ആഘോഷിക്കാൻ ഒരുപാട് സൂപ്പർ ഹീറോസുള്ള ഹോളിവുഡിൽ സ്പൈഡർമാനോട് മാത്രമായി തോന്നുന്ന ഒരിഷ്ടമുണ്ട്. നമുക്ക് പരിചയമുള്ള ഒരു സാധാരണക്കാരന്റെ / നിഷ്ക്കളങ്കന്റെ ഐഡന്റിറ്റി ഉള്ള അമാനുഷികൻ.
ഈ പറഞ്ഞ അയൽപക്കത്തെ പയ്യൻ ഇമേജ് സ്പൈഡർമാന് മാത്രം അവകാശപ്പെട്ടതാണ്.
2002 - 2007 വരെ ടോബി മാഗ്വർ ചെയ്ത സ്‌പൈഡർമാനെ പിന്നീട് ആൻഡ്രൂ ഗാർഫീൽഡിന് വച്ച് മാറിയപ്പോൾ നിരാശ തോന്നിയിട്ടുണ്ട്.
പക്ഷേ അപ്പോഴും പീറ്റർ പാർക്കർ എന്ന കഥാപാത്രത്തിനോടുണ്ടായിരുന്ന താൽപ്പര്യത്തിന് മാറ്റമുണ്ടായില്ല.
2012 - 2014 വരെ നീണ്ട Amazing Spiderman സീരീസിന് നു ശേഷം മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലയിച്ച സ്പൈഡർമാനോടു ആദ്യം ഒരകൽച്ച തോന്നിയെങ്കിലും ടോബി മാഗ്വറിനു ശേഷം വർഷങ്ങൾക്കിപ്പുറം പീറ്റർ പാർക്കറിന്റെ പഴയ നിഷ്ക്കളങ്കതയെ തിരിച്ചെത്തിക്കാൻ ടോം ഹോളണ്ടിന്റെ കാസ്റ്റിങ്ങിലൂടെ സാധിച്ചു.
Homecoming ൽ തുടങ്ങി Far From Home ലൂടെ തുടർന്ന് No Way Home ൽ എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് വീണ്ടും സ്‌പൈഡർ മാൻ വരുന്നത്.
ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ മാജിക് സ്പെല്ലിലൂടെ ലോകത്തുണ്ടായ മാറ്റങ്ങൾ, അത് സ്‌പൈഡർമാനെയും വല്ലാതെ ബാധിച്ചിരിക്കുന്നു.
പീറ്റർ പാർക്കിന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങൾ, അയാളുടെ ട്രോമ, ഏകാന്ത ജീവിതം എല്ലാമടങ്ങുന്ന ഒരു വൈകാരികമായ കഥാപരിസരമാണ് ഇവിടെ.
ഡെഡ്പൂളിന്റെ മാനറിസങ്ങളെ അനുസ്മരിപ്പിക്കുന്ന ബോഡി ലാംഗ്വേജ് സ്‌പൈഡർമാൻ രസകരമായി കൈകാര്യം ചെയ്യുന്നുണ്ട് ചില സീനുകളിൽ.
അതേ സ്പൈഡർമാൻ തന്നെ പല സീനുകളിലും നമ്മളെ ത്രസിപ്പിക്കുകയും പതിവില്ലാത്ത വിധം ഇമോഷണൽ ആക്കുകയും ചെയ്യുന്നുണ്ട്.
നിസ്സഹായതയും വൈകാരികതയുമൊക്കെ ബ്രാൻഡ് ന്യൂവിലെ സ്പൈഡർമാനെ കൂടുതൽ ജനപ്രിയനാക്കുന്നു എന്നതാണ് സത്യം.
എല്ലാ മനുഷ്യരിലും ഒരു സൂപ്പർ ഹീറോ ഉണ്ട് എന്ന പോലെ എല്ലാ സൂപ്പർ ഹീറോമാരിലും നിസ്സഹായനും ഇമോഷണലുമായ ഒരു മനുഷ്യൻ ഉണ്ട് എന്ന് ചിന്തിപ്പിക്കുന്നു ഇത്തവണത്തെ സ്‌പൈഡർമാൻ.
സ്ഥിരം ആക്ഷൻ സൂപ്പർ ഹീറോ സങ്കല്പത്തിനപ്പുറം സ്‌പൈഡർമാനെ എല്ലാ തലത്തിലും ബ്രാൻഡ് ന്യൂ ആക്കുന്ന മെയ്കിങ് തന്നെയാണ് 'Spider Man -Brand New Day' യുടെ ആസ്വാദനം .
©bhadran praveen sekhar


No comments:
Post a Comment