പാൻ ഇന്ത്യൻ സംഭവങ്ങളൊന്നുമില്ലാത്ത തീർത്തുമൊരു സാധാരണ കഥയെ യാതൊരു വിധ കൊട്ടിഘോഷിക്കലുകളുമില്ലാതെ മലയാളത്തനിമയുള്ള ലാലേട്ടൻ-ഭാവുകത്വത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിരിക്കുന്നു.
ഒരിടക്കാലത്തിന് ശേഷം മോഹൻലാലിലെ നടനെയും താരത്തെയും സമാസമം ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്ക് ഇരട്ടി ആസ്വാദനം സമ്മാനിച്ചു 'തുടരും'.
'പവിത്രം', 'KL 03 L 4455' പോലുള്ള പേരുകളും അക്കങ്ങളുമടക്കം ലാലേട്ടൻ സിനിമകളുടെ റഫറൻസുകൾ, ഡയലോഗ്സ് ഒക്കെ സമർത്ഥമായും സരസമായും സിനിമയിലേക്ക് വിളക്കി ചേർത്തിട്ടുണ്ട് സംവിധായകൻ.
ഫാമിലി ഡ്രാമ ത്രില്ലർ ഴോനറിൽ പെടുന്ന കഥയിൽ മാസ്സ് ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയിൽ അതൊക്കെ കൃത്യമായി വേണ്ടയിടത്ത് തുന്നി ചേർത്തപ്പോൾ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലായി.
കുസൃതിയും കള്ളച്ചിരിയും നിറഞ്ഞു നിന്ന അതേ ഷണ്മുഖന്റെ മുഖത്ത് സംഘർഷവും വിഷാദവും ദ്വേഷ്യവും പകയുമൊക്കെ മാറി മറഞ്ഞു വരുമ്പോൾ ആ കഥാപാത്രത്തിന്റെ ആഴവും മോഹൻലാൽ എന്ന നടന്റെ റേഞ്ചും ഒരു പോലെ അറിയാൻ പറ്റും.
താടി ഉള്ളത് കൊണ്ട് ലാലേട്ടന്റെ മുഖത്ത് പഴയ പോലെയുള്ള ഭാവങ്ങൾ കാണാൻ കിട്ടുന്നില്ല എന്ന പരാതി തരുൺ മൂർത്തി അടപടലം തീർത്തു കൊടുത്തു എന്ന് പറയാം.
മോഹൻ ലാൽ - ശോഭന ഫാമിലി സീനുകളൊക്കെ രസകരമായിരുന്നു. ശോഭനയെ സംബന്ധിച്ച് ഒരുപാട് സീനുകളൊന്നുമില്ലെങ്കിലും ഒരൊറ്റ നോട്ടം കൊണ്ട് തന്നെ ലളിത എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട് സിനിമയിൽ. ആ കഥാപാത്രം പിന്നിട്ട വഴികളും സഹനങ്ങളുമൊക്കെ അവർക്ക് നൽകിയ ശക്തി എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവരുടെ ആ ഒരൊറ്റ നോട്ടം തന്നെ ധാരാളം.
ചെറിയ സീനെങ്കിലും ഭാരതി രാജ - മോഹൻലാൽ കോംബോ സീനൊക്കെ മനസ്സ് തൊട്ടു. ബിനു പപ്പു, ഫർഹാൻ, തോമസ് മാത്യു അടക്കമുള്ളവരുടെ കാസ്റ്റിങ്ങും കൊള്ളാം.
ഇന്ത്യൻ പരസ്യ ലോകത്ത് ശ്രദ്ധേയനായ പ്രകാശ് വർമ്മയെ പുതുമുഖ നടനായി പരിചയപ്പെടുത്തുമ്പോൾ അതിങ്ങനെ ഒരു ലെവൽ ആക്ടിങ് ആകുമെന്ന് കണക്ക് കൂട്ടാൻ സാധിച്ചിരുന്നില്ല. അത്ര മാത്രം ഗംഭീരമായിരുന്നു പ്രകാശ് വർമ്മയുടെ പ്രതിനായക വേഷം. ഒരു സമ്പൂർണ്ണ മോഹൻലാൽ സിനിമയായി മാറാൻ അനുവദിക്കാതെ ആദ്യാവസാനം വരെ പ്രതിനായക വേഷത്തിൽ നിറഞ്ഞാടാൻ സാധിച്ചത് ചെറിയ കാര്യമല്ല.
മോഹൻലാൽ - പ്രകാശ് വർമ്മ - ബിനു പപ്പു ..ഈ മൂന്നാളുടെയും പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നും പറയാം.
കാടിനും മഴക്കും രാത്രിക്കുമൊക്കെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സീനുകളിൽ ഷാജി കുമാറിന്റെ ഛായാഗ്രഹണത്തിന് വേറിട്ട ദൃശ്യമികവുണ്ടായിരുന്നു.
ജേക്സ് ബിജോയുടെ സംഗീതം ഈ സിനിമക്ക് ആദ്യാവസാനം കൊടുക്കുന്ന മൂഡും അതിന്റെ റേഞ്ചും ഒരു തായമ്പക പോലെയാണ് . പതുക്കെ കൊട്ടി തുടങ്ങി പിന്നീട് അത് മുറുകി മുറുകി അവസാനം ഒരു ആളി കത്തലാണ്.
ഈ സിനിമയിൽ പോരായ്മാകളില്ലേ എന്ന് ചോദിച്ചാൽ പോരായ്മാകളുണ്ടെന്ന് പറയാം ..പക്ഷേ അതൊന്നും ഒരു പ്രശ്നമായി അനുഭവപ്പെടുത്താത്ത ഒരു മാജിക് ഉണ്ട് ഈ സിനിമയിൽ. പ്രേക്ഷകരെ ചേർത്ത് പിടിക്കുന്ന ഒരു സിനി-മാജിക്.
K. R സുനിൽ - തരുൺ മൂർത്തി .. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി. 'മോഹൻലാൽ തുടരും' എന്ന ബോധ്യപ്പെടുത്തലിന് !!
©bhadran praveen sekhar