Thursday, September 10, 2026

ലളിതം..ഹൃദ്യം ..മനോഹരം !!


എല്ലാം കൊണ്ടും ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാവുന്ന പൈസ വസൂൽ സിനിമ. 

ആക്ഷൻ വയലൻസ് സിനിമകളുടെ അതി പ്രസര കാലത്ത് 'ബെത്ലഹേം കുടുംബ യൂണിറ്റ്' പോലുള്ള സിനിമകൾ തരുന്ന ഫ്രഷ്‌നെസ്സ് ചെറുതല്ല.

ജനറേഷൻ ഗ്യാപ്പുകളൊന്നും ബാധകമാകാത്ത വിധം എല്ലാ പ്രായക്കാരെയും സിനിമയിലേക്ക് കണക്ട് ആക്കാൻ ഗിരീഷ് ADക്ക് സാധിച്ചു.

അങ്കമാലി - കറുകുറ്റി പ്രദേശത്തെ കുടുംബ യൂണിറ്റിലേക്ക് വീട് മാറി താമസിക്കാൻ നമ്മളും എത്തിയ പോലെ.

ആഷ്‌ലിയുടെ കണ്ണുകളിലൂടെ ജസ്റ്റിനെയും പ്രദേശവാസികളെയും നമ്മളും നോക്കി കാണുകയാണ്.

'സർവ്വം ജസ്റ്റിൻ മയ'മായൊരിടം..

'സമ്മർ ഇൻ ബത്ലഹേമി'ലെ ഡെന്നീസിനെ പോലെ ഈ ബെത്ലേഹിമിലെ ജസ്റ്റിൻ ഡേവിസും വളരെ പെട്ടെന്ന് ഹൃദയത്തിൽ കുടിയേറുന്നു.

പുറമേക്ക് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോഴും അനാഥത്വം പേറുന്ന ഡെന്നിസിന്റെ വേദന നമുക്ക് ബോധ്യപ്പെട്ടിരുന്നു. ഇവിടെ ജസ്റ്റിന്റെ കാര്യത്തിലും അങ്ങനൊരു വേദനയുണ്ട്.

നഷ്ടപ്രണയവും ബ്രേക്കപ്പുമൊക്കെ ഉണ്ടാക്കുന്ന മാനസികാഘാതങ്ങളിൽ നിന്ന് എല്ലാവർക്കും കരകയറാൻ പറ്റണമെന്നില്ല. പുറമേക്ക് എത്ര സന്തോഷവാനായാലും അത് മനസ്സിൽ എന്നും കിടന്നെരിയുന്നുണ്ടാവും.

സേഫ് സോണെന്ന് പറയുമ്പോഴും ജസ്റ്റിന്റെ കാര്യത്തിൽ ഇമോഷണൽ സീനിലൊക്കെ ഗംഭീര പ്രകടനമായിരുന്നു നിവിൻ പോളി.

മമിതയുടെ കാര്യത്തിലും ഇങ്ങനൊരു മാറ്റം കാണാൻ പറ്റും. ഇന്നേ വരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത തോന്നിപ്പിക്കാതെ തന്നെ ആഷ്ലിയെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ക്ലൈമാക്സ് സീനിലൊക്കെ മമിത സ്‌കോർ ചെയ്യുന്ന കാഴ്ച.

നിവിൻ - മമിത കോംബോ സീനുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. 

കാന്താര, വടക്കു നോക്കിയന്ത്രം, നാടോടിക്കാറ്റ് അടക്കമുള്ള സിനിമകളുടെയും മറ്റു സോഷ്യൽ മീഡിയാ വീഡിയോകളുടേയുമൊക്കെ റഫറൻസ് സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട് സിനിമയിൽ.

റോഷൻ ഷാനവാസ് - ഷമീർ ഖാൻ - സംഗീത് പ്രതാപ് ടീമിന്റെ കൗണ്ടർ ഡയലോഗുകൾ സിനിമയുടെ പ്രധാന എന്റർടൈൻമെന്റ് ആണ്.

സുരേഷ് കൃഷ്ണ - വിനയ് ഫോർട്ട് - ശ്യാം മോഹൻ - സൃന്ദ അങ്ങിനെ നീളുന്നവരുടെ രസികൻ പ്രകടനങ്ങൾ വേറെയും.

സുഹൈൽ കോയ - വിനായക് ശശി കുമാറിന്റെ വരികൾ.. വിഷ്ണു വിജയുടെ സംഗീതം.. അജ്മൽ സാബുവിന്റെ ഛായാഗ്രഹണം ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റുമൊക്കെ ബെത്ലഹേമിന്റെ ആസ്വാദനത്തിൽ നല്ലൊരു പങ്ക് വഹിച്ചു.

കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾക്കൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു പോകുന്നു Room 17, MP 3 King പോലെയുള്ള ചില പേര് വിളികൾ.

ജസ്റ്റിന്റെ വീട്ടിനു മുന്നിൽ പൂത്തു നിൽക്കുന്ന ബോഗെയ്ൻവില്ലക്ക് പോലും സിനിമയിൽ റോളുണ്ട്.

റിലീസാകാതെ പോയ 'അന്ന'യിലെ പാട്ടിനു പോലും കാലം കാത്തു വച്ച ദൗത്യം മറ്റൊന്നായിരുന്നു.

"യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...വയന പൂത്ത വഴിയിലെന്തേ വെറുതെ നിൽപ്പു നീ?"

ജസ്റ്റിൻ -ആഷ്ലി പ്രണയത്തെ അത്ര മാത്രം അനുഭവ ഭേദ്യമാക്കാൻ ആ പാട്ടിനു സാധിച്ചു. 

വ്യത്യസ്ത പ്രായക്കാരുടെ പ്രണയം എന്ന ആശയത്തെ ഒരേ സമയം സരസമായും ഹൃദ്യമായും പറഞ്ഞവതരിപ്പിച്ച ഗിരീഷിന്റെ സിനിമാ മാന്ത്രികതക്ക് കൈയ്യടികൾ.

©bhadran praveen sekhar

No comments:

Post a Comment