വിസ്മയ മോഹൻലാലിൻറെ 'തുടക്കം' എന്ന നിലക്ക് കാണാവുന്ന ഒരു സാധാരണ സിനിമ.'ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയുണ്ടാക്കുന്ന പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളും' .. 'ദൃശ്യ'ത്തിന് ശേഷം പല സിനിമകളും ഈ ഒരു പ്ലോട്ടിനെ പല തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സമീപ കാലത്ത് വന്ന 'ബ്ലാസ്റ്റ്' സിനിമയിൽ ഇതേ പ്ലോട്ടിലാണ് സംവിധായകൻ സുഭാഷ് കെ രാജ് ഒരു ഗംഭീര ആക്ഷൻ ത്രില്ലർ ഒരുക്കിയത്.
'ബ്ലാസ്റ്റു' പോലൊരു പടമല്ലെങ്കിലും 'തുടക്ക'ത്തിന്റെ കഥയിലും ഒരു ആക്ഷൻ ത്രില്ലർ സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നു. അത് പക്ഷേ വേണ്ട വിധം പരിഗണിച്ചില്ല എന്ന പരാതിയുണ്ട്.
തുടക്കക്കാരെന്ന നിലക്ക് വിസ്മയ മോഹൻലാലും ആശിഷ് ആന്റണിയും നല്ല പ്രകടനം കാഴ്ച വച്ചു.
ആദ്യത്തെ സീനിൽ തന്നെ ആശിഷ് ആന്റണിയുടെ കഥാപാത്രത്തിന്റെ റൂട്ട് എന്താണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.
'ലിയോ'യിൽ സാൻഡി മാസ്റ്റർ 'ചോക്ലേറ്റ് കോഫീ' എന്ന ഒരൊറ്റ ഡയലോഗ് പറഞ്ഞു കൊണ്ട് ആ റെസ്റ്റോറന്റിൽ സൃഷ്ടിക്കുന്ന ഭീകരത ഓർത്തു പോയ്.
എന്തായാലും കാര്യമായി ഡയലോഗ് ഒന്നും പറയാതെ തന്നെ ആ കഥാപാത്രത്തെ തുടക്കക്കാരൻ എന്ന നിലക്ക് അയാൾ ഗംഭീരമാക്കിയിട്ടുണ്ട്.
വിസ്മയയുടെ സിനിമാ തുടക്കം എന്നത് പോലെ ഒരു നടനെന്ന നിലക്ക് ആശിഷ് ആന്റണിയുടെയും തുടക്കമാണിത്.
പെൺമക്കളുടെ അച്ഛൻ വേഷങ്ങളിൽ സായ് കുമാറിന്റെ പ്രകടനത്തിന് വേറിട്ട ഒരു ഫീലാണ്.
'മിന്നാ മിന്നിക്കൂട്ടം', 'മിലി' പോലുള്ള സിനിമകളിലെ അച്ഛൻ വേഷങ്ങൾക്ക് ശേഷം 'തുടക്ക'ത്തിലും സായ്കുമാറിന്റെ ആ ഒരു റേഞ്ചിലുള്ള പ്രകടനം കാണാൻ പറ്റി.
മോഹൻലാലിന്റെ സാന്നിധ്യം സിനിമക്ക് കിട്ടിയ ബോണസാണ്. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സീനിൽ സിനിമ തന്നെ ഒരു അഭിനയ കളരിയാകുന്നത് പോലെ.
അച്ഛന്റെ അനായാസേനയുള്ള പെർഫോമൻസിൽ വിസ്മയിച്ചിരിക്കുന്ന വിസ്മയയെ കാണാം.
Make your father proud എന്ന് വിസ്മയയോട് മോഹൻലാൽ പറയുമ്പോൾ അത് ഒരേ സമയം കഥാപാത്രത്തിന്റെയും ഒരച്ഛന്റെയും ഡയലോഗ് ആയി മാറുന്നു.
പേരിന് കുറേ സഹ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കാര്യമായി ഒന്നും പറയാനില്ലാത്ത പ്രകടനങ്ങളായിരുന്നു പലരുടെയും. അതിനുള്ള സ്കോപ്പും സ്‌പേസും സിനിമയിൽ അവർക്കില്ല താനും. എങ്കിലും ബോബി കുര്യൻ കൊള്ളാം. അത് പോലെ ജിബിൻ ഗോപിനാഥിന്റെ കുത്തി തിരിപ്പ് വേഷവും നന്നായിരുന്നു.
അത് പോലെ Women Empowerment ഉദ്ദേശിച്ചു കൊണ്ട് ചെയ്തു വച്ച സീനുകൾ പലതും ക്രിഞ്ച് ആണ്. 'ബോഗെയ്ൻ വില്ല'യുടെ ക്ലൈമാക്സ് സീനിൽ ഇവനൊക്കെ ഇത്രേ ഉള്ളൂ ചേച്ചീ എന്ന് സൃന്ദ പറഞ്ഞ പോലെ അസ്ഥാനത്ത് ആയില്ല എന്ന് മാത്രം.
ക്ലൈമാക്സ് ആക്ഷൻ സീനുകളാണ് ശരിക്കും പറഞ്ഞാൽ സിനിമയിലും വിസ്മയയുടെ പെർഫോമൻസിലും ഒരു ഓളം ഉണ്ടാക്കിയത്.
പ്രമേയപരമായ പുതുമയോ അതി ഗംഭീര സ്ക്രിപ്റ്റോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി ആദ്യാവസാനം ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ജൂഡ് ആന്തണിക്ക് സാധിച്ചതാണ് സിനിമയുടെ ആസ്വാദനം.
©bhadran praveen sekhar


No comments:
Post a Comment