Monday, March 8, 2021

കറുത്ത ഇന്ത്യയിലെ വെള്ളക്കടുവ !!


ബുക്കർ സമ്മാനം നേടിയ അരവിന്ദ് അഡിഗയുടെ 'The White Tiger' ന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി എന്ന് വേണം വൈറ്റ് ടൈഗറിനെ വിശേഷിപ്പിക്കാൻ.

പഠിക്കാനുള്ള കഴിവുണ്ടായിട്ടും പഠിക്കാനുള്ള സാഹചര്യമില്ലാത്തത് കൊണ്ട് മാത്രം പഠനം നിർത്തി കുടുംബം പോറ്റാൻ കുലത്തൊഴിലിനോ കൂലിപ്പണിക്കോ പോകേണ്ടി വരുന്ന ഇന്ത്യയിലെ എണ്ണമറ്റ കുട്ടികളിലെ ഒരു മുഖം മാത്രമാണ് സിനിമയിലെ ബൽറാം ഹൽവായിയുടെ.
കടുവകൾക്കിടയിൽ അപൂർവ്വമായി മാത്രം ജനിച്ചു വീഴുന്ന ഒരു വെള്ളക്കടുവയെ പോലെ ബൽറാം തന്റെ കൂട്ടരിൽ നിന്ന് എങ്ങിനെ വ്യത്യസ്തനായി മാറുന്നു അല്ലെങ്കിൽ സ്വയം മാറ്റിയെടുക്കുന്നു എന്നതാണ് 'വൈറ്റ് ടൈഗർ' കാണിച്ചു തരുന്നത്. Slumdog Millionaire , Parasite പോലുള്ള സിനിമകളുടെ സ്വാധീനവും വൈറ്റ് ടൈഗറിൽ നിരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയിലെ അവശ ജനതയുടെ തൊഴിലും തൊഴിലിടങ്ങളും തൊഴിൽ വ്യവസ്ഥകളുമൊക്കെ ജാതീയമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. ഇന്ത്യയിലെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വലുതാക്കിയതിൽ ജാതീയതക്കുള്ള പങ്ക് അത്ര വലുതാണ്.
ഒരു ഭാഗത്ത് ജാതീയതയുടെ പ്രശ്നങ്ങൾ പറയുമ്പോൾ തന്നെ കുടുംബം പോറ്റാൻ സ്വന്തം മതവും മതവിശ്വാസവും മറച്ചു വെക്കേണ്ടി വരുന്നവരുടെ ഗതികേടിനെയും സിനിമ എടുത്തു കാണിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു പാവപ്പെട്ടവന് പണക്കാരൻ ആകണമെങ്കിൽ ഒന്നുകിൽ അയാൾ ഒരു ക്രിമിനലായി മാറണം അല്ലെങ്കിൽ രാഷ്ട്രീയക്കാരനാകണം എന്ന് ബൽറാം പറയുന്നത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ്. ജീവിതകാലം മുഴുവൻ ഒരാളുടെ തൊഴിലാളി ആയി ജീവിച്ചു മരിച്ചാലും ഒരു മണിക്കൂറോ ഒരു മിനുട്ടോ ഒരു സെക്കൻഡോ പോലും ആരുടേയും സേവകനായി ജീവിക്കരുത് എന്നത് തന്നെയാണ് ബൽറാമിന്റെ ജീവിതം നമ്മളോട് പറയുന്നത്.

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' സിനിമയിൽ ദുൽഖറിന്റെ കാസി പറയുന്ന 'എന്റെ വിധി എന്റെ തീരുമാനങ്ങളാണ്' എന്ന ഡയലോഗ് വൈറ്റ് ടൈഗറിലെ ബൽറാം ഹൽവായിയുടെ ജീവിതവുമായി ഏറെ ചേർന്ന് നിൽക്കുന്നു.
ബൽറാം എന്ന കഥാപാത്രം അനുഭവിക്കുന്ന അവഹേളനവും അവന്റെ മനസികസംഘർഷങ്ങളും രോഷവുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി പകർന്ന് കൊടുക്കുന്ന പ്രകടനമായിരുന്നു ആദർശ് ഗൗരവിന്റേത്. രാജ്‌കുമാർ റാവുവും പ്രിയങ്കാ ചോപ്രയുമൊക്കെ അവരവരുടെ റോളുകൾ ഗംഭീരമാക്കി.
ആകെ മൊത്തം ടോട്ടൽ = പറഞ്ഞു വന്ന വിഷയത്തിന്റെ തീവ്രത പരിഗണിച്ചാൽ അത്ര ഗംഭീരമാകാതെ പോയ ഒരു ക്ലൈമാക്സ് ആണ് സിനിമയുടേതെങ്കിലും ഒരു 'വൈറ്റ് ടൈഗറി' ന്റെ അപൂർവ്വതകൾ പോലെ സിനിമ അപ്പോഴും പ്രസക്തമെന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Sunday, March 7, 2021

Betaal - Web Series - 4 Episodes


4 episodes മാത്രമേ ഉള്ളൂ എന്നത് കൊണ്ട് പെട്ടെന്ന് കണ്ടു തീർക്കാവുന്ന ഒരു Web series ആണ് Betaal . ഹൊറർ/ഫാന്റസി ഗണത്തിൽ പെടുത്താവുന്ന ഒരു കഥ എന്ന് പറയാം. കെട്ടുകഥകളുടെ ദുരൂഹതകളിൽ നിന്ന് തുടങ്ങി വല്ലാത്തൊരു ഭീകര സാഹചര്യത്തിലേക്ക് കഥ പറഞ്ഞെത്തുന്നുണ്ട്.

വിദേശ സിനിമകളിലൂടെ കണ്ടു മനസ്സിലാക്കിയ സോംബികളിൽ നിന്ന് മാറി  പ്രേതബാധയും മന്ത്രവാദവും പൂജയുമൊക്കെ  കൂടെ ചേർത്ത്  ഇന്ത്യൻ പശ്ചാത്തലത്തിലെ പുതിയൊരു ടൈപ്പ് സോംബിയെ കാണാൻ കിട്ടി  'ബേതാലി'ൽ. ലോജിക്ക് നോക്കാൻ നിന്നാൽ നിരാശപ്പെടും എന്നത് വേറെ കാര്യം.

മണ്ണടിഞ്ഞു പോയ പഴയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചുവപ്പ് കോട്ടണിഞ്ഞ  പട്ടാളക്കാരൊക്കെ കൂടെ സോംബികളായി തിരിച്ചു വന്നാൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നായിരിക്കാം ഒരു പക്ഷേ 'Betaal' തുടങ്ങിയത് . 5 

ആകെ മൊത്തം ടോട്ടൽ = ഒരു Tumbbad ഒന്നും പ്രതീക്ഷിക്കാതെ കണ്ടാൽ Betaal നിരാശപ്പെടുത്തില്ല. 

* വിധി മാർക്ക് = 5.5 /10 

-pravin-

Sunday, February 28, 2021

പുതുമയുളള 'ലവ്' !!

അവതരണത്തിലെ പുതുമ കൊണ്ടും വേറിട്ട ആഖ്യാന ശൈലി കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ ശ്രദ്ധേയമാകുന്നു ഖാലിദ് റഹ്മാന്റെ 'ലവ്'.

നമ്മൾ കാണുന്നതല്ല, നമുക്ക് എന്ത് മനസ്സിലാകുന്നുവോ അതാണ് ഈ സിനിമയുടെ കഥ. അത് കൊണ്ട് തന്നെ ഈ സിനിമക്ക് പല വിധ കാഴ്ചകളും ആസ്വാദനങ്ങളും അനുമാനങ്ങളുമുണ്ട്.

ഒരാളുടെ വ്യത്യസ്ത മാനസിക വിചാര/ സംഘർഷങ്ങളുടെ പ്രതിബിംബങ്ങൾ അയാൾക്കൊപ്പം തന്നെ സഹ കഥാപാത്രങ്ങളായി അവതരിക്കപ്പെടുകയാണ്.

ആര് ആരൊക്കെയാണെന്നും അവരുടെ പ്രശ്നങ്ങൾ എന്താണെന്നും അവർക്ക് എന്ത് സംഭവിച്ചുമെന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത് അത് ഉൾക്കൊണ്ടു കാണുമ്പോൾ മാത്രമാണ്. അല്ലാത്ത പക്ഷം ഈ സിനിമ വെറും ഒരു പുകയായി അനുഭവപ്പെടാം.

ഒരു ഫ്ലാറ്റിനുള്ളിലെ കാഴ്ചകളെ പരിമിതികൾ മറന്നു കൊണ്ട് വൈവിധ്യപൂർണ്ണമാക്കിയ ജിംഷി ഖാലിദിന്റെ ഛായാഗ്രഹണ മികവിന് പ്രത്യേക കൈയ്യടികൾ നൽകേണ്ടതുണ്ട്.

ഷൈൻ ടോം ചാക്കോ - സുധി കോപ്പ - രജിഷ എല്ലാവരും കിടിലൻ പ്രകടനം പക്ഷേ ഞെട്ടിച്ചു കളഞ്ഞ പ്രകടനം ഗോകുലന്റെതായിരുന്നു .

ആകെ മൊത്തം ടോട്ടൽ= പ്രമേയപരമായല്ല അവതരണം കൊണ്ട് വേറിട്ട് നിൽക്കുന്ന സിനിമയാണ് ലവ്.

*വിധി മാർക്ക് = 6/10

-pravin-

Thursday, February 25, 2021

ദൃശ്യം 2 - ക്ലൈമാക്സ് കഥ മറ്റൊന്നായാൽ !!


സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുളള ഒരു മനുഷ്യൻ എന്നതിനപ്പുറം നിയമത്തിന്റെ കണ്ണിൽ ജോർജ്ജ് കുട്ടിയും കുടുംബവും കുറ്റക്കാരായി തന്നെ നിലനിൽക്കുന്നു .

ദൃശ്യം ആദ്യ ഭാഗത്തിൽ നാം കണ്ട കാഴ്ചകൾ അത്രയും സത്യമെങ്കിൽ, അതിനപ്പുറം ജോർജ്ജ് കുട്ടി വരുൺ കേസുമായി ബന്ധപ്പെട്ടു യാതൊരു വിധ പ്രതിരോധത്തിനും പിന്നീട് തയ്യാറെടുത്തിട്ടില്ല എങ്കിൽ എന്തൊക്കെ സംഭവിക്കുമായിരിക്കാം എന്ന ചിന്തയാണ് പങ്കു വക്കുന്നത്.

താൻ എന്നെങ്കിലും പിടിക്കപ്പെടും എന്ന യാതൊരു കണക്കു കൂട്ടലുകളും ഇല്ലാത്ത ജോർജ്ജ് കുട്ടിക്ക് ഐജി തോമസ് ബാസ്റ്റിൻ പറഞ്ഞ പോലെ വല്ലാത്തൊരു ഓവർ കോൺഫിഡൻസ് തന്നെയാണ് ..

എന്നാൽ സമർത്ഥനായ ഐ. ജി തോമസ് ബാസ്റ്റിനും കൂട്ടരും ജോർജ്ജ് കുട്ടിയെ കുരുക്കിലാക്കി കളഞ്ഞു ..അയാൾ അറസ്റ്റിലായി. കഥയിൽ വിനയ ചന്ദ്രനോ, രാജനോ ആരുമില്ല പിന്നീടങ്ങോട്ട്..

നിസ്സഹായനായ ജോർജ്ജ് കുട്ടി സത്യസന്ധമായി തന്നെ കാര്യങ്ങൾ പോലീസിനോട് തുറന്നു പറയുന്നു. ( തന്റെ മകളോ കുടുംബമോ അല്ല താൻ ഒറ്റക്ക് തന്നെയാണ് ഈ കൊലപാതകം നടത്തിയതെന്ന നുണ ഒഴിച്ച് ).


വരുണിന്റെ ബോഡി പോലീസ് സ്റ്റേഷന്റെ തറ കുഴിച്ചു കണ്ടെത്തുന്നു ..

DNA ടെസ്റ്റ് വരുമ്പോൾ ആ അസ്ഥി കൂടം വരുണിന്റേതല്ല എന്ന വെളിപ്പെടുത്തലിൽ കോടതിയിൽ ഞെട്ടി തരിച്ചു നിന്ന് പോകുന്നത് പോലീസ് മാത്രമല്ല ജോർജ്ജ് കുട്ടി കൂടിയാണ് ..

ജയിച്ചെന്ന് കരുതിയ യുദ്ധത്തിൽ അപ്രതീക്ഷിതമായി തോറ്റു പോയ ഐ.ജി തോമസ് ബാസ്റ്റിനും പോലീസും ഒരു ഭാഗത്ത് ..തോറ്റെന്നു കരുതിയിടത്ത് താൻ പോലും ആഗ്രഹിക്കാത്ത വിധം ജയിച്ചു കേറുന്ന ജോർജ്ജ് കുട്ടി മറു ഭാഗത്ത് ..

കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോർജ്ജ് കുട്ടി വീട്ടിലേക്ക് പോയില്ല ..പോയത് ഐ.ജി തോമസ് ബാസ്റ്റിന്റെ ഓഫിസിലേക്ക് ...അവിടെ കരഞ്ഞു കലങ്ങിയ കണ്ണോടെ ഗീതയും പ്രഭാകറും ഉണ്ടായിരുന്നു .. ജോർജ്ജ് കുട്ടിയെ കണ്ടതോടെ അവരുടെയെല്ലാം ഭാവങ്ങൾ മാറി മറഞ്ഞു ..

ഐ.ജി :- 'ജോർജ്ജ് കുട്ടീ.. കോടതിയിൽ ജയിച്ച വീമ്പ് ഇവിടെ കാണിക്കാൻ വരണ്ടാ .. ഈ കേസ് ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് ..ഒന്നും തീർന്നെന്ന് നീ കരുതണ്ട .."

അവർക്ക് നേരെ കൈ തൊഴുത് കൊണ്ട് ജോർജ്ജ് കുട്ടി; "സാർ ..ഞാൻ പറഞ്ഞത് സത്യമാണ് .. വരുണിനെ അവിടെ തന്നെയാണ് ഞാൻ ..."

പറഞ്ഞു മുഴുമിക്കും മുൻപേ ഐജി ജോർജ്ജ് കുട്ടിയെ ചവിട്ടി വീഴ്ത്തി ..

പ്രഭാകർ അയാളെ പിടിച്ചു മാറ്റിയ ശേഷം ജോർജ്ജ് കുട്ടിയോട് :- 'മതി ജോർജ്ജ് കുട്ടീ .. എല്ലാം മതി .. ഞങ്ങളുടെ മകനെയും കൊന്നു ..അവന്റെ മൃതദേഹത്തേയും ഇല്ലാതാക്കി..ഇനിയും എങ്ങോട്ടേക്കാണ് നിനക്കും നിന്റെ കുടുംബത്തിനും ഞങ്ങളെ ജയിച്ചു കയറേണ്ടത് ?? "


ആരും വിശ്വസിക്കാത്ത സാഹചര്യത്തിൽ ..അത്ര കാലം പോലീസിനോട് പറഞ്ഞിട്ടുള്ള നുണകളെല്ലാം തിരുത്തിപ്പറയാൻ ജോർജ്ജ് കുട്ടി തയ്യാറായി...
ജോർജ്ജ് കുട്ടിയെ ആ ഘട്ടത്തിൽ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ അവർ അയാളെ മുഴുവനായും കേട്ടു...

ഇപ്പോൾ മുതൽ വരുണിന്റെ ബോഡിക്ക് എന്ത് സംഭവിച്ചു എന്നറിയേണ്ടത് പോലീസിനേക്കാൾ ജോർജ്ജ് കുട്ടിയുടെ കൂടി ആവശ്യമായി മാറുകയാണ് ..

ഗീതയേയും പ്രഭാകറിനെയും മാറ്റി നിർത്തി കൊണ്ട് ഐ.ജി : " ഈ കേസ് മറ്റൊരു ദിശയിലേക്ക് പോകുകയാണ് .. ഒരു പക്ഷേ ഞാൻ നേരത്തെ പറഞ്ഞ പോലെ ഒരിക്കലും തീരാത്ത രീതിയിൽ ..ജോർജ്ജ് കുട്ടിയെ നമുക്ക് വിശ്വസിച്ചേ മതിയാകൂ ..കാരണം അയാൾക്ക് നേരെ ഇനി ഒരു കേസെടുക്കാൻ നമ്മുടെ കയ്യിൽ വകുപ്പില്ല .. അതിനുള്ള ഹൈക്കോടതി വിധി അയാൾക്ക് ഈസിയായി വാങ്ങിയെടുക്കാം .. എന്നിട്ടും അയാൾ നമ്മളെ തേടി വന്നു ഇത്രയും പറഞ്ഞെങ്കിൽ ...I think he is genuine now .. "

തോമസ് ബാസ്റ്റിൻ പറയുന്നത് മനസ്സിലാക്കി കൊണ്ട് ശരി വക്കുന്ന പ്രഭാകറും ഗീതയും അയാളെ തന്നെ ശ്രദ്ധിക്കുന്നു ..

ഐജി : " ഇത്രയും കാലം പേർസണൽ മിഷനായിട്ടാണ് വരുൺ കേസിൽ ഞാൻ ഇടപ്പെട്ടതെങ്കിൽ ഇനിയങ്ങോട്ടേക്ക് അത് മതിയാകില്ല .. see how the personal mission turns to official .. വരുണിന്റെതെന്നു പറഞ്ഞു കൊണ്ട് ഹാജരാക്കപ്പെട്ട അസ്ഥികൂടം ആരുടേത് ? അയാളെ കൊന്നതാര് ? വരുണിന്റെ ബോഡി അയാൾ എന്ത് ചെയ്തു ? എന്തിനത് ചെയ്തു ? "

Cut to Flash Back

വർഷങ്ങൾക്ക് മുൻപ് ..

വരുണിന്റെ ബോഡി കണക്ക് കൂട്ടിയ പ്രകാരം പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ശേഷം നടന്നു നീങ്ങുന്ന ജോർജ്ജ് കുട്ടി ..ജോർജ്ജ് കുട്ടി നടന്നു നീങ്ങുന്നത് അബദ്ധ വശാൽ കാണുന്ന ജോസ് ..

ജോർജ്ജ് കുട്ടിയേയും ജോസിനെയും ഒരു പോലെ രഹസ്യമായി നിരീക്ഷിക്കുന്ന മറ്റൊരാൾ .. അയാളുടെ മുഖം കാണുന്നില്ല ..പകരം കൈയ്യുറകളിലെ ചോരക്കറയും ബൂട്ടിലെ ചളിയും കാഴ്ചയിൽ ..

ജോർജ്ജ് കുട്ടിയും ജോസും പോയ ശേഷം അയാൾ പോലീസ് സ്റ്റേഷനിലേക്ക് കയറുന്നു ..പിന്നീട് ആ കുഴിയിൽ നിന്ന് വരുണിന്റെ ബോഡി പുറത്തെടുക്കുന്നു .. പകരം അയാൾ കൊണ്ട് വന്ന ഒരു ചാക്ക് അതേ കുഴിയിലിടുന്നു ..വരുണിന്റെ ബോഡി വലിയ കറുത്ത കവറിലേക്ക് മാറ്റിയ ശേഷം അതും ചുമന്ന് കൊണ്ട് അയാൾ നടന്നു നീങ്ങുന്നു .. ദൂരെ റബ്ബർ എസ്റ്റേറ്റിന്റെ താഴെ ഒരു വണ്ടി കിടപ്പുണ്ടായിരുന്നു ..വരുണിന്റെ ബോഡി വണ്ടിയുടെ ഡിക്കിയിലേക്ക് എടുത്തിട്ട ശേഷം ഇരുളിലേക്ക് മറയുന്ന ആ വണ്ടിയുടെ ചുവപ്പ് ലൈറ്റ് ..

Cut to present

ഐജി : " ഒരു ഇമേജിനേഷൻ ആണ് .. ജോർജ്ജ് കുട്ടിയേക്കാൾ മുന്നേ ജോർജ്ജ് കുട്ടി ചിന്തിച്ച പോലെ ബോഡി അവിടെ അടക്കാൻ വന്ന ആൾ.. പക്ഷെ വരുണിന്റെ ബോഡിയുടെ കൂടെ തന്റെ കയ്യിലെ ബോഡി അടക്കാൻ അയാൾ ആഗ്രഹിക്കുന്നുമില്ല ..അതിനർത്ഥം വരുണിന്റെ ബോഡി കൊണ്ട് അയാൾക്കെന്തോ പ്ലാൻ ഉണ്ടെന്നാണ് .. അതുമല്ലെങ്കിൽ വരുണിന്റെ ബോഡി പോലീസ് സ്റ്റേഷനിലെ പോലെ സേഫ് ആയൊരു സ്ഥലത്ത് അടക്കാൻ അയാൾ എന്ത് കൊണ്ട് ആഗ്രഹിച്ചില്ല ..ആരാണയാൾ ..എന്തിനിത് ചെയ്തു ..ചോദ്യങ്ങൾ ഒരുപാടുണ്ട് .. "

ഈ അന്വേഷണത്തിൽ ആരെക്കാളും കൂടുതൽ പോലീസിനെ സഹായിക്കാൻ സാധിക്കുക ജോർജ്ജ് കുട്ടിക്കാണ് ...ഒരു ഘട്ടത്തിൽ സമർത്ഥമായി മൂടി വക്കാൻ ജോർജ്ജ് കുട്ടി ശ്രമിച്ച അതേ കേസിൽ ജോർജ്ജ് കുട്ടിക്ക് തന്നെ പലതും കണ്ടെത്തേണ്ടി വരുന്നത് കാലം അയാൾക്ക് കരുതി വച്ച ശിക്ഷയാകുമോ ?

Coming Soon ..ദൃശ്യം 3 !!

-pravin-

Saturday, February 20, 2021

വീണ്ടും 'ദൃശ്യ' വിസ്മയം !!



വരുണിന്റെ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ജോർജ്ജ് കുട്ടി ആ കേസിൽ നടത്തിയ കളികളും നമ്മൾ കണ്ടതാണ്. അവിടെ നിന്ന് തന്നെയാണ് ദൃശ്യം 2 തുടങ്ങുന്നത്.

പോലീസിനെ വെട്ടിലാക്കിയ ആ കേസ് വീണ്ടും അന്വേഷണ വിധേയമായാൽ എന്തൊക്കെ സംഭവിക്കാം എന്ന ചിന്ത തന്നെയാണ് 'ദൃശ്യം 2' ന് ആധാരമായതെങ്കിലും അത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിലേക്ക് പടർത്തി എഴുതുക എന്നത് ശ്രമകരമായ ദൗത്യമാണ്. ജിത്തു ജോസഫ് ആ ദൗത്യത്തെ പൂർവ്വാധികം ഭംഗിയോടെ ഏറ്റെടുത്തു വിജയിപ്പിച്ചു എന്ന് പറയാം.

ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം വരുമെങ്കിൽ കഥ എങ്ങിനെയൊക്കെ മാറിമറയാം എന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ നടന്നിരുന്നു. അതുമായൊന്നും ചേർത്ത് വായിക്കാനോ ചിന്തിക്കാനോ സാധ്യമല്ലാത്ത വിധം അടിമുടി ത്രില്ലോടെയാണ് ജിത്തു ജോസഫ് 'ദൃശ്യം 2' വിനെ ഒരുക്കിയിരിക്കുന്നത്.

മുരളി ഗോപിയുടെയും സായ്കുമാറിന്റെയുമടക്കമുള്ള വലുതും ചെറുതുമായ പുതിയ കഥാപാത്രങ്ങളൊക്കെയും തന്നെ രണ്ടാം ഭാഗത്തിന്റെ മാറ്റു കൂട്ടി. പോലീസ് vs ജോർജ്ജ് കുട്ടി എന്ന ഫോർമുലയെ വീണ്ടും സമർത്ഥമായി ഉപയോഗിക്കാൻ ജിത്തു ജോസഫിന് സാധിച്ചു.

നമ്മൾ അറിഞ്ഞു വക്കുന്നതോ വിശ്വസിക്കുന്നതോ കാണുന്നതോ പോലുമാകില്ല യഥാർത്ഥ സത്യം എന്ന് ചിന്തിപ്പിക്കുന്നു ദൃശ്യം 2.

ആകെ മൊത്തം ടോട്ടൽ = ഒന്നാം പതിപ്പിനോട് നീതി പുലർത്തിയ രണ്ടാം ഭാഗം എന്നല്ല ആദ്യത്തേതിനേക്കാൾ മികച്ച ഒരു തിരക്കഥയും ക്ലൈമാക്‌സുമുള്ള സിനിമ എന്ന നിലക്ക് തന്നെയായിരിക്കും ദൃശ്യം 2 വിലയിരുത്തപ്പെടുക.

*വിധി മാർക്ക് = 8/10

-pravin-

Tuesday, February 9, 2021

Actor vs Director !!


ഒരു സിനിമയിൽ സംവിധായകനാണോ നടനാണോ മുൻതൂക്കം എന്ന ചോദ്യത്തിന് സംവിധായകൻ എന്ന് പറയാനാണ് പ്രേക്ഷകൻ എന്ന നിലക്ക് എനിക്കിഷ്ടം .എന്നാൽ ഇതേ ചോദ്യം ഒരു പ്രഗത്ഭനായ സംവിധായകനെയും സൂപ്പർ താരത്തെയും ഒരേ വേദിയിലിരുത്തി കൊണ്ട് ചോദിച്ചാൽ അവർ ആ ചോദ്യത്തെ എങ്ങിനെ നേരിടും ? ഈ ഒരു ചോദ്യത്തിനെ തന്നെയാണ് AK vs AK യിൽ അനുരാഗ് കശ്യപിനെയും അനിൽ കപൂറിനേയും മുൻനിർത്തി കൊണ്ട് പ്രശ്നവത്ക്കരിക്കുന്നത്.

ഒരു ടിപ്പിക്കൽ കഥയിലെ രണ്ടു കഥാപാത്രങ്ങളെന്ന പോലെ അവതരിപ്പിച്ചാൽ പ്രത്യേകിച്ച് പുതുമയൊന്നും അനുഭവപ്പെടാതെ പോകുമായിരുന്ന ഒരു സാഹചര്യത്തെയാണ് സാക്ഷാൽ അനിൽ കപൂറിനേയും അനുരാഗ് കശ്യപിനെയും ഉപയോഗിച്ച് കൊണ്ട് വിക്രമാദിത്യ മോത് വാനെ അതി സമർത്ഥമായി പറഞ്ഞവതരിപ്പിച്ചത്.
ഒരേ സമയം റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുകയും, ഇങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയിപ്പിക്കുകയും ചെയ്യുന്ന സിനിമ തന്നെ എന്ത് കൊണ്ട് അങ്ങിനെയൊക്കെ സംഭവിച്ചു കൂടാ എന്ന് തിരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു .


ബോളുവുഡിലെ സിനിമാ പകിട്ടും രാഷ്ട്രീയവും കുതന്ത്രങ്ങളും ഈഗോ ക്ലാഷുകളും പകയും പകപോക്കലുമൊക്കെ പച്ചക്ക് തുറന്നു പറയുന്നത് പോലെയുള്ള അവതരണ ശൈലിയിൽ തന്നെയാണ് പ്രേക്ഷകർ വീണു പോകുന്നത്.
സംവിധായകനും താരത്തിനുമിടയിലെ അഭിപ്രായപരമായ തർക്കം പിന്നീട് ഒരു യുദ്ധത്തിലേക്കെന്ന പോലെ വഴി മാറി പോകുന്ന ഘട്ടത്തിൽ കാഴ്ചക്കാർ ത്രില്ലടിക്കുകയാണ്.
അനിൽ കപൂർ എന്ന താരത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും മക്കളിലേക്കുമൊക്കെ കാമറ പോകുമ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള പൊതു ജനത്തിന്റെ അതേ കൗതുകം പ്രേക്ഷകർക്കും കിട്ടുന്നു. എത്ര വലിയ സൂപ്പർ താരമായാലും അവരുടെയൊക്കെ നിസ്സഹായതകളെ അനായാസേന ചൂഷണം ചെയ്യാൻ പൊതുജനത്തിന് സാധിക്കും എന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് AK vs AK.

ആകെ മൊത്തം ടോട്ടൽ = അനിൽ കപൂറും അനുരാഗ് കശ്യപും തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അവരെ പോലെ രണ്ടു പേര് ഈ സിനിമയുടെ ഭാഗമായില്ലായിരുന്നെങ്കിൽ AK vs AK ക്ക് ഇത്രത്തോളം ആസ്വാദനമുണ്ടാകില്ലായിരുന്നു.

*വിധി മാർക്ക് = 6.5/10

-pravin-

Sunday, January 31, 2021

ഭവാനിയുടെ 'മാസ്റ്റർ' !!


ഒരു ലോകേഷ് കനഗരാജ് പടമെന്ന നിലക്ക് പറയാൻ വിശേഷിച്ച് ഒന്നുമില്ലെങ്കിലും ഒരു മാസ്സ് പടമെന്ന നിലക്ക് തൃപ്തിപ്പെടുത്തി മാസ്റ്റർ.

വിജയുടെ മാസ്റ്ററേക്കാൾ വിജയ് സേതുപതിയുടെ ഭവാനി തന്നെയാണ് 'മാസ്റ്ററി'ന്റെ ഹൈലൈറ്റ് എന്ന് പറയാം.
വിജയ് എന്ന താരത്തെ ആഘോഷിക്കുകയും വിജയ് സേതുപതിയെന്ന നടനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നിലക്കാണ് മാസ്റ്ററിന്റെ ഓരോ കാഴ്ചകളും ലോകേഷ് ഒരുക്കിയിരിക്കുന്നത്.
അനിരുദ്ധിന്റെ ബിജിഎം രണ്ടു കഥാപാത്രങ്ങൾക്കും സെമ്മ മാസ്സ് ഫീൽ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = കഥയേക്കാൾ, തുല്യ ശക്തിയുള്ള രണ്ടു കഥാപാത്രങ്ങളെയാണ് 'മാസ്റ്റർ' കൊണ്ടാടുന്നത്. ആ സെൻസിൽ കാണാൻ സാധിച്ചാൽ അത് തന്നെയാണ് മാസ്റ്ററിന്റെ ആസ്വാദനം.

*വിധി മാർക്ക് = 6.5/10
-pravin-

Monday, January 25, 2021

ഹൃദ്യമാണ് 'തൃഭംഗ' !!


മൂന്ന് തലമുറയിൽപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് 'തൃഭംഗ' വിവരിക്കുന്നത്. ചലിക്കുന്ന ശിൽപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീസി നൃത്തത്തിലെ ഒരു ബോഡി പോസാണ് തൃഭംഗ. സിനിമയിലെ മൂന്ന് സ്ത്രീ വ്യക്തിത്വങ്ങളെയും തൃഭംഗയിലെ മൂന്ന് വ്യത്യസ്ത ബോഡി പോസുകളിലൂടെ പരിചയപ്പെടുത്തുന്ന ഒരു സീനുണ്ട്.

മൂന്ന് തലമുറയിലെ സ്ത്രീകൾ എന്നതിനൊപ്പം അവർ മൂന്ന് തലമുറയിൽ പെടുന്ന അമ്മമാരും മക്കളുമാണ്. അമ്മയ്ക്കും മകൾക്കും കൊച്ചു മകൾക്കും ഇടയിലെ സ്നേഹ ബന്ധവും അകൽച്ചയും, അവരുടെ കാഴ്ചപ്പാടുകൾ തമ്മിലുള്ള പൊരുത്തക്കേടുകളും അതിലെ സങ്കീർണ്ണതകളുമൊക്കെ നയൻ-അനു-മാഷ എന്നീ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം. 

പറഞ്ഞു പോകാൻ വലിയ ഒരു കഥയില്ലാത്ത എന്നാൽ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമയാണ് 'തൃഭംഗ'. വ്യവസ്ഥാപിതമായ കുടുംബ / സമൂഹ നിയമങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെ മുൻ നിർത്തി കൊണ്ട് തന്നെ അവരുടെ കാഴ്ചപ്പാടുകളെ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്. 


എല്ലാം തികഞ്ഞവർ അല്ലാതിരുന്നിട്ടും അവരവരുടെ ജീവിതത്തെ അവരവരുടെ രീതിയിൽ സ്വതന്ത്രമായി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്ത സ്ത്രീ കഥാപാത്രങ്ങളാണ് നയൻ-അനു-മാഷ മാർ. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിൽ ശരിയും മറ്റൊരാളുടെ കാഴ്ചപ്പാടിൽ തെറ്റുമായി വിലയിരുത്തപ്പെടുന്നത് കൊണ്ട് അവർക്കിടയിലെ ശരി തെറ്റുകൾക്ക് പ്രസക്തിയില്ലാതാകുന്നു. തൻവി ആസ്മിയും, കാജോളും, മിഥിലയുമൊക്കെ നയൻ-അനു-മാഷ മാരുടെ വേഷത്തിൽ ഗംഭീരമായി തന്നെ പകർന്നാടിയിട്ടുണ്ട് സിനിമയിൽ. 

ജീവിതത്തിലെ തിരഞ്ഞെടുക്കലുകളിൽ നമുക്ക് ഒരു റോളുമില്ലായിരുന്നു എന്ന് അനു പറയുമ്പോൾ കഥാപാത്രത്തിനപ്പുറം അതൊരു ചോദ്യമായി പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിക്കൂടുന്നുണ്ട്. നമ്മൾ തിരഞ്ഞെടുത്തത് എന്ന് നമുക്ക് തോന്നുന്ന പലതും മറ്റാരുടെയൊക്കെയോ തീരുമാനങ്ങൾ കൂടിയായിരുന്നെന്ന് ബോധ്യപ്പെടുന്നുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = പാഷനും പ്രൊഫഷനും കാഴ്ചപ്പാടുകളുമൊക്കെ കൊണ്ട് സ്വന്തം കുടുംബ ജീവിതത്തിലും മക്കളുടെ മനസ്സിലും സമൂഹത്തിലുമൊക്കെ വ്യത്യസ്ത വ്യക്തിത്വങ്ങളായി മാറി ഒടുക്കം പൂർണ്ണതയില്ലാത്തവരായി അവസാനിച്ചു പോയ പലരെയും ഓർമ്മപ്പെടുത്തി 'തൃഭംഗ'. ഒരർത്ഥത്തിൽ ആ അപൂർണ്ണത തന്നെയാണ് അങ്ങിനെ ചിലരെ മനോഹരമായി ഇന്നും ഓർമ്മിപ്പിക്കുന്നത്. ആ അപൂർണ്ണതയുടെ ഭംഗി തന്നെയാണ് 'തൃഭംഗ'യുടെ ആസ്വാദനവും. 

*വിധി മാർക്ക് = 7/10 

-pravin- 

Thursday, January 14, 2021

'ചാർലി'യുടെ ആത്മാവ് നഷ്ടപ്പെട്ട 'മാരാ' !!


ആരെയും പിടിച്ചിരുത്തുന്ന ഒരു കെട്ടു കഥയും ഒരു ഫാന്റസി ത്രില്ലറിന്റെ മൂഡുണ്ടാക്കുന്ന അവതരണവുമൊക്കെ കൂടി ഗംഭീരമായൊരു തുടക്കമായിരുന്നു 'മാരാ' യുടേത്. എന്നാൽ ചാർലിയെ നെഞ്ചിലേറ്റിയ മലയാളിക്ക് മാരനെ അതേയിടത്ത് ഉൾക്കൊള്ളാനാകില്ല എന്ന് കട്ടായം പറയാം. 

'ചാർലി' യുടെ റീമെയ്ക് എന്ന വിശേഷണമുണ്ടെങ്കിലും ചാർലിയെ അതേ പടി അവതരിപ്പിക്കുന്ന സിനിമയല്ല 'മാരാ'. ചാർലിയും മാരനും ഒരു പോലെയുള്ള കഥാസാഹചര്യങ്ങളിൽ തീർത്തും വ്യത്യസ്തരായ രണ്ടു പേരായി മാറുകയാണ്. പോസിറ്റിവിറ്റി മാത്രം തന്ന് ചിരിച്ചിരുന്ന ചാർലി മാരനിലേക്ക് എത്തുമ്പോൾ സങ്കടപ്പെടുന്നവനും കരയുന്നവനും നിസ്സഹായാനയുമൊക്കെയായി മാറി മറയുന്നു. ചാർലി മാത്രമല്ല ചാർലിക്കൊപ്പം നമ്മൾ കണ്ട ആഴമുള്ള കഥാപാത്രങ്ങൾ പോലും ഒന്നും അനുഭവപ്പെടുത്താതെ 'മാരാ'യിൽ വെറുതെ വന്നു പോകുന്നു. 

സെൽവി ആയി അഭിരാമി വരുമ്പോൾ കൽപ്പനയും ക്വീൻ മേരിയും ഒരു പോലെ സങ്കടമായി മനസ്സിൽ നിറഞ്ഞു. മേരി എന്നല്ല ചാർലിയിലെ ഏതൊരു കഥാപാത്രത്തെയും മാറ്റി അവതരിപ്പിക്കാൻ പരിധിയും പരിമിതികളുമുണ്ട് എന്ന് ബോധ്യപ്പെടുത്തി തരുന്നു 'മാരാ'. 

ചാർലിയെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ള ശൈലിയും, അയാളുടെ മാനറിസങ്ങളും, അയാളെ കുറിച്ചുള്ള മറ്റുള്ളവരുടെ വിവരങ്ങളും, അയാളുടെ താമസ സ്ഥലവും, അയാൾക്ക് ചുറ്റിലുമുള്ളവരും അങ്ങിനെ എല്ലാം കൂടി ചേരുമ്പോൾ സ്വാഭാവികമായിട്ടാണ് ചാർലി എന്ന സിനിമക്ക് ഒരു ഫാന്റസി മൂഡ് വരുന്നതെങ്കിൽ 'മാരാ'യിൽ അതൊരു കെട്ടുകഥയിലൂടെ ആദ്യമേ ഉണ്ടാക്കിയെടുക്കയാണ്. ആ തുടക്കം നന്നായെന്നു തോന്നുമ്പോഴും 'മാരാ'യുടെ പിന്നീടുള്ള കാഴ്ചകളെ ത്രസിപ്പിക്കാൻ ആ കെട്ടുകഥക്ക് സാധിക്കാതെ പോകുന്നു. 

തനിക്ക് പിന്നാലെയുള്ള ടെസ്സയുടെ അന്വേഷണവും യാത്രയും അവളുടെ ആകാംക്ഷയും പ്രണയവുമൊക്കെ ചാർലി അറിയുമ്പോഴും അയാൾ അവൾക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവിടെ ഒരേ സമയം ടെസ്സയും ചാർളിയും നമ്മളെ രണ്ടു വിധത്തിൽ ത്രില്ലടിപ്പിക്കുന്നുണ്ട്. മാരന്റെ കാര്യത്തിൽ അയാൾക്ക് പാറുവിനെയോ അവളുടെ പ്രണയത്തെയോ അറിയാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ചാർലി- ടെസ്സ ക്കിടയിലെ പ്രണയ രസതന്ത്രം മാരാ- പാറു വിലൂടെ അനുഭവപ്പെടാതെയും പോകുന്നു. പകരം ചാർലിയിലെ കുഞ്ഞപ്പന്റെ നഷ്ടപ്രണയത്തെ വെള്ളയ്യയുടെ പ്രണയക്കടലാക്കി മാറ്റുകയാണ് 'മാരാ'. 


സ്വന്തം ആത്മാവ് ഒരു മീനിനുള്ളിലാക്കി സൂക്ഷിച്ച പട്ടാളക്കാരന്റെ കഥയിൽ അയാൾക്ക് ഒരു ഘട്ടത്തിൽ മീനിനെ നഷ്ടപ്പെടുന്നുണ്ട്. മീനെന്നാൽ സ്വന്തം ആത്മാവ്. അതിനെ തേടിയുള്ള അയാളുടെ അന്വേഷണം കടലിൽ വന്നെത്തി നിക്കുന്നിടത്താണ് 'മാരാ'യുടെ ടൈറ്റിൽ തെളിയുന്നത്. പട്ടാളക്കാരന് പിന്നീട് ആ മീനിനെ എങ്ങിനെ കിട്ടി എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന്റെ നനഞ്ഞ ഉത്തരം പോലെ തന്നെയാണ് സിനിമയുടെ ആസ്വാദനവും. 

ആകെ മൊത്തം ടോട്ടൽ = ചാർലിയിൽ നിന്ന് തുടങ്ങുകയും പിന്നീട് ഒരു ഘട്ടത്തിൽ ചാർലിയുടെ ആത്മാവ് പോലും നഷ്ടപ്പെട്ട് മറ്റൊരു തരത്തിൽ പറഞ്ഞവസാനിപ്പിക്കുകയും ചെയ്ത ഒരു ശരാശരി സിനിമ.  ചാർലി കാണാതെ മാരാ കാണുന്നവർ ഉണ്ടെങ്കിൽ അവർക്കായിരിക്കും മാരായെ കുറച്ചു കൂടി നന്നായി ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാകുക. അല്ലാത്തവരെ സംബന്ധിച്ച് ആർട്ട് വർക്കും, പാട്ടും, ഛായാഗ്രഹണവും മാത്രമാണ് തൃപ്‍തി നൽകുക. 

വിധി മാർക്ക് = 6/10 

-pravin- 

Thursday, January 7, 2021

നിർഭയ കേസും ഡൽഹി പോലീസും !!


മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടും കേട്ടും വായിച്ചുമറിഞ്ഞ നിർഭയ കേസും അതിന്റെ നാൾ വഴികളുമൊക്കെ ഒരു വെബ് സീരീസിലൂടെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പറഞ്ഞവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല .. ആ വെല്ലു വിളിയെ 'ഡൽഹി ക്രൈമി'ലൂടെ ഗംഭീരമായി തന്നെ ഏറ്റെടുത്തു വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകൻ റിച്ചി മെഹ്ത്തക്ക് . 

നിർഭയയുടെ ഓർമ്മകളിൽ കാണുന്നത് കൊണ്ട് മാത്രമല്ല, സമാനതകളില്ലാത്ത ക്രൂരതകൾക്ക് ഇന്നും പെൺകുട്ടികൾ ഇരയായി കൊണ്ടിരിക്കുന്നല്ലോ എന്ന യാഥാർഥ്യം കൂടി ഉൾക്കൊണ്ട് കാണുമ്പോൾ എന്തെന്നില്ലാത്ത പിരിമുറുക്കവും അമർഷവും സങ്കടവുമൊക്കെ അനുഭവപ്പെടുന്നുണ്ട് 'ഡൽഹി ക്രൈമി'ൽ. 


ഇരയുടെ ഭാഗത്ത് നിന്നുള്ള കഥ പറച്ചിൽ അല്ല മറിച്ച് ഇരയുടെ നീതിക്ക് വേണ്ടി പോലീസ് നടത്തുന്ന ശക്തമായ ഇടപെടലുകൾ ആണ് ഡൽഹി ക്രൈമിന്റെ പ്രധാന കാഴ്ച. പോലീസിന്റെ നിയമ ബോധവും മാനുഷികതയുമൊക്കെ ഇത്തരം കേസുകളിൽ എത്രത്തോളം അനിവാര്യമാണ് എന്ന് ബോധ്യപ്പെടുത്താൻ തീവ്രമായി തന്നെ ശ്രമിക്കുന്നുണ്ട് സംവിധായകൻ. 

2012 ൽ ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ വാർത്ത പുറത്തു വന്ന സമയത്ത് ഡൽഹി പോലീസ് പ്രതിക്കൂട്ടിലായെങ്കിലും പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവർ നടത്തിയ ഇടപെടലുകൾ തന്നെയാണ് നിർഭയ കേസിലെ കുറ്റവാളികൾക്ക് തൂക്കു കയർ ഉറപ്പിച്ചു കൊടുത്തത്. 

ഡൽഹി പോലീസിന്റെ മഹത്വവത്ക്കരണമാണ് വെബ് സീരീസിലുടനീളമുള്ളത് എന്ന വിമർശനങ്ങൾക്ക് സാധ്യത നൽകുമ്പോഴും നിർഭയ കേസിന്റെ കാലയളവിൽ ഔദ്യോഗികപരമായും രാഷ്ട്രീയപരമായും വ്യക്തിപരമായുമൊക്കെ ആ കേസ് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മാനസിക സമ്മർദ്ദങ്ങൾ എത്ര വലുതായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് 'ഡൽഹി ക്രൈമി'ലെ DCP വർതിക ചതുർവേദിയും, ഇൻസ്‌പെക്ടർ ഭൂപേന്ദ്രയുമടക്കമുള്ള കഥാപത്രങ്ങൾ. 

നിർഭയ കേസിൽ എന്തൊക്കെ സംഭവിച്ചു എന്ന് അറിഞ്ഞിട്ടും 'ഡൽഹി ക്രൈമി'ലെ 7 എപ്പിസോഡുകളും ഉദ്വേഗഭരിതമാക്കി മാറ്റിയത് സ്ക്രിപ്റ്റിങ്ങിന്റെ കെട്ടുറപ്പ് കൊണ്ട് കൂടിയാണ്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്‌പേസ് നൽകിയതാടൊപ്പം നടീനടന്മാരുടെ പ്രകടനങ്ങളും കൂടിയായപ്പോൾ Delhi Crime കൂടുതൽ മികവുറ്റതായി മാറി. 

ആകെ മൊത്തം ടോട്ടൽ = A must watch web series. 

*വിധി മാർക്ക് = 8.5/10

-pravin-

Saturday, December 26, 2020

Torbaaz


അഫ്ഗാനിസ്ഥാനിൽ കുട്ടികളെ ചാവേറാക്കി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്ന വാർത്തകൾ വായിച്ചിട്ടുണ്ട്. കുട്ടികളെ നിർബന്ധിതമായി തന്നെ ഇത്തരം കാര്യങ്ങൾക്ക് ഭീകര സംഘടനകൾ പിടിച്ചു കൊണ്ട് പോകാറുണ്ട്.. അഫ്ഗാനിസ്ഥാനിലെ ഇത്തരം കുട്ടികളുടെ ജീവിതത്തെ പറ്റിയുള്ള ഒരു സിനിമ എന്ന നിലക്ക് Torbaaz ശ്രദ്ധേയമായി തോന്നിയെങ്കിലും തിരക്കഥാപരമായും അവതരണപരമായും ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല. 

സഞ്ജയ് ദത്തും നർഗിസ് ഫഖ്‌രിയുമടക്കമുള്ളവരുടെ കഥാപാത്രങ്ങൾക്ക് പോലും ഏതെങ്കിലും തരത്തിലുള്ള മികവറിയിക്കാൻ സാധിച്ചില്ല. പഷ്തൂൺ വിഭാഗവും ഹസാറ വിഭാഗവും തമ്മിലുള്ള ശത്രുതയും ഇതിനിടയിലെ താലിബാന്റെ മുതലെടുപ്പുകളുമൊക്കെ സിനിമയിലൂടെ പോകുന്നുണ്ടെങ്കിലും ഒരു സീനിൽ പോലും കഥാപാത്രങ്ങളുടെ സാഹചര്യങ്ങളോ അവരുടെ പ്രശ്നങ്ങളോ ഒന്നും തന്നെ പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. 

ചാവേറാകാനും പൊട്ടിത്തെറിക്കാനും തയ്യാറായി നടക്കുന്ന കുട്ടികളെ ക്രിക്കറ്റ് കളിയിലൂടെ നന്നാക്കാൻ ശ്രമിക്കുന്ന ആശയമൊക്കെ അങ്ങേയറ്റം ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് കളി സിനിമയുടെ പ്രധാന ഭാഗമായപ്പോൾ ലഗാന്റെ മറ്റൊരു പതിപ്പാക്കാനാണോ സംവിധായകൻ ശ്രമിക്കുന്നത് എന്ന് പോലും തോന്നിപ്പോയി. 

ആകെ മൊത്തം ടോട്ടൽ = പറയാൻ നല്ലൊരു വിഷയം കിട്ടിയിട്ടും അവതരണം കൊണ്ട്  നിരാശപ്പെടുത്തിയ സിനിമ. 

*വിധി മാർക്ക് =4/10 

-pravin- 

Wednesday, December 23, 2020

സത്താർ എന്ന തങ്കം !!


ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതത്തെയും പ്രണയത്തെയുമൊക്കെ ഇത്ര ആഴത്തിൽ ഒരു നോവായി ഇതിന് മുൻപ് എവിടെയും അവതരിപ്പിച്ചു കണ്ടിട്ടില്ല. സത്താർ.. നീ ഹൃദയത്തിലെ മുറിവായി ഇപ്പോഴും ചോര പൊടിക്കുന്നു.

നിഷ്ക്കളങ്കവും അതി തീവ്രവുമായിരുന്നു ശരവണനോടുള്ള സത്താറിന്റെ പ്രണയം..അത് കൊണ്ട് തന്നെയാകാം തന്റെ പ്രണയം നിരാകരിക്കപ്പെട്ടിട്ടും അവനോടുള്ള സത്താറിന്റെ സ്നേഹം പുഴ പോലെ ഒഴുകി കൊണ്ടേയിരുന്നത്. 


പ്രണയം നിരാകരിക്കപ്പെടുമ്പോൾ സത്താർ വിഷമിക്കുന്നുണ്ട്. തന്റെ പെങ്ങളോടാണ് ശരവണനു പ്രണയമെന്നു മനസ്സിലാകുമ്പോൾ അവൻ ആദ്യം പരിഭവപ്പെടുകയും പിന്നീട് അവരുടെ പ്രണയത്തെ അംഗീകരിക്കുകയും ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. 

സ്വന്തം പ്രണയത്തെ അവൻ എവിടെ കുഴിച്ചു മൂടിയിരിക്കാം എന്ന് ചിന്തിച്ചു പോകുന്ന സമയത്ത് തന്നെയാണ് ശരവണനോടുള്ള വിട പറയൽ രംഗത്ത് കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ഉള്ളു തുറക്കുന്നത് ..അപ്പോൾ തന്നെയാണ് ശരവണൻ പോലും അവനെ അത്ര മേൽ അറിയുന്നതും സ്നേഹിച്ചു പോകുന്നതും. 

അത് എന്തൊരു കെട്ടിപ്പിടിത്തമായിരുന്നു എന്നോർക്കാൻ വയ്യ. സ്‌ക്രീൻ കാഴ്ചകൾക്ക്‌ അപ്പുറം സത്താറിനെ നമ്മളും മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു പോകുന്നുണ്ട് ആ സീനിൽ. 

ആരുമറിയാതെ പോയ സത്താറിന്റെ സ്വപ്നങ്ങൾക്കും നോവുകൾക്കുമൊക്കെ എന്നും ആ പുഴ സാക്ഷിയായിരുന്നു. അത് കൊണ്ട് തന്നെയാകാം സത്താറിന്റെ പ്രണയവും വിരഹവും ത്യാഗവുമൊക്കെ ആ പുഴയിൽ തന്നെ അലിഞ്ഞു ചേർന്നു പോയത്. ശരവണൻ അത് ഒടുക്കം തിരിച്ചറിയുന്നുണ്ട്.

സത്താറിന്റെ തങ്കമായിരുന്നു താനെന്നു ശരവണനു ബോധ്യപ്പെടുന്ന അതേ സമയത്ത് സത്താർ പ്രേക്ഷകരുടെ തങ്കമായി മാറുന്നു. തനി തങ്കം !! 

Thank You Sudha Kongara and Kalidas .. സത്താർ എന്ന തങ്കത്തെ ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു തന്നതിന്. 

-pravin- 

Sunday, December 13, 2020

The Skin I Live In (La piel que habito )


എത്രത്തോളം വന്യമാണ് മനുഷ്യ മനസ്സുകളെന്ന് ബോധ്യപ്പെടുത്തുന്ന ഒരു സ്പാനിഷ് സിനിമ യാണ് 2011 ൽ റിലീസായ The Skin I Live In.

സ്വന്തം മകളെ റേപ് ചെയ്തവനോടുള്ള ഒരു അച്ഛന്റെ പ്രതികാരത്തിന് മാനസിക പിന്തുണ നൽകുന്ന അതേ പ്രേക്ഷകർ തന്നെ പിന്നീട് ഒരു ഘട്ടത്തിൽ ആ അച്ഛന്റെ പ്രതികാര രീതികളെയും അയാളുടെ മനസികനിലയേയും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുന്നു.

പ്രതികാര ദൗത്യങ്ങളുടെ സകല പരിധികളെയും മറന്നു കൊണ്ട് ഒരു മനുഷ്യൻ മൃഗമായി മാറുമ്പോൾ നായക പ്രതിനായക സങ്കൽപ്പങ്ങളെല്ലാം പൊളിഞ്ഞു വീഴുകയാണ്. 

ആകെ മൊത്തം ടോട്ടൽ = ഏകാന്തതയും, വിരഹവും, കാമവും, ലൈംഗികതയും, അതിക്രമവും, പകയും, പ്രതികാരവും, വിശ്വാസ വഞ്ചനയും, അതിജീവനവുമൊക്കെ കൂടെ ചേർന്നൊരു സ്പാനിഷ് ത്രില്ലർ എന്ന് പറയാം The Skin I Live In നെ. ഇറോട്ടിക് സീനുകൾ അലർജിയുള്ളവർ കാണാതിരിക്കുക (18+) 

*വിധി മാർക്ക് = 7/10 

-pravin-

Saturday, December 5, 2020

ഭീകര യാഥാർഥ്യങ്ങളിൽ നിന്നൊരു സിനിമ !!

















Trapped / Slasher / Survival സിനിമകൾക്ക് ഇന്ത്യൻ പ്രേക്ഷകർ ധാരാളമുണ്ടെങ്കിലും അത്തരം സിനിമകൾ വേണ്ട മികവോടെ ഇന്ത്യയിൽ അധികം നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് പറയേണ്ടി വരും. താരനിരകളൊന്നുമില്ലാതെ ലോ ബജറ്റിൽ വന്ന 'Welcome Home' അതിനൊരു അപവാദമാണ്. 

പരിമിതപ്പെടുത്തിയ ഒരു കഥാപശ്ചാത്തലത്തിൽ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് പ്രേക്ഷകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ട് പോകുന്ന ഒരു സിനിമ എന്ന് പറയാം 'Welcome Home'നെ. 

വിദേശ ഭാഷാ സിനിമകളിലൂടെ മാത്രം കണ്ടനുഭവിച്ചിട്ടുള്ള ചില ഭീകര സാഹചര്യങ്ങളെ സെൻസർ ബോർഡിന്റെ കതിക്രക്ക് വിട്ടു കൊടുക്കാതെ പച്ചക്ക് തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ. 

പ്രേത ഭൂത പ്രമേയങ്ങളൊന്നുമില്ലാതെ ഒരു വീടും നാലഞ്ചു കഥാപാത്രങ്ങളെയും വച്ച് ഇങ്ങിനെയും 'ഹൊറർ' സിനിമകൾ എടുക്കാം എന്ന് കാണിച്ചു തരുന്നു സംവിധായകൻ പുഷ്കർ മഹാബൽ. 

താരനിരകളൊന്നുമില്ലാത്ത ഈ സിനിമയിൽ പ്രകടനങ്ങൾ കൊണ്ട് താരങ്ങളായി മാറുന്നു കശ്മീര ഇറാനിയും സ്വർദയും. ഭോലാ എന്ന വേലക്കാരൻ സൈക്കോ കഥാപാത്രത്തെ ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും കാണുന്നവനെ ഓരോ സീനിലും അലോരസപ്പെടുത്തിയ ബോലോറാം ദാസിനോട് സിനിമക്ക് ശേഷവും വെറുപ്പ് തോന്നുന്നു. 

ഈ സിനിമയുടെ ഭീകരതയെ മൂന്ന് ലെവലിൽ വായിച്ചെടുക്കാൻ സാധിക്കും. ഒന്ന് - സിനിമ പറയുന്ന പ്രമേയത്തിന്റെ. രണ്ട്- ഇതിലെ നെഗറ്റിവ് കഥാപാത്രങ്ങളുടെ ലുക്കും പ്രകടനവും. മൂന്ന് - സ്ത്രീ കഥാപാത്രങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരവും ഭീകരവുമായ കാര്യങ്ങൾ. ഇതിനെല്ലാം പുറമെയാണ് ആ വീടും പരിസരവും സിനിമക്കുണ്ടാക്കി കൊടുക്കുന്ന ഭീകരത. 

സിനിമയിലൂടെ കണ്ടറിയുന്ന ഭീകരത യഥാർത്ഥത്തിൽ എവിടെയോ സംഭവിച്ചതും ഇപ്പോഴും എവിടെയൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനിയും എവിടെയൊക്കെയോ സംഭവിക്കാനുള്ളതുമാണ് എന്ന യാഥാർഥ്യം ഏറെ പ്രയാസത്തോടെ തന്നെ ഉൾക്കൊള്ളേണ്ടി വരുന്നു. 

സിനിമ അവസാനിക്കുന്നയിടത്ത് എഴുതി കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളിൽ 60 ശതമാനവും സംഭവിക്കുന്നത് കുട്ടികൾക്ക് അറിയുന്ന/ കുട്ടികളെ അറിയുന്ന വ്യക്തികളിൽ നിന്നാണ്. 90 ശതമാനം കേസുകൾ റിപ്പോർട്ട് പോലും ചെയ്യപ്പെടുന്നില്ല. എന്നിട്ടും 2018 ലെ കണക്ക് പ്രകാരം 39000 കേസുകൾ ആ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ഭീകരമാണ് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നോർമ്മപ്പെടുത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു മികച്ച ഭീകര സിനിമ.  വയലൻസും റേപ്പുമൊക്കെ പതിവിൽ കവിഞ്ഞ ഭീകരതയോടെ ചിത്രീകരിച്ചിട്ടുണ്ട് എന്നിരിക്കെ കുട്ടികളും സ്ത്രീകളും ദുർബ്ബല ഹൃദയരും പരമാവധി ഈ സിനിമ കാണാതിരിക്കുക. 

*വിധി മാർക്ക് = 8/10 

-pravin- 

Saturday, November 28, 2020

Ludo is Life and Life is Ludo !!

ഇരുണ്ട ഹാസ്യത്തിലൂടെ ജീവിതത്തെ രസകരമായി വിവരിച്ചു തരുന്ന ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം അനുരാഗ് ബസുവിന്റെ 'ലുഡോ'യെ. 

ഫിക്ഷന്റെ സ്വാധീനമുള്ള ഒരു കഥയെ ഫിക്ഷൻ സിനിമയാക്കി മാറ്റാതെ ഒരു ലുഡോ ഗെയിം കളിക്കുന്ന ലാഘവത്തിൽ പല കഥകളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പറഞ്ഞവതരിപ്പിക്കുന്ന സംവിധാന ശൈലി എടുത്തു പറയേണ്ടതാണ്. 

നമ്മുടെ ജീവിതം നമ്മൾ പോലും അറിയാതെ എത്ര പേരോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം എന്ന് ചിന്തിച്ചു പോകുന്ന സീനുകൾ. ഒരു ഘട്ടത്തിൽ സിനിമയിലെ ചില കഥാപാത്രങ്ങളുടെ അവസ്ഥയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോകും. 


ഭർത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭർത്താവ്, കല്യാണം കഴിഞ്ഞു പോയ മുൻ കാമുകിയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന- അവൾക്ക് വേണ്ടി എപ്പോഴും എന്തും ചെയ്യാൻ തയ്യാറുള്ള കാമുകൻ, വിവാഹേതര ബന്ധം ആഘോഷിക്കുന്ന ആൺ പെൺ സുഹൃത്തുക്കൾ, സ്വന്തം മകൾക്ക് മുന്നിൽ തിരിച്ചറിയപ്പെടാതെ പോകുന്ന അച്ഛൻ, ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ അങ്ങിനെ പല പല കഥാപാത്രങ്ങൾ പല പല സാഹചര്യങ്ങളിലൂടെ പല പല മനസികാവസ്ഥകളിലൂടെ യാത്ര ചെയ്യുന്നുണ്ട് ലുഡോയിൽ. 

ലോജിക്കെല്ലാം മറന്ന് അവർക്കൊപ്പം ഒരു ഫൺ റൈഡിനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. 

ജീവിതത്തെ ലുഡോയുമായി ബന്ധപ്പെടുത്തി കൊണ്ട് തുടങ്ങി പാപവും പുണ്യവും ശരിയും തെറ്റും നരകവും സ്വർഗ്ഗവുമടക്കം പലതും ചർച്ച ചെയ്തു കൊണ്ട് മരണമാണ് സത്യമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമയിൽ പക്ഷേ യുക്തിക്ക് സ്ഥാനമില്ല. ഒരർത്ഥത്തിൽ ആ യുക്തിയില്ലായ്മയിലൂടെ മാത്രമേ ജീവിതത്തെയും മരണത്തെയുമൊക്കെ മനോഹരമായി വ്യാഖ്യാനിച്ചെടുക്കാനും സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു. 

യുക്തിയുടെ പിൻബലമില്ലാത്ത സീനുകളിലൂടെ പോലും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി മാറ്റാൻ അനുരാഗ് ബസുവിന് സാധിച്ചു. 


രാജ് കുമാർ റാവുവിന്റെ ആലു പറയുന്ന പോലെ ചില ബന്ധങ്ങളിൽ ലോജിക്കില്ല മാജിക്ക് മാത്രമാണുള്ളത്. ആ ഒരു ഡയലോഗ് സിനിമയിലെ ഒട്ടു മിക്ക കഥാപാത്ര ബന്ധങ്ങളുമായി വേണ്ടുവോളം ചേർന്ന് നിക്കുന്നുമുണ്ട്. 

ഓ ബേട്ടാജി ..അരെ ഓ ബാബൂജി ..എന്ന പാട്ടും പാടി വണ്ടിയിൽ പോകുന്ന പങ്കജ് ത്രിപാഠിയുടെ സട്ടു ഭയ്യയെ എത്ര തവണ റിപ്പീറ്റടിച്ചു കണ്ടാലും മതിയാകില്ല. സട്ടു ഭയ്യ തന്നെയാണ് ലുഡോയിലെ താരം.

രാജ്‌കുമാർ റാവുവിന്റെ ആലുവും, ഫാത്തിമ സനയുടെ പിങ്കിയും, അഭിഷേകിൻറെ ബിട്ടുവുമൊക്കെ മനസ്സിൽ കയറിക്കൂടി. പേളി മാണിയുടെ മലയാളി കഥാപാത്രം ഷീജയൊക്കെ പൊളിച്ചടുക്കിയിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത എന്നാൽ പ്രമേയം ഉൾക്കൊണ്ടു കാണുന്നവർക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രസികൻ സിനിമ തന്നെയാണ് ലുഡോ. 

*വിധി മാർക്ക് = 7.5/10 

-pravin-

Sunday, November 15, 2020

സാധാരണക്കാരന് വേണ്ടി സ്വപ്നം കണ്ടവന്റെ കഥ !!


എയർ ഡെക്കാന്റെ സ്ഥാപകനെന്ന നിലക്ക് മാത്രം അറിയാവുന്ന ജി ആർ ഗോപിനാഥിന്റെ സംഭവ ബഹുലമായ ജീവിത കഥയെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമാക്കി സമ്മാനിച്ചതിന് സംവിധായിക സുധാ കൊങ്കരയോട് നന്ദി അറിയിക്കുന്നു. ഒപ്പം സൂര്യയിലെ പഴയ ആ നടിപ്പിൻ നായകനെ ഗംഭീരമായി തിരിച്ചു തന്നതിനും. 


വിമാന യാത്ര സാധാരണക്കാരന് അപ്രാപ്യമായ ഒരു കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ അങ്ങിനെ ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാൻ പുറപ്പെട്ട ജി ആർ ഗോപിനാഥിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങളുമൊക്കെ എത്ര മാത്രമായിരുന്നു എന്ന് രണ്ടു മണിക്കൂറിനുള്ളിൽ നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട് 'സൂരറൈ പോട്ര്‌'. 

ടാറ്റ എയർലൈൻസ് തുടങ്ങാൻ ഇരുപത് വർഷം രത്തൻ ടാറ്റയെ വരെ കാത്തിരുപ്പിച്ച DGCA യുടെ അതേ ഓഫിസ് വരാന്തയിൽ നെടുമാരന്റെ കാത്തിരിപ്പിന് പോലും പ്രസക്തിയില്ല എന്ന് പരിഹസിച്ചു പറയുന്ന സീനിൽ സൂര്യയുടെ മുഖത്തെ റിയാക്ഷൻ സർക്കാർ ഓഫിസുകളിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന ഓരോ സാധാരണക്കാരന്റെയുമായിരുന്നു. 

പണമുള്ളവൻ വാങ്ങുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സാധാരണക്കാർക്ക് എന്നും ഒരു സ്വപ്നം മാത്രമായി നിലനിൽക്കണം എന്ന ചിന്താഗതിക്കാർക്കുള്ള മറുപടിയായിരുന്നു എയർ ഡെക്കാന്റെ സ്വപ്നസാക്ഷാത്‍ക്കാരത്തിലൂടെ ജി ആർ ഗോപിനാഥ്‌ നൽകിയത്. 


സൂര്യയുടെ നെടുമാരൻ മാത്രമല്ല അപർണ്ണയുടെ ബൊമ്മിയും ഉർവ്വശിയുടെ അമ്മ വേഷവും പരേഷ് റാവലിന്റെ പരേഷ് ഗോസ്വാമിയും അടക്കം എല്ലാവരും നിറഞ്ഞാടിയ സിനിമയായി മാറി 'സൂരറൈ പോട്ര്‌' . 

ആകെ മൊത്തം ടോട്ടൽ = കോവിഡ് ഇല്ലായിരുന്നെങ്കിൽ തിയേറ്ററിൽ ആഘോഷമാകേണ്ടിയിരുന്ന സൂര്യയുടെ ഒരു സിനിമ എന്ന നിലക്ക് ഒരു നഷ്ടബോധം തോന്നുമ്പോഴും ഈ കാലയളവിൽ OTT റിലീസിൽ കണ്ടാസ്വദിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിർത്താവുന്ന സിനിമയായി മാറുന്നു 'സൂരറൈ പോട്ര്‌'

*വിധി മാർക്ക് = 8/10 

-pravin- 

Sunday, November 8, 2020

Jamtara - Sab Ka Number Ayega (Web Series- Season 1- Episodes- 10 )


സൈബർ ക്രൈമുകളുടെ ഈ കാലത്ത് കാണേണ്ട ഒരു വെബ് സീരീസ് ആണ് 'ജംതാര'.

ഒരു ഹാക്കർ വിചാരിച്ചാൽ തകർക്കാവുന്നതേയുള്ളൂ ഏതൊരാളുടെയും സാമ്പത്തിക അടിത്തറകൾ. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ സാങ്കേതികമായി സുരക്ഷിതമാണെന്ന് ബാങ്കുകാർ പറയുമെങ്കിലും സൈബർ ക്രിമിനലുകളെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്നമേ അല്ല. ഫിഷിംഗ് വഴി അവർക്ക് എന്തും കവർന്നെടുക്കാൻ സാധിക്കും എന്നതാണ് സത്യം.

വിദാഭ്യാസമില്ലാത്തവരെ മാത്രമേ ഇക്കൂട്ടർ ഉന്നം വെക്കൂ എന്നൊന്നുമില്ല. പണം തട്ടാൻ ഉഡായിപ്പുമായ് വിളിക്കുന്നവന് സ്വന്തം കാർഡ് നമ്പറും സീക്രട്ട് കോഡുമൊക്കെ പറഞ്ഞു കൊടുക്കുന്നവരുടെ കൂട്ടത്തിൽ പോലീസും ജഡ്ജിയുമടക്കം പല പ്രമുഖരുമുണ്ട്. 

ജാർഖണ്ഡിലെ ജാംതാര ജില്ല സൈബർ ക്രൈമിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണ്. Phishing Capital of India എന്ന വിളിപ്പേര് ജാംതാരക്ക് നേടിക്കൊടുത്തതിന് പിന്നിൽ പറഞ്ഞാൽ തീരാത്ത സൈബർ ക്രൈമുകളുടെ കഥയുണ്ട്. അതിലെ ഏതാനും കഥകളും കഥാപാത്രങ്ങളും മാത്രമാണ് 'Jamtara' വെബ് സീരീസിലുള്ളത്.


യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കഥ തന്നെയെങ്കിലും ഒരു ഘട്ടത്തിൽ പ്രധാന തീമായ ഫിഷിംഗ് നെ മറി കടന്നു കൊണ്ട് ഫിഷിങ് ഗ്യാങ്ങിന്റെയും, അവരുടെ വ്യക്തി ജീവിതത്തിലേക്കുമൊക്കെയായി കഥയുടെ ഫോക്കസ് മാറി മറയുന്നുണ്ട്.

ഫിഷിംഗ് നടത്തുന്നതും പണം സമാഹാരിക്കുന്നതും എങ്ങനെയൊക്കെയാണ് എന്നതിന്റെ വിശദ വിവരങ്ങളിലേക്ക് പോകാതെ ഫിഷിങ് നടത്തുന്നവർക്കിടയിൽ സംഭവിക്കുന്ന തർക്കങ്ങളെയും കലഹങ്ങളെയുമൊക്കെ മുൻ നിർത്തി കൊണ്ടാണ് കഥയെ പ്രധാനമായും മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനാൽ ഒരു ക്രൈം ത്രില്ലർ മാത്രം പ്രതീക്ഷിക്കുന്നവർക്ക് Jamtara ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയവും അവതരണവും മാത്രമല്ല മുൻപ് എവിടെയും കണ്ടു പരിചയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ മിന്നും പ്രകടനങ്ങളുടെ കൂടി ആകെത്തുകയാണ് ജാംതാരയുടെ ആസ്വാദനം. അപൂർണ്ണമായ്‌ പലതും പറഞ്ഞവസാനിപ്പിക്കുന്നതിനാൽ ജംതാരക്ക് ഒരു സീസൺ 2 ഉണ്ടാകുമെന്ന് കരുതാം !! 

*വിധി മാർക്ക് = 7.5/10 
-pravin- 

Monday, November 2, 2020

കണ്ണീരോർമ്മകളിലും ചിരിക്കുന്ന റൂണ !!


നാൽപ്പതു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഒരു ഇമോഷണൽ ഡോക്യുമെന്ററിയാണ് 'Rooting For Roona'. റൂണയെ കുറിച്ച് മുൻപ് ഒരു ലേഖനം വായിച്ചിരുന്നെങ്കിലും അവളെ ഇങ്ങനൊരു ഡോക്യൂമെന്ററിയിലൂടെ കണ്ടറിഞ്ഞപ്പോൾ ഹൃദയം വിങ്ങിപ്പൊട്ടി കൊണ്ടേയിരുന്നു. നാൽപ്പത് മിനുട്ടു നീണ്ട കാഴ്ചയിൽ എത്ര തവണ കരഞ്ഞു എന്നറിയില്ല. പക്ഷേ ഓരോ കാഴ്ചയിലും അവൾ മനസ്സിലേക്ക് കൂടുതൽ അടുത്തു വന്നു. വേദനകൾ സഹിക്കുന്നതിനിടയിലും ഒരു ചിരിയിലൂടെ കാണുന്ന ഓരോരുത്തരുടെയും മകളായി മാറാൻ അവൾക്ക് സാധിച്ചിരുന്നു.

തലച്ചോറിൽ വെള്ളം നിറയുന്ന അസുഖവുമായി ജനിച്ചു വീണ റൂണയുടെ ഒരു ഫോട്ടോ 2013 ൽ വൈറലാകുകയുണ്ടായി.
അന്നവൾക്ക് 17 മാസം മാത്രം പ്രായം. 94 സെന്റിമീറ്റർ വലിപ്പമുള്ള വലിയ തലയും കുഞ്ഞുടലുമായി കിടക്കുന്ന റൂണയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റി.

ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും അവൾക്ക് വേണ്ട സഹായങ്ങൾ പറന്നെത്തി. വിദഗ്‌ദ്ധ ചികിത്സയിലൂടെ അവളുടെ അസുഖം മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടർമാർ പ്രത്യാശ നൽകി.

ത്രിപുരയിലെ അഗർത്തലക്കടുത്തുള്ള ജിരാനിയ ഖോള എന്ന കൊച്ചു ഗ്രാമത്തിനപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് അവളുടെ അച്ഛനമ്മമാർക്ക് ബോധ്യപ്പെട്ടു. അബ്ദുളും ഫാത്തിമയും മകൾ റൂണക്ക് വേണ്ടി ലോകത്തിന്റെ ഏതറ്റം വരെയും പോകാൻ തയ്യാറായി. റൂണയോട് അവർക്കുണ്ടായിരുന്ന നിരുപാധികമായ സ്നേഹവും കരുതലും റൂണയെ വേദനകൾക്കിടയിലും കൂടുതൽ ശക്തയാക്കി കൊണ്ടേയിരുന്നു.

ഡൽഹിയിലെ ചികിത്സാ കാലത്ത് അഞ്ചു മാസങ്ങൾക്കിടെ നിരവധി സർജറികൾക്ക് അവൾ വിധേയമായി. 94 സെന്റിമീറ്ററിൽ നിന്നും 58 സെന്റിമീറ്ററിലേക്ക് അവളുടെ തല ചുരുങ്ങി വന്നപ്പോൾ അത് പ്രതീക്ഷയുടെ പുതിയ ആകാശമായി മാറി. ഡൽഹി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ത്രിപുരയിലെ ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ നിറഞ്ഞ പുഞ്ചിരികളോടെ സ്വീകരിച്ചു.

റൂണയുമായി ബന്ധപ്പെട്ട വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാലത്തിന് ശേഷം കാര്യമായി പരിഗണിച്ചില്ലെങ്കിലും അവളുടെ ദൈനം ദിന ജീവിതം ഡോക്യൂമെന്ററിയിലേക്ക് വേണ്ടി നിരന്തരം പകർത്തപ്പെട്ടു. ഡോക്യൂമെന്ററി സംവിധായിക പവിത്ര ചലത്തിനും കൂട്ടർക്കും അക്കാലയളവിൽ റൂണയോടും കുടുംബത്തോടും വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടു.

2014 കാലത്ത് റൂണ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. റൂണ ഒരിക്കൽ പോലും സംസാരിച്ചില്ലെങ്കിലും അവൾ വളരെ ഭംഗിയായി ചിരിച്ചു കൊണ്ട് എല്ലാവരോടും ആശയ വിനിമയത്തിലേർപ്പെടുമായിരുന്നു. റൂണയും ഫാത്തിമയുമായുള്ള ഗാഢമേറിയ സ്നേഹ നിമിഷങ്ങളെല്ലാം തന്നെ ഡോക്യൂമെന്ററിയിലെ ഏറ്റവും മികച്ച സീനുകൾ കൂടിയായി മാറി.

2016 ൽ റൂണക്ക് തുണയായി ഒരു കുഞ്ഞനുജൻ കൂടി വന്നു. റൂണയുടെ അവസാന ഘട്ട സർജറി നടത്തുന്നതുമായി ബന്ധപ്പെട്ട് ഫാത്തിമക്കും അബ്ദുളിനും ഉണ്ടായിരുന്ന ഭയങ്ങൾ പലതായിരുന്നു. ഓപ്പറേഷൻ ചെയ്‌താൽ ഇപ്പോഴുള്ള റൂണയെ നഷ്ടപ്പെടുമോ എന്ന് അവർ അതിയായി ആശങ്കപ്പെട്ടു.

നിരന്തരമായ നിർബന്ധങ്ങൾക്ക് ശേഷം 2017 ൽ റൂണയെ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. പക്ഷെ അവൾക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്ന കാരണം കൊണ്ട് ഓപ്പറേഷൻ നടത്താനായില്ല.

ചിക്കൻ പോക്സ് മാറിയ ശേഷം റൂണയെ ചികിത്സിക്കാമെന്നും അവൾ പൂർണ്ണമായും ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുമൊക്കെയുള്ള ഡോക്ടർമാരുടെ മറുപടികളിൽ ഫാത്തിമ ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനൊന്നും തുടർ അവസരങ്ങൾ നൽകാതെ ഒരു മാസത്തിനുള്ളിൽ അവൾ എല്ലാ കഷ്ടതകളിൽ നിന്നും എന്നന്നേക്കുമായി വിട വാങ്ങി.

ഒരു സിനിമയിലായിരുന്നെങ്കിൽ ക്ലൈമാക്സ് മാറ്റിയെഴുതപ്പെടുമായിരുന്നു. പക്ഷേ ഇവിടെ അബ്ദുളും ഫാത്തിമയും പവിത്രയുമടക്കം റൂണയെ സ്നേഹിച്ച എല്ലാം മനുഷ്യരും ഏറ്റവും നിസ്സഹായരായി നിന്ന് പോവുകയാണുണ്ടായത്. 

റൂണയുടെ വേർപാടിന് ശേഷമുള്ള അബ്ദുളിന്റെയും ഫാത്തിമയുടെയും ജീവിതം ഇപ്പോഴും പതറാതെ മുന്നോട്ട് തന്നെ പോകുകയാണ്. റൂണയുടെ കുഞ്ഞനുജൻ അക്തറിന്റെ മുഖത്തെ ചിരിയിൽ റൂണയുടെ അതേ ചിരി കാണാം.


ഇന്നും തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വന്നു പോയി കൊണ്ടിരിക്കുന്ന റൂണയെ കുറിച്ച് ഫാത്തിമ വാചാലയാകുന്നത് കാണുമ്പോൾ സന്തോഷിക്കണമോ കരായണമോ എന്നറിയാതെ മനസ്സ് വിങ്ങുന്നത് നമുക്ക് മാത്രമാണ്. 

റൂണ നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്..പല അർത്ഥങ്ങളിൽ !!

'Rooting For Roona' എന്ന ഡോക്യൂമെന്ററി കാണാതെ നിങ്ങൾക്ക് സ്കിപ് ചെയ്തു പോകാം. പക്ഷേ റൂണയെ അറിയാതെ പോകരുത് ഒരാളും. 

-pravin-

Thursday, October 22, 2020

കണ്ടിരിക്കാവുന്ന  ഒരു ഹലാൽ സിനിമ !!




സിനിമയും ടിവിയുമൊക്കെ ഹറാമാണെന്ന് വിശ്വസിച്ചിരുന്ന മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' യെ രാഷ്ട്രീയ വായനക്കപ്പുറം വ്യക്തിപരമായ ഓർമ്മകളിലൂടെയാണ് ഞാൻ ആസ്വദിച്ചത്. 

2000 കാലത്ത് സുഹൃത്തായ കമാലിന്റെ കൂടെ സോളിഡാരിറ്റിയുടെ ടാബ്ലോ ഷോക്ക് പോയതും, കോളേജിൽ പഠിക്കുമ്പോൾ SIO യുടെ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തതുമടക്കമുള്ള പല സംഭവങ്ങളെ കുറിച്ചും ഓർത്തു പോയി. രാഷ്ട്രീയപരമായി യോജിക്കാനും വിയോജിക്കാനുമുള്ള പല കാര്യങ്ങളുമുണ്ടെങ്കിലും ഈ സിനിമയെ ഒരു സംഘടനാ സിനിമ മാത്രമായി ഒതുക്കി വിലയിരുത്തുന്നതിനോട് യോജിപ്പില്ല. 

വിശ്വാസപരമായി തെറ്റാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ള ഒരു കലാരൂപത്തെ ഒരേ സമയം ഇഷ്ടപ്പെടുകയും എന്നാൽ വിശ്വാസത്തിനപ്പുറം ആ കലാരൂപത്തെ കൊണ്ട് നടക്കാനാകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക തരം കലാസ്വാദകർ നമുക്കിടയിലുണ്ട് എന്നത് വസ്തുതയാണ് എന്നിരിക്കെ ഈ സിനിമ കാണിച്ചു തരുന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ എന്തിന് മടിക്കണം ? 

സിനിമയെന്നാൽ ഹറാം എന്ന് ഒറ്റയടിക്ക് പറഞ്ഞിരുന്നവരൊക്കെ വലിയ തോതിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് ഹോം സിനിമകൾ സജീവമായ ഒരു കാലയളവിൽ തന്നെയായിരുന്നു. ഒരു കുടുംബാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ തന്നെയുള്ളവർ പല പല കഥാപാത്രങ്ങളായി വന്നപ്പോഴാണ് പ്രാദേശികതക്ക് ഒരു സിനിമയിൽ എത്ര മാത്രം ഭംഗി നൽകാൻ സാധിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞത്.

ഇതേ പ്രാദേശികതയുടെ പശ്ചാത്തലത്തിൽ തന്നെയാണ് സക്കറിയയുടെ സുഡാനി ഒരു മുഴുനീള കൊമേഴ്സ്യൽ സിനിമയായി അവതരിപ്പിക്കപ്പെട്ടത്. പക്ഷേ സുഡാനിയോളം കഥാതന്തുവോ പ്രമേയ സാധ്യതയോ ഇല്ല എന്നത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ പ്രാദേശികതയിൽ മാത്രമായി ഒതുങ്ങി പോകുന്നുണ്ട് 'ഹലാൽ ലവ് സ്റ്റോറി'.

സിനിമ പിടിക്കുന്ന കാര്യത്തിൽ പടച്ചവനെ പോലും കാര്യം പറഞ്ഞു സമ്മതിപ്പിക്കാനും ബോധ്യപ്പെടുത്താനും സാധിക്കും പക്ഷേ സംഘടനാ നേതാക്കളുടെ കാര്യത്തിൽ അതൊന്നും നടപ്പില്ല എന്ന് പറയുന്നുണ്ട് ഷറഫുവിന്റെ തൗഫീഖ്. ഇതിൽ തന്നെയുണ്ട് കലയോടുള്ള സംഘടനയുടെ നിലപാടും കലാപ്രേമിയായ സംഘടനാ പ്രവർത്തകന്റെ അവസ്ഥയും.
കലക്ക് ഒരു ഓപ്‌ഷൻ മാത്രമല്ല ഉള്ളത്, കല ഒരു ദിശയിലേക്കുള്ള ഒരു പാത മാത്രമല്ല എന്നൊക്കെയുള്ള തൗഫീഖിന്റെ വാദങ്ങളോട് യോജിക്കാം വിയോജിക്കാം. പക്ഷേ കല തന്നെ ഹറാമാണെന്ന ചിന്തയെ വച്ച് നോക്കുമ്പോൾ കലയെ ഹലാലായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാണെന്ന് പറയാനേ തോന്നുന്നുള്ളൂ.

ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് കഷ്ടപ്പെട്ട് സിനിമ കാണാനും സിനിമയെടുക്കാനും നിയോഗിക്കപ്പെട്ട ഒരു വിഭാഗം പേരുടെ മനസികാവസ്ഥകളും ചിന്തകളുമൊക്കെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ? ആ നിയോഗം സക്കറിയക്കും മുഹ്‌സിനും കിട്ടിയതിന് പിന്നിൽ അവരുടെ തന്നെ ജീവിതാനുഭവങ്ങൾ ഏറെയുണ്ടാകും എന്ന് കരുതുന്നു.
ആകെ മൊത്തം ടോട്ടൽ = സുഡാനി ഫ്രം നൈജീരിയയോളം ഇഷ്ടപ്പെട്ടില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നാടൻ സിനിമയായി തന്നെ അനുഭവപ്പെട്ടു സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'.ഗ്രേസ് ആന്റണി, ജോജു, ഇന്ദ്രജിത്ത്, ഷറഫു, അഭിറാം, പിന്നെ റഹീം സാഹിബ് ആയി വന്നയാളടക്കം എല്ലാവരും നന്നായിരുന്നു.

*വിധി മാർക്ക് = 5/10
-pravin-

Thursday, October 8, 2020

Bab'Aziz - സംഗീതവും സഞ്ചാരവും ആത്മാന്വേഷണവും !!


അതി മനോഹരമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് ആഴമേറിയ ചിന്തകളിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു ടുണീഷ്യൻ അറബ് സിനിമയാണ് 'ബാബ് അസീസ്'.

ഇറാനിയൻ സൂഫി ദർശനങ്ങളുടെയും നൃത്തങ്ങളുടെയുമൊക്കെ അകമ്പടിയോടെയാണ് 'ബാബ് അസീസ്' അവതരിപ്പിക്കപ്പെടുന്നത്. ഒരു സിനിമാ ആസ്വാദനത്തേക്കാളുപരി ഒരു ദിവ്യാനുഭൂതിയാണ് 'ബാബ് അസീസി'ന്റെ സ്‌ക്രീൻ കാഴ്ചകൾ തരുന്നത് എന്ന് പറയാം.
അന്ധനും വൃദ്ധനുമായ ബാബ് അസീസും അദ്ദേഹത്തിന്റെ കൊച്ചു മകൾ ഇഷ്ത്താറും കൂടി ദൂരെ എങ്ങോ നടക്കാനിരിക്കുന്ന ഒരു സൂഫി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മരുഭൂമിയിലൂടെ നടന്നു കൊണ്ടിരിക്കുന്ന രംഗത്തിൽ നിന്നാണ് സിനിമയുടെ തുടക്കം.
യാത്രാ മദ്ധ്യേ ബാബ് അസീസ് ഇഷ്ത്താറിന് പറഞ്ഞു കൊടുക്കുന്ന രാജകുമാരന്റെ കഥ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.


ഭൗതിക ലോകത്തെ കാഴ്ചകളും സുഖങ്ങളുമൊക്കെ ഉപേക്ഷിച്ച് ബോധി വൃക്ഷ ചുവട്ടിൽ നിന്ന് ജ്ഞാനോദയം സിദ്ധിച്ച ശ്രീ ബുദ്ധനെ ഓർമ്മപ്പെടുത്തുന്നുണ്ട് ബാബ് അസീസിന്റെ കഥയിലെ രാജകുമാരൻ.
കഥയിലെ രാജകുമാരനെ പോലെ തന്നെ അവരുടെ യാത്രക്കിടയിൽ വച്ച് കണ്ടു മുട്ടുന്ന ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ ഓരോ നിയോഗങ്ങൾ ഒരുക്കി കൊടുക്കുന്നു സംവിധായകൻ.

മനുഷ്യ മനസ്സുകളിലെ ആഗ്രഹങ്ങളും പ്രലോഭനങ്ങളും വികാരങ്ങളും ചിന്തകളും തൊട്ട് പരമമായ ജീവിതവും മോക്ഷവും സത്യവുമൊക്കെ പ്രതീകാത്മകമായ രംഗങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ.
മരുഭൂമിയുടെ കഥാ പശ്ചാത്തലത്തെ അതിനായി അത്ര കണ്ടു പ്രയോജനപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്.
ജീവിതത്തെ കുറിച്ചെന്ന പോലെ മരണത്തെ കുറിച്ചും മനോഹരമായി പറഞ്ഞു വെക്കുന്നുണ്ട് 'ബാബ് അസീസ്'. കഥ കൊണ്ടും കാഴ്‌ച കൊണ്ടും മാത്രമല്ല ചിന്തകൾ കൊണ്ട് കൂടി ആസ്വദിക്കേണ്ട സിനിമ എന്ന നിലക്കാണ് 'ബാബ് അസീസ്' വേറിട്ടു നിൽക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ചിന്തകൾ കൊണ്ടും അവതരണം കൊണ്ടും മനോഹരമായ ഒരു സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Sunday, October 4, 2020

Breathe - Into the Shadows (Web Sereis - 12 Episodes )


സ്വന്തം മകന്റെ ജീവൻ നിലനിർത്താൻ വേണ്ടി മറ്റുള്ളവരെ കൊല്ലുന്ന അച്ഛൻ കഥാപാത്രമായിരുന്നു ആദ്യ പതിപ്പിലെങ്കിൽ, കിഡ്നാപ്പ് ചെയ്യപ്പെട്ട മകളെ തിരികെ കിട്ടാൻ വേണ്ടി കൊലപാതകികളായി മാറുന്ന അച്ഛനമ്മമാരാണ് രണ്ടാം പതിപ്പിൽ. 

ദ്വന്ദവ്യക്തിത്വം പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥയിൽ രണ്ടു വ്യക്തിത്വങ്ങളുടെയും ഇമോഷണൽ സൈഡെല്ലാം നന്നായി വർക് ഔട്ട് ആയിട്ടുണ്ട്. 

ആദ്യ പതിപ്പിൽ മാധവന്റെ ഡാനിയും അമിത് സാധിന്റെ കബീർ സാവന്തും തമ്മിലുണ്ടായ ത്രില്ലടിപ്പിക്കുന്ന ആ ഒരു കെമിസ്ട്രി രണ്ടാം പതിപ്പിൽ അത്ര കണ്ട് ഇല്ലാതെ പോയി. ലോജിക്കിന്റെ കാര്യത്തിലും കല്ല് കടികൾ ഉണ്ട്. 

അഭിഷേക് ബച്ചന് സിനിമകളിലൂടെ കിട്ടാതെ പോയ ഒരു സ്‌ക്രീൻ പ്രസൻസ് നൽകാൻ Breathe- Into the shadows ക്ക് സാധിച്ചിട്ടുണ്ട് എന്ന് പറയാം. നിത്യാമേനോൻ, അമിത് സാധ് എല്ലാവരും നന്നായിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = 'Breathe' ആദ്യ പതിപ്പിനോളം മികച്ചതായി തോന്നിയില്ലെങ്കിലും 12 എപ്പിസോഡുകളും ഒട്ടും മുഷിമിപ്പിച്ചില്ല. 

*വിധി മാർക്ക് = 7/10 

-pravin-