വൈശാഖിന്റെ 'പോക്കിരി രാജ' തൊട്ട് അവസാനം വന്ന 'ടർബോ' വരെയുള്ള മിക്ക പടങ്ങളും മാസ്സ് മസാല എന്റെർറ്റൈനെർ എന്ന ലേബലിൽ തന്നെയാണ് ആസ്വദിച്ചത്. 'ഖലീഫ' യും ആ മൂഡിലിരുന്നു തന്നെ കണ്ടു.
ഹൈപ്പിന് ഒത്ത സിനിമയായില്ല എന്നത് സത്യം തന്നെയെങ്കിലും ചുമ്മാ ഒരു ഓളത്തിന് അങ്ങിനെ കണ്ടിരിക്കാം.
വൈശാഖിന്റെ 'മോൺസ്റ്റർ' ഒക്കെ വച്ച് നോക്കിയാൽ 'ഖലീഫ'യിൽ വഷളത്തരങ്ങൾ ഇല്ല എന്നത് ആശ്വാസം.
പുതുമ വറ്റിയ കഥയും ദുർബ്ബലമായ തിരക്കഥയും വച്ച് 'ഖലീഫ'ക്ക് ഒരു കൊമേഴ്സ്യൽ വാല്യൂ ഉണ്ടാക്കി കൊടുക്കാൻ വൈശാഖ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അപ്പോഴും പാളിച്ചകൾ പലതാണ് എന്ന് പറയാം.
സ്ലോ മോഷന്റെയും ബി.ജി എമ്മിന്റെയുമൊക്കെ അതിപ്രസരം സിനിമയിലെ പ്രധാന കല്ല് കടിയായിരുന്നു.
കഥയേക്കാൾ കഥാപാത്രങ്ങളുടെ ബിൽഡ് അപ്പുകൾക്ക് പ്രാധാന്യം കൊടുത്തു വന്നപ്പോൾ കൊടുത്ത ബിൽഡ് അപ്പിന് അനുസരിച്ചു താരങ്ങൾക്ക് പെർഫോം ചെയ്യാൻ ഒന്നുമില്ലാത്ത അവസ്ഥ.
യുക്തിരഹിതമായ കാര്യങ്ങളെ സിനിമാറ്റിക്കാക്കി അവതരിപ്പിക്കുമ്പോൾ കാണുന്നവനെ ബോധ്യപ്പെടുത്തുന്ന ആ ഒരു മെയ്ക് ബിലീവ് ഇവിടെ സംഭവിക്കുന്നില്ല.
കണ്ണൂരും കോഴിക്കോടുമൊക്കെ കഥാപാശ്ചാത്തലമായിട്ടും കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയിലൊന്നും അവിടത്തെ പ്രാദേശികത അനുഭവപ്പെട്ടില്ല.
സ്റ്റൈലും സ്വാഗും കൊണ്ട് പൃഥ്വിരാജ് - നീൽ നിഥിൻ മുകേഷ് ടീം പിന്നെയും ഒരു വിധം പിടിച്ചു നിന്നു.
ഇന്ദ്രൻസ്- രഞ്ജി പണിക്കർ- സഞ്ജു ശിവറാം അടക്കമുള്ള സഹ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ ഒട്ടും തൃപ്തിപ്പെടുത്തിയില്ല.
പാർട്ടി സെക്രട്ടറി വില്ലൻ വേഷത്തിൽ ഷമ്മി തിലകൻ നിറഞ്ഞു നിന്നെങ്കിലും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ കൈതേരി സഹദേവന്റെയൊക്കെ പോലെ ഒരു ഓളം ഉണ്ടാക്കാൻ പറ്റിയില്ല.
കേരള രാഷ്ട്രീയമെന്നാൽ ഈ പറഞ്ഞ പാർട്ടി സെക്രട്ടറിയും സ്വർണ്ണ മാഫിയയയുമാണ് എന്ന മട്ടിലൊക്കെയുള്ള അവതരണം ബോറായിരുന്നു.
കേരള രാഷ്ട്രീയത്തിലെ സ്വർണ്ണക്കടത്ത് വിവാദങ്ങളും , കസ്റ്റംസിന്റെ സ്വർണ്ണ വേട്ടയും അതിന് പിന്നിലെ കളികളുമടക്കം പലതും പ്രമേയവത്ക്കരിക്കാൻ ശ്രമിക്കുമ്പോഴും എവിടെയും കൃത്യമായൊരു ഫോക്കസില്ലാത്ത കഥ പറച്ചിൽ.
കാമിയോ വേഷങ്ങൾ കൊണ്ട് 'ഖലീഫ'ക്ക് ബ്രാൻഡ് വാല്യൂ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും അതിനൊന്നും സിനിമയിൽ യാതൊരു വിധ ഇമ്പാക്റ്റും കൊണ്ട് വരാൻ സാധിച്ചില്ല.
സ്വർണ്ണക്കടത്തിന്റെ കാര്യത്തിൽ മമ്പറക്കൽ അഹ്മദ് അലിയെയും, ആമിർ അലിയെയുമൊക്കെ ഹീറോവത്കരിക്കുമ്പോഴും ഹാരിസ് ബഷീറിനെ പ്രതിനായകനാക്കുമ്പോഴും 'ഖലീഫ' ഊട്ടി ഉറപ്പിക്കുന്ന പൊതുബോധത്തിൽ അപകടമുണ്ട്.
ഇതേ സ്വർണ്ണക്കടത്തിന്റെ പേരിൽ ഒരിക്കലും സിനിമയിലെ സേട്ടുജീക്കും, കേന്ദ്ര മന്ത്രി സെൽവത്തിനും, പാർട്ടി സെക്രട്ടറി പുന്നവേൽ രാഘവനുമൊന്നും അത് ബാധകമാകില്ല എന്നത് കട്ടായം.
©bhadran praveen sekhar


No comments:
Post a Comment