ഒരു ബയോപിക് എന്നതിനേക്കാൾ മൈക്കൽ ജാക്സന്റെ സംഗീത വിരുന്ന് എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന പടം.1966 ൽ ജോസഫ് ജാക്സൻ തന്റെ അഞ്ച് മക്കളെയും വച്ച് 'ജാക്സൺ 5' എന്ന ബാൻഡ് ടീം തുടങ്ങുന്നത് തൊട്ട് 1988 ലെ 'ബാഡ്' ടൂർ പര്യടനം വരെയുള്ള മൈക്കൽ ജാക്സന്റെ സംഗീത ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് സിനിമ.
മൈക്കിൽ ജാക്സന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളോ പ്രതിസന്ധികളോ ഒന്നും തന്നെ ഭാഗമാക്കാതെ മൈക്കിൽ ജാക്സൻ എന്ന പെർഫോമറെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.
കരിയറിന്റെ തുടക്കവും വളർച്ചയും കാണിച്ചു പോകുന്നതോടൊപ്പം
അച്ഛൻ ജോസഫ് ജാക്സണിന്റെ നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടുന്ന മൈക്കിലിനെ നമുക്ക് കാണാം.
ആ കെട്ടുപാടുകളിൽ നിന്നുള്ള മൈക്കിൽ ജാക്സന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന പോലെയാണ് 'ബാഡ്' ടൂറിനെ സിനിമ അടയാളപ്പെടുത്തുന്നത്.
ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലോക പ്രസിദ്ധനായ സംഗീതജ്ഞനിലേക്കുള്ള അയാളുടെ സംഭവ ബഹുലമായ ജീവിത യാത്രയിലെ ഏതാനും കാര്യങ്ങൾ മാത്രമാണ് സിനിമയിലുള്ളത്.
ക്വിൻസി ജോൺസുമായുള്ള മൈക്കലിന്റെ കൂടി കാഴ്ച, പിന്നീട് ചെയ്ത ആൽബങ്ങൾ, അതിലൂടെ കിട്ടിയ ലോക പ്രശസ്തി, എം. ടി വി ചാനലുമായുള്ള കൈ കോർക്കൽ, ശാരീരികമായി അയാൾ നടത്തുന്ന മാറ്റങ്ങൾ, പെപ്സി പരസ്യത്തിനിടെ സംഭവിച്ച അപകടം, ശേഷമുള്ള തിരിച്ചു വരവ്, 88 ലെ ബാഡ് ടൂറിലെ പ്രകടനം അങ്ങിനെ പോകുന്ന ചുരുക്കം അദ്ധ്യായങ്ങൾ കൊണ്ട് തന്നെ സംഭവ ബഹുലമാണ് 'മൈക്കൽ'.
ശബ്ദ സംവിധാനം, ഛായാഗ്രഹണം, കൊറിയോഗ്രാഫി, ലൈറ്റിങ്, കളർ ഗ്രേഡിങ് അങ്ങിനെ എല്ലാം കൊണ്ടും മികച്ച തിയേറ്റർ എക്സ്പീരിയൻസ് തരുന്ന പടം.
മൈക്കിൽ ജാക്സന്റെ ഒരു ലൈവ് മ്യൂസിക് കൺസെർട്ടിൽ നമ്മളെ കൊണ്ടിരുത്തിയ പോലെ.
പിന്നെ എടുത്തു പറയേണ്ടത് മൈക്കിൽ ജാക്സനായി എത്തുന്ന ജാഫർ ജാക്സന്റെ അസാധ്യ പ്രകടനമാണ്. രൂപം കൊണ്ടും മാനറിസം കൊണ്ടും പ്രകടനം കൊണ്ടും അയാൾ മൈക്കിൽ ജാക്ക്സൻ തന്നെയല്ലേ എന്ന് ചിന്തിപ്പിക്കും.
തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല.
©bhadran praveen sekhar


No comments:
Post a Comment