Thursday, March 26, 2026

ആടിന്റെ മൂന്നാം വരവും ടൈം ട്രാവലും !!


'ആട്' എന്ന ടൈറ്റിലിനോട് എല്ലാ തലത്തിലും കണക്റ്റായി കിടന്ന ഒരു കഥയായിരുന്നു ഒന്നാം ഭാഗത്തിന്റേത്.. രണ്ടാം ഭാഗത്തിൽ, ടൈറ്റിൽ കഥാപാത്രമായ ആട് ഇല്ലാതായപ്പോഴും ആദ്യ ഭാഗത്തിൽ നമ്മളെ രസിപ്പിച്ച കഥാപാത്രങ്ങളുടെ രണ്ടാം വരവ് ആഘോഷമായി മാറുകയായിരുന്നു.

ഇപ്പോൾ മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോൾ ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയൊരു കാൻവാസിലേക്ക് മാറ്റിയവതരിപ്പിക്കപെടുകയാണ് 'ആട്'.

ഷാജി പാപ്പനേയും കൂട്ടരെയും രണ്ടു കാലഘട്ടത്തിൽ വ്യത്യസ്ത ടൈം ലൈനിലൂടെ ഒരു കോമിക് മൂഡിൽ പറഞ്ഞവതരിപ്പിക്കുന്ന സാഹസമാണ് 'ആട് 3' എന്ന് പറയാം.

ഈ ടൈപ്പ് സിനിമകളിൽ ഇത് വരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു ഴോനർ മാറ്റം കൊണ്ട് പുതുമയുള്ള അവതരണ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ഈയൊരു സംഗതിയോട് താൽപ്പര്യം തോന്നുന്നവർക്ക് സിനിമ കണക്ട് ആകുകയും അല്ലാത്തവർക്ക് വർക് ഔട്ട് ആകാതെ പോകുകയും ചെയ്യുമെന്നത് കട്ടായം. ആട് 3 ആ തലത്തിൽ വളരെ റിസ്ക്കുള്ള ഒരു പരീക്ഷണം തന്നെയാണ്.

ആദ്യ ഭാഗത്തിൽ നീല കൊടുവേലിക്ക് വേണ്ടിയും രണ്ടാം ഭാഗത്തിൽ കമ്മട്ടത്തിനു വേണ്ടിയും നടത്തുന്ന അന്വേഷണത്തെ പോലെ ഇവിടെ നക്ഷത്ര ധൂളിക്ക് വേണ്ടിയുള്ള അന്വേഷണമാണ് സിനിമയുടെ രസച്ചരട് മുറുക്കുന്നത്.

ജയസൂര്യയുടെ പാപ്പനും വിനായകന്റെ ഡൂഡും തന്നെയാണ് ഈ ഫൺ റൈഡിന്റെ അമരക്കാർ. പത്മനാഭ തമ്പുരാനും, അസം ഖാനുമൊക്കെയായി അവർ രണ്ടു പേരും സ്‌കോർ ചെയ്തു. ധർമ്മജന്റെ കൗണ്ടർ അടിയും രസകരമായിരുന്നു.

2015 ൽ ആദ്യമായി കണ്ടപ്പോൾ എങ്ങിനെയിരുന്നോ അതേ രൂപത്തിൽ അതേ ഓളത്തിൽ ആട് ഫ്രാഞ്ചൈസിയിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾക്കിപ്പുറവും പുനരവതരിപ്പിക്കാൻ സാധിക്കുന്ന അപൂർവ്വതക്ക് കൈയ്യടി വേറെ കൊടുക്കണം. കഥാപാത്ര പ്രകടനങ്ങളിൽ പോലും ആ ഒരു തുടർച്ച അനുഭവപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

മൂന്നാം ഭാഗത്തിന്റെ അവസാന പതിപ്പിനായി കാത്തിരിക്കാൻ പാകത്തിലുള്ള ടെയ്ൽ എൻഡ് കൂടി സമ്മാനിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

അസ്ഥാനത്ത്‌ പ്ലേസ് ചെയ്ത പോലെ തോന്നിക്കാവുന്ന ചില കോമഡി രംഗങ്ങളും, ചില ചളി കോമഡികളും, സാത്താൻ സേവ്യറിന്റെ മുൻജന്മത്തിലെ സായിപ്പ് മലയാളവുമൊക്കെ പോലെയുള്ള കല്ല് കടികൾ ഒഴിച്ച് നിർത്തിയാൽ മേക്കിങ് മികവും സാങ്കേതിക മേന്മയുമുള്ള ഒരു വറൈറ്റി എന്റെർറ്റൈനർ തന്നെയാണ് 'ആട് 3'.

©bhadran praveen sekhar

Friday, March 13, 2026

ഒരു ഫീൽ ഗുഡ് ജയറാം സിനിമ !!





ക്രൈം / ഇൻവെസ്റ്റിഗേഷൻ / ആക്ഷൻ/ ഹൊറർ ത്രില്ലർ സിനിമകൾ കളം നിറഞ്ഞു നിൽക്കുന്ന സമയത്ത് സകുടുംബം പോയി കാണാവുന്ന ഒരു സിനിമ.

ഒരിടവേളക്ക് ശേഷം കുടുംബ സിനിമയിലൂടെ ജയറാം മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്നതിനേക്കാൾ പുതു തലമുറക്കൊപ്പം പുതിയ സിനിമാന്തരീക്ഷത്തിൽ ജയറാമെന്ന നടന്റെ സാധ്യതകൾ വീണ്ടും ചർച്ചക്ക് വെക്കുന്നുണ്ട് 'ആശകൾ ആയിരം'.

ഹരിഹരൻ എന്ന കഥാപാത്രത്തെ ആ തലത്തിൽ അദ്ദേഹം പക്വമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. സിനിമയിലും സിനിമക്കുള്ളിലെ സിനിമയിലും ആ പെർഫോമൻസ് ശ്രദ്ധേയമായി അടയാളപ്പെടുന്നുണ്ട്.

കാളിദാസ് ജയറാമിന്റെ തമിഴ് സിനിമകളിലെ പ്രകടനത്തോളം എത്തില്ലെങ്കിലും ഹരിഹരന്റെ മകൻ വേഷം അയാളും നന്നായി ചെയ്തിട്ടുണ്ട്.

അതേ സമയം ജയറാം - കാളിദാസൻ ടീമിന്റെ അച്ഛൻ മകൻ വേഷങ്ങളും പ്രകടനങ്ങളുമൊക്കെ ഒന്നിച്ചു വിലയിരുത്തിയാൽ 'നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാണ്' എന്ന് പറയാം.

അനുരാഗ കരിക്കിൻ വെള്ളത്തിലെ പോലെ ഒരു വീട്ടമ്മ വേഷം എന്നതിനപ്പുറത്തേക്ക് ആശാ ശരത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായില്ല.
ഷറഫുദ്ധീൻ കൊള്ളാം. കോമഡിയും നെഗറ്റിവ് ഷെയ്ഡുമുള്ള കഥാപാത്രത്തെ നന്നായി ചെയ്തിട്ടുണ്ട്.

'സന്ദേശം', 'കൊച്ചു കൊച്ചു സന്തോഷങ്ങൾ', 'വീണ്ടും ചില വീട്ടുകാര്യങ്ങൾ', 'ഷാർജ റ്റു ഷാർജ' പോലുള്ള പഴയ കാല ജയറാം സിനിമകളിലെ റഫറൻസുകളൊക്കെ സിനിമയിൽ മനോഹരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആ കൂട്ടത്തിൽ 'സലാം കശ്മീരി'ലെ മേജർ ശ്രീകുമാറിന്റെ വിഖ്യാതമായ ഭാവപ്രകടനവും പാപപ്പ ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ രസകരമായി തന്നെ കടന്നു വരുന്നുണ്ട്.

അച്ഛൻ -മകൻ തമ്മിലുള്ള അടുപ്പവും ഈഗോ ക്ലാഷും അകൽച്ചയുമൊക്കെ പ്രമേയവത്ക്കരിക്കുന്ന ഒരു ടിപ്പിക്കൽ കുടുംബ കഥയുടെ ടെമ്പ്ലേറ്റിനുള്ളിലേക്ക് രണ്ടു തലമുറക്കാരുടെ സിനിമാ മോഹത്തിന്റെ കഥ കൂടി തുന്നി ചേർത്ത് അവതരിപ്പിക്കുന്നിടത്താണ് 'ആശകൾ ആയിര'ത്തിന്റെ ആസ്വാദനം. ക്ലൈമാക്സ് സീനുകളൊക്കെ ആ നിലക്ക് വൈകാരികമാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്.

©bhadran praveen sekhar

Wednesday, February 18, 2026

ചിരിയുടെ 'പ്രകമ്പനം' !!


'അടി കപ്യാരെ കൂട്ടമണി' യും 'രോമാഞ്ച'വുമൊക്കെ വിജയിച്ചു കയറിയ അതേ പാതയിലൂടെ ഹൊറർ-കോമഡി ഴോണറിൽ മറ്റൊരു രസികൻ പടം.

ഹോസ്റ്റൽ ലൈഫും, സൗഹൃദവും, പ്രേത ബാധയുമൊക്കെ ഒരുമിച്ച് വീണ്ടും പ്രമേയവത്ക്കരിക്കപ്പെടുന്നു എന്നതൊഴിച്ചാൽ മേൽപ്പറഞ്ഞ സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു കഥയാണ് പ്രകമ്പനം പറയുന്നത്.

ഒരു ഹൊറർ-കോമഡി എന്റെർറ്റൈനെർ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന അവതരണം.

കണ്ണൂരിന്റെ പ്രാദേശികതയും, കമ്യൂണിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലവുമൊക്കെ സിനിമയുടെ കഥാപരിസരത്തെ രസകരമാക്കി മാറ്റുന്നുണ്ട്.

ഭക്തിയും, കമ്യൂണിസവും, സദാചാരവും, അന്ധവിശ്വാസവുമൊക്ക കൂട്ടി ചേർത്ത് ആദ്യാവസാനം വരെ ചിരിക്കാനുള്ള വകുപ്പുകൾ എഴുതി വച്ചിട്ടുണ്ട് ശ്രീഹരി വടക്കൻ.

പുതുതലമുറക്കാരെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമകളിൽ വീട്ടുകാർക്കും വയസ്സായവർക്കുമൊന്നും കാര്യപ്പെട്ട റോളുണ്ടാകാറില്ല എന്ന പരാതി തീർപ്പാക്കുന്നുണ്ട് 'പ്രകമ്പനം'.


മല്ലിക സുകുമാരന്റെ ചെമ്പകത്തമ്മ ആ നിലക്ക് ഈ സിനിമയുടെ നെടും തൂണാണ്.

പ്രകടനം കൊണ്ടായാലും ഡയലോഗ് ഡെലിവറി കൊണ്ടായാലും അവര് ഈ സിനിമയിൽ ഉണ്ടാക്കുന്ന 'പ്രകമ്പനം' ചെറുതല്ല. 

കണ്ണാ...എന്ന ഒരൊറ്റ വിളി തന്നെ ധാരാളം !!

സാഗർ - ഗണപതി - അമീൻ ടീമിന്റെ പ്രകടനങ്ങളും സൗഹൃദ കോംബോയുമൊക്കെ രസകരമായി തന്നെ വർക് ഔട്ട് ആയിട്ടുണ്ട്.

പ്രകടനത്തിൽ ഒന്ന് പാളിയാൽ സിനിമ തന്നെ മൊത്തത്തിൽ അടപടലം വീണു പോകാവുന്ന തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു സാഗറിന്റെ പുണ്യാളൻ. പക്ഷെ സാഗർ അത് കൃത്യതയോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിച്ചു. പ്രത്യേകിച്ച് രണ്ടു കഥാപാത്രങ്ങളായി മാറി മറയുന്ന ട്രാൻസ്ഫോർമേഷൻ സീനുകളിൽ.

കലാഭവൻ നവാസിന്റെതും വേറിട്ടൊരു വേഷമായിരുന്നു. സ്‌ക്രീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഇനിയും എത്രയെത്ര വേഷങ്ങൾ ചെയ്യേണ്ടിയിരുന്ന ആളായിരുന്നു എന്ന ചിന്തയിലാണ്ടു പോയി.

അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ അടക്കം സിനിമയിൽ വന്നു പോയവരെല്ലാം ചിരി പടർത്തി.

ഹൊറർ-കോമഡി ഴോണറിൽ ഇനിയും തുടർച്ചയുണ്ടാകാനുള്ള സാധ്യതകൾ കൂടി അവശേഷിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. എന്തായാലും വിജേഷ് പാണത്തൂരിനു സധൈര്യം ചിരിയുടെ പ്രകമ്പനം തുടരാം.

©bhadran praveen sekhar

Friday, February 6, 2026

Sector 36

നോയ്ഡയിൽ അരങ്ങേറിയ കൊലപാതക പരമ്പരയാണ് സിനിമയുടെ ഇതിവൃത്തം എന്നൊക്കെ പറയുമ്പോൾ സ്വാഭാവികമായും നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഗതികൾ ഉണ്ട്. പ്രത്യേകിച്ച് ഒരു ക്രൈം ത്രില്ലർ സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ചേരുവകൾ എന്ന് നമ്മൾ വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ.

എന്നാൽ Sector 36 ലേക്ക് വന്നാൽ അതൊരു പൊളിച്ചെഴുത്താണ്. ഇവിടെ കുറ്റകൃത്യം വിശദീകരിക്കപ്പെടുന്നു..അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല. ഇരകൾക്ക് നീതി കിട്ടുന്നില്ല. പോലീസിലാകട്ടെ ഒരാൾക്കും ഹീറോ പരിവേഷവുമില്ല .. യഥാർത്ഥ വേട്ടക്കാർ സിസ്റ്റത്തിന്റെ പഴുതുകളിൽ കൂടി രക്ഷപ്പെടുന്നു.

എന്നിട്ടും ഈ സിനിമയുമായി നമ്മൾ കണക്ട് ആയിപ്പോകുന്നത് വിവരിക്കപ്പെടുന്ന കേസിന്റെ ഭീകരത കൊണ്ടാണ് .. ഇവിടെ ത്രില്ലടിപ്പിക്കുന്ന സിനിമാറ്റിക് മുഹൂർത്തങ്ങളില്ല .. പകരം കേസിന്റെ സാമൂഹിക യാഥാർഥ്യത്തെ നിരാശയോടെ അംഗീകരിക്കേണ്ടി വരും.

'Sector 36' ന്റെ ഹൈലൈറ്റ് എന്നത് വിക്രാന്ത് മസ്സി - ദീപക് ഡോബ്രിയാൽ ടീമിന്റെ പ്രകടനമാണ്.

താൻ നടത്തിയ കൊലപാതക പരമ്പരയെ യാതൊരു കുറ്റബോധമോ ഭയമോ ഇല്ലാതെ അഭിമാനത്തോടെ വിശദീകരിക്കുന്ന ദൈർഘ്യമേറിയ സീനിൽ പ്രേം സിംഗിന്റെ

ശരീര ഭാഷയും നോട്ടവും ചിരിയുമൊക്കെ പടർത്തുന്ന ഭീകരത വിക്രാന്ത് മസ്സിയുടെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങളായി മാറുന്നു.

അതേ സീനിൽ വിക്രാന്തിന് അഭിമുഖമായി ഒരേ ഇരുപ്പാണ് ദീപക് ഡോബ്രിയാൽ .. ഒരു പോലീസുകാരൻ എന്ന നിലക്ക് ഈ കേസിൽ അയാൾ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങളൊക്കെയും അപ്രസക്തമായ അവസ്ഥ. ഒറ്റയാൾ പ്രകടനം കൊണ്ട് വിക്രാന്ത് സ്‌കോർ ചെയ്തു പോകുന്ന അതേ സീനിൽ റിയാക്ഷനുകൾ കൊണ്ട് ദീപക് മറ്റൊരു അഭിനയക്കളരി ഒരുക്കുന്ന ഗംഭീര കാഴ്ച. 

©bhadran praveen sekhar

Saturday, January 31, 2026

അടിപിടിയുടെ രസികൻ പൊളിറ്റിക്സ് !!

സീൻ 1 A

രാഷ്ട്രീയത്തിൽ സജീവമായി നിറഞ്ഞു നിൽക്കുന്ന വിജയുടെ 'ജനനായകൻ' റിലീസ് വൈകുന്നു , പ്രധാന എതിരാളികളില്ലാതെ സുധ കൊങ്കരയുടെ 'പരാശക്തി' , നളൻ കുമാരസ്വാമിയുടെ 'വാ വാത്യാർ' പ്രതീക്ഷകളോടെ റിലീസാകുന്നു.

സീൻ 1 B

കാര്യമായ പ്രതികരണങ്ങൾ ഒന്നുമില്ലാതെ രണ്ടു പടങ്ങളും ബോക്സോഫിസിൽ അടപടലം പൊളിഞ്ഞ് വീഴുന്നു. അതിന്റെ കുറ്റം മുഴുവൻ പരോക്ഷമായി വിജയുടെ സിനിമാ രാഷ്ട്രീയത്തിന് മേൽ ചാർത്തുന്നു.

സീൻ 2. (പൊങ്കൽ ഹീറോ എൻട്രി )

ഒച്ചപ്പാടോ, പരസ്പ്പരം പഴി ചാരലോ ഒന്നുമില്ലാതെ സരസമായ ഭാഷയിൽ ആദ്യാവസാനം വരെ ആളുകളെ ചിരിപ്പിച്ചു കൊണ്ട് സമകാലീന രാഷ്ട്രീയാവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തി കൊണ്ട് നിതിഷ് സഹദേവിന്റെ 'തലൈവർ തമ്പി തലൈമയിൽ' (TTT) ഇത്തവണത്തെ പൊങ്കൽ നൈസായി തൂക്കുന്നു.

പൊങ്കൽ റിലീസ് സിനിമകളിലെ കക്ഷി രാഷ്ട്രീയമല്ല, മറിച്ച് കണ്ടു രസിക്കാനും ഉൾക്കൊള്ളാനുമാകുന്ന രാഷ്ട്രീയ ബോധ്യങ്ങളെയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്ന് സാരം.

'TTT' യുടെ തുടക്കത്തിലും ക്ലൈമാക്സിലും ഒരു ശരാശരി ഇന്ത്യക്കാരന് ഏറ്റവും സുപരിചിതമായ അത്തരം രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്.

ഗ്രാമത്തിലെ പ്രാദേശിക കക്ഷി രാഷ്ട്രീയ മത്സരവും, രണ്ടു വീട്ടുകാർക്കിടയിലെ പരസ്പ്പര വൈരാഗ്യങ്ങളുമൊക്കെ ചേർത്ത് ഒരൊറ്റ ദിവസം മാത്രം ദൈർഘ്യമുള്ള സംഭവ വികാസങ്ങളിൽ കൂടിയാണ് TTT നമ്മളെ കൊണ്ട് പോകുന്നത്.

'അഴകിയ രാവണനി'ൽ അംബുജാക്ഷൻ പറയുന്ന 'അവിടെ താലികെട്ട് ..ഇവിടെ പാല് കാച്ചൽ' എന്ന പോലെ TTT യിൽ രണ്ടു വീടുകളിലായ് നടക്കുന്ന കല്യാണവും മരണവുമാണ് സിനിമയെ സംഭവ ബഹുലമാക്കുന്നത്.

ഒരു ഫെസ്റ്റിവൽ കോമഡി സിനിമയുടെ മൂഡാണെങ്കിലും അവസാനത്തേക്ക് എത്തുമ്പോൾ സിനിമയിൽ ഒരു വൈകാരിക കഥാപരിസരമുണ്ടാകുന്നുണ്ട്. വാട്ടർ ടാങ്ക്, ചെമ്പരത്തി ചെടി പോലുള്ള പ്രോപർട്ടികളെയൊക്കെ ആ നിലക്ക് പ്ലേസ് ചെയ്യുന്ന ഹൃദ്യമായ ചില ഷോട്ടുകളുണ്ട് സിനിമയിൽ.

ആ നാട്ടിലെ ഒരു ഭ്രാന്തന്റെ സീനിൽ തുടങ്ങി അതേ ഭ്രാന്തനിലേക്ക് അവസാനം കാമറ ചെന്നെത്തുമ്പോൾ നമ്മൾ ചിന്തിച്ചു പോകുന്ന കാര്യം തന്നെയാണ് സിനിമയും ചോദിക്കുന്നത് - ശരിക്കും ആർക്കാണ് ഭ്രാന്ത് ?

ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളുമൊക്കെ സിനിമയുടെ രസക്കൂട്ട് ഗംഭീരമാക്കി. ജീവയൊക്കെ ആദ്യാവസാനം വരെ കളം നിറഞ്ഞാടി.

'ഫാലിമി' യുടെ അവതരണത്തിലെ അതേ കൈയ്യൊതുക്കം TTT യിലും നിതീഷ് സഹദേവ്‌ നിലനിർത്തി. വിഷ്ണു വിജയുടെ സംഗീതം, ബബ്‌ലു അജുവിന്റെ ഛായാഗ്രഹണം അടക്കം മൊത്തത്തിൽ മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു രസികൻ തമിഴ് സിനിമ എന്ന് തന്നെ പറയാം.

©bhadran praveen sekhar

Friday, January 30, 2026

കഥയല്ല..ഇവിടെ ആക്ഷനാണ് താരം !!


സ്ഥിരം അടിയിടി പടങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി മട്ടാഞ്ചേരിയുടെ കഥാപശ്ചാത്തലത്തിൽ കോസ്റ്റ്യൂം റെസ്ലിങ്ങിന്റെ അവതരണ സാധ്യതകളെ മേക്കിങ് മികവ് കൊണ്ട് ഗംഭീരമാക്കാൻ സാധിച്ചയിടത്താണ് 'ചത്താ പച്ച' തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നത്.

തൊണ്ണൂറുകളുടെ മദ്ധ്യേ കേബിൾ ടിവി സജീവമായ കാലത്ത് കണ്ട് രസിച്ചിരുന്ന WWF ഉം അന്നത്തെ റെസ്ലിങ് താരങ്ങളെയുമൊക്കെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള തുടക്കം കൊണ്ട് തന്നെ ചത്താ പച്ചയുടെ വൈബ് ബോധ്യപ്പെടുന്നുണ്ട്.

മട്ടാഞ്ചേരിയിലെ പഴയ കാല ഗാട്ടാ ഗുസ്തിക്കാരായിരുന്ന വാൾട്ടർ - മാണി മാരുടെ കഥക്ക് സിനിമയിൽ പ്രസക്തിയില്ലെങ്കിലും പുതിയ തലമുറക്കാരിലേക്ക് ഗുസ്തിയുടെ ആവേശം പകർന്ന് കിട്ടിയതിന്റെ കാരണക്കാരായി ആ രണ്ടു കഥാപാത്രങ്ങളെ സിനിമയിൽ ആദ്യമേ പ്രതിഷ്ഠിക്കുകയാണ്.

'വാൾട്ടറിന്റെ പിള്ളേർ' എന്ന ഹൈപ്പ് ഉണ്ടാക്കാൻ ആ കഥ തന്നെ ധാരാളമാണ്. ആ ഹൈപ്പിനൊത്താണ് പിന്നീടങ്ങോട്ടുള്ള ഓരോ സീനും പുരോഗമിക്കുന്നത്.

റെസ്ലിങ് പരിപാടി കളറക്കാൻ വേണ്ടിയുള്ള ഇടി ഗ്യാങ്ങിന്റെ ഉത്സാഹമൊക്കെ സ്‌ക്രീനിൽ ആവേശമുണ്ടാക്കി.

വെള്ളിയാഴ്ച രാത്രി നടക്കാൻ പോകുന്ന ഗുസ്തിയിലെ പുതുമ എന്താണെന്ന് അറിയാനുള്ള മട്ടാഞ്ചേരിക്കാരുടെ അതേ ആകാംക്ഷ തന്നെയാണ് സിനിമ കാണുമ്പോൾ നമുക്കും ഉണ്ടാകുന്നത്.

വിനായക് ശശികുമാറിന്റെ വരികൾ, ശങ്കർ -എഹ്സാൻ -ലോയുടെ സംഗീതം, മുജീബ് മജീദിന്റെ സ്‌കോർ ..ഈ മൂന്നും കൂടി ഹൈ വോൾട് പവർ ആണ് 'ചത്താ പച്ച'ക്ക് കൊടുക്കുന്നത്.

അർജുൻ അശോകൻ - റോഷൻ മാത്യു - ഇഷാൻ ഷൗക്കത് ടീമിന്റെ സാവിയോ -വെട്രി - ലിറ്റിൽ കോംബോ ഗംഭീരമായിരുന്നു. പ്രത്യേകിച്ച് പറഞ്ഞാൽ ആ മൂന്ന് പേരുടെയും കോസ്റ്റ്യൂം ഗുസ്തി സീനുകളിൽ. അതിൽ തന്നെ അർജുൻ അശോകൻ - റോഷന്റെയൊക്കെ എൻട്രി സീനിലെ പവർ വേറെ ലെവൽ ആയിരുന്നു.

വിശാഖ് നായർ - ഒരു കോമിക് റോളെന്ന പോലെ തുടങ്ങി, പിന്നെ വില്ലനിലേക്കുള്ള രൂപ മാറ്റവും, ഒടുക്കം 'സർപ്പട്ട പരമ്പരെ'യിലെ ഡാൻസിംഗ് റോസിനെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള റിംഗിലെ പ്രകടനമൊക്കെ ശ്രദ്ധേയമായി. 


നിട്രോ കിളി, കടൽക്കൊമ്പൻ, ജാങ്കോ സുൽത്താൻ, ഭസ്മാസുരൻ അടങ്ങുന്ന എല്ലാവരും 'ചത്താ പച്ചയി'ലെ ഇടി റിങ്ങിൽ തിളങ്ങി എന്ന് പറയാം. 

വാൾട്ടറുടെ പിള്ളേര് എല്ലാം തിളങ്ങി നിക്കുന്ന സീനിലേക്ക് പക്ഷെ വാൾട്ടർ ആയി മമ്മുക്ക എത്തുമ്പോൾ നമ്മൾ സ്വാഭാവികമായും പ്രതീക്ഷിച്ചു പോകുന്ന ഒരു പഞ്ച് ഇല്ലാതെ പോകുന്നുണ്ട്.

ശരീര ഭാഷയിൽ മാത്രമല്ല, ശബ്ദത്തിലും ഉണ്ടായിരുന്നു വാൾട്ടർ എന്ന ഇടിവെട്ട് കഥാപാത്രത്തിന് ചേരാതെ പോകുന്ന ഒരു അവശത. എങ്കിലും രോഗവിമുക്തനായി മമ്മുക്ക വീണ്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു കാണുമ്പോൾ ഇഷ്ടം. 

©bhadran praveen sekhar

Thursday, January 15, 2026

Aap Jaisa Koi

ജംഷഡ്പൂരിന്റെയും കൊൽക്കത്തയുടെയുമൊക്കെ കഥാപശ്ചാത്തലത്തിൽ ഒരു വേറിട്ട ഫീൽ ഗുഡ് സിനിമ.

പ്രായം 42 കഴിഞ്ഞിട്ടും അവിവാഹിതനായി തുടരേണ്ടി വരുന്ന നായകൻറെ കഥയെന്നോണം പറഞ്ഞു തുടങ്ങി ഒരു ഘട്ടമെത്തുമ്പോൾ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ലെ പോലെയുളള സ്ത്രീ ജീവിതങ്ങളുടെ കൂടി കഥ പറയുന്നുണ്ട് സിനിമ.

ഭക്ഷണം വച്ച് കൊടുക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനുമായി ഒരാൾ. അതുമല്ലെങ്കിൽ ഭാര്യ, അമ്മ, മരുമകൾ, ഏട്ടത്തിയമ്മ എന്ന പദവികളിൽ മാത്രം വിശേഷിപ്പിക്കപ്പെടുന്നവർ. അതിനപ്പുറത്തേക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയും രേഖപ്പെടുത്താൻ സാധിക്കാതെ പോകുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നുണ്ട് ആയശാ രസാ മിശ്രയുടെ കുസും ത്രിപാഠി.

വിവാഹിതനാകാത്ത നായകൻ നേരിടുന്ന ഏകാന്തതയും അപകർഷതാ ബോധങ്ങളും ഒറ്റപ്പെടലുമൊക്കെ ദൃശ്യവത്ക്കരിക്കപ്പെടുന്ന അതേ സിനിമയിൽ തന്നെ ആണധികാര കുടുംബ വ്യവസ്ഥിതികളിലും വീടകങ്ങളിലും സ്വത്വം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ ജീവിതങ്ങളെ പ്രമേയവത്ക്കരിക്കാൻ സാധിച്ചത് ശ്രദ്ധേയമായി തോന്നി.

മധ്യവയസ്‌ക്കരുടെ വിവാഹം, പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളൊക്കെ ഒരു കുടുംബ സിനിമക്കുള്ളിലൂടെ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു .
മാധവൻ - ഫാത്തിമ സന ഷെയ്ഖിന്റെ കോംബോയിൽ ശ്രീ - മധു കഥാപാത്രങ്ങളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു .

ജസ്റ്റിൻ പ്രഭാകരൻ - രോചക് കൊഹ്‌ലി ടീമിന്റെ സംഗീതത്തിലുണ്ട് ഈ സിനിമയുടെ മൊത്തം ഫീൽ .

തെരെ ദിൽ സെ നികലെ
ജായേൻ തോ ജായേൻ കഹാം..
സാരെ ജഗ് മേൻ കൈസേ
ഹം ഫിർ മാരെ മാരെ...
ലോട്ട് ആനേദോ ഹംകോ
ഫിർ സെ ദിൽ മേൻ തുമാരെ..

©bhadran praveen sekhar

Saturday, January 3, 2026

ഒരു ഫീൽ ഗുഡ് പ്രേത പടം!!

വലിയ സംഭവ വികാസങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ സരസമായി പറഞ്ഞു പോകുന്ന കഥ.

ഒരു പ്രേത കഥയെ നർമ്മത്തിന്റെ അകമ്പടിയിൽ പറഞ്ഞവതരിപ്പിക്കുന്നതോടൊപ്പം അതിൽ ഇമോഷണൽ സിറ്റുവേഷൻസിനു കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട് 'സർവ്വം മായ'.

'സർവ്വം മായ' എന്ന ടൈറ്റിൽ സിനിമക്ക് എല്ലാം കൊണ്ടും അനുയോജ്യമായി.

സത്യൻ അന്തിക്കാട് സ്ക്കൂളിന്റെ സ്വാധീനമുള്ള അവതരണമെന്ന് പറയിപ്പിക്കുമ്പോഴും ഒരു സംവിധായകന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട് അഖിൽ സത്യൻ.

കുറച്ചു കാലങ്ങളായി നമുക്ക് മിസ്സായി പോയിരുന്ന നിവിൻ പോളി വൈബ് ഈ പടത്തിലൂടെ തിരിച്ചു കൊണ്ട് വരാൻ അഖിൽ സത്യനു സാധിച്ചു.

നിവിൻ പോളി -അജു വർഗീസ് കോമ്പോ ഒക്കെ രസകരമായി തന്നെ വന്നു. നിവിൻ പോളി- റിയ ഷിബു - പ്രീതി മുകുന്ദൻ കോമ്പോ സീനുകളും കൊള്ളാം.

ചെറിയ വേഷങ്ങളെങ്കിലും ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ്‌ പാലേരി, അൽത്താഫ് സലിം, മണികണ്ഠൻ പട്ടാമ്പി, വിനീത്, മേതിൽ ദേവിക, ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.


സ്ഥിരം പ്രേത -യക്ഷി കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന കഥാപാത്ര സൃഷ്ടിയാണ്‌ ഡെലേലുവിന്റേത്.

കളർ സാരി ഉടുക്കുന്ന, ഇഡ്ഡലിയും സാമ്പാറുമൊക്കെ കഴിക്കുന്ന 'മേഘസന്ദേശ'ത്തിലെ പ്രേതത്തെയും, 'വിസ്മയത്തുമ്പത്തി'ലെ റീത്താ മാത്യൂസിനെയുമൊക്കെ ഓർമ്മപ്പെടുത്തുമ്പോഴും പ്രകടനം കൊണ്ട് ഡെലേലുവിനെ മികവുറ്റതാക്കി റിയ ഷിബു.

വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ തന്നെ കുടുംബ പ്രേക്ഷകരെ അനായാസേന തൃപ്‍തിപ്പെടുത്തുന്ന ഒരു മാജിക് ഈ സിനിമയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് അഖിൽ സത്യൻ.. 'സർവ്വം മായ' സമ്മാനിക്കുന്ന ഫീലും അതാണ്.

©bhadran praveen sekhar