ഫസ്റ്റ് ലുക്കും ടീസറും ട്രൈലറും തന്ന പ്രതീക്ഷ വെറുതെയായില്ല. സമീപ കാലത്ത് വന്ന രവി തേജ പടങ്ങളിൽ എല്ലാം കൊണ്ടും മനസ്സ് നിറച്ച ഒരു സിനിമ.
മലയാളത്തിലെ 'മാളികപ്പുറം' സിനിമയോട് സാമ്യത തോന്നിപ്പിക്കുന്ന ടൈറ്റിലും പോസ്റ്ററുകളും ഒഴിച്ച് നിർത്തിയാൽ ആ സിനിമയുമായി 'ഇരുമുടി'ക്ക് ഒരു ബന്ധവുമില്ല.
ആന്ധ്രയിലെ ഉൾ ഗ്രാമ പശ്ചാത്തലത്തിൽ പറയുന്ന ഒരു സാധാരണ കഥ. പക്ഷേ 'മാസ്സ് മഹാരാജ'യെ ഈ സിനിമയിൽ തീർത്തും സാധാരണക്കാരനാക്കി കഥ പറയുമ്പോഴുണ്ടാകുന്ന ഒരു ഫ്രഷ്‌നെസ്സ് വേറെയാണ്.
സാധാരണക്കാരന്റെ വേഷമെങ്കിലും രവി തേജക്കായി ഒരുക്കിയ ആക്ഷൻ സീക്വൻസുകൾ സിനിമയുടെ കഥാഗതിക്ക് അനുയോജ്യമായ രീതിയിൽ വിളക്കി ചേർത്തിട്ടുണ്ട്.
കള്ള് കുടിയനും, അടിപിടിക്കാരനുമായ ഒരാൾ എന്നതിനൊപ്പം തന്നെ സ്നേഹനിധിയായ അച്ഛനായും, ഭർത്താവായും, അയ്യപ്പ ഭക്തനായുമൊക്കെ രവി തേജയിലെ നടനെ ഫുൾ ഫോമിലാക്കുന്നു സംവിധായകൻ.
ഒരു ഭക്തി പടത്തിന്റെ മൂഡിലേക്ക് കൊണ്ട് പോകുന്ന കഥാ മുഹൂർത്തങ്ങളും പാട്ടുകളുമൊക്കെ ഉണ്ടെങ്കിലും 'ഇരുമുടി' യുടെ ആസ്വാദനം ഒരു ഫാമിലി ഇമോഷണൽ സിനിമയുടേതാണ്.
ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ എന്ന നിലക്ക് സിനിമക്കുള്ളിൽ ഒരുക്കി വച്ച സസ്പെൻസും ട്വിസ്റ്റുമൊക്കെ കൊള്ളാം.
വില്ലനാര് എന്ന് ഊഹിക്കാൻ പാകത്തിലുള്ള സൂചനകൾ ഉള്ളപ്പോഴും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കൊണ്ടാണ് ക്ലൈമാക്സിൽ സിനിമ മറ്റൊരു ട്രാക്കിലേക്ക് കയറുന്നത്.
രവി തേജ - ബേബി നക്ഷത്രയുടെ അച്ഛൻ-മകൾ കോമ്പോ സീനുകളും പെർഫോമൻസുമാണ് 'ഇരുമുടി'യുടെ ഇമോഷണൽ ഗ്രാഫ് ഉയർത്തുന്നത്. ക്ലൈമാക്സ് ഒക്കെ ആ തലത്തിൽ വല്ലാത്തൊരു ഹൃദയ വൈകാരികത സമ്മാനിച്ചു.
പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, സ്വാസിക, രമേശ് ഇന്ദിര അടക്കമുള്ളവരുടെ കാസ്റ്റിങ്ങും നന്നായിരുന്നു.
അയ്യപ്പ ഭക്തി ഗാനങ്ങളും അതിന്റെ കൊറിയോഗ്രാഫിയുമൊക്കെ തിയേറ്റർ സ്‌ക്രീനിൽ ഓളമുണ്ടാക്കി.
ജി.വി പ്രകാശ് കുമാറിന്റെ സംഗീതം എല്ലാ തലത്തിലും സിനിമയിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്ന ഒന്നാണ്.
ഇമോഷണൽ സീനുകളിലും ക്ലൈമാക്സിലുമൊക്കെ അത് ഏറ്റവും ഗംഭീരമായി തന്നെ അനുഭവപ്പെടുന്നിടത്താണ് 'ഇരുമുടി' രവി തേജയുടെ ഒരു വേറിട്ട സിനിമയാകുന്നത്.
©bhadran praveen sekhar


No comments:
Post a Comment