‍ പങ്കെടുക്കാനും അവര്‍ക്ക് ക്ഷണം കിട്ടുന്നു. അവിടെ വച്ച് അവിചാരിതമായി പരിചയപ്പെടുന്ന മിസ്റ്റര്‍ ഖാന്‍ (പരേഷ് രവാല്‍ ) അവരെ Table No 21 എന്ന പേരിലുള്ള ഒരു ലൈവ് ഗെയിം ഷോയിലേക്ക് ക്ഷണിക്കുന്നു. മത്സരത്തില്‍ വിജയിച്ചാല്‍ കിട്ടാന്‍ പോകുന്ന പത്തു മില്യന്‍ ഫിജി ഡോളര്‍ അവരെ ആ ഗെയിമില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മത്സരം വളരെ ലളിതമാണ്. ദമ്പതികളുടെ വ്യക്തിജീവിതത്തെ സംബന്ധിച്ചുള്ള 8ചോദ്യങ്ങളും അതോടനുബന്ധിച്ചുള്ള 8 പ്രവര്‍ത്തികളുമാണ്  അവര്‍ക്ക് വെല്ലുവിളിയായി വരുന്നത്. എന്താണ് ആ 8 ചോദ്യങ്ങള്‍ ? അവര്‍ ഈ മത്സരത്തില്‍ വിജയിക്കുമോ ഇല്ലയോ ? മിസ്റ്റര്‍ ഖാന്‍ എന്തിനു ഇത്തരം ഒരു ഗെയിം ഷോ നടത്തി ഇത്ര ഭീമമായ സംഖ്യ പ്രതിഫലമായി നല്‍കണം തുടങ്ങീ ചോദ്യങ്ങളില്‍ കൂടിയാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. 

പതിവില്‍ കവിഞ്ഞ് ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കാതെ പോയൊരു സിനിമ എന്ന ചീത്തപ്പേര് Table No: 21 നുണ്ട്. പക്ഷെ  സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകന്‍ ഒരിക്കലും ഈ സിനിമയെ ഒരു ചീത്തപ്പേരിലൂടെ  വിലയിരുത്തില്ല എന്ന കാര്യം ഉറപ്പാണ് . സിനിമയുടെ ആദ്യ അരമണിക്കൂര്‍ കാണുമ്പോള്‍ ഒരു തേര്‍ഡ് ക്ലാസ് നിലവാരമുള്ള കഥയും പ്രമേയവുമായി തോന്നിക്കുമെങ്കിലും ഗെയിം എന്ന വിഷയം സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന സമയം തൊട്ട് ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ മടങ്ങി വരുന്നുണ്ട് . 

വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടു കൂടി  തനിക്കു കിട്ടിയ 'മിസ്റ്റര്‍ ഖാനെ ' അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതില്‍  പരേഷ് രവാല്‍ എന്ന മഹാ നടന്‍  പാലിച്ചു വന്ന മിതത്വം അദ്ദേഹത്തിനു അഭിനയ കലയോടുള്ള സൂക്ഷ്മ നിരീക്ഷണ വൈഭവത്തെ വെളിപ്പെടുത്തുന്നതാണ്. 

ആദിത്യ ദത്ത് എന്ന സംവിധായകന്റെ മുന്‍കാല സിനിമകളായ Aashiq Banaaya Aapne,  Dil Diya Hai, Good Luck തുടങ്ങീ സിനിമകള്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ Table No: 21 ഏറെ മികവു പുലര്‍ത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.  സിനിമയെ  സീന്‍ ബൈ സീന്‍ നിരീക്ഷിക്കുന്നവര്‍ക്കും കഥ-തിരക്കഥയെ ആധികാരികമായി വിലയിരുത്തുന്നവര്‍ക്കും ഈ സിനിമയില്‍ പല പാളിച്ചകളും കണ്ടു പിടിക്കാന്‍ സാധിച്ചേക്കാം. പക്ഷെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ ഗൌരവസ്വഭാവം ഒന്ന് കൊണ്ട് മാത്രമാണ് സംവിധായകന്‍ അത്തരം നിരൂപണ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാതെ രക്ഷപ്പെട്ടത് എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = വെറുമൊരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ എന്നതിലുപരി, സിനിമ എന്ന മാധ്യമത്തില്‍ കൂടി സമൂഹത്തിനോടുള്ള  ഒരു നല്ല മുന്നറിയിപ്പ് , സന്ദേശം  അതുമല്ലെങ്കില്‍ സമൂഹത്തില്‍ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു നല്ല ഓര്‍മപ്പെടുത്തല്‍ നല്‍കാന്‍ ഈ സിനിമക്ക് കഴിഞ്ഞു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

*വിധി മാര്‍ക്ക്‌ = 7/10  

-pravin- 

Sunday, March 3, 2013

ചക്രവ്യൂഹങ്ങളില്‍ പെടുന്നവര്‍

നമ്മുടെ രാജ്യത്ത്  ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാവോവാദവും അനുബന്ധ കലാപങ്ങളും. ആരാണ് മാവോവാദികൾ, എന്താണ് മാവോവാദം എന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ചെറിയൊരു മുഖവുര നല്‍കുന്നതിലൂടെ ഈ സിനിമയെ ഒരല്‍പം ആധികാരികതയോടെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 

ചൈനയുടെ നേതാവായിരുന്ന മാവോ സേ തുങ്ങിന്റെ രാഷ്ട്രസംബന്ധമായ ചിന്തകളും അഭിപ്രായങ്ങളുമാണ് മാവോയിസം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ചിന്തകളോട് അനുഭാവം പുലര്‍ത്തുന്നവരെ സാധരണയായി വിളിച്ചു വരുന്ന പേരാണ് മാവോവാദികള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകൾ. 1950-1960 കാലഘട്ടത്തിലാണ് മാര്‍ക്സിയന്‍ തത്ത്വചിന്തകളോട് സാമ്യത പുലര്‍ത്തുന്ന മാവോയിസം സമൂഹത്തില്‍ പടരുന്നത്.  പക്ഷേ, 1978-ല്‍ രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാവൊ പിങ്ങിന്റെ സാമ്പത്തിക ഭരണ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് മാവോയിസം ചൈനയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ജനകീയ പോരാട്ടം, നവ ജനാധിപത്യം, സാംസ്കാരിക വിപ്ലവം തുടങ്ങി ഒട്ടനവധി തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് മാവോയിസം. ലോകത്തില്‍ മാവോവാദം ഇന്നും പലയിടങ്ങളിലായി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു എന്ന സൂചനകളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ രാജ്യത്തിന്റെ അധികാരം സ്വന്തമാക്കിയ ഒരേയൊരു മാവോയിസ്റ്റ് പാര്‍ട്ടി നേപ്പാളില്‍ മാത്രമാണുള്ളത്. ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെയും ആദിവാസി സമൂഹത്തെയും മുന്‍നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തിനെതിരെ ഒളിപ്പോരു നയിക്കുന്നു. പശ്ചാത്തലചരിത്രം ഇതുവരെയാണ്. ഇനി കാര്യത്തിലേക്ക് വരാം . 

വിപ്ലവവും സ്വാതന്ത്ര്യസമരവും സാംസ്കാരിക മുന്നേറ്റങ്ങളും മറ്റും പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. അതില്‍ത്തന്നെ കമ്മൂണിസ്റ്റ് വിപ്ലവ ചിന്താഗതികളെ സ്വാഗതം ചെയ്യുന്നതും വിമര്‍ശിക്കുന്നതുമായ സിനിമകള്‍ വേറെയും വന്നിരിക്കുന്നു. പക്ഷേ, മാവോയിസം പ്രമേയമായ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് ഒട്ടും തന്നെ കടന്നു വന്നിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഈ വിഷയത്തെ തികഞ്ഞ നിഷ്പക്ഷതയോടെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നുള്ള കലാകാരന്റെ മുന്‍ വിധികളും ആധികളും തന്നെയാകാം അതിനു തടസ്സം നിന്നിട്ടുണ്ടാകുക. ഈ ചിന്താഗതിക്ക് ഒരപവാദമായി വന്ന സിനിമയാണ് പ്രകാശ് ഝാ സംവിധാനം ചെയ്ത ചക്രവ്യൂഹ്. ഈ സിനിമയുടെ കഥ- തിരക്കഥ- സംഭാഷണ ചുമതല അഞ്ജും രാജബലി, സാഗര്‍ പാണ്ഡ്യ, പ്രകാശ് ഝാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ കൃഷ്ണയുടെ ഛായാഗ്രഹണം സിനിമക്ക് അനുയോജ്യമായ ദൃശ്യചാരുതയും സമ്മാനിച്ചിട്ടുണ്ട്. 

ചക്രവ്യൂഹ് പറയുന്ന കഥ രണ്ടു വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ കൂടിയാണ് നോക്കിക്കാണേണ്ടത്. ഒരേ ലക്ഷ്യത്തിലേക്കുള്ള പരിചിതവും അപരിചിതവുമായ വഴികള്‍ എന്ന പോലെ കഥയുടെ ആശയങ്ങള്‍ തമ്മില്‍ പിണഞ്ഞു കിടക്കുന്നു. ആദില്‍ ഖാന്‍ (അര്‍ജുന്‍ രാംപാൽ), കബീര്‍ (അഭയ് ഡിയോൾ) എന്നീ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സൗഹൃദകഥയെന്ന വണ്ണം തുടങ്ങുന്ന സിനിമ മുന്നോട്ടു ചലിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളുടെ പാശ്ചാത്തലത്തിലാണ്. നന്ദിഘട്ട് പൂര്‍ണമായും മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ട ഒരു പ്രദേശമാണ്. അവിടത്തെ നിയമവും സര്‍ക്കാരുമെല്ലാം മാവോയിസ്റ്റുകള്‍ തന്നെ. നിയമപാലകരെ നോക്കുകുത്തികളാക്കി 84 പോലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്നാണ് നന്ദിഘട്ട് ഒരു പ്രശ്നബാധിതമേഖലയായി ഭരണകൂടം പൂര്‍ണമായും വിലയിരുത്തുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു പോലീസ് ഓഫീസറും ഈ പ്രദേശത്തെ നിയന്ത്രണച്ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. പക്ഷേ ആദില്‍ ഖാന്‍ ഇവിടെ വേറിട്ട ഒരു തീരുമാനത്തിലെത്തുന്നു. 

പോലീസും ആദിവാസികളും തമ്മില്‍ ഒരു നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ ആദിവാസികളെ മുന്‍ നിര്‍ത്തിയുള്ള മാവോവാദികളുടെ വളര്‍ച്ച തടയാന്‍ സാധിക്കൂ എന്ന് മനസ്സിലാക്കുന്ന ആദില്‍ ഖാന്‍ ഗ്രാമത്തിലേക്ക് മറ്റ് ഉദ്യോഗസ്ഥരുമായി പോകുന്ന ഒരു രംഗമുണ്ട്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പോലീസിനെ കാണുന്ന മാത്രയില്‍ തന്നെ അലറിവിളിച്ചോടുന്ന ആദിവാസി സമൂഹത്തെയാണ് നമുക്കവിടെ കാണാന്‍ സാധിക്കുക. രാത്രികാലങ്ങളില്‍ മാവോവാദികളുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രം കേട്ട് ശീലിച്ച ആദിവാസികളെ സംബന്ധിച്ചിടത്തോളം പോലീസാണ് അവര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചു വിടുന്ന സര്‍ക്കാർ. (സര്‍ക്കാര്‍ എന്ന് പറയുന്നത് പോലീസ് ആണെന്നാണ്‌ ആദിവാസികള്‍ ധരിച്ചുവച്ചിരിക്കുന്നത് പോലും.) ഈ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആദില്‍ ഖാന്‍ പരിശ്രമിക്കുന്നു. ആദിവാസികളോട് ആദില്‍ ഖാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വളരെയേറെ പ്രസക്തമാണ്. മാവോവാദികള്‍ എന്ത് തരം വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഈ രാജ്യത്തിനും ആദിവാസികള്‍ക്കും മറ്റും വേണ്ടി ചെയ്തിട്ടുള്ളത്? രാജ്യത്തെ നിയമവ്യവസ്ഥകളോട് എതിര്‍പ്പ് കാണിക്കേണ്ട രീതി ഒരിക്കലും അക്രമമല്ല. അതിനായി ആദിവാസികളെ മുതലെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് ആദില്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ആദില്‍ ഖാന്റെ പ്രസംഗത്താല്‍ സ്വാധീനിക്കപ്പെട്ട ചില ആദിവാസികളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായേക്കാം. പക്ഷേ അന്ന് രാത്രി തന്നെ പരസ്യമായ ഒരു മാതൃകാ ശിക്ഷാ നടപടിയോടെ എല്ലാ ആദിവാസികള്‍ക്കും ഒരു മുന്നറിയിപ്പ് കൊടുക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. പോലീസിനെ സഹായിക്കാന്‍ ശ്രമിച്ച ഒരു ആദിവാസിയുടെ ചെവി മുറിക്കുകയും പിന്നീട് അയാളെ ഹീനമായി കൊന്നു തള്ളുകയും ചെയ്യുന്ന ആ രംഗത്തിലൂടെ മാവോയിസത്തിലെ കാടത്തത്തെയാണ് സംവിധായകന്‍ തുറന്നു കാണിക്കുന്നത്. 

ഒരു തരത്തിലും മാവോവാദികളുടെ നീക്കത്തെ മുന്‍കൂട്ടി അറിയാനോ, അതിനെതിരെ പ്രവര്‍ത്തിക്കാനോ കഴിയാതെ തളര്‍ന്നിരിക്കുന്ന ആദില്‍ ഖാന്റെ മുന്നിലേക്ക്‌ സുഹൃത്തായ കബീര്‍ കടന്നു വരുന്നിടത്തു നിന്നാണ് സിനിമ മറ്റൊരു വഴിത്തിരിവില്‍ എത്തുന്നത്. മാവോവാദികളുടെ ഇടയിലേക്ക് അവരിലൊരുത്തനായി ചേരുന്ന കബീര്‍ ആദ്യമാദ്യം മാവോവാദികളുടെ വിശ്വാസം സമ്പാദിക്കുകയും പിന്നീട് സുഹൃത്തിന് വേണ്ടി മാവോവാദികളുടെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനിടയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കബീറിനെ മാറി  ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കബീര്‍ പൂര്‍ണമായും ഒരു മാവോ വാദിയായി  മാറിക്കൊണ്ടിരിക്കുകയായിരുന്നു. കബീറിനെ അത്തരത്തില്‍ മാറ്റി ചിന്തിപ്പിക്കാന്‍ ശേഷിയുള്ള എന്ത് മൂല്യങ്ങളാണ് മാവോയിസത്തിനുള്ളത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ടാകാം. ആ സംശയത്തെ സംവിധായകന്‍ ദുരീകരിക്കുന്നത് തികച്ചും മനശ്ശാസ്ത്രപരമായാണ്. 

മാവോയിസത്തിനെ എതിര്‍ക്കുന്ന ആദില്‍ ഖാനും, ചില സാഹചര്യ വശാല്‍ മാവോയിസത്തെ അനുകൂലിക്കെണ്ടി വരുന്ന കബീറും നമ്മുടെ മനസ്സിന്റെ ദ്വിമുഖതയെയാണ്‌ പ്രതിനിധീകരിക്കുന്നത് എന്ന് പറയേണ്ടി വരും. ഭരണകൂടം എന്നും സമ്പന്നരുടെ കൂടെ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സിനിമയിലെ മുതിര്‍ന്ന മാവോവാദിയായ ഗോവിന്ദ് സൂര്യവംശി (ഓം പുരി) പറയുന്നുണ്ട്. ആ പ്രസ്താവനയെ കാര്യകാരണസഹിതം ന്യായീകരിക്കാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സിനിമയില്‍ ഭാഗികമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ടാറ്റയും ബിര്‍ളയും വികസനം കൊണ്ടുവരാന്‍ വേണ്ടി ചോദിക്കുന്ന മണ്ണും ജലവും വായുവുമെല്ലാം ആരുടെതാണ്? അതിനു വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ഏതു വിഭാഗം ജനങ്ങളാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സമൂഹത്തില്‍ പ്രസക്തി ഇല്ലാതാക്കുന്നതില്‍ നമ്മുടെ ഭരണകൂടം വഹിക്കുന്ന പങ്കു ചെറുതല്ല എന്ന് ഈ സിനിമ പറയാതെ പറയുന്നു. 

കബീറിനെ പോലെ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം മാവോവാദി ആയി മാറിയവര്‍ ഒരുപാടുണ്ടായേക്കാം. അവരോടെല്ലാം ആദില്‍ ഖാന്‍മാരുടെ ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ഈ പോരാട്ടങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നു? അതുകൊണ്ട് എന്ത് നേടുന്നു? ഈ ചോദ്യങ്ങളാണ് നമ്മളില്‍ തന്നെയുള്ള ചില കബീര്‍മാരെ സത്യത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തുന്നത്. ഇത്തരം ആശയസംഘര്‍ഷങ്ങളുടെ ചക്രവ്യൂഹം ഭേദിക്കാനുള്ള ചിന്തകളും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു രാജ്യത്തിന്റെയും ഭരണഘടനയെയോ വ്യവസ്ഥകളെയോ ഭേദിക്കാനുള്ളതാകരുത് നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും. നിയമവ്യവസ്ഥകളോടും ഭരണകൂടത്തോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു ബഹുസ്വര സമൂഹത്തിൽ   ഒട്ടും സ്വീകാര്യമല്ലാത്ത  പ്രവർത്തന രീതി കൊണ്ട് അരാജകത്വം മാത്രം  സൃഷ്ടിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങളാകരുത് ഒന്നും.

* ഇ മഷി മാഗസിന്‍ ലക്കം ഏഴില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 
-pravin- 

Monday, February 18, 2013

Special 26 - ഒരു സ്പെഷ്യല്‍ സസ്പെന്‍സ് ത്രില്ലര്‍


2008 ല്‍ റിലീസായ A Wednesday എന്ന തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആണ് നീരജ് പാണ്ടെയ്. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായൊരു കഥയുടെയും തിരക്കഥയുടെയും പിന്തുണയോടെയാണ്  Special 26 ന്‍റെ സംവിധാന  ചുമതല  ഏറ്റെടുത്തു കൊണ്ട് നീരജ്  ഇത്തവണ ബോളിവുഡിലേക്ക് കടന്നു വന്നത്. 

സി . ബി. ഐ എന്ന പേര് കേട്ടാല്‍ ഈ കാലത്തു പോലും പലരും കിടു കിടാ വിറക്കും. അങ്ങിനെയെങ്കില്‍ 1987 കാലഘട്ടത്തില്‍ എന്തായിരിക്കും സ്ഥിതി ? സി. ബി ഐ എന്ന പേരില്‍  റൈഡ് നടത്താന്‍ വരുന്നവര്‍ ആരാണ്, എന്താണ് എന്നൊന്നും അറിയാന്‍ നില്‍ക്കാതെ പലപ്പോഴും പലരും വ്യാജ റൈഡുകള്‍ക്ക് തല വച്ച് കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ വ്യാജ സി ബി ഐ റൈഡ് നേരിടേണ്ടി വന്ന ചില പ്രമുഖ വ്യക്തികളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥയും  തിരക്കഥയും  നീരജ് പാണ്ടെയ് രൂപപ്പെടുത്തിയിരിക്കുന്നത്. 

ഏതു  കാലത്തായാലും കള്ളപ്പണത്തിന്‍റെ പ്രധാന വക്താക്കള്‍ രാഷ്ട്രീയക്കാരും ബിസിനസ്‌ കുത്തക മുതലാളിമാരും ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമയിലും അതങ്ങിനെ തന്നെ കാണിക്കുന്നു. സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളെല്ലാം  യഥാര്‍ത്ഥത്തില്‍ പണ്ടെപ്പോഴോ സംഭവിച്ചത് തന്നെയായിരിക്കാം എന്ന് നമ്മള്‍ അനുമാനിക്കേണ്ടിയിരിക്കുന്നു.  കാരണം അത്രക്കും ആധികാരികമായി തന്നെയാണ് ഓരോ സീനും പറഞ്ഞു പോകുന്നത്. 

പഴയ കാലഘട്ടത്തിലെ ഡല്‍ഹിയും മുംബൈയും  മറ്റു നഗരങ്ങളും വളരെ മികവോട് കൂടെ തന്നെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഈ സിനിമ വിജയിച്ചെന്നു പറയാം. ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ട് തന്നെ പ്രേക്ഷകനെന്ന നിലയില്‍ ചില സീനുകളില്‍ നമുക്ക് തോന്നിയേക്കാവുന്ന സംശയങ്ങളുടെ സ്ഥാനം ചവറു കൊട്ടയിലാണ് എന്ന് പറയയേണ്ടി വരും. ഉദാഹരണത്തിന്, ആ കാലഘട്ടത്തില്‍ അവിചാരിതമായി സി . ബി. ഐ റൈഡ് നേരിടേണ്ടി വരുന്ന ഉന്നത തലര്‍ക്ക് പോലും  ആദ്യത്തെ രക്ഷാ ശ്രമം ലാന്‍ഡ്‌ ലൈന്‍ ഫോണില്‍ കൂടിയുള്ള ആശയ വിനിമയമാണ്. ആ സാധ്യതകള്‍ ആദ്യമേ  ഖണ്ഡിക്കുന്നതിലൂടെ റൈഡിനിരയാകുന്ന ആളുകളുടെ അവസ്ഥ വളരെ വ്യക്തമായി തന്നെ സംവിധായകന്‍ സിനിമയില്‍ വരച്ചു കാട്ടുന്നു. ആശയ വിനിമയത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരുപാട് സാങ്കേതിക പരിമിതികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ കാലത്ത് ഈ സിനിമ കാണുന്ന  പ്രേക്ഷകന്‍റെ പല സംശയങ്ങളും അസ്ഥാനത്തായി പോകും. സംവിധായകന്‍റെ ഈ ദീര്‍ഘ ദൃഷ്ടി സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാന ഘടകമായിരുന്നെന്നു നിസ്സംശയം പറയാം. 

ഒരു സസ്പെന്‍സ് ത്രില്ലര്‍ ലേബലില്‍ കഥ പറയുമ്പോള്‍ പാലിക്കേണ്ട എല്ലാ മിതത്വങ്ങളും സിനിമയില്‍  പാലിക്കപ്പെടുന്നതോടൊപ്പം തന്നെ  മറ്റു ചേരുവകള്‍ ഉള്‍പ്പെടുത്താനും സംവിധായകന്‍ മറക്കുന്നില്ല. അതിനായി തന്നെയായിരിക്കണം കഥയില്‍ അപ്രസക്തമായി തോന്നിയേക്കാവുന്ന പ്രണയവും ഡാന്‍സുമെല്ലാം സിനിമയില്‍   ബോധപൂര്‍വ്വം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. എങ്കില്‍ തന്നെയും അത്തരം സീനുകളിലോന്നും  ഒട്ടും മുഷിവു തോന്നിക്കാത്ത വിധം അവതരിപ്പിക്കാന്‍ നീരജിനു കഴിഞ്ഞിട്ടുണ്ട്. 

അഭിനേതാക്കള്‍ എന്ന നിലയില്‍ അക്ഷയ് കുമാറും, അനുപം ഖേറും, മനോജ്‌ ബജ്പേയിയും  മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു. ഒരു സഹനടനും സഹനടിക്കും ഇത്തരം ഒരു സിനിമയില്‍ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ജിമ്മി ഷെര്‍ഗിലിന്റെയും  ദിവ്യ ദത്തയുടെയും കഥാപാത്രങ്ങള്‍ നല്‍കുന്നത്.  ഒരു പക്ഷെ, നായികയായി എത്തിയ  കാജള്‍ അഗര്‍വാളിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത  പ്രേക്ഷകരുടെ മനസ്സില്‍ നേടിയെടുത്തത് ദിവ്യ ദത്തയുടെ ശാന്തി എന്ന ചെറിയ വേഷമായിരിക്കും. സിനിമയില്‍ ഇടയ്ക്കിടെ ശാന്തി (ദിവ്യ ദത്ത ) റണ്‍ വീര്‍ സിങ്ങിനോട് (ജിമ്മി ഷെര്‍ഗില്‍ )  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " സാര്‍, അസലീ കാം തോ യെ ലോഗ് കര്‍ രഹേന്‍, ഹം ലോഗ് തോ ബസ്‌ അപ്നീ ..അവസാന സീനുകളില്‍ എത്തും വരെ നല്ല പഞ്ചോടെ ഈ ഡയലോഗ് അവതരിപ്പിക്കാന്‍ ദിവ്യ ദത്തക്ക് സാധിച്ചിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = 1987 കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ  നില നിര്‍ത്തി കൊണ്ട് കഥ പറഞ്ഞ ഒരു നല്ല സസ്പെന്‍സ് ത്രില്ലര്‍ സിനിമ. 

* വിധി മാര്‍ക്ക്‌ = 8/10

-pravin-

Monday, February 11, 2013

വിശ്വരൂപം ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍


2010 -ല്‍ റിലീസായ മന്മദന്‍ അമ്പിന്  ശേഷം കമല്‍ ഹാസനെ ബിഗ്‌ സ്ക്രീനില്‍ നിറഞ്ഞു കാണാന്‍ കൊതിച്ച കമല്‍ ഫാന്‍സിനു വല്ലാത്തൊരു അടിയായിരുന്നു വിശ്വരൂപവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍.  സിനിമ കണ്ട 'ചിലരും', കാണാത്ത 'പലരും' ഈ സിനിമയെ ആദ്യമേ തന്നെ തൂക്കിലേറ്റി കൊന്നു. അത് കൊണ്ട് തന്നെ എല്ലാവരിലും ഈ സിനിമ കാണാനുള്ള അമിതമായ ഒരു വെമ്പല്‍ ഉണ്ടായെന്നു പറയാം. ആ വെമ്പലുകള്‍ പലതും കമല്‍ ഹാസന് സപ്പോര്‍ട്ടായി മാറി . അങ്ങിനെ ചില നൂലാമാല ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഏഴു സീനുകള്‍ കട്ട് ചെയ്യാമെന്ന വാഗ്ദാനത്തോടെ 'വിശ്വരൂപന്‍' പുനര്‍ജനിച്ചു.  ഇത് വരെയാണ് കഥ . ശേഷം സ്ക്രീനില്‍ കാണാം . 

കമല്‍ ഹാസ്സന്‍ നൂറു കോടി മുടക്കിയെടുത്ത ഒരു സിനിമ എന്നതിലുപരി ഈ സിനിമയില്‍ കൂടി വിശിഷ്യാ ഒന്നും ദര്‍ശനീയമായില്ല എന്നത് ആദ്യമേ പറയട്ടെ.  തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍" സൃഷ്ടിച്ച  കോലാഹലങ്ങള്‍  കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ ഈ സിനിമയ്ക്കു എന്താണ് സത്യത്തില്‍ സമൂഹത്തിനോടും  പ്രേക്ഷകനോടും പറയാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം ഇന്നിറങ്ങുന്ന സിംഹഭാഗം സിനിമകള്‍ക്കും ആ ഉദ്ദേശ്യമില്ല. ഉള്ള ഉദ്ദേശ്യങ്ങളില്‍ ഒന്ന് കച്ചവടം ആണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ  രണ്ടോ മൂന്നോ മണിക്കൂര്‍ ഒരു കുടുസ്സ് ഇരുട്ട് മുറിയില്‍ ഇരുത്തിക്കൊണ്ട് ദൃശ്യ- ശ്രവ്യാസ്വദനം നല്‍കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ അതും ഒരു പരിധിക്കപ്പുറം പരാജയമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. ആക്ഷന്‍ രംഗങ്ങളിലെ മികവും, അഫ്ഗാനിസ്താന്‍ പശ്ചാത്തലത്തില്‍ കഥ (അതെന്ത്‌ എന്ന് ചോദിക്കരുത്) പറയുന്നതിന്‍റെ പുതുമയും മാത്രമാണ് ഈ സിനിമയുടെ ഏക ആകര്‍ഷണീയത. 

താലിബാന്‍ ക്യാമ്പുകളില്‍ നടക്കുന്ന തീവ്രവാദ ട്രെയിനിംഗ്, അവരുടെ പരിശീലന മുറകള്‍ തുടങ്ങിയവയെല്ലാം കമല്‍ ഹാസന്‍ വളരെ ആധികാരികമായി തന്നെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിനിമയില്‍ എവിടെയും മതപരമായ അവഹേളനങ്ങളോ, ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളോ അനുഭവപ്പെടുന്നില്ല. പക്ഷെ, ഈ സിനിമ കാണുന്ന  ചിലര്‍ക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമയിലെ താലിബാനികള്‍ മുസ്ലീം ആണ്. താലിബാനികളെ മുസ്ലീമായല്ലാതെ ഹിന്ദുവോ ക്രിസ്ത്യനോ ജൂതനോ ആയി കാണിക്കാന്‍ തരമില്ലാത്തത് കൊണ്ട് സിനിമയിലെ താലിബാനികളും അവരുടെ എല്ലാ ഭാവ ചലനങ്ങളിലും സംഭാഷണങ്ങളിലും ഇസ്ലാമീയതയാണ് പ്രകടമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ ചിലര്‍ക്കെല്ലാം സിനിമ ഇസ്ലാം വിരുദ്ധമായി തോന്നിയാല്‍ അതില്‍ സിനിമയുടെതായ തെറ്റുണ്ട് എന്ന് പറയാനാകില്ല. എല്ലാ സിനിമകളും കഥയുടെ  (?) എല്ലാ വശവും പറഞ്ഞു കൊണ്ട് നിഷ്പക്ഷമായ ഒരു സമീപനം സ്വീകരിക്കണം എന്ന വാദത്തിന് പ്രസക്തിയുണ്ട് ഇവിടെ. അതേ സമയം എല്ലാ സിനിമകളും ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുമാണ് ഉത്തരം. സിനിമയുടെ കഥാപരിസരം അനുശാസിക്കുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കാണാന്‍ സാധിക്കുമെങ്കിലും ആഗോളതലത്തില്‍ ചര്‍ച്ചാ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ പ്രമേയമാകുമ്പോള്‍  കാണിക്കേണ്ടിയിരുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കടന്നു വന്നിട്ടില്ല എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കമല്‍ ഹാസന്‍ അറിഞ്ഞോ അറിയാതെയോ പല രംഗങ്ങളിലും അമേരിക്കയുടെ അധിനിവേശ സംസ്ക്കാരത്തെ പാടെ മറന്നു കൊണ്ട് അമേരിക്കയെ തെല്ലൊന്ന് വെള്ള പൂശി കൊടുത്തിട്ടുണ്ട്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും, താലിബാന്‍ പരിശീലന കേന്ദ്രത്തിലെ ചില സീനുകള്‍ അതിന്റേതായ ഭീകരാവസ്ഥയില്‍ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ കമല്‍ ഹാസന്‍ വിജയിച്ചു എന്ന് പറയാം. സിനിമയിലെ മറ്റൊരു പ്രധാന കല്ല്‌ കടിയായിരുന്നു നായികമാരുടെ സാന്നിധ്യം. ആണ്ട്രിയയും പൂജാ കുമാറും ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു എന്നാണു ആദ്യം ചോദിക്കേണ്ടത് . ഒരു തരത്തിലും അവരുടെ കഥാപാത്രങ്ങള്‍ ഒരഭിനയ ശേഷി കാഴ്ച വച്ചില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ബാക്കിയുള്ള അഭിനേതാക്കള്‍ അവരവരുടെ വേഷം ഭംഗിയായി നിര്‍വഹിച്ചു എന്ന് മാത്രം പറയാം.  കമല്‍ ഹാസന്‍ എന്ന മഹാനടന്‍റെ മുന്‍കാല സിനിമകള്‍ തുലനം ചെയ്തു നോക്കുമ്പോള്‍ അദ്ദേഹത്തിനും ഈ സിനിമ മികച്ച ഒരു അഭിനയത്തിനുള്ള അവസരം നല്‍കിയില്ല എന്നത് ദുഖകരമായ സത്യമാണ്. ഈ പറഞ്ഞ പോരായ്മകള്‍ക്കിടയില്‍ എല്ലാം മികച്ചു നിന്നത് സിനിമയുടെ സാങ്കേതിക വശവും പിന്നെ ശങ്കര്‍ എഹ്സാന്‍ ലോയുടെ  സംഗീതവും മാത്രമാണ്. 

ആകെ മൊത്തം ടോട്ടല്‍ = അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കഥയോ ട്വിസ്ട്ടോ ഒന്നുമില്ലാതെ ചിത്രീകരിച്ച ഒരു തട്ടിക്കൂട്ട് പടം. ഇതിനു വേണ്ടിയായിരുന്നോ വിവാദങ്ങള്‍, ഇതിനു വേണ്ടിയാണോ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്നത് എന്ന് ചിന്തിച്ചു പോകുന്നു. 

*വിധി മാര്‍ക്ക്‌ = 5/10
-pravin-

Wednesday, February 6, 2013

ഞാനൊരു മുസ്ലീമാണ്.. അതിനര്‍ത്ഥം ഭീകരവാദി എന്നല്ല.

നമ്മുടെ ഇന്നത്തെ സാമൂഹികാവസ്ഥ എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ പോലും പറ്റാത്തൊരു ചുറ്റു പാടിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കലയും സംസ്ക്കാരവും ഇടകലര്‍ന്നു സ്വീകരിക്കപ്പെട്ട പാരമ്പര്യമാണ് ഭാരതത്തിനുണ്ടായിരുന്നത്. ആവിഷ്ക്കാര - അഭിപ്രായ സ്വാതന്ത്ര്യം വേണ്ടുവോളം കല്‍പ്പിക്കപ്പെട്ട ഒരു സമൂഹമായിട്ട് പോലും  കലയും സംസ്ക്കാരവും തമ്മില്‍ ഈ അടുത്ത കാലത്തായി പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു എന്നത് വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. 
ഈ വിഷയം പ്രധാനമായും രണ്ടു തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. കലാ സൃഷ്ടികള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പിന്തുണയോടെ  സാംസ്ക്കാരികതയുടെ അതിരുകള്‍ ഭേദിക്കുന്ന അവസ്ഥയാണ് ചിലപ്പോഴെങ്കിലും സംഘര്‍ഷത്തിനു കാരണമാകുന്നത് എങ്കില്‍ മറു വശത്ത് സാംസ്ക്കാരിക ഭീകരത കലയെ വിഴുങ്ങുന്ന കാഴ്ചയും സമൂഹത്തില്‍ ദര്‍ശനീയമാണ്. കലയും സംസ്ക്കാരവും അതിന്‍റെ വഴിയില്‍ നിന്ന് വ്യതി ചലിച്ചു നടക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന മാത്രമാണ് ഇത്തരം ആശയ സംഘര്‍ഷങ്ങള്‍. എന്ന് പറയാതെ വയ്യ . 
സിനിമയിലെ കഥാപാത്രങ്ങളുടെ മതം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല. പക്ഷെ, നിലവിലെ സെന്‍സര്‍ ബോര്‍ഡ് നിയമങ്ങള്‍ പാലിക്കാത്ത രീതിയില്‍ സിനിമകള്‍ വരുമ്പോള്‍ അതിനെ നിയന്ത്രിക്കേണ്ട ചുമതല അതാതു വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണ്. അതിനു പകരം അതെ ചുമതല കഥാപാത്രങ്ങളുടെ മതം നോക്കി അതാതു മത സംഘടനകള്‍ക്ക് വിഭജിച്ചു കൊടുക്കുന്ന രീതി ഒട്ടും അഭിലഷണീയമല്ല . പ്രതിഷേധവും അഭിപ്രായ പ്രകടനങ്ങളും അതിര് കടക്കുമ്പോള്‍ അത് മറ്റുള്ളവരുടെ ആവിഷ്ക്കാര - ആസ്വാദന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നായി മാറുകയുമരുത്. 

'ഇസ്ലാം', 'മുസ്ലീം' എന്നീ പദങ്ങളെ പോലെ സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റു പദങ്ങള്‍ ലോക ഭാഷയില്‍ തന്നെ ഉണ്ടാകില്ല എന്ന് വേണമെങ്കില്‍ പറയാം. ജീവിതത്തിലായാലും സിനിമയിലായാലും മുസ്ലീം നാമധാരികളായ മനുഷ്യരെയും  കഥാപാത്രങ്ങളെയും  മുന്‍ വിധിയോട് കൂടെ നോക്കി കാണുന്ന ഒരു കൂട്ടം ജനങ്ങള്‍ സമൂഹത്തില്‍ പലയിടത്തും ഉണ്ട് എന്നത് മറച്ചു വക്കാനാകാത്ത സത്യമാണ്. ഇസ്ലാം എന്നാല്‍ സമാധാനവും മുസ്ലീം എന്നാല്‍ അനുസരിക്കുന്നവന്‍ എന്നുമാണ് വിവക്ഷണം. പിന്നെവിടെയാണ് ഈ അര്‍ത്ഥത്തിനു മാറ്റം സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല.  അത് നിഷ്പക്ഷമായി അന്വേഷിക്കാനും ആരും തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. മുന്‍വിധികള്‍ അവിടെയും കടന്നു വരുന്നു. 

സിനിമകളില്‍ പലപ്പോഴും പല തരം സ്വഭാവങ്ങളിലുള്ള  മുസ്ലീം കഥാപാത്രങ്ങളെ നമ്മള്‍ കാണുന്നു എന്നതിലുപരി "ഇസ്ലാം" എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് വളരെ ചുരുക്കമാണ്. പ്രത്യേകിച്ചും കൊമേഴ്സ്യല്‍ സിനിമകളില്‍ . മലയാളത്തില്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത "ആദാമിന്റെ മകന്‍ അബു" എന്ന സിനിമ അത്തരം  കാഴ്ചപ്പാടുകളെ ഭേദിച്ച ഒരു മികച്ച സിനിമയായിരുന്നു എന്ന് പറയാം.

അതെ സമയം അതിനും മുന്നേ വന്ന സിനിമകളിലെല്ലാം അവതരിപ്പിക്കപ്പെട്ട  പ്രമേയങ്ങള്‍ മുസ്ലീമിന് നേരിടേണ്ടി വരുന്ന ചില സാമൂഹികാവസ്ഥകളെ മാത്രം ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു. അശോക്‌ ആര്‍ നാഥ് സംവിധാനം ചെയ്ത "മിഴികള്‍ സാക്ഷി", പി ടി കുഞ്ഞു മുഹമ്മദ്‌ സംവിധാനം ചെയ്ത "പരദേശി" ,ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത "ബോംബെ - മാര്‍ച്ച്‌ 12" തുടങ്ങീ സിനിമകള്‍ ആ വിഭാഗത്തില്‍ പെടുന്നവയാണ്.

മലയാള സിനിമകളില്‍ നിന്നും വേറിട്ട കാഴ്ചപ്പാടുകളാണ് ഈ വിഷയത്തില്‍ ബോളിവുഡിനു എന്നും പറയാനുണ്ടായിരുന്നത്. പലപ്പോഴും ബോളിവുഡ് സിനിമകള്‍ നിറപ്പകിട്ടില്‍ മാത്രം മുങ്ങി പോകുന്ന അവസ്ഥയാണ് കാണാന്‍ പോലും സാധിച്ചിരുന്നത്. മേലെ സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ കൂടി അതെ പശ്ചാത്തലത്തില്‍ നിരവധി ഹിന്ദി സിനിമകള്‍ വന്നു പോയി എന്ന കാര്യം മറച്ചു വക്കുന്നില്ല. പക്ഷെ അതിലെല്ലാം കടന്നു വന്ന വിഷയം പ്രണയവും, ചരിത്രവും മാത്രമായിരുന്നു . അക്ബര്‍ ഖാന്‍ സംവിധാനം ചെയ്ത "താജ് മഹല്‍', അഷുതോഷ് ഗോവരിക്കാര്‍ സംവിധാനം ചെയ്ത 'ജോദ്ധ അക്ബര്‍ 'തുടങ്ങീ സിനിമകള്‍ അതിനുദാഹരണങ്ങള്‍  മാത്രം.  തീവ്രവാദവും ഭീകരവാദവും പ്രമേയമാക്കി വന്ന സിനിമകള്‍ ഏറെയും ബോളിവുഡിലാണ് പിറന്നു വീണു കൊണ്ടിരുന്നത്. അതെ സമയം, ഈ അടുത്ത കാലത്ത്,  ഹിന്ദി കൊമെഴ്സ്യല്‍ സിനിമാ ചരിത്രത്തില്‍ ഇതിനൊരു അപവാദമായി കടന്നു വന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ്  ഷിബാനി ബാത്തിജ എഴുതി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത " My Name is Khan " .

ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ഡോക്ടര്‍ A .P .J അബ്ദുള്‍ കലാമിന് അമേരിക്കന്‍ എയര്‍ പോര്‍ട്ടില്‍ നിന്നുണ്ടായ ദുരവസ്ഥ നമുക്കറിയാം. ഒരു മുസ്ലീം ആയിപ്പോയി എന്ന പേരില്‍ മാത്രം ഒരാള്‍ക്ക്‌ മേലെ പല വിധ നിയമ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. സിനിമയിലെ റിസ്വാന്‍ ഖാന് സംഭവിക്കുന്നതും ഇത് തന്നെയാണ്. എയര്‍ പോര്‍ട്ട്‌ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്യുന്നതില്‍ നിന്ന് റിസ്വാന്‍ ഒരു മുസ്ലീമാണ് എന്ന് ബോധ്യപ്പെടുന്നു. ഇതേ തുടര്‍ന്ന് റിസ്വാന് മണിക്കൂറുകള്‍ നീളുന്ന ദേഹ പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുണ്ട്. ആ സമയത്തെല്ലാം റിസ്വാന്‍ ഖാന്‍ മന്ത്രിക്കുന്ന ഒരു വാക്കാണ്‌ സിനിമയുടെ ആശയത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നത്. 'My name is khan and i am not a terrorist " എന്നാണു റിസ്വാന്‍ പറഞ്ഞു കൊണ്ടിരുന്നത്. 

മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശോധനക്ക് ശേഷം റിസ്വാന്‍ ഒരു സാധാരണ മനുഷ്യനാണ് എന്ന് ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ റിസ്വാനെ യാത്ര ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ റിസ്വാനെ സംബന്ധിച്ചിടത്തോളം പരിശോധനക്കിടെ നഷ്ടപ്പെട്ട സമയം വിലപ്പെട്ട എന്തോ ആയിരുന്നു. ആ സമയം തിരിച്ചു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല എന്ന് കണ്ട റിസ്വാന്‍ അവരോട് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിന്‍റെ മേല്‍വിലാസത്തെ  കുറിച്ചാണ്. എന്ത് കൊണ്ട് താന്‍ ഇവ്വിധം പരിശോധിക്കപ്പെട്ടു എന്ന് അറിയേണ്ടത് റിസ്വാന്റെ അവകാശമാണ്. അതേതു രാജ്യത്തായാലും ആ അവകാശം ലംഘിക്കപ്പെടെണ്ട ഒന്നല്ല. പക്ഷെ ഇവിടെ അവകാശത്തെക്കാള്‍ കൂടുതല്‍ റിസ്വാന്‍ ബോധാവനാകുന്നുണ്ട്. താനൊരു മുസ്ലീമാണ്, ഭീകരവാദിയല്ല എന്ന് അമേരിക്കയുടെ പരമാധികാരിയോടു പറയേണ്ട തന്‍റെ കടമയെ കുറിച്ചാണ് റിസ്വാന്‍ ഉദ്യോഗസ്ഥരോട് വാചാലനാകുന്നത്. ഇവിടെയാണ്‌ സിനിമയും യാഥാര്‍ത്ഥ്യവും വഴി പിരിയുന്നത്. സിനിമയില്‍ ഒരു സാധാരണ ഇന്ത്യക്കാരന്  തോന്നിയ ചിന്ത, യാഥാര്‍ത്ഥ്യത്തില്‍ വന്നപ്പോള്‍  മുന്‍ ഇന്ത്യന്‍ പ്രസിഡന്ടിനു പോലും തോന്നിയില്ല. 

സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രൈഡ്‌  സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കയില്‍ ഉടലെടുത്ത  മുസ്ലീം വിരോധത്തിനിടയില്‍ പലര്‍ക്കും പല തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എത്രയോ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നു. ചിലര്‍ തെരുവുകളില്‍ അമേരിക്കക്കാരാല്‍ ആക്രമിക്കപ്പെട്ടു. റിസ്വാന്‍ ഖാന്‍ വിവാഹം ചെയ്തിരുന്നത്  വിധവയും ഒരു കുഞ്ഞുമുള്ള മന്ദിര എന്ന ഹിന്ദു സ്ത്രീയെയായിരുന്നു. വിവാഹ ശേഷം അവള്‍ റിസ്വാന്‍ ഖാന്റെ പേര് സ്വന്തം പെരിനോടും മകന്റെ പെരിനോടും കൂടെ ചേര്‍ത്തിരുന്നു. അമേരിക്കയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മന്ദിരക്കു സ്വന്തം കുഞ്ഞിനെ നഷ്ട്ടപ്പെടാന്‍ കാരണം അവന്റെ പേരിനോട് കൂടെയുള്ള 'ഖാന്‍' എന്ന വാക്കാണ്‌ എന്ന് മനസിലാക്കുന്ന മന്ദിര റിസ്വാന്‍ ഖാനുമായി വഴി പിരിയുന്ന ഒരു രംഗമുണ്ട്. എല്ലാത്തിനും കാരണം താനൊരു ഇസ്ലാം വിശ്വാസി ആയിപ്പോയതാണോ എന്ന് ചിന്തിച്ച് നില്‍ക്കുന്ന റിസ്വാന്‍ ഖാന്‍ പക്ഷെ ഒരിക്കലും തളരാന്‍ തയ്യാറല്ലായിരുന്നു. ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ കൈ വെടിയാതെ തന്നെ ഓരോ പ്രതികൂല സാഹചര്യങ്ങളെയും റിസ്വാന്‍ തരണം ചെയ്യുന്നിടത്താണ് സിനിമ അതിന്റെ കര്‍ത്തവ്യത്തിലേക്ക് പൂര്‍ണ രൂപത്തില്‍ തിരികെയെത്തുന്നത്. 

മതങ്ങളെയും വിശ്വാസികളെയും  മുന്‍വിധിയോടു കൂടെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരോട് ഈ സിനിമക്ക് പറയാന്‍ ഒരുപാടുണ്ട്. അതിലേറ്റവും  പ്രസക്തമായ രംഗം സിനിമയുടെ ആദ്യ പകുതിയില്‍ തന്നെ നമുക്ക് സംവിധായകന്‍ മനസിലാക്കി തരുന്നുമുണ്ട്. 1983ല്‍  മുംബൈയില്‍ നടന്ന  ഹിന്ദു- മുസ്ലീം കലാപത്തെ തുടര്‍ന്ന് കുട്ടിയായ റിസ്വാന്റെ മനസ്സില്‍ എങ്ങിനെയോ രൂപപ്പെട്ട പകയെ അമ്മയായ രസിയാ ഖാന്‍ മായ്ച്ചു കളയുന്ന രംഗം ചിന്തനീയമാണ്. രണ്ടു മനുഷ്യരുടെ ചിത്രങ്ങള്‍ വരച്ചു കാണിച്ചു കൊടുത്ത് കൊണ്ട് അമ്മ അവനോടു ചോദിക്കുന്നുണ്ട് ഇതില്‍ ഏതാണ് ഹിന്ദു, ഏതാണ് മുസ്ലീം എന്ന്. ഒരേ പോലുള്ള രണ്ടു ചിത്രങ്ങളില്‍ നിന്ന് രണ്ടു മത വിശ്വാസികളെ എങ്ങിനെ അമ്മക്ക് പറഞ്ഞു കൊടുക്കും എന്നാലോചിരിക്കുന്ന റിസ്വാനോട് മറുപടിയായി അമ്മ വീണ്ടും പറയുന്നത് ഇങ്ങിനെയാണ്, "മനുഷ്യന്മാര്‍ രണ്ടു തരത്തില്‍ മാത്രമേ ഉള്ളൂ. നല്ല മനുഷ്യ രും,  പിന്നെ ചീത്ത മനുഷ്യരും. അവിടെ ഹിന്ദുവും മുസ്ലീമും എന്ന വകഭേദമേ ഇല്ല." അമ്മയുടെ ഈ വാക്കുകള്‍ കേട്ട് കൊണ്ട് നിഷ്ക്കളങ്കമായി ചിന്തിക്കുന്ന റിസ്വാനെയാണ് അവിടെ നമുക്ക് കാണാന്‍ കഴിയുക. ഈ നിഷ്ക്കളങ്കമായ ചിന്ത തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിനു ഇല്ലാതെ പോകുന്നതും. വിശ്വാസങ്ങളുടെയും ദൈവത്തിന്റെയും പേരില്‍ നമ്മള്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരിക്കുന്നത് ? ചിന്തിക്കുക .റിസ്വാനെ പോലെ. നിഷ്ക്കളങ്കമായി തന്നെ . 

* ഇ മഷി മാഗസിന്‍ ലക്കം ആറില്‍  , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 

-pravin - 

Sunday, January 27, 2013

നടുവുല കൊഞ്ചം പക്കത്ത കാണോം


പേര് കേട്ടിട്ട് ആരും കിടുങ്ങുകയോ  മുന്‍വിധികള്‍ കൊണ്ട് സിനിമയെ വിലയിരുത്തുകയോ ചെയ്യണ്ട. ചെയ്തിട്ടും കാര്യമില്ല. സിനിമ എപ്പോഴേ റിലീസാകുകയും  എന്തിനു പറയുന്നു കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ വരെ ഇടം പിടിച്ചിരിക്കുന്നു . നമ്മള്‍ അങ്ങിനെയാണ് പലപ്പോഴും സിനിമകളെ വിലയിരുത്തുന്നത്. ആദ്യം പേര് നോക്കും, പിന്നെ പോസ്റ്റര്‍ നോക്കും, ആരാണ് അഭിനയിക്കുന്നത് എന്ന് നോക്കും. അതിനൊക്കെ ശേഷം പറ്റിയാല്‍ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊക്കെ മാത്രം ഒരു സിനിമയെ വിലയിരുത്താന്‍ ആകുമോ ? പറ്റില്ല എന്നാണു ഈ സിനിമ നമ്മളോട് പറയുന്നത്. അതിനാദ്യം ഈ സിനിമ കണ്ടു നോക്കണം. 

ആദ്യമേ പറയട്ടെ, ഇതൊരു സംഭവ കഥയാണ്. സി. പ്രേം കുമാര്‍ എന്ന cinematographer നു അയാളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു വിചിത്ര അനുഭവമാണ് ഈ  സിനിമയിലൂടെ പങ്കു വക്കുന്നത്. പ്രേം കുമാറിന് നേരിടേണ്ടി വന്ന വിചിത്രാനുഭവം എന്നതിനേക്കാള്‍ പ്രേം കുമാര്‍ കാരണം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ബാലാജി, സരസ്, ഭഗവതി എന്നീ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടി വന്ന ചില സങ്കീര്‍ണ സാഹചര്യങ്ങള്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം തന്‍റെ  ജീവിതത്തില്‍ നടന്ന ആ വിചിത്രമായ സംഭവം എന്താണെന്ന് പ്രേം കുമാറിന് കൂട്ടുകാരുടെ സഹായത്താലാണ് മനസിലാക്കാന്‍ പോലും സാധിക്കുന്നത്. എന്താണ് ആ വിചിത്രമായ സംഭവം, എങ്ങിനെയാണ് അവര്‍ ആ സംഭവത്തെ നേരിടുന്നത് എന്നതിലൂടെയാണ്‌ സിനിമ ചാലിക്കുന്നത്‌ . 

വലിയൊരു കഥയോ തിരക്കഥയോ ഇല്ലാതെ തന്നെ ഈ സിനിമയെ ഏറെക്കുറെ realistic ആയി അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് സംവിധായകന്റെ മിടുക്ക്.   പ്രേം കുമാറിന്റെ ജീവിതത്തിലെ ആ നിര്‍ണായക നിമിഷങ്ങള്‍ സ്ക്രിപ്റ്റ് രൂപത്തില്‍ മാറ്റിയെടുത്തതും പിന്നീടതൊരു സിനിമയാക്കി മാറ്റിയതിനും പിന്നില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു പ്രധാന വേഷം നിര്‍വഹിച്ചത്. സുഹൃത്തായ ബാലാജി തരണീതരന്‍ സംവിധാനം ഏറ്റെടുത്തപ്പോള്‍ ഭഗവതി പെരുമാള്‍ എന്ന സുഹൃത്ത് അതെ പേരില്‍ തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. തന്റെ സ്വന്തം കഥ സിനിമയായി മാറ്റാന്‍ കൂട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ ഒരു ച്ഛായാഗ്രഹകന്‍റെ ജോലി സി . പ്രേം കുമാര്‍ തന്നെ ഏറ്റെടുത്തു.  ഈ കൂട്ടായ്മയുടെ ആകെ തുകയാണ് "നടുവുല കൊഞ്ചം പക്കത്ത   കാണോം " എന്ന ഈ കോമഡി ത്രില്ലര്‍ സിനിമ എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = ചെറിയൊരു സംഭവത്തെ നല്ലൊരു കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ ഒട്ടും ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിച്ചിരിക്കുന്നു. ബാലാജിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഒരു അനുഭവ കഥ എന്ന നിലയിലും ഈ സിനിമ ഇരു കൈയ്യും  നീട്ടി സ്വീകരിക്കാവുന്ന ഒന്ന് തന്നെയാണ്. 

* വിധി മാര്‍ക്ക്‌ = 8.5/10

-pravin-

Friday, January 11, 2013

'ഗുരു' വിന്‍റെ സാമൂഹിക പ്രസക്തി എന്താണ് ?


1997 ല്‍  രാജിവ് അഞ്ചല്‍ സംവിധാനം ചെയ്ത സിനിമയാണ് ഗുരു. സി ജി രാജേന്ദ്ര ബാബുവാണ് ഈ സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും എഴുതിയത്. മലയാള സിനിമയില്‍  അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക തരം അവതരണ രീതിയും ആശയവുമാണ് ഈ സിനിമയെ മികവുറ്റതാക്കി മാറ്റിയത്. വിദേശ ഭാഷാ സിനിമക്കുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിനായി  ഇന്ത്യ നിർദ്ദേശിച്ച ആദ്യ  മലയാള സിനിമ എന്ന പ്രശസ്തിയും ഈ സിനിമക്കുണ്ട്. സിനിമ റിലീസ് ആയ കാലത്ത് പല നിരൂപകരും ഈ സിനിമയെ വാനോളം പുകഴ്ത്തിയതിന്റെ പ്രധാന കാരണം   സിനിമയിലടങ്ങിയ  ഉട്ടോപ്യന്‍ ആശയമായിരുന്നു.  ഒരു ഉട്ടോപ്യന്‍ ആശയത്തെ വിഭാവനം ചെയ്ത സിനിമ എന്നതിലുപരി ഗുരു എന്ന സിനിമക്ക്  കേരളത്തോടും നമ്മോടും പറയാനുള്ളത് എന്തായിരുന്നു എന്നതാണ് അന്വേഷണ വിധേയമാക്കേണ്ട  കാര്യം. 

സ്നേഹവും സമാധാനവും   തളിര്‍ത്തു വളര്‍ന്നിരുന്ന ഒരു സുന്ദരമായ ഗ്രാമം. ഹിന്ദുവും മുസ്ലീമും പരസ്പ്പര സഹായ സഹകരണത്തോടെയും ഐക്യത്തോടെയുമാണ്‌ അവിടെ ജീവിച്ചിരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ആയുധമാക്കാന്‍ തീരുമാനിക്കുന്ന ഒരു കൂട്ടം ദുഷ്ട ശക്തികള്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷത്തിനു വഴി തെളിയിക്കുന്നിടത്തു നിന്നാണ് സിനിമ മുന്നോട്ടു ചലിക്കുന്നത്.  

കുട്ടികള്‍ക്ക് സത്യത്തില്‍ മതമുണ്ടോ ? ഇല്ല എന്നാണു സിനിമയിലൂടെ സംവിധായകന്‍ നമുക്ക് പറഞ്ഞു തരുന്നത്.  മുസ്ലീം സുഹൃത്തിന്‍റെ തൊപ്പി ധരിച്ചു കൊണ്ട് അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ കയറുന്ന കുട്ടിയിലൂടെ സംവിധായകന്‍ അത് നമുക്ക് തെളിയിച്ചു തരുന്നുണ്ട്. പക്ഷെ കുട്ടികള്‍ക്കില്ലാത്ത മറ്റെന്തൊക്കെയോ മത വിവരമാണ് മുതിര്‍ന്നവര്‍ക്ക്. അത് കൊണ്ട് തന്നെ അവര്‍ ഈ പ്രശ്നത്തെ ദൈവ ഭയത്തോടെയാണ് നോക്കി കാണുന്നത്. അഹിന്ദുവായ ഒരു കുട്ടി അമ്പലത്തില്‍ കയറി എന്ന് തെറ്റിദ്ധരിക്കുന്ന പൂജാരിയും, ഇതേ ഭയം ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയാണ്. സമുദായങ്ങളുടെ ഈ ഭയത്തെയും ആചാര വിശ്വാസങ്ങളെയും ചൂഷണം ചെയ്യുന്ന ദുഷ്ട ശക്തികള്‍ ഈ പ്രശ്നത്തെ ഒരു വര്‍ഗീയ കലാപം വരെ എത്തിക്കുന്നതില്‍ വിജയിക്കുന്നുമുണ്ട്. 

പൂജാരിയുടെ മകനായ രഘുരാമന്‍ തന്‍റെ അച്ഛന്റെ ഘാതകരായ മുസ്ലീമുകളെ കൊല്ലാന്‍ തീരുമാനിക്കുന്നു. ഇതിനായി രഘുരാമന്  ഹിന്ദു സംഘടനകളുടെ കൂട്ടത്തില്‍ ചേരുകയും അവരുമായി സഹകരിക്കേണ്ടിയും വരുന്നു. കലാപത്തില്‍ പരിക്കേറ്റ മുസ്ലീമുകള്‍ ഒരാശ്രമത്തില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്ന വിവരം കിട്ടിയതിനനുസരിച്ച് രഘു രാമനും കൂട്ടരും അവരെയില്ലാതാക്കാന്‍ വേണ്ടി അങ്ങോട്ട്‌ തിരിക്കുന്നുണ്ട്. ശേഷം ഗുരുവിന്‍റെ മെതിയടിയില്‍ സ്പര്‍ശിക്കേണ്ടി വരുന്ന രഘു രാമന് കിട്ടുന്ന പ്രബോധനമാണ് കഥയുടെ പ്രധാന തന്തു. 

രഘു രാമന്‍ മറ്റൊരു വിചിത്ര ലോകത്തിലേക്ക് വഴുതി വീഴുകയാണ്. ആ വീഴ്ച ചെന്നെത്തി നില്‍ക്കുന്നത് അന്ധന്മാരുടെ രാജ്യത്താണ്. അന്ധന്മാരായ ജനങ്ങളുടെ രാജാവും അന്ധന്‍ തന്നെ എന്നത് അതിലേറെ വിചിത്രം. കാഴ്ച എന്താണ് എന്നറിയാത്ത ആ ജനക്കൂട്ടത്തില്‍ രഘു രാമന്‍ വേറിട്ട്‌ നില്‍ക്കുന്നു .കൊക്കയിലേക്ക് നടന്നു വീഴാന്‍ പോയ രമണകന്‍ എന്ന അന്ധനെ രഘുരാമന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ട്. രമണകനും രഘുരാമനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം അതായിരുന്നു. കാഴ്ച്ചയെ കുറിച്ച് രമണകനെ പോലെ തന്നെ അന്നാട്ടിലെ ഒരാള്‍ക്കും ഒന്നും അറിയില്ലെന്ന് മനസിലാക്കുന്ന രഘുരാമന്‍ സാവധാനം കാഴ്ച എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. പക്ഷെ, ഒരാളും രഘുരാമനെ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, രഘു രാമനെ നീച ശക്തിയായി വിലയിരുത്തുകയും ചെയ്യുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുന്ന രാജാവ് തന്‍റെ സൈന്യത്തോട് രഘു രാമനെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ ആജ്ഞാപിക്കുന്നു. 

അന്ധന്മാരുടെ ആ ലോകത്ത് രഘു രാമനെ വിശ്വസിക്കാന്‍ രമണകന്‍ മാത്രമേ തയ്യാറുണ്ടായിരുന്നുള്ളൂ. രാജ്യത്തിലെ ഓരോ സ്ഥിതി വിശേഷങ്ങളും രമണകനില്‍ നിന്ന് മനസിലാക്കിയെടുക്കുന്ന രഘുരാമന്‍ രാജ്യത്തെ പഴയ ആചാരങ്ങളെ ചോദ്യം ചെയ്യുന്നു.  നെടുമുടി വേണു അവതരിപ്പിക്കുന്ന അന്ധനായ അധ്യാപകന്‍ രഘുരാമന്റെ കണ്ണിലൂടെ പ്രേക്ഷകനെയും ചിന്തിപ്പിക്കുന്ന ഒരു രംഗമുണ്ട്. അധ്യാപകന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്‌ കാഴ്ച എന്നൊന്ന് ഈ ലോകത്തിലില്ല എന്നും കാഴ്ച്ചയുടെ പേരും പറഞ്ഞു അടുത്തു വരുന്ന ദുഷ്ട ശക്തികളെ ആട്ടിയോടിക്കാനുമാണ്.രഘുരാമനാല്‍  ചോദ്യം ചെയ്യപ്പെടുന്ന അധ്യാപകന് പറയാന്‍ വ്യക്തമായ ഉത്തരമില്ലാത്തതു കൊണ്ടാണ് രഘു രാമനെ രാജ്യത്തിന്‍റെ  പൊതു ശത്രുവായി കാണാന്‍ ആഹ്വാനം ചെയ്യുന്നത് പോലും.  

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഇലാമ പഴത്തിന്റെ ചാറ്‌ വായില്‍ ഒറ്റിച്ച് കൊടുക്കുന്ന കാഴ്ച രഘുരാമന്‍ കൌതുകത്തോടെയാണ് വീക്ഷിക്കുന്നത്. പഴത്തിന്‍റെ ചാറ് പിഴിഞ്ഞെടുക്കുന്ന സമയത്ത് പഴത്തിന്റെ കുരു വലിച്ചെറിയുന്നു. രമണകന്‍ പറഞ്ഞു കൊടുക്കുന്ന പ്രകാരം ആ പഴമാണ് അവരുടെ ജീവന്‍റെ  ആധാരം. പഴത്തിന്‍റെ കുരുവാകട്ടെ മാരക വിഷവും . അത് കൊണ്ടാണ് അത് വലിച്ചെറിയുന്നത് . പണ്ട് മുതലേ തുടങ്ങി വച്ച ആ ചടങ്ങ് ഇന്നും തുടരുകയും ചെയ്യുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ രഘു രാമന്‍ പോലും ആ കനി ഭക്ഷിക്കാന്‍ തയ്യാറാകുന്നു എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. തുടക്കത്തില്‍ ഒരു ഇലാമ പഴം ഭക്ഷിച്ച രഘു രാമന്‍ പിന്നീട് ആര്‍ത്തിയോടെയാണ് അടുത്ത ഓരോ ഇലാമ പഴവും ഭക്ഷിക്കുന്നത്. സാവധാനം കാഴ്ച മങ്ങി തുടങ്ങുന്ന രഘു രാമന്‍ ഇലാമ പഴമാണ് അന്നാട്ടിലെ ആളുകളുടെ അന്ധത്ക്ക് കാരണം എന്നുറക്കെ വിളിച്ചു പറയുന്നു. 

ഇലാമ പഴത്തിനെ കുറ്റം പറഞ്ഞ നീചനെ വധിക്കാന്‍ അന്നാള് വരെ ആര്‍ക്കും വിധിക്കാത്ത ശിക്ഷയാണ് രാജാവ് വിധിക്കുന്നത്. ഇലാമ പഴത്തിന്‍റെ കുരു പാലില്‍ അരച്ച് കലക്കി കുടിക്കാന്‍ വിധിക്കപ്പെട്ട രഘു രാമനു അത് കുടിക്കുന്നതിലൂടെയാണ് കാഴ്ച തിരിച്ചു കിട്ടുന്നത്. ഇവിടെ രഘു രാമന് കാഴ്ച കിട്ടി എന്നത് വിശ്വസിക്കാന്‍ പോലും ആരും ആദ്യമാദ്യം തയ്യാറാകുന്നില്ല . എങ്കിലും പിന്നീട് രമണകനിലൂടെ രഘുരാമന്‍ അത് സാധിച്ചെടുക്കുന്നുണ്ട്. അവസാനവസാനം രാജാവടക്കമുള്ളവര്‍ രഘുരാമന്റെ കാഴ്ച സിദ്ധാന്തത്തെ അംഗീകരിക്കുകയും സ്വയം മാറ്റത്തിന് വിധേയരാകുകയും ചെയ്യുന്നുണ്ട്. 

കഥയിലായാലും സമൂഹത്തിലായാലും ഈ വിദൂര സാധ്യതയായിരിക്കാം  സിനിമയെ  ഉട്ടോപ്യന്‍ ആശയവുമായി താരതമ്യം ചെയ്യാന്‍ നിരൂപകരെ ഏറെ  നിര്‍ബന്ധിച്ച ഒരു പ്രധാന കാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഒരര്‍ത്ഥത്തില്‍ നമ്മുടെ സമൂഹവും  അന്ധതയിലാണ്. രഘു രാമന്‍മാരെ നമ്മള്‍ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. അവരെ കൊലക്കു കൊടുക്കാനാണ് നമ്മള്‍ എന്നും ശ്രമിക്കുന്നത്. ഇലാമ പഴം എന്ന് കരുതി നമ്മള്‍ ഭക്ഷിക്കുന്ന പഴങ്ങള്‍ നമ്മുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയാലും ഇലാമ പഴത്തിന്റെ പ്രധാനാംശത്തെ വിഷമായി കാണാനും അത് നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് നമ്മളെ ആരൊക്കെയോ പഠിപ്പിക്കുന്നത്.  

മതിലിനപ്പുറം നില്‍ക്കുന്ന ഒരാളെ എന്ത് കൊണ്ട് കാഴ്ചയുള്ളവന് കാണാന്‍ സാധിക്കുന്നില്ല എന്ന് രാജാവ് രഘുരാമനോട് ചോദിക്കുന്നുണ്ട്. അതിനുത്തരമായി രഘുരാമന്‍ പറയുന്നത് അവിടെ ഒരു മതിലുണ്ട്, ആ മതില് കാരണം കാഴ്ച്ചയുണ്ടായിട്ടും തനിക്കു കാണാന്‍ സാധിക്കുന്നില്ല എന്നാണു. മറുപടിയായി രാജാവ് വീണ്ടും ചോദിക്കുന്നു.

" എന്താണ് ഈ മതില്‍? "

ഇതേ ചോദ്യമാണ് നമ്മള്‍ നമ്മളോട് ചോദിക്കേണ്ടത്, എവിടെയാണ് നമുക്കിടയില്‍ മതില്‍ ? ആരാണ് ആ മതില്‍ കെട്ടിയത് ? സത്യത്തില്‍ എന്തിനാണീ മതില്‍ ? പിന്നെയും ഉണ്ടാകും ചോദ്യങ്ങള്‍ ഒരുപാട്. അതിനെല്ലാം ഉത്തരം കണ്ടെത്തുക എന്നത് ദുഷ്ക്കരവുമാണ് .

മതങ്ങളുടെ അന്തസത്ത മനസിലാക്കാതെ മതം പറഞ്ഞു തരുന്നത് മാത്രം ഭക്ഷിച്ചാല്‍ നമുക്ക് ദൈവ ബോധവും ഭക്തിയും ഭയവും എല്ലാം ഉണ്ടാകും. പക്ഷെ കാഴ്ച കിട്ടിയിട്ടും കൂടെയുള്ളവരെ കാണാന്‍ കഴിയാത്ത മനുഷ്യരുടെ അവസ്ഥ മാത്രമായിരിക്കും അത്. ഇരുട്ടില്‍ തപ്പി തടഞ്ഞ മനുഷ്യന്‍ വെളിച്ചം വന്നിട്ടും തപ്പി തടയേണ്ട അവസ്ഥ ചിന്തനീയമാണ്. സത്യത്തെ അന്വേഷിക്കുക മനസിലാക്കുക.അതിനു നമ്മള്‍ ശ്രമിക്കാത്തിടത്തോളം കാലം മതങ്ങള്‍ നമുക്ക് എന്നും ഇലാമ പഴം തന്നെയാകും. 


* ഇ മഷി മാഗസിന്‍ ലക്കം അഞ്ചില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി

- pravin-