മലയാള സിനിമയ്ക്കു കിട്ടിയ ഒരു വലിയ അനുഗ്രഹമാണ് ജിത്തു ജോസഫ്. 2007 ഇൽ റിലീസായ 'ഡിറ്റക്ടീവ്' സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരു വലിയ പ്രതീക്ഷ ഉണർത്താൻ ജിത്തു ജോസഫിന് സാധിച്ചിരുന്നു. പിന്നീട് റിലീസായ ജിത്തുവിന്റെ 'മമ്മി ആൻഡ് മി' യും, മൈ ബോസും' മോശമാക്കിയില്ല. ഓരോ സിനിമ ചെയ്യുമ്പോഴും അതിലുണ്ടാകുന്ന പോരായ്മകളെ സ്വയമേ വിലയിരുത്തിയ ശേഷമാണ് ജിത്തു തന്റെ അടുത്ത സിനിമക്കായി ഒരുങ്ങിയിട്ടുള്ളത് എന്ന് തോന്നിക്കും വിധമായിരുന്നു ജിത്തുവിന്റെ സിനിമയിലുള്ള വളർച്ച. തൊട്ടു മുന്നേ റിലീസായ 'മെമ്മറീസി'ൽ നിന്നും 'ദൃശ്യ'ത്തിലേക്ക് എത്തുമ്പോൾ തിരക്കഥാ രചനയിൽ ജിത്തുവിന് കിട്ടിയ പുതിയ തിരിച്ചറിവുകളും മികവുറ്റ മാറ്റങ്ങളും തിയേറ്റർ സ്ക്രീനിൽ പ്രകടമായതിനുള്ള പ്രധാന കാരണവും അത് തന്നെ. 'മെമ്മറീസ്' ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ രൂപത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെങ്കിലും കഥാവസാനം സിനിമയെ കൂട്ടി വായിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ചില സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ യുക്തിരഹിതമായ (ചില) കഥാ സന്ദർഭങ്ങൾ, യാദൃശ്ചികതകളുടെ അതിപ്രസരം ഇതെല്ലാം മെമ്മറീസിൽ ഒരു പക്ഷേ കണ്ടെത്താൻ സാധിച്ചെന്നും വരും. ഇത്തരം പോരായ്മകൾ കൂടി നികത്തി കൊണ്ടാണ് ജിത്തു 'ദൃശ്യ'ത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പഴി ചാരാൻ വേണ്ടി മാത്രം സിനിമ കാണുന്ന പ്രേക്ഷകൻ പോലും അഭിനന്ദിച്ചു പോകുന്ന രചനാ പാടവം, അതുമല്ലെങ്കിൽ പ്രേക്ഷകന് തോന്നിയേക്കാവുന്ന സംശയങ്ങളുടെ എല്ലാ പഴുതുകളും അടച്ച് ഭദ്രമാക്കിയ ഒരു തിരക്കഥ. അവിടെ പ്രേക്ഷകന്റെ നിരീക്ഷണബുദ്ധിക്ക് തോറ്റു കൊടുത്തേ മതിയാകൂ താനും. ഇത് തന്നെയാണ് ജിത്തുവിന്റെ/ 'ദൃശ്യ'ത്തിന്റെ വിജയവും മികവും.
ജോർജ്ജു കുട്ടിയും (മോഹൻ ലാൽ ), ഭാര്യ റാണിയും (മീന), രണ്ടു പെണ്‍ മക്കളും (അൻസിബ, ബേബി എസ്തർ) അടങ്ങുന്ന ചെറിയ കുടുംബം, ആ കുടുംബത്തിലെ ദൈനം ദിന ചർച്ചകൾ, സംസാരങ്ങൾ, ജോർജ്ജു കുട്ടിയുടെ സാമൂഹിക ഇടപെടലുകൾ, ജീവിതത്തോടുള്ള ചെറിയ ചെറിയ കാഴ്ചപ്പാടുകൾ എന്നിവ വിശദമായി പറയുകയാണ് സിനിമയുടെ ആദ്യ പകുതി. ഇത്രക്കും വിശദമായി ജോർജ്ജു കുട്ടിയെ സിനിമ വിവരിച്ചെടുക്കുമ്പോൾ സഞ്ചരിക്കാൻ വഴിയില്ലാതെ ഇഴയുന്ന കഥയാണോ ദൃശ്യത്തിന്റെത് എന്ന ന്യായമായ പ്രേക്ഷക സംശയം ഉയർന്നേക്കാം. അത് സംവിധായകന്റെ മനശാസ്ത്രപരമായ കഥാവതരണ രീതിയാണ് എന്ന് ബോധ്യപ്പെടുന്നത് വരെ ആ സംശയം തുടരുക തന്നെ ചെയ്യുന്നു. ആദ്യ സീനിൽ കാണുന്ന പോലീസുകാരന്റെ ബസ് യാത്ര, പുതിയ പോലീസ് സ്റ്റേഷനെ കുറിച്ചുള്ള ചായക്കടക്കാരന്റെ അമിത വർണ്ണന ഇതൊക്കെ ആദ്യം അപ്രസക്തം, അല്ലെങ്കിൽ അധികപ്പറ്റായി തോന്നിക്കുകയും പിന്നീട് കഥാഗതിയിൽ മെല്ലെ മെല്ലെ പ്രാധാന്യം നേടുകയും ചെയ്യുന്നു. സിനിമയിൽ അങ്ങിനെയുള്ള ലിങ്കുകൾ വളരെ മനോഹരമായി ജിത്തു ജോസഫ് ഉപയോഗിച്ചിട്ടുണ്ട്. ക്വാറി, കമ്പോസ്റ്റ് കുഴി, ധ്യാനം കൂടൽ, ജോർജ്ജ് കുട്ടിയുടെ സിനിമാ നിരീക്ഷണങ്ങൾ etc . അതെല്ലാം അതിനുദാഹരണങ്ങളാണ്.
വളരെ തന്ത്രപരമായി പ്രേക്ഷകന്റെ മനസ്സിലേക്ക് ജോർജ്ജുകുട്ടിയേയും കുടുംബത്തെയും പ്രതിഷ്ഠിച്ച് ഇരുത്തുന്നതിലൂടെയാണ് സംവിധായകൻ സിനിമയുടെ ആദ്യ പകുതിയിൽ വിജയം കാണുന്നത്. ജോർജ്ജു കുട്ടിയുടെ കുടുംബ ജീവിതത്തിലേക്ക് കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ കൊണ്ട് സിനിമയെ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വഴി മാറ്റി കൊണ്ട് പോയ ശേഷം, അത് വരെ പറഞ്ഞ ജോർജ്ജു കുട്ടിയുടെ കുടുംബവിശേഷ കഥയുടെ അന്തരീക്ഷം നിർണ്ണായകമായ സാഹചര്യങ്ങൾ കൊണ്ട് പതിയെ മാറ്റിയെടുക്കുന്നു. ആദ്യ പകുതിയിൽ ചെറുതായെങ്കിലും തോന്നിയ ലാഗിംഗ് ഇക്കാരണത്താൽ ഇല്ലാതാകുന്നു. ഇടവേളക്കു ശേഷം പ്രേക്ഷകന്റെ മനസ്സിൽ മുഴുവൻ ജോർജ്ജു കുട്ടിയും കുടുംബവും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ ഒരു ഇമോഷൻ പ്രേക്ഷകനിൽ ഉണ്ടാക്കിയെടുത്തു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. മറ്റൊരർത്ഥത്തിൽ പ്രേക്ഷകമനസ് സിനെ ജോർജ്ജ് കുട്ടിയും കുടുംബവും ഹൈജാക്ക് ചെയ്തു കൊണ്ടാണ് ഇടവേള എഴുതി കാണിക്കുന്നത് എന്നും പറയാം .ഈ ഒരു കഥാവതരണ രീതി ജിത്തു ജോസഫ് 'മെമ്മറീസി'ലും ചെറുതായി പരീക്ഷിച്ചിട്ടുണ്ട്. സാം അലക്സിന്റെ (പ്രിഥ്വി രാജ്) വ്യക്തി ജീവിതത്തിലേക്ക് കടന്നു ചെന്ന് കൊണ്ട് വ്യക്തമായ ഒരു കഥാപശ്ചാത്തലം സൃഷ്ട്ടിക്കുകയും പിന്നീട് അയാളുടെ ജീവിതത്തിലെ ദുരന്തങ്ങളും നിലവിലെ താളപ്പിഴകളും സിനിമ വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ സാം അലക്സ് പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിപ്പറ്റുന്നു. പിന്നീടാണ് സിനിമയിൽ അന്വേഷണാത്മകത കടന്നു വരുന്നത്. ഇവിടെ 'ദൃശ്യ' ത്തിൽ അന്വേഷണാത്മകതക്കല്ല പ്രസക്തി കൊടുക്കുന്നത് എന്ന് മാത്രം.
ഒരു വ്യക്തി ഒരു ക്രൈം ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണമോ ന്യായീകരണമോ ഉണ്ടെങ്കിൽ കൂടി നിയമത്തിനു മുന്നിൽ ആ വ്യക്തി കുറ്റക്കാരൻ തന്നെയാണ്. ചെയ്ത ക്രൈം മറച്ചു വക്കാൻ അയാൾ എത്ര തന്നെ ശ്രമിച്ചാലും അതൊരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും. എന്നാൽ ഈ പൊതു നിരീക്ഷണത്തെ എങ്ങിനെയെല്ലാം വിപരീത ദിശയിൽ സഞ്ചരിച്ചു കൊണ്ട് ഖണ്ഡിക്കാൻ സാധിക്കും എന്ന് ശ്രമിക്കുകയാണ് 'ദൃശ്യം' ചെയ്യുന്നത്. കഥാപാത്രങ്ങളുടെ കണ്ണുകളിൽ ക്രൈം എന്നത് ശരിയാണെങ്കിൽ അതേ അളവിൽ പ്രേക്ഷകനും അത് ശരി എന്ന് തോന്നിക്കുന്ന വിധമുള്ള ഒരു മാജിക് ട്രീറ്റ് ആണ് ദൃശ്യത്തിന്റെ തിരക്കഥയിൽ ഒളിഞ്ഞു കിടക്കുന്നത്. അത് കൊണ്ട് തന്നെ സാധാരണ ഗതിക്ക് ഏതൊരു സിനിമയിലും കുറ്റം തെളിയാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ 'ദൃശ്യ'ത്തിന്റെ കാര്യത്തിൽ കുറ്റം തെളിയരുതേ എന്നും, കേസ് അന്വേഷിച്ചു വിജയിപ്പിക്കാൻ ബാധ്യതപ്പെട്ടവർ പരാജിതരകണേ എന്നുമായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക. തിരക്കഥയിലും സംവിധാനത്തിലുമുള്ള ജിത്തുവിന്റെ ബുദ്ധിപരമായ ഈ പകിട കളി പ്രേക്ഷകന് ഇക്ഷ അങ്ങോട്ട് ബോധിക്കുന്നത് കൊണ്ട് തന്നെയാണ് ജനം തിയേറ്ററിൽ ഇരച്ചു കയറുന്നതും.
ഒരു ത്രില്ലർ സിനിമക്ക് ക്യാമറ ഗിമ്മിക്കുകൾ അത്യാന്താപേക്ഷിതമാണ് എന്ന സ്ഥിരം കാഴ്ചപ്പാടുകളെ തൃണവത്ക്കരിച്ചു കൊണ്ടാണ് ജിത്തു ജോസഫ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ജിത്തുവിന് തന്റെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അദ്ദേഹത്തിന്റെ അഭിമുഖ പരിപാടികൾ ശ്രദ്ധിച്ചാൽ അത് ഒന്ന് കൂടി വ്യക്തമാകും. If you want to be a good director, you should go against the rules of industry. ഇതാണ് ജിത്തുവിന്റെ സിനിമാ തത്വ ശാസ്ത്രവും വിജയ മന്ത്രവും. വ്യത്യസ്തതകൾ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വല്ലാത്തൊരു inspiration തന്നെയാണ്. പ്രേക്ഷക സമൂഹവും സിനിമാക്കാരും കോമഡിയൻമാരെന്ന് മുദ്ര കുത്തി വിട്ട നടന്മാരെ തന്റെ സിനിമകളിൽ വില്ലന്മാരാക്കി അവതരിപ്പിക്കാനുള്ള ജിത്തു ജോസഫിന്റെ കഴിവ് 'ഡിറ്റക്റ്റീവ്' തൊട്ടേ പ്രകടമാണ്. കലാഭവൻ പ്രജോദ്, മായം മറിമായം ഫെയിം ശ്രീ കുമാർ എന്നിവർക്ക് ശേഷം 'ദൃശ്യ'ത്തിൽ കലാഭവൻ ഷാജോണിനെ കൂടി മറ്റൊരു വ്യത്യസ്ത വില്ലൻ പരിച്ഛായയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സ്ക്രീനിൽ ഒരു നടന്റെ മുഖം തെളിയുമ്പോൾ ആ നടൻ വില്ലനാണോ നായകനാണോ കോമഡിയനാണോ എന്ന് മുൻ വിധിയോടു കൂടെ നിരീക്ഷിക്കാനുള്ള അവസരം പ്രേക്ഷകന് പാടേ നിഷേധിക്കുന്ന മലയാളത്തിലെ ഏക സംവിധായകൻ ഒരു പക്ഷേ ജിത്തു ജോസഫായിരിക്കും എന്ന് തോന്നുന്നു.
സിനിമയിൽ നാമമാത്രമായി അഭിനയിച്ചു പോയവർ തൊട്ട് പ്രധാന വേഷങ്ങളിലെത്തിയവർ വരെ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും ഏറെ മികവ് പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ജോർജ്ജു കുട്ടിയുടെ ഇളയ മകളായ ബേബി എസ്തർ പ്രേക്ഷകനെ ഒരു വേള വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതിലുള്ള മിതത്വവും അത് പോലെ അഭിനനന്ദനീയമായിരുന്നു. സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും ഒരു കാര്യം മറച്ചു വക്കുന്നില്ല. ജിത്തുവും സ്ക്രിപ്റ്റും തന്നെയാണ് ഈ സിനിമയിലെ യഥാർത്ഥ താരങ്ങൾ.
ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്തൊന്നും കാണാത്ത, അനുഭവിക്കാത്ത ഗിമ്മിക്കുകളില്ലാത്ത ത്രില്ലിംഗ് ദൃശ്യങ്ങൾ. ആദ്യ പകുതിയിലെ ചെറിയ ലാഗിങ്ങും, ലാലേട്ടന്റെ വകയുള്ള ചില്ലറ ദ്വയാർത്ഥ പ്രയോഗങ്ങളും, പൈങ്കിളി ഭാര്യാ-ഭർതൃ സീനുകളും ഉപദേശങ്ങളും ഒഴിവാക്കി കൊണ്ട് നോക്കിയാൽ ഇത് വരെ കണ്ട മലയാള സിനിമകളിലെ ഒരു perfect drama thriller movie തന്നെയാണ് ദൃശ്യം.
*വിധി മാർക്ക് = 8.8/10
*********************************************************
സിനിമ കണ്ടവരോട് മാത്രമായി പറയാനുള്ളത്
സിനിമയിൽ ഒരു സീൻ കൂടി ആഡ് ചെയ്തു കണ്ടാൽ ഒരു പക്ഷേ പ്രേക്ഷകനെന്ന നിലയിൽ ഞാൻ കൂടുതൽ സംതൃപ്തനാകുമായിരുന്നു. ജോർജ്ജൂട്ടിയുടെ വീട്ടിൽ ഒരു അഞ്ചു പത്ത് പശുക്കളും രണ്ടു പശുക്കിടാങ്ങളും ഉണ്ടെന്നു തുടക്കത്തിലെപ്പോഴെങ്കിലും കാണിക്കുന്ന ഒരു സീൻ / ജൈവ വളങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും വാചാലനാകുന്ന ജോർജ്ജൂട്ടി /കന്നു കാലി ഫാമുകളിൽ പോയി അവിടെ ചത്തു വീഴുന്ന കന്നുകാലികളെ ഫാം ഉടമസ്ഥർ എന്ത് ചെയ്യുന്നു എന്ന് അറിയാൻ ശ്രമിക്കുന്ന ജോർജ്ജൂട്ടി/ ഇങ്ങിനെ എന്തെങ്കിലുമൊരു സീൻ കൂടി സിനിമയിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഞാൻ ഞാൻ ശക്തമായി ആഗ്രഹിച്ചു പോയി. അത് കാണിച്ചിരുന്നെങ്കിൽ സിനിമ കണ്ട ശേഷം മനസ്സിൽ തോന്നിയ ഒരേ ഒരു ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാകുമായിരുന്നു.
-pravin-















.jpg)







.jpg)







