ഒരു ടിപ്പിക്കൽ ഗ്യാങ്‌സ്റ്റർ സിനിമയാകുമെന്നുള്ള കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ചു കൊണ്ട് ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമ.
അനവധി നിരവധി നഷ്ട പ്രണയ സിനിമകൾക്ക് പ്രചോദനമായ 'ദേവദാസി'നെ ഒരു ഗ്യാങ്‌സ്റ്റർ കഥാപശ്ചാത്തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതോടൊപ്പം 'ദേവദാസി'ലെ കഥാപാത്രങ്ങളെയും ദുരന്ത കഥാ സന്ദർഭങ്ങളെയുമൊക്കെ അടിമുടി പൊളിച്ചെഴുതുകയാണ് അരുൺ മതേശ്വരൻ ചെയ്യുന്നത്.
ദാസ് അഥവാ ദേവ് ദാസ്, ചന്ദ്രമുഖി അഥവാ ചന്ദ്രാ, പാറു അഥവാ പാർവ്വതി എന്ന നിലക്കാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും പേരിട്ടിരിക്കുന്നത്. ദേവദാസിലെ തന്നെ ചുന്നിലാൽ എന്ന കഥാപാത്രത്തെയും മറ്റൊരു തരത്തിൽ പുനരവതരിപ്പിക്കുന്നുണ്ട് ഇവിടെ.
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ഗീതോപദേശത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു തുടക്കമാണ് സിനിമയുടെ.
Evil is Good and Good is Evil .. ഇതാണ് സിനിമയിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ലോജിക്കിന്റെ മീറ്റർ. ഇതിലേക്ക് കണക്ട് ആയാൽ പിന്നെ സിനിമ തീരും വരെ DC എന്നത് വേറെ ഒരു ലോകമാണ്.
തെറ്റ് ചെയ്തവരെ തേടി പോലീസ് വരും ...എന്നാൽ തെറ്റ് ചെയ്ത പോലീസിനോട് ആര് ചോദിക്കും ?
ഈ ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ കാണുന്ന നമ്മളെ നായകന്റെ പക്ഷത്തേക്ക് ആദ്യമേ കൊണ്ട് നിർത്തുന്നത്. അത് കൊണ്ട് തന്നെ അവിടുന്നങ്ങോട്ട് നായകന്റെ മനോ വ്യാപാരങ്ങളിൽ നമ്മളും കുടുങ്ങി പോകുന്നു.
ഒരു പ്രാദേശിക ഗ്യാങ്‌സ്റ്റർ സിനിമയുടെ രൂപത്തിൽ തുടങ്ങി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ തീവ്ര വൈകാരികതകളിലൂടെ കടന്ന് പോകുകയാണ് DC.
പതിനെട്ട് വർഷങ്ങളായി വേശ്യാലയത്തിലെ ഇരുട്ട് മുറിയിൽ കഴിഞ്ഞ ചന്ദ്രയുടെ പൊള്ളുന്ന ജീവിതം കൂടിയാണ് DC.
അവൾക്ക് കിട്ടിയ സ്വാതന്ത്ര്യം, ദാസിനോടുള്ള വിശ്വാസം, പ്രണയം അതൊക്കെ സിനിമയിലെ ഓരോ സീനിലൂടെയും അനുഭവഭേദ്യമാക്കുന്നു അരുൺ മാതേശ്വരൻ.
പരിചയമുള്ളവരോട് നമുക്ക് എല്ലാം പറയാൻ സാധിക്കണമെന്നില്ല..എന്നാൽ അപരിചിതരോട് നമുക്ക് എന്തും പറയാം.
ദാസിനോടുള്ള അപരിചിതത്വം ചന്ദ്രക്ക് നൽകുന്ന ഇമോഷണൽ ലിബറേഷൻ അതാണ്.
വിശാലമായ കടൽപ്പരപ്പിന്റെ പശ്ചാത്തലത്തിൽ ചന്ദ്രയും ദാസും വിദൂര ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സീനൊക്കെ ഉണ്ടാക്കുന്ന ഇമോഷണൽ ഇമ്പാക്ട് അത്ര മാത്രം ഗംഭീരമായിരുന്നു.
ഒറ്റ സീനിലൂടെ തന്നെ ദാസ്-ചന്ദ്ര ബന്ധത്തിലെ ഭാവതീവ്രതയുടെ ആഴം നമുക്ക് ബോധ്യപ്പെടുന്നതാണ്.
പ്ലാസ്റ്റിക് റോസാപ്പൂവും, ചുവന്ന മാരുതി ഓംനിയും, ആ തോക്കുമൊക്കെ കൂടിയുള്ള ഡെഡ്ലി കോമ്പോ DC യെ ക്ലാസ്സ്-മാസ്സ് സിനിമയാക്കുന്നു .
അനിരുദ്ധിന്റെ വേറിട്ട സൗണ്ട് ട്രാക്ക്സ് ആണ് ഈ സിനിമയുടെ മെയിൻ പവർ.
ലോകേഷ് -വാമിഖ - സഞ്ജന കൃഷ്ണമൂർത്തി തൊട്ട് സിനിമയിലെ ഓരോരുത്തരുടെയും കാസ്റ്റിങ്ങും പെർഫോമൻസും എടുത്തു പറയേണ്ടത് തന്നെ. എല്ലാം കൊണ്ടും പൈസ വസൂൽ പടം.
©bhadran praveen sekhar


No comments:
Post a Comment