Thursday, October 1, 2026

ത്രില്ലടിപ്പിക്കുന്ന പോലീസും കുറ്റക്കാരും !!


പോലീസ് കസ്റ്റഡി മരണമാണ് വിഷയമെങ്കിലും ദൃശ്യം സിനിമയുടെ അതേ ടെമ്പ്ലേറ്റിലാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാ'രുടെ കഥ പറച്ചിൽ.

സ്വയം പ്രതിരോധത്തിനിടയിൽ നടക്കുന്ന ഒരു കൊലപാതകവും, പിന്നീടുള്ള ഡെഡ് ബോഡി കുഴിച്ചിടലും, പിടിക്കപ്പെടാതിരിക്കാനുള്ള തെളിവ് നശിപ്പിക്കലും, ഒരേ രീതിയിലുള്ള നുണ പറയലുകളും, എന്തിന് കോൺസ്റ്റബിൾ സഹദേവന് സമാനമായൊരു പോലീസ് കഥാപാത്രത്തെയടക്കം ഇവിടെ കാണാം.

എന്നിട്ടും അത്തരം സാമ്യതകൾ കല്ല് കടികളാകാത്ത വിധം ആദ്യാവസാനം വരെ നമ്മളെ ത്രില്ലടിപ്പിക്കാൻ സാധിച്ചിടത്താണ് സംവിധായകൻ ഷഹദ് നിലമ്പൂർ കൈയ്യടി നേടുന്നത്.

ഷാഹി കബീർ സിനിമകളിലൂടെ കണ്ടു ശീലിച്ച പോലീസ് സ്റ്റേഷൻ കഥാപരിസരങ്ങളുടെയും കഥാപാത്രങ്ങളുടെയുമൊക്കെ ഒരു തുടർച്ച ഇവിടെ കാണാൻ പറ്റും.

പോലീസ് സ്റ്റേഷനിലെ ദൈനം ദിന നടപടിക്രമങ്ങളും പോലീസുകാർക്കിടയിലെ തമാശ പറച്ചിലും ഈഗോ ക്ലാഷുകളുമൊക്കെ സ്വാഭാവികമായി തന്നെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

'ജോൺ ലൂഥർ', 'കണ്ണൂർ സ്‌ക്വാഡ്', 'ഓഫീസർ ഓൺ ഡ്യൂട്ടി' പോലുള്ള പോലീസ് സിനിമകൾ ചെയ്ത റോബി വർഗ്ഗീസ് രാജിന്റെ അനുഭവസമ്പത്ത് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരു'ടെ ഛായാഗ്രഹണ മികവായി മാറുന്ന കാഴ്ച.

ചമ്മൻ ചാക്കോയുടെ എഡിറ്റും, മുജീബ് മജീദിന്റെ ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ സിനിമയുടെ കഥാസാഹചര്യങ്ങൾക്ക് നൽകിയ തീക്ഷ്‌ണത എടുത്തു പറയേണ്ടതാണ്.

പാർവ്വതി തിരുവോത്ത്, മാത്യു തോമസ്, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ അടക്കമുള്ളവരുടെ കാസ്റ്റിങ്ങും അവരുടെ കോംബോ സീനുകളുമൊക്കെ നന്നായി വന്നിട്ടുണ്ട്.

ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് പൊലീസുകാരിയായി മാറുന്ന എലീന എബ്രഹാമിന്റെ വേറിട്ട മാനസിക സാഹചര്യങ്ങളും നിസ്സഹായതകളും പോരാട്ടവുമൊക്കെ പാർവ്വതി ഗംഭീരമായി കൈകാര്യം ചെയ്തു.

വിനയ് ഫോർട്ടിന്റെ പോലീസ് കഥാപാത്രം സിനിമയിലെ എന്റർടൈൻമെന്റ് ഘടകമെന്ന നിലക്ക് കൃത്യമായി ഉപയോഗിക്കപ്പെട്ടു.

ക്രൈം ബ്രാഞ്ച് DYSP ഹാരിസ് മീരാനായി വിജയ രാഘവൻ എത്തുമ്പോൾ സിനിമ കൂടുതൽ ത്രില്ലിംഗ് ആയി.

'കൈക്കുടന്ന നിലാവി'ലെ മുരളിയുടെ DYSP ഹമീദ് റാവുത്തറിനെയൊക്കെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഒരു വരവ്.

ഏറ്റെടുത്ത കേസ് അന്വേഷണങ്ങളിൽ ഒരിടത്തും തോൽവി നേരിട്ടിട്ടില്ലാത്ത ഹാരിസ് മീരാന്റെ കുശാഗ്രതയും, ആത്മവിശ്വാസവും, കണിശതയും, വാശിയുമൊക്കെ ഗംഭീരമായി പകർന്നാടി വിജയരാഘവൻ.

വിജയരാഘവന്റെ സ്‌ക്രീൻ സ്പേസ് എന്താണെന്ന് ഈ സിനിമയിലെ ഓരോ സീനും ബോധ്യപ്പെടുത്തുന്നുണ്ട്.

കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പള്ളിയിലെ വാങ്ക് വിളിയെ ബന്ധപ്പെടുത്തി കൊണ്ടുള്ള വിശദീകരണ സീനൊക്കെ ഹൈ മോമെന്റ്റ് ആയി മാറി.

"There are no perfect crimes, only imperfect investigations."

കേസ് അന്വേഷണത്തിനിടെ ഹാരിസ് മീരാൻ പറയുന്ന ഡയലോഗും അത് പോലെ ശ്രദ്ധേയമാണ്.

ശരിയായ രീതിയിൽ അന്വേഷിക്കപ്പെടാതെ പോയത് കൊണ്ട് മാത്രമാണ് ക്ലാസ്സിക് ക്രിമിനൽ ജോർജ്ജ് കുട്ടി പോലും രക്ഷപ്പെട്ടത് എന്ന് സാരം.

സിനിമയുടെ കാര്യത്തിൽ ഈ ഒരു നിരീക്ഷണത്തെ മറ്റൊരു തരത്തിൽ പറയാം.

കുറ്റമറ്റ കേസ് അന്വേഷണ സിനിമ എന്നൊന്നില്ല. ലൂപ്പ് ഹോൾസും, ലോജിക് പ്രശ്നങ്ങളുമൊക്കെ ഉള്ളപ്പോഴും അതൊന്നും ആസ്വാദനത്തെ ബാധിക്കാത്ത വിധം ആദ്യാവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നുവെങ്കിൽ അത് തന്നെയാണ് സിനിമയുടെ വിജയം.

സമീപകാലത്ത് കണ്ട പോലീസ് - ക്രൈം - ഡ്രാമ സിനിമകളിൽ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവമാകുന്നതും അങ്ങിനെ തന്നെ.

©bhadran praveen sekhar

No comments:

Post a Comment