എൺപതുകളിൽ പ്രിയദർശൻ തുടങ്ങി വച്ച്, തൊണ്ണൂറുകളിൽ സത്യൻ അന്തിക്കാടും, സിദ്ധീഖ് ലാലും, രാജസേനനും, റാഫി മെക്കാർട്ടിനും, രണ്ടായിരത്തിൽ ഷാഫിയും, ജോണി ആന്റണിയുമടക്കം പല സംവിധായകരും പരീക്ഷിച്ചു വിജയിച്ച കോമഡിയുടെ ചില അപൂർവ്വ രസക്കൂട്ടുകളുണ്ട്. അതിനോളം പോന്നതല്ലെങ്കിലും അവരുടെയൊക്കെ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തിരക്കഥയും അവതരണ ശൈലിയുമാണ് 'പെറ്റ് ഡിറ്റക്ടീവി'ന്റെത് എന്ന് പറയാം.
ഡിറ്റക്ടീവ് - പോലീസ് അന്വേഷണങ്ങളും, അധോലോകവും, കൊലപാതകവും, തട്ടി കൊണ്ട് പോകലും, കള്ളക്കടത്തും, ചേസിംഗും, ആക്ഷനുമൊക്കെ കൂടി മിക്സ് ചെയ്തുണ്ടാക്കിയ കഥയെ തീർത്തും ഒരു കോമഡി എന്റെർറ്റൈനെർ ആക്കി മാറ്റാൻ പ്രനീഷ് വിജയൻ - ജയ് വിഷ്ണു ടീമിന് സാധിച്ചിട്ടുണ്ട്.
ടോണി ജോസ് അലൂല, കൈകേയി, യാഖത് അലി, ദിൽരാജ്, തിലക് തോമസ് അഥവാ TT, കാട്ടാളൻ സുനി, ലോലിത അങ്ങിനെ നീളുന്ന കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെ ഒരു കോമിക് സ്വഭാവമുണ്ട്.
രാജേഷ് മുരുഗേശന്റെ സംഗീതം സിനിമയുടെ തുടക്കത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു മൂഡ് ഉണ്ട്. അത് ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിലിലേക്ക് എത്തുമ്പോഴേക്കും ഒരു തായമ്പക മേളം പോലെ മുറുകുന്നു.
സ്ലാപ്സ്റ്റിക് കോമഡിയുടെ കാലം കഴിഞ്ഞു എന്നൊക്കെ പറയുന്നത് വെറുതെയാണ്. നല്ല രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ സാധിച്ചാൽ ചിരിക്കാൻ ആളുണ്ട് എന്ന് 'പെറ്റ് ഡിറ്റക്ടീവ്' സാക്ഷ്യപ്പെടുത്തുന്നു.
ഏത് വേഷത്തിലും സ്‌ക്രീനിൽ നിറഞ്ഞാടാൻ സാധിക്കുന്ന നടനാണെന്ന് ഷറഫുദ്ധീൻ വീണ്ടും തെളിയിച്ചു. ഗിരി രാജനിൽ തുടങ്ങി ടോണി ജോസ് അലൂല വരെ എത്തി നിൽക്കുന്ന ഫിലിമോഗ്രാഫിയിൽ അയാളുടെ ഗ്രാഫ് ഒരിടത്തും താഴേക്ക് പോയില്ല എന്നത് ശ്രദ്ധേയമാണ്. ഷറഫുദ്ധീൻ - അനുപമ കോംബോയും കൊള്ളാം.
വിനയ് ഫോർട്ട്, വിനായകൻ, വിജയരാഘവൻ ഒക്കെ സമാന വേഷങ്ങൾ മുന്നേയും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും എവിടെയും ബോറടിപ്പിച്ചില്ല. ശ്യാം മോഹൻ, നിഷാന്ത് സാഗർ ഒക്കെ കിട്ടിയ വേഷത്തിൽ സ്കോർ ചെയ്തു. ജോമോൻ ജ്യോതിർ എല്ലാ പടത്തിലും ഒരു പോലെ രസികനാണ്.
'പെറ്റ് ഡിറ്റക്റ്റീവ്' എന്ന ടൈറ്റിൽ സിനിമക്ക് കൈ വരുന്നതിന്റെ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്തിയവർ പിന്നീട് പെറ്റ്സിനു സിനിമയിൽ കാര്യമായി ഒരു റോൾ കൊടുക്കാതെ പോയത് എന്താണെന്ന് ആലോചിച്ചു പോയി.
കുറ്റമറ്റതല്ലെങ്കിൽ കൂടിയും ഒരു എന്റെർറ്റൈനർ സിനിമയെന്ന നിലക്ക് കുട്ടികളടക്കം കുടുംബ സമേതം ആസ്വദിക്കാവുന്ന ഒരു പടം തന്നെയാണ് 'പെറ്റ് ഡിറ്റക്റ്റീവ്'.
©bhadran praveen sekhar











































