Thursday, September 5, 2024

വിഭ്രമാത്മകമായ 'ലെവൽ ക്രോസ്സ്'!!


സ്ഥലമേത് കാലമേത് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാത്ത മരുഭൂമിയിലെ ഒരു തുരുത്തിലേക്ക് നമ്മളെ കൊണ്ട് പോകുകയാണ് സിനിമ.

മരുഭൂമിയിലൂടെ കടന്ന് പോകുന്ന റെയിൽവേ ട്രാക്ക്. അതിനെ മുറിച്ചു കടന്ന് പോകുന്ന റോഡ് ഇല്ലാതിരുന്നിട്ടും അവിടെ ഒരു ലെവൽ ക്രോസ്സുണ്ട്. പിന്നെ ആ വിജനതയിൽ ഒരു ഗേറ്റ്മാനും അയാളുടെ കഴുതയും.. അങ്ങിനെ മെല്ലെ മെല്ലെ വന്ന് പോകുന്ന ഓരോ സീനുകളിൽ കൂടെ 'ലെവൽ ക്രോസ്സി'ന്റെ കഥാപരിസരത്തിലേക്ക് നമ്മളും ഇഴുകി ചേരുന്നു.

മനോഹരമായ ഫ്രെയിമുകൾ..അപ്പു പ്രഭാകറിന്റെ കാമറ കണ്ണുകളിൽ കൂടിയാണ് 'ലെവൽ ക്രോസ്സിന്റെ' മുക്കാൽ ഭാഗവും നമ്മൾ ആസ്വദിച്ചു കാണുക.

ദൈർഘ്യമേറിയ ഷോട്ടുകൾ, കഥ പറഞ്ഞു തുടങ്ങുന്നതിലുള്ള അമാന്തം, ഡയലോഗുകളുടെ അഭാവം, കഥാപാത്രങ്ങളുടെ എണ്ണക്കുറവ് അങ്ങിനെ എല്ലാം കൂടി ആദ്യത്തെ അര മണിക്കൂർ സമയം ഒരൽപ്പം വിരസത തോന്നിച്ചുവെങ്കിലും അവിടുന്നങ്ങോട്ട് ട്രെയിൻ ഓടി തുടങ്ങി.

ഊഹിക്കാവുന്നതെങ്കിലും തരക്കേടില്ലാത്ത ഇന്റർവെൽ ബ്ലോക്കിലൂടെയാണ് സിനിമ engaging ആയി മാറുന്നത്.

മൂന്ന് കഥാപാത്രങ്ങളെ വ്യത്യസ്ത വീക്ഷണ നിരീക്ഷണങ്ങളിലൂടെ പറഞ്ഞവതരിപ്പിക്കുന്നിടത്ത് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകൻ.

സാങ്കേതിക മികവും വേറിട്ട ആഖ്യാന ശൈലിയുമൊക്കെ കൊണ്ട് മികച്ചു നിൽക്കുമ്പോഴും എല്ലാ പ്രേക്ഷകർക്കുമുള്ള സിനിമയാകാതെ പോകുന്നുണ്ട് 'ലെവൽ ക്രോസ്സ്'.
ആസിഫ് അലിയുടെ ഗേറ്റ്മാൻ രഘുവായിട്ടുള്ള പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൽ മമ്മൂട്ടിയുടെ പുട്ടുറുമീസിന്റെയും മാടയുടെയുമൊക്കെ നിഴലാട്ടം കണ്ടെത്താനാകും. പക്ഷേ അത് കൈയ്യൊതുക്കത്തോടെ തന്നെ ചെയ്യാൻ ആസിഫ് അലിക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

ഷറഫുദ്ധീനും അമല പോളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നതിനപ്പുറത്തേക്ക് ആസിഫ് അലിയെ പോലെ വെല്ലുവിളിയുള്ള കഥാപാത്ര പ്രകടനങ്ങൾ അവർക്ക് കിട്ടിയിട്ടില്ല.

വിശാൽ ചന്ദ്രശേഖറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനൊത്ത് ഗംഭീരമായി തന്നെ വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്. ആർട്ട്‌ വർക്കുകളിൽ പലയിടത്തും കല്ല് കടികൾ ഉണ്ടായി, പ്രത്യേകിച്ച് ലെവൽ ക്രോസ്സിനോട് ചേർന്ന സെറ്റിട്ട ആ വീട്.

രണ്ടാം പകുതിയിലെ ട്വിസ്റ്റുകൾ ലെവൽ ക്രോസ്സിന്റെ ആസ്വാദന സാധ്യതകൾ ഇരട്ടിപ്പിച്ചു.

തല തിരിഞ്ഞു കൈ കുത്തി നടക്കുന്ന ഭൂതത്തിന്റെ കഥയൊക്കെ സിനിമയിൽ വെറുതെ പറഞ്ഞു പോകുന്നതല്ല എന്ന് അവസാനത്തിലേക്ക് ബോധ്യപ്പെട്ടു. ആ ഭൂതം ആരാണെന്ന് ഊഹിക്കാനുള്ള അവസരം പ്രേക്ഷകർക്ക് വിട്ടു കൊടുക്കാനും സംവിധായകൻ മടിച്ചില്ല.

സ്ലോ പേസ് കഥ പറച്ചിലും നാടകീയമായ കഥാപാത്ര സംഭാഷണങ്ങളുമൊക്കെ മാറ്റി നിർത്തിയാൽ അർഫാസ് അയൂബിന്റെ ലെവൽ ക്രോസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്ന സാങ്കേതിക മികവുള്ള പരീക്ഷണ സിനിമ തന്നെയാണ്. 

©bhadran praveen sekhar

Tuesday, September 3, 2024

'വിശേഷ'പ്പെട്ട ഒരു കുഞ്ഞു മനോഹര സിനിമ !!


വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തൊട്ട് നമുക്ക് നേരിട്ട് അറിയുന്നവരും അറിയാത്തവരുമായിട്ടുള്ള ഒരുപാട് പേര് ഒരു പോലെ ചോദിക്കുന്ന ചോദ്യം - "വിശേഷം ആയോ? "

സത്യത്തിൽ വിശേഷം ആയോ എന്നത് ഒരൊറ്റ ചോദ്യമെങ്കിലും അതിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.

വിശേഷം ആയില്ലേ.. അതെന്താ ആവാത്തത്.. ഡോക്ടറെ കാണിച്ചോ..ഏത് ഡോക്ടറെയാ കാണുന്നത്.. അലോപ്പതിയാണോ ആയുർവ്വേദമാണോ..ആർക്കാ പ്രശ്നം.. ട്രീറ്റ്മെന്റ് എന്താണ്...എപ്പോ തുടങ്ങും... ഈ ട്രീറ്റ്മെന്റിൽ റിസൾട്ടുണ്ടോ..വിശേഷം ആയില്ലെങ്കിൽ ഇനിയെന്താ പ്ലാൻ..ദത്ത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ Etc... അങ്ങിനെ ഒരിക്കലും തീരാതെ നീളുന്ന ചോദ്യങ്ങൾ.

ഇത്രയും മനോരോഗികൾക്കിടയിലാണോ നമ്മൾ ജീവിക്കുന്നത് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ. 

ഈ സിനിമ വ്യക്തിപരമായി എനിക്ക് കണക്ട് ആകാൻ അധിക നേരം വേണ്ടി വന്നില്ല.

എത്രയൊക്കെ മികച്ച ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സ നേടിയാലും ഒരു കുഞ്ഞുണ്ടാകുക എന്നത് വലിയ അത്ഭുതം തന്നെയാണ്.

വിജയിക്കാതെ പോയ ചികിത്സകൾക്കൊടുവിൽ, ഡോക്ടർമാരുടെ കണക്ക് കൂട്ടലുകൾക്കെല്ലാം വിപരീതമായി, ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന അത്തരം 'കുഞ്ഞത്ഭുത'ങ്ങളുടെ കഥയാണ് 'വിശേഷം'.

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങിപോയവരുടെ മാനസികാവസ്ഥയിൽ നിന്ന് തുടങ്ങി രണ്ടാം വിവാഹക്കാരോടുള്ള സമൂഹത്തിന്റെ പൊതുബോധത്തിന് അസ്സലൊരു കൊട്ടും കൊടുത്തിട്ടാണ് സിനിമ അതിന്റെ ട്രാക്ക് പിടിക്കുന്നത്.

Infertility treatment ന്റെ പേരിൽ കൊള്ളലാഭം കൊയ്യുന്ന ആശുപത്രി/ഡോക്ടർമാരെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരെ സംബന്ധിച്ച് ആ ഡോക്ടർമാർ അവരുടെ ദൈവങ്ങൾ കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ.

സംഗീതജ്ഞനിൽ നിന്ന് തിരക്കഥാകൃത്തായി ശോഭിച്ച ആനന്ദ് മധുസൂദനൻ ഒരു നടൻ എന്ന നിലക്ക് കൂടി കഴിവു തെളിയിക്കുന്നു 'വിശേഷ'ത്തിൽ.

ചിന്നു ചാന്ദ്നിയുടെ കരിയറിൽ ഈ സിനിമയിലെ സജിത എന്ന കഥാപാത്രം വേറിട്ട്‌ തന്നെ അടയാളപ്പെടും. അത്രക്കും നന്നായി തന്നെ സജിതയെ പ്രേക്ഷക മനസ്സിലേക്ക് എത്തിച്ചിട്ടുണ്ട്. 

ബൈജു ഏഴുപുന്ന, അൽത്താഫ് സലിം, ജിലു ജോസഫ്, പി. പി കുഞ്ഞികൃഷ്ണൻ തൊട്ടുള്ളവരുടെ സഹകഥാപാത്രങ്ങളും സിനിമയിൽ നന്നായി സ്കോർ ചെയ്തു.

ഒരു വലിയ സംഭവ സിനിമയെന്ന അവകാശവാദമൊന്നുമില്ലെങ്കിലും പറയാൻ തിരഞ്ഞെടുത്ത വിഷയം കൊണ്ട് ഒരു സംഭവ സിനിമയായി മാറുന്നു 'വിശേഷം'.

താരനിരകൾ ഒന്നുമില്ലാതെ, കാമ്പുള്ള പ്രമേയം കൊണ്ടും, സരസമായ അവതരണം കൊണ്ടും ആദ്യാവസാനം വരെ പിടിച്ചിരുത്തിയ ഒരു ഫീൽ ഗുഡ് കുടുംബ സിനിമ. 

@bhadran praveen sekhar