Saturday, October 31, 2026

RAAKH - Web Series - 8 Episodes


1978 ൽ ഡൽഹിയിൽ നടന്ന സഞ്ജയ് - ഗീതാ കൊലപാതകത്തിന്റെ അന്വേഷണ നാൾ വഴികൾ. ആ കേസിന്റെ വിശദശാംശങ്ങളെ അവലംബിക്കുന്നതോടൊപ്പം ഫിക്ഷന്റെ സ്വാതന്ത്ര്യത്തെ കൂടി ഉപയോഗിച്ചു കൊണ്ടുള്ള സമർത്ഥമായ അവതരണം 'രാഖി'നെ വ്യത്യസ്തമാക്കുന്നു.

78 ലെ 'രംഗ ബില്ല കേസ്' - കൊലയാളികളുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു കേസ് കൂടിയായിരുന്നു എന്നത് കൊണ്ട് തന്നെ ആ രണ്ടു കൊലയാളി കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിലിനു പ്രാധാന്യമുണ്ട്.

എന്നാൽ അത് ഒരിക്കലും ഈ കേസിലെ മറ്റു കഥാപാത്രങ്ങളുടെ ഐഡന്റിയെ ബാധിക്കാതെ അവതരിപ്പിക്കുകയും വേണം .


ഈ ഒരു വെല്ലുവിളി ഗംഭീരമായി കൈകാര്യം ചെയ്ത സംവിധാന മികവാണ് 'രാഖി'നെ ശ്രദ്ധേയമാക്കുന്നത്.

ക്രൈം നടന്ന ദിവസത്തിൽ നിന്ന് തുടങ്ങി ക്രൈം നടക്കാൻ പോകുന്നതിനു മുൻപുള്ള 8 ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെ പതിയെ കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ താണ്ടുന്ന വേറിട്ട അവതരണ ശൈലി.

ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വെബ് സീരീസായി മാറുകയാണ് 'Raakh' .

അക്രമികളിൽ നിന്ന് ഇരകൾക്ക് നേരിടേണ്ടി വന്ന ക്രൂരത.. അക്രമികളോട് ഇരകൾ നടത്തിയ ധീരമായ ചെറുത്ത് നിൽപ്പ്.. ഇരകളുടെ കുടുംബം കടന്ന് പോയ മനസികാവസ്ഥകൾ .

ഇതൊക്കെ പ്രമേയവത്ക്കരിക്കുന്ന അതേ സമയത്ത് തന്നെ അലി അഫ്സലിന്റെ സബ് ഇൻസ്‌പെക്ടർ ജയപ്രകാശിനു നേരിടേണ്ടി വരുന്ന ദളിത് സ്വത്വ പ്രതിസന്ധിയെയും ഗംഭീരമായി പോർട്രൈറ്റ് ചെയ്തു കാണാം വെബ് സീരീസിൽ.

ഒരു മിന്നായം പോലെ ഡോക്ടർ അംബേദ്ക്കർ പ്രത്യക്ഷപ്പെടുന്ന ഫ്ലാഷ് ബാക്ക് സീനൊക്കെ ഈ സീരീസിലെ ഒരു ഹൈ മോമെന്റ്റ് ആയി മാറുന്നത് അങ്ങിനെയാണ്.

കൊടൂര ക്രിമിനലുകളായി ഓരോ സീനിലും വളർച്ച പ്രാപിക്കുന്ന ബാബു - രജ്ജോ മാരെ പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാക്കുന്നു ആകാശ് മഖിജയും രമൺദീപ് യാദവും. ആ രണ്ടു കഥാപാത്രങ്ങളോട് നമുക്ക് തോന്നുന്ന ദ്വേഷ്യവും വെറുപ്പുമൊക്കെ നടൻമാർ എന്ന നിലക്ക് അവർക്ക് കിട്ടുന്ന അംഗീകരമാണ്.

അലി അഫ്സൽ.. സൊനാലി ബേന്ദ്രെ..ആമിർ ബഷിർ..പിന്നെ ആ രണ്ടു കുട്ടികൾ..എല്ലാവരും ഗംഭീര പ്രകടനങ്ങൾ.

മനസ്സിനെ മുറിപ്പെടുത്തുന്ന കേസ് വിവരണങ്ങൾക്കപ്പുറം തീർത്തും വൈകാരികമായൊരു മാനസികാവസ്ഥയിൽ ക്ലൈമാക്സ്‌ ഒരു സാന്ത്വനപ്പെടുത്തലാണ്.

Must Watch Web Series !!

©bhadran praveen sekhar

Friday, October 23, 2026

പൈസ വസൂൽ 'തലൈവർ' ഷോ !!


ഇന്നേക്കും എന്നന്നേക്കും ഒരു തലൈവൻ... സൂപ്പർ സുബുവിന്റെ വരികളെ എല്ലാ തലത്തിലും അന്വർഥമാക്കി കൊണ്ടാണ് നെൽസൺ ഇത്തവണയും രജിനികാന്തെന്ന സൂപ്പർ താരത്തെ 'ജയിലറി'ലൂടെ ആഘോഷിക്കാൻ നമുക്ക് തരുന്നത്.

75 വയസ്സെന്ന പ്രായപരിമിതിയെ മറച്ചു വച്ച് സ്റ്റൈലും സ്വാഗും സ്‌ക്രീൻ പ്രസൻസും കൊണ്ട് ബിഗ് സ്‌ക്രീനിൽ തലൈവർ ആദ്യാവസാനം നിറഞ്ഞാടുന്ന കാഴ്ച.

കഴിഞ്ഞ അൻപത് വർഷക്കാലയളവിൽ ഇന്ത്യൻ സിനിമയിൽ രജിനികാന്ത് ഉണ്ടാക്കിയ ഓളം കണക്കിലെടുത്താൽ 'തലൈവർ നിരന്തരം' എന്ന പദപ്രയോഗത്തിൽ പോലും ഒട്ടും അതിശയോക്തിയില്ല.

മൂന്ന് മാസങ്ങൾക്ക് മുൻപേ നടന്ന വർമ്മന്റെ കൊലപാതകവും, നഷ്ടപ്പെട്ടു പോയ മൂന്ന് കണ്ടൈനറുകളുമൊക്കെയുമായി ബന്ധപ്പെട്ട് പുതിയ വില്ലന്മാർ നടത്തുന്ന അന്വേഷണങ്ങളിൽ കൂടിയാണ് 'ജയിലർ 2' സംഭവ ബഹുലമാകുന്നത്.

ആദ്യ ഭാഗത്തിൽ സെറ്റ് ചെയ്തു വച്ച അതേ പ്ലോട്ടിൽ കഥ പറയുമ്പോഴും, അതിലുപയോഗപ്പെടുത്തിയ സിനിമാറ്റിക് എലെമെന്റ്സിനെ ഏറെക്കുറെ അതേ പടി പുനരവതരിപ്പിക്കുമ്പോഴും നെൽസൺ നമ്മളെ ഒരിടത്തും ബോറടിപ്പിക്കുന്നില്ല.

എന്നാൽ ആദ്യ ഭാഗത്തിൽ ഗംഭീരമായി പ്ലേസ് ചെയ്ത് ഓളമുണ്ടാക്കിയ നരസിംഹ-മാത്യു-കാമദേവ കഥാപാത്രങ്ങൾക്ക് ഇത്തവണ സ്‌ക്രീൻ സ്പേസില്ല എന്ന് തന്നെ പറയാം. ശിവണ്ണക്കും ലാലേട്ടനുമൊക്കെ ഒരൽപ്പം ക്ഷീണമാകാം എന്ന മട്ടിലാണ് സീനുകൾ പോലും സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ ജാക്കി ഷ്റോഫിന് അത് പോലുമില്ലാത്ത അവസ്ഥയാണ്.

കഴിഞ്ഞ ഭാഗത്തിലെ കാമിയോ വേഷങ്ങളോട് അനീതി കാണിച്ചെങ്കിലും രണ്ടാം ഭാഗത്തിലെ കാമിയോ വേഷങ്ങളിൽ ഹൃതിക് റോഷന്റെ എൻട്രിയിലൂടെ അതിനൊരു പരിഹാര ക്രിയ ചെയ്യുന്നുണ്ട് നെൽസൺ. ആ ലെവലിൽ കിടിലൻ സ്‌ക്രീൻ പ്രസൻസും സ്റ്റൈലുമൊക്കെ കൊണ്ടാണ് ഹൃതിക് റോഷനെ നെൽസൺ അഴിച്ചു വിട്ടിരിക്കുന്നത്.

മിഥുൻ ചക്രവർത്തിയും, സുരാജ് വെഞ്ഞാറമൂടും, എസ്.ജെ സൂര്യയും, ഹക്കീം ഷാജഹാനുമടക്കമുള്ളവർ വില്ലൻ നിരയിൽ സ്‌കോർ ചെയ്യുമ്പോഴും ആദ്യ ഭാഗത്തിൽ വിനായകന്റെ വർമ്മൻ ഉണ്ടാക്കിയ ഒരു എഫക്ടിനോളം അത് എത്തുന്നില്ല. ഒരർത്ഥത്തിൽ വർമ്മനെ പോലെയൊരു വില്ലനെയാണ് നമ്മൾ ഇവിടെ മിസ്സ് ചെയ്യുന്നത് എന്ന് പറയാം.

രമ്യ കൃഷ്ണൻ - മിർന പോലുള്ളവരുടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ജയിലറിൽ കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

അതേ സമയം വിദ്യാ ബാലൻ തനിക്ക് കിട്ടിയ നെഗറ്റീവ് വേഷത്തിൽ രജിനികാന്തിന്റെ മുഖ്യ എതിരാളിയായി ശോഭിച്ചു നിൽക്കുന്നുണ്ട്. എന്നാൽ അത് 'പടയപ്പ'യിലെ നീലാംബരിയെയൊക്കെ പോലെ വെല്ലുവിളി നിറഞ്ഞ ഗംഭീര വേഷവുമല്ല എന്നത് വേറെ കാര്യം.

ഡാർക്ക് കോമഡി സീനുകളൊക്കെ ആദ്യ ഭാഗത്തിലെ പോലെ തന്നെ ഇവിടെയും നന്നായി വന്നിട്ടുണ്ട്. ഒരു ഘട്ടം വരെ യോഗി ബാബുവിന്റെ കയ്യിലുണ്ടായിരുന്ന കോമഡി ബാറ്റൺ പൊടുന്നനെ നമോ നാരായണൻ ഏറ്റെടുക്കുന്നിടത്ത് നിന്ന് 'ജയിലർ' ചിരിയുടെ സിനിമ കൂടിയായി മാറുന്നു. മൂർത്തിയണ്ണനും സംഘവും ആ നിലക്ക് രണ്ടാം ഭാഗത്തിലെ പ്രധാന ഫൺ എന്റർടൈൻമെന്റ് ആണ്.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ഗോവയുടെയുമൊക്കെ വ്യത്യസ്ത ഭൂപ്രകൃതികൾ ജയിലർ 2 വിന്റെ സ്‌ക്രീൻ കാഴ്ചയിൽ മനോഹരമായി തോന്നി.

എടുത്തു പറയേണ്ട മറ്റൊന്ന് അനിരുദ്ധിന്റെ സംഗീതം തന്നെ. ഒരു രജിനികാന്ത് സിനിമയെ തിയേറ്ററിൽ ആഘോഷിക്കാനുള്ള എല്ലാ വകുപ്പും അനിരുദ്ധ് ജയിലർ 2 വിലും സമ്മാനിച്ചിട്ടുണ്ട്.

ആദ്യ ഭാഗവുമായുള്ള താരതമ്യപ്പെടുത്തലിൽ ചില പോരായ്മകളും നിരാശയുമൊക്കെ ഉള്ളപ്പോഴും 'ജയിലർ 2' വിന്റെ തിയേറ്റർ എക്സ്പീരിയൻസ് മികച്ചത് തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. സർവ്വോപരി ഒരു രജിനികാന്ത് പടത്തിൽ നിന്ന് കിട്ടേണ്ട സംതൃപ്തിക്കും ഇവിടെ കുറവ് സംഭവിക്കുന്നില്ല.

©bhadran praveen sekhar

Thursday, October 1, 2026

ത്രില്ലടിപ്പിക്കുന്ന പോലീസും കുറ്റക്കാരും !!


പോലീസ് കസ്റ്റഡി മരണമാണ് വിഷയമെങ്കിലും ദൃശ്യം സിനിമയുടെ അതേ ടെമ്പ്ലേറ്റിലാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാ'രുടെ കഥ പറച്ചിൽ.

സ്വയം പ്രതിരോധത്തിനിടയിൽ നടക്കുന്ന ഒരു കൊലപാതകവും, പിന്നീടുള്ള ഡെഡ് ബോഡി കുഴിച്ചിടലും, പിടിക്കപ്പെടാതിരിക്കാനുള്ള തെളിവ് നശിപ്പിക്കലും, ഒരേ രീതിയിലുള്ള നുണ പറയലുകളും, എന്തിന് കോൺസ്റ്റബിൾ സഹദേവന് സമാനമായൊരു പോലീസ് കഥാപാത്രത്തെയടക്കം ഇവിടെ കാണാം.

എന്നിട്ടും അത്തരം സാമ്യതകൾ കല്ല് കടികളാകാത്ത വിധം ആദ്യാവസാനം വരെ നമ്മളെ ത്രില്ലടിപ്പിക്കാൻ സാധിച്ചിടത്താണ് സംവിധായകൻ ഷഹദ് നിലമ്പൂർ കൈയ്യടി നേടുന്നത്.

ഷാഹി കബീർ സിനിമകളിലൂടെ കണ്ടു ശീലിച്ച പോലീസ് സ്റ്റേഷൻ കഥാപരിസരങ്ങളുടെയും കഥാപാത്രങ്ങളുടെയുമൊക്കെ ഒരു തുടർച്ച ഇവിടെ കാണാൻ പറ്റും.

പോലീസ് സ്റ്റേഷനിലെ ദൈനം ദിന നടപടിക്രമങ്ങളും പോലീസുകാർക്കിടയിലെ തമാശ പറച്ചിലും ഈഗോ ക്ലാഷുകളുമൊക്കെ സ്വാഭാവികമായി തന്നെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

'ജോൺ ലൂഥർ', 'കണ്ണൂർ സ്‌ക്വാഡ്', 'ഓഫീസർ ഓൺ ഡ്യൂട്ടി' പോലുള്ള പോലീസ് സിനിമകൾ ചെയ്ത റോബി വർഗ്ഗീസ് രാജിന്റെ അനുഭവസമ്പത്ത് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരു'ടെ ഛായാഗ്രഹണ മികവായി മാറുന്ന കാഴ്ച.

ചമ്മൻ ചാക്കോയുടെ എഡിറ്റും, മുജീബ് മജീദിന്റെ ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ സിനിമയുടെ കഥാസാഹചര്യങ്ങൾക്ക് നൽകിയ തീക്ഷ്‌ണത എടുത്തു പറയേണ്ടതാണ്.

പാർവ്വതി തിരുവോത്ത്, മാത്യു തോമസ്, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ അടക്കമുള്ളവരുടെ കാസ്റ്റിങ്ങും അവരുടെ കോംബോ സീനുകളുമൊക്കെ നന്നായി വന്നിട്ടുണ്ട്.

ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് പൊലീസുകാരിയായി മാറുന്ന എലീന എബ്രഹാമിന്റെ വേറിട്ട മാനസിക സാഹചര്യങ്ങളും നിസ്സഹായതകളും പോരാട്ടവുമൊക്കെ പാർവ്വതി ഗംഭീരമായി കൈകാര്യം ചെയ്തു.

വിനയ് ഫോർട്ടിന്റെ പോലീസ് കഥാപാത്രം സിനിമയിലെ എന്റർടൈൻമെന്റ് ഘടകമെന്ന നിലക്ക് കൃത്യമായി ഉപയോഗിക്കപ്പെട്ടു.

ക്രൈം ബ്രാഞ്ച് DYSP ഹാരിസ് മീരാനായി വിജയ രാഘവൻ എത്തുമ്പോൾ സിനിമ കൂടുതൽ ത്രില്ലിംഗ് ആയി.

'കൈക്കുടന്ന നിലാവി'ലെ മുരളിയുടെ DYSP ഹമീദ് റാവുത്തറിനെയൊക്കെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഒരു വരവ്.

ഏറ്റെടുത്ത കേസ് അന്വേഷണങ്ങളിൽ ഒരിടത്തും തോൽവി നേരിട്ടിട്ടില്ലാത്ത ഹാരിസ് മീരാന്റെ കുശാഗ്രതയും, ആത്മവിശ്വാസവും, കണിശതയും, വാശിയുമൊക്കെ ഗംഭീരമായി പകർന്നാടി വിജയരാഘവൻ.

വിജയരാഘവന്റെ സ്‌ക്രീൻ സ്പേസ് എന്താണെന്ന് ഈ സിനിമയിലെ ഓരോ സീനും ബോധ്യപ്പെടുത്തുന്നുണ്ട്.

കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പള്ളിയിലെ വാങ്ക് വിളിയെ ബന്ധപ്പെടുത്തി കൊണ്ടുള്ള വിശദീകരണ സീനൊക്കെ ഹൈ മോമെന്റ്റ് ആയി മാറി.

"There are no perfect crimes, only imperfect investigations."

കേസ് അന്വേഷണത്തിനിടെ ഹാരിസ് മീരാൻ പറയുന്ന ഡയലോഗും അത് പോലെ ശ്രദ്ധേയമാണ്.

ശരിയായ രീതിയിൽ അന്വേഷിക്കപ്പെടാതെ പോയത് കൊണ്ട് മാത്രമാണ് ക്ലാസ്സിക് ക്രിമിനൽ ജോർജ്ജ് കുട്ടി പോലും രക്ഷപ്പെട്ടത് എന്ന് സാരം.

സിനിമയുടെ കാര്യത്തിൽ ഈ ഒരു നിരീക്ഷണത്തെ മറ്റൊരു തരത്തിൽ പറയാം.

കുറ്റമറ്റ കേസ് അന്വേഷണ സിനിമ എന്നൊന്നില്ല. ലൂപ്പ് ഹോൾസും, ലോജിക് പ്രശ്നങ്ങളുമൊക്കെ ഉള്ളപ്പോഴും അതൊന്നും ആസ്വാദനത്തെ ബാധിക്കാത്ത വിധം ആദ്യാവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നുവെങ്കിൽ അത് തന്നെയാണ് സിനിമയുടെ വിജയം.

സമീപകാലത്ത് കണ്ട പോലീസ് - ക്രൈം - ഡ്രാമ സിനിമകളിൽ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവമാകുന്നതും അങ്ങിനെ തന്നെ.

©bhadran praveen sekhar