വാൽമീകി രാമായണത്തിന്റെ മൂലകഥയെ അതേ പടി നില നിർത്തി കൊണ്ട് കഥ പറയുമ്പോഴും കഥാപാത്രങ്ങളുടെ രൂപത്തിലും സ്വഭാവ സവിശേഷണത്തിലുമൊക്കെ നടത്തിയ മാറ്റങ്ങൾ ശ്രദ്ധേയമായി തോന്നി.
വായിച്ചും കേട്ടും ശീലിച്ച രാമായണ കഥയുടെ ആസ്വാദനം നഷ്ടപ്പെടുത്താത്ത വിധം പുതിയ മാറ്റങ്ങളുടെ കാര്യ കാരണങ്ങളെ കൂടി ബോധ്യപ്പെടുത്തി കൊണ്ടുള്ള അവതരണ മികവുണ്ട് സിനിമക്ക്.
ഒരിടത്തും ബോറടിപ്പിക്കാതെ മൂന്നേ കാൽ മണിക്കൂർ നേരത്തേക്ക് രാമ-രാവണൻമാരുടെ ലോകത്തിരുന്നു സിനിമ കാണുന്ന പ്രതീതി.
നമിത് മൽഹോത്രയുടെ പ്രൊഡക്ഷൻ ക്വാളിറ്റി തന്നെയാണ് ആ ലോകത്തിന്റെ ഭംഗി വർദ്ധിപ്പിച്ചത്.
ബാലകാണ്ഡവും അയോദ്ധ്യാകാണ്ഡവും ആരണ്യകാണ്ഡവുമൊക്കെയായി ആരംഭിക്കേണ്ടിയിരുന്ന രാമായണത്തെ രാവണന്റെ കഥയിലൂടെ തുടങ്ങി വക്കുന്നിടത്ത് തന്നെ നിതേഷ് തിവാരിയുടെ രാമായണത്തിന്റെ വൈബ് വേറെയാണെന്ന് മനസ്സിലാകും.
വിശ്രവസ്സിന്റെയും കൈകസിയുടെയും മകനായ ദശാനനൻ ലങ്കാധിപനായ രാവണനായി മാറുന്ന കഥയിലൂടെയാണ് തുടക്കം.
വീണാ വാദകനും ശാന്തനുമായി കാണിക്കുന്ന ദശാനനിൽ നിന്ന് ത്രിലോകം ഭരിക്കുന്ന ഉഗ്രപ്രതാപിയായ രാവണനിലേക്കുള്ള രൂപമാറ്റങ്ങൾ ഗംഭീരമായിരുന്നു.
രാവണന്റെ പത്തു തലകളെ സിനിമയിൽ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്ത രീതിയൊക്കെ മികച്ചതായിരുന്നു.
രാവണന്റെ പത്തു വ്യക്തിത്വങ്ങളും, മാനസികാവസ്ഥകളും, വികാരങ്ങളും, സ്വഭാവ സവിശേഷതകളുമടക്കമുള്ള വൈരുദ്ധ്യങ്ങളെ പത്തു തലകളായി യുക്തിഭദ്രമായി പറഞ്ഞു വക്കാൻ നിതേഷ് തിവാരിക്ക് സാധിച്ചു.
പത്തു രൂപങ്ങളിൽ, പത്ത് ശരീര ഭാഷകളിൽ, വ്യത്യസ്ത ശബ്ദ - ഭാവ പ്രകടനങ്ങളിലൂടെ അങ്ങിനെ എല്ലാ തലത്തിലും രാവണ രൂപത്തിൽ യാഷിന്റെ ശിവതാണ്ഡവം എന്ന് പറയാം.
യാഷിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളുടെ കൂട്ടത്തിൽ ഈ രാവണനു പത്തു തലയെടുപ്പിന്റെ പ്രതാപം എന്നും ഉണ്ടായിരിക്കുക തന്നെ ചെയ്യും.
സ്വന്തം പ്രജകളോട് നീതി പുലർത്തുന്ന നല്ല ഭരണകർത്താവായും, കൈകസിയുടെ നല്ല മകനായും, ശൂർപ്പണഖയുടെ നല്ല സഹോദരനായുമൊക്കെ രാവണനെ പ്രതിഷ്ഠിക്കുമ്പോഴും അയാൾക്കുള്ളിലെ ക്രോധവും അഹങ്കാരവും എന്താണെന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.
രാവണനെ ഒറ്റയടിക്ക് വില്ലനായി പ്രഖ്യാപിക്കാതെ കഥാ സാഹചര്യങ്ങളിലൂടെ അയാളെ പ്രതിനായക വേഷത്തിലേക്ക് എത്തിക്കുന്ന അവതരണം.നെഗറ്റിവ് വേഷത്തിലേക്കുള്ള രാവണന്റെ ട്രാൻസ്ഫോർമേഷൻ സീനുകൾ അങ്ങിനെയാണ് സെറ്റ് ചെയ്തു വച്ചിരിക്കുന്നത്.
ഒരർത്ഥത്തിൽ രാവണന്റെ ഹീറോയിസത്തിൽ തുടങ്ങി വില്ലനിസത്തിലേക്കുള്ള യാത്രയാണ് ആദ്യ ഭാഗം. അങ്ങിനെ നോക്കുമ്പോൾ രാമായണം എന്നതിനേക്കാൾ ഇത് രാവണായണം ആണെന്ന് പറയാം.
ശാന്തതയും സാത്വിക ഭാവവുമുള്ള ശ്രീരാമ വേഷത്തിൽ രൺബീർ കപൂർ പക്വതയുള്ള പ്രകടനമായി തോന്നി. എന്നാൽ സീതയുടെ വേഷത്തിൽ സായ് പല്ലവി ഇപ്പോഴും ഒരു കല്ല് കടിയായി തുടരുന്നു. അവരുടെ ഇമോഷണൽ - റൊമാന്റിക് സീനുകളൊന്നും വേണ്ടത്ര നന്നായി വന്നില്ല.
അതേ സമയം ഇവിടെ സീതക്ക് ഒരു യോദ്ധാവിന്റെ പരിവേഷം കൊടുത്തതിൽ പുതുമയുണ്ട്. കുട്ടിക്കാലത്ത് ഒറ്റ കൈ കൊണ്ട് ത്രയംബകം പൊക്കിയ ജനക പുത്രിക്ക് അങ്ങിനെ ഒരു സാധ്യത കൽപ്പിക്കുന്നതിൽ തെറ്റ് തോന്നിയില്ല.
വനവാസത്തിലിരിക്കെ സീതക്ക് ആയോധന കല ഉപയോഗപ്പെടുത്താൻ അവസരങ്ങൾ ഉണ്ടായതായി അത്ഭുത രാമായണത്തിൽ പരാമർശിച്ചത് സിനിമയിലെ അത്തരം സീനുകൾക്ക് ബലമേകി.
ഒരേ സമയം ക്ഷിപ്ര കോപിയും ഒരൽപ്പം രസികനുമായ ലക്ഷമണനെ രവി ദുബേയും മോശമാക്കിയില്ല.
നിർണ്ണായകമായ ചില ഇമോഷണൽ സീനുകളിൽ ബാക്ഗ്രൗണ്ട് സ്കോർ വേണ്ടത്ര ഇഫക്ടീവ് ആയി തോന്നിയില്ല. പ്രത്യേകിച്ച് വനവാസ യാത്രക്കായി ശ്രീരാമനും സംഘവും കൊട്ടാരം വിടുന്ന സീനിൽ. ബാഹുബലിയിൽ ഏറെ സിനിമാറ്റിക് ആയി ചെയ്ത സമാനമായ രംഗത്തെ അതേ പടി അവതരിപ്പിക്കേണ്ടിയിരുന്നില്ല എന്നും തോന്നി.
താടക-സുബാഹുമാരുമായുള്ള യുദ്ധവും, ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കരിഞ്ഞതിനെ തുടർന്ന് ഖര-ദൂഷണന്മാരുമായുണ്ടാകുന്ന യുദ്ധവുമൊക്കെ നന്നായി തന്നെ എടുത്തിട്ടുണ്ട്.
മാരീചന്റെയും രാവണന്റെയുമൊക്കെ വരവിന് ശേഷം രാമായണത്തിന്റെ തിയേറ്റർ കാഴ്ചകൾ വേറെ ലെവൽ എത്തുന്നു.
പുഷ്പക വിമാനത്തിന്റെ രൂപ കൽപ്പനയൊക്കെ ഗംഭീരമായി തോന്നി. അത് പോലെ ജടായു - രാവണൻ ഏറ്റുമുട്ടൽ സീനുകൾ സിനിമയിലെ തന്നെ ഏറ്റവും മികച്ച VFX സീനുകളായി മാറുന്നു.
ലങ്കയും, അയോദ്ധ്യയും, മിഥിലയുമടക്കമുള്ള വ്യത്യസ്ത കഥാഭൂമികയിൽ തുടങ്ങി ചിത്രകൂടം, ദണ്ഡകാരണ്യം, പഞ്ചവടി തുടങ്ങിയ വന ഭാഗങ്ങളിലേക്ക് കഥ എത്തി നിൽക്കുമ്പോൾ രാമായണത്തിന്റെ ഭൂപടം പാതിയാകുന്നു.
രാവണന്റെ സീതാപഹരണത്തിന് ശേഷം അത് വരെ കണ്ട ശ്രീരാമന്റെ സ്വഭാവ രൂപം യുദ്ധത്തിന് തയ്യാറാകുന്ന വീരന്റെതാണ്.
വീര രാഘവന്റെ ഉദയവും, ഹനുമാന്റെ മാസ്സ് എൻട്രിയും, വരാനിരിക്കുന്ന രാമ-രാവണ യുദ്ധവുമൊക്കെ കൂടിയുള്ള രണ്ടാം ഭാഗത്തിലേക്കുള്ള കാത്തിരിപ്പ് ആണ് ഇനി.
അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു - യാഷിന്റെ രാവണനെക്കാൾ മുകളിലേക്ക് രൺബീറിന്റെ ശ്രീരാമന് എത്താൻ സാധിക്കുമോ ? കാത്തിരുന്നു കാണാം !!
©bhadran praveen sekhar


No comments:
Post a Comment