ട്രെയ്‌ലർ കണ്ടതിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്ന ടിപ്പിക്കൽ കുടുംബ കഥയോ, വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയോ അല്ല 'ആശ'യുടേത്.
തുടക്കത്തിൽ എഴുതിയിടുന്ന രണ്ടു വരി വാക്കുകളിൽ കൂടിയാണ് 'ആശ'യുടെ അടിസ്ഥാന പ്രമേയം എന്താണെന്ന് വെളിപ്പെടുത്തുന്നത്.
“If you kill a cockroach, you are a hero.. If you kill a butterfly, you are evil. Morals have aesthetic criteria.”
പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകളും മുൻവിധികളുമൊക്കെ അത് പോലെയാണല്ലോ.
ഇതിലെ അപകടത്തെയും ഭീകരതയേയും ഒരു പോലെ കാണിച്ചു തരുന്നുണ്ട് 'ആശ'.
'എക്കോ' യിലും 'ബാലനി'ലുമൊക്കെ പറഞ്ഞു വച്ച തടവറയൊരുക്കുന്ന സങ്കീർണ്ണമായ സ്നേഹബന്ധങ്ങൾ 'ആശ'യിലും കാണാം.
'ബാലനി'ലെ അമ്മ - മകൻ ബന്ധത്തിലെ ടോക്സിസിറ്റിയെ ഇവിടെ വേറൊരു ആംഗിളിൽ കൂടിയാണ് ചർച്ച ചെയ്യുന്നത് എന്ന് മാത്രം.
അമ്മയുടെ അതിരു വിട്ട ആശങ്കകളും ആകുലതകളും കാരണം വീർപ്പു മുട്ടുന്ന മകളുടെ മാനസികാവസ്ഥ എന്താണെന്ന് കുറഞ്ഞ സീനുകളിൽ കൂടി സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
കണ്ടു ശീലിച്ചതിൽ നിന്ന് ഏറെ വിഭിന്നമായ ഒരു അമ്മ കഥാപാത്രത്തിന്റെ പ്രവചനാതീതവും ഭീകരവുമായ മാനസികാവസ്ഥകളിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.
കയ്പ്പേറിയ ഭൂതകാലവും ട്രോമയുമൊക്കെ കൊണ്ട് ഒരു സൈക്കോ ആയി പരുവപ്പെട്ട അമ്മക്ക് പക്ഷേ പൊതുബോധത്തിന്റെ കാഴ്ചപ്പാടിൽ സിമ്പതി പിടിച്ചു പറ്റാൻ സാധിക്കും.
ഈ ഒരു conflict നെ തന്നെയാണ് സിനിമ പ്രമേയവത്ക്കരിച്ചിരിക്കുന്നതും. അത് മനസ്സിലാക്കി കാണാൻ സാധിച്ചാൽ മാത്രമേ ആസ്വാദനം കൃത്യമാകുന്നുമുള്ളൂ.
നെഗറ്റീവ് ഷെയ്ഡ് ഉള്ള ആശയെന്ന കഥാപാത്രത്തെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നത് ഉർവ്വശിയുടെ അസാധ്യ പ്രകടനമാണ്.
അമർഷവും രോഷവും പകയും നിസ്സഹായതയും ദയനീയതയുമൊക്കെ മാറി മറയുന്ന ഭാവ പ്രകടനത്തിനൊപ്പം കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളെ ശരീര ഭാഷ കൊണ്ടും വോയ്സ് മോഡുലേഷൻ കൊണ്ടുമൊക്കെ ഗംഭീരമാക്കാൻ അവർക്ക് സാധിച്ചു.
ഒരർത്ഥത്തിൽ എല്ലാം കൊണ്ടും ഒരു ഉർവ്വശി സിനിമ എന്ന് തന്നെ പറയേണ്ടി വരുന്നു. ജോജുവിന്റെ ജീമോനും കൊള്ളാം.
രണ്ടാം പകുതിയിലെ വലിച്ചു നീട്ടലും, ലോജിക്കില്ലാത്ത സീനുകളുമൊക്കെ സിനിമയെ ഒരൽപ്പം പുറകോട്ട് വലിക്കുന്നുണ്ട്.
അവസാന ഭാഗത്തേക്ക് എത്തുമ്പോഴുള്ള ചില കഥാപാത്ര സംഭാഷണങ്ങളൊക്കെ ക്രൈം സീനിന്റെ ഗൗരവം കളഞ്ഞു കുളിക്കുന്ന പോലെ തോന്നി.
ഒടിയനിൽ കഞ്ഞി എടുക്കട്ടേ മാണിക്യ എന്ന പോലെ ഇവിടെ ഒരു ബിരിയാണി വിളമ്പൽ.
ഇന്റർവെല്ലിന് ശേഷം നടക്കാൻ പോകുന്ന സംഭവ വികാസങ്ങളെ പറ്റി ഏറെക്കുറെ ഊഹിക്കാൻ സാധിക്കുമ്പോഴും ക്ലൈമാക്സിൽ സിനിമ വീണ്ടും ഞെട്ടിച്ചു.
ഉർവ്വശിയുടെ പ്രകടനം തന്നെയാണ് അവിടെയും ഹൈലൈറ്റ്.. നടിപ്പിൻ രാക്ഷസി എന്നല്ലാതെ അവരെ മറ്റെന്ത് വിളിക്കാൻ.
©bhadran praveen sekhar


No comments:
Post a Comment