Saturday, June 8, 2013

മുംബൈ പോലീസ് - മലയാള സിനിമാ തിരക്കഥയുടെ പുത്തൻ മുഖം.


തുഭേദത്തിനനുസരിച്ചുള്ള മാറ്റങ്ങൾ  എല്ലാ മേഖലയിലുമെന്ന പോലെ സിനിമാ ലോകത്തും സംഭവിക്കുന്നുണ്ട്. ആ മാറ്റങ്ങളിൽ  നല്ലതും ചീത്തയും ഉൾപ്പെടുന്നു. മലയാള സിനിമാ ലോകത്ത് പല കാലത്തായി പ്രേക്ഷകർക്ക്‌ അനുഭവപ്പെട്ട ഒരു കാര്യം കൂടിയാണത്. നിലവാരത്തകർച്ചയിലും  ആശയ ദാരിദ്ര്യത്തിലും അവതരണത്തിലെ പുതുമയില്ലായ്മയിലും പെട്ട് മലയാള സിനിമ പലപ്പോഴായി പതറി നിന്നപ്പോളൊക്കെ അവതാര പുരുഷനെന്നപോലെ നല്ല സിനിമകൾ അവതരിക്കുകയും  നല്ല മാറ്റങ്ങൾക്ക് നിമിത്തമാകുകയും ചെയ്തിട്ടുണ്ട്.  ആ മാറ്റത്തിനെ പ്രേക്ഷകർ പല പേരുകളാൽ വാഴ്ത്തി എന്ന് മാത്രം. ന്യൂ ജനറേഷൻ സിനിമകൾ എന്നൊന്ന് ഇല്ലെന്നും ഉണ്ടെന്നുമുള്ള വാദം ദിനം തോറും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ 'മുംബൈ പോലീസ്' അവതരിക്കുന്നത്.

ഒരർത്ഥത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ ആദ്യകാല വക്താക്കളായിരുന്നു  സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം. ഇരു കൂട്ടരും ആദ്യമായി ഒരുമിച്ച 'നോട്ട് ബുക്ക്' ഇറങ്ങുന്ന സമയത്ത് പക്ഷെ 'ന്യൂ ജനറേഷൻ' എന്ന പദ പ്രയോഗത്തിനു ഇന്നത്തെ അത്രയും സ്വീകാര്യത ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ 'നോട്ട് ബുക്ക്' സിനിമയെ മറ്റേതോ ലേബലിലാണ് പ്രേക്ഷകർ ഓർക്കാൻ പോലും  ശ്രമിക്കുന്നത്. അതിനൊക്കെ ശേഷം കാസിനോവക്ക് വേണ്ടി സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം രണ്ടാമത് ഒരുമിച്ചപ്പോൾ സംഭവിച്ചത് മലയാളി പ്രേക്ഷകന് ഇന്നും മറക്കാനാകില്ല. മലയാള സിനിമയുടെ നിലവാര തകർച്ചയെ സൂചിപ്പിക്കും വിധമുള്ള ഒരു സിനിമയുടെ ഭാഗമാകേണ്ടി വന്നതിലെ കുറ്റ ബോധം ഒരു പക്ഷേ ഇരു കൂട്ടരെയും കുറേ കാലത്തേക്കെങ്കിലും അലട്ടിയിരിക്കാം. ആ തിരിച്ചറിവ് തന്നെയായിരിക്കാം 'മുംബൈ പോലീസി'ന്റെ മികവിന്റെ ആദ്യ കാരണവും. എന്തായാലും ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ. ആ അർത്ഥത്തിൽ സിനിമയിലെ ന്യൂ ജനറേഷൻ എന്ന പദപ്രയോഗം കൊണ്ട്  അർത്ഥമാക്കേണ്ട യഥാർത്ഥ വസ്തുത എന്താണെന്ന് മുംബൈ പോലീസിലൂടെ സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം പ്രേക്ഷകനെ ഇത്തവണ ബോധ്യപ്പെടുത്തുക തന്നെ ചെയ്തെന്നു പറയാം. അങ്ങനെ നോക്കുമ്പോൾ നല്ല മാറ്റങ്ങളുടെയും നല്ല സിനിമകളുടെയും  കൂട്ടത്തിലെ  അവസാനത്തെ അവതാരം തന്നെയാണ് 'മുംബൈ പോലീസ്'.

ഭൂതകാലം മറന്നു പോകുന്ന നായകനെയും  നായികയെയും  ചില സിനിമകളിലെങ്കിലും നമ്മൾ കണ്ടു മറന്നിട്ടുണ്ട്. പത്മരാജന്റെ  'ഇന്നലെ' യിലെ മായയും (ശോഭന), പങ്കജ് പരാശർ സംവിധാനം ചെയ്ത 'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറും (സൽമാൻ ഖാൻ) ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. 'ഇന്നലെ'യിലെ മായയ്ക്ക് സ്വന്തം പേരടക്കമുള്ള കാര്യങ്ങൾ ഓർക്കാൻ സാധിക്കുന്നില്ല എന്നത് പോലെ  'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറിനും സ്വന്തം ഭൂതകാലത്തെ ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നു.  മായ ഒരു ആത്മാന്വേഷണത്തിനു മുതിരുന്നതായി 'ഇന്നലെ'യിൽ പറയുന്നില്ല. അതേസമയം 'തുംകോ ന ഭൂൽ പായെങ്കെ'യിലെ  വീർ താക്കൂറിന് ആത്മാന്വേഷണം അനിവാര്യമായി വരുന്നുമുണ്ട്. ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള  ഏക സാമ്യത അത് മാത്രമാണ്. ബാക്കി വരുന്ന കഥ പാടേ വ്യത്യസ്തമാണ് എന്നിരിക്കെ  എന്ത് കൊണ്ട് ഇതേ കഥാപാത്രങ്ങളുടെ മാനസിക സാഹചര്യം മറ്റൊരു കഥാപശ്ചാത്തലത്തിൽ അവതരിപ്പിച്ചു  കൂടാ എന്ന ചിന്തയിലായിരിക്കണം ഒരു പക്ഷേ മുംബൈ പോലീസിന്റെ കഥാ ബീജം പുതിയൊരു തിരക്കഥയിലേക്ക് പടർന്നത്. കാരണം മേൽപ്പറഞ്ഞ കഥാപാത്രങ്ങളുടെ സമാന അവസ്ഥ തന്നെയാണ് മുംബൈ പോലീസിലെ ACP ആന്റണി മോസസിനും (പ്രിഥ്വിരാജ് ) സംഭവിക്കുന്നത്. ഇതൊരു നിഗമനം മാത്രമാണ്. അല്ലാതെ  സഞ്ജയ്‌ ബോബി ഏതെങ്കിലും കഥയെയോ  കഥാപാത്രത്തെയോ  കോപ്പി പേയ്സ്റ്റ് ചെയ്തെന്ന ആധികാരിക വിവക്ഷയല്ല.  കഥയിലുള്ള ഈ ഒരു സമാനതയെ  ചോദ്യം  ചെയ്യാൻ ഒരാൾക്കും അവസരം നൽകാത്ത വിധം കഥാപശ്ചാത്തലവും തിരക്കഥയും എത്രത്തോളം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആകാംക്ഷാഭരിതവുമാക്കി മാറ്റാൻ ബോബി സഞ്ജയ്‌മാർക്ക് കഴിഞ്ഞു എന്നുള്ളിടത്താണ് തിരക്കഥാകൃത്തുകൾ എന്ന നിലയിൽ അവരുടെ വൈഭവം സിനിമയിലുടനീളം പ്രകടമാകുന്നത്.

സിനിമയുടെ തുടക്കം മുതലേ  പ്രേക്ഷകരിൽ ആകാംക്ഷയുടെ വിത്തുകൾ വാരി വിതറി കൊണ്ടാണ്  ഓരോ ഷോട്ടും റോഷൻ ആൻഡ്രൂസ് ചിത്രീകരിച്ചിരിക്കുന്നത്.  അത് കൊണ്ട് തന്നെ സഞ്ജയ്‌ ബോബിമാരുടെ തിരക്കഥയെ തന്റെ മനസ്സിലേക്ക് വേണ്ട വണ്ണം  ആവാഹിച്ചെടുത്ത ശേഷമാണ് റോഷൻ ആൻഡ്രൂസ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാവുന്നതാണ്. മറവിയുടെ  കാണാക്കയങ്ങളിൽ ആന്റണി മോസസ് തിരയാൻ ശ്രമിക്കുന്നത്  സ്വന്തം വ്യക്തിത്വത്തെയും  തന്റെ പ്രിയ സുഹൃത്തും സഹ പ്രവർത്തകനുമായ ACP ആര്യൻ ജോണ്‍ ജേക്കബിന്റെ (ജയസൂര്യ) വധത്തിനു ഉത്തരവാദികളായവരെയുമാണ്. ഈ ഒരു അന്വേഷണാത്മകത ഓരോ സീനിലും ഒപ്പിയെടുക്കാൻ  ആർ ദിവാകറിന്റെ ഛായാഗ്രഹണത്തിനും  സാധിച്ചിട്ടുണ്ട്. 


മലയാള സിനിമയിൽ  അധികമൊന്നും കണ്ടു പരിചയമില്ലാത്ത വഴിത്തിരിവുകളിൽ കൂടിയാണ് സിനിമ ഓരോ നിമിഷവും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. ഇരുൾ മൂടിയ ഇടുങ്ങിയ വഴികളിൽ കൂടിയുള്ള ഏകന്റെ ആത്മാന്വേഷണ സഞ്ചാരം ഓരോ ഘട്ടത്തിലും പുരോഗമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ ചിന്താതലത്തിലേക്ക് ഉത്തരമില്ലാത്ത കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ഇരച്ചു വന്നു കൊണ്ടിരിക്കുന്നു. ഇനി മുന്നോട്ടു പോകുമ്പോള്‍ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള സൂചനകളും പ്രേക്ഷകന് കിട്ടാതെ പോകുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് മുംബൈ പോലീസ്. സിനിമയുടെ ആദ്യ പകുതിക്കു ശേഷം ഇരുൾ വീണു മറഞ്ഞ വഴികൾ പതിയെ പ്രകാശിതമാകുന്നു. പക്ഷേ അവിടെയും പ്രകാശം സത്യത്തെ കാണിച്ചു തന്നിരിക്കുന്നു എന്ന് അവകാശപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ പ്രേക്ഷക മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചെയ്യുന്നത്. പ്രകാശമല്ല സത്യത്തെ കാണിച്ചു തരുന്നത് മറിച്ച്‌ പ്രകാശത്തിൽ ഒളിഞ്ഞു കിടക്കുന്ന സത്യത്തെ നമ്മളാണ് കണ്ടെത്തേണ്ടതെന്ന തരത്തിൽ സിനിമയിൽ  ചില രംഗാവിഷ്ക്കാരങ്ങൾ പോലും കടന്നു വരുന്നുണ്ട്. 

'സെല്ലൂലോയ്ഡ്', 'അയാളും ഞാനും തമ്മിൽ' തുടങ്ങീ  സിനിമകൾക്ക്‌  ശേഷം പ്രിഥ്വിരാജിന് കിട്ടിയ മറ്റൊരു വ്യത്യസ്തമായ  കഥാപാത്രമാണ് ACP ആന്റണി മോസസ്. രൂപം കൊണ്ടും ഭാവം കൊണ്ടും എന്തിനു പറയുന്നു ഓരോ നോട്ടത്തിലും ആന്റണി മോസ് എന്ന കഥാപാത്രത്തെ  മാത്രമേ സ്ക്രീനിൽ പ്രേക്ഷകന് ദർശിക്കാൻ വിട്ടു കൊടുക്കുന്നുള്ളൂ  എന്നത് പ്രിഥ്വി രാജിന്റെ അഭിനയ നേട്ടം തന്നെയാണ്. മറ്റൊരു അർത്ഥത്തിൽ ആ കഥാപാത്രം സ്വീകരിക്കാൻ പ്രിഥ്വിരാജ് കാണിച്ചത് ഒരു ചങ്കൂറ്റം കൂടിയാണ്. പ്രിഥ്വിരാജിന്റെ ഈ വക മേന്മകളെ സിനിമയിൽ വേണ്ട പോലെ ഉപയോഗിക്കാൻ റോഷൻ ആൻഡ്രൂസ് മിടുക്ക് കാണിച്ചു എന്നത് സത്യമെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ നല്ലൊരു വെപ്പ് മീശ വച്ച് കൊടുക്കുന്നതിൽ സംവിധായകനും മേയ്ക്കപ്പ്മാനും ഒരല്പം കൂടി മികവു പുലർത്താമായിരുന്നു എന്നൊരു അഭിപ്രായം  ഇല്ലാതില്ല.

മലയാള സിനിമയിൽ ഏറെക്കാലമായി ഹാസ്യതാരമായും സഹനടനായും തുടരുന്ന ഒരു നടനാണ്‌ കുഞ്ചൻ. കണ്ടു മറന്ന സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ വേഷം ഒന്നുകിൽ ഒരു കോമാളി അല്ലെങ്കിൽ കാര്യസ്ഥനു തുല്യനായ ഒരു വേലക്കാരൻ കഥാപാത്രം. ഇതായിരുന്നു സ്ഥിതി വിശേഷം. പക്ഷേ മുംബൈ പോലീസിൽ ആ വ്യവസ്ഥിതി തന്നെ മാറ്റിയെഴുതപ്പെടുകയാണ്. സഹനടന്മാരിൽ നിന്ന് ഒരു സിനിമയ്ക്കു ലഭിക്കേണ്ട ഊർജ്ജവും പ്രസരിപ്പും പ്രസക്തിയും എങ്ങനെയാകണമെന്ന് ഈ സിനിമയിലെ കോണ്‍സ്റ്റബിൾ സുധാകാരൻ സിനിമാ ലോകത്തിനു ബോധ്യപ്പെടുത്തി തരുന്നു. വെറുമൊരു കോണ്‍സ്റ്റബിൾ കഥാപാത്രം സിനിമയിൽ എങ്ങനെ ഇത്രമാത്രം ഹൈ ലൈറ്റ് ചെയ്യപ്പെടുമെന്ന സംശയം വേണ്ടേ വേണ്ട. അതിനു തക്ക കഥാ സന്ദർഭവും സംഭാഷണവും സിനിമയിൽ വളരെ അനുയോജ്യമായ രീതിയിൽത്തന്നെ ആ കഥാപാത്രത്തിന് തിരക്കഥാകൃത്തും സംവിധായകനും കല്പിച്ചു നൽകിയിട്ടുണ്ട് എന്ന് മാത്രം മനസ്സിലാക്കുക.
കുഞ്ചനെപ്പോലെ തന്നെ നിരവധി സഹ കഥാപാത്രങ്ങൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. ചെറുതെങ്കിലും അവർക്കെല്ലാം അവരുടെതായ അവസരം വിനിയോഗിക്കാൻ ഈ സിനിമയിൽ സ്പേസ് നൽകപ്പെടുന്നു എന്നതാണ് ഇതിലെ  ഏറ്റവും ശ്രദ്ധേയമായ കാര്യം. സീരിയൽ താരം മുകുന്ദൻ അവതരിപ്പിച്ച ക്യാപ്റ്റൻ ശ്രീനിവാസൻ അങ്ങനെ ഒന്നായിരുന്നു. അരസികനും അഹങ്കാരിയുമായ ഒരു ക്യാപ്റ്റന്റെ എല്ലാ ധാർഷ്ട്യവും മുകുന്ദനിലൂടെ ഭദ്രമായി ഉപയോഗിക്കാൻ സംവിധായകനു കഴിഞ്ഞു.

അന്യഭാഷാ ചിത്രങ്ങളിൽ മാത്രം കാണാൻ പറ്റുന്ന ഒരു സവിശേഷതയാണ് കേസ് അന്വേഷണസംഘത്തിലെ വനിതാ സാന്നിധ്യം. ഒരു കാലത്ത് മലയാള സിനിമയിൽ വാണി വിശ്വനാഥ് അത്തരം ചില വേഷങ്ങൾ ചെയ്തു വിജയിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ വാണിക്ക് ശേഷം ശ്രദ്ധേയമായ രീതിയിൽ അത്തരമൊരു വേഷം ആരും അഭിനയിച്ചു കണ്ടില്ല.  അതിനൊരു അപവാദമായി മാറുകയാണ് അപർണാ നായർ അവതരിപ്പിച്ച രാഖീ മേനോൻ എന്ന പോലീസ് കഥാപാത്രം.

ജയസൂര്യയുടെ ആകാരം ഒരു IPS കാരന് ചേർന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ആദ്യമൊരു സംശയം ചുരുക്കം ചിലർക്കെങ്കിലുംതോന്നിയേക്കാം. പക്ഷേ  അയാൾക്ക്‌ സ്വന്തം പദവിയോടുള്ള മതിപ്പ് എങ്ങിനെ ഉള്ള ഒന്നാണ് എന്ന് സിനിമയിൽ വെളിപ്പെടുന്ന നിമിഷം തൊട്ട് ആ ഒരു അബദ്ധ ധാരണയും നീക്കപ്പെടുകയാണ്.

റഹ്മാൻ അവതരിപ്പിക്കുന്ന ഫർഹാൻ അമൻ എന്ന കഥാപാത്രം സിനിമയിലെ നെടും തൂണ്‍ കണക്കെ നിലനിൽക്കുന്ന ഒന്നാണ്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് ഫർഹാൻ എന്ന കഥാപാത്രത്തിന് നിശ്ശബ്ദതയിലൂടെ വലിയൊരു നിഗൂഢത സൃഷ്ടിക്കുക എന്നൊരു ദൌത്യമാണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ ഫർഹാന്റെ നിശ്ശബ്ദത കൂടുതൽ തീവ്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നു.


കുറ്റാന്വേഷണവും സസ്പെൻസും ഇടകലർന്നൊഴുകുന്ന മുംബൈ പോലീസ് പോലെയുള്ള ഒരു സിനിമയിൽ പ്രേക്ഷകാസ്വദനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ  ഉറപ്പു വരുത്താൻ സഹായകമായിരുന്ന മറ്റൊരു പ്രധാന ഘടകമാണ്  ത്രില്ലിംഗ് സ്വഭാവമുള്ള ഒരു പശ്ചാത്തല സംഗീതം.  ഗോപീ സുന്ദറിന്റെ സംഗീതം അവിടെ അർദ്ധവിജയം മാത്രമാണ് നേടുന്നത്. നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ വഴികളിലൂടെ കഥയുടെ കുരുക്ക് ഒന്നിൽ നിന്ന് ഒന്നിലേക്ക് അഴിയുകയും മുറുകുകകയും ചെയ്യുമ്പോഴും ഗോപീ സുന്ദറിന്റെ സംഗീതം നിസ്സഹായാവസ്ഥയിൽ കൈ കെട്ടി നിൽക്കുന്ന പ്രതീതിയാണ് സിനിമയിൽ അനുഭവപ്പെടുന്നത്. ഈ ഒരു പോരായ്മ എല്ലാവരും ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു എങ്കിൽ അത് സിനിമയുടെ സ്ക്രിപ്റ്റിംഗ് മികവിന്റെ സംതൃപ്തി കൊണ്ട് മാത്രമാണ്.

ഗേ സെക്സ് വിഷയാസ്പദമായി സിനിമ ഒന്നും പറയുന്നില്ലെങ്കിലും സിനിമയിൽ ആ വിഷയം ഒരു പ്രധാന ട്വിസ്റ്റ് ആയി അവതരിപ്പിക്കുക വഴി സമൂഹത്തിലെ മറ്റൊരു  തലത്തിൽ കൂടിയും മുംബൈ പോലീസ്  ചർച്ചാ പ്രസക്തി നേടുന്നുണ്ട്. നിരവധി വീക്ഷണ കോണുകളിൽ കൂടി ഈ സിനിമയെ വിലയിരുത്താം എന്നുള്ളത് കൊണ്ട് തന്നെ  തിരക്കഥാ രചനയിലെ മാറ്റത്തിന്റെ പുത്തൻ മുഖമായി മുംബൈ പോലീസ് ഇതിനകം മാറി കഴിഞ്ഞിരിക്കുന്നു. കാലങ്ങൾക്ക് ശേഷം മലയാളി പ്രേക്ഷകന് കിട്ടിയ പൂർണതയുള്ള സിനിമ എന്ന സവിശേഷതയും മുംബൈ പോലീസിനു സ്വന്തമാണ്. എന്തായാലും ഈ വിജയം കേവലം ഒരു മുംബൈ പോലീസിന്റെ മാത്രമാകുന്നില്ല മറിച്ച് മലയാള സിനിമയുടേതു കൂടെയാണ്. അവതരണ മികവും  കെട്ടുറപ്പുള്ള തിരക്കഥയും നടീ നടന്മാരുടെ മികച്ച പ്രകടനവും പ്രദാനം ചെയ്യുന്ന ഏതൊരു സിനിമയെയും  ന്യൂ ജനറേഷൻ ലേബലിൽ വിലയിരുത്താം എന്ന് തന്നെയാണ് ഈ സിനിമയുടെ വിജയം അടിവരയിട്ടു പറയുന്നത്. അങ്ങനെയുള്ള 'ന്യൂ' സിനിമകളെത്തന്നെയാണ് പ്രേക്ഷകരെന്ന 'ജനറേഷൻ'   ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും.


* ഇ മഷി മാഗസിന്‍ ലക്കം 10 , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-

Friday, May 24, 2013

ഹരിദാസ്


G . N . R കുമരവേലനും A . R വെങ്കടേശനും ചേർന്ന് കഥയും തിരക്കഥയും എഴുതി G . N . R കുമരവേലൻ സംവിധാനം ചെയ്ത സിനിമയാണ് 'ഹരിദാസ്'. പേര് സൂചിപ്പിക്കുന്ന പോലെ ഈ സിനിമ പറയുന്നത് ഹരിദാസിന്റെ കഥ തന്നെയാണ്. പോലീസ് ഓഫീസറായ  ശിവദാസിന്റെ (കിഷോർ) ഏക മകനാണ് ഹരിദാസ് (പ്രിഥ്വിരാജ് ദാസ്).  ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട അവനെ നോക്കാനും വളർത്താനും നിയോഗിക്കപ്പെടുന്നത് ശിവദാസിന്റെ അമ്മയാണ്. ചെറുപ്പം മുതലേ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്ത സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഹരിദാസിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും അന്വേഷിക്കാനും  പലപ്പോഴും ശിവദാസിന് സമയമേ ഉണ്ടായിരുന്നില്ല. എന്നാൽ, ശിവദാസിന്റെ അമ്മയുടെ മരണ ശേഷം കഥാഗതിയാകെ മാറുകയാണ്.  ഹരിദാസിന്റെ അസുഖം ഓട്ടിസം ആണെന്ന് തിരിച്ചറിയപ്പെടുന്ന നിമിഷം തൊട്ട് ഒരു അച്ഛന്റെ കടമയിലേക്ക് ശിവദാസ്‌ മടങ്ങിയെത്തുന്നു. അതിന്റെ ഭാഗമായി ഒരു ഘട്ടത്തിൽ തന്റെ പോലീസ് ഉദ്യോഗം വരെ വേണ്ടെന്നു വക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്കത് പൂർണമായും സാധ്യമാകുന്നുണ്ടായിരുന്നില്ല. ഹരിദാസിന് വേണ്ടി അയാൾക്ക്  എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്.

സിനിമയുടെ ആദ്യ ഭാഗം കണ്ടു തുടങ്ങുമ്പോൾ ഒരു ക്രൈംസ്റ്റോറി സ്വഭാവമാണ് പ്രകടമാകുന്നത് എങ്കിലും ആദ്യത്തെ അരമണിക്കൂറിനു ശേഷം അത് വ്യത്യാസപ്പെടുന്നു.  അവിടുന്നങ്ങോട്ടാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന  വിഷയം എന്താണെന്ന് പ്രേക്ഷകന് ബോധ്യപ്പെടുന്നത്. കുട്ടികളിലെ ഓട്ടിസം എന്ന രോഗത്തെ പല രക്ഷിതാക്കളും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം സിനിമയിൽ സംവിധായകൻ വെളിപ്പെടുത്തുന്നു.

ഹരിദാസിനെ വിദഗ്ദ്ധ ചികിത്സക്കായി ഡോക്ടറുടെ അടുത്തെത്തിക്കുന്ന ശിവദാസിനോട് ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്. തന്റെ കുട്ടിക്ക് എന്താണ് അസുഖം എന്നറിയാതെ, വേണ്ട ചികിത്സ നൽകാതെ അവനെ ഒരു special child മാത്രമായി കാണുന്ന രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്.  പലപ്പോഴും കുട്ടികളിലെ അസുഖങ്ങളെ മുൻവിധിയോടു കൂടെ നിരീക്ഷിക്കുക വഴി രക്ഷിതാക്കൾ കുട്ടികളോട് ചെയ്യുന്ന പാതകം ചെറുതല്ല എന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഈ സിനിമയിലെ ഡോക്ടർ കഥാപാത്രം അധിക സീനുകളിലൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. എങ്കിൽപ്പോലും ആ കഥാപാത്രത്തിലൂടെ ഓട്ടിസ സംബന്ധമായ കുറേയധികം  നല്ല നിരീക്ഷണങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഓട്ടിസം ഒരു രോഗമാണ് എന്ന് പറയുന്നവരോടുള്ള  ഡോക്ടറുടെ മറുപടിയും അത് പോലെ  ശ്രദ്ധേയമാണ്. ഓട്ടിസം ബാധിച്ച കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുന്നതിൽ കൂടി ഒരു പക്ഷേ ആ കുട്ടി നാളെ ലോകം അറിയപ്പെടുന്നവനായി മാറാനുള്ള സാധ്യതയെപ്പറ്റിയും ഡോക്ടർ വാചാലനാകുന്നുണ്ട്.  ചരിത്രത്തിൽ അതിനുള്ള ഉദാഹരണ വ്യക്തിത്വങ്ങൾ ഏറെയുണ്ട് എന്ന് പറഞ്ഞാണ് ഡോക്ടർ അത് ശിവദാസിന് വിശദീകരിച്ചു കൊടുക്കുന്നത് പോലും.

അഭിനേതാക്കൾ എന്ന നിലയിൽ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ വൃത്തിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  കൂട്ടത്തിലെ  കുട്ടി അഭിനേതാക്കളുടെ പ്രകടനങ്ങൾ ഏറെ പ്രശംസനീയം തന്നെയാണ്. മുതിർന്ന നടന്മാരെക്കാൾ മികച്ച രീതിയിലും അനായാസമായും   ഭാവ പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾ ഏറെ മുന്നിലാണ് എന്ന് ഈ സിനിമ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.

സാമൂഹിക പ്രസക്തമായ ഒരു പ്രമേയം സിനിമയിൽ ഗൗരവമായി അവതരിപ്പിക്കുമ്പോൾ ഒരു പക്ഷേ സിനിമ കൊമേഴ്സ്യൽ ലേബലിൽ നിന്ന് മാറി പോകാൻ ഏറെ സാധ്യതയുണ്ട്. പക്ഷേ, ഇവിടെ സംവിധായകനായ G . N . R കുമരവേലൻ അത് തന്ത്രപൂർവ്വം കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്.  സ്ക്രിപ്റ്റിംഗ് ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ആദി (പ്രദീപ്‌ രാവത്) എന്ന പ്രാദേശിക ഗുണ്ടയെ  തുരത്താനുള്ള പോലീസ് മിഷനും, അതുമായി ബന്ധപ്പെട്ട ശിവദാസിന്റെ ചുമതലാബോധവും ഒരു ഭാഗത്ത് കൂടെ സിനിമയിൽ പറയുന്നതോടൊപ്പം  മറുഭാഗത്ത് അച്ഛനെന്നെ നിലയിൽ ശിവദാസിന് ഹരിദാസിനോടുള്ള ഉത്തരവാദിത്തവും കൂടി work out ചെയ്യിച്ചു കൊണ്ടാണ് കഥ പറയുന്നത്. ഇതിനിടയിൽ കടന്നു വരുന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് സ്നേഹ അവതരിപ്പിക്കുന്ന അമുതവല്ലി ടീച്ചർ. തന്റെ ക്ലാസിൽ ഒരു special child-നെ പഠിപ്പിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അമുതവല്ലി ആദ്യമെല്ലാം ഒരല്പം നീരസത്തോടെയാണ് വീട്ടിൽ അനിയത്തിയോടും അമ്മയോടുമായി പറയുന്നത്. അതിനുള്ള പ്രധാന കാരണം ശിവദാസ് ഹരിദാസിനോട് കൂടെ തന്റെ ക്ലാസ്സിൽ വന്നിരിക്കുന്നു എന്നതാണ്‌. ശിവദാസ്‌ എന്താണെന്നും, അയാൾക്ക് മകനോടുള്ള അടുപ്പത്തിന്റെ ആഴം എത്രയാണെന്നും മനസ്സിലാക്കുന്നതിലൂടെ അമുതവല്ലിയുടെ അബദ്ധ ധാരണകൾ പിന്നീട് മാറുന്നുണ്ട്. അവിടുന്നങ്ങോട്ട്  കഥയിലെ മേൽപ്പറഞ്ഞ രണ്ടു ട്രാക്കിനോട് കൂടി പുതിയ ഒരു ട്രാക്ക് കൂടി സൃഷ്ടിക്കപ്പെടുന്നു. ആ ട്രാക്കിൽ കൂടി അമുതവല്ലിയും ഹരിദാസും ശിവദാസും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഹൃദ്യമായി ചിത്രീകരിക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. ഈ ഘടകങ്ങൾ എല്ലാം ഒത്തു ചേരുമ്പോൾ സിനിമ ഒരേ സമയം സാമൂഹികമായും വ്യാവസായികമായും ശ്രദ്ധ നേടുന്നു .

ഈ സിനിമയിൽ എവിടെയും  ഒരു പ്രണയ രംഗം  കൈകാര്യം ചെയ്യപ്പെടുന്നില്ല എങ്കിൽക്കൂടി ശിവദാസ് - അമുതവല്ലി ടീച്ചർ കൊമ്പിനേഷനിലൂടെ പ്രേക്ഷകനിൽ അങ്ങനെയൊരു മുൻധാരണ ഉണ്ടാക്കപ്പെടുന്നുണ്ട്. അമുതവല്ലിക്ക് ശിവദാസിനോട് തോന്നിയ ഇഷ്ടത്തെ പ്രണയമായി കാണാൻ ആകില്ല. ശിവദാസിന്റെ വ്യക്തിത്വത്തോടുള്ള  ഒരു വലിയ മതിപ്പ്, അല്ലെങ്കിൽ ആരാധനയായിരിക്കാം ഒരവസരത്തിൽ അവളെക്കൊണ്ട് ഹരിദാസിന്റെ അമ്മയാകാൻ ആഗ്രഹമുണ്ട് എന്ന് പറയിപ്പിച്ചത്. അവളുടെ ആ അഭ്യർഥനയെ പാടേ നിരാകരിച്ചുകൊണ്ട് ശിവദാസ്‌ നൽകുന്ന  മറുപടിയിൽ അവൾ ആശ്വാസം കണ്ടെത്തുന്നതും  അതേ കാരണം കൊണ്ട് തന്നെയായിരിക്കാം.

ആർ രത്നവേലുവിന്റെ ഛായാഗ്രഹണമാണ് സിനിമയിലെ   നിരീക്ഷണ വിധേയമാക്കേണ്ട   മറ്റൊരു  കാര്യം. ഗാന രംഗങ്ങളിലെ ദൃശ്യമനോഹാരിതക്കുപരി ആക്ഷനും ഇമോഷനും കൂടി കലർന്ന ഒരു സിനിമക്ക് ഉചിതമായ രീതിയിൽ തന്നെയാണ് രത്നവേലുവിന്റെ ക്യാമറ ചലിച്ചിരിക്കുന്നത്. ആ തലത്തിൽ നോക്കുമ്പോൾ  മികച്ചതല്ലെങ്കിൽ കൂടി  ഈ സിനിമയിലെ cinematography പരീക്ഷണാടിസ്ഥാനത്തിൽ ശ്രദ്ധേയമായിരുന്നു എന്ന് പറയാം. ആക്ഷൻ സീനുകൾക്ക് എന്ത് കൊണ്ടോ ഇരുണ്ട പശ്ചാത്തലം മാത്രമാണ് സിനിമയിൽ അധികവും ഉപയോഗിച്ചിട്ടുള്ളത്. ഔട്ട്‌ ഡോർ ചിത്രീകരിച്ചിട്ടുള്ള ഇമോഷൻ സീനുകൾ സിനിമയിൽ ഒരുപാടുണ്ട് എങ്കിലും അതിൽ ഏറെ ഹൃദ്യമായത്‌ ഹരിദാസിന്റെ മനസ്സിൽ അടക്കി വച്ച ആഗ്രഹം എന്തായിരുന്നെന്നു  ശിവദാസിന് ബോധ്യപ്പെടുന്ന സീനാണ്.   ക്ലോസപ്പ് ഷോട്ടുകളിൽ കൂടി മാത്രം ഇമോഷൻ എടുത്തു കാണിക്കുന്ന പതിവ് രീതികളെയെല്ലാം സിനിമയിൽ പലയിടത്തായി   സംവിധായകനും  തിരുത്തി കുറിക്കുന്നു.

അണ്ണാമലൈയുടെ വരികൾക്ക് വിജയ്‌ ആന്റണിയാണ് സംഗീതം നൽകിയിരിക്കുന്നത്. നാല് പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ശങ്കർ മഹാദേവൻ പാടിയ "അന്നൈയിൻ കരുവിൽ കളയാമൽ പിറന്തായെ, അപ്പോതെ മനിതാ നീ ജയിത്തായെ" എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയിലെ മികച്ച ഗാനം. സംഗീതം കൊണ്ട് മാത്രമല്ല ഒരു ഗാനം പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്, മറിച്ച് അർത്ഥവത്തായ ആശയം കൊണ്ടും പദപ്രയോഗം കൊണ്ടും കൂടിയാണ് എന്നതിന് ഉദാഹരണമാണ് ഈ ഗാനം. തളർന്നു കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കും വിധമുള്ള വരിയും സംഗീതവുമാണ് ഈ ഗാനത്തിനെ സിനിമയിലെ മറ്റു ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഈ വർഷം ഇതുവരെ ഇറങ്ങിയ മറ്റ് തമിഴ് സിനിമകളുമായി തുലനം ചെയ്യുമ്പോൾ ഒരേ സമയം വാണിജ്യപരമായും കലാപരമായും സാമൂഹികപരമായും മുന്നിൽ നിൽക്കുന്ന ഒരേ ഒരു സിനിമ ഹരിദാസ് മാത്രമാണ്. അതുകൊണ്ട് തന്നെ  സിനിമാലോകത്തെ സംബന്ധിച്ച് ഹരിദാസ് എന്നത്  മികച്ച സിനിമാ രൂപത്തിന്റെ പുതിയൊരു  ഫോർമുല കൂടിയായി മാറിയിരിക്കുകയാണ് .

* ഇ മഷി മാഗസിന്‍ ലക്കം 9 , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം . . ഇ മഷി . 

- pravin-

Saturday, April 27, 2013

സൌണ്ട് തോമ - രൂപവും സൌണ്ടും മാത്രം പുതുമ.


പ്ലാപ്പറമ്പിൽ പൌലോയുടെ (സായ്കുമാർ) മൂന്നാമത്തെ മകനാണ് തോമ (ദിലീപ്).  മുറിച്ചുണ്ടോട് കൂടി ജനിച്ചു വീണ കുഞ്ഞു തോമയെ കണ്ടപ്പോൾ പൌലോയടക്കം എല്ലാവരുടെയും മുഖം  നിരാശാമയമായി.  തോമയെ പ്രസവിച്ചതിനാലാണ്  അവന്റെ അമ്മ മരിക്കുന്നത്  എന്നതിനാൽ തോമയെ അന്ത്യ ക്രിസ്തുവായാണ് അപ്പനായ  പൌലോ കാണാൻ ശ്രമിക്കുന്നത്.  ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ  തോമയുടെ മുറിച്ചുണ്ട് മാറ്റിയെടുക്കാമെന്നു ഡോക്ടർമാർ പറഞ്ഞു നോക്കുന്നുവെങ്കിലും  പിശുക്കനും, അറുത്ത കൈക്ക് ഉപ്പു തേക്കാത്തവാനുമായ പൌലോ അതിനു തയ്യാറല്ലായിരുന്നു. ആ ഒരു കാരണത്താൽ ഒരു പക്ഷെ ഭാവിയിൽ അവന്റെ ശബ്ദം വരെ വികലമായി പോയേക്കാം എന്ന സൂചന കൊടുത്തിട്ട് പോലും പൌലോ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അതാണ്‌ പൌലോയുടെ സ്വഭാവം. പണത്തിനെക്കാൾ കൂടുതലായി ഒന്നിനെയും ഒരു ബന്ധത്തിനെയും അയാൾ വില കൽപ്പിക്കില്ല. അതിന്റെ ആദ്യത്തെ ഇരയാണ് മുസ്ലീം പെണ്ണിനെ കല്യാണം കഴിച്ചു മതം മാറേണ്ടി വന്ന പൗലൊയുടെ മൂത്ത മകനായ മത്തായി അഥവാ ഇന്നത്തെ മുസ്തഫ (മുകേഷ്) . ഉയർന്ന സ്ത്രീധനം വാങ്ങി കൊണ്ട് മക്കളെ  കല്യാണം കഴിപ്പിക്കുക എന്ന പൌലോയുടെ ആഗ്രഹത്തിനു വിപരീതമായി  പ്രവർത്തിച്ചതു കൊണ്ടാണ്  മത്തായിക്ക്  പ്ലാപ്പറമ്പിൽ വീടിന്റെ പടിക്ക് പുറത്ത് പോകേണ്ടി വന്നത് പോലും . അപ്പന്റെ ഈ വക സ്വഭാവമെല്ലാം  അറിഞ്ഞിട്ടും ഇളയ മകനായ തോമ സ്ഥലത്തെ ഭാഗവതരുടെ (വിജയ രാഘവൻ) മകൾ ശ്രീലക്ഷ്മിയെ (നമിത പ്രമോദ് ) അഗാധമായി പ്രേമിക്കുന്നു. അവന്റെ പ്രേമം അവൾ തിരിച്ചറിയുമോ, പിശുക്കനായ പൌലോക്ക് മാനസാന്തരം സംഭവിക്കുമോ, ബന്ധങ്ങളുടെ വില അയാൾക്ക്‌ ബോധ്യപ്പെടുമോ, എന്നീ ചോദ്യങ്ങളാണ് സിനിമ പിന്നീട് ബാക്കി വക്കുന്നത്. ഇതിനിടയിലേക്ക് ഒരു വില്ലനെയും കൂടി കയറ്റി വിടുമ്പോൾ കഥ ഏകദേശം മസാല പരവുമായി തീരുന്നു. 

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ് എന്നീ സിനിമകൾക്ക്‌ ശേഷം ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് സൌണ്ട് തോമ. ബെന്നി പി നായരമ്പലമാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തോമ എന്ന കഥാപാത്ര സൃഷ്ടി നടത്തി എന്നതിലുപരി ബെന്നി പി നായരമ്പലത്തിന് പ്രത്യേകിച്ചൊരു പുതുമയോ വ്യത്യസ്തതയോ   കഥയിലും തിരക്കഥയിലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല . പണ്ട് കണ്ടു മറന്ന കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . വിരൂപനായ നായകന് നായികയോട് തോന്നുന്ന ഇഷ്ടവും, നായികക്ക് നായകനോട് ആദ്യം തോന്നുന്ന വെറുപ്പും , പിന്നീടുള്ള ഇഷ്ടവും , വില്ലന്റെ കടന്നു വരവും എല്ലാം തന്നെ പുതിയ കുപ്പിയിലെ  പഴയ വീഞ്ഞിനെ ഓർമിപ്പിക്കുന്ന ചുരുക്കം ചില ഘടകങ്ങൾ ആണ്. 

വൈശാഖിനെ സംബന്ധിച്ച് തന്റെ ആദ്യ സിനിമയിലൂടെ  അയാളുണ്ടാക്കിയ ഇമേജിനു വലിയ കോട്ടം ഇപ്പോഴും സംഭവിക്കുന്നില്ല. ഇമേജിൽ കാര്യമായൊരു ഉയർച്ചയോ താഴ്ച്ചയോ ഇല്ലാതെ നിലനിർത്തുക മാത്രമാണ് വൈശാഖ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ ഒരു നവ സംവിധായകൻ എന്ന നിലയിൽ വൈശാഖിന്റെ ഈ നിലപാട് അയാളുടെ ഭാവിയിലേക്ക് ദോഷമേ ചെയ്യൂ എന്നതും  മറ്റൊരു വസ്തുതയാണ്.


വികലാംഗ കഥാപാത്രങ്ങളെ നായകനാക്കി ഒരു കാലത്ത് തുടരെ സിനിമകൾ  ചെയ്ത ആളായിരുന്നു സംവിധായകൻ വിനയൻ. ഇവിടെ ദിലീപും ഒരു തരത്തിൽ ആ പാതയാണ് പിന്തുടരുന്നത്. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് തുടങ്ങീ സിനിമകളിലെ ദിലീപിന്റെ അത്തരം കഥാപാത്രങ്ങൾ  ഏറെ പ്രശംസയും ജന ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം എന്ത് കൊണ്ടോ, അത്തരം വേഷങ്ങൾക്കായി തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ ഭാഗം  എഴുതി കൊടുത്ത പോലെയാണ് ദിലീപ് അഭ്രപാളിയിൽ പച്ചകുതിരയായും, മായാ മോഹിനിയായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. അത്തരം കഥാപാത്രങ്ങളെ വേഷം കൊണ്ടും പ്രകടനം കൊണ്ടും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള കഴിവ് അഭിനന്ദനീയം തന്നെയാണ്. സൌണ്ട് തോമയിലും ആ പ്രകടന നിലവാരം ദിലീപ് തന്മയത്വത്തോടെ നിലനിർത്തിയിട്ടുണ്ട്. ദിലീപിന്റെ പഴയ കാലത്തെ മിമിക്രിയുടെ സ്വാധീനം ഇത്തരം കഥാപാത്രങ്ങളിൽ പലയിടത്തും പ്രകടമാണെങ്കിലും   മലയാള സിനിമയിൽ സ്വന്തം ശരീരത്തെയും രൂപത്തെയും ശബ്ദത്തെയും പരീക്ഷണാടിസ്ഥാനത്തിൽ ഇത്ര മേൽ ഉപയോഗിച്ച മറ്റൊരു നടൻ വേറെയുണ്ടാകില്ല. സംഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും സൌണ്ട് തോമയിൽ  ശബ്ദത്തിനും രൂപത്തിലുമുപരി കാര്യമായൊരു പ്രകടനം ദിലീപ് കാഴ്ച വച്ചിട്ടില്ല. അതെ സമയം പൌലോ ആയി വന്ന സായ് കുമാർ ചോട്ടാ  മുംബൈക്ക് ശേഷം സമാനമായ നല്ലൊരു വേഷം ചെയ്തെന്നു പറയാം. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ ഒരു മാറ്റം വരുത്തിയേക്കാവുന്ന ഒരു കഥാപാത്രമായിരുന്നു ഈ സിനിമയിലെത് എന്നാലും ആ വേഷം വേണ്ട പോലെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല . 

ഗോപീ സുന്ദറിന്റെ സംഗീതം സിനിമയിലെ കഥാ സന്ദർഭത്തിന് യോജിച്ചു നിന്നു എന്നൊഴിച്ചാൽ അവിടെയും കാര്യമായൊരു ചലനം സൃഷ്ടിക്കാൻ സിനിമക്ക് സാധിച്ചിട്ടില്ല. അതെ സമയം ഗാന രംഗങ്ങളിലെ ച്ഛായാഗ്രഹണവും, കലാ സംവിധാനവും, choreography  യും മികച്ചു നിന്നു.  നമിത പ്രമോദിന്റെ  അഭിനയത്തേക്കാൾ മികച്ചതായി തോന്നിയത് സിനിമയിൽ നമിതയ്ക്ക് കിട്ടിയ ഡാൻസാണ്.  ഈ സിനിമയിൽ നമിത പ്രമോദ് identify ചെയ്യുന്നത് പോലും ആ ഡാൻസ് കൊണ്ട് മാത്രമാണ് എന്ന് പറയുന്നതായിരിക്കും ഏറെ ഉചിതം. 

ആകെ മൊത്തം ടോട്ടൽ = പ്രത്യേകിച്ച് പുതുമയോ ട്വിസ്ട്ടോ ഇല്ലാത്ത ഒരു സിനിമ. ദിലീപിന്റെ   മുറിച്ചുണ്ടും  ശബ്ദവും  പുതുമയായി അവതരിപ്പിക്കാൻ ശ്രമിച്ച അവതരിപ്പിച്ച ഒരു ആവറേജ്  സിനിമ. 

* വിധി മാർക്ക്‌ = 5/10 

-pravin- 

Sunday, April 14, 2013

ആമേൻ - പുതുമക്ക് സ്തുതി


നായകൻ, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾക്ക്‌ ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ആമേൻ. ലിജോ ജോസിന്റെ തന്നെയാണ് ആമെന്റെ കഥ. 'നായക'ന് ശേഷം ഇത് രണ്ടാം തവണയാണ് പി. എസ് റഫീക്ക് മറ്റൊരു ലിജോ ജോസ് സിനിമയ്ക്കു കൂടി തിരക്കഥ- സംഭാഷണം ഒരുക്കുന്നത്. 1970 ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ചിലതെല്ലാം നമ്മൾ കണ്ടു മറന്നിട്ടുണ്ട്. അതിൽ  നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ലിജോവിന്റെ ആമേൻ. 

കുമരംഗരി എന്ന ഗ്രാമവും, അവിടത്തെ ക്രിസ്ത്യൻ ദേവാലയവും, ദേവാലയം വകയുള്ള ബാൻഡ് സംഘവും,  ആണ് സിനിമയിലെ പ്രധാന ആകർഷണം. കുമരംഗരി ഗ്രാമത്തിനു പുറം നാട്ടുകാരോട് പറയാൻ ഒരു വലിയ സംഗീത ചരിത്രമുണ്ട്. എസ്താപ്പനും (രാജേഷ്‌ ഹബ്ബർ), ലൂയി പാപ്പനും (കലാഭവൻ മണി, അടങ്ങുന്ന ബാൻഡ് സംഘമായിരുന്നു ഒരു കാലത്തെ കുമരംഗരിയുടെ പ്രധാന സംഗീത വിസ്മയം. എസ്തപ്പാന്റെ  മരണ ശേഷമാണ് ബാൻഡ് സംഘത്തിനു  പ്രധാനമായും തകർച്ച നേരിടേണ്ടി  വരുന്നത്.  തുടരെ തുടരെ എല്ലാ മത്സരങ്ങളിലും തോറ്റു തുന്നം പാടുന്നതിലൂടെ  ബാൻഡ് സംഘം പള്ളിക്ക് ഒരു ബാധ്യതയായി വരുന്നു. എസ്താപ്പന്റെ മകനായ സോളമൻ (ഫഹദ്) ക്ലാർനെറ്റ് വായിക്കാനും പള്ളി വക ബാൻഡ് സംഘത്തിൽ ചേരാനും  താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫാദർ അബ്രഹാം ഒറ്റപ്ലാക്കൽ (ജോയ്  മാത്യു) അവനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പള്ളി വകയുള്ള  ബാൻഡ് സംഘം  എന്നന്നേക്കുമായി പിരിച്ചു വിടാൻ ഫാദർ അബ്രഹാം ശ്രമിക്കുന്ന സമയത്താണ് പള്ളിയിലേക്ക് പുതിയതായി നിയമിച്ച ഫാദർ വിൻസെന്റ് വട്ടോളി (ഇന്ദ്രജിത്ത് ) സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്നങ്ങോട്ടുള്ള സംഭവ വികാസങ്ങളാണ് സിനിമയെ ജീവസ്സുറ്റതാക്കുന്നത്. 

അവതരണമികവും, കഥാ പശ്ചാത്തലത്തിന്റെ പുതുമയും, ഫഹദിന്റെയും സ്വാതിയുടെയും വേറിട്ട പ്രകടന നിലവാരവും കൊണ്ടും മാത്രമാണ് ആമെനിലെ പ്രണയം വിശുദ്ധമാകുന്നത്. അതല്ലായിരുന്നെങ്കിൽ കഥയിലെ പാവപ്പെട്ട നായകന് സ്ഥലത്തെ പ്രമാണിയുടെ മകളോട് തോന്നുന്ന വെറും ക്ലീഷേ പ്രണയമായി ഇതും വിലയിരുത്തപ്പെട്ടെനെ. ജോയ് മാത്യുവിന്റെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കലും, ഇന്ദ്രജിത്തിന്റെ ഫാദർ വട്ടോളിയും, സുനിൽ സുഖദയുടെ കപ്യാർ വേഷവും, മകരന്ദ് ദേശ്പാണ്ടെയുടെ ഷെവലിയാർ പോത്തച്ചനും പോലെ തന്നെ  ഈ സിനിമയിലഭിനയിച്ച അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ വേഷത്തെ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. നിസ്സഹായനായ കാമുകന്റെ ശരീര ഭാഷ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിൽ ഫഹദ് വിജയിച്ചപ്പോൾ, ശോശന്നയായി വന്ന സ്വാതി തന്റെതായാ  പ്രകടനം കൊണ്ട് പ്രേക്ഷകനെ കൈയ്യിലെടുത്തു. ലൂയി പാപ്പാനായി വരുന്ന കലാഭവൻ മണിയുടെ പ്രകടനത്തിൽ   പലയിടങ്ങളിലും  നടൻ തിലകന്റെ അപ്രത്യക്ഷ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. 

സിനിമയുടെ തുടക്കം തൊട്ടു അവസാനം വരെയുള്ള സോളമന്റെയും ശോശന്നയുടെയും (സ്വാതി) പ്രണയത്തെക്കാൾ കൂടുതൽ പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് പള്ളിയും, പള്ളി വികാരിയും, ഇടവകക്കാരും, ബാൻഡ് സംഘവുമടങ്ങുന്ന  കുമരംഗരി ഗ്രാമം തന്നെയാണ് എന്ന് പറയേണ്ടി വരും. അത്രക്കും ദൃശ്യചാരുതയോടെയാണ് അഭിനന്ദൻ രാമാനുജം 'കുമരംഗരി' എന്ന സ്വപ്നലോകത്തെ തന്റെ ക്യാമറയിലൂടെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ആരെ മറന്നാലും  കുമരംഗരിയെ മറക്കില്ല. ക്ലോസപ്പ് ഷോട്ടുകൾ, സ്ലോ മോഷൻ സീനുകൾ, മറ്റു ക്യാമറാ ഗിമ്മിക്കുകൾ എന്നിവക്കൊന്നും അമിത പ്രസക്തി കൊടുക്കാൻ ലിജോ ആഗ്രഹിക്കുന്നില്ല . അതിനു പകരമായി ക്രൈൻ ഷോട്ടും ഏരിയൽ ഷോട്ടുമൊക്കെയാണ് പുള്ളി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ചില സീനുകളിൽ, പ്രത്യേകിച്ച് തോണിയിൽ സഞ്ചരിക്കുന്നതും, അതിനിടയിലെ സംഭാഷണ സീനുകകളിലെല്ലാം ഉപയോഗിച്ചിരുന്ന ഷോട്ടുകൾ  ഒരു തരം തലവേദനയുണ്ടാക്കുന്ന ദൃശ്യാവിഷ്ക്കാരമായും മാറിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ. 

പ്രശാന്ത് പിള്ളയുടെ സംഗീതമാണ് സിനിമയിലെ മറ്റൊരു വിജയ തരംഗം. സിനിമയിലെ ഗാനങ്ങൾ എന്നത് നായകനും നായികക്കും പ്രണയവും വിരഹവും തോന്നുമ്പോൾ മാത്രം പാടാനുള്ളതല്ല, മറിച്ച് ആവശ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകനുമായി സംവദിക്കാനും കഥാപാത്രങ്ങൾക്കിടയിലെ ആശയ വിനിമയത്തിനും കൂടി ഉപയോഗിക്കാമെന്ന് ലിജോ ജോസ് ഈ സിനിമയിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. ക്രിസ്ത്യൻ ഭക്തി ചുവയുള്ള  ഗാനങ്ങൾ എന്നതിലുപരി അതെ പശ്ചാത്തലത്തിൽ ആവേശം തുളുമ്പുന്ന മാത്സരികമായ ഊർജ്ജമാണ് ഈ സിനിമയിലെ സംഗീതം നമുക്ക് നൽകുന്നത്. കാവാലം നാരായണ പണിക്കരുടെ വരികളോട് കൂടെ പ്രശാന്തിന്റെ സംഗീതം കൂടിചേർന്നപ്പോൾ സിനിമാ ചരിത്രത്തിലെ ഇന്ന് വരെയുള്ള സംഗീത ശൈലികളുടെ പൊളിച്ചെഴുത്താണ് സംഭവിച്ചത് എന്ന് പറയുന്നതായിരിക്കും ഉചിതം. 

അതെ സമയം മേൽപ്പറഞ്ഞ യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെ തികഞ്ഞ നിശബ്ദതയിലാണ് സിനിമയിൽ  പി എസ് റഫീക്ക് എഴുതിയ ' സോളമനും ശോശന്നയും ..' എന്ന് തുടങ്ങുന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത്. സോളമന്റെയും ശോശന്നയുടെയും വിശുദ്ധപ്രണയത്തിന്റെ സംഗീതാവിഷ്ക്കാരം കൂടിയാണ് ഈ ഗാനം.   ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 'പമ്പര പ പ്പ പ്പാ .. ' എന്ന കള്ള് ഷാപ്പ് ഗാനം ഗാനം സിനിമയിലെ മറ്റൊരു ആകർഷണീയതയാണ്. ഒറ്റ ഷോട്ടിൽ എടുത്തു എന്നതിലുപരി ആ ഗാനത്തിന്റെ  സീൻ coordination, ടീം സ്പിരിറ്റുമാണ് ഏറെ അഭിനന്ദനീയം. ഫാദർ വട്ടോളിയുടെ രംഗ പ്രവേശന ശേഷം ആ കഥാപാത്രത്തെ ഒന്ന് കൂടി ഹൈലൈറ്റ് ചെയ്യാനെന്ന വണ്ണം പ്രമുഖ ഗായകനായ ലക്കി അലിയെ കൊണ്ട്   "വട്ടോളി ..വട്ടോളി " എന്ന് തുടങ്ങുന്ന ഒരു ആഷ് -ബുഷ്‌ ഗാനം കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സാഹസം എന്തിനായിരുന്നു എന്നത് അജ്ഞാതം.

ഈ അടുത്ത കാലത്ത് വന്ന ഏതു സിനിമകൾ എടുത്തു നോക്കിയാലും അതിലെല്ലാം കാണാവുന്ന വളിപ്പും അശ്ലീലവും കലർന്ന തമാശകൾ ഈ സിനിമയിലും ചേർക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അങ്ങിനെയൊക്കെയുള്ള  സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ കൂടി തിരക്കഥാകൃത്തും സംവിധായകനും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. അതോ, ഇത്തരം അധോവായു തമാശകൾ പ്രേക്ഷനെ രസിപ്പിക്കും എന്ന മുൻവിധി ലിജോവിനു ഉണ്ടായിരുന്നോ എന്തോ.  1970 കാലത്തിലാണ് കഥ നടക്കുന്നതെന്ന് നേരത്തെ പറയുന്നുണ്ടെങ്കിലും ക്ലൈമാക്സ് സീനുകളിൽ പ്രമുഖ ബാൻഡ് സംഘങ്ങളുടെ പേരിൽ മത്സര വേദിയോട് ചേർന്ന് ഫ്ലക്സ് ബോർഡ് പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. ഇങ്ങിനെയുള്ള ചുരുക്കം ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ ആമേൻ മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത് പുതുമയുടെയും അവതരണ മികവിന്റെയും ദൃശ്യമനോഹാരിത മാത്രമാണ്. 

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ വന്നു പോകുന്നുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു തെങ്ങിൻ മുകളിലെ കള്ള് ചെത്തുകാരൻ കാഴ്ച വച്ചത്. കുറഞ്ഞ സീനുകളിൽ മാത്രമേ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിൽ കൂടി പ്രേക്ഷന്റെ മനസ്സിലേക്ക്  ഒരേ സമയം ചിരിയുടെയും ചിന്തയുടെയും  വെളിച്ചം  വാരി വിതറുന്ന മിടുക്കനും കൂടിയാണ് ഈ കള്ള് ചെത്തുകാരൻ. തെങ്ങിൻ മുകളിലിരുന്നു സദാ ഗ്രാമത്തെ നിരീക്ഷിക്കുകയും ഓരോരുത്തരുടെയും പ്രവർത്തികളെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിലയിരുത്തുകയും ചെയ്യുന്ന കള്ള് ചെത്തുകാരന് സംവിധായകൻ സിനിമയിൽ ഒരു ദൈവീക പരിവേഷം നൽകിയിരുന്നൊ എന്ന സംശയം  സിനിമ കഴിയുമ്പോൾ ചുരുക്കം പ്രേക്ഷകർക്കെങ്കിലും തോന്നിയേക്കാം. അങ്ങിനെ ചിന്തിക്കുമ്പോൾ  കുമരംഗരി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ അർത്ഥ വ്യാപ്തി മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുന്ന പ്രേക്ഷകർക്ക് മുന്നിലാണ് പുണ്യാളൻ സത്യത്തിൽ വെളിപ്പെടുന്നതും സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു നീണ്ട നിര സൃഷ്ടിക്കുന്നതും. 

ആകെ മൊത്തം ടോട്ടൽ =  മികച്ച ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറഞ്ഞ  സിനിമ. മലയാളിക്ക് പരിചയമില്ലാത്ത, പുതുമയുള്ള വഴികളിൽ കൂടി പ്രേക്ഷകന്റെ കൈ പിടിച്ചു നടത്തി ഒരു സാങ്കൽപ്പിക ലോകത്തിന്റെ അനുഭൂതി തന്നു കൊണ്ട് കഥ പറയുന്ന ഒരു നല്ല സിനിമ. ആകെ മൊത്തം ഒരു പുണ്യാളൻ എഫെക്റ്റ് ഉള്ള ഒരു മാജിക്കൽ സിനിമ. അതാണ്‌ ചുരുക്കത്തിൽ ആമേൻ. 

* വിധി മാർക്ക്‌ = 7.7/10 

- pravin- 

Wednesday, April 3, 2013

'സെല്ലൂലോയ്ഡ്' ചരിത്രം


ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ 'നഷ്ട നായിക' എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് "സെല്ലുലോയ്ഡ്".  2012-ലെ മികച്ച ചിത്രത്തിനടക്കമുള്ള ഏഴോളം  കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സെല്ലുലോയിഡിനെ  വെറും ഒരു സിനിമ മാത്രമായി പ്രേക്ഷകന് കാണാൻ സാധിക്കില്ല. അതൊരു വേദനിപ്പിക്കുന്ന ചരിത്രം കൂടിയാണ്.  ജാതി വ്യവസ്ഥയുടെ കരാള ഹസ്തങ്ങളാൽ കൊല ചെയ്യപ്പെട്ട, തന്മൂലം  ലോകം അറിയാതെ പോയ മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം വിഗതകുമാരനാണ് ഇന്നും നമ്മളെ  വേദനിപ്പിക്കുന്ന ആ ചരിത്രം .

സിനിമ തുടങ്ങുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഒരു കൊച്ചു കുട്ടി ഏതോ സിനിമയുടെ ഫിലിമെല്ലാം വാരി വലിച്ചു പുറത്തിടുകയാണ്. വലിച്ചു വാരിയിട്ട ഫിലിമിൽ അവൻ നിഷ്ക്കളങ്കമായി ചാടിക്കളിക്കുന്നു. പിന്നീട് ആ ഫിലിമെല്ലാം തീയിൽ അലിഞ്ഞു ചേരുന്നതായാണ് കാണാൻ സാധിക്കുന്നത്. ഒരൊറ്റ നോട്ടത്തിൽത്തന്നെ എത്ര നിഷ്കളങ്കൻ എന്ന് തോന്നിക്കുന്ന ആ കുട്ടിയാണ് മലയാള സിനിമാ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏക തെളിവിനെ ചുട്ടെരിച്ച വികൃതികുമാരൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജെ. സി. ഡാനിയലിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയൽ ആയിരുന്നു ആ കൊച്ചു കുട്ടി. അവൻ ആ ഫിലിമെല്ലാം ചുട്ടെരിക്കുന്ന സമയത്ത് പിതാവായ ജെ. സി. ഡാനിയൽ അത് നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു. സിനിമയെ ജീവനായിക്കാണുകയും, തിരുവിതാംകൂറിലെ ആദ്യ മലയാള സിനിമ എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്റെ സകല സമ്പാദ്യവും ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ചങ്കൂറ്റം കാണിക്കുകയും ചെയ്ത ആ മനുഷ്യന് അതെങ്ങനെ നോക്കി നിൽക്കാൻ സാധിച്ചു എന്ന സംശയം പ്രേക്ഷകനുണ്ടായേക്കാം. പക്ഷേ, ആ സംശയങ്ങളെല്ലാം നികത്തപ്പെടുന്നത്  ജെ. സി യുടെ ജീവ ചരിത്രത്തിലേക്ക് സിനിമ പ്രേക്ഷകന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിൽ കൂടിയാണ് .

ജെ. സി. ഡാനിയൽ  തന്റെ അവസാന കാലത്ത് സിനിമയെ വെറുത്തിരുന്നു എന്ന് പറയുമ്പോഴും സിനിമയിൽ നമുക്ക് കാണാൻ പറ്റുന്ന ഡാനിയലിന്റെ മുഖത്ത് ആ വെറുപ്പ്‌ നിഴലിച്ചതായി കാണപ്പെടുന്നില്ല. അദ്ദേഹം വെറുത്തിരുന്നത് ഒരിക്കലും സിനിമയെ ആകാൻ തരമില്ല. വർഷങ്ങൾക്കു ശേഷം, അഗസ്ത്യപുരത്തെ ഇരുട്ട് മുറിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ചേലങ്ങാട്ട്  ഗോപാലകൃഷ്ണൻ ഡാനിയലിനെ കാണാൻ വരുന്നതും പഴയ സിനിമ വിശേഷം അന്വേഷിച്ചറിയാൻ ശ്രമിക്കുന്നതും. ആ നേരത്ത് ചേലങ്ങാടിനെ  കാണാൻ വിസമ്മതിക്കുകയും ഒരൽപ്പം നീരസത്തോടെ അയാളോട് സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഡാനിയൽ പ്രകടിപ്പിച്ചത് സിനിമയോടുള്ള വിരോധമോ വെറുപ്പോ അല്ല. മറിച്ച് തിരുവിതാംകൂറിന്റെ ആദ്യ സിനിമയെ തകർത്ത് കളഞ്ഞ ജാതിക്കോമരങ്ങളോടും, രണ്ടാമത് സിനിമയെടുക്കാൻ മദിരാശിയിൽ ചെന്നപ്പോൾ സിനിമയുടെ പേരിൽ തന്റെ സമ്പാദ്യത്തെ ഇല്ലാതാക്കിയവരോടുമുള്ള കടുത്ത അമർഷമായിരുന്നു എന്ന് അനുമാനിക്കുന്നതാകും ഉചിതം.

സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമ വേദിയാണ്. അവിടെ ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത്‌ കല എന്ന ദൈവികതയാണ്.  ആ ദൈവികതക്ക് ജാതി വ്യവസ്ഥയുടെ തൊട്ടു കൂടായ്മകളും ഭ്രഷ്ടും കൽപ്പിക്കാനാണ് വിഗതകുമാരന്റെ ഘാതകരായ ജാതിക്കോമരങ്ങൾ ആഗ്രഹിച്ചത്.  സവർണ കഥാപാത്രത്തെ റോസി എന്ന ദളിത്‌ സ്ത്രീ അഭിനയിച്ചു കാണിച്ചതിനെതിരെ തുടങ്ങിയ കാഹളം പിന്നീട് ആ സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്ന ആഭാസത്തോളം ചെന്നെത്തിയതായി ചരിത്രം പറയുമ്പോൾ  സിനിമയിലെ റോസി സമൂഹത്തെ ഭയന്ന് ഇരുട്ടിലെവിടെയോ ഓടി മറയുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആ സാഹചര്യം അത്തരത്തിൽ ചിത്രീകരിക്കുന്നതിൽക്കൂടി സംവിധായകൻ റോസിയുടെ വേദന പ്രേക്ഷകന്റെ മനസ്സിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. റോസിയുടെ രംഗങ്ങൾ കഴിഞ്ഞ ശേഷവും സിനിമ ഡാനിയലിന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇരുളിലെവിടെയോ ഓടി മറഞ്ഞ റോസി  പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ റോസിക്ക് നേരിടേണ്ടി വരുന്ന പീഡനത്തേക്കാൾ കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ചരിത്രത്തിലെ പി.കെ റോസി നമ്മളോട് പങ്കു വച്ചിട്ടുള്ളത് എന്നതോര്‍ക്കുമ്പോൾ ആ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

റോസി എന്ന കഥാപാത്രത്തെ ഇത്രമേൽ ഉൾക്കൊണ്ടു് അഭിനയിച്ച് ഫലിപ്പിച്ചതിൽ ചാന്ദ്നി എന്ന നടി ഒട്ടേറെ അഭിനന്ദനം അർഹിക്കുന്നു. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഡാനിയലിന്റെ വേഷം അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയായിരുന്നു. അതൊട്ടും മോശമാക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവ് തന്നെയാണ് അയാൾക്ക്‌ ഇത്തവണ ലഭിച്ച മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്.  വേഷഭൂഷാദികൾ കൊണ്ടുള്ള കണ്‍കെട്ട് മാത്രമല്ല സിനിമയിലെ അഭിനയം എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പൃഥ്വിരാജ് സെല്ലുലോയ്ഡ്‌ എന്ന സിനിമയിലൂടെ ചെയ്തത്. തുടക്കം മുതലുള്ള തിരുവിതാംകൂർ ശൈലിയിലുള്ള സംസാരവും പട്ടണം റഷീദിന്റെ മികവാർന്ന മേയ്ക്കപ്പും കൂടിയായപ്പോൾ പൃഥ്വിയിലൂടെ ജെ. സി. ഡാനിയൽ പുനർജ്ജനിക്കുക തന്നെ ചെയ്തെന്നു പറയാം. പട്ടണം റഷീദ് എന്ന ചമയക്കാരന്റെ പേര്  പല സിനിമകളുടെ ഭാഗമായി സ്ക്രീനിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകന് അത്ര കണ്ട് പരിചയം അയാളോട് തോന്നാൻ ഇടയില്ല. പക്ഷേ സെല്ലുലോയ്ഡിലെ വേഷപ്പകർച്ചകൾ ആസ്വദിച്ച പ്രേക്ഷകന് ഇനി മുതൽ പട്ടണം റഷീദ് സുപരിചിതൻ തന്നെയാകും.


129 മിനുട്ടോളം ദൈർഘ്യമുള്ള ഈ സിനിമയിലെ ഓരോ രംഗത്തിനും കാലാനുസൃതമായ ദൃശ്യ ചാരുത സമ്മാനിക്കുന്നതിൽ ഒരു ഛായാഗ്രാഹകന് എന്തെല്ലാം സാധിക്കുമോ അതെല്ലാം വളരെ മികവോടെ തന്നെ അവതരിപ്പിക്കാൻ വേണുവിനു സാധിച്ചു എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ   പ്രേക്ഷകന് സ്ക്രീനിൽ സാധാരണ അനുഭവപ്പെടുമായിരുന്ന  നിറം മങ്ങലോ ക്യമറാ ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയിൽ അനുഭവപ്പെടാത്ത വിധമാണ്  സംവിധായകനും ഛായാഗ്രാഹകനും സിനിമയെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാ സാഹചര്യത്തിന് അനുയോജ്യമായ പ്രകൃതി ദൃശ്യങ്ങളും മറ്റു ഔട്ട്‌ ഡോർ സീനുകളും ദൃശ്യചാരുതയോടെ അനുഭവവേദ്യമാക്കുന്നതിൽ സിനിമക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.  1928 കാലഘട്ടമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് 1966 കാലഘട്ടത്തിൽ നിന്നുമാണ്.  ഇവിടെല്ലാം ഒരു കലാ സംവിധായകന്റെ ചുമതല കണ്ടറിഞ്ഞു ചെയ്യുന്നതിൽ സുരേഷ് കൊല്ലം വിജയിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറയുമ്പോൾ, സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ സംഭവിച്ചിരിക്കുന്നത്  വേണുവിന്റെ ഛായാഗ്രഹണവും സുരേഷിന്റെ കലാ സംവിധാനവും ഒത്തു കൂടിയപ്പോഴാണ് .


സംഗീതത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കഥയായിരുന്നു സെല്ലുലോയ്ഡിന്റേത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കഥാ  സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാം വിധം വളരെ പ്രാധാന്യത്തോടെ തന്നെ എം ജയചന്ദ്രൻ സംഗീതത്തെ ഉപയോഗിച്ച് കാണാം.  തന്റെ സകല സ്വത്തും പ്രതാപങ്ങളും നഷ്ട്ടപ്പെട്ടു മുഖ്യധാരാ സമൂഹത്തിൽ നിന്ന് മാറി ജീവിക്കാൻ തീരുമാനിച്ച ഡാനിയൽ കുടുംബത്തോടൊപ്പം അഗസ്ത്യപുരത്തേക്കു യാത്രയാകുന്ന സമയത്താണ് 'കാറ്റേ .. കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം തുടങ്ങുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ ഈ ഗാനം ജി. ശ്രീറാമും വൈക്കം വിജയലക്ഷ്മിയും കൂടെ ആലപിച്ചിരിക്കുന്നത്‌ പഴയ കാലത്തെ പാട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ്. ഗൃഹാതുരമായ ഈണവും  ആലാപന ശബ്ദത്തിലെ വ്യത്യസ്തതയുമാണ് ഈ ഗാനത്തെ സിനിമയിൽ ആകർഷണീയമാക്കിയത്. അതേസമയം ഈ ഗാനത്തെക്കാൾ കൂടുതൽ സ്ഥാനം സിനിമയിൽ നൽകപ്പെടുന്നത്  അല്ലെങ്കിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി സിതാര കൃഷ്ണകുമാർ ആലപിച്ച 'ഏനുണ്ടോടി  അമ്പിളി ചന്തം ' എന്ന ഗാനത്തിനാണ്. തിരുവിതാം കൂറിന്റെ ആദ്യ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടുന്ന റോസി ആദ്യം ചിന്തിക്കുന്നത് അവളുടെ സൌന്ദര്യത്തെ കുറിച്ചാണ്. സിനിമയിലൊക്കെ അഭിനയിക്കാൻ ഒരുപാട് സൌന്ദര്യം വേണമല്ലോ, തനിക്കത്രക്ക് സൌന്ദര്യമുണ്ടോ എന്ന് കൂട്ടുകാരിയോട് സംശയത്തോടെ ചോദിക്കുന്നിടത്ത് നിന്നാണ് 'ഏനുണ്ടോടി  അമ്പിളി ചന്തം' എന്ന ഗാനം തുടങ്ങുന്നത്.  ഒരു ദളിത്‌ സ്ത്രീയായ റോസിയുടെ നിഷ്ക്കളങ്കമായ മനോവ്യാപാരമാണ് ഈ ഗാനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവൾ അത് പങ്കുവെക്കുന്നതാകട്ടെ പ്രകൃതിയോടും. ഈ പാട്ടിലെ ഓരോ വരിയിലും പ്രകൃതിയും അവളുമായുള്ള ആശയവിനിമയം പ്രകടമാണ്.


നേരത്തേസൂചിപ്പിച്ച പോലെ സിനിമ എന്നത്  സകലകലകളുടെയും സംഗമ വേദിയാണ്. അവിടെ ഓരോ കലയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഈ സിനിമയുടെ എഡിറ്റിങ്ങിനും  അതുപോലെ അവകാശപ്പെടാൻ ഒരു സ്ഥാനമുണ്ട്. മികച്ച എഡിറ്റിംഗ് എന്ന് പറയാൻ മാത്രം ഒന്നുമില്ല എങ്കിലും രാജഗോപാലിന്റെ കത്രിക ശരിയായ ദിശയിൽ തന്നെയാണ് ചലിച്ചിരിക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ കത്രികയുടെ അവസരോചിതമായ ഇടപെടലുകൾ സിനിമയിൽ ആവശ്യമായ ആകാംക്ഷ നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കത്തിയെരിയുന്ന ഫിലിം എന്തായിരുന്നു എന്ന് കഥാവസാനം മാത്രമാണ് സിനിമ വെളിപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ഡാനിയൽ സിനിമ നിർമിച്ചതും അതിന്റെ പ്രദർശനം തടയപ്പെടുന്നതും മാത്രമാണ് കാണിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന സൂചന നൽകപ്പെടുന്നത് ഇടവേളയ്ക്കു ശേഷം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രംഗ പ്രവേശത്തോടെയാണ്. ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു  സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം.

സിനിമയിലെ ഏറ്റവും മികച്ച സീനുകളും  ഷോട്ടുകളും  ഏതെന്നു ചോദിച്ചാൽ ചൂണ്ടി കാണിക്കാൻ ഒരുപാടുണ്ടായിരിക്കാം. പക്ഷേ  മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന  ചില രംഗങ്ങൾ ഉണ്ട്.

  • തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ സിനിമ, അതും താൻ നായികയായി അഭിനയിച്ച സിനിമ. ആ സിനിമ  ആദ്യ ഷോയിൽത്തന്നെ കാണണം എന്ന് ആഗ്രഹിച്ചു വരുന്ന റോസി തിയേറ്ററിനു മുന്നിൽ പ്രവേശനം കാത്തു നിൽക്കുകയാണ്. സവർണന്റെ മേൽക്കോയ്മ എല്ലായിടത്തും പ്രകടമാണ്. അത് തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമ കാണുന്നിടത്തു പോലും പാലിക്കണം എന്ന് നിഷ്ക്കർഷിക്കപ്പെടുമ്പോൾ അവളുടെ മുഖം വാടുന്നു . സിനിമ കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ദളിത്‌ സ്ത്രീയായ അവൾ നായർ സ്ത്രീയുടെ വേഷം അഭിനയിച്ചു എന്ന കുറ്റത്തിന് ജാതി ഭ്രാന്ത്‌ മൂത്ത ചില നരാധമന്മാർ അവളുടെ മേൽ ചാടി വീഴുന്നു. ഭയചികിതയായ അവൾ സമൂഹത്തിൽ നിന്നും  ഇരുട്ടിലേക്ക് ഓടി മറയുകയാണ്. രംഗം മുഴുവൻ ഇരുട്ടിലാകുന്നു എങ്കിലും  നമ്മുടെയെല്ലാം മനസ്സിൽ നിന്നും അവൾ മാഞ്ഞു പോകുന്നുമില്ല.
  • ഡാനിയലിന് തീരെ വയ്യാതായിരിക്കുന്നു. ശ്വാസഗതിയിലും സംസാരത്തിലും  അത് പ്രകടമാണ്. കട്ടിലിൽ അവശ നിലയിൽ കിടക്കുന്ന അയാൾ ഭാര്യയായ ജാനറ്റിനോട് എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ചുമരിൽ ഒരു ജനലാകൃതിയിൽ നിലാവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ എന്തൊക്കെയോ നിഴലുകൾ ആടുന്നുണ്ട്. ജാനറ്റിനോട് സംസാരിക്കുമ്പോഴും അതിലേക്കാണ് അയാളുടെ നോട്ടം. ജനാലക്കരികിൽ നിൽക്കുന്ന ഏതോ ചെടിയുടെ ഉണങ്ങിയ ശിഖരങ്ങളുടെതായിരിക്കാം ആ നിഴലുകൾ. നിഴലുകൾ ആടുന്ന സമയത്ത് പശ്ചാത്തലത്തിൽ കരിയിലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം. ആ നിഴലുകളുടെ ചലനം അയാളെ ഓർമപ്പെടുത്തുന്നത് വിഗതകുമാരനെയാണ്. സ്ക്രീനിൽ  സിനിമ കാണുന്ന കൌതുകത്തോടെ അയാൾ അത് ജാനറ്റിനോട് പറയുന്നു. അത് വിഗതകുമാരനല്ലേ എന്ന് ചോദിക്കുന്ന സമയം നിഴലുകൾ കരിയില ശബ്ദം ഉണ്ടാക്കി കൊണ്ട് വേഗത്തിൽ ആടുകയാണ്.  ഡാനിയലിന്റെ ശ്വാസഗതിയും അത് പോലെ വേഗത്തിലാകുന്നു. പിന്നെ പെട്ടെന്ന് നിലക്കുന്നു. ആ സമയം കരിയിലകളുടെ ശബ്ദവും നിഴലുകളുടെ ആട്ടവും നിലക്കുകയാണ്. മരണത്തിന്റെ നിഴലുകളിൽ വരെ സിനിമയെ കാണാൻ സാധിച്ച ഡാനിയലിന്റെ ജീവിത കഥ അവിടെ അവസാനിക്കുന്നു. ചരിത്രം തുടങ്ങുകയും ചെയ്യുന്നു.

വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ നിർമ്മിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ.

* ഇ മഷി മാഗസിന്‍ ലക്കം എട്ടിൽ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 

-pravin-

Saturday, March 30, 2013

Vatthikuchi


ഒരാൾ കൊല്ലപ്പെടാൻ ഒരു കാരണം ഉണ്ടായിരിക്കാം. പക്ഷെ, ഒരാളെ കൊല്ലാൻ തീരുമാനിക്കാൻ മൂന്നു പേർക്ക് മൂന്നു കാരണങ്ങൾ ഉണ്ടെങ്കിലോ ? Vathikuchi  സിനിമയിലെ നായകനായ ശക്തി (ധിലേബൻ) അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. മൂന്നു വ്യത്യസ്ത കാരണങ്ങളാൽ മൂന്നു വ്യത്യസ്ത സംഘങ്ങൾ  ശക്തിയെ കൊല്ലാൻ തീരുമാനിക്കുന്നു. എന്താണ് ആ മൂന്നു കാരണങ്ങൾ? ആരൊക്കെയാണ് ശക്തിയെ കൊല്ലാൻ ആഗ്രഹിക്കുന്നവർ തുടങ്ങീ ചോദ്യങ്ങൾക്കുള്ള രംഗ വിശദീകരണങ്ങളുമായാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. 

നവാഗതനായ കിൻസ്ലിൻ കഥയും തിരക്കഥയുമെഴുതി  സംവിധാനം ചെയ്ത Vathikuchi യുടെ  നിർമാണ ചിലവ് വഹിച്ചിരിക്കുന്നത് നമുക്ക് സുപരിചിതനും പ്രിയനുമായ സംവിധായകൻ  എ . ആർ മുരുഗ ദോസ്  ആണ് .  

 ഒരു പ്രാന്ത പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിട്ടു കൂടി ഒരു സാധാരണ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ വേണ്ട ചേരുവകൾ ചേർക്കാൻ സംവിധയകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിലെല്ലാം തന്നെ ഒരു ആവറേജ് നിലവാരത്തിൽ മാത്രമേ സംവിധായകൻ വിജയിച്ചിട്ടുള്ളൂ എന്ന് പറയുന്നതാകും ശരി. ഉള്ളതിൽ വച്ച് മികവ് തോന്നിച്ചത് സിനിമയുടെ പ്രമേയവും, മറ്റു ആക്ഷൻ രംഗങ്ങളുമാണ്.  അഭിനേതാക്കളുടെ പ്രകടന നിലവാരത്തെ കുറിച്ച് വിശിഷ്യാ ഒന്നും തന്നെ പറയാനില്ലാത്ത സിനിമയാണ് Vathikuchi. 

ആകെ മൊത്തം ടോട്ടൽ = ഒരു ആക്ഷൻ ത്രില്ലർ സിനിമ എന്ന ലേബലിൽ ചുമ്മാ കാണാവുന്ന സിനിമയാണ് . 

* വിധി മാർക്ക്‌ = 5/10 

- pravin- 

Monday, March 11, 2013

Table No: 21


തൊഴില്‍രഹിതനും വിവാഹിതനുമായ വിവാന്‍ (രാജീവ് ഖണ്ടെല്‍വാല്‍ ) തന്‍റെ ഭാര്യയായ സിയാ അഗസ്തിയുടെ (ടെന ദേസെ) കൂടെ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. നവ ദമ്പതികളായ ഇവരുടെ മോഹങ്ങള്‍ പൂവണിയണമെങ്കില്‍ രണ്ടു പേര്‍ക്കും നല്ലൊരു ജോലി ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമത്തിനിടയില്‍  ദമ്പതികള്‍ക്ക് ഒരു ലക്കി ഡ്രോയിലൂടെ ഫിജി ദ്വീപ സമൂഹത്തിലേക്കു ഒരു സുവര്‍ണ യാത്ര തരപ്പെടുന്നു.

ഫിജിയിലെ താമസവും മറ്റു ചിലവുകളുമെല്ലാം സൌജന്യമായി ലഭിക്കുന്നതോടൊപ്പം  അവരുടെ വിവാഹിക വാര്‍ഷിക ദിനത്തില്‍  ഒരു വലിയ ഡിന്നറില്‍ പങ്കെടുക്കാനും അവര്‍ക്ക് ക്ഷണം കിട്ടുന്നു. അവിടെ വച്ച് അവിചാരിതമായി പരിചയപ്പെടുന്ന മിസ്റ്റര്‍ ഖാന്‍ (പരേഷ് രവാല്‍ ) അവരെ Table No 21 എന്ന പേരിലുള്ള ഒരു ലൈവ് ഗെയിം ഷോയിലേക്ക് ക്ഷണിക്കുന്നു. മത്സരത്തില്‍ വിജയിച്ചാല്‍ കിട്ടാന്‍ പോകുന്ന പത്തു മില്യന്‍ ഫിജി ഡോളര്‍ അവരെ ആ ഗെയിമില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മത്സരം വളരെ ലളിതമാണ്. ദമ്പതികളുടെ വ്യക്തിജീവിതത്തെ സംബന്ധിച്ചുള്ള 8ചോദ്യങ്ങളും അതോടനുബന്ധിച്ചുള്ള 8 പ്രവര്‍ത്തികളുമാണ്  അവര്‍ക്ക് വെല്ലുവിളിയായി വരുന്നത്. എന്താണ് ആ 8 ചോദ്യങ്ങള്‍ ? അവര്‍ ഈ മത്സരത്തില്‍ വിജയിക്കുമോ ഇല്ലയോ ? മിസ്റ്റര്‍ ഖാന്‍ എന്തിനു ഇത്തരം ഒരു ഗെയിം ഷോ നടത്തി ഇത്ര ഭീമമായ സംഖ്യ പ്രതിഫലമായി നല്‍കണം തുടങ്ങീ ചോദ്യങ്ങളില്‍ കൂടിയാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. 

പതിവില്‍ കവിഞ്ഞ് ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കാതെ പോയൊരു സിനിമ എന്ന ചീത്തപ്പേര് Table No: 21 നുണ്ട്. പക്ഷെ  സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകന്‍ ഒരിക്കലും ഈ സിനിമയെ ഒരു ചീത്തപ്പേരിലൂടെ  വിലയിരുത്തില്ല എന്ന കാര്യം ഉറപ്പാണ് . സിനിമയുടെ ആദ്യ അരമണിക്കൂര്‍ കാണുമ്പോള്‍ ഒരു തേര്‍ഡ് ക്ലാസ് നിലവാരമുള്ള കഥയും പ്രമേയവുമായി തോന്നിക്കുമെങ്കിലും ഗെയിം എന്ന വിഷയം സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന സമയം തൊട്ട് ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ മടങ്ങി വരുന്നുണ്ട് . 

വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടു കൂടി  തനിക്കു കിട്ടിയ 'മിസ്റ്റര്‍ ഖാനെ ' അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതില്‍  പരേഷ് രവാല്‍ എന്ന മഹാ നടന്‍  പാലിച്ചു വന്ന മിതത്വം അദ്ദേഹത്തിനു അഭിനയ കലയോടുള്ള സൂക്ഷ്മ നിരീക്ഷണ വൈഭവത്തെ വെളിപ്പെടുത്തുന്നതാണ്. 

ആദിത്യ ദത്ത് എന്ന സംവിധായകന്റെ മുന്‍കാല സിനിമകളായ Aashiq Banaaya Aapne,  Dil Diya Hai, Good Luck തുടങ്ങീ സിനിമകള്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ Table No: 21 ഏറെ മികവു പുലര്‍ത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.  സിനിമയെ  സീന്‍ ബൈ സീന്‍ നിരീക്ഷിക്കുന്നവര്‍ക്കും കഥ-തിരക്കഥയെ ആധികാരികമായി വിലയിരുത്തുന്നവര്‍ക്കും ഈ സിനിമയില്‍ പല പാളിച്ചകളും കണ്ടു പിടിക്കാന്‍ സാധിച്ചേക്കാം. പക്ഷെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ ഗൌരവസ്വഭാവം ഒന്ന് കൊണ്ട് മാത്രമാണ് സംവിധായകന്‍ അത്തരം നിരൂപണ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാതെ രക്ഷപ്പെട്ടത് എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = വെറുമൊരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ എന്നതിലുപരി, സിനിമ എന്ന മാധ്യമത്തില്‍ കൂടി സമൂഹത്തിനോടുള്ള  ഒരു നല്ല മുന്നറിയിപ്പ് , സന്ദേശം  അതുമല്ലെങ്കില്‍ സമൂഹത്തില്‍ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു നല്ല ഓര്‍മപ്പെടുത്തല്‍ നല്‍കാന്‍ ഈ സിനിമക്ക് കഴിഞ്ഞു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

*വിധി മാര്‍ക്ക്‌ = 7/10  

-pravin- 

Sunday, March 3, 2013

ചക്രവ്യൂഹങ്ങളില്‍ പെടുന്നവര്‍

നമ്മുടെ രാജ്യത്ത്  ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാവോവാദവും അനുബന്ധ കലാപങ്ങളും. ആരാണ് മാവോവാദികൾ, എന്താണ് മാവോവാദം എന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ചെറിയൊരു മുഖവുര നല്‍കുന്നതിലൂടെ ഈ സിനിമയെ ഒരല്‍പം ആധികാരികതയോടെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 

ചൈനയുടെ നേതാവായിരുന്ന മാവോ സേ തുങ്ങിന്റെ രാഷ്ട്രസംബന്ധമായ ചിന്തകളും അഭിപ്രായങ്ങളുമാണ് മാവോയിസം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ചിന്തകളോട് അനുഭാവം പുലര്‍ത്തുന്നവരെ സാധരണയായി വിളിച്ചു വരുന്ന പേരാണ് മാവോവാദികള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകൾ. 1950-1960 കാലഘട്ടത്തിലാണ് മാര്‍ക്സിയന്‍ തത്ത്വചിന്തകളോട് സാമ്യത പുലര്‍ത്തുന്ന മാവോയിസം സമൂഹത്തില്‍ പടരുന്നത്.  പക്ഷേ, 1978-ല്‍ രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാവൊ പിങ്ങിന്റെ സാമ്പത്തിക ഭരണ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് മാവോയിസം ചൈനയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ജനകീയ പോരാട്ടം, നവ ജനാധിപത്യം, സാംസ്കാരിക വിപ്ലവം തുടങ്ങി ഒട്ടനവധി തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് മാവോയിസം. ലോകത്തില്‍ മാവോവാദം ഇന്നും പലയിടങ്ങളിലായി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു എന്ന സൂചനകളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ രാജ്യത്തിന്റെ അധികാരം സ്വന്തമാക്കിയ ഒരേയൊരു മാവോയിസ്റ്റ് പാര്‍ട്ടി നേപ്പാളില്‍ മാത്രമാണുള്ളത്. ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെയും ആദിവാസി സമൂഹത്തെയും മുന്‍നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തിനെതിരെ ഒളിപ്പോരു നയിക്കുന്നു. പശ്ചാത്തലചരിത്രം ഇതുവരെയാണ്. ഇനി കാര്യത്തിലേക്ക് വരാം . 

വിപ്ലവവും സ്വാതന്ത്ര്യസമരവും സാംസ്കാരിക മുന്നേറ്റങ്ങളും മറ്റും പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. അതില്‍ത്തന്നെ കമ്മൂണിസ്റ്റ് വിപ്ലവ ചിന്താഗതികളെ സ്വാഗതം ചെയ്യുന്നതും വിമര്‍ശിക്കുന്നതുമായ സിനിമകള്‍ വേറെയും വന്നിരിക്കുന്നു. പക്ഷേ, മാവോയിസം പ്രമേയമായ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് ഒട്ടും തന്നെ കടന്നു വന്നിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഈ വിഷയത്തെ തികഞ്ഞ നിഷ്പക്ഷതയോടെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നുള്ള കലാകാരന്റെ മുന്‍ വിധികളും ആധികളും തന്നെയാകാം അതിനു തടസ്സം നിന്നിട്ടുണ്ടാകുക. ഈ ചിന്താഗതിക്ക് ഒരപവാദമായി വന്ന സിനിമയാണ് പ്രകാശ് ഝാ സംവിധാനം ചെയ്ത ചക്രവ്യൂഹ്. ഈ സിനിമയുടെ കഥ- തിരക്കഥ- സംഭാഷണ ചുമതല അഞ്ജും രാജബലി, സാഗര്‍ പാണ്ഡ്യ, പ്രകാശ് ഝാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ കൃഷ്ണയുടെ ഛായാഗ്രഹണം സിനിമക്ക് അനുയോജ്യമായ ദൃശ്യചാരുതയും സമ്മാനിച്ചിട്ടുണ്ട്. 

ചക്രവ്യൂഹ് പറയുന്ന കഥ രണ്ടു വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ കൂടിയാണ് നോക്കിക്കാണേണ്ടത്. ഒരേ ലക്ഷ്യത്തിലേക്കുള്ള പരിചിതവും അപരിചിതവുമായ വഴികള്‍ എന്ന പോലെ കഥയുടെ ആശയങ്ങള്‍ തമ്മില്‍ പിണഞ്ഞു കിടക്കുന്നു. ആദില്‍ ഖാന്‍ (അര്‍ജുന്‍ രാംപാൽ), കബീര്‍ (അഭയ് ഡിയോൾ) എന്നീ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സൗഹൃദകഥയെന്ന വണ്ണം തുടങ്ങുന്ന സിനിമ മുന്നോട്ടു ചലിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളുടെ പാശ്ചാത്തലത്തിലാണ്. നന്ദിഘട്ട് പൂര്‍ണമായും മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ട ഒരു പ്രദേശമാണ്. അവിടത്തെ നിയമവും സര്‍ക്കാരുമെല്ലാം മാവോയിസ്റ്റുകള്‍ തന്നെ. നിയമപാലകരെ നോക്കുകുത്തികളാക്കി 84 പോലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്നാണ് നന്ദിഘട്ട് ഒരു പ്രശ്നബാധിതമേഖലയായി ഭരണകൂടം പൂര്‍ണമായും വിലയിരുത്തുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു പോലീസ് ഓഫീസറും ഈ പ്രദേശത്തെ നിയന്ത്രണച്ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. പക്ഷേ ആദില്‍ ഖാന്‍ ഇവിടെ വേറിട്ട ഒരു തീരുമാനത്തിലെത്തുന്നു. 

പോലീസും ആദിവാസികളും തമ്മില്‍ ഒരു നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ ആദിവാസികളെ മുന്‍ നിര്‍ത്തിയുള്ള മാവോവാദികളുടെ വളര്‍ച്ച തടയാന്‍ സാധിക്കൂ എന്ന് മനസ്സിലാക്കുന്ന ആദില്‍ ഖാന്‍ ഗ്രാമത്തിലേക്ക് മറ്റ് ഉദ്യോഗസ്ഥരുമായി പോകുന്ന ഒരു രംഗമുണ്ട്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പോലീസിനെ കാണുന്ന മാത്രയില്‍ തന്നെ അലറിവിളിച്ചോടുന്ന ആദിവാസി സമൂഹത്തെയാണ് നമുക്കവിടെ കാണാന്‍ സാധിക്കുക. രാത്രികാലങ്ങളില്‍ മാവോവാദികളുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രം കേട്ട് ശീലിച്ച ആദിവാസികളെ സംബന്ധിച്ചിടത്തോളം പോലീസാണ് അവര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചു വിടുന്ന സര്‍ക്കാർ. (സര്‍ക്കാര്‍ എന്ന് പറയുന്നത് പോലീസ് ആണെന്നാണ്‌ ആദിവാസികള്‍ ധരിച്ചുവച്ചിരിക്കുന്നത് പോലും.) ഈ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആദില്‍ ഖാന്‍ പരിശ്രമിക്കുന്നു. ആദിവാസികളോട് ആദില്‍ ഖാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വളരെയേറെ പ്രസക്തമാണ്. മാവോവാദികള്‍ എന്ത് തരം വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഈ രാജ്യത്തിനും ആദിവാസികള്‍ക്കും മറ്റും വേണ്ടി ചെയ്തിട്ടുള്ളത്? രാജ്യത്തെ നിയമവ്യവസ്ഥകളോട് എതിര്‍പ്പ് കാണിക്കേണ്ട രീതി ഒരിക്കലും അക്രമമല്ല. അതിനായി ആദിവാസികളെ മുതലെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് ആദില്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ആദില്‍ ഖാന്റെ പ്രസംഗത്താല്‍ സ്വാധീനിക്കപ്പെട്ട ചില ആദിവാസികളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായേക്കാം. പക്ഷേ അന്ന് രാത്രി തന്നെ പരസ്യമായ ഒരു മാതൃകാ ശിക്ഷാ നടപടിയോടെ എല്ലാ ആദിവാസികള്‍ക്കും ഒരു മുന്നറിയിപ്പ് കൊടുക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. പോലീസിനെ സഹായിക്കാന്‍ ശ്രമിച്ച ഒരു ആദിവാസിയുടെ ചെവി മുറിക്കുകയും പിന്നീട് അയാളെ ഹീനമായി കൊന്നു തള്ളുകയും ചെയ്യുന്ന ആ രംഗത്തിലൂടെ മാവോയിസത്തിലെ കാടത്തത്തെയാണ് സംവിധായകന്‍ തുറന്നു കാണിക്കുന്നത്. 

ഒരു തരത്തിലും മാവോവാദികളുടെ നീക്കത്തെ മുന്‍കൂട്ടി അറിയാനോ, അതിനെതിരെ പ്രവര്‍ത്തിക്കാനോ കഴിയാതെ തളര്‍ന്നിരിക്കുന്ന ആദില്‍ ഖാന്റെ മുന്നിലേക്ക്‌ സുഹൃത്തായ കബീര്‍ കടന്നു വരുന്നിടത്തു നിന്നാണ് സിനിമ മറ്റൊരു വഴിത്തിരിവില്‍ എത്തുന്നത്. മാവോവാദികളുടെ ഇടയിലേക്ക് അവരിലൊരുത്തനായി ചേരുന്ന കബീര്‍ ആദ്യമാദ്യം മാവോവാദികളുടെ വിശ്വാസം സമ്പാദിക്കുകയും പിന്നീട് സുഹൃത്തിന് വേണ്ടി മാവോവാദികളുടെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനിടയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കബീറിനെ മാറി  ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കബീര്‍ പൂര്‍ണമായും ഒരു മാവോ വാദിയായി  മാറിക്കൊണ്ടിരിക്കുകയായിരുന്നു. കബീറിനെ അത്തരത്തില്‍ മാറ്റി ചിന്തിപ്പിക്കാന്‍ ശേഷിയുള്ള എന്ത് മൂല്യങ്ങളാണ് മാവോയിസത്തിനുള്ളത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ടാകാം. ആ സംശയത്തെ സംവിധായകന്‍ ദുരീകരിക്കുന്നത് തികച്ചും മനശ്ശാസ്ത്രപരമായാണ്. 

മാവോയിസത്തിനെ എതിര്‍ക്കുന്ന ആദില്‍ ഖാനും, ചില സാഹചര്യ വശാല്‍ മാവോയിസത്തെ അനുകൂലിക്കെണ്ടി വരുന്ന കബീറും നമ്മുടെ മനസ്സിന്റെ ദ്വിമുഖതയെയാണ്‌ പ്രതിനിധീകരിക്കുന്നത് എന്ന് പറയേണ്ടി വരും. ഭരണകൂടം എന്നും സമ്പന്നരുടെ കൂടെ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സിനിമയിലെ മുതിര്‍ന്ന മാവോവാദിയായ ഗോവിന്ദ് സൂര്യവംശി (ഓം പുരി) പറയുന്നുണ്ട്. ആ പ്രസ്താവനയെ കാര്യകാരണസഹിതം ന്യായീകരിക്കാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സിനിമയില്‍ ഭാഗികമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ടാറ്റയും ബിര്‍ളയും വികസനം കൊണ്ടുവരാന്‍ വേണ്ടി ചോദിക്കുന്ന മണ്ണും ജലവും വായുവുമെല്ലാം ആരുടെതാണ്? അതിനു വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ഏതു വിഭാഗം ജനങ്ങളാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സമൂഹത്തില്‍ പ്രസക്തി ഇല്ലാതാക്കുന്നതില്‍ നമ്മുടെ ഭരണകൂടം വഹിക്കുന്ന പങ്കു ചെറുതല്ല എന്ന് ഈ സിനിമ പറയാതെ പറയുന്നു. 

കബീറിനെ പോലെ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം മാവോവാദി ആയി മാറിയവര്‍ ഒരുപാടുണ്ടായേക്കാം. അവരോടെല്ലാം ആദില്‍ ഖാന്‍മാരുടെ ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ഈ പോരാട്ടങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നു? അതുകൊണ്ട് എന്ത് നേടുന്നു? ഈ ചോദ്യങ്ങളാണ് നമ്മളില്‍ തന്നെയുള്ള ചില കബീര്‍മാരെ സത്യത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തുന്നത്. ഇത്തരം ആശയസംഘര്‍ഷങ്ങളുടെ ചക്രവ്യൂഹം ഭേദിക്കാനുള്ള ചിന്തകളും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു രാജ്യത്തിന്റെയും ഭരണഘടനയെയോ വ്യവസ്ഥകളെയോ ഭേദിക്കാനുള്ളതാകരുത് നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും. നിയമവ്യവസ്ഥകളോടും ഭരണകൂടത്തോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു ബഹുസ്വര സമൂഹത്തിൽ   ഒട്ടും സ്വീകാര്യമല്ലാത്ത  പ്രവർത്തന രീതി കൊണ്ട് അരാജകത്വം മാത്രം  സൃഷ്ടിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങളാകരുത് ഒന്നും.

* ഇ മഷി മാഗസിന്‍ ലക്കം ഏഴില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 
-pravin- 

Monday, February 18, 2013

Special 26 - ഒരു സ്പെഷ്യല്‍ സസ്പെന്‍സ് ത്രില്ലര്‍


2008 ല്‍ റിലീസായ A Wednesday എന്ന തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആണ് നീരജ് പാണ്ടെയ്. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായൊരു കഥയുടെയും തിരക്കഥയുടെയും പിന്തുണയോടെയാണ്  Special 26 ന്‍റെ സംവിധാന  ചുമതല  ഏറ്റെടുത്തു കൊണ്ട് നീരജ്  ഇത്തവണ ബോളിവുഡിലേക്ക് കടന്നു വന്നത്. 

സി . ബി. ഐ എന്ന പേര് കേട്ടാല്‍ ഈ കാലത്തു പോലും പലരും കിടു കിടാ വിറക്കും. അങ്ങിനെയെങ്കില്‍ 1987 കാലഘട്ടത്തില്‍ എന്തായിരിക്കും സ്ഥിതി ? സി. ബി ഐ എന്ന പേരില്‍  റൈഡ് നടത്താന്‍ വരുന്നവര്‍ ആരാണ്, എന്താണ് എന്നൊന്നും അറിയാന്‍ നില്‍ക്കാതെ പലപ്പോഴും പലരും വ്യാജ റൈഡുകള്‍ക്ക് തല വച്ച് കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ വ്യാജ സി ബി ഐ റൈഡ് നേരിടേണ്ടി വന്ന ചില പ്രമുഖ വ്യക്തികളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥയും  തിരക്കഥയും  നീരജ് പാണ്ടെയ് രൂപപ്പെടുത്തിയിരിക്കുന്നത്. 

ഏതു  കാലത്തായാലും കള്ളപ്പണത്തിന്‍റെ പ്രധാന വക്താക്കള്‍ രാഷ്ട്രീയക്കാരും ബിസിനസ്‌ കുത്തക മുതലാളിമാരും ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമയിലും അതങ്ങിനെ തന്നെ കാണിക്കുന്നു. സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളെല്ലാം  യഥാര്‍ത്ഥത്തില്‍ പണ്ടെപ്പോഴോ സംഭവിച്ചത് തന്നെയായിരിക്കാം എന്ന് നമ്മള്‍ അനുമാനിക്കേണ്ടിയിരിക്കുന്നു.  കാരണം അത്രക്കും ആധികാരികമായി തന്നെയാണ് ഓരോ സീനും പറഞ്ഞു പോകുന്നത്. 

പഴയ കാലഘട്ടത്തിലെ ഡല്‍ഹിയും മുംബൈയും  മറ്റു നഗരങ്ങളും വളരെ മികവോട് കൂടെ തന്നെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഈ സിനിമ വിജയിച്ചെന്നു പറയാം. ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ട് തന്നെ പ്രേക്ഷകനെന്ന നിലയില്‍ ചില സീനുകളില്‍ നമുക്ക് തോന്നിയേക്കാവുന്ന സംശയങ്ങളുടെ സ്ഥാനം ചവറു കൊട്ടയിലാണ് എന്ന് പറയയേണ്ടി വരും. ഉദാഹരണത്തിന്, ആ കാലഘട്ടത്തില്‍ അവിചാരിതമായി സി . ബി. ഐ റൈഡ് നേരിടേണ്ടി വരുന്ന ഉന്നത തലര്‍ക്ക് പോലും  ആദ്യത്തെ രക്ഷാ ശ്രമം ലാന്‍ഡ്‌ ലൈന്‍ ഫോണില്‍ കൂടിയുള്ള ആശയ വിനിമയമാണ്. ആ സാധ്യതകള്‍ ആദ്യമേ  ഖണ്ഡിക്കുന്നതിലൂടെ റൈഡിനിരയാകുന്ന ആളുകളുടെ അവസ്ഥ വളരെ വ്യക്തമായി തന്നെ സംവിധായകന്‍ സിനിമയില്‍ വരച്ചു കാട്ടുന്നു. ആശയ വിനിമയത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരുപാട് സാങ്കേതിക പരിമിതികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ കാലത്ത് ഈ സിനിമ കാണുന്ന  പ്രേക്ഷകന്‍റെ പല സംശയങ്ങളും അസ്ഥാനത്തായി പോകും. സംവിധായകന്‍റെ ഈ ദീര്‍ഘ ദൃഷ്ടി സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാന ഘടകമായിരുന്നെന്നു നിസ്സംശയം പറയാം. 

ഒരു സസ്പെന്‍സ് ത്രില്ലര്‍ ലേബലില്‍ കഥ പറയുമ്പോള്‍ പാലിക്കേണ്ട എല്ലാ മിതത്വങ്ങളും സിനിമയില്‍  പാലിക്കപ്പെടുന്നതോടൊപ്പം തന്നെ  മറ്റു ചേരുവകള്‍ ഉള്‍പ്പെടുത്താനും സംവിധായകന്‍ മറക്കുന്നില്ല. അതിനായി തന്നെയായിരിക്കണം കഥയില്‍ അപ്രസക്തമായി തോന്നിയേക്കാവുന്ന പ്രണയവും ഡാന്‍സുമെല്ലാം സിനിമയില്‍   ബോധപൂര്‍വ്വം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. എങ്കില്‍ തന്നെയും അത്തരം സീനുകളിലോന്നും  ഒട്ടും മുഷിവു തോന്നിക്കാത്ത വിധം അവതരിപ്പിക്കാന്‍ നീരജിനു കഴിഞ്ഞിട്ടുണ്ട്. 

അഭിനേതാക്കള്‍ എന്ന നിലയില്‍ അക്ഷയ് കുമാറും, അനുപം ഖേറും, മനോജ്‌ ബജ്പേയിയും  മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു. ഒരു സഹനടനും സഹനടിക്കും ഇത്തരം ഒരു സിനിമയില്‍ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ജിമ്മി ഷെര്‍ഗിലിന്റെയും  ദിവ്യ ദത്തയുടെയും കഥാപാത്രങ്ങള്‍ നല്‍കുന്നത്.  ഒരു പക്ഷെ, നായികയായി എത്തിയ  കാജള്‍ അഗര്‍വാളിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത  പ്രേക്ഷകരുടെ മനസ്സില്‍ നേടിയെടുത്തത് ദിവ്യ ദത്തയുടെ ശാന്തി എന്ന ചെറിയ വേഷമായിരിക്കും. സിനിമയില്‍ ഇടയ്ക്കിടെ ശാന്തി (ദിവ്യ ദത്ത ) റണ്‍ വീര്‍ സിങ്ങിനോട് (ജിമ്മി ഷെര്‍ഗില്‍ )  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " സാര്‍, അസലീ കാം തോ യെ ലോഗ് കര്‍ രഹേന്‍, ഹം ലോഗ് തോ ബസ്‌ അപ്നീ ..അവസാന സീനുകളില്‍ എത്തും വരെ നല്ല പഞ്ചോടെ ഈ ഡയലോഗ് അവതരിപ്പിക്കാന്‍ ദിവ്യ ദത്തക്ക് സാധിച്ചിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = 1987 കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ  നില നിര്‍ത്തി കൊണ്ട് കഥ പറഞ്ഞ ഒരു നല്ല സസ്പെന്‍സ് ത്രില്ലര്‍ സിനിമ. 

* വിധി മാര്‍ക്ക്‌ = 8/10

-pravin-

Monday, February 11, 2013

വിശ്വരൂപം ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍


2010 -ല്‍ റിലീസായ മന്മദന്‍ അമ്പിന്  ശേഷം കമല്‍ ഹാസനെ ബിഗ്‌ സ്ക്രീനില്‍ നിറഞ്ഞു കാണാന്‍ കൊതിച്ച കമല്‍ ഫാന്‍സിനു വല്ലാത്തൊരു അടിയായിരുന്നു വിശ്വരൂപവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍.  സിനിമ കണ്ട 'ചിലരും', കാണാത്ത 'പലരും' ഈ സിനിമയെ ആദ്യമേ തന്നെ തൂക്കിലേറ്റി കൊന്നു. അത് കൊണ്ട് തന്നെ എല്ലാവരിലും ഈ സിനിമ കാണാനുള്ള അമിതമായ ഒരു വെമ്പല്‍ ഉണ്ടായെന്നു പറയാം. ആ വെമ്പലുകള്‍ പലതും കമല്‍ ഹാസന് സപ്പോര്‍ട്ടായി മാറി . അങ്ങിനെ ചില നൂലാമാല ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഏഴു സീനുകള്‍ കട്ട് ചെയ്യാമെന്ന വാഗ്ദാനത്തോടെ 'വിശ്വരൂപന്‍' പുനര്‍ജനിച്ചു.  ഇത് വരെയാണ് കഥ . ശേഷം സ്ക്രീനില്‍ കാണാം . 

കമല്‍ ഹാസ്സന്‍ നൂറു കോടി മുടക്കിയെടുത്ത ഒരു സിനിമ എന്നതിലുപരി ഈ സിനിമയില്‍ കൂടി വിശിഷ്യാ ഒന്നും ദര്‍ശനീയമായില്ല എന്നത് ആദ്യമേ പറയട്ടെ.  തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍" സൃഷ്ടിച്ച  കോലാഹലങ്ങള്‍  കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ ഈ സിനിമയ്ക്കു എന്താണ് സത്യത്തില്‍ സമൂഹത്തിനോടും  പ്രേക്ഷകനോടും പറയാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം ഇന്നിറങ്ങുന്ന സിംഹഭാഗം സിനിമകള്‍ക്കും ആ ഉദ്ദേശ്യമില്ല. ഉള്ള ഉദ്ദേശ്യങ്ങളില്‍ ഒന്ന് കച്ചവടം ആണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ  രണ്ടോ മൂന്നോ മണിക്കൂര്‍ ഒരു കുടുസ്സ് ഇരുട്ട് മുറിയില്‍ ഇരുത്തിക്കൊണ്ട് ദൃശ്യ- ശ്രവ്യാസ്വദനം നല്‍കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ അതും ഒരു പരിധിക്കപ്പുറം പരാജയമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. ആക്ഷന്‍ രംഗങ്ങളിലെ മികവും, അഫ്ഗാനിസ്താന്‍ പശ്ചാത്തലത്തില്‍ കഥ (അതെന്ത്‌ എന്ന് ചോദിക്കരുത്) പറയുന്നതിന്‍റെ പുതുമയും മാത്രമാണ് ഈ സിനിമയുടെ ഏക ആകര്‍ഷണീയത. 

താലിബാന്‍ ക്യാമ്പുകളില്‍ നടക്കുന്ന തീവ്രവാദ ട്രെയിനിംഗ്, അവരുടെ പരിശീലന മുറകള്‍ തുടങ്ങിയവയെല്ലാം കമല്‍ ഹാസന്‍ വളരെ ആധികാരികമായി തന്നെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിനിമയില്‍ എവിടെയും മതപരമായ അവഹേളനങ്ങളോ, ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളോ അനുഭവപ്പെടുന്നില്ല. പക്ഷെ, ഈ സിനിമ കാണുന്ന  ചിലര്‍ക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമയിലെ താലിബാനികള്‍ മുസ്ലീം ആണ്. താലിബാനികളെ മുസ്ലീമായല്ലാതെ ഹിന്ദുവോ ക്രിസ്ത്യനോ ജൂതനോ ആയി കാണിക്കാന്‍ തരമില്ലാത്തത് കൊണ്ട് സിനിമയിലെ താലിബാനികളും അവരുടെ എല്ലാ ഭാവ ചലനങ്ങളിലും സംഭാഷണങ്ങളിലും ഇസ്ലാമീയതയാണ് പ്രകടമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ ചിലര്‍ക്കെല്ലാം സിനിമ ഇസ്ലാം വിരുദ്ധമായി തോന്നിയാല്‍ അതില്‍ സിനിമയുടെതായ തെറ്റുണ്ട് എന്ന് പറയാനാകില്ല. എല്ലാ സിനിമകളും കഥയുടെ  (?) എല്ലാ വശവും പറഞ്ഞു കൊണ്ട് നിഷ്പക്ഷമായ ഒരു സമീപനം സ്വീകരിക്കണം എന്ന വാദത്തിന് പ്രസക്തിയുണ്ട് ഇവിടെ. അതേ സമയം എല്ലാ സിനിമകളും ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുമാണ് ഉത്തരം. സിനിമയുടെ കഥാപരിസരം അനുശാസിക്കുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കാണാന്‍ സാധിക്കുമെങ്കിലും ആഗോളതലത്തില്‍ ചര്‍ച്ചാ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ പ്രമേയമാകുമ്പോള്‍  കാണിക്കേണ്ടിയിരുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കടന്നു വന്നിട്ടില്ല എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കമല്‍ ഹാസന്‍ അറിഞ്ഞോ അറിയാതെയോ പല രംഗങ്ങളിലും അമേരിക്കയുടെ അധിനിവേശ സംസ്ക്കാരത്തെ പാടെ മറന്നു കൊണ്ട് അമേരിക്കയെ തെല്ലൊന്ന് വെള്ള പൂശി കൊടുത്തിട്ടുണ്ട്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും, താലിബാന്‍ പരിശീലന കേന്ദ്രത്തിലെ ചില സീനുകള്‍ അതിന്റേതായ ഭീകരാവസ്ഥയില്‍ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ കമല്‍ ഹാസന്‍ വിജയിച്ചു എന്ന് പറയാം. സിനിമയിലെ മറ്റൊരു പ്രധാന കല്ല്‌ കടിയായിരുന്നു നായികമാരുടെ സാന്നിധ്യം. ആണ്ട്രിയയും പൂജാ കുമാറും ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു എന്നാണു ആദ്യം ചോദിക്കേണ്ടത് . ഒരു തരത്തിലും അവരുടെ കഥാപാത്രങ്ങള്‍ ഒരഭിനയ ശേഷി കാഴ്ച വച്ചില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ബാക്കിയുള്ള അഭിനേതാക്കള്‍ അവരവരുടെ വേഷം ഭംഗിയായി നിര്‍വഹിച്ചു എന്ന് മാത്രം പറയാം.  കമല്‍ ഹാസന്‍ എന്ന മഹാനടന്‍റെ മുന്‍കാല സിനിമകള്‍ തുലനം ചെയ്തു നോക്കുമ്പോള്‍ അദ്ദേഹത്തിനും ഈ സിനിമ മികച്ച ഒരു അഭിനയത്തിനുള്ള അവസരം നല്‍കിയില്ല എന്നത് ദുഖകരമായ സത്യമാണ്. ഈ പറഞ്ഞ പോരായ്മകള്‍ക്കിടയില്‍ എല്ലാം മികച്ചു നിന്നത് സിനിമയുടെ സാങ്കേതിക വശവും പിന്നെ ശങ്കര്‍ എഹ്സാന്‍ ലോയുടെ  സംഗീതവും മാത്രമാണ്. 

ആകെ മൊത്തം ടോട്ടല്‍ = അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കഥയോ ട്വിസ്ട്ടോ ഒന്നുമില്ലാതെ ചിത്രീകരിച്ച ഒരു തട്ടിക്കൂട്ട് പടം. ഇതിനു വേണ്ടിയായിരുന്നോ വിവാദങ്ങള്‍, ഇതിനു വേണ്ടിയാണോ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്നത് എന്ന് ചിന്തിച്ചു പോകുന്നു. 

*വിധി മാര്‍ക്ക്‌ = 5/10
-pravin-