Saturday, February 15, 2020

അയ്യപ്പനും കോശിയും - ന്യായവും ദുരഭിമാനവും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടം !!


സച്ചിയുടെ  തന്നെ തിരക്കഥയിൽ ഈ അടുത്ത് റിലീസായ 'ഡ്രൈവിങ് ലൈസൻസിൽ പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട് - നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് കേറിയാൽ അത് അഹങ്കാരവും ദുരഭിമാനവുമായി മാറുകയും ഒരു പക്ഷെ അത് തലക്ക് പിടിക്കുമ്പോൾ വ്യക്തിയുടെ മനോ നില പോലും താറുമാറാകാം എന്ന്. ഇതേ പ്രമേയം തന്നെയാണ് സച്ചിയുടെ 'അയ്യപ്പനും കോശി'യുടെയും ആധാരം. 

ഡ്രൈവിംഗ് ലൈസൻസിൽ ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും ഇടക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെ ഈഗോ പോർട്ടങ്ങളായി അവതരിപ്പിക്കുമ്പോൾ ഇവിടെ തീർത്തും വ്യത്യസ്തരായ രണ്ടു മനുഷ്യർ തമ്മിൽ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെ ന്യായത്തിന്റെയും അധികാര ഹുങ്കിന്റെയുമൊക്കെ പോരാട്ടങ്ങളായി അവതരിപ്പിക്കുന്നു എന്ന് മാത്രം.

പ്രമേയപരമായ സാമ്യത നിലനിൽക്കുമ്പോഴും  രണ്ടു സിനിമയിലെ കഥാപാത്രങ്ങൾക്കും വെവ്വേറെ മാനസിക തലങ്ങളും നിലപാടുകളും പതിച്ചു കൊടുക്കാൻ സച്ചിക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് രണ്ടു തിരക്കഥകളും രണ്ടു സിനിമയായി തന്നെ മാറി നിക്കുന്നത്. 

അയ്യപ്പൻ നായരുടെ പേരിനു പിന്നിലെ കഥയും  മുണ്ടൂർ മാടനായിട്ടുള്ള അയാളുടെ ഭൂതകാലവുമൊക്കെ  മനസ്സിന്റെ സ്‌ക്രീനിൽ സിനിമയോളം തന്നെ പോന്ന മറ്റൊരു ദൃശ്യാവിഷ്ക്കരമായി നിറഞ്ഞു നിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്ന് തോന്നിപ്പിക്കുന്ന അതേ കാര്യങ്ങൾ രണ്ടു വ്യക്തികളുടെ മാത്രമല്ല ഒരു നാടിനെയും നാട്ടാരെയും അവിടത്തെ സിസ്റ്റത്തെയുമൊക്കെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്നു. 

ഡ്രൈവിംഗ് ലൈസൻസിൽ ഹരീന്ദ്രനും കുരുവിളക്കും ഒരു പോലെ സ്‌പേസ് കൊടുക്കാൻ വേണ്ടി മാത്രം സച്ചി നടത്തിയ ചില വിട്ടു വീഴ്ചകൾ അയ്യപ്പന്റേയും കോശിയുടെയും കാര്യത്തിൽ കാണിച്ചില്ല  എന്നത് ശ്രദ്ധേയമാണ്. അയ്യപ്പനെ ന്യായത്തിന്റെയും  കോശിയെ അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പക്ഷത്തു നിർത്തി കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ സിനിമ പോകുന്നത്. 

അധികാര ഹുങ്കും സ്വാധീനവും  കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ ന്യായത്തിന്റെ ഭാഗം നിന്ന് തന്നെയാണ് പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും. ആ ഹുങ്ക് ഇല്ലാതാക്കാൻ നിയമത്തിന്റെ പിന്തുണ ഇല്ലാതാകുമ്പോഴും തനിക്ക്  ഇനി നിയമമില്ല എന്ന് പറയുമ്പോഴും അയ്യപ്പൻ നായർ നിയമത്തെയും സിസ്റ്റത്തെയും ബഹുമാനിക്കുന്നുണ്ട്. കാക്കിക്കുള്ളിൽ തളച്ചിട്ട പഴയ മുണ്ടൂർ മാടനെ പ്രകോപിക്കുന്നത് കോശിയാണ്.  അയ്യപ്പൻ നായരുടെ നിയമത്തെ പേടിയില്ലാത്ത കോശി അയ്യപ്പൻ നായരിലെ  മുണ്ടൂർ മാടനെ നന്നായി തന്നെ ഭയക്കുന്നത് കാണാം.  

അയ്യപ്പനും കോശിയും തമ്മിലുള്ള കൊമ്പ് കോർക്കലുകൾക്ക് ശക്തി പകരുന്ന സീനുകൾ എഴുതുന്നതിൽ സച്ചിക്ക് പോലും മതി വരാത്ത പോലെ തോന്നിപ്പോയി. അത്ര മാത്രം ദൈർഘ്യമേറിയ അവരുടെ വ്യക്തിഗത പോരാട്ടങ്ങൾ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകനു പോലും തോന്നിപ്പോകും. 

അയ്യപ്പനും കോശിയും എന്ന പേര് പോലെ തന്നെ ഇത് ആ രണ്ടു കഥാപാത്രങ്ങളുടെ പരസ്പ്പരമുള്ള പോരാട്ടത്തിന്റെ കഥ തന്നെയാണ്. ഒറ്റ നോട്ടത്തിൽ അയ്യപ്പനും കോശിയും തമ്മിലെ പോരാട്ടമാണ് കാഴ്ചയെങ്കിലും സിനിമയിലെ യഥാർത്ഥ  ഫൈറ്റ്  അധികാരി വർഗ്ഗവും സാധാരണക്കാരനും തമ്മിലാണ്. 

ഡ്രൈവിംഗ് ലൈസൻസിൽ നെഗറ്റിവ് പരിവേഷമുണ്ടെന്ന് തോന്നിപ്പിച്ച ഹരീന്ദ്രനെ നായക പരിവേഷത്തിൽ കൂടെ തന്നെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, 'അയ്യപ്പനും കോശി'യിലെ കോശിയെ പൂർണ്ണമായും നെഗറ്റിവ് പരിവേഷത്തിൽ ഒതുക്കി നിർത്തുന്നുണ്ട് സച്ചിയിലെ തിരക്കഥാകൃത്ത്. അതിന്റെ ഗുണം പൃഥ്വിരാജിന്റെ കഥാപാത്രത്തിലും പ്രകടനത്തിലും പ്രകടവുമാണ്. പക്ഷേ സിനിമയിൽ മറ്റാരേക്കാളും കൂടുതൽ നിറഞ്ഞു നിക്കുന്നത് ബിജു മേനോന്റെ അയ്യപ്പൻ നായരാണ് എന്ന് പറയാതെ വയ്യ.

കുടുംബ മഹിമയും ആഭിജാത്യവും അധികാര ഹുങ്കുമൊക്കെ ഒരു മനുഷ്യനെ പ്രായത്തിനുമപ്പുറം എങ്ങിനെയൊക്കെ മത്ത് പിടിപ്പിക്കുമെന്ന് കാണിച്ചു തരുന്നുണ്ട് രഞ്ജിത്തിന്റെ കുര്യൻ ജോൺ. സ്വന്തം മകന് സ്നേഹത്തിനു പകരം അയാൾ അത്രയും കാലം പകർന്നു കൊടുത്തത് ഇതേ ഹുങ്കും അഹങ്കാരവും അധികാര ബോധവുമൊക്കെ തന്നെയാണ്. അയ്യപ്പൻ നായരോടുള്ള കോശിയുടെ ദുരഭിമാന പോരാട്ടം പോലും കുര്യന്റെ സ്പോൺസർ ഷിപ്പിലാണ് നടക്കുന്നത്. 

നാളിത്രയും കാലം അപ്പന്റെ അധികാര ഹുങ്കിന്റെ നിഴലായി മാത്രം ജീവിക്കേണ്ടി വന്ന കോശിക്ക് സ്വന്തമായൊരു സ്വത്വം രൂപപ്പെടുന്നത് അയ്യപ്പൻ നായരുമായുള്ള പോരാട്ട കാലത്താണ്. അപ്പന്റെ നാനാ വിധ തടവറകളിൽ  നിന്ന് സ്വത്വബോധം നൽകി കോശിയെ മോചിപ്പിക്കാനുള്ള നിയോഗം കൂടി ഉണ്ടായിരുന്നിരിക്കാം അയ്യപ്പൻ നായർക്ക്. മുണ്ടൂർ മാടന്റെ ഞെക്കി പിടുത്തത്തിൽ കോശിക്ക് നഷ്ടപ്പെട്ടത് അപ്പൻ അത്രയും കാലം ഊട്ടി വളർത്തി വലുതാക്കിയ അയാളുടെ ഉള്ളിലെ ഞാനെന്ന ഭാവത്തെയും ദുരഭിമാനത്തെയുമൊക്കെയാണ്. 

ശന്തനുവും നാദിറയും തമ്മിലുള്ള പ്രണയവും അവരുടെ കാത്തിരിപ്പും ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ സുന്ദരമാക്കി അവതരിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയും തമ്മിലുള്ള പോരാട്ടങ്ങളെ  അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വന്യമായി അവതരിപ്പിക്കുകയാണ് സച്ചി. കടലും കാടും മലയും ചുരവുമൊക്കെ മനുഷ്യർ തമ്മിലുളള പ്രണയത്തിന്റെയും പകയുടെയും പോർട്ടത്തിന്റെയുമൊക്കെ പശ്ചാത്തലമാകുമ്പോൾ കിട്ടുന്ന കാഴ്ചക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു സൗന്ദര്യമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = രണ്ടു കഥാപാത്രങ്ങളുടെ പേരിൽ വന്ന ഒരു സിനിമ അവരുടെ മാത്രമായി ഒതുങ്ങി പോകാത്ത വിധം അഭിനയിച്ച എല്ലാവരുടെയും സിനിമ കൂടിയായി മാറുന്നുണ്ട് അയ്യപ്പനും കോശിയുടെയും കാര്യത്തിൽ. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയും, കോശിയുടെ ഭാര്യ റൂബിയും തൊട്ട് യൂണിഫോമിട്ട ശേഷമാണ് സാറേ ഒന്ന് നേരെ നിന്ന് തുടങ്ങിയതെന്ന് പറയുന്ന പൊലീസുകാരി ജെസ്സിയും, സി ഐ സതീഷുമടക്കം സിനിമയിൽ വന്നു പോകുന്നവരൊക്കെ വ്യക്തമായി അടയാളപ്പെടുന്നതിന്റെ ക്രെഡിറ്റ് സച്ചിയുടെ തിരക്കഥക്ക് തന്നെ. 

വിധി മാർക്ക് = 8/10 

-pravin- 

Thursday, February 6, 2020

രാഘവ ചാക്യാർ

രാഘവ ചാക്യാർ ഇന്നും മനസ്സിൽ നൊമ്പരമാണ് . 

ഈച്ചര വാര്യരുടെ നിഴലല്ല അദ്ദേഹം തന്നെയാണ് രാഘവ ചാക്യാരുടെ പേരിൽ പ്രേം ജിയുടെ രൂപത്തിൽ ഈ സിനിമയിലെ ഓരോ സീനിലും നിറഞ്ഞു നിക്കുന്നത് .

മരണം വരെ മകനെ ഇത്രത്തോളം തീവ്രമായി കാത്തിരുന്ന ഒരച്ഛൻ ചരിത്രത്തിലോ കഥയിലോ പോലും വേറെ ഉണ്ടാകില്ല.  

ഒരു ജീവിത കാലം മുഴുവൻ മകനെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ആ അച്ഛൻ തൊഴു കൈയ്യോടെ എത്ര പേരെ കണ്ടിരിക്കാം.  

എല്ലാ ദിവസവും മകനെ നോക്കി ബസ് വരുന്ന കവലയിൽ പോയിരിക്കുന്ന രാഘവ ചാക്യാർ അങ്ങോട്ടേക്ക് എത്തുന്നത് തോണിയിൽ ഒരു വലിയ പുഴ കടന്നാണ്. പുഴ അദ്ദേഹത്തിന്റെ മനസ്സിലെ സങ്കടമാണ് എങ്കിൽ തോണി സങ്കടത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയാണ്.

പോലീസ് പിടിച്ചു കൊണ്ട് പോയ തന്റെ സഹോദരൻ രഘു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ബോധ്യപ്പെടുന്ന പെങ്ങൾ അത് അച്ഛനോട് പറയാതെ പറയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. ഏതു നേരവും അച്ഛൻ ഇങ്ങിനെ കാത്തിരിക്കേണ്ട എന്ന് വിങ്ങി കൊണ്ടാണ് മകളത് പറയുന്നത്. അപ്പോൾ ഹൃദയം പിളരുന്ന വേദനയോടെ ആ അച്ഛൻ തിരിച്ചു ചോദിക്കുന്നുണ്ട് - 

"കാത്തിരിക്ക്യേണ്ടേ ..പിന്നെ ഞാനെന്തിനാ അവൻ്റെ അച്ഛനായേ  ? ദേവകി എന്തിനാ അവന്റെ അമ്മയായേ? നീ എന്തിനാ അവന്റെ ഒപ്പോളായേ ?കാത്തിരിക്ക്യണ്ടാത്രേ..നല്ല കാര്യായി !! "

മകൻ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നറിയാതെ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ മാത്രം ജീവിക്കുന്ന ഒരച്ഛന്റെ വേദന ഏറ്റവും തീക്ഷ്ണമായി അനുഭവപ്പെടുകയും കരഞ്ഞും പോയ ഒരു സീൻ.

ഭരണകൂട ഭീകരത തടുർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്തും ഈ സിനിമക്ക് പ്രസക്തിയുണ്ട് . 

-pravin- 

Monday, February 3, 2020

The Family Man ( Web Series- Season 1 - Episodes 10 )

ഒരു സിനിമയിൽ ഒതുക്കി ചെയ്യാനാകാത്ത അത്രയും സംഭവങ്ങളെ വെബ് സീരീസാക്കി മാറ്റുമ്പോഴും കാണുന്നവന് ലാഗ് തോന്നാത്ത വിധം പത്ത് എപ്പിസോഡും ഗംഭീരമാക്കാൻ സാധിച്ചിട്ടുണ്ട് രാജ്- ഡികെ ടീമിന്. 

സ്പൈ ത്രില്ലർ സിനിമകളുടെ സ്ഥിരം കെട്ട് വട്ടങ്ങളിൽ പെടാതെ വേറിട്ട അവതരണ ശൈലി സ്വീകരിച്ചത് കൊണ്ട് കൂടിയാണ് 'The Family Man' ഇത്രത്തോളം ഇഷ്ടപ്പെട്ടത് എന്ന് പറയാം .

ദിനേന രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് രൂപപ്പെടുത്തിയ സ്ക്രിപ്റ്റ് എന്ന അവകാശവാദം വെറുതെ പറയുന്നതല്ല എന്ന് കാണുന്നവനെ ബോധ്യപ്പെടുത്തുന്നുണ്ട് ഓരോ എപ്പിസോഡും .. 

ദേശീയ അന്വേഷണ ഏജൻസികളിൽ വർക്ക് ചെയ്യുന്നവരുടെ ഗ്രൗണ്ട് വർക്കും അവരുടെ ജോലിയുടെ രീതിയുമൊക്കെ പല സിനിമകളിൽ കണ്ടതെങ്കിലും, ഇവിടെ മനോജ് ബാജ്‌പേയിയുടെ ശ്രീകാന്ത് തിവാരി എന്ന അന്വേഷണ ഉദ്യോഗസ്ഥാന്റെ കുടുംബ പശ്ചാത്തലവും കൂടി കൂട്ടി ചേർത്ത് കൊണ്ട് കഥ പറഞ്ഞതാണ് ഫാമിലിമേനെ ഒരേ സമയം രസകരവും ത്രില്ലിങ്ങുമാക്കി മാറ്റുന്നത്. 

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കേരളത്തിൽ നിന്നുള്ള ഐ എസ് ബന്ധങ്ങളും, പാകിസ്ഥാൻ തീവ്രവാദവും, ജിഹാദികളുടെ കൊലവെറിയും, കശ്മീരികളെ ദുരുപയോഗം ചെയ്യുന്നവരുടെ ഉദ്ദേശ്യവും കാശ്മീരികളുടെ നിസ്സഹായാവസ്ഥയും, പേരും പെരുമയുമൊന്നുമില്ലാതെ അന്വേഷണ ഏജൻസികളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദങ്ങളും, അവർക്കിടയിലെ പൊളിറ്റിക്‌സും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും എന്ന് വേണ്ട രാജ്യ സുരക്ഷയും ഭീഷണിയുമൊക്കെ പല ആംഗിളിൽ കാണിച്ചു തരുന്നുണ്ട് 'The Family Man'. 

മനോജ്‌ബാജ്‌പേയി ഒരു രക്ഷേല്ലാരുന്നു . പുള്ളി എന്നല്ല ഈ സീരീസിന്റെ ഭാഗമായി വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ പോലും ഗംഭീര പ്രകടനമായിരുന്നു . പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനം കൊണ്ട് ഞെട്ടിച്ചു കളഞ്ഞത് നീരജ് മാധവാണ്.നീരജ് എന്ന നടനെ ഇവ്വിധം ഉപയോഗിക്കാനാകും എന്ന് കണ്ടെത്തിയ ആ തലയെ സമ്മതിക്കണം. 

Now Waiting for Season 2 !!! 

ആകെ  മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ഗംഭീരമാക്കിയ ഒരുഗ്രൻ വെബ് സീരീസ് ത്രില്ലർ. 

*വിധി മാർക്ക് = 8.5/10 
-pravin-

Tuesday, January 28, 2020

ഷൈലോക്ക് - കൊല ഗാണ്ടിലൊരു മമ്മുക്ക ഷോ !!

ട്വിസ്റ്റും സസ്‌പെൻസും ലോജിക്കുമൊന്നുമില്ലാതെ ഒരു മുഴു നീള പടം മമ്മുക്കയുടെ ലുക്കും ബോസ്സെന്ന കഥാപാത്രത്തിന്റെ മാനറിസവും കൊണ്ട് ആഘോഷിക്കുന്ന സിനിമയാണ് ഷൈലോക്ക് . 

അജയ് വാസുദേവിന്റെ രാജാധിരാജ, മാസ്റ്റർപ്പീസ് റൂട്ടിലൂടെ തന്നെ വരുന്ന മറ്റൊരു ബസ് എന്ന് പറയാമെങ്കിലും ഷൈലോക്ക് അതിൽ നിന്നും താരതമ്യേന വേറിട്ട് നിക്കുന്നത് മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസും എനർജിയും കൊണ്ടാണ്. അതിനപ്പുറം പുതുമയിറ്റുന്ന കഥയോ സീനുകളോ ഒന്നും കൊണ്ട് സമ്പന്നമല്ല ഷൈലോക്ക്.  

രഞ്ജിത്തിന്റെ 'പുത്തൻ പണ'ത്തിലെ നിത്യാനന്ദ ഷേണായിയെ പ്രകടനം കൊണ്ട് മമ്മുക്ക ഗംഭീരമാക്കിയപ്പോഴും ആ കഥാപാത്രത്തിന് താണ്ഡവമാടാൻ പോന്ന ഒരു തിരക്കഥാ മികവ് ആ സിനിമക്കില്ലായിരുന്നു. ഏറെക്കുറെ ആ അവസ്ഥയുടെ ആവർത്തനമാണ് ഷൈലോക്കിനും സംഭവിക്കുന്നത്. 

ബോസ്സായും വാലായും സിനിമ മുഴുവൻ നിറഞ്ഞാടുമ്പോഴും മമ്മുക്കയുടെ കഥാപാപത്രത്തിന്റെ  പകർന്നാട്ടം ഗംഭീരമാക്കാൻ പോന്ന ഒരു സിനിമയായി മാറുന്നില്ല ഷൈലോക്ക് എന്നത് നിരാശയാണ്. മമ്മുക്കയെയും രാജ് കിരണിനെയും  പോലെയുള്ള നടന്മാരെ കയ്യിൽ കിട്ടിയിട്ടും അവരെ വെറും മാസ്സ് ഷോയിലേക്ക് മാത്രം തളച്ചിടുകയാണ് അജയ് വാസുദേവ്. 

സിനിമ മേഖലയിലെ നിർമ്മാതാക്കൾക്കിടയിൽ പലിശപ്പണം കൊടുക്കുന്ന ബോസ് എന്ന കഥാപാത്രം മാത്രമാണ് ഷൈലോക്കിലെ പുതുമ. സ്വന്തം കുടുംബത്തെ തകർക്കുന്നവരെ തിരഞ്ഞു കണ്ടു പിടിച്ചു പ്രതികാരം വീട്ടുക എന്ന നായകന്റെ സ്ഥിരം പ്രതികാര ലൈനും മടുപ്പുണ്ടാക്കി. 

ആകെ മൊത്തം ടോട്ടൽ = പടം തുടങ്ങി അവസാനിക്കും വരെയുള്ള എനർജറ്റിക്ക് മമ്മുക്ക മാത്രമാണ് ഷൈലോക്കിന്റെ ആകെ ആസ്വാദനം. മമ്മുക്കക്ക് വേണ്ടി മാത്രം കാണാവുന്ന സിനിമ. 

വിധി മാർക്ക് = 6/10 

-pravin-

Sunday, January 26, 2020

ഉറക്കം കളയുന്ന 'അഞ്ചാം പാതിരാ' !!

ഏതൊരു ക്രൈം ത്രില്ലർ/ സീരിയൽ കില്ലർ സിനിമകളിലും കാണാവുന്ന സ്ഥിരം ചേരുവകൾ ഉള്ളപ്പോഴും തുടക്കം മുതൽ ഒടുക്കം വരെ കാണുന്നവന് ഒരു ക്ലൂവും കൊടുക്കാതെ ഒരേ സമയം അന്വേഷണത്തിന്റെയും ഭീതിയുടെയും ആകാംക്ഷയുടെയും മൂഡ് നിലനിർത്തി കൊണ്ട് കഥ പറയാൻ സാധിക്കുന്നിടത്താണ് മിഥുൻ മാനുവലിന്റെ 'അഞ്ചാം പാതിരാ' മികച്ചു നിക്കുന്നത്. 

ചെറിയ റോളായിട്ട് പോലും ഇന്ദ്രൻസിന്റെ റിപ്പർ രവി സിനിമയെ ആദ്യമേ സ്വാധീനിക്കുന്നുണ്ട്. ആദ്യമേ ഒരു ക്രൈം കാണിച്ചിട്ട് അതിൽ നിന്ന് അന്വേഷണം തുടങ്ങി വക്കുന്ന രീതിയെ മാറ്റി എഴുതുന്നു സംവിധായകൻ. 

ഒരു സൈക്കോ കില്ലറുടെ മാനസിക തലങ്ങളിൽ കൊലപാതകം എന്നത് ലഹരി പോലെയാണ്. ഓരോ കൊലപാതകത്തിലും അവർ കണ്ടെത്തുന്ന ലഹരികൾ പലതായിരിക്കാം. പ്രത്യക്ഷത്തിൽ ഈ പറഞ്ഞ കാര്യത്തിന് സിനിമയുമായി ബന്ധമില്ലെങ്കിലും റിപ്പർ രവിയുടെ ഭൂതകാല വിവരണത്തിലൂടെ സിനിമ അതിന്റെ മൂഡ് നമ്മളിലേക്ക് എത്തിക്കുന്നു. 

പിച്ചും പേയും പറയുന്ന ഭ്രാന്തൻ കഥാപാത്രങ്ങളും വൃദ്ധ വേഷങ്ങളുമൊക്കെ ഹൊറർ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇവിടെ അത് പോലൊരു ഭ്രാന്തനെ ഗംഭീരമായി പ്ലേസ് ചെയ്യുന്നുണ്ട് മിഥുൻ. 

റോഡരികിൽ ചായ കുടിച്ചു നിന്നിരുന്ന അൻവർ ഹുസൈനെ സീസർ എന്ന് വിളിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ നിന്ന് വരുകയും Your sleepless nights are coming എന്ന് പുലമ്പി കൊണ്ട് അതേ ഇരുട്ടിലേക്ക് തന്നെ മറയുകയും ചെയ്യുന്ന പേരറിയാത്ത കഥാപാത്രം പോലും സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡ് ചെറുതല്ല. 

ദുരൂഹതയേറിയ ഒരുപാട് ചോദ്യങ്ങളെ നേരിടാൻ സിനിമയിലെ കഥാപാത്രങ്ങളെ ക്ഷണിക്കുക മാത്രമല്ല അത് കാണാൻ പ്രേക്ഷകരെ സജ്ജരാക്കുക കൂടിയാണ് ആ സീൻ ചെയ്യുന്നത്. 

ബൗദ്ധിക വ്യായാമത്തിനും മറ്റ് സംശയങ്ങൾക്കുമൊന്നും സമയം തരാതെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത വേഗത്തിൽ കഥ പറഞ്ഞ് പോകുന്ന മേക്കിങ് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ്. 

ഉണ്ണി മായയുടെയും ജിനു ജോസഫിന്റെയും ദിവ്യനാഥിന്റെയുമൊക്കെ പോലീസ് കഥാപാത്രങ്ങളെ ഏറെ താൽപ്പര്യ പൂർവ്വം തന്നെയാണ് കണ്ടിരുന്നതെങ്കിലും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ അവർക്ക് അവരുടേതായ പരിമിതികൾ ഉണ്ടെന്ന് അനുഭവപ്പെടുത്തുന്നുണ്ട് പല സീനുകളും.

അതേ സമയം അക്കൂട്ടത്തിൽ അഭിരാമിന്റെയും ഹരികൃഷ്ണന്റെയും പോലീസ് വേഷങ്ങളും, ശ്രീനാഥ്‌ ഭാസിയുടെ ഹാക്കർ വേഷവും മികച്ചു നിന്നു. 

'അനിയത്തി പ്രാവി'ലെ സുധിയിൽ തുടങ്ങി 'അഞ്ചാം പാതിര' യിലെ അൻവർ ഹുസൈൻ വരെ എത്തി നിക്കുമ്പോൾ കുഞ്ചാക്കോ ബോബനിലെ നടന് അഭിനയ സാധ്യതകൾ ഇനിയുമേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു. 

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭർത്താവായ അൻവറിന് ടിപ്സ് പറഞ്ഞു കൊടുക്കാൻ പോലും കഴിവുള്ള ഭാര്യ എന്ന നിലക്കാണ് രമ്യ നമ്പീശന്റെ ഫാത്തിമയെ ആദ്യം അവതരിപ്പിച്ചു കാണിക്കുന്നതെങ്കിലും സിനിമയിലെ തന്നെ മറ്റൊരിടത്ത് ഫാത്തിമയെന്ന കഥാപാത്രത്തിന് സാഹചര്യവശാൽ യുക്തിപരമായി പെരുമാറാനുള്ള കഴിവ് എന്ത് കൊണ്ട് ഇല്ലാതായി എന്നും ചിന്തിച്ചു പോകുന്നുണ്ട്. 

ലോജിക്ക് വച്ച് നോക്കിയാൽ അങ്ങിനെയുളള കല്ല് കടികൾ സിനിമയിൽ തന്നെ ചിലയിടങ്ങളിൽ ഉണ്ട്. പക്ഷേ ചടുലമായ അവതരണം കൊണ്ട് അത്തരം പോരായ്മകളെയെല്ലാം സിനിമ സമർത്ഥമായി മറി കടക്കുകയും പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നു. 

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൂടി 'അഞ്ചാം പാതിരാ'ക്ക് നൽകിയ ദുരൂഹതയുടെയും ഭീതിയുടെയും ഭംഗി ചെറുതല്ല. അഞ്ചാം പാതിരായുടെ മേക്കിങ് മികവിന് പിന്നിൽ മിഥുനോപ്പം തന്നെ അവരുടെ പേരുകളും എഴുതി ചേർക്കേണ്ടതാണ്. 

ആകെ മൊത്തം ടോട്ടൽ = ഒരു സീരിയൽ ക്രൈം ത്രില്ലർ സിനിമയുടെ ലേബൽ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു വില്ലനിലേക്ക് മാത്രമായി നീളുന്ന ടിപ്പിക്കൽ പോലീസ് അന്വേഷണ സിനിമയായി ഒതുങ്ങുന്നില്ല അഞ്ചാം പാതിരാ. ഔദ്യോഗിക ചുമതലയില്ലാത്ത ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ ഊഹങ്ങളും അന്വേഷണ നിഗമനങ്ങളുമൊക്കളെയാണ്'അഞ്ചാം പാതിരാ'യെ വേറിട്ട ക്രൈം ത്രില്ലറാക്കുന്നത്. സിനിമ അവശേഷിപ്പിക്കുന്ന നിരവധി ചോദ്യങ്ങൾ മനസ്സിൽ പുതിയ ദുരൂഹതകൾ ഉണ്ടാക്കുന്നു എന്നത് ആസ്വാദനപരമായ ബോണസാണ്. 'അഞ്ചാം പാതിരാ' ഉറക്കമില്ലാത്ത രാത്രികളെ ഉണ്ടാക്കുന്നത് അങ്ങിനെയുമാണ്. 

വിധി മാർക്ക് = 8/10 

-pravin-

Thursday, January 23, 2020

1917 - യുദ്ധ ഭീകരതയുടെ നേർക്കാഴ്ചകൾ !!

ദുരന്ത ദുരിതങ്ങളും, ഭീകരതയും മാത്രം സൃഷ്ടിച്ചിട്ടുള്ള യുദ്ധങ്ങൾ ഇതിഹാസമായി അറിയപ്പെടാൻ അർഹതയില്ലാത്ത ഒന്നാണ്. എങ്കിലും സാഹിത്യ സൃഷ്ടികളിലെ അവതരണ ഭംഗി കൊണ്ട് പല യുദ്ധങ്ങളും പിൽക്കാലത്ത് ഇതിഹാസവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. സാം മെൻഡിസിന്റെ '1917' ഒരു ഇതിഹാസ യുദ്ധ സിനിമയായി അടയാളപ്പെടുന്നതും അവതരണപരമായ അത്തരം ഭംഗി കൊണ്ടാണ്. 

ഒന്നാം ലോക മഹായുദ്ധം തുടങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 1917 ലെ ആൽബെറിക്ക് ഓപ്പറേഷൻ സമയത്ത് ഫ്രാൻസിലെ വെസ്റ്റേൺ ഫ്രണ്ടിൽ നിന്ന് ഹിൻഡൻ ബർഗ് ലൈനിലേക്ക് ജർമ്മൻ സേന തന്ത്രപരമായ ഒരു പിൻവാങ്ങൽ നടത്തുകയുണ്ടായി.ജർമ്മൻ സേനയുടെ ആ പിൻവാങ്ങൽ ബ്രിട്ടീഷ് സേനയെ കീഴടക്കാനുള്ള ഒരു ട്രാപ്പാണെന്ന് മനസ്സിലാക്കുന്ന ബ്രിട്ടീഷ് ജനറൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യുദ്ധ നീക്കം റദ്ദ് ചെയ്യാൻ ഉത്തരവിട്ടു.

എന്നാൽ ഈ സന്ദേശം ബ്രിട്ടീഷ് സേനയുടെ രണ്ടാമത്തെ ബറ്റാലിയനിലേക്ക് എത്തിക്കുക എന്നത് സമയബന്ധിതമായ അത്യന്തം ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഈ ദൗത്യം ഏറ്റെടുക്കേണ്ടി വരുന്ന രണ്ടു പട്ടാളക്കാരിലൂടെയാണ് '1917' ഒരു സിനിമക്കുമപ്പുറം യുദ്ധ ഭീതിയുടെയും ഭീകരതയുടെയുമൊക്കെ അനുഭവഭേദ്യമായ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നത്.

സാം മെൻഡിസിന് തന്റെ മുത്തച്ഛൻ ആൽഫ്രഡ് മെൻഡിസ് പറഞ്ഞു കൊടുത്ത വിവരണങ്ങളിലൂടെ രൂപപ്പെട്ട കഥയാണ് 1917 എന്ന സിനിമക്ക് ആധാരമായി മാറിയത്.

ഒരു സിനിമാ കാഴ്ചക്കും അപ്പുറം ഒന്നാം ലോകമഹായുദ്ധ കാലത്തെ ഭീതിതമായ സാഹചര്യങ്ങളിലൂടെ സിനിമ കാണുന്ന ഓരോ ആളെയും കൊണ്ട് പോകും വിധമുള്ള അവതരണം തന്നെയാണ് 1917 നെ ഒരു മികച്ച സിനിമാവിഷ്ക്കാരമാക്കി മാറ്റുന്നത്.

ഒരൊറ്റ ഷോട്ടിലൂടെ ചിത്രീകരിക്കപ്പെട്ട സിനിമയെന്ന പോലെ തുടക്കം മുതൽ ഒടുക്കം വരെ കാമറ ഒരേ പോക്കാണ്. ആ രണ്ടു പട്ടാളക്കാർക്ക് പിന്നിലൂടെയും മുന്നിലൂടെയും ചുറ്റി തിരിഞ്ഞുമൊക്കെ പോകുന്ന കാമറ സിനിമ കാണുന്ന നമ്മളെയും അവർക്ക് പിന്നാലെ കൂട്ടുകയാണ്.

യുദ്ധ കാഹളം ഒഴിഞ്ഞ ശവപ്പറമ്പിലൂടെ അവർക്കു പിന്നാലെ നടന്നും നിരങ്ങി നീങ്ങിയുമൊക്കെ പോകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. തുടക്കം മുതൽ ഒടുക്കം വരെ അങ്ങിനെയൊരു കൂടെപോക്കിന്റെ ഫീൽ നിലനിർത്തിയ കാമറ തന്നെയാണ് ഈ സിനിമയുടെ ചങ്ക്. 

ഒരു യുദ്ധം നയിക്കുന്നതിനേക്കാൾ വലിയ ദൗത്യമാണ് തുടങ്ങി വച്ച ഒരു യുദ്ധം നിർത്തലാക്കാനുള്ള ശ്രമം എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ. അതിന് വേണ്ടി നിയോഗിക്കപ്പെടുന്ന രണ്ടു പട്ടാളക്കാരിൽ ഒരാൾക്ക് മിഷൻ എന്നത് വ്യക്തിപരമായ ഒന്ന് ആകുമ്പോഴും വൈകാരികത കൂടുന്നതേയുള്ളൂ.

യുദ്ധമുഖത്ത് എല്ലാം മറന്നു പോരാടേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ ആർക്കൊക്കെയോ വേണ്ടി പോരാടി മരിച്ചു വീണ പട്ടാളക്കാരുടെ അഴുകിയളിഞ്ഞ ജഡങ്ങളാണ് യുദ്ധത്തെ ഏറ്റവും തീവ്രമായി നമുക്ക് വ്യാഖാനിച്ചു തരുന്നത്. ജഡങ്ങൾക്കും ജഡങ്ങൾക്ക് മുകളിലൂടെ പാഞ്ഞോടുന്ന എലികൾക്കുമൊക്കെ ഈ സിനിമയിൽ അത്ര മാത്രം പ്രാധാന്യമുണ്ട് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = 1917 ഒരു വാർ ത്രില്ലർ അല്ല, പക്ഷേ മനസ്സ് തൊടുന്ന ഒരു യുദ്ധ സിനിമയാണ്. തിയേറ്ററിൽ പോയി കണ്ടും കേട്ടും തന്നെ അനുഭവിച്ചറിയേണ്ട ശബ്ദ ദൃശ്യ വിസ്മയങ്ങളുടെ സിനിമ. 

വിധി മാർക്ക് = 8.5/10 

-pravin-

Thursday, January 16, 2020

മനസ്സ് പൊള്ളിക്കുന്ന 'ഛപാക്' 

സഹനങ്ങളുടെയും അതിജീവനത്തിന്റെയും നിയമ പോരാട്ടങ്ങളുടെയും പൊള്ളുന്ന ജീവിതാവിഷ്ക്കാരം ആണ് 'ഛപാക്'. 

ആസിഡ് ആക്രമണങ്ങളിൽ ഒരു പെണ്ണിന് നഷ്ടപ്പെടുന്നത് വെറും മുഖം മാത്രമല്ല മുന്നോട്ടുള്ള ജീവിതം കൂടിയാണ്. പ്രണയം നിരസിക്കുന്നതിന്റെ പേരിലും, നിലപാട് തുറന്നു പറയുന്നതിന്റെ പേരിലുമൊക്കെ ആസിഡ് ആക്രമണങ്ങൾക്കിരയാക്കപ്പെട്ട പെൺജീവിതങ്ങൾ പത്രങ്ങളിലെ രണ്ടു കോളം വാർത്തകളിൽ ഒതുങ്ങേണ്ടതല്ല.

അവരെ കുറിച്ച് ലോകം അറിയേണ്ടതുണ്ട്. അവർക്ക് വേണ്ടി കൂടുതൽ പേരുടെ ശബ്ദം ഉയരേണ്ടതുണ്ട്. അവരുടെ ജീവിതവും പോരാട്ടവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേഘ്ന ഗുൽസാറിന്റെ 'ഛപാക്' ഒരു സിനിമക്കുമപ്പുറം ശ്രദ്ധേയകമാകുന്നത് അങ്ങനെയൊക്കെയാണ്. 

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുപ്പത്തി രണ്ടുകാരൻ നദീം ഖാന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗർവാളിൻറെ ജീവിതത്തെ ഏറെക്കുറെ അതേ പടി സിനിമയിലേക്ക് പകർത്തിയെടുക്കുമ്പോഴും ദീപികയുടെ മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച ഒരു ദാരുണ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരം മാത്രമായി ഒതുക്കാതെ ആസിഡ് ആക്രമണം എന്ന സാമൂഹിക വിപത്തിനെയും അത് സൃഷ്ടിക്കുന്ന ഭീകരതയേയും പൊള്ളുന്ന അനുഭവപ്പെടുത്തലുകളാക്കി മാറ്റുന്നിടത്താണ് സംവിധായിക വിജയിക്കുന്നത്.

'ഉയരെ' സിനിമയിൽ നമ്മൾ കണ്ടത് പല്ലവിയിൽ മാത്രം ഒതുങ്ങി നിന്ന ആസിഡ് ആക്രമണത്തിന്റെ കഥയാണെങ്കിൽ 'ഛപാകി'ൽ മാലതിയുടെ മാത്രം കഥയെന്നോണം ഒന്നും പറഞ്ഞു വെക്കുന്നില്ല. പകരം മാലതിയെ പോലുള്ള യഥാർത്ഥ ജീവിതങ്ങളെ തൊട്ടു കൊണ്ടുള്ള വസ്തുതാപരമായ അവതരണത്തിലൂടെ ഭീകരമായ സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. 'ഉയരെ' യും 'ഛപാകും' രണ്ടായി മാറുന്നത് അങ്ങിനെയാണ്.

'ഉയരെ'യിൽ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ അതിജീവനവും സ്വപ്നങ്ങളും നിലപാടുകളുമാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ 'ഛപാകി'ൽ മാലതിയുടെ അതിജീവനവും ആസിഡ് ആക്രമണത്തിനെതിരെയുള്ള നിയമ പോരാട്ടവുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.ഗൗരവമേറിയ ഒരു വിഷയത്തിൽ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ 'ഉയരെ' സിനിമയെക്കാളും എത്രയോ ഉയരെയാണ് 'ഛപാകി'ന്റെ സ്ഥാനം എന്ന് തന്നെ പറയാം. 

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന വേദനകളും സഹനങ്ങളും അതി തീവ്രമായി തന്നെ അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സിനിമയിൽ. ആസിഡ് മുഖത്തേക്ക് വീണ ശേഷമുള്ള മാലതിയുടെ നിലവിളിയും പിടച്ചിലുകളും തൊട്ട് ആശുപത്രിയിലെ അവളുടെ കിടപ്പും, വികൃതമായ മുഖം കണ്ണാടിയിൽ കാണുമ്പോഴുള്ള അവളുടെ അലമുറയിട്ട കരച്ചിലുമൊക്കെ പ്രേക്ഷകരുടെ മനസ്സ് പൊള്ളിക്കുന്ന കാഴ്ചകളായി മാറുന്നു. 

ജാതിയിൽ താണവർ ഉപരി പഠനങ്ങൾക്ക് പോകുന്നത് തടയാൻ വേണ്ടി ആസിഡ് ആക്രമണം നടത്തിയ ഒരു കേസ് സിനിമയിൽ പറയുന്നുണ്ട്. താണ ജാതിയായി പോയി എന്ന അതേ കാരണം കൊണ്ട് തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന് പൊള്ളി വികൃതമായ മുഖം കൊണ്ട് അക്രമത്തിനിരയായ പെൺകുട്ടി പറയുമ്പോൾ ആസിഡിന്റെ നീറ്റലിനേക്കാൾ അവൾ അനുഭവിച്ചത് ജാതീയമായ അവഗണനയും അവഹേളനവുമാണ് എന്ന് തോന്നിപ്പോയി. ഒരേ സമയം ആസിഡ് ആക്രമണത്തിന്റെയും ജാതീയതയുടെയും ഇരയാകേണ്ടി വന്നവരുടെ ഒരു പ്രതിനിധി മാത്രമാണ് അവൾ. അങ്ങിനെ എത്രയെത്ര പേരുണ്ടാകാം ? 

2012 ലെ നിർഭയ കേസിന്റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ തുടക്കം പ്രസക്തമാണ്. അന്ന് നിർഭയക്ക് നീതി കിട്ടാൻ വേണ്ടി ഡൽഹിയിൽ ശബ്ദം ഉയർത്തിയവരിൽ ഇന്ത്യൻ യുവതയുടെ പങ്ക് വലുതായിരുന്നു. ആസിഡ് ആക്രമണ കേസുകളിലെ ഇരകൾക്ക് വേണ്ടിയും ഇന്ത്യൻ യുവതയുടെ അത്തരം ഇടപെടലുകൾ അനിവാര്യമാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയുണ്ടായിരുന്നു ആ രംഗങ്ങൾക്ക് പിന്നിൽ.

ആസിഡ് ആക്രമണത്തിനെതിരെ ദീർഘ കാല നിയമ പോരാട്ടം നടത്തുകയും ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ദീപികയുടെ മാലതി പറയുന്ന ഒരു ഡയലോഗ് ഉണ്ട് - 'ഉൻഹോനെ മേരീ സൂറത് ബദ് ലീ ഹേ..മേരാ മൻ നഹീ". എന്ന്. മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വവും നിലപാടും ധൈര്യവും സൗന്ദര്യവുമൊക്കെ അത്ര മേൽ ഗംഭീരമായി അവതരിപ്പിച്ച ദീപികയെ അഭിനന്ദിക്കാൻ വാക്കുകളില്ല. 

ജനാധിപത്യവും ഭരണഘടനയും മതേതരത്വമൊക്കെ കശാപ്പ് ചെയ്യപ്പെടുന്ന സമകാലീന ഇന്ത്യയിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ യുവതയെ അംഗീകരിക്കാനും അവരെ പോയി കാണാനും ദീപികാ പദുക്കോണിനെ പോലൊരു നടി തയ്യാറാവാതെ പോയിരുന്നെങ്കിൽ ദീപികയുടെ അഭിനയ ജീവിതത്തിലെ വെറും ഒരു കഥാപാത്ര തിരഞ്ഞെടുപ്പ് മാത്രമായി മാറുമായിരുന്നു മാലതി.

ആകെ മൊത്തം ടോട്ടൽ = Hats off you Meghna Gulzar and Deepika Padukone. മനസ്സ് പൊള്ളിക്കുന്ന ഇങ്ങിനെയൊരു സിനിമ തന്നതിന്. ആസിഡിനെക്കാൾ വീര്യമുള്ള വിദ്വേഷത്തിന്റെ വിഷം തലയിൽ പേറുന്നവർക്ക് മാത്രമേ ഈ സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യാൻ സാധിക്കൂ.

വിധി മാർക്ക് = 8/10 

Sunday, January 12, 2020

തലൈവർ ആട്ടം ..ചുമ്മാ കിഴി ഡാ !!

ഇന്ത്യൻ സിനിമാ ലോകത്ത് ഒരു താരത്തിന്റെയും സൂപ്പർ താരപരിവേഷം രജനീകാന്തിനോളം ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ല, ഇനിയൊട്ട് ആഘോഷിക്കപ്പെടാനും സാധ്യതയില്ല. ആ റെക്കോർഡ് രജനിക്ക് മാത്രം സ്വന്തം. 'ദർബാറി'ലൂടെ വീണ്ടും കൊണ്ടാടുന്നതും ആഘോഷിക്കുന്നതും അത് തന്നെയാണ്.

ദളപതി പോലെയുള്ള സിനിമകൾ സംഭവിച്ചാൽ മാത്രമേ അദ്ദേഹത്തിലെ മികച്ച നടനെ നമുക്ക് കാണാൻ സാധിക്കൂ എന്നിരിക്കെ തന്നെ 'കബാലി'യിലൂടെയും 'കാല' യിലൂടെയിലും രജനീകാന്ത് എന്ന താരത്തെ കടുത്ത അമാനുഷികതയിൽ നിന്നും മോചിതനാക്കി ഏറെക്കുറെ മണ്ണിൽ കാലു ചവിട്ടി നിൽക്കുന്ന കഥാപാത്രമാക്കി മാറ്റാൻ പാ രഞ്ജിത്തിന് സാധിച്ചിരുന്നു.

എന്നാൽ അതേ രജനിയെ മേക്കിങ് മികവ് കൊണ്ട് സ്റ്റൈലും മാസ്സും ചേർത്ത് സ്ക്രീനിൽ നിറഞ്ഞാടാൻ തരത്തിൽ വീണ്ടും തുറന്നു വിടുകയാണ് 'പേട്ട'യിലൂടെ കാർത്തിക് സുബ്ബരാജ് ചെയ്തത്. ഇതിന്റെ തുടർച്ച എന്നോണം അതുക്കും മേലെ ഒരു പടം എന്ന നിലക്ക് കൂടുതൽ ഹീറോയിസത്തിലേക്ക് രജനിയെ കൊണ്ട് ചെന്നെത്തിക്കാനുള്ള ശ്രമമായിരുന്നു മുരുഗദോസിന്റെ 'ദർബാർ'. പക്ഷെ തലൈവർ ഷോ എന്ന നിലക്ക് മാത്രം തൃപ്‍തിപ്പെടുത്തുന്ന സിനിമയായി ഒതുങ്ങുന്നുണ്ട് ദർബാർ.

നയൻ താരയുടെയും യോഗി ബാബുവിന്റെയും അടക്കമുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ലാതെ പോയപ്പോൾ നിവേദിതയുടെ മകൾ വേഷം ഇമോഷണൽ സീനുകളിൽ മികച്ചു നിന്നു. 

1992 ലിറങ്ങിയ പാണ്ട്യന് ശേഷം രജനീകാന്ത് പോലീസ് വേഷമണിയുന്ന സിനിമ എന്ന നിലക്ക് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു 'ദർബാർ'. ആദിത്യ അരുണാചലം എന്ന മുംബൈ ഐ പി എസ് പോലീസുകാരനായി തലൈവർ ഒറ്റക്ക് സിനിമ മുഴുനീളെ ആടി തിമിർത്തു എന്ന് പറയാം. ആട്ടവും പാട്ടും ആക്ഷനും കൊണ്ട് സ്‌ക്രീൻ നിറഞ്ഞാടുമ്പോഴും തലൈവർ സെന്റിമെൻസിലൂടെയും മനസ്സ് തൊടുന്നുണ്ട്. 

ലുക്ക് കൊണ്ട് സൂപ്പർ വില്ലൻ വേഷമെന്നു തോന്നിച്ച സുനിൽ ഷെട്ടിയെ സംബന്ധിച്ചും കാര്യമായൊന്നും ചെയ്യേണ്ടി വരുന്നില്ല സിനിമയിൽ.

'പേട്ട'യിലെ BGM ഉം പാട്ടുകളും വച്ചു നോക്കുമ്പോൾ അത്രത്തോളം ആസ്വാദനം തരാൻ സാധിച്ചിട്ടില്ലെങ്കിലും 'ദർബാറി'ലെ തലൈവർ ഷോ ഇഷ്ടപ്പെട്ടതിനു പിന്നിലും അനിരുദ്ധിന്റെ സംഗീതമുണ്ട് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = കഥയും ലോജിക്കും നോക്കാതെ തലൈവർക്ക് വേണ്ടി മാത്രം കാണാവുന്ന പടം എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്നു സിനിമ. പക്കാ തലൈവർ ഷോ. 

*വിധി മാർക്ക് = 6/10
-pravin- 

Monday, January 6, 2020

Autopsy of Jane Doe - ദുരൂഹതകളുടെ പോസ്റ്റുമാർട്ടം

ദുരൂഹ മരണങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് പോസ്‌റ്റ്മാർട്ടം റിപ്പോർട്ടാണ് തുടർ  അന്വേഷണങ്ങൾ എളുപ്പമാക്കി കൊടുക്കുന്നത്. എന്നാൽ ഈ  പോസ്റ്റമാർട്ടം എന്ന പ്രക്രിയ എത്ര മാത്രം സങ്കീർണതകളെ തരണം ചെയ്ത ശേഷമായിരിക്കാം അങ്ങിനെ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത്  എന്ന് ചിന്തിപ്പിക്കുന്നുണ്ട്  Autopsy of Jane Doe എന്ന സിനിമ. 

ജെയിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ടോമിയുടെയും ആസ്റ്റിന്റെയും മുന്നിലേക്ക് എത്തുമ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല മരണ കാരണം കണ്ടു പിടിക്കാൻ പറ്റാത്ത വിധം ദുരൂഹതകൾ പേറുന്ന ഒരു മൃതശരീരമാണ് അവളുടേത് എന്ന്. അങ്ങിനെയൊരു പോസ്റ്റ്മാർട്ടം മുൻപൊരിക്കലും അവർ  ചെയ്തിട്ടില്ല എന്നതാണ് സത്യം. 

പുറമേക്ക് മുറിവുകൾ ഒന്നുമില്ലാത്ത ശരീരത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയിരിക്കുന്നു. നാക്ക് പിഴുത് മാറ്റപ്പെട്ടിരിക്കുന്നു. ശ്വാസകോശം പൊള്ളലേറ്റ പോലെ കറുത്ത് പോയിരിക്കുന്നു. വായിലെ ഒരു അണപ്പല്ല് നഷ്ടപ്പെട്ടിരിക്കുന്നു. ആന്തരികാവയങ്ങളിലെല്ലാം വിചിത്രമായ മുറിവുകൾ കാണപ്പെടുന്നു. നഷ്ടപ്പെട്ട പല്ലും വിഷച്ചെടിയുടെ പൂവും വയറിനുള്ളിൽ നിന്ന് കിട്ടുന്നു. മരിച്ചിട്ട് അധിക സമയമായിട്ടില്ല എന്നുറപ്പിക്കാവുന്ന എല്ലാ ലക്ഷണങ്ങളും ഉള്ളപ്പോൾ തന്നെ അവളുടെ കണ്ണുകളിലെ ചാര നിറം അവൾ മരിച്ചിട്ട് ദിവസങ്ങളായി എന്നും ഉറപ്പിക്കാവുന്ന ഒന്നായിരുന്നു. അപ്പോഴും മരണ കാരണം ചോദ്യമായി തുടർന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ക്രൈം ത്രില്ലർ എന്ന നിലക്കുള്ള  തുടക്കവും  മെഡിക്കൽ ത്രില്ലറെന്ന പോലെയുള്ള അവതരണവുമൊക്കെ കൂടെ തീർത്തും  ഹൊറർ മൂഡിലേക്ക് കൊണ്ട് പോയി ഞെട്ടിപ്പിച്ചു വിടുന്ന സിനിമ എന്ന് തന്നെ പറയാം.

വിധി മാർക്ക് = 7.5/10 

-pravin-

Wednesday, January 1, 2020

Village Rockstars - ആസാമിന്റെ കൈയ്യൊപ്പിൽ ഒരു സിനിമ

മികച്ച സിനിമ, മികച്ച ബാലതാരം, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് റെക്കോർഡിങ് എന്നിങ്ങനെ 2018 ൽ നാലോളം ദേശീയ അവാർഡുകൾ സ്വന്തമാക്കിയ സിനിമ. അതേ വർഷം ഓസ്‌ക്കാറിലേക്ക് ഇന്ത്യയിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമ. കാണാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. 

ഒരു പത്തു വയസ്സുകാരിയുടെ ജീവിതവും സ്വപ്നവും ചുറ്റുപാടുകളുമൊക്കെ കാണിച്ചു കൊണ്ട് തുടങ്ങി ആസ്സാമിലെ ഉൾഗ്രാമങ്ങളും അവിടത്തെ ജനതയുടെ ദൈനം ദിന കാഴ്ചകളുമൊക്കെയായി വികസിക്കുന്ന ഒരു സിനിമ.

കൃഷിയും പട്ടിണിയും വെള്ളപ്പൊക്കങ്ങളും അതിജീവനങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമെന്നോണം കണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ പരിചയിച്ച ഒരു ജനതയെ സിനിമയെന്ന് തോന്നിക്കാത്ത വിധം വരച്ചിടുന്നുണ്ട് വില്ലേജ് റോക്ക്സ്റ്റാർസ് .

ധുനു എന്ന മരം കേറി പെൺകുട്ടിയേയും, അവളെ അവളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നത്തിലേക്കും പറക്കാൻ വിടുന്ന അവളുടെ അമ്മയേയും ആസ്സാമിലെ നിസ്സഹായരായ ആ ജനതയെയുമൊക്കെ മറക്കാൻ പറ്റാതെയാകും സിനിമ കണ്ടു തീരുമ്പോൾ.

സിനിമാ പ്രവർത്തനങ്ങളിൽ യാതൊരു വിധ പാരമ്പര്യവും പേറാതെ ആസ്സാമിലെ ഉൾഗ്രാമത്തിൽ നിന്ന് സിനിമാ ലോകത്തെത്തിയ സംവിധായിക ആയത് കൊണ്ട് തന്നെയാകാം ഓരോ സീനിലും ആസ്സാമിനെ അത്ര മാത്രം ആവാഹിച്ചവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് റിമാ ദാസിന് .

ആകെ മൊത്തം ടോട്ടൽ = ആസാമിൽ അലിഞ്ഞ് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു  മനോഹര സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

Sunday, December 29, 2019

ഡ്രൈവിംഗ് ലൈസൻസ് - സൂപ്പർ താരത്തിന്റെയും ആരാധകന്റെയും ഈഗോ പോരാട്ടങ്ങൾ !!

ആത്മാഭിമാനം എന്നത് ഒരളവ് വരെ വേണ്ടതും ഒരളവിനപ്പുറം വേണ്ടാത്തതുമായ ഒന്നാണ്. നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് എത്തിയാൽ ഏതൊരാളുടെയും മനോ നില താറുമാറാകും. 'ഡ്രൈവിംഗ് ലൈസൻസ്' കൈകാര്യം ചെയ്യുന്ന വിഷയവും അത് തന്നെ.

മനുഷ്യർക്കിടയിൽ എപ്പോൾ വേണമെങ്കിലും ഏത് കാര്യത്തിൽ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ഈഗോ ക്ലാഷുകളെ ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയുമിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുന്നതിലാണ് ഡ്രൈവിംഗ് ലൈസൻസിന്റെ പുതുമയും ത്രില്ലും.

ഒരേ സമയം സൂപ്പർ താരത്തിന്റെയും ആരാധകന്റെയും പക്ഷം പിടിച്ചു സംസാരിക്കുന്നുണ്ട് സിനിമ. നിർമ്മാതാവിന്റെയും താരത്തിന്റെയും ആരാധകന്റെയുമടക്കമുള്ളവരുടെ മാനസിക സംഘർഷങ്ങൾ കാണിച്ചു തരുന്ന സിനിമയിൽ ഒരിടത്തും ഒരാളെയും പ്രതിക്കൂട്ടിൽ നിർത്താൻ തയ്യാറാകുന്നില്ല തിരക്കഥാകൃത്ത്.

സുരാജിന്റെ കുരുവിളക്കും പൃഥ്വിരാജിന്റെ ഹരീന്ദ്രനും തുല്യമായി വീതം വച്ച് കൊടുക്കുന്ന തരത്തിലാണ് ഓരോ സീനുകളും സച്ചി എഴുതി ചേർത്തിരിക്കുന്നത്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ പോരാട്ടത്തിൽ പലയിടത്തും പൃഥ്വി രാജിന്റെ ഹരീന്ദ്രൻ സ്‌ക്രീൻ പ്രസൻസ് കൊണ്ട് സ്‌കോർ ചെയ്യുമ്പോൾ മികച്ച പ്രകടനം കൊണ്ടാണ് സുരാജ് പല സീനുകളിലും പൃഥ്വിരാജിനെ ഓവർടേക്ക് ചെയ്യുന്നത്.

സൂപ്പർ സ്റ്റാറുകളുടെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെയും പൊതു ജനത്തിന്റെയും ഇടിച്ചു കയറ്റവും സിനിമക്കുള്ളിലെ അന്ധവിശ്വാസങ്ങളും കുതികാൽ വെട്ടുമടക്കം പലതും ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കപ്പെടുന്നുണ്ട്. സുരേഷ് കൃഷ്ണയുടെ ഭദ്രൻ എന്ന താര കഥാപാത്രത്തെ സിനിമക്കുള്ളിലെ മത്സരബുദ്ധിയും പാരവെപ്പും ട്രോൾ ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് പറയാം.

സിനിമക്കുള്ളിലെ ഇത്തരം പ്രശ്നങ്ങളോടുള്ള AMMA സംഘടനയുടെ നിലപാടും മനോഭാവവുമൊക്കെ ഇന്നസെന്റിനെയും വിജയരാഘവനെയും ഇടവേള ബാബുവിനെയും കൊണ്ട് തന്നെ വ്യക്തമാക്കി തരുമ്പോൾ 'ഞങ്ങളെ ട്രോളാൻ പുറമെ നിന്നൊരു തെണ്ടിയുടേയും സഹായം ഞങ്ങക്ക് വേണ്ട' എന്ന മട്ടിലായി മാറുന്നുണ്ട് AMMA . അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ് പോലും ആ സെൽഫ് ട്രോളിൽ സ്വയം തേഞ്ഞൊട്ടുന്നുമുണ്ട്. 

ആരാധന ഒരു പരിധി വിട്ടാൽ ഭ്രാന്താണെന്ന ഓർമ്മപ്പെടുത്തലുകൾ നൽകുന്ന സിനിമ തന്നെ സ്വന്തം ആരാധകരുടെ പേക്കൂത്തുകൾക്കെതിരെ ശബ്ദമുയർത്തുന്നതിൽ നിന്ന് ഹരീന്ദ്രനെ വിലക്കുകയും പകരം ആരാധകർ തന്നെയാണ് താരങ്ങളുടെ ശക്തി എന്ന നിലക്ക് പറഞ്ഞവസാനിപ്പിക്കുന്നിടത്തും ഒരു വൈരുദ്ധ്യമുണ്ട്.

താരങ്ങളോട് ആരാധന ആകാം - പക്ഷേ അതെങ്ങനെ ആകാം അല്ലെങ്കിൽ അതിന്റെയൊക്കെ പരിധി ഏത് വരെ എന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകലോ ഉപദേശമോ സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെടുന്നതല്ല. അതെല്ലാം ആരാധകർക്ക് സ്വയം വിലയിരുത്തി തീരുമാനിക്കാം എന്നതാണ് 'ഡ്രൈവിങ് ലൈസൻസ്' ആ വിഷയത്തിൽ സ്വീകരിക്കുന്ന അഴകുഴ നിലപാട്. 

ആകെ മൊത്തം ടോട്ടൽ = പൃഥ്വിരാജിന്റെ സ്റ്റൈലൻ സ്‌ക്രീൻ പ്രസൻസും സുരാജിന്റെ പ്രകടനവും തന്നെയാണ് ഡ്രൈവിങ്‌ ലൈസൻസിന്റെ പ്രധാന ആസ്വാദനം. മനീഷ് ശർമ്മയുടെ 'Fan' സിനിമയുമായി സാമ്യതയില്ലാത്ത വിധം ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയും ഈഗോ പോരാട്ട കഥയെ ത്രില്ലടിപ്പിച്ചു കൊണ്ട് തന്നെ അവതരിപ്പിക്കാൻ ജീൻ പോളിന് സാധിച്ചിട്ടുണ്ട്.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, December 21, 2019

ചാവേറുകളുടെ ജീവിത 'മാമാങ്കം' !!

പകയും ചതിയും പോരാട്ടവും ജീവത്യാഗങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമായ മാമാങ്ക ചരിത്രത്തിന്റെ സിനിമാവിഷ്ക്കാരം എന്ന നിലക്ക് 'മാമാങ്കം' നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത സിനിമയെന്ന് കുറ്റം പറയാമെങ്കിലും മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യപ്പെടേണ്ട ഒരു സിനിമയല്ല.

പോരായ്മകളും മികവുകളുമുള്ള ഒരു സിനിമയെ പോരായ്മാകളെ കൊണ്ട് മാത്രം വിലയിരുത്തുന്ന ആസ്വാദന ശൈലിയോട് യോജിപ്പില്ലാത്തത് കൊണ്ടാകാം മാമാങ്കം വ്യക്തിപരമായി എനിക്ക് പൂർണ്ണ നിരാശയായിരുന്നില്ല.

ഒരു സിനിമ എന്ന നിലക്ക് അനുഭവപ്പെടുത്തലുകളെക്കാൾ ഓർമ്മപ്പെടുത്തലുകളാണ് മാമാങ്കം സമ്മാനിക്കുന്നത്. തോറ്റു പോയവരുടെയും ആർക്കൊക്കെയോ വേണ്ടി ജീവൻ കളഞ്ഞ വള്ളുവനാടിന്റെ ചാവേറുകളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ.

ചരിത്രമറിയാതെ സിനിമ കാണുന്നവനും സിനിമയിലേക്ക് മുഴുകി ചേരാൻ തക്ക വിധത്തിൽ കുറഞ്ഞ വരികൾ കൊണ്ട് ഗംഭീര ശബ്ദ വിവരണത്തോടെ കഥാ പശ്ചാത്തലം മനോഹരമായി വരച്ചിടുന്നുണ്ട് രഞ്ജിത്ത്.

ആൾക്കൂട്ടവും ആനയും കൂടാരങ്ങളുമൊക്കെയായി ഉത്സവഭരിതമായ മഹാ മാമാങ്ക പട്ടണവും അംഗ രക്ഷകരുമൊത്ത് നിലപാട് തറയിലേക്കുള്ള സാമൂതിരിയുടെ വരവുമൊക്കെ കൂടി മിഴിവേകുന്ന സ്‌ക്രീൻ കാഴ്ചകളോടെയുള്ള തുടക്കം നന്നായിരുന്നു. അതേ സമയത്തു തന്നെയാണ് മമ്മുക്കയുടെ ചന്ദ്രോത്ത് വലിയ പണിക്കരെ കയറിൽ കെട്ടി പൊക്കി അവതരിപ്പിച്ചത് കല്ല് കടിയായി മാറുന്നതും. അത് മമ്മുക്ക എന്ന നടന്റെ കുഴപ്പമല്ല അദ്ദേഹത്തിന്റെ പ്രായത്തെയും പരിമിതികളെയും മറന്നു കൊണ്ട് അത്തരമൊരു സീൻ അവതരിപ്പിക്കുന്നതിൽ സംവിധായകന് പറ്റിയ തെറ്റ് മാത്രം.

അവതരണ പരിമിതികൾക്കും പോരായ്മകൾക്കും ഇടയിലും മമ്മുട്ടി എന്ന നടൻ അപ്പോഴും ചന്ദ്രോത്ത് വലിയ പണിക്കാരായി മാറുന്നത് കാണാതെ പോകാനുമാകില്ല. എന്നാൽ മമ്മുട്ടിയിലെ നടനെ പൂർണ്ണമായും പരാജയപ്പെടുത്തിയ ഗെറ്റപ്പ് ആയിരുന്നു സ്ത്രൈണതയുള്ള കുറുപ്പച്ചന്റെ വേഷം. ആ കഥാപാത്രത്തിന്റെ മാനറിസം അളന്നെടുത്തു അവതരിപ്പിക്കാനും പ്രകടനത്തിൽ ആവശ്യമായ constancy നിലനിർത്താനും അദ്ദേഹത്തിന്റെ ആകാരവും ശബ്ദവും പ്രായവുമൊക്കെ വിലങ്ങു തടിയായി മാറി.

ഒരുപാട് കാലത്തെ അന്വേഷണവും പരിശ്രമവും കൊണ്ട് സജീവ് പിളള എഴുതിയുണ്ടാക്കിയ മാമാങ്കത്തിന്റെ തിരക്കഥയും ഇപ്പോഴത്തെ തിരക്കഥയും എത്രത്തോളം വ്യത്യാസമുണ്ട് എന്നറിയില്ല. എങ്കിലും പറയാം, ചരിത്രം പറഞ്ഞു തുടങ്ങി ചാവേറിന്റെ ജീവിതവും പോരാട്ടവും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന തിരക്കഥയുടെ പ്രധാന രസം കൊല്ലികളായി മാറുന്നത് സമർ കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണി മായയുടെയും ഉണ്ണി നീലിയുടെയും കൂത്ത് മാളികയിൽ സിദ്ധീഖിന്റെ തലച്ചെന്നോർ എത്തുന്നിടത്തു നിന്നാണ്.

സിനിമയുടെ വലിയ ഒരു ഭാഗം തലച്ചെന്നോറിന്റെ സമർ കോയ കേസ് അന്വേഷണത്തിന് വേണ്ടി മാത്രമായി മാറ്റി നിർത്തിയപ്പോൾ അത് വരെ സിനിമക്കുണ്ടായ വേഗവും ഉദ്വോഗവും നഷ്ടപ്പെട്ടു എന്ന് പറയാം. നല്ല നടനെന്ന ഖ്യാതി ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് തലച്ചെന്നോറിനെ ഗംഭീരമാക്കാൻ സിദ്ധീഖിനും സാധിക്കാതെ പോകുന്നു.

വള്ളുവനാടിന്റെ അഭിമാനം കാക്കാൻ ചാവേറായി മാമാങ്കത്തിന് പോകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ വൈകാരിക തലങ്ങളിലേക്ക് ആഴത്തിലേക്ക് ചെന്നെത്തുന്നില്ല സിനിമ. അക്കാരണം കൊണ്ട് തന്നെ ഗംഭീരമാകുമായിരുന്ന പല സീനുകളും വെറും കാഴ്ചകളിലേക്ക് ഒതുങ്ങി പോകുന്നുമുണ്ട്.

കഥാപരമായാലും പ്രകടനം കൊണ്ടായാലും ഒരു മമ്മൂട്ടി സിനിമ എന്ന ലേബൽ 'മാമാങ്ക'ത്തിന് ബാധ്യതയാണ്. ആ ലെവലിൽ നോക്കുമ്പോൾ മാമാങ്കം ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരുടെയും മാസ്റ്റർ അച്ചുതന്റെ ചന്ദ്രോത്ത് ചന്തുണ്ണിയുടെയും മാത്രമാണ്.

കുറഞ്ഞ സീനുകളിൽ വന്നു പോകുന്ന സുരേഷ് കൃഷ്ണയുടെ പോക്കറും മണിക്കുട്ടന്റെ മൊയീനും സ്‌ക്രീൻ പ്രസൻസ് കൊണ്ട് മാമാങ്കത്തെ പിന്തണക്കുന്നുണ്ട്. ആ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന സ്‌പേസ് തിരക്കഥയിൽ ഇല്ലാതെ പോയത് ദുഃഖകരമായിരുന്നു. മണികണ്ഠൻ ആചാരിയുടെ കുങ്കനും കൂട്ടത്തിൽ തന്റേതായ രീതിയിൽ അടയാളപ്പെടുന്നുണ്ട്.

അവസാന ഭാഗങ്ങളിലെ ആക്ഷൻ സീനുകളും വെട്ടും വാൾ പയറ്റുമൊക്കെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്. അവിടെയും മാസ്റ്റർ അച്ചുതൻ മറ്റാരേക്കാളും മികച്ചു നിൽക്കുന്നു. ഒരർത്ഥത്തിൽ മാമാങ്കം സിനിമയുടെ മുഴുവൻ ഭാരവും അച്ചുതന്റെ ചുമലിലായിരുന്നു എന്ന് വേണം പറയാൻ.

ഒരു വടക്കൻ വീരഗാഥയും ബാഹുബലിയുമൊക്കെ കണക്കു കൂട്ടി കാണേണ്ട സിനിമയല്ല മാമാങ്കം. തിയേറ്റർ കാഴ്ചകൾക്കുമപ്പുറം ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലുകളും സർവ്വോപരി ചരിത്രത്തിൽ രേഖപ്പെടുത്താത്ത വിധം പലരുടെയും പകക്കും ആചാരങ്ങൾക്കും വേണ്ടി ജീവൻ കളഞ്ഞ ചാവേറുകളുടെ സ്മരണയുമാണ് മാമാങ്കം.

കുടിപ്പകയും യുദ്ധങ്ങളുമൊക്കെ കൊണ്ട് മനുഷ്യൻ എന്ത് നേടി എന്ന ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ ആ തലത്തിൽ അർത്ഥവത്തായി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.

ഒരു ചരിത്രം വേണമെങ്കിൽ സിനിമയാക്കാം എന്നാൽ ആ സിനിമ ഒരു ചരിത്രമായി മാറാൻ അതിന് ഒരുപാട് മികവുകൾ വേണ്ടതുണ്ട് . മാമാങ്കത്തിന് ഇല്ലാതെ പോയതും അതൊക്കെ തന്നെ.

ചതിയിൽ തോറ്റു പോയവരുടെയും വീണു പോയവരുടെയും കഥ പറഞ്ഞ മാമാങ്കത്തിന് സജീവ് പിള്ള എന്ന കലാകാരനോട് ചെയ്ത ചതിയുടെ ഫലം അനുഭവിക്കേണ്ടി വന്നതാകുമോ എന്ന സംശയത്തിനു പോലും പ്രസക്തിയുണ്ട്. 

ആകെ മൊത്തം ടോട്ടൽ = പോരായ്‌മകൾ ഉണ്ടെങ്കിലും അമിത പ്രതീക്ഷകളില്ലാതെ കാണാവുന്ന ഒരു സിനിമ. 

*വിധി മാർക്ക് = 6/10 
-pravin-

Thursday, December 12, 2019

സ്ലീവാച്ചന്റെ തിരിച്ചറിവുകൾ !!

നിസ്സാരമെന്ന് തോന്നുകയും എന്നാൽ ഗൗരവമേറിയതുമായ ഒരു സാമൂഹിക വിഷയത്തെ ഒരു കുടുംബ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിച്ചു എന്നത് തന്നെയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ' യെ വേറിട്ട് നിർത്തുന്ന പ്രധാന കാര്യം. 

അശ്ലീല ചുവയോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ദാമ്പത്യവും ലൈംഗികതയുമൊക്കെ ഒരു കുടുംബ സിനിമയിലൂടെ തന്നെ ചർച്ച ചെയ്യിക്കാൻ സാധിച്ചതിലാണ് നിസാം ബഷീർ എന്ന പുതുമുഖ സംവിധായകൻ കൈയ്യടി നേടുന്നത്. ഏച്ചുകൂട്ടലില്ലാത്ത വിധം പറയാനുള്ള വിഷയത്തെ നല്ലൊരു തിരക്കഥയിലേക്ക് പടർത്തിയെഴുതിയതിൽ അജി പീറ്ററും അഭിനന്ദനമർഹിക്കുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ ഇടുക്കിയുടെ മലയോര ഗ്രാമ ഭംഗിയും അവിടത്തെ നാട്ടുകാരും അവരുടെ സംസാര ശൈലിയുമൊക്കെ കൂടെ സിനിമക്ക് നൽകിയ പുതുമയും പ്രസരിപ്പും ചെറുതല്ല. സ്ലീവാച്ചന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമടക്കം ഒരൊറ്റ പാട്ടിൽ കണ്ടറിയാം ആ നാടിനെയും നാട്ടാരെയും.അഭിലാഷ് ശങ്കറിന്റെ കാമറ പോലും ആ നാട്ടുകാരനായി മാറുന്ന പോലെ മനോഹരമായ ഛായാഗ്രഹണം. 

ഗാന ചിത്രീകരണം കൊണ്ടും പ്രതീകാത്മക ബിംബ സീനുകൾ കൊണ്ടുമൊക്കെ നാളിതു വരെ മലയാള സിനിമ കാണിച്ചു തന്നിട്ടുള്ള ദാമ്പത്യ ജീവിതത്തിനു അപവാദമായി സ്ലീവാച്ചന്റെയും റിൻസിയുടെയും ദാമ്പത്യം മാറുന്നിടത്താണ് സിനിമ ഗൗരവമേറിയ അതിന്റെ വിഷയം പറയാൻ ആരംഭിക്കുന്നത്.

വിവാഹ ശേഷമുള്ള സ്ലീവാച്ചന്റെ മുഖത്തെ മ്ലാനതയും പരിഭ്രമവും അഞ്ജതയുമൊക്കെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് വല്ലാത്ത ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നു. 

ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അഞ്ജതയുമൊക്കെ സ്ലീവാച്ചനെ പോലെ പത്തരമാറ്റ് സ്വഭാവ സെർട്ടിഫിക്കറ്റ് കിട്ടിയ ഒരാളുടെ കുടുംബ ജീവിതത്തിൽ പോലും അത്ര മാത്രം ഭീകരത സമ്മാനിക്കുന്നുവെങ്കിൽ ഓർക്കണം അങ്ങിനെ പറയത്തക്ക ഗുണഗണങ്ങൾ ഒന്നുമില്ലാതെ, അതേ അജ്ഞത മറച്ചു വച്ച് കൊണ്ട് , വെറും ആണധികാരം മാത്രം കൈമുതലാക്കി, ആ ഈഗോ കൊണ്ട് മാത്രം ഭാര്യയോട് ഇടപഴകുന്നവർ സൃഷ്ടിക്കുന്ന ഭീകരത എത്ര മാത്രം വലുതെന്ന്. 

ബലാൽസംഗം എന്നത് ജോസ് പ്രകാശും, ടി.ജി രവിയും, ബാലൻ കെ നായരുമടക്കമുള്ളവരുടെ വില്ലൻ കഥാപാത്രങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു കാര്യമെന്നോണം അവതരിപ്പിച്ചു ശീലിച്ച അതേ മലയാള സിനിമയിൽ നായകൻ നായികയെ, അതും ഭർത്താവ് ഭാര്യയെ തന്നെ റേപ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതിൽ ഒരു പൊളിച്ചെഴുത്തുണ്ട്. അത്ര തന്നെ ധൈര്യത്തോടെ വിഷയത്തിന്റെ ഭീകരതയെ കുറിച്ചുള്ള തുറന്നു പറച്ചിലുമുണ്ട്. 

അഴകിയ രാവണനിൽ തന്റെ ചിറകൊടിഞ്ഞ കിനാക്കളി'ൽ റേപ് സീൻ ഒന്നുമില്ലേ എന്ന് ചോദിക്കുമ്പോൾ കാമുകൻ കാമുകിയെ വേണമെങ്കിൽ റേപ് ചെയ്തോട്ടെ എന്ന് മറുപടി പറയുന്നുണ്ട് അംബുജാക്ഷൻ. ആ പറഞ്ഞതിൽ ഒരു ലോജിക്കില്ല എന്ന മട്ടിലായിരുന്നു അന്ന് ആ കോമഡി വർക് ഔട്ട് ആയതെങ്കിൽ ഇന്ന് ഓർക്കുമ്പോൾ അത് കോമഡിയല്ല. ലൈംഗികതയിലെ അജ്ഞത കൊണ്ടും ദാമ്പത്യത്തിലെ ആൺ അപ്രമാദിത്തം കൊണ്ടുമൊക്കെ ഭാര്യയെ ഭർത്താവ് റേപ് ചെയ്ത കേസുകളുടെ കൂടി പശ്ചാത്തലത്തിൽ വേണം അത്തരം കോമഡികളെ തള്ളിക്കളയാൻ.

സിനിമയിലെ തന്നെ ഒരു സീനിൽ തീർത്തും സരസമായി സ്ലീവാച്ചന്റെ കേസ് ചർച്ച ചെയ്യുന്ന നാട്ടിൻപുറത്തെ സാധാരണ സ്ത്രീകളെ കാണാം. ഒന്നാലോചിച്ചാൽ ഇതൊക്കെ പല കുടുംബത്തിലും നടക്കുന്നുണ്ട് പിന്നെ നമ്മളാരും ബോധം കെട്ടു വീഴാഞ്ഞത് കൊണ്ട് ആറുമറഞ്ഞില്ല എന്ന് അവർ ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവരുടെ ആ അടക്കം പറച്ചിൽ പോലും സിനിമയിൽ ഭീകരമായി അടയാളപ്പെടുന്നുണ്ട്. 

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തരുന്ന അതേ സമയത്ത് തന്നെ ദാമ്പത്യ ജീവിതത്തിൽ ഇതൊന്നും അത്ര കാര്യമല്ല എല്ലാം പ്രകൃതിയിലേക്ക് നോക്കി കണ്ടു പഠിക്കാവുന്നതേയുള്ളൂ എന്ന വാദവും സിനിമ ഉയർത്തുന്നുണ്ട്. അവിടെ സിനിമക്ക് വ്യക്തമായ ഒരു നിലപാട് ഇല്ലാതായി പോയ പോലെ തോന്നി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന പേരും സിനിമയോട് ചേർന്ന് നിക്കുന്നില്ല.

സ്ലീവാച്ചന്റെ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ കാരണമായവൾ എന്ന നിലക്ക് റിൻസിയെ മാലാഖാവത്ക്കരിക്കാമെങ്കിലും റിൻസി എന്ന ഭാര്യ സ്ലീവാച്ചന്റെ ജീവിതത്തെ സ്വാധീനിക്കുന്നതായി തോന്നിയില്ല.സ്ലീവാച്ചന് തെറ്റ് ബോധ്യപ്പെടുകയും സ്വയം തിരുത്തുകയും തിരിച്ചറിവോടെ പെരുമാറി തുടങ്ങുകയും ചെയ്യുന്നിടത്താണ് സിനിമക്ക് അതിന്റെ പേര് ബാധ്യതയായി മാറിയത്. അവിടെ റിൻസി എന്ന ഭാര്യയിൽ നിന്നും തിരിച്ചറിവ് വച്ച സ്ലീവാച്ചന്റെതു മാത്രമായി മാറുന്നുമുണ്ട് സിനിമ.

ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എക്കാലത്തും സ്ലീവാച്ചൻ ഉണ്ടാകും എന്നത് ഉറപ്പാണ്. പുതുമുഖത്തിന്റെ പരിമിതികളറിയിക്കാതെ റിൻസിയെ റിൻസിയായി തന്നെ അവതരിപ്പിക്കാൻ വീണക്കും സാധിച്ചിട്ടുണ്ട്. 

ഇത് വരെ എവിടെയും കണ്ടിട്ടില്ലാത്ത കുറെയേറെ നടീനടന്മാരുടെ പ്രകടന മികവിന്റെ ആകെ തുക കൂടിയാണ് ഈ സിനിമയുടെ സൗന്ദര്യം എന്ന് പറയാം. അമ്മച്ചിയും പെങ്ങൾമാരും ഏട്ടനും അളിയനും അവരുടെ മക്കളും അടക്കമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ അപ്രകാരം വേറിട്ട് നിന്നു. 

സ്ലീവച്ചന്റെ ഈ സിനിമയിലൂടെ സമൂഹത്തിലെ ഒരുപാട് സ്ലീവാച്ചന്മാർ തിരുത്തപ്പെടട്ടെ. അവർക്ക് തിരിച്ചറിവുകൾ ലഭിക്കട്ടെ ! 

ആകെ മൊത്തം ടോട്ടൽ = സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല കുടുംബ സിനിമ.

*വിധി മാർക്ക് = 7.5/10 

-pravin-

Thursday, December 5, 2019

Section 375 - നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ !

അനിരുദ്ധ റോയ് ചൗധരിയുടെ 'പിങ്ക്' പറഞ്ഞു വച്ച ഒരു രാഷ്ട്രീയമുണ്ട് -" നോ കാ മത്‌ലബ് സിർഫ് നോ ഹി ഹോത്താ ഹേ" !! അത് ഭാര്യയോ കാമുകിയോ വേശ്യയോ ആരുമായിക്കോട്ടെ ആ 'No' പറച്ചിലിന് പ്രസക്തിയുണ്ട്. 

സ്ഥല കാല സമയങ്ങളും വസ്ത്രധാരണ ശൈലികളും പെരുമാറ്റ ചട്ടങ്ങളുമൊക്കെ നോക്കി കൊണ്ട് ഒരു പെണ്ണിനെ പിഴയെന്നു വിളിക്കുന്നവരെ മാത്രമല്ല അതെല്ലാം ആ പെണ്ണിനെതിരെ എന്തും ചെയ്യാനുള്ള ലൈസൻസു കൂടിയാണെന്ന് കരുതുന്നവരെയും അവരുടെ ചിന്താഗതികളെയുമൊക്കെ പ്രതിക്കൂട്ടിൽ കേറ്റി പൊളിച്ചടുക്കി വിടുകയാണ് പിങ്ക് ചെയ്തത്. 

'പിങ്ക്' പറഞ്ഞു വച്ച രാഷ്ട്രീയത്തിനൊപ്പം ചേർത്ത് പറയാവുന്ന സിനിമ അല്ലെങ്കിൽ കൂടി അതേ പ്ലാറ്റ് ഫോമിലിരുന്നു കൊണ്ട് കാണേണ്ട മറ്റൊരു കിടിലൻ കോർട്ട് റൂം സിനിമ തന്നെയാണ് 'Section 375'. 

നിയമവും നീതിയും തമ്മിലുള്ള അന്തരം വ്യക്തമായി ബോധ്യപ്പെടുത്തുന്ന സിനിമയാണ് Section 375 . ഏതൊരു നിയമമാണോ സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതേ നിയം തന്നെ ദുരുപയോഗം ചെയ്യപ്പെട്ടാൽ അത് നീതിക്ക് വേണ്ടി കാത്തിരിക്കുന്ന യഥാർത്ഥ ഇരകളെയാണ് ബാധിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലും പ്രസക്തമാണ്. 

വ്യക്തിപരമായ കണക്കു തീർക്കലുകളുടെ ഭാഗമായി നിയമത്തെ കൂട്ട് പിടിച്ചു നടക്കുന്ന പ്രതികാര നടപടികളിൽ കോടതികൾ പോലും നീതി നടപ്പിലാക്കാൻ പറ്റാത്ത വിധം നിസ്സഹായവസ്ഥയിലെത്തുന്നുണ്ട് പല കേസുകളിലും. ചില കേസുകളിൽ നിയമപരമായി സ്ഥാപിച്ചെടുക്കുന്ന കാര്യങ്ങളെ മാത്രം വിലയിരുത്തി കൊണ്ട് നീതി നടപ്പിലാക്കുമ്പോൾ യഥാർത്ഥ നീതി പുലരാതെ പോകുകയാണ് ചെയ്യുന്നത്. 

We are not in the business of justice..we are in the business of law എന്ന് വക്കീലന്മാരെ പോലെ കാണുന്നവനും തോന്നിപ്പോകും. 

വാദി പ്രതിഭാഗം വക്കീലുമാരുടെ വാദ പ്രതിവാദങ്ങളും ജഡ്ജുമാരുടെ ഇടപെടലുകളും വിധി പ്രസ്താവ സമയത്തുള്ള അവരുടെ മാനസിക സംഘർഷങ്ങളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. അക്ഷയ് ഖന്ന - റിച്ച ചഡ്ഡ ടീമിന്റെ മികച്ച പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. 

ആകെ മൊത്തം ടോട്ടൽ = കോടതി നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും വിധി പ്രസ്താവവുമൊക്കെ  മികച്ച രീതിയിൽ അവതരിപ്പിച്ചു കാണിക്കുന്ന ഒരു വേറിട്ട കോർട്ട് റൂം ത്രില്ലർ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-

Wednesday, December 4, 2019

PERIOD End of Sentence

PERIOD End of Sentence - ഈ ഡോക്യൂമെന്ററി ഫിലിമിന്റെ പേരിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ ഒരുപാടുണ്ട്.. 

ഇരുപത്തിയാറു മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ഡോക്യൂമെന്ററി ഫിലിമിൽ വന്നു പോകുന്ന കുറച്ചു സ്ത്രീകളിലൂടെ ഉത്തരേന്ത്യൻ സ്ത്രീ ജീവിതങ്ങളെയും അവരുടെ ആർത്തവ കാലത്തെ സഹനങ്ങളേയുമൊക്കെ കുറിച്ച് പറഞ്ഞു തരുകയാണ് സംവിധായിക.

ആർത്തവത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയും അതേ കുറിച്ച് പറയുമ്പോഴുള്ള അവരുടെ അപകർഷതാ ബോധവും മറ്റു ചിന്തകളുമൊക്കെ കണ്ടറിയുമ്പോൾ അവരുടെ ലോകം എത്ര മാത്രം ഇരുട്ടിലാണെന്നു ബോധ്യമാകും ..ആർത്തവം ആരംഭിക്കുന്നത് തൊട്ട് സ്ക്കൂൾ പഠനം നിർത്തേണ്ടി വരുന്ന പെൺകുട്ടികളൊക്കെ ആ ഇരുട്ടിന്റെ ഇരകളാണ് .

ലോസ് ആഞ്ചലസിലെ ഓക് വുഡ് സ്ക്കൂളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ഡോക്യൂമെന്ററിക്കാണ് Short Subject വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഇത്തവണത്തെ ഓസ്ക്കാർ പുരസ്ക്കാരം കിട്ടിയത്.

ഉത്തരേന്ത്യൻ സ്ത്രീ ജീവിതങ്ങളെ ഒരു ഡോക്യൂമെന്ററിയിലേക്ക് പകർത്തിയെടുത്തു എന്നതിനേക്കാൾ ആർത്തവകാലത്തെ ആരോഗ്യകരമായി നേരിടാനും അതിനു വേണ്ട സാനിറ്ററി പാഡ് ചിലവ് കുറഞ്ഞ രീതിയിൽ അവർക്ക് തന്നെ ഉണ്ടാക്കാനും വിറ്റഴിക്കാനും സാധിക്കുന്ന തരത്തിൽ അവിടത്തെ സ്ത്രീകളെ സന്നദ്ധരാക്കി എന്നതാണ് ഈ ഡോക്യൂമെന്ററിയുടെ ഏറ്റവും വലിയ വിജയം . 

-pravin-

Sunday, November 24, 2019

ജാക്ക് ആൻഡ് ഡാനിയൽ - പുതുമയില്ലാത്ത കള്ളനും പോലീസും കളി !!



ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമയും കഥാപാത്രവുമായിരുന്നു മീശ മാധവൻ. ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തിൽ മീശമാധവനെന്ന പ്രാദേശിക കള്ളന്റെ കഥ ലാൽ ജോസ് പറഞ്ഞവതരിപ്പിച്ചപ്പോൾ അതിൽ ഒരു പുതുമയും പ്രസരിപ്പുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് വന്ന ദിലീപിന്റെ ക്രേസി ഗോപാലൻ പോലുള്ള കള്ളൻ വേഷങ്ങളിൽ ഒന്നും തന്നെ അപ്പറഞ്ഞ കഥയോ കാമ്പോ അവതരണ മികവോ ഉണ്ടായില്ല. ജാക്ക് ആൻഡ് ഡാനിയലിന്റെ കാര്യത്തിലും ഏറെക്കുറെ അത് തന്നെയാണ് അവസ്ഥ.

ഡാനിയൽ അലക്‌സാണ്ടർ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം അർജ്ജുൻ നല്ല സ്റ്റൈലായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അർജ്ജുന്റെ തന്നെ ഈ അടുത്തിറങ്ങിയ തമിഴ് സിനിമ 'കൊലൈഗാര'നിലെ ഡി.സി.പി വേഷത്തെ പല സീനുകളിലും ഓർമ്മിപ്പിക്കുന്നുണ്ട് ഡാനിയൽ എന്ന കഥാപാത്രം. ദിലീപ്-അർജ്ജുൻ കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.

അഞ്ജു കുര്യനു നായികാ പട്ടം കൊടുക്കുന്ന സിനിമ എന്നതിനപ്പുറം സുസ്മിത എന്ന കഥാപാത്രത്തിന് സിനിമയിൽ വലിയ സ്‌പേസ് ഒന്നുമില്ല. ഉള്ള സീനുകളിൽ തന്നെ പലയിടത്തും ഒരു ബാധ്യതയായി മാറുന്നുമുണ്ട് അഞ്ജു കുര്യന്റെ സുസ്മിത.

കായകുളം കൊച്ചുണ്ണി തൊട്ടിങ്ങോട്ടുള്ള എല്ലാ നന്മ നിറഞ്ഞ കള്ളന്മാരുടെയും ലൈനിൽ തന്നെയാണ് ജാക് എന്ന കള്ളനെയും അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാർ കോഴയായി വാങ്ങുന്ന കണക്കിൽപ്പെടാത്ത കള്ളപ്പണം അടിച്ചു മാറ്റി നന്മ ചെയ്യുക എന്നതാണ് ജാക്കിന്റെ ലൈൻ. പക്ഷേ അതിന്റെ കാരണമായി സിനിമ പറയുന്ന കാര്യങ്ങളൊക്കെ യാതൊരു വിധ ലോജിക്കുമില്ലാത്തതാണ്.

അവഗണന നേരിടുന്ന പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പണം അടിച്ചുമാറ്റുന്ന ഒരു ഹൈടെക്ക് കള്ളൻ എന്ന വൺലൈനിൽ തന്നെയുണ്ട് ഇ സിനിമയുടെ പരിമിതികളും പരാധീനങ്ങളും.

പോലീസുകാർ മൊത്തം കോമാളികളും പൊട്ടന്മാരുമാകുകയും, കേരളാ മുഖ്യമന്ത്രി തൊട്ടു മന്ത്രി സഭയിലെ മൊത്തം മന്ത്രിമാരും അഴിമതി നടത്തി കള്ളപ്പണം അടിച്ചു കൊണ്ട് പോകാൻ നിക്കുന്നവരുമൊക്കെയായി മാറുന്ന സിനിമയിൽ യുക്തിക്ക് ലവലേശം പ്രാധാന്യം പോലും കൊടുക്കുന്നില്ല സംവിധായകൻ.

സ്ഥിരം പോലീസ്-കള്ളൻ സിനിമകളിലെ കാഴ്ചകളും ചേസിങ്ങുകളും ട്വിസ്റ്റികളുമൊക്കെ തന്നെയാണ് 'ജാക് ആൻഡ് ഡാനിയ'ലിലുമുള്ളത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പുതുമക്കും ത്രില്ലിനുമൊന്നും പ്രസക്തിയില്ല. ഫ്ലാഷ് ബാക്ക് സീനുകളൊക്കെ യാതൊരു വിധ ഫീലുമില്ലാതെയാണ് എടുത്തിരിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ പരമാവധി കത്തിയാക്കിയും അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. 

ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു എന്ന് കത്തെഴുതി വച്ച് പോകുന്ന ക്രേസി ഗോപാലന്റെ വകയിലെ ഒരു ഏട്ടനെ പോലെ മോഷണത്തിനു ശേഷം അടിച്ചു മാറ്റിയ തുകയുടെ കണക്കും കഥയും എഴുതി വെക്കുന്നുണ്ട് ജാക്ക്. ബാങ്ക് കൊള്ളയടിച്ച ശേഷം കാറിലും ബൈക്കിലുമൊക്കെ പറ പറക്കുന്ന ധൂമിലെ കൊള്ളയടി സീനിന്റെ മലയാള രംഗാവിഷ്‌ക്കാരവും, പീറ്റർ ഹെയ്നിനെ അതിഥി വേഷം കെട്ടിച്ചു കോമഡി കളിപ്പിക്കാൻ നോക്കിയതും, മായാമോഹിനിയെ പർദ്ദയിടിപ്പിച്ചു പുനരവതരിപ്പിച്ചതുമടക്കം പല കല്ലുകടികളും ഉണ്ട് ജാക്ക് ആൻഡ് ഡാനിയലിൽ. എങ്കിലും പങ്കിലും ഒരു വട്ടം ചുമ്മാ കാണാവുന്ന ഒരു സിനിമ.

ആകെ മൊത്തം ടോട്ടൽ = മീശ മാധവനോളം നല്ലൊരു കള്ളൻ സിനിമ അല്ലെങ്കിലും ക്രേസി ഗോപാലനെക്കാൾ മെച്ചപ്പെട്ടൊരു കള്ളൻ സിനിമ എന്ന നിലക്ക് മാത്രം ആശ്വാസം തരുന്നുണ്ട് 'ജാക് ആൻഡ് ഡാനിയൽ'. ദിലീപ് -അർജ്ജുൻ കോമ്പോ തന്നെയാണ് അതിന്റെ പ്രധാന കാരണം. 

*വിധി മാർക്ക് = 5/10 

-pravin- 

Tuesday, November 19, 2019

രസികനാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ !!


പുതുമയുള്ള ഒരു പ്രമേയത്തെ രസകരമായ അവതരണത്തിലൂടെ ഒരു നല്ല എന്റർടൈനർ ആക്കി മാറ്റിയിട്ടുണ്ട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ഒരു പുതുമുഖ സംവിധയകനെന്ന നിലക്ക് അയാളുടെ മികച്ച തുടക്കം തന്നെയായി വിലയിരുത്താവുന്നതാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ. 

സുരാജ് വെഞ്ഞാറമൂട് നിറഞ്ഞാടിയ സിനിമ എന്ന് തന്നെ പറയാം. സുരാജിന്റെ ഈ വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണ്. യമണ്ടൻ പ്രേമ കഥയിലെ ഫ്രാൻസിസ് എന്ന ചെറു വേഷം തൊട്ട് 'ഫൈനൽസി'ലെ വർഗ്ഗീസ് മാഷും, വികൃതിയിലെ എൽദോയും കഴിഞ്ഞു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കര പൊതുവാൾ വരെ എത്തി നിക്കുമ്പോൾ സുരാജ് എന്ന നടന്റെ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് പോകുകയാണ്. 

വാർദ്ധക്യ കാലത്ത് ഒറ്റപ്പെട്ടു പോകുന്നുവെന്ന ചിന്തകളും മകനോടുള്ള സ്നേഹവും അതിലുപരി ഒന്നിനോടും വിട്ടു വീഴ്ചയില്ലാത്ത സ്വഭാവങ്ങളും തന്റേതായ ശാഠ്യങ്ങളും കുറുമ്പുകളുമൊക്കെ കൊണ്ട് സങ്കീർണ്ണമാണ് ഭാസ്ക്കര പൊതുവാളിന്റെ മാനറിസം. ചുറ്റും നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന ഒരു സ്വഭാവം. മനുഷ്യർക്കാർക്കും ഒത്തു പോകാൻ പറ്റാത്ത ഈ ഒരു സ്വഭാവത്തെ അംഗീകരിക്കാൻ സാധിക്കുന്നത് കുഞ്ഞപ്പൻ എന്ന യന്ത്ര മനുഷ്യന് മാത്രമാണ്. 

ശാസ്ത്ര പുരോഗതികളെയും പുതിയ മാറ്റങ്ങളെയും ഉൾക്കൊള്ളാതിരുന്ന ഭാസ്ക്കര പൊതുവാളിനു ഒടുക്കം അതിനോടൊക്കെ വലിയ മതിപ്പുണ്ടാകുന്നുണ്ട്. മകന് പകരക്കാരനായി കുഞ്ഞപ്പനെന്ന യന്ത്ര മനുഷ്യൻ മതിയെന്ന മട്ടിലേക്ക് കാര്യങ്ങൾ മാറി മറയുന്നു. ഭാസ്ക്കര പൊതുവാളിനു കുഞ്ഞപ്പനോട് തോന്നുന്ന ആത്മബന്ധമൊക്കെ രസകരവും ഹൃദ്യവുമായി ചിത്രീകരിച്ചു കാണാം സിനിമയിൽ. 

യന്ത്രങ്ങൾക്ക് ഒരിക്കലും മനുഷ്യന് പകരക്കാരാനാകില്ല, മനുഷ്യന്റെ വികാര വിചാരങ്ങൾ യന്ത്രങ്ങൾക്കില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. അത് മനുഷ്യനെ ബോധ്യപ്പെടുത്താനും ഒരു യന്ത്ര മനുഷ്യൻ വേണ്ടി വന്നു എന്നതാണ് ഇക്കഥയിലെ രസകരമായ വിരോധാഭാസം. 

ഭാവിയിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ മതബോധവും ജാതിബോധവുമൊന്നും ഉണ്ടാകാൻ പാടില്ല എന്ന് ഒരു യന്ത്ര മനുഷ്യൻ പറയുമ്പോൾ വികാര വിചാരങ്ങളുള്ള മനുഷ്യൻ അത് അംഗീകരിക്കുമോ അതോ തല കുനിക്കുമോ എന്നറിയില്ല. 

ശാസ്ത്ര പുരോഗതികളെ ഉൾക്കൊള്ളാതെ, അതൊന്നും ഉപയോഗപ്പെടുത്താതെ ഒരു മനുഷ്യനും മുന്നോട്ട് ജീവിക്കാനാകില്ല എന്ന് ഉറപ്പ് പറയുന്ന അതേ സമയത്ത് തന്നെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന്റെ പരിമിതികളും അനുഭവപ്പെടുത്തുന്നുണ്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 

ആകെ മൊത്തം ടോട്ടൽ = ചിരിക്കാനും ഇടക്കിത്തിരി ചിന്തിക്കാനുമൊക്കെ വകുപ്പുള്ള സിനിമ കൂടിയാണിത്. ഒരു പുതുമുഖ സംവിധായകന്റെ പുതുമയുള്ള സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടു. 

*വിധി മാർക്ക് = 7.5/10 

-pravin-

Sunday, November 17, 2019

ANNA - ഒരു ലേഡി സ്പൈ ത്രില്ലർ

സംഭവ ബഹുലമായ ഒരു സ്ത്രീ ജീവിതമാണ് അന്നയുടേത്. ഒരു പെണ്ണ് ആയതിന്റെ പേരിൽ മാത്രം  സഹിക്കേണ്ടി വരുന്ന പീഡനങ്ങളും  അധിക്ഷേപങ്ങളുമൊക്കെ അവളെ ഒരു  ഘട്ടത്തിൽ ആത്മഹത്യ വരെ ചെന്നെത്തിക്കുന്നുണ്ട്. പക്ഷെ സ്വന്തം ശക്തിയിലും കഴിവിലുമൊക്കെയുള്ള വിശ്വാസവും തിരിച്ചറിവുമൊക്കെ അവളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പ്രേരിപ്പിക്കുന്നു. 

ഒരേ ഒരു ലക്ഷ്യം മാത്രം - എത്ര കഷ്ടപ്പെട്ടിട്ടായാലും ശരി അത് വരെ അനുഭവിച്ച  വേദനകളിൽ നിന്നും  അവകാശ നിഷേധങ്ങളിൽ നിന്നുമൊക്കെ ഒരു മോചനം വേണം. അതിലേറെ അവൾ ആഗ്രഹിക്കുന്നത് ആത്യന്തികമായ സ്വാതന്ത്ര്യമാണ്. ഒരു കെട്ടുപാടുകളിലും കുടുങ്ങി കിടക്കാതെ, ആർക്കും വിധേയപ്പെട്ട് ജീവിക്കാതെ സ്വന്തം ജീവിതം സ്വന്തം  രീതിക്ക്  ജീവിച്ചു തീർക്കാനുള്ള സ്വാതന്ത്ര്യം. അതിന് അവൾക്ക് കിട്ടുന്ന ഒരു ഓഫർ ആണ് സ്വാതന്ത്ര്യത്തിനായുള്ള അവളുടെ പോരാട്ടം. അഥവാ ആ പോരാട്ടം തന്നെയാണ് 'അന്ന'. 


സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തെ ചാരസംഘടന KGB യും അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ CIA യുമൊക്കെ തമ്മിലുള്ള പൊളിറ്റിക്സിന്റെ പശ്ചാത്തലമാണ് സിനിമക്ക്. 1985 ൽ മോസ്‌കോയിൽ നിന്ന് തുടങ്ങി 1990 കളിലെ പാരീസിലേക്ക് എത്തി നിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'അന്ന' മുന്നേറുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയുടെ നട്ടെല്ല് അന്ന എന്ന കഥാപാത്രം തന്നെയാണ്. സെക്‌സും വയലൻസും  റിവഞ്ചും ട്വിസ്റ്റുകളും നിറഞ്ഞ കഥാ വഴികൾ.. സ്റ്റീവൻ സ്പിൽബർഗിന്റെ പഴയ 'മ്യൂണിച്'  അടക്കമുള്ള പല സ്പൈ ത്രില്ലർ സിനിമകളും ഓർത്തു പോകുമെങ്കിലും 'അന്ന' അത് പോലെയൊരു പെർഫെക്റ്റ്  ബ്ലെൻഡ് അല്ല എന്ന് മാത്രം. 

*വിധി മാർക്ക് = 7/10 

-pravin- 

Sunday, November 3, 2019

ഇടിവെട്ട് 'കൈതി' !!

കിടിലൻ മാസ് ആക്ഷൻ ത്രില്ലർ എന്ന് തന്നെ പറയാവുന്ന സിനിമ. പടം തുടങ്ങി അവസാനിക്കും വരെ ത്രില്ലടിച്ചു കാണാനുള്ള എല്ലാ വകുപ്പുകളും  ഗംഭീരമായി തന്നെ കൂട്ടിയിണക്കി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. 

കാർത്തിയുടെ കരിയറിൽ 'തീര'നു ശേഷം അതുക്കും മേലെ പോയ ഒരു ഉഗ്രൻ കഥാപാത്രമായി മാറുന്നു ദില്ലി. കഴിവുണ്ടായിട്ടും ഏറെക്കുറെ ഫീൽഡ് ഔട്ടായ പോലെ  നിന്നിരുന്ന നരേനെ സംബന്ധിച്ച് ഈ സിനിമയിലെ ബിജോയ് എന്ന കഥാപാത്രം വലിയൊരു തിരിച്ചു വരവായി വിലയിരുത്തപ്പെടും എന്നതിൽ സംശയമില്ല. 

'മാനഗരം' സിനിമയിലൂടെ തന്നെ ലോകേഷ് കനകരാജിന്റെ സ്ക്രിപ്റ്റ് മികവും സംവിധാന മികവുമൊക്കെ ബോധ്യപ്പെട്ടതെങ്കിലും രണ്ടാമത്തെ പടത്തിലൂടെ ആ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു അയാൾ. 

ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോർത്ത് വച്ച് കൊണ്ടാണ് ലോകേഷ്  കഥ പറയുന്നത്. 

ഹരീഷ് ഉത്തമന്റെ വില്ലൻ കഥാപാത്രത്തിനൊക്കെ ജയിലിനുള്ളിലെ സീനുകൾ മാത്രമേ ഉള്ളൂ. എന്നിട്ട് പോലും ആ കഥാപാത്രത്തിന്റെ വില്ലത്തരവും പിരിമുറുക്കങ്ങളുമൊക്കെ ഭീകരമായി തന്നെ അനുഭവപ്പെടുന്നു.

ദില്ലിയുടെ ഫ്ലാഷ് ബാക്ക് സീനുകളിലേക്ക് പോകാതെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടിൽ കൂടി കുറഞ്ഞ മിനുട്ടുകൾ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി  പറഞ്ഞു വക്കുന്നു. ദില്ലി എന്ന കഥാപാത്രത്തിന്റെ കനം ആ സീനിൽ നിറഞ്ഞു നിക്കുന്നുണ്ട്. കാർത്തിയിൽ തീർത്തും ഭദ്രമായിരുന്നു ദില്ലി.  

ജോർജ്ജ് മരിയന്റെ നെപ്പോളിയൻ എന്ന പോലീസ് കഥാപാത്രത്തെ കൂടി പരാമർശിക്കാതെ കൈതിയെ പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല. അത്ര മാത്രം നല്ലൊരു പ്രകടനം കൊണ്ട്  സിനിമയുടെ വലിയ ഭാഗമായി മാറുന്നു അദ്ദേഹം. 

തീരനിലെ ബസ് ചേസിംഗ് സീനിനെ ഓർമ്മപ്പെടുത്തും വിധമുള്ള രാത്രിയിലെ ലോറി ചേസിംഗ് സീനുകളൊക്കെ അസാധ്യമായിട്ടു തന്നെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് സത്യൻ സൂര്യൻ എന്ന ഛായാഗ്രാഹകൻ. 

കൈതി ഇത്രത്തോളം ത്രില്ലടിപ്പിച്ച ഒരു ആക്ഷൻ ത്രില്ലർ ആയതിൽ എടുത്തു പറയേണ്ട മറ്റൊന്ന് സാം സി.എസിന്റെ സൗണ്ട് ട്രാക്കുകളാണ്. തുടക്കം മുതൽ ഒടുക്കം വരെ ആ ശബ്ദ വിസ്മയം സിനിമക്കൊപ്പം തന്നെ ത്രില്ലടിപ്പിച്ചു ആസ്വദിപ്പിച്ചു എന്ന് പറയാം. 

ഒരു സംബന്ധവുമില്ലാത്ത ദില്ലി എന്തിനു വേണ്ടി പോലീസിന്റെ കൂടെ ചേർന്ന് ഇതൊക്കെ ചെയ്തു എന്ന ചോദ്യത്തിന് ഒരു രണ്ടാം ഭാഗം കൊണ്ട് തന്നെ ഉത്തരം പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = നായകന്  അമാനുഷിക ശക്തി ഉള്ളതായി തോന്നിപ്പിക്കുന്ന അവസാന ഭാഗങ്ങളിലെ കുറച്ചു ആക്ഷൻ സീനുകളോട് കണ്ണടച്ചാൽ കൈതി കണ്ടിരിക്കേണ്ട ഒരുഗ്രൻ ത്രില്ലറാണ്. 

*വിധി മാർക്ക് = 8.5/10 

-pravin-

Saturday, November 2, 2019

Breathe ( Web Series - Season 1 - Episodes 8 )



മകനെ നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ സാധിക്കുന്ന ഒരു അച്ഛൻ..നഷ്ടപ്പെട്ട മകളെ ഓർത്ത് ജീവിതം കൈവിട്ടു കളഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു അച്ഛൻ. ഇങ്ങിനെ രണ്ട്  അച്ഛന്മാരുടെ കഥ എന്ന് പറയാമെങ്കിലും Breathe ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ മറ്റു ചിലതാണ്.  

പ്രിയപ്പെട്ടവരെ  നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകാൻ സാധിക്കുന്നു ചില മനുഷ്യർക്ക്. അതും സ്നേഹത്തിന്റെ പേരിൽ. മാധവന്റെ ഡാനി അപ്രകാരം ഒരു കൂളായ മനുഷ്യനിൽ നിന്നും ഒരു സൈക്കോ ലെവലിലേക്ക് പരിണാമപ്പെടുന്നത് കാണാം. 

അവയവ ദാതാക്കൾ വേട്ടയാടപ്പെടുന്ന ഈ കഥയിൽ ലോജിക്കില്ലായ്മയുടെ  ചില പ്രശ്നങ്ങൾ ഇല്ലാതില്ല. എങ്കിലും ഇമോഷണലി നമ്മളുമായി കണക്ട് ചെയ്യുന്ന ഒരു കഥയിൽ അതൊരു കല്ല് കടിയായി അനുഭവപ്പെടുന്നില്ല എന്ന് മാത്രം.  

അമിത് സാദിന്റെ കബീർ സാവന്ദ് എന്ന കഥാപാത്രം മെമ്മറീസിലെ പൃഥ്വിരാജിന്റെ സാം അലക്സ് എന്ന കഥാപാത്രവുമായി സാമ്യത പുലർത്തുന്നുണ്ടെങ്കിലും ഈ സീരീസിൽ മാധവനൊപ്പം തന്നെ കട്ടക്ക് കട്ടയായി  നിറഞ്ഞു നിന്നു.  

ആകെ മൊത്തം ടോട്ടൽ = സസ്പെന്സിനു പ്രാധാന്യം ഇല്ലെങ്കിലും എട്ടു എപ്പിസോഡുകളിലും ആകാംക്ഷ നിലനിർത്തിയ സംവിധാന മികവ് എടുത്തു പറയേണ്ടതാണ് . 

*വിധി മാർക്ക് = 8/10 

-pravin-