Monday, September 28, 2026

'ആശ'ങ്കളുടെ ഭീകരത !!


ട്രെയ്‌ലർ കണ്ടതിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്ന ടിപ്പിക്കൽ കുടുംബ കഥയോ, വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയോ അല്ല 'ആശ'യുടേത്.

തുടക്കത്തിൽ എഴുതിയിടുന്ന രണ്ടു വരി വാക്കുകളിൽ കൂടിയാണ് 'ആശ'യുടെ അടിസ്ഥാന പ്രമേയം എന്താണെന്ന് വെളിപ്പെടുത്തുന്നത്.

“If you kill a cockroach, you are a hero.. If you kill a butterfly, you are evil. Morals have aesthetic criteria.”

പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകളും മുൻവിധികളുമൊക്കെ അത് പോലെയാണല്ലോ.

ഇതിലെ അപകടത്തെയും ഭീകരതയേയും ഒരു പോലെ കാണിച്ചു തരുന്നുണ്ട് 'ആശ'.

'എക്കോ' യിലും 'ബാലനി'ലുമൊക്കെ പറഞ്ഞു വച്ച തടവറയൊരുക്കുന്ന സങ്കീർണ്ണമായ സ്നേഹബന്ധങ്ങൾ 'ആശ'യിലും കാണാം.

'ബാലനി'ലെ അമ്മ - മകൻ ബന്ധത്തിലെ ടോക്സിസിറ്റിയെ ഇവിടെ വേറൊരു ആംഗിളിൽ കൂടിയാണ് ചർച്ച ചെയ്യുന്നത് എന്ന് മാത്രം.

അമ്മയുടെ അതിരു വിട്ട ആശങ്കകളും ആകുലതകളും കാരണം വീർപ്പു മുട്ടുന്ന മകളുടെ മാനസികാവസ്ഥ എന്താണെന്ന് കുറഞ്ഞ സീനുകളിൽ കൂടി സിനിമ പറഞ്ഞു വെക്കുന്നുണ്ട്.

സഫർ സനലിന്റെ സിനിമ അതിനേക്കാൾ ഫോക്കസ് ചെയ്യുന്നത് അമ്മയുടെ ഭീകരമായ മാനസിക തലങ്ങളിലേക്കാണ്.

കണ്ടു ശീലിച്ചതിൽ നിന്ന് ഏറെ വിഭിന്നമായ ഒരു അമ്മ കഥാപാത്രത്തിന്റെ പ്രവചനാതീതവും ഭീകരവുമായ മാനസികാവസ്ഥകളിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.

കയ്പ്പേറിയ ഭൂതകാലവും ട്രോമയുമൊക്കെ കൊണ്ട് ഒരു സൈക്കോ ആയി പരുവപ്പെട്ട അമ്മക്ക് പക്ഷേ പൊതുബോധത്തിന്റെ കാഴ്ചപ്പാടിൽ സിമ്പതി പിടിച്ചു പറ്റാൻ സാധിക്കും.

ഈ ഒരു conflict നെ തന്നെയാണ് സിനിമ പ്രമേയവത്ക്കരിച്ചിരിക്കുന്നതും. അത് മനസ്സിലാക്കി കാണാൻ സാധിച്ചാൽ മാത്രമേ ആസ്വാദനം കൃത്യമാകുന്നുമുള്ളൂ.

നെഗറ്റീവ് ഷെയ്ഡ് ഉള്ള ആശയെന്ന കഥാപാത്രത്തെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നത് ഉർവ്വശിയുടെ അസാധ്യ പ്രകടനമാണ്.

അമർഷവും രോഷവും പകയും നിസ്സഹായതയും ദയനീയതയുമൊക്കെ മാറി മറയുന്ന ഭാവ പ്രകടനത്തിനൊപ്പം കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളെ ശരീര ഭാഷ കൊണ്ടും വോയ്സ് മോഡുലേഷൻ കൊണ്ടുമൊക്കെ ഗംഭീരമാക്കാൻ അവർക്ക് സാധിച്ചു.

ഒരർത്ഥത്തിൽ എല്ലാം കൊണ്ടും ഒരു ഉർവ്വശി സിനിമ എന്ന് തന്നെ പറയേണ്ടി വരുന്നു. ജോജുവിന്റെ ജീമോനും കൊള്ളാം.

രണ്ടാം പകുതിയിലെ വലിച്ചു നീട്ടലും, ലോജിക്കില്ലാത്ത സീനുകളുമൊക്കെ സിനിമയെ ഒരൽപ്പം പുറകോട്ട് വലിക്കുന്നുണ്ട്.

അവസാന ഭാഗത്തേക്ക്‌ എത്തുമ്പോഴുള്ള ചില കഥാപാത്ര സംഭാഷണങ്ങളൊക്കെ ക്രൈം സീനിന്റെ ഗൗരവം കളഞ്ഞു കുളിക്കുന്ന പോലെ തോന്നി.

ഒടിയനിൽ കഞ്ഞി എടുക്കട്ടേ മാണിക്യ എന്ന പോലെ ഇവിടെ ഒരു ബിരിയാണി വിളമ്പൽ.

ഇന്റർവെല്ലിന് ശേഷം നടക്കാൻ പോകുന്ന സംഭവ വികാസങ്ങളെ പറ്റി ഏറെക്കുറെ ഊഹിക്കാൻ സാധിക്കുമ്പോഴും ക്ലൈമാക്സിൽ സിനിമ വീണ്ടും ഞെട്ടിച്ചു.

ഉർവ്വശിയുടെ പ്രകടനം തന്നെയാണ് അവിടെയും ഹൈലൈറ്റ്.. നടിപ്പിൻ രാക്ഷസി എന്നല്ലാതെ അവരെ മറ്റെന്ത് വിളിക്കാൻ.

©bhadran praveen sekhar

Saturday, September 12, 2026

കണ്ടിരിക്കാവുന്ന 'ഗെയിം' !!






















"The hand expresses what the heart already knows." എന്ന വാചകം എഴുതി ചേർത്ത് കൊണ്ടുള്ള ഓപ്പണിങ് സീൻ തരുന്ന സ്പാർക്കാണ് 'ഐ ആം ഗെയിമി'ന്റെ ആസ്വാദനത്തിലേക്കുള്ള താക്കോൽ.

ഒരു ഗാംബ്ലിങ് ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന ട്രാക്കിലൂടെ പറഞ്ഞു തുടങ്ങിയ കഥയിലേക്ക് ഫിക്ഷന്റെ 'കൈ' സാധ്യതകളെ തുന്നി ചേർത്ത ക്രിയാത്മക ചിന്തക്ക് കൈയ്യടി കൊടുക്കാം.

'ABCD' യിൽ 'ജോണി മോനെ ജോണീ ' എന്ന പാട്ടിലൂടെ DQ വിന്റെ ജോൺ ഐസക് എന്ന കഥാപാത്രത്തെ മാർട്ടിൻ പ്രക്കാട്ട് പരിചയപ്പെടുത്തിയതിന് സമാനമായി 'ലൂസർ' പാട്ടിലൂടെ ഡാൻ ജോൺ എന്ന DQ കഥാപാത്രത്തിന്റെ മൈൻഡ് സെറ്റ് ഒറ്റയടിക്ക് വരച്ചിടുന്നു നഹാസ് .

കണ്ടു പഴകിയ അച്ഛൻ - മകൻ ഈഗോ ക്ലാഷും, അമ്മ-മകൻ ഇമോഷണൽ കണക്ഷനുമൊക്കെ കല്ല് കടിക്കുമ്പോഴും 'ലൂസർ' ഐഡന്റിറ്റിയിൽ നിന്ന് പുറത്തു കടക്കാൻ പറ്റാത്ത ഡാൻ ജോണിന്റെ മാനസിക സമ്മർദ്ദങ്ങളും തകർച്ചയുമൊക്കെ കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നതാണ്.

അത് കൊണ്ട് തന്നെ ഇന്റർവെൽ വരെയുള്ള കഥാദൂരത്തിൽ ഡാൻ ജോണിനെ മുൻ നിർത്തി കൊണ്ടുള്ള കഥ പറച്ചിലിൽ ലോജിക്കൊന്നും നോക്കാതെ സംവിധായകനൊപ്പം നമ്മളുമുണ്ട്. ആ ഒരു ഓളം പിന്നെ നഷ്ടപ്പെടുന്നത് രണ്ടാം പകുതിയിലാണ്.

നഹാസിന്റെ 'RDX' ന്റെ തുടക്കത്തിൽ വീട് കയറിയുള്ള ഗുണ്ടകളുടെ ആക്രമണവും ആ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുക്കുന്ന സീനുമൊക്കെ നമുക്കുള്ളിൽ നിറക്കുന്ന അരിശവും വൈകാരികതയും ചെറുതല്ലായിരുന്നു. ആ സീനിന്റെ ഇമ്പാക്ട് കൊണ്ടാണ് കുടുംബ പ്രേക്ഷകർ പോലും അതിലെ ആക്ഷൻ സീക്വൻസുകൾക്ക് കൈയ്യടിച്ചു പോകുന്നത്.

അത് പോലൊരു കഥയല്ലെങ്കിൽ കൂടി 'ഐ ആം ഗെയിമി'ൽ നടക്കുന്ന പ്രധാന സംഭവങ്ങളിലേക്കോ അതിന്റെ തുടർ ചലനങ്ങളിലേക്കോ കാഴ്ചക്കാരെ ബന്ധപ്പെടുത്തുന്ന ഒരു ഇമോഷണൽ ലോക്ക് ഇല്ലാതെ പോകുന്നുണ്ട്.

ആദ്യ പകുതി വരെ പറഞ്ഞു വച്ച കഥയുടെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ടുള്ള രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് ആണ് ഇവിടെ പ്രധാന വില്ലനാകുന്നത് .

അതിനൊക്കെ പുറമേ കയാദു - സംയുക്ത വിശ്വനാഥൻ ടീമിന്റെ നായികാ കഥാപാത്രങ്ങളും അവരുടെ സീനുകളും ഡയലോഗുകളുമൊക്കെ സിനിമയെ മൊത്തത്തിൽ പുറകോട്ട് കൊണ്ട് പോയ പോലെയായി.

'ഗജിനി' യിൽ അസിനെ വില്ലൻ കൊല്ലുന്ന സീൻ ഓർത്തു നോക്കൂ. അവിടെ അസിനെ കൊല്ലുന്ന രീതിയും സൂര്യ അത് നോക്കി കാണുന്ന ഷോട്ടുമൊക്കെ കൊണ്ട് ആ ക്രൈം സീൻ നമുക്കുണ്ടാക്കുന്ന വേദന ആ സിനിമയോടുള്ള നമ്മുടെ ഇമോഷണൽ അറ്റാച്ച്മെന്റ് ആണ്.

ഇവിടെ അത് പോലെയൊക്കെ നമ്മളെ ഇമോഷണലി ലോക്ക് ചെയ്യാവുന്ന സംഗതികൾ ഉള്ളപ്പോഴും അതിന്റെ അനുഭവപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നു.

ആന്റണി പെപ്പെയെ ഒരു സെക്കൻഡ് ഹീറോ പോലെ ഉയർത്തി കാണിക്കുമ്പോഴും അയാളുടെ കഥാപാത്രത്തെ സിനിമയിൽ നിർവ്വികാരനാക്കിയ പോലെ ഒരു അവസ്ഥ.

'ആയുഷ്ക്കാലം' സിനിമയിൽ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയക്ക് ശേഷം എബിയുടെ ആത്മാവിനെ ബാലകൃഷ്ണന് കാണാൻ സാധിക്കുമ്പോൾ അതൊരു ഘട്ടത്തിൽ കോമഡിയും മറ്റൊരു ഘട്ടത്തിൽ എബിയെ ഓർത്തു സങ്കടപ്പെടാനുള്ള മുഹൂർത്തങ്ങളുമാകുന്നുണ്ട്.

മുകേഷിൻറെ നായക വേഷത്തെക്കാൾ ജയറാമിന്റെ എബിയുമായാണ് ആ സിനിമ നമ്മളെ കണക്ട് ആക്കുന്നത്.

'ഐ ആം ഗെയിമി'ന്റെ തിരക്കഥയിൽ അത്തരം സാധ്യതകളെ ഫലവത്തായി പരിഗണിക്കാൻ സാധിക്കാതെ പോയി എന്നതിനൊപ്പം പെപ്പെയുടെ ഫ്ലാഷ് ബാക്ക് സീനുകൾ രണ്ടാം പകുതിയെ വേറൊരു സിനിമയാക്കി മാറ്റുകയാണ് ഉണ്ടായത്.

മിസ്‌ക്കിന്റെ വില്ലൻ വേഷവും ക്ലൈമാക്സ് സീനുകളുമടക്കം പലതും വേണ്ട വിധം വർക് ഔട്ട് ആയില്ല എന്ന പരാതി ഉള്ളപ്പോഴും 'ഐ ആം ഗെയിമി'നെ ഫ്ലോപ്പ് ആക്കാതെ നിർത്തുന്നത് DQ തന്നെയാണ് എന്നതിൽ സംശയമില്ല.

ഡാൻ ജോണിന്റെ രണ്ടു വ്യത്യസ്ത പതിപ്പുകളെയും DQ ഗംഭീരമാക്കി. 'കൈ' എന്ന ടൂളിനെ മറ്റൊരു കഥാപാത്രമെന്ന പോലെ അനുഭവപ്പെടുത്തി കൊണ്ടുള്ള സസൂക്ഷ്മ പ്രകടനം. ആക്ഷൻ സീനുകളിൽ പോലും DQ അത് കൃത്യതയോടെ ചെയ്തു കാണാം.

സെക്കൻഡ് ഹാഫിലെ പോരായ്മകൾ ഒഴിവാക്കി നിർത്തിയാൽ ഒരു ആക്ഷൻ ഫാന്റസി ത്രില്ലർ സിനിമയെന്ന നിലക്ക് കണ്ടിരിക്കാം.

©bhadran praveen sekhar

Friday, September 11, 2026

മനസ്സ് നിറക്കുന്ന 'ഇരുമുടി' !!


ഫസ്റ്റ് ലുക്കും ടീസറും ട്രൈലറും തന്ന പ്രതീക്ഷ വെറുതെയായില്ല. സമീപ കാലത്ത് വന്ന രവി തേജ പടങ്ങളിൽ എല്ലാം കൊണ്ടും മനസ്സ് നിറച്ച ഒരു സിനിമ.

മലയാളത്തിലെ 'മാളികപ്പുറം' സിനിമയോട് സാമ്യത തോന്നിപ്പിക്കുന്ന ടൈറ്റിലും പോസ്റ്ററുകളും ഒഴിച്ച് നിർത്തിയാൽ ആ സിനിമയുമായി 'ഇരുമുടി'ക്ക് ഒരു ബന്ധവുമില്ല.

ആന്ധ്രയിലെ ഉൾ ഗ്രാമ പശ്ചാത്തലത്തിൽ പറയുന്ന ഒരു സാധാരണ കഥ. പക്ഷേ 'മാസ്സ് മഹാരാജ'യെ ഈ സിനിമയിൽ തീർത്തും സാധാരണക്കാരനാക്കി കഥ പറയുമ്പോഴുണ്ടാകുന്ന ഒരു ഫ്രഷ്‌നെസ്സ് വേറെയാണ്.

സാധാരണക്കാരന്റെ വേഷമെങ്കിലും രവി തേജക്കായി ഒരുക്കിയ ആക്ഷൻ സീക്വൻസുകൾ സിനിമയുടെ കഥാഗതിക്ക് അനുയോജ്യമായ രീതിയിൽ വിളക്കി ചേർത്തിട്ടുണ്ട്.

കള്ള് കുടിയനും, അടിപിടിക്കാരനുമായ ഒരാൾ എന്നതിനൊപ്പം തന്നെ സ്നേഹനിധിയായ അച്ഛനായും, ഭർത്താവായും, അയ്യപ്പ ഭക്തനായുമൊക്കെ രവി തേജയിലെ നടനെ ഫുൾ ഫോമിലാക്കുന്നു സംവിധായകൻ.

ഒരു ഭക്തി പടത്തിന്റെ മൂഡിലേക്ക് കൊണ്ട് പോകുന്ന കഥാ മുഹൂർത്തങ്ങളും പാട്ടുകളുമൊക്കെ ഉണ്ടെങ്കിലും 'ഇരുമുടി' യുടെ ആസ്വാദനം ഒരു ഫാമിലി ഇമോഷണൽ സിനിമയുടേതാണ്.

ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ എന്ന നിലക്ക് സിനിമക്കുള്ളിൽ ഒരുക്കി വച്ച സസ്പെൻസും ട്വിസ്റ്റുമൊക്കെ കൊള്ളാം.

വില്ലനാര് എന്ന് ഊഹിക്കാൻ പാകത്തിലുള്ള സൂചനകൾ ഉള്ളപ്പോഴും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കൊണ്ടാണ് ക്ലൈമാക്സിൽ സിനിമ മറ്റൊരു ട്രാക്കിലേക്ക് കയറുന്നത്.

രവി തേജ - ബേബി നക്ഷത്രയുടെ അച്ഛൻ-മകൾ കോമ്പോ സീനുകളും പെർഫോമൻസുമാണ് 'ഇരുമുടി'യുടെ ഇമോഷണൽ ഗ്രാഫ് ഉയർത്തുന്നത്. ക്ലൈമാക്സ് ഒക്കെ ആ തലത്തിൽ വല്ലാത്തൊരു ഹൃദയ വൈകാരികത സമ്മാനിച്ചു.

പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, സ്വാസിക, രമേശ് ഇന്ദിര അടക്കമുള്ളവരുടെ കാസ്റ്റിങ്ങും നന്നായിരുന്നു.

അയ്യപ്പ ഭക്തി ഗാനങ്ങളും അതിന്റെ കൊറിയോഗ്രാഫിയുമൊക്കെ തിയേറ്റർ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ജി.വി പ്രകാശ് കുമാറിന്റെ സംഗീതം എല്ലാ തലത്തിലും സിനിമയിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്ന ഒന്നാണ്. 

ഇമോഷണൽ സീനുകളിലും ക്ലൈമാക്സിലുമൊക്കെ അത് ഏറ്റവും ഗംഭീരമായി തന്നെ അനുഭവപ്പെടുന്നിടത്താണ് 'ഇരുമുടി' രവി തേജയുടെ ഒരു വേറിട്ട സിനിമയാകുന്നത്.

©bhadran praveen sekhar

Thursday, September 10, 2026

ലളിതം..ഹൃദ്യം ..മനോഹരം !!


എല്ലാം കൊണ്ടും ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാവുന്ന പൈസ വസൂൽ സിനിമ. 

ആക്ഷൻ വയലൻസ് സിനിമകളുടെ അതി പ്രസര കാലത്ത് 'ബെത്ലഹേം കുടുംബ യൂണിറ്റ്' പോലുള്ള സിനിമകൾ തരുന്ന ഫ്രഷ്‌നെസ്സ് ചെറുതല്ല.

ജനറേഷൻ ഗ്യാപ്പുകളൊന്നും ബാധകമാകാത്ത വിധം എല്ലാ പ്രായക്കാരെയും സിനിമയിലേക്ക് കണക്ട് ആക്കാൻ ഗിരീഷ് ADക്ക് സാധിച്ചു.

അങ്കമാലി - കറുകുറ്റി പ്രദേശത്തെ കുടുംബ യൂണിറ്റിലേക്ക് വീട് മാറി താമസിക്കാൻ നമ്മളും എത്തിയ പോലെ.

ആഷ്‌ലിയുടെ കണ്ണുകളിലൂടെ ജസ്റ്റിനെയും പ്രദേശവാസികളെയും നമ്മളും നോക്കി കാണുകയാണ്.

'സർവ്വം ജസ്റ്റിൻ മയ'മായൊരിടം..

'സമ്മർ ഇൻ ബത്ലഹേമി'ലെ ഡെന്നീസിനെ പോലെ ഈ ബെത്ലേഹിമിലെ ജസ്റ്റിൻ ഡേവിസും വളരെ പെട്ടെന്ന് ഹൃദയത്തിൽ കുടിയേറുന്നു.

പുറമേക്ക് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോഴും അനാഥത്വം പേറുന്ന ഡെന്നിസിന്റെ വേദന നമുക്ക് ബോധ്യപ്പെട്ടിരുന്നു. ഇവിടെ ജസ്റ്റിന്റെ കാര്യത്തിലും അങ്ങനൊരു വേദനയുണ്ട്.

നഷ്ടപ്രണയവും ബ്രേക്കപ്പുമൊക്കെ ഉണ്ടാക്കുന്ന മാനസികാഘാതങ്ങളിൽ നിന്ന് എല്ലാവർക്കും കരകയറാൻ പറ്റണമെന്നില്ല. പുറമേക്ക് എത്ര സന്തോഷവാനായാലും അത് മനസ്സിൽ എന്നും കിടന്നെരിയുന്നുണ്ടാവും.

സേഫ് സോണെന്ന് പറയുമ്പോഴും ജസ്റ്റിന്റെ കാര്യത്തിൽ ഇമോഷണൽ സീനിലൊക്കെ ഗംഭീര പ്രകടനമായിരുന്നു നിവിൻ പോളി.

മമിതയുടെ കാര്യത്തിലും ഇങ്ങനൊരു മാറ്റം കാണാൻ പറ്റും. ഇന്നേ വരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത തോന്നിപ്പിക്കാതെ തന്നെ ആഷ്ലിയെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ക്ലൈമാക്സ് സീനിലൊക്കെ മമിത സ്‌കോർ ചെയ്യുന്ന കാഴ്ച.

നിവിൻ - മമിത കോംബോ സീനുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. 

കാന്താര, വടക്കു നോക്കിയന്ത്രം, നാടോടിക്കാറ്റ് അടക്കമുള്ള സിനിമകളുടെയും മറ്റു സോഷ്യൽ മീഡിയാ വീഡിയോകളുടേയുമൊക്കെ റഫറൻസ് സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട് സിനിമയിൽ.

റോഷൻ ഷാനവാസ് - ഷമീർ ഖാൻ - സംഗീത് പ്രതാപ് ടീമിന്റെ കൗണ്ടർ ഡയലോഗുകൾ സിനിമയുടെ പ്രധാന എന്റർടൈൻമെന്റ് ആണ്.

സുരേഷ് കൃഷ്ണ - വിനയ് ഫോർട്ട് - ശ്യാം മോഹൻ - സൃന്ദ അങ്ങിനെ നീളുന്നവരുടെ രസികൻ പ്രകടനങ്ങൾ വേറെയും.

സുഹൈൽ കോയ - വിനായക് ശശി കുമാറിന്റെ വരികൾ.. വിഷ്ണു വിജയുടെ സംഗീതം.. അജ്മൽ സാബുവിന്റെ ഛായാഗ്രഹണം ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റുമൊക്കെ ബെത്ലഹേമിന്റെ ആസ്വാദനത്തിൽ നല്ലൊരു പങ്ക് വഹിച്ചു.

കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾക്കൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു പോകുന്നു Room 17, MP 3 King പോലെയുള്ള ചില പേര് വിളികൾ.

ജസ്റ്റിന്റെ വീട്ടിനു മുന്നിൽ പൂത്തു നിൽക്കുന്ന ബോഗെയ്ൻവില്ലക്ക് പോലും സിനിമയിൽ റോളുണ്ട്.

റിലീസാകാതെ പോയ 'അന്ന'യിലെ പാട്ടിനു പോലും കാലം കാത്തു വച്ച ദൗത്യം മറ്റൊന്നായിരുന്നു.

"യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...വയന പൂത്ത വഴിയിലെന്തേ വെറുതെ നിൽപ്പു നീ?"

ജസ്റ്റിൻ -ആഷ്ലി പ്രണയത്തെ അത്ര മാത്രം അനുഭവ ഭേദ്യമാക്കാൻ ആ പാട്ടിനു സാധിച്ചു. 

വ്യത്യസ്ത പ്രായക്കാരുടെ പ്രണയം എന്ന ആശയത്തെ ഒരേ സമയം സരസമായും ഹൃദ്യമായും പറഞ്ഞവതരിപ്പിച്ച ഗിരീഷിന്റെ സിനിമാ മാന്ത്രികതക്ക് കൈയ്യടികൾ.

©bhadran praveen sekhar

Wednesday, September 9, 2026

ഖലീഫ


വൈശാഖിന്റെ 'പോക്കിരി രാജ' തൊട്ട് അവസാനം വന്ന 'ടർബോ' വരെയുള്ള മിക്ക പടങ്ങളും മാസ്സ് മസാല എന്റെർറ്റൈനെർ എന്ന ലേബലിൽ തന്നെയാണ് ആസ്വദിച്ചത്. 'ഖലീഫ' യും ആ മൂഡിലിരുന്നു തന്നെ കണ്ടു.

ഹൈപ്പിന് ഒത്ത സിനിമയായില്ല എന്നത് സത്യം തന്നെയെങ്കിലും ചുമ്മാ ഒരു ഓളത്തിന് അങ്ങിനെ കണ്ടിരിക്കാം.

വൈശാഖിന്റെ 'മോൺസ്റ്റർ' ഒക്കെ വച്ച് നോക്കിയാൽ 'ഖലീഫ'യിൽ വഷളത്തരങ്ങൾ ഇല്ല എന്നത് ആശ്വാസം.

പുതുമ വറ്റിയ കഥയും ദുർബ്ബലമായ തിരക്കഥയും വച്ച് 'ഖലീഫ'ക്ക് ഒരു കൊമേഴ്സ്യൽ വാല്യൂ ഉണ്ടാക്കി കൊടുക്കാൻ വൈശാഖ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അപ്പോഴും പാളിച്ചകൾ പലതാണ് എന്ന് പറയാം.

സ്ലോ മോഷന്റെയും ബി.ജി എമ്മിന്റെയുമൊക്കെ അതിപ്രസരം സിനിമയിലെ പ്രധാന കല്ല് കടിയായിരുന്നു.

കഥയേക്കാൾ കഥാപാത്രങ്ങളുടെ ബിൽഡ് അപ്പുകൾക്ക് പ്രാധാന്യം കൊടുത്തു വന്നപ്പോൾ കൊടുത്ത ബിൽഡ് അപ്പിന് അനുസരിച്ചു താരങ്ങൾക്ക് പെർഫോം ചെയ്യാൻ ഒന്നുമില്ലാത്ത അവസ്ഥ.

യുക്തിരഹിതമായ കാര്യങ്ങളെ സിനിമാറ്റിക്കാക്കി അവതരിപ്പിക്കുമ്പോൾ കാണുന്നവനെ ബോധ്യപ്പെടുത്തുന്ന ആ ഒരു മെയ്ക് ബിലീവ് ഇവിടെ സംഭവിക്കുന്നില്ല.

കണ്ണൂരും കോഴിക്കോടുമൊക്കെ കഥാപാശ്ചാത്തലമായിട്ടും കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയിലൊന്നും അവിടത്തെ പ്രാദേശികത അനുഭവപ്പെട്ടില്ല.

സ്റ്റൈലും സ്വാഗും കൊണ്ട് പൃഥ്വിരാജ് - നീൽ നിഥിൻ മുകേഷ് ടീം പിന്നെയും ഒരു വിധം പിടിച്ചു നിന്നു.

ഇന്ദ്രൻസ്- രഞ്ജി പണിക്കർ- സഞ്ജു ശിവറാം അടക്കമുള്ള സഹ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ ഒട്ടും തൃപ്തിപ്പെടുത്തിയില്ല.

പാർട്ടി സെക്രട്ടറി വില്ലൻ വേഷത്തിൽ ഷമ്മി തിലകൻ നിറഞ്ഞു നിന്നെങ്കിലും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ കൈതേരി സഹദേവന്റെയൊക്കെ പോലെ ഒരു ഓളം ഉണ്ടാക്കാൻ പറ്റിയില്ല.

കേരള രാഷ്ട്രീയമെന്നാൽ ഈ പറഞ്ഞ പാർട്ടി സെക്രട്ടറിയും സ്വർണ്ണ മാഫിയയയുമാണ് എന്ന മട്ടിലൊക്കെയുള്ള അവതരണം ബോറായിരുന്നു.

കേരള രാഷ്ട്രീയത്തിലെ സ്വർണ്ണക്കടത്ത് വിവാദങ്ങളും , കസ്റ്റംസിന്റെ സ്വർണ്ണ വേട്ടയും അതിന് പിന്നിലെ കളികളുമടക്കം പലതും പ്രമേയവത്ക്കരിക്കാൻ ശ്രമിക്കുമ്പോഴും എവിടെയും കൃത്യമായൊരു ഫോക്കസില്ലാത്ത കഥ പറച്ചിൽ.

കാമിയോ വേഷങ്ങൾ കൊണ്ട് 'ഖലീഫ'ക്ക് ബ്രാൻഡ് വാല്യൂ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും അതിനൊന്നും സിനിമയിൽ യാതൊരു വിധ ഇമ്പാക്റ്റും കൊണ്ട് വരാൻ സാധിച്ചില്ല.

സ്വർണ്ണക്കടത്തിന്റെ കാര്യത്തിൽ മമ്പറക്കൽ അഹ്മദ് അലിയെയും, ആമിർ അലിയെയുമൊക്കെ ഹീറോവത്കരിക്കുമ്പോഴും ഹാരിസ് ബഷീറിനെ പ്രതിനായകനാക്കുമ്പോഴും 'ഖലീഫ' ഊട്ടി ഉറപ്പിക്കുന്ന പൊതുബോധത്തിൽ അപകടമുണ്ട്.

ഇതേ സ്വർണ്ണക്കടത്തിന്റെ പേരിൽ ഒരിക്കലും സിനിമയിലെ സേട്ടുജീക്കും, കേന്ദ്ര മന്ത്രി സെൽവത്തിനും, പാർട്ടി സെക്രട്ടറി പുന്നവേൽ രാഘവനുമൊന്നും അത് ബാധകമാകില്ല എന്നത് കട്ടായം.

©bhadran praveen sekhar

Wednesday, September 2, 2026

പോപ്പ് സംഗീത ചക്രവർത്തിക്ക് ഒരു മികവുറ്റ സിനിമാ സമർപ്പണം !!

ഒരു ബയോപിക് എന്നതിനേക്കാൾ മൈക്കൽ ജാക്സന്റെ സംഗീത വിരുന്ന് എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന പടം.1966 ൽ ജോസഫ് ജാക്സൻ തന്റെ അഞ്ച് മക്കളെയും വച്ച് 'ജാക്സൺ 5' എന്ന ബാൻഡ് ടീം തുടങ്ങുന്നത് തൊട്ട് 1988 ലെ 'ബാഡ്' ടൂർ പര്യടനം വരെയുള്ള മൈക്കൽ ജാക്സന്റെ സംഗീത ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് സിനിമ.

മൈക്കിൽ ജാക്സന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളോ പ്രതിസന്ധികളോ ഒന്നും തന്നെ ഭാഗമാക്കാതെ മൈക്കിൽ ജാക്സൻ എന്ന പെർഫോമറെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.

കരിയറിന്റെ തുടക്കവും വളർച്ചയും കാണിച്ചു പോകുന്നതോടൊപ്പം
അച്ഛൻ ജോസഫ് ജാക്സണിന്റെ നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടുന്ന മൈക്കിലിനെ നമുക്ക് കാണാം.

ആ കെട്ടുപാടുകളിൽ നിന്നുള്ള മൈക്കിൽ ജാക്സന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന പോലെയാണ്‌ 'ബാഡ്' ടൂറിനെ സിനിമ അടയാളപ്പെടുത്തുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലോക പ്രസിദ്ധനായ സംഗീതജ്ഞനിലേക്കുള്ള അയാളുടെ സംഭവ ബഹുലമായ ജീവിത യാത്രയിലെ ഏതാനും കാര്യങ്ങൾ മാത്രമാണ് സിനിമയിലുള്ളത്.

ക്വിൻസി ജോൺസുമായുള്ള മൈക്കലിന്റെ കൂടി കാഴ്ച, പിന്നീട് ചെയ്ത ആൽബങ്ങൾ, അതിലൂടെ കിട്ടിയ ലോക പ്രശസ്തി, എം. ടി വി ചാനലുമായുള്ള കൈ കോർക്കൽ, ശാരീരികമായി അയാൾ നടത്തുന്ന മാറ്റങ്ങൾ, പെപ്സി പരസ്യത്തിനിടെ സംഭവിച്ച അപകടം, ശേഷമുള്ള തിരിച്ചു വരവ്, 88 ലെ ബാഡ് ടൂറിലെ പ്രകടനം അങ്ങിനെ പോകുന്ന ചുരുക്കം അദ്ധ്യായങ്ങൾ കൊണ്ട് തന്നെ സംഭവ ബഹുലമാണ് 'മൈക്കൽ'.

ശബ്ദ സംവിധാനം, ഛായാഗ്രഹണം, കൊറിയോഗ്രാഫി, ലൈറ്റിങ്, കളർ ഗ്രേഡിങ് അങ്ങിനെ എല്ലാം കൊണ്ടും മികച്ച തിയേറ്റർ എക്സ്പീരിയൻസ് തരുന്ന പടം.

മൈക്കിൽ ജാക്സന്റെ ഒരു ലൈവ് മ്യൂസിക് കൺസെർട്ടിൽ നമ്മളെ കൊണ്ടിരുത്തിയ പോലെ.

പിന്നെ എടുത്തു പറയേണ്ടത് മൈക്കിൽ ജാക്സനായി എത്തുന്ന ജാഫർ ജാക്സന്റെ അസാധ്യ പ്രകടനമാണ്. രൂപം കൊണ്ടും മാനറിസം കൊണ്ടും പ്രകടനം കൊണ്ടും അയാൾ മൈക്കിൽ ജാക്ക്സൻ തന്നെയല്ലേ എന്ന് ചിന്തിപ്പിക്കും.

തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല. 

©bhadran praveen sekhar

എല്ലാ തലത്തിലും ഒരു 'ബ്രാൻഡ് ന്യൂ' സ്പൈഡർ മാൻ !!


ആഘോഷിക്കാൻ ഒരുപാട് സൂപ്പർ ഹീറോസുള്ള ഹോളിവുഡിൽ സ്പൈഡർമാനോട് മാത്രമായി തോന്നുന്ന ഒരിഷ്ടമുണ്ട്. നമുക്ക് പരിചയമുള്ള ഒരു സാധാരണക്കാരന്റെ / നിഷ്ക്കളങ്കന്റെ ഐഡന്റിറ്റി ഉള്ള അമാനുഷികൻ.

ഈ പറഞ്ഞ അയൽപക്കത്തെ പയ്യൻ ഇമേജ് സ്പൈഡർമാന് മാത്രം അവകാശപ്പെട്ടതാണ്.

2002 - 2007 വരെ ടോബി മാഗ്വർ ചെയ്ത സ്‌പൈഡർമാനെ പിന്നീട് ആൻഡ്രൂ ഗാർഫീൽഡിന് വച്ച് മാറിയപ്പോൾ നിരാശ തോന്നിയിട്ടുണ്ട്.

പക്ഷേ അപ്പോഴും പീറ്റർ പാർക്കർ എന്ന കഥാപാത്രത്തിനോടുണ്ടായിരുന്ന താൽപ്പര്യത്തിന് മാറ്റമുണ്ടായില്ല.

2012 - 2014 വരെ നീണ്ട Amazing Spiderman സീരീസിന് നു ശേഷം മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലയിച്ച സ്പൈഡർമാനോടു ആദ്യം ഒരകൽച്ച തോന്നിയെങ്കിലും ടോബി മാഗ്വറിനു ശേഷം വർഷങ്ങൾക്കിപ്പുറം പീറ്റർ പാർക്കറിന്റെ പഴയ നിഷ്ക്കളങ്കതയെ തിരിച്ചെത്തിക്കാൻ ടോം ഹോളണ്ടിന്റെ കാസ്റ്റിങ്ങിലൂടെ സാധിച്ചു.

Homecoming ൽ തുടങ്ങി Far From Home ലൂടെ തുടർന്ന് No Way Home ൽ എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് വീണ്ടും സ്‌പൈഡർ മാൻ വരുന്നത്.

ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ മാജിക് സ്പെല്ലിലൂടെ ലോകത്തുണ്ടായ മാറ്റങ്ങൾ, അത് സ്‌പൈഡർമാനെയും വല്ലാതെ ബാധിച്ചിരിക്കുന്നു.

പീറ്റർ പാർക്കിന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങൾ, അയാളുടെ ട്രോമ, ഏകാന്ത ജീവിതം എല്ലാമടങ്ങുന്ന ഒരു വൈകാരികമായ കഥാപരിസരമാണ് ഇവിടെ.

ഡെഡ്പൂളിന്റെ മാനറിസങ്ങളെ അനുസ്മരിപ്പിക്കുന്ന ബോഡി ലാംഗ്വേജ് സ്‌പൈഡർമാൻ രസകരമായി കൈകാര്യം ചെയ്യുന്നുണ്ട് ചില സീനുകളിൽ.

അതേ സ്പൈഡർമാൻ തന്നെ പല സീനുകളിലും നമ്മളെ ത്രസിപ്പിക്കുകയും പതിവില്ലാത്ത വിധം ഇമോഷണൽ ആക്കുകയും ചെയ്യുന്നുണ്ട്.

നിസ്സഹായതയും വൈകാരികതയുമൊക്കെ ബ്രാൻഡ് ന്യൂവിലെ സ്പൈഡർമാനെ കൂടുതൽ ജനപ്രിയനാക്കുന്നു എന്നതാണ് സത്യം.

എല്ലാ മനുഷ്യരിലും ഒരു സൂപ്പർ ഹീറോ ഉണ്ട് എന്ന പോലെ എല്ലാ സൂപ്പർ ഹീറോമാരിലും നിസ്സഹായനും ഇമോഷണലുമായ ഒരു മനുഷ്യൻ ഉണ്ട് എന്ന് ചിന്തിപ്പിക്കുന്നു ഇത്തവണത്തെ സ്‌പൈഡർമാൻ.

സ്ഥിരം ആക്ഷൻ സൂപ്പർ ഹീറോ സങ്കല്പത്തിനപ്പുറം സ്‌പൈഡർമാനെ എല്ലാ തലത്തിലും ബ്രാൻഡ് ന്യൂ ആക്കുന്ന മെയ്കിങ് തന്നെയാണ് 'Spider Man -Brand New Day' യുടെ ആസ്വാദനം .

©bhadran praveen sekhar