Monday, August 30, 2021

ഇടിയുടെ പൊടിപൂരം !!


തൂഫാനിൽ നിന്ന് കിട്ടാതെ പോയതും അതിന്റെ പത്തിരട്ടി ആസ്വാദനവും 'സർപ്പാട്ട പരമ്പരെ' തന്നു. ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല.

1970-80 കളിലെ മദ്രാസിനെ അണിയിച്ചൊരുക്കിയ കലാമികവും സിനിമയിലെ ഓരോ കഥാപാത്ര നിർമ്മിതിയും അതിനൊത്ത കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളുമെല്ലാം കൂടെ സിനിമയെ കൊണ്ടെത്തിച്ച ഉയരം ചെറുതല്ല.
മുരളി. ജിയുടെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവും 'സർപ്പട്ട പാരമ്പരെ'യുടെ മാറ്റ് കൂട്ടി.

ആര്യയുടെ 'അറിന്തും അറിയാമലും', 'നാൻ കടവുൾ', 'മദ്രാസിപ്പട്ടണം' പോലുള്ള കരിയർ ബെസ്റ്റ് സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾക്കെല്ലാം മുകളിൽ പോയി നിൽക്കുന്നുണ്ട് 'സർപ്പട്ട പരമ്പര'യിലെ കബിലൻ.

ഇത് ഒരൊറ്റ നായക സങ്കൽപ്പത്തിൽ പടച്ചുണ്ടാക്കിയ വെറുമൊരു ഇടി സിനിമയല്ല. അഭിനയിച്ചവരെല്ലാം പ്രകടനം കൊണ്ട് ഈ സിനിമയിലെ നായികാ നായകന്മാരായി മാറുന്ന വിധമാണ് അവതരണം. അത് കൊണ്ട് തന്നെ നെഗറ്റിവ് പരിവേഷമുള്ള കഥാപാത്രങ്ങൾക്ക് പോലും 'സർപ്പട്ട പരമ്പരെ'യിൽ തലയെടുപ്പുണ്ട്.

വെമ്പുലിയും, രാമനും, ഡാൻസിംഗ് റോസും, വാദ്ധ്യാരും, ഡാഡിയും, മീരാനും, വെട്രിയും, കബിലന്റെ അമ്മയും ഭാര്യ മാരിയമ്മയുമടക്കം സിനിമയിലെ മിക്ക കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

ഒരു കാലഘട്ടത്തിൽ മദ്രാസിൽ നിലനിന്നിരുന്ന ബോക്സിങ് മത്സരങ്ങളെ പ്രമേയവത്ക്കരിക്കുക മാത്രമല്ല അക്കാലത്തെ രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥിതികളുമൊക്കെ കോർത്തിണക്കി കൊണ്ട് കഥ പറയാനും പാ. രഞ്ജിത്തിന് സാധിച്ചു.

ബുദ്ധനും, അംബേദ്ക്കറും, പെരിയാർ ഇ.വി രാമസ്വാമി നായ്കരുമൊക്കെ സിനിമയിലെ രംഗ പശ്ചാത്തലങ്ങളിൽ പ്രതീകാത്മകമായി വന്നു പോകുന്നത് കാണാം. 'ഇത് നമ്മ കാലം' എന്ന ശക്തമായ മുദ്രാവാക്യത്തെ സിനിമയിലൂടെ മുന്നോട്ട് വെക്കുന്നുണ്ട് പാ. രഞ്ജിത്ത്. അതും സിനിമക്കൊപ്പം കാണേണ്ട കാഴ്ചയാണ്.

ആകെ മൊത്തം ടോട്ടൽ = ഒന്നും പറയാനില്ല. കിടിലൻ സിനിമ !!

*വിധി മാർക്ക് = 8.5/10 

-pravin-

Sunday, August 29, 2021

പേരിലൊതുങ്ങിയ തൂഫാൻ !!


രാകേഷ് ഓംപ്രകാശ് മെഹ്‌റ - ഫർഹാൻ അക്തർ ടീമിന്റെ 'ഭാഗ് മിൽഖ ഭാഗ്' ഗംഭീര പടമായിരുന്നു. അതേ കോമ്പോയിൽ വീണ്ടും ഒരു സ്പോർട്സ് മൂവി എന്ന നിലക്കാണ് 'തൂഫാൻ' പ്രതീക്ഷക്ക് വക നൽകിയതും. മികച്ച സംവിധായകനും മികച്ച നടനും കൂടി ചേർന്നാലും തിരക്കഥ പാളിയാൽ സകലതും വെറുതെയാകും എന്ന് വീണ്ടും അടിവരയിട്ടു പറയേണ്ടി വരുന്നു 'തൂഫാന്റെ' കാര്യത്തിൽ.

ഒരു സ്പോർട്സ് മൂവിയുടെ സ്ഥിരം കെട്ടുമാറാപ്പുകളൊക്കെ തൂഫാനിലും ഉണ്ട്. തെരുവ് ഗുണ്ട അജ്ജു ഭായിയിൽ നിന്ന് ബോക്‌സർ അസീസ് അലിയിലേക്കുള്ള ഫർഹാന്റെ ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം നന്നായിരുന്നു.

കെട്ടവനിൽ നിന്ന് നല്ലവനിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന നായികയും അനുബന്ധ പ്രണയവും പ്രതിബന്ധങ്ങളുമൊക്കെ സീൻ ബൈ സീനായി ഊഹിച്ചെടുക്കാനുള്ള എല്ലാ അവസരം തൂഫാൻ തരുന്നുണ്ട്.

ബോംബ് സ്‌ഫോടനത്തിൽ ഭാര്യ കൊല്ലപ്പെട്ടത് കൊണ്ട് മുസ്ലീങ്ങളെ ഒന്നടങ്കം വെറുക്കുന്ന നാനാ സാബിന്റെ മകളുമായുള്ള അസീസ് അലിയുടെ പ്രണയത്തെ ലവ് ജിഹാദ് ചർച്ചയിലേക്ക് എത്തിക്കുന്നുണ്ട് സിനിമ.

പരേഷ് റാവൽ അവതരിപ്പിക്കുന്ന നാനാ പ്രഭു എന്ന കഥാപാത്രത്തിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ തർക്കം കൊണ്ട് ജയിക്കാൻ ശ്രമിക്കുന്ന സുഹൃത്തിന്റെ ഒരു സീനുണ്ട്. പക്ഷേ തന്റെ നിലപാടുകളിൽ മാറ്റം വരുത്താത്ത അതേ കഥാപാത്രത്തിനെ സിനിമ ഇമോഷണൽ സീനുകളിൽ കൂടി പ്രേക്ഷകനുമായി അടുപ്പിക്കുകയാണ് ചെയ്യുന്നത്. എന്തായാലും മുസ്‌ലിം വിരുദ്ധതയെ ആഘോഷിക്കാൻ നിന്നിട്ടില്ല തൂഫാൻ എന്ന് മാത്രം.

ആകെ മൊത്തം ടോട്ടൽ = ഫർഹാൻ അക്തറിന്റെ അധ്വാനങ്ങളും, പരേഷ് റാവലിന്റെ പ്രകടനങ്ങളുമെല്ലാം കഥയും കാമ്പുമില്ലാത്ത ഒരു സിനിമയിൽ മുങ്ങിപ്പോയി എന്നത് ദുഖകരമാണ്.ക്ലിഷേകളിൽ മനം മടുക്കില്ലെങ്കിൽ ചുമ്മാ കണ്ടു നോക്കാവുന്ന ഒരു സിനിമ. അതാണ് 'തൂഫാൻ'. 

*വിധി മാർക്ക് = 5/10 

-pravin-

Tuesday, August 24, 2021

ഒരു ഫീൽ ഗുഡ് 'ഹോം' !!


കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ക്രൈം- ഹൊറർ മൂഡിൽ നിന്ന് ഒരു മോചനം തന്ന സിനിമ എന്ന് വിശേഷിപ്പിക്കാം റോജിൻ തോമസിന്റെ 'ഹോമി'നെ. പേരിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു ഹോംലി സിനിമ.

'വരനെ ആവശ്യമുണ്ട്' സിനിമയിലെ ക്ലൈമാക്സ് സീനിലെ പ്രസംഗത്തിൽ മേജർ ഉണ്ണി കൃഷ്ണൻ പറയുന്നുണ്ട് - മടങ്ങി വരാൻ ഒരു വീടോ നമ്മുടെ വിശേഷങ്ങളൊക്കെ പറയാൻ അവിടെ ഒരാളോ ഇല്ലെങ്കിൽ ജീവിതത്തിലെന്ത് നേടിയിട്ടും വലിയ അർത്ഥമൊന്നുമില്ല എന്ന്. ശരിയാണ് ഒരു വീടിന്റെ പൂർണ്ണത എന്ന് പറഞ്ഞാൽ ആ വീട്ടിനുള്ളിൽ താമസിക്കുന്നവർ തമ്മിലുള്ള പരസ്പ്പര സ്നേഹ ബന്ധങ്ങളാണ്.

ഒരു വീടിനുള്ളിൽ താമസിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആ വീട്ടിനുള്ളിൽ നമ്മൾ എങ്ങിനെ പരസ്പ്പരം പെരുമാറുന്നു എന്നത്. റോജിന്റെ 'ഹോം' കൈകാര്യം ചെയ്യുന്ന പ്രധാന വിഷയവും അത് തന്നെ.

ടെക്‌നോളജിയുടെ മികവിൽ ലോകത്തെ ഏത് കോണിലുള്ളവരോടും വളരെ എളുപ്പത്തിൽ ആശയങ്ങൾ പങ്കു വക്കാനും സംസാരിക്കാനുമൊക്കെ സാധിക്കുന്നു. എന്നാൽ ഇതേ ടെക്‌നോളജി നമ്മുടെ പലരുടെയും വീട്ടകങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയുമൊക്കെ ഉപയോഗങ്ങൾ ഒരു പരിധിക്കപ്പുറം അനാവശ്യമാണ്. ആ പരിധി ഏതാണെന്ന് നമ്മൾ സ്വയം തീരുമാനിക്കണം. അല്ലെങ്കിൽ നമ്മുടെ ചിന്തകളും പെരുമാറ്റങ്ങളും ജീവിതവുമൊന്നും തന്നെ നമ്മുടെ നിയന്ത്രണത്തിലാകില്ല.

ഒരു ഉപദേശ സിനിമയായിട്ടല്ല 'ഹോമി'നെ ഒരുക്കിയിരിക്കുന്നതെങ്കിലും ഗൗരവമായി ചിന്തിക്കേണ്ട മേൽപ്പറഞ്ഞ പോലുള്ള കാര്യങ്ങളെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ നമ്മളിലേക്ക് എത്തിക്കുന്നുണ്ട് സംവിധായകൻ.

കാലത്തിനൊത്ത് സഞ്ചരിക്കാത്തത് കൊണ്ടാണ് അപ്പനിങ്ങനെ ആയിപ്പോയതെന്ന് കുറ്റപ്പെടുത്തുന്ന ആന്റണി ഒരിക്കലും ആ അപ്പനെ കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നോ പ്രോത്സാഹിപ്പിക്കുന്നോ ഇല്ല. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ ഭാസ്ക്കര പൊതുവാളിനെ പോലെ ടെക്‌നോളജിയെ ഉൾക്കൊള്ളാനോ സ്വീകരിക്കാനോ മടിയുള്ള ആളല്ല ആന്റണിയുടെ അപ്പൻ ഒലിവർ ട്വിസ്റ്റ്.

ഒലിവർ ട്വിസ്റ്റിനുള്ളിൽ ആരുമറിയാതെ പോയ ഒരു വിജ്ഞാന ദാഹിയുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുമൊക്കെ ഇഷ്ടപ്പെടുമ്പോഴും അതെല്ലാം ഉപയോഗിക്കുന്നതിൽ നിന്നും അയാളെ പിൻവലിക്കുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെയുള്ള പരിഹാസങ്ങളാണ്.
ഒലിവർ ട്വിസ്റ്റിനെ അസാധ്യമായി അവതരിപ്പിക്കുകയല്ല, ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും, സ്നേഹവും, നോവും സന്തോഷവുമെല്ലാം ഒന്നിട വിടാതെ അനുഭവപ്പെടുത്തുകയാണ് ഇന്ദ്രൻസ് ചെയ്തത്. പ്രായഭേദമന്യേ ഏത് വേഷവും ഏത് ജോണറിൽ വേണമെങ്കിലും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ മെയ്‌വഴക്കം വന്ന നടനായി ഇന്ദ്രൻസ് വീണ്ടും മുന്നേറി കൊണ്ടിരിക്കുന്നു. 

മഞ്ജുപിള്ളക്ക് കരിയറിൽ കിട്ടിയ മികച്ച വേഷമായി കുട്ടിയമ്മ. ശ്രീനാഥ്‌ ഭാസിയും, നസ്ലെനും , കൈനകരി തങ്കരാജുമൊക്കെ 'ഹോമി'ലെ പ്രധാന താരങ്ങളായപ്പോൾ കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന വിജയ് ബാബുവും, അനൂപ് മേനോനുമൊക്കെ സ്‌ക്രീൻ പ്രസൻസിൽ മിന്നി തിളങ്ങി.

ആകെ മൊത്തം ടോട്ടൽ = വലിയൊരു കഥ പറയാനില്ലാഞ്ഞിട്ടും ഉള്ളൊരു കഥയെ രണ്ടര മണിക്കൂർ സമയം ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിച്ച കൈയ്യടക്കത്തിനെ അഭിനന്ദിക്കേണ്ടതുണ്ട്. സമയ ദൈർഘ്യം ഒരു പ്രശ്നമായി കാണുന്നില്ലെങ്കിൽ മനസ്സ് ഫ്രഷാക്കുന്ന പലതുമുണ്ട് ഈ 'ഹോമി'ൽ.

*വിധി മാർക്ക് = 8/10 

-pravin-

Sunday, August 22, 2021

മനസ്സ് തൊടുന്ന 'മിമി' !


'ദശരഥം', 'ഷേക്സ്പിയർ എം.എ മലയാളം', 'ലക്കി സ്റ്റാർ' തുടങ്ങിയ മലയാള സിനിമകളിൽ പ്രമേയവത്ക്കരിച്ച "വാടക ഗർഭ ധാരണം" തന്നെയാണ് 'മിമി' യുടെയും കഥാഗതി നിശ്ചയിക്കുന്നത്.

'ദശരഥ'ത്തിൽ രാജീവന്റെ കുഞ്ഞിനോട് ആനിക്ക് പിന്നീട് തോന്നുന്ന ഇഷ്ടവും കുഞ്ഞിനെ പിരിയാൻ വയ്യാത്ത സാഹചര്യവും, 'ഷേക്സ്പിയർ എം.എ മലയാള'ത്തിൽ അവിവാഹിതയായ അല്ലിക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നിന്ന് നേരിട്ട പ്രതിസന്ധികളും, 'ലക്കി സ്റ്റാറി'ൽ രഞ്ജിത്ത്-ജാനകി ദമ്പതിമാർക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചതിയും വിശ്വാസവഞ്ചനയുമടക്കം സമാനമായ പല കഥാ മുഹൂർത്തങ്ങളും മിമിയിലും നിരീക്ഷിക്കാമെങ്കിലും ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വേറിട്ട മറ്റൊരു സിനിമാസ്വാദനം തരാൻ സാധിക്കുന്നിടത്താണ് മിമി മികച്ചു നിൽക്കുന്നത്.

എടുത്തു പറയേണ്ടത് സിനിമയിലെ കഥാപാത്ര പ്രകടനങ്ങൾ തന്നെയാണ്.
മിമിയായുള്ള കൃതി സാനോന്റെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് മാത്രമാണ്. പങ്കജ് ത്രിപാഠിയെയൊക്കെ സിനിമയിൽ കെട്ടഴിച്ചങ്ങു വിട്ടിരിക്കുകയാണ്. അമ്മാതിരി ഒരു നടൻ.

അവര് മാത്രമല്ല മനോജ് പാഹ്വാ, സുപ്രിയ പഥക്, സായ് തംഹങ്കർ പോലെയുള്ള സഹ നടീനടന്മാർ കോമഡിയിലും ഇമോഷണൽ സീനുകളിലും ഒരു പോലെ തിളങ്ങി.

'സാറാ' തുടങ്ങി വച്ച അബോർഷൻ ചിന്തകൾക്ക് വിരുദ്ധമായി 'മിമി' സ്വന്തം ചോയ്‌സിൽ മാതൃത്വത്തിന്റെ മഹിമയും അനുഭൂതിയും പറഞ്ഞറിയിക്കുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾക്ക് വേണ്ടി അവൾ വേണ്ടെന്നു വക്കുന്നത് കുഞ്ഞിനെയല്ല, അബോർഷൻ ആണ്. മിമിയുടെ ആ ചോയ്‌സ് വളരെ ഹൃദ്യമായി പറഞ്ഞറിയിക്കുന്നുമുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = 2011 ൽ മികച്ച മറാത്തി സിനിമക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ 'Mala Aai Vhhaychy' യുടെ remake എന്ന് പറയുമ്പോഴും ആ സിനിമയെ അതേ പടി പകർത്തി അവതരിപ്പിക്കാതെ അതിലും മികവുറ്റതാക്കി മറ്റൊരു കഥാ പശ്ചാത്തലത്തിൽ 'Mimi' യെ പുനരാവിഷ്‌ക്കരിക്കാൻ ലക്ഷ്മൺ ഉടെക്കറിന് സാധിച്ചിട്ടുണ്ട്. അമ്മയാകാൻ പ്രസവിക്കണമെന്നില്ല, സ്വന്തം കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്നുമില്ല എന്ന് പറഞ്ഞു വക്കുന്ന ഒരു മനോഹര സിനിമയാണ് 'മിമി'. A must watch.

*വിധി മാർക്ക് = 8/10
-pravin-

Wednesday, August 18, 2021

മരണ ശേഷമല്ല, ജീവിച്ചിരിക്കുമ്പോഴാണ് അനുഗ്രഹീതരാകേണ്ടത് !!


'ആയുഷ്ക്കാലം' സിനിമയിൽ ഭാര്യയുടെ മരണവും കാത്ത് ആശുപത്രിയിൽ അവരെ കാത്തിരിക്കുന്ന ശങ്കരാടിയും, സ്വന്തം വീടിന് കാവൽ നിൽക്കുന്ന ഇന്നസെന്റുമൊക്കെ സ്ഥിരം പ്രേത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തതരായിരുന്നു.

മരിച്ചു പോയ എബിയെ 'ഹൃദയ ബന്ധം' കൊണ്ട് കാണാൻ സാധിക്കുന്ന ബാലകൃഷ്ണൻ' എന്ന വൺ ലൈനിൽ തന്നെ മനോഹരമായ ഒരു ഫാന്റസിയുണ്ട്.

ആരെയെങ്കിലും ഉപദ്രവിക്കാനോ പേടിപ്പിക്കാനോ പോയിട്ട് ആത്മാക്കൾക്ക് ഈ ഭൂമിയിൽ ഒരില പോലും അനക്കാൻ സാധിക്കില്ലെങ്കിൽ, പ്രിയപ്പെട്ടവരെയെല്ലാം നേരിട്ട് കാണുമ്പോഴും ശബ്ദം കൊണ്ടോ സ്പർശം കൊണ്ടോ പോലും തങ്ങളുടെ സാമീപ്യം അറിയിക്കാൻ സാധിക്കാതെ പോകുന്നവരാണ് ഈ പറഞ്ഞ ആത്മാക്കളെങ്കിൽ അവരുടെ നിസ്സഹായത എത്ര വേദനാജനകവും ഭീകരവുമായിരിക്കും. ഈ ചിന്തകളാണ് 'ആയുഷ്ക്കാല'ത്തിന്റെ തിരക്കഥക്ക് പുറകിൽ.

കഥ മറ്റൊന്നെങ്കിലും സമാന ചിന്തകളുടെ വേറിട്ട മറ്റൊരവതരണമാണ് 'അനുഗ്രഹീതൻ ആന്റണി'യിലുമുള്ളത്. ഒരു പ്രണയ കഥയുടെ സൂചനകൾ തന്ന ടീസറിൽ നിന്ന് മാറി അപ്രതീക്ഷിതമായ മരണത്തിന്റെയും നഷ്ടപ്പെട്ട ജീവിതത്തിന്റെയും പൂർത്തീകരിക്കാനാകാതെ പോകുന്ന ആഗ്രഹങ്ങളുടേയുമൊക്കെ വേദനകൾ ആന്റണിയിലൂടെ പറഞ്ഞറിയിക്കുന്നു സിനിമ.

ആത്മാക്കളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാൻ ദൈവം ഭൂമിയിൽ ഒരാളെ നിയോഗിച്ചിട്ടുണ്ടാകും. ആയുഷ്‌ക്കാലത്തിൽ എബിക്ക് വേണ്ടി ബാലകൃഷ്ണന് പലതും ചെയ്യാൻ സാധിച്ചത് പോലെ ആന്റണിക്ക് വേണ്ടി ദൈവം നിയോഗിച്ചത് മറ്റു ചിലരെയായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഗ്രഹീതരാകാൻ ശ്രമിച്ചാൽ അതാണ് നല്ലത്. വെറുതേ ആത്മാവായി മാറിയിട്ട് ടെൻഷൻ അടിക്കണ്ടല്ലോ. ആ തലത്തിലും ഒന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ.

ചെറുതെങ്കിലും സുരാജിന്റെയും ബൈജുവിന്റെയുമൊക്കെ കഥാപാത്രങ്ങൾ സിനിമക്ക് കരുത്തേകി. സിദ്ധീഖിന്റെ ഇത് വരെയുള്ള അച്ഛൻ വേഷങ്ങളിൽ വർഗ്ഗീസ് മാഷ് വേറിട്ട് നിൽക്കുക തന്നെ ചെയ്യും. മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനക്കപ്പുറം പലതുമുണ്ട് ആ കഥാപാത്ര പ്രകടനത്തിൽ. ജാഫർ ഇടുക്കിയൊക്കെ നല്ല റേഞ്ചുള്ള നടനാണ് എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ഈ പടത്തിൽ ആന്റണി ആത്മാവാണെങ്കിൽ ഈ പടത്തിന്റെ ആത്മാവായി മാറിയത് അരുൺ മുരളീധരന്റെ സംഗീതമാണ്.

ആകെ മൊത്തം ടോട്ടൽ = ഈ സിനിമ ഇഷ്ടപ്പെടാത്ത പലരും ഉണ്ടായിരിക്കാം. പക്ഷേ വ്യക്തിപരമായ ആസ്വാദനത്തിൽ ഒരു കുഞ്ഞു ഫീൽ ഗുഡ് ഫാന്റസി സിനിമയാണ് 'അനുഗ്രഹീതൻ ആന്റണി'.

*വിധി മാർക്ക് = 6.5 /10

-pravin-

Sunday, August 15, 2021

യുക്തി ഭദ്രമല്ലാത്ത ഒരു കൊലപാതക കഥ !!

ഒരു വലിയ പൊട്ടിത്തെറിയോടെയാണ് സിനിമ തുടങ്ങുന്നത്. ഭർത്താവ് കൊല്ലപ്പെട്ട കേസിൽ എല്ലാ സംശയങ്ങളും ഭാര്യായായ റാണിക്ക് നേരെ വന്നു നിൽക്കുകയാണ്. റാണിയിലൂടെ തന്നെ കഥ മുന്നോട്ട് പോകുന്നു.

റാണിയും റിഷുവും തമ്മിലുള്ള വിവാഹവും അതിനു ശേഷം അവരുടെ ജീവിതത്തിൽ നടന്ന സംഭവ വികാസങ്ങളുമൊക്കെ പോലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കപ്പെടുമ്പോൾ തന്നെ കഥയുടെ ഏകദേശ രൂപം കാണുന്നവർക്ക് കിട്ടും.


വിവാഹ ജീവിതത്തെ കുറിച്ച് വ്യത്യസ്ത സങ്കൽപ്പവിചാരങ്ങളുള്ള നായികാ-നായകന്മാർ വിവാഹ ശേഷം അവരുടെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നിടത്തു കഥ മറ്റൊരു ട്രാക്കിലേക് കയറുകയാണ്.

ഒരു ദുരൂഹ കൊലപാതകത്തിന്റെ കഥാപശ്ചാത്തലമുണ്ടെങ്കിലും ഒരു അന്വേഷണ സിനിമയുടെ ത്രില്ലൊന്നും പ്രതീക്ഷിക്കണ്ട.ഊഹിക്കാവുന്ന ഒരു കഥയും ട്വിസ്റ്റുമൊക്കെ ഉള്ളപ്പോഴും തപസ്സി പന്നു - വിക്രാന്ത് മേസ്സി ജോഡിയുടെ ഗംഭീര പ്രകടനങ്ങളും, ലൊക്കേഷന്റെ ഭംഗിയുമൊക്കെ സിനിമക്ക് മുതൽക്കൂട്ടായി.

ആകെ മൊത്തം ടോട്ടൽ = ലോജിക്കൊന്നും നോക്കാതെ, സിനിമയിൽ തന്നെ പറയുന്ന ആ പണ്ഡിറ്റ്ജിയുടെ നോവലിലെ ഒരു കെട്ട് കഥ പോലെ കണ്ടിരിക്കാവുന്ന ഒരു പടം.

*വിധി മാർക്ക് = 6/10

-pravin-

Thursday, August 12, 2021

കെട്ട കാലത്ത് വേണ്ടിയിരുന്നില്ല ഈ 'കുരുതി' !!


പ്രമേയത്തിന്റെ പ്രസക്തി പോലെ തന്നെ പ്രധാനപ്പെട്ടതാണ് പറയാൻ ഉദ്ദേശിക്കുന്ന വിഷയം എങ്ങിനെ പറയുന്നു എന്നത്. രാജീവ് അഞ്ചലിന്റെ 'ഗുരു' ആ തലത്തിലാണ് ഇന്നും മലയാള സിനിമകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നത്.

രണ്ടു സമുദായങ്ങൾ തമ്മിലുള്ള ചേരി തിരിവും കലാപവുമൊക്കെ നിരവധി സിനിമകളിൽ പ്രമേയവത്ക്കരിക്കപ്പെട്ടതാണെങ്കിലും സിബി മലയിലിന്റെ 'കാണക്കിനാവും, ശശി ശങ്കറിന്റെ 'നാരായവും' പോലുള്ള സിനിമകൾ മാനവികതയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്താതെ കഥ പറഞ്ഞവസാനിപ്പിക്കുന്നതിൽ ഒരു ആശ്വാസം നൽകിയിരുന്നു. അങ്ങിനെ ഒരു ആശ്വാസം 'കുരുതി'യിൽ നിന്ന് കണ്ടു കിട്ടുന്നില്ല എന്നത് കൊണ്ട് തന്നെ കുരുതിയുടെ ആസ്വാദനം അസ്വസ്ഥതയുടേതാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പച്ചക്ക് പറഞ്ഞവതരിപ്പിക്കുന്ന അവതരണ ശൈലി ധീരമെന്ന് വാഴ്ത്താമെങ്കിലും ഇത്തരം സിനിമകൾ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്നത് കാണാതിരിക്കാനാകില്ല. മുൻകാല സിനിമകൾ ഊട്ടിയുറപ്പിച്ച പൊതുബോധങ്ങൾക്ക് കോട്ടം തട്ടിക്കാത്ത കഥാപാത്ര സൃഷ്ടികൾ കുരുതിയിലും ആവർത്തിക്കുന്നു.

ജനാധിപത്യ വിശ്വാസികളാണെന്ന് പുറമേക്ക് നടിക്കുകയും ഉള്ളിൽ മത തീവ്രവാദിയായി നടക്കുകയും ചെയ്യുന്ന കരീമിനെയും , പ്രായം കൊണ്ട് ചെറുതെങ്കിലും സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കൈ തരിക്കുന്ന റസൂലിനെയുമൊക്കെ പോലുള്ളവരെ അറിയാതെ പോകരുത് എന്ന ഉദ്ദേശ്യത്തിൽ പരമാവധി ഡീറ്റൈലിങ്ങിന് ശ്രമിക്കുന്ന സിനിമ സുമയേയും വിഷ്ണുവിനെയും കൊണ്ട് പറയിപ്പിക്കുന്നത് അമ്പലം അശുദ്ധിയാക്കിയതിലെ വേദനയും ന്യൂനപക്ഷ സംവരണം കൊണ്ട് ജീവിതം കുട്ടിച്ചോറായവന്റെ അവസ്ഥയൊക്കെയാണ്.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അന്യമതസ്ഥനായ വൃദ്ധനെ കൊന്നു കളഞ്ഞതിൽ വിഷ്ണുവിന്റെ കഥാപാത്രത്തിന് കുറ്റബോധം ഉണ്ടാകേണ്ടതില്ല. പക്ഷേ ആ കഥാപാത്രത്തിന് സാഹചര്യവശാൽ സഹതാപത്തിന് അർഹതയുണ്ടെന്ന മട്ടിൽ സംവിധായകൻ മെയ്ക്കപ്പ് ചെയ്തതായി അനുഭവപ്പെട്ടു. ഒരു ബാലൻസിംങ്ങിനു വേണ്ടി അവർ ചെയ്തതും തെറ്റാണെന്ന് പ്രസ്താവിക്കുമ്പോഴും ഒരു ഘട്ടത്തിൽ ലായിഖും കരീമുമൊക്കെ വേട്ടക്കാരും വിഷ്ണുവും സുമയുമൊക്കെ ഇരകളുമെന്ന തലത്തിലേക്ക് സീനുകൾ എത്തുന്നുമുണ്ട്.

മനുഷ്യൻ മരിച്ചാലും അവന്റെയുള്ളിലെ വെറുപ്പ് മരിക്കുന്നില്ല അത് ജീവിക്കും എന്ന് പറയുമ്പോൾ ലായിഖിലെ വെറുപ്പ് പൂർവ്വാധികം ശക്തിയോടെ റസൂലിലേക്ക് ഇരച്ചു കയറുന്നുണ്ടെങ്കിലും നാഗവല്ലിയുടെ ബാധയിറങ്ങിയ ഗംഗയെ പോലെ സുമ ശാന്തയായി സമാധാനം സംസാരിക്കുകയാണ്. അപ്പോൾ ഒരു പ്രത്യേക സമുദായക്കാർക്കുള്ളിലെ വെറുപ്പ് ഒരിക്കലും മാറില്ല ബാക്കിയുളളവർക്ക് അത്ര കുഴപ്പമില്ല എന്നല്ലേ പറഞ്ഞു വക്കുന്നത്. അതെങ്ങനെ ഒരു നല്ല നിലപാടാകും ?

മതമാണ് വെറുപ്പിന്റ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞു വക്കുമ്പോഴും മതവിശ്വാസികളിലെ നല്ലവരും കെട്ടവരും എങ്ങിനെയൊക്കെയാകാം അഥവാ ആകണം എന്നതിന്റെ വാർപ്പ് മാതൃകകൾ സിനിമ തന്നെ കാണിച്ചു തരുകയും ചെയ്യുന്നു. ഇത് ഒരു ഇരട്ട നിലപാടായി സിനിമയിൽ മുഴച്ചു നിൽക്കുന്നുണ്ട്.

ഇവിടെയൊക്കെയാണ് 'കുരുതി' ഒരു കുത്തിത്തിരിപ്പ് ആയി മാറുന്നത്.

തുടക്കത്തിലേ തന്നെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നും ഏതെങ്കിലും ജാതി മത വിഭാഗത്തെയോ അവരുടെ വിശ്വാസപ്രമാണങ്ങളെയോ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന മുൻ‌കൂർ ജാമ്യം ഉള്ളത് കൊണ്ട് ആർക്കും പരാതി ഉണ്ടാകാനിടയില്ല. തേനീച്ചക്കൂടും, പാലവും, ഇരട്ടക്കുഴലുള്ള തോക്കുമൊക്കെ പ്രതീകാത്മകമായി കാണാൻ സാധിച്ചാൽ അത് ആസ്വാദനത്തിലെ ബോണസ്സാണ്.

പ്രകടനങ്ങളിലേക്ക് വന്നാൽ അടിമുടി നാടക സെറ്റപ്പിലാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. മോശം ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ നിവിൻ പോളിയെ വെട്ടിച്ചേ അടങ്ങൂ എന്ന മട്ടിലാണ് ടിയാന്റെ കഥാപാത്ര സംഭാഷണങ്ങൾ. അതേ സമയം ഒറ്റ ഡയലോഗ് പോലും പറയാതെ വീട്ടിലേക്കു കയറി വന്നു കസേരയിലിരിക്കുന്ന നവാസ് വള്ളിക്കുന്നിന്റെ മാനറിസങ്ങൾ ഗംഭീരമായി.


റോഷനും, മുരളി ഗോപിയും, ഷൈനും, നെൽസണും, സാഗർ സൂര്യയുമൊക്കെ മികച്ചു നിന്നപ്പോൾ ഞെട്ടിച്ചു കളഞ്ഞ പ്രകടനം മാമുക്കോയയുടേതായി. മൂസാ ഖാദറിന്റെ ട്രാൻസ്ഫോർമേഷൻ സീനുകളിലും ക്ലൈമാക്സ് സീനിലുമൊക്കെയുള്ള പ്രകടന മികവ് കൊണ്ട് 'കുരുതി'യിലെ നായകസ്ഥാനം മാമുക്കോയ നേടിയെടുത്തു എന്ന് പറയാം.

മുരളിഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത 'ടിയാൻ' പ്രത്യക്ഷത്തിൽ ആൾ ദൈവ വിരുദ്ധ സിനിമയായി തോന്നുമ്പോഴും ആ സിനിമ ജാതീയമായി ഒരുപാട് മാലിന്യങ്ങൾ പേറിയിരുന്നു. ഏറെക്കുറെ ആ അവസ്ഥ തന്നെയാണ് 'കുരുതി'യിലുമുള്ളത്. ഒറ്റനോട്ടത്തിൽ മതാന്ധതക്ക് നേരെയുള്ള ധീരമായ നിലപാട് പറച്ചിൽ എന്നൊക്കെ പറയാമെങ്കിലും സംഗതി 'പരസ്യമായ' ഒളിച്ചു കടത്തലുകൾ തന്നെ. 

ആകെ മൊത്തം ടോട്ടൽ = പ്രമേയം പ്രസക്തമെങ്കിലും അവതരണത്തിലെ നാടകീയതകളും നിലപാടുകളിലെ പൊള്ളത്തരങ്ങളും കൊണ്ട് തൃപ്തിപ്പെടാതെ പോയ ഒരു സിനിമ. മാമുക്കോയയുടെ മൂസാ ഖാദറായിട്ടുള്ള പ്രകടനം തന്നെയാണ് കുരുതിയിലെ ഏറ്റവും മികച്ച കാര്യം. 

*വിധി മാർക്ക് = 5/10 

-pravin-

Saturday, August 7, 2021

മികവുറ്റ സിനിമാവിഷ്ക്കാരവും വ്യാജ നിർമ്മിതികളും !!


വാഴയിലയിൽ ബിരിയാണി നക്കി തിന്നുന്ന നായ്ക്കളിൽ നിന്ന് തുടങ്ങി ബിരിയാണി ചെമ്പുമായി സുലൈമാൻ മാലിക്കിന്റെ വീട്ടിലേക്ക് കേറി പോകുന്നവരുടെ പിന്നാലെ ഒരു പോക്കാണ് കാമറ. ഏതാണ്ട് പന്ത്രണ്ടു മിനുട്ടോളം ഒരൊറ്റ ഷോട്ടിലെന്ന പോലെ 'മാലിക്കി'ലെ കഥാപാരിസരവും കഥാപാത്രങ്ങളും കഥാസാഹചര്യവുമൊക്കെ സമർത്ഥമായി വരച്ചിടുന്നുണ്ട് മഹേഷ് നാരായണൻ.

ഒരു ഗ്യാങ്സ്റ്റർ സിനിമയുടെ ചുറ്റുവട്ടമൊക്കെ അനുഭവപ്പെടുമ്പോഴും മാസ്സ് പരിവേഷമില്ലാതെ ഒരു അവശ ശാരീരികാവസ്ഥയിലാണ് ഫഹദിന്റെ സുലൈമാൻ അലിയെ നമുക്ക് കാണാൻ കിട്ടുന്നത്. ഇത്തരം സിനിമാ കാഴ്ചകളിൽ പൊതുവേ നായകന്റെ മാസ്സ് എൻട്രിക്കൊപ്പമോ നായകന്റെ സ്‌ക്രീൻ പ്രസൻസിലോ സിനിമയുടെ ടൈറ്റിൽ തെളിയുമ്പോൾ ഇവിടെ സുലൈമാൻ അലിയുടെ എക്സിറ്റ് സീനിലാണ് 'മാലിക്ക്' എന്ന ടൈറ്റിൽ ഇരുളിൽ ചുവന്ന അക്ഷരത്തിൽ തെളിയുന്നത്.
'കമ്മട്ടിപ്പാടം', 'നായകൻ', 'ഗ്യാങ്സ് ഓഫ് വാസേപൂർ', 'സുബ്രഹ്മണ്യപുരം', 'വട ചെന്നൈ' തുടങ്ങി പല ഭാഷാ സിനിമകളിലായി നമ്മൾ കണ്ടിട്ടുള്ള പ്രാദേശിക ഗുണ്ടാ സംഘങ്ങളും അവർക്കിടയിലെ സൗഹൃദവും, രാഷ്ട്രീയവും, കുടി പകയും, ചതിയും, അധികാര തർക്കങ്ങളുമൊക്കെ 'മാലിക്കി'ലും കണ്ടു കിട്ടുന്നുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാലിക്കിനെ അടയാളപ്പെടുത്തുന്നത് ആ റമദാ പള്ളിയും പരിസരവുമാണ്.
കഥക്കപ്പുറം കേരള ചരിത്രത്തിൽ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ ഒരു നരനായാട്ടിന്റെ ഓർമ്മപ്പെടുത്തലു കൂടിയാണ് 'മാലിക്ക്'. ഒരു കൽപ്പിത കഥയെന്ന മുൻ‌കൂർ ജാമ്യം സിനിമക്ക് മുന്നേ എഴുതി ചേർക്കുന്നുണ്ടെങ്കിലും 2009 ൽ വി.എസ് സർക്കാരിന്റെ കാലത്ത് ബീമാ പള്ളിയിൽ നടന്ന വെടിവെപ്പ് തന്നെയാണ് 'മാലിക്കിന്റെ' ഉള്ളടക്കം എന്ന് മനസ്സിലാക്കണം.

അറുപതുകളിൽ തുടങ്ങി എൺപതുകളും രണ്ടായിരത്തിലുമൊക്കെയായി രണ്ടു മൂന്നു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സിനിമയുടെ കഥാപരിസരങ്ങളൊക്കെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. സുനാമി കാലത്തെ ദുരന്ത ദുരിത കാഴ്ചകളെ പുനഃസൃഷ്ടിച്ചതും ബീമാ പള്ളിയിലെ വെടിവെപ്പ് സീനുമൊക്കെ എടുത്തു പറയാവുന്ന മികവുകളിൽ ചിലത് മാത്രം.
സുഷിൻ ശ്യാമിന്റെ സംഗീതവും സനു വർഗ്ഗീസിന്റെ ഛായാഗ്രഹണവും കൂടി മാലിക്കിന് നൽകുന്ന സൗന്ദര്യം ചെറുതല്ല.
സാങ്കേതിക മികവുകൾക്കും കഥാപാത്ര പ്രകടനങ്ങൾക്കുമൊക്കെ ശേഷം മാലിക് എന്ന സിനിമാവിഷ്ക്കാരത്തെ വിലയിരുത്തിയാൽ സിനിമയിലെ പല ഒളിച്ചു കടത്തലുകളും ബാലൻസിങ്ങുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതായി വരും.
കഴിഞ്ഞ പ്രളയ കാലത്ത് കയറിക്കിടക്കാൻ സ്ഥലമില്ലാതെ വന്നവർക്ക് ജാതിമതഭേദമന്യേ പള്ളിയുടെ ഹാൾ തുറന്നു കൊടുത്ത, അന്യ മതസ്ഥർക്ക് അവരുടെ രീതിയിൽ പ്രാർത്ഥിക്കാൻ പള്ളിക്കുള്ളിൽ തന്നെ അവസരം കൊടുത്ത, എന്തിന് പ്രളയത്തിൽ മരിച്ചവരെ പോസ്റ്റ്മാർട്ടം ചെയ്യാൻ സ്ഥലമില്ല എന്ന് പറഞ്ഞപ്പോൾ അതിനും പള്ളിയിലെ നിസ്‌കാര സ്ഥലം തുറന്നു കൊടുത്ത പള്ളിക്കമ്മിറ്റിക്കാരുള്ള അതേ കേരളത്തിൽ റിലീസായ സിനിമയിലെ സീനിലാകട്ടെ സുനാമി ദുരന്തത്തിൽ പെട്ട അന്യ മതസ്ഥർക്ക് പള്ളിയുടെ പുറത്തെ ഗെയ്റ്റ് പോലും തുറന്നു കൊടുക്കാൻ തയ്യാറാകാത്ത നികൃഷ്ടരായ ഒരു കൂട്ടം പേരാണ് പള്ളിക്കമ്മിറ്റിക്കാർ.
പള്ളിപ്പറമ്പിൽ പണിയുന്ന സ്ക്കൂളിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്ന, ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മനസ്സിൽ കൊണ്ട് നടക്കുന്ന, ഗൾഫ് രാജ്യങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ബോട്ട് വഴി ആയുധം കടത്താനും അതെല്ലാം പള്ളിക്കുള്ളിൽ സൂക്ഷിക്കാനും വേണ്ടി വന്നാൽ അതൊക്കെ പ്രയോഗിക്കാനും സാധിക്കുന്നവരാണ് തീരദേശത്തെ മുസ്ലീങ്ങൾ എന്ന വ്യാജ പൊതുബോധ നിർമ്മിതിക്ക് വേണ്ടി 'മാലിക്കിനെ' മഹേഷ് നാരായണൻ മറയാക്കി എന്ന് സംശയിച്ചാലും തെറ്റില്ല.


റമദാ പള്ളിക്കാരുടെ അലിക്കയായി ഫഹദിനെ നായകനാക്കി ബീമാ പള്ളി വെടിവെപ്പിന്റെ ചരിത്രത്തെ കൽപ്പിത കഥയാക്കി മാറ്റിയപ്പോൾ
അതിലേക്ക് കൂട്ടി ചേർക്കപ്പെട്ട കാര്യങ്ങളിലെല്ലാം മുസ്‌ലിം വിരുദ്ധതയുടെ കൃത്യമായ ഒളിച്ചു കടത്തലുകൾ നടന്നിട്ടുണ്ട്. അതേ സമയം ഭരണകൂട ഭീകരതക്കെതിരെ ഒരു ചെറു വിരൽ അനങ്ങുന്ന നിലപാട് പോലും സിനിമക്കില്ലാതെ പോകുന്നു.
ദിലീഷ് പോത്തന്റെ അബൂബക്കറിന്റെ പാർട്ടിയുടെ പേര് 'ഇസ്‌ലാം യൂണിയൻ ലീഗ്' ആണെന്ന് വരെ കൃത്യമായി കാണിക്കുന്ന സിനിമയിൽ അന്നത്തെ വെടിവെപ്പ് കാലത്തെ ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സൂചനകൾ പോലും ഉൾക്കൊള്ളിക്കാതെ പോയത് എന്തിനായിരിക്കാം ?
ആകെ മൊത്തം ടോട്ടൽ = തീർച്ചയായും മാലിക് സാങ്കേതികമായും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ മികവുറ്റ സിനിമാവിഷ്‌ക്കാരമാണ്. പക്ഷെ സിനിമ പറഞ്ഞു പോയതും പറഞ്ഞെത്തുന്നതുമായ ഒളിച്ചു കടത്തൽ രാഷ്ട്രീയത്തോട് യോജിപ്പില്ല.

*വിധി മാർക്ക് = 7/10

-pravin-

Monday, July 12, 2021

സാറായുടെ തീരുമാനങ്ങളും ലോകവും !!


സിനിമയിലെ കഥാപരിസരവും കാലവുമൊക്കെ മനസ്സിലാക്കി, കഥാപാത്രങ്ങളുടെ സാഹചര്യവും കാഴ്ചപ്പാടുകളുമൊക്കെ അംഗീകരിച്ചു കൊണ്ടാണ് സിനിമകൾ കാണാറുള്ളത്. ഒരു സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ അംഗീകരിക്കുമ്പോഴും ആ സിനിമയിലെ ചില കാര്യങ്ങളോട് വിയോജിച്ചു പോകാറുണ്ട്. സാറായുടെ കാര്യത്തിലും അത് സംഭവിച്ചു.

'സാറാ' എന്ന കഥാപാത്രം എന്താണെന്നും, അവളുടെ നിലപാടുകൾ എന്താണെന്നും വളരെ വ്യക്തമായി തന്നെ സിനിമ പറയുന്നുണ്ട് എന്നിരിക്കെ സാറയെന്ന കഥാപാത്ര സൃഷ്ടിയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഇല്ല. എന്നാൽ വ്യക്തിപരമായ ആസ്വാദനത്തിൽ സാറായുടെ അബോർഷൻ എന്ന ആ ചോയ്‌സിനെ അംഗീകരിക്കുമ്പോഴും വൈകാരികമായി മനസ്സ് ഉടക്കി നിന്നത് സാറായുടെ ചോയ്‌സോടെ വോയ്‌സ് ഇല്ലാതെയായ ജീവന്റെ തുടിപ്പുള്ള ആ ഭ്രൂണത്തിലാണ്.
ഭ്രൂണത്തിന് ജീവനുണ്ടെങ്കിൽ ബീജത്തിനും അണ്ഡത്തിനും വരെ ജീവനുള്ളതായി കാണേണ്ടി വരുമെന്നൊക്കെയുള്ള മെഡിക്കൽ ക്ലാസ്സുകൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. നമ്മളീ പോളി ടെക്നിക് പഠിക്കാത്തത് കൊണ്ടും വികാര ജീവിയായത് കൊണ്ടും ആ താരതമ്യപ്പെടുത്തൽ പെട്ടെന്ന് ഉൾക്കൊള്ളാനുമാകുന്നില്ല.
അത് വിടാം, അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ. പറയാനുള്ളത് സിനിമയെ കുറിച്ച് തന്നെയാണ്. സാറാസ് അബോർഷനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയാണെന്നുള്ള വാദത്തോട് യോജിപ്പില്ല. അബോർഷനെ മഹത്വവത്ക്കരിച്ചു എന്നും തോന്നിയില്ല. സിനിമ പറയുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമാണ്. അത് സ്ത്രീയായാലും പുരുഷനായാലും ഏത് മനുഷ്യനായാലും വേണം, അതിലേക്കു മറ്റുള്ളവർ ഇടിച്ചു കയറേണ്ട കാര്യമില്ല എന്നത് തന്നെയാണ് പോയിന്റ്.

അബോർഷൻ മോശമാണെന്നോ, അബോർഷൻ ചെയ്യുന്നവരെല്ലാം മോശക്കാരെന്നോ നിലപാടില്ല. എന്നിട്ടും സിനിമയിലെ സാറായുടെ ആ അബോർഷൻ തീരുമാനത്തിൽ എന്ത് കൊണ്ട് വിയോജിപ്പ് തോന്നി എന്ന് ചോദിച്ചാൽ അത് തീർത്തും വൈകാരികമാണ് എന്ന് മാത്രമാണ് ഉത്തരം. അതും പറഞ്ഞു സാറായുടെ പേഴ്സണൽ സ്‌പേസിലേക്ക് കേറി അവളെ വിചാരണ ചെയ്യാൻ നിൽക്കുന്നവരുടെ കൂട്ടത്തിലേക്കുമില്ല.
പ്രസവിക്കാൻ ഇഷ്ടമില്ലാത്ത / വിവാഹ ജീവിതത്തിൽ കുട്ടികൾ വേണ്ടെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടി കടന്നു പോയേക്കാവുന്ന സാമൂഹിക സാഹചര്യങ്ങളും അത് അവരുടെ ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന സങ്കീർണ്ണതകളോ ഒന്നും സാറയുടെ കാര്യത്തിൽ അനുഭവപ്പെടുത്താത്ത വിധമാണ് അവളുടെ കുടുംബ- സാമൂഹിക പശ്ചാത്തലം സിനിമയിൽ വരച്ചിട്ടിരിക്കുന്നത്.
അത് കൊണ്ട് തന്നെ സിനിമയുടെ പ്രമേയത്തിനുണ്ടായിരുന്ന സാധ്യതകളെ മുഴുവനായി പ്രയോജനപ്പെടുത്താനാകാതെ സിനിമ സാറയിലേക്ക് മാത്രമായി ചുരുങ്ങി പോയെന്നു തോന്നി.
Sara'S എന്ന ആ ടൈറ്റിലിൽ തന്നെയുണ്ട് എല്ലാം. സാറായുടെ ചിന്തയും തീരുമാനങ്ങളും നിലപാടുകളുമാണ് സിനിമ പറയുന്നത്. അതിനോട് നമുക്ക് യോജിക്കാം, വിയോജിക്കാം. അതിനപ്പുറം സാറാ എന്ത് ചെയ്യണമായിരുന്നു എന്ന് പറയാനോ ഉത്തരവിടാനോ നമുക്ക് അവകാശമില്ല. അത് മനസ്സിലാക്കാതെ പോകുന്നവരുടെ മനസ്സിലാണ് 'സാറാ' വില്ലത്തിയാകുന്നതും.

എന്ത് സന്ദേശമാണ് ഈ സിനിമയിലൂടെ സംവിധായകനും എഴുത്തുകാരനുമൊക്കെ തരുന്നത് എന്നാണ് മറ്റൊരു ചോദ്യം കണ്ടത്. സന്ദേശങ്ങൾ തരലല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും ജോലി എന്ന് ഏത് കാലത്താണ് ഇവരൊക്കെ മനസിലാക്കുക എന്നറിയില്ല.
നമുക്ക് യോജിക്കാൻ പറ്റാതെ പോകുന്ന കാര്യങ്ങളെല്ലാം നമ്മളെ സംബന്ധിച്ച് തെറ്റുകളും യോജിക്കാൻ സാധിക്കുന്നവർക്ക് അത് ശരികളുമാണ്. വ്യക്തിജീവിതങ്ങളിൽ അത്തരം ശരി തെറ്റുകളുടെ സ്‌പേസിന് വളരെയധികം പ്രാധാന്യമുണ്ട്. പരസ്പ്പര ധാരണകളിൽ ആ സ്‌പേസ് അംഗീകരിച്ചു കൊടുക്കാൻ സാധിച്ചാൽ അതൊരു സാമൂഹിക മര്യാദയാണ്. സാറാ സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും അത് തന്നെ.
'സാറാ' യുടെ ചോയ്‌സും സ്‌പേസുമൊക്കെ അംഗീകരിക്കുമ്പോഴും ഈ സിനിമ തുടങ്ങി വച്ച അബോർഷൻ ചർച്ചകളിൽ ഭ്രൂണ ഹത്യയെ നിസ്സാരവത്ക്കരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് വിയോജിപ്പുകൾ ധാരാളമുണ്ട് എന്ന് കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്ക് എതിരെ വേറിട്ട പ്രമേയം കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു കൊച്ചു സിനിമ.

*വിധി മാർക്ക് = 6/10

Sunday, July 11, 2021

കോൾഡ് കേസ് ഒരു തണുത്ത കേസല്ല !!


ഒരേ പാറ്റേണിൽ ഉള്ള ക്രൈം സിനിമകൾ കണ്ടു മടുത്തിരിക്കുന്നതിന്റെ ഇടയിലാണ് 'കോൾഡ് കേസ്' വരുന്നത്. പോരാത്തതിന് ട്രെയ്‌ലർ കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നിയില്ല. പ്രതീക്ഷയുടെ അമിത ഭാരമൊന്നുമില്ലാതെ മുൻവിധികളോടെ കണ്ടത് കൊണ്ടാണോ എന്നറിയില്ല 'കോൾഡ് കേസ്' എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

ഒരു കുറ്റമറ്റ മികച്ച സിനിമയെന്ന വാദമില്ലെങ്കിൽ കൂടി 'കോൾഡ് കേസ്' ഒരിക്കലും മോശം സിനിമയല്ല. ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട് സിനിമയിൽ. ആദ്യത്തെ അര മണിക്കൂറിലെ പല സീനുകളിലും വല്ലാത്തൊരു കൃത്രിമത്വം അനുഭവപ്പെട്ടു. കഥാപാത്ര സംഭാഷണങ്ങളിൽ പോലും അത് വല്ലാതെ പ്രകടവുമായിരുന്നു.


പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്ക് പോലും പ്രകടനപരമായ മികവ് അനുഭവപ്പെടുത്താനൊന്നും സാധിച്ചിട്ടില്ല. അദിതി ബാലന്റെ പ്രശ്നമാണോ അതോ അദിതി ബാലന് ഡബ്ബ് ചെയ്തു കൊടുത്ത ആളുടെ പ്രശ്നമാണോ എന്നറിയില്ല കേന്ദ്ര കഥാപാത്രമെന്ന നിലയിൽ യാതൊരു വിധത്തിലും ആ കാസ്റ്റിങ് നന്നായി തോന്നിയില്ല.

സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഒരേ സമയം രണ്ടു ജോണറുകളിൽ നിന്ന് പറഞ്ഞു പോകുന്ന കഥയാണ്. ഒരു പക്ഷേ ഏറ്റവും കൂടുതൽ പേർക്ക് സിനിമയിൽ ഇഷ്ടപ്പെടാതെ പോയതും അത് തന്നെയാകാം.

ഒരാളെ കൊന്നത് ആരാണ് എന്ന് കണ്ടു പിടിക്കുന്ന സ്ഥിരം അന്വേഷണ കഥകളിൽ നിന്ന് മാറി കൊല്ലപ്പെട്ടതും കൊന്നതും ആരാണെന്ന് ഒരേ സമയം അന്വേഷിക്കേണ്ടി വരുന്ന കഥാ സാഹചര്യമൊക്കെ മികച്ചതായി തോന്നി.

ഒരേ കാര്യത്തിലേക്ക് സമാന്തരമായി നടക്കുന്ന രണ്ട് തരത്തിലുള്ള അന്വേഷണങ്ങൾ തന്നെയാണ് കഥയെ വേറിട്ട് നിർത്തിയത്. ഇതിൽ ഒന്നിൽ യുക്തിയും ശാസ്ത്രീയതയുമാണ് അന്വേഷണത്തെ മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിൽ രണ്ടാമത്തേതിൽ പ്രേതത്തിന്റെ സാമീപ്യവും അതീത മനഃശാസ്ത്രവുമൊക്കെയാണ് അന്വേഷണത്തിന് വഴിയിടുന്നത്.

രണ്ടു അന്വേഷണങ്ങളും ഒരു ഘട്ടത്തിൽ ഒരു പ്രത്യേക പോയിന്റിൽ എത്തി നിൽക്കുമ്പോൾ മാത്രമാണ് രണ്ടു അന്വേഷകരും കൂടി ആദ്യമായി കാണുന്നതും ഒരുമിച്ചിരുന്ന് 'കോൾഡ് കേസ്' ചർച്ച ചെയ്യുന്നതും.

ദുരൂഹത തോന്നിക്കുന്ന പാവയും, കത്തുകയും കെടുകയും ചെയ്യുന്ന ലൈറ്റുമടക്കം സ്ഥിരം ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ക്ളീഷേ എലെമെന്റ്സ് 'കോൾഡ് കേസിലും' ആവർത്തിക്കുന്നുണ്ട്. അതേ സമയം ഫ്രിഡ്ജ് എന്ന ഡിവൈസിനെ കഥയിലേക്ക് ബന്ധപ്പെടുത്തിയത് നന്നായി തോന്നി. എന്ത് കൊണ്ട് ഫ്രിഡ്ജ് ഒരു മീഡിയമാകുന്നു എന്നതിന് വിശദീകരണം നൽകുന്നുമുണ്ടല്ലോ.

യുക്തിയില്ലാത്ത ഇത്തരം കാര്യങ്ങളെയൊക്കെ പ്രമേയവത്ക്കരിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് പ്രസക്തിയില്ല. ഏത് വിഷയവും പ്രമേയവത്ക്കരിക്കാം പക്ഷെ പ്രേക്ഷകന് അതെല്ലാം ഉൾക്കൊള്ളാനും ബോധ്യപ്പെടാനുമൊക്കെ തരത്തിൽ അവതരിപ്പിക്കപ്പെടണം എന്ന് മാത്രം.

'കോൾഡ് കേസ്' ആ തലത്തിൽ നോക്കിയാൽ ആദ്യത്തെ അര മണിക്കൂർ സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് തോന്നിയത്. എന്നാൽ അതിന് ശേഷം, കൃത്യമായി പറഞ്ഞാൽ അലൻസിയറുടെ കഥാപാത്രത്തിന്റെ വരവിനു ശേഷം സിനിമയുടെ മൂഡ് തന്നെ മാറി മറയുന്നു. അവിടുന്നങ്ങോട്ടാണ് സിനിമയുടെ ആസ്വാദനവും കിട്ടിയത്.

ആകെ മൊത്തം ടോട്ടൽ = 'പ്രീസ്റ്റും', 'നിഴലും' അടക്കം സമീപ കാലത്ത് വന്ന മലയാള സിനിമകളിലെ മിസ്റ്ററി വച്ച് നോക്കിയാൽ 'കോൾഡ് കേസ്' ഒരു ഡീസൻറ് ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറാണ്. പൊക്കിയടിച്ചു വാഴ്ത്തിയില്ലെങ്കിലും ഒറ്റയടിക്ക് വളരെ മോശം പടം എന്നൊക്കെ വിലയിരുത്തുന്നതിനോട് യോജിക്കുന്നില്ല.

* വിധി മാർക്ക് = 6.5 /10 

-pravin- 

Saturday, June 26, 2021

ജാവ കിടുവാണ്, സൂപ്പറാണ് !!


എബ്രിഡ് ഷൈന്റെ 'ആക്ഷൻ ഹീറോ ബിജു'വിലാണ് അത് വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി കേരളാ പോലീസിനെ ഒരു റിയലിസ്റ്റിക് മോഡിൽ അവതരിപ്പിച്ചു കാണുന്നത്. ഓരോ ദിവസവും പോലീസ് സ്റ്റേഷനിൽ സംഭവിക്കുന്ന കാര്യങ്ങളും, അവിടെയെത്തുന്ന പരാതികളും, പോലീസുകാർ അത് കൈകാര്യം ചെയ്യുന്ന വിധവുമൊക്കെ മനോഹരമായി പറഞ്ഞു വക്കാൻ 'ആക്ഷൻ ഹീറോ ബിജുവി'ലൂടെ സാധിച്ചു.

പോലീസ് കഥകളും കേസ് ഡയറികളുമൊക്കെ ഗിമ്മിക്കുകളൊന്നുമില്ലാതെ അനുഭവ ഭേദ്യമാക്കുക എന്ന് വച്ചാൽ അത്ര എളുപ്പമല്ലായിരുന്നു. 'ആക്ഷൻ ഹീറോ ബിജു' വിന്റെ വിജയം പിന്നീട് വന്ന സിനിമകളിലെ പോലീസ് സ്റ്റേഷൻ സീനുകളെയൊക്കെ വല്ലാതെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. ഷാനവാസ് ബാവക്കുട്ടിയുടെ 'കിസ്മത്തി'ലാണെന്നു തോന്നുന്നു സമാനമായ ഒരു പോലീസ് സ്റ്റേഷൻ പരിസരം കണ്ടതായി ഓർക്കുന്നു.
ഇവിടെ 'ഓപ്പറേഷൻ ജാവ' പോലീസ് സ്റ്റേഷന്റെ കഥാപരിസരത്തിൽ നിന്ന് മാറി സൈബർ സെല്ലിന്റെ പശ്ചാത്തലത്തിലേക്ക് മാറുമ്പോൾ അതിനെ മുൻകാല സിനിമകളുടെയൊന്നും സ്വാധീനമില്ലാത്ത വിധം പുതുമയോടെ തന്നെ അവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിട്ടുണ്ട്. സൈബറിടങ്ങളിലെ കൊള്ളരുതായ്മകളും കൊള്ളകളുമൊക്കെ ഏറെക്കുറെ എണ്ണം പറഞ്ഞു കൊണ്ട് തന്നെ ബോധ്യപ്പെടുത്തി തരുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.
ജാവയുടെ ഓപ്പറേഷൻ വിജയകരമാക്കിയതിൽ പ്രധാനപ്പെട്ട ഒന്ന് അതിലെ കാസ്റ്റിങ് തന്നെയാണ്. ബാലു, ലുഖ്മാൻ, ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഷൈൻ ടോം ചാക്കോ തൊട്ട് കുറഞ്ഞ സീനിൽ വന്നു പോകുന്ന വിനായകനടക്കം എല്ലാവരും പ്രകടനത്തിൽ തിളങ്ങി.
ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന തൊഴിൽ രഹിത കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് ബാലുവിന്റെയും ലുഖ്‌മാന്റെയുമൊക്കെ കഥാപാത്രങ്ങൾ. കാലമെത്ര മാറിയാലും അത്തരം കഥാപാത്രങ്ങളുടെ മനഃസംഘർഷങ്ങൾ അറ്റമില്ലാതെ, മാറ്റമില്ലാതെ തന്നെ തുടരുന്നു.
പ്രധാന പ്രമേയത്തിനൊപ്പം തന്നെ കേരളത്തിലെ തൊഴിലില്ലായ്മയും തൊഴിൽ രഹിതരുടെ മാനസികാവസ്ഥകളുമൊക്കെ സിനിമയിലൂടെ ചർച്ച ചെയ്യിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ബാലുവിന്റെയും ലുഖ്മാന്റെയും കഥാപാത്ര മുഖങ്ങൾ ആ തലത്തിൽ കേരളത്തിലെ തൊഴിൽ രഹിതരെ മുഴുവൻ പ്രതിനിധാനം ചെയ്തു.
പ്രമേയപരമായി മാത്രമല്ല സാങ്കേതികപരമായും ജാവ മികച്ചു നിൽക്കുന്നുണ്ട്. സൈബർ കേസന്വേഷണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സങ്കീർണ്ണതകളെയെല്ലാം കൃത്യമായി ബോധ്യപ്പെടുത്താനും ചടുലമായ അവതരണം കൊണ്ട് ത്രില്ലടിപ്പിക്കാനും സംവിധായകന് സാധിച്ചു. ഫൈസ് സിദ്ധീഖിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവുമൊക്കെ സിനിമയെ ആ ലെവലിൽ കട്ടക്ക് കട്ട പിന്തുണച്ചു കാണാം.
ആകെ മൊത്തം ടോട്ടൽ = ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവണേ എന്ന് ആഗ്രഹിപ്പിക്കുന്ന ഒരു കിടു സൈബർ ത്രില്ലർ സിനിമ.

*വിധി മാർക്ക് = 8/10
-pravin-

Tuesday, June 22, 2021

പ്രവാസത്തിന്റെ നോവും നൊമ്പരവുമായി 'സമീർ' !!

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന് ആടുജീവിത'ത്തെ മുൻനിർത്തി കൊണ്ട് ബെന്യാമിൻ നമ്മളോട് പറയുന്നുണ്ട്. ഇവിടെ സമാനമായി റഷീദ് പാറക്കൽ തന്റെ തന്നെ പ്രവാസ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്നത് അനുഭവത്തിന്റെ തീക്ഷ്ണത പ്രകടിപ്പിക്കാനാകാത്ത സമസ്യയാണെന്നും ഓരോ അനുഭവങ്ങളും അത് അനുഭവിക്കുന്നവന്റെ മാത്രം സത്യവുമാണ് എന്നാണ്.

96 കാലത്ത് മരുഭൂമിയിലെ പൊള്ളുന്ന വെയിലിലേക്ക് പ്രവാസിയായി വന്നു വീണ സംവിധായകൻ തന്റെ നീറുന്ന ജീവിതാനുഭവങ്ങളെ 'സമീറി'ലൂടെ ദൃശ്യവത്ക്കരിക്കുമ്പോൾ അത് വെറുമൊരു സിനിമാ കാഴ്ചയായി അനുഭവപ്പെടുന്നില്ല. സമീറിന്റെ പ്രവാസകാലം പ്രേക്ഷകരുടെ കൂടിയാക്കി മാറ്റുന്ന വേറിട്ട സിനിമാനുഭവം.

മുൻകാല മലയാള സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ പ്രവാസ ജീവിതങ്ങളിൽ നിന്ന് മാറി ഒട്ടും പരിചിതമല്ലാത്ത മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് 'സമീറി'ന്റെ കഥ. ഈ സിനിമയിൽ നിന്ന് അവിശ്വസനീയതകളും നാടകീയതകളും കണ്ടെടുത്താൽ തന്നെ അത് ജീവിതത്തിന്റെ ഒരംശം മാത്രമാണെന്ന് പറയേണ്ടി വരും. റഷീദ് പാറക്കലിന്റെ പ്രവാസകാലത്തെ ജോലിക്ക് പോലുമുണ്ട് അങ്ങിനെയൊരു അവിശ്വസനീയത.

കമലിന്റെ 'ഗദ്ദാമ'യിൽ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നിമി നേരത്തേക്ക് വന്നു പോയ ഷൈൻ ടോം ചാക്കോയുടെ പേരറിയാത്ത കഥാപാത്രവും അയാളുടെ രൂപവും ഇന്നും സങ്കടമായി മനസ്സിലുണ്ട്. സമീറിന്റെ കഥക്ക് അതേ മരുഭൂമിയുടെ പശ്ചാത്തലമുണ്ടെങ്കിലും അയാൾ തീർത്തും ഒറ്റപ്പെടുന്നില്ല ഒരിക്കലും. വേദനകളെയും സങ്കടങ്ങളെയും പലവിധത്തിൽ അതിജീവിക്കാൻ സാധിക്കുന്നുണ്ട് അയാൾക്ക്. സമീറെന്ന കഥാപാത്രത്തെ എല്ലാ തലത്തിലും മികവുറ്റതാക്കി ആനന്ദ് റോഷൻ.

മലബാറിയും പഠാണിയും ബലൂച്ചിയും ബംഗാളിയും തമിഴനുമൊക്കെയായി പല ദേശക്കാരും പല ഭാഷക്കാരുമുണ്ടെങ്കിലും പ്രവാസ ലോകത്ത് അവരെല്ലാം വെറും പ്രവാസിയുടെ മേൽവിലാസത്തിലാണ് ജീവിക്കുന്നതും മരിക്കുന്നതുമെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. മൊയ്‌ദീൻ കോയയുടെ ബലൂജി അമീറിന്റേതടക്കം പേരറിയാത്ത ഒരുപാട് പേരുടെ ജീവനുള്ള കഥാപാത്ര പ്രകടനങ്ങളുടേത് കൂടിയാണ് 'സമീർ'.

നിറപ്പകിട്ടില്ലാത്ത ഒരു ജീവിത കഥയെ സ്‌ക്രീൻ കാഴ്ചയിൽ മനോഹരമാക്കിയതിൽ ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനും പങ്കുണ്ട്.

ആകെ മൊത്തം ടോട്ടൽ = 'സമീർ' ഒരിക്കലും നമ്മളാരും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സിനിമയല്ല.നേരിന്റെ സിനിമയാണ് . നേരനുഭവങ്ങളുടെ നേർകാഴ്ചകളുടെ സിനിമയാണ്.

*വിധി മാർക്ക് = 6.5/10

-pravin-

Monday, June 21, 2021

The Family Man ( Web Series Season 2- Episodes -10)


ഒരു ത്രില്ലർ സീരീസിന് എന്ത് കൊണ്ട് 'ഫാമിലി മാൻ' എന്ന പേര് നൽകി എന്ന സംശയത്തിന് ആദ്യ സീസണിനേക്കാൾ വ്യക്തമായ ഉത്തരം നൽകാൻ രണ്ടാം സീസണിന് സാധിക്കുന്നുണ്ട്.

കൃത്യമായ പേരോ വിലാസമോ രേഖപ്പെടുത്താതെ സീക്രട്ട് മിഷനുകളുമായി മുന്നോട്ട് പോകുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കഥകളിൽ നിന്ന് വ്യത്യസ്തമായി ശ്രീകാന്ത് തിവാരി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കുടുംബം കൂടി കഥാപാശ്ചാത്തലമാകുന്നിടത്താണ് 'ഫാമിലി മാൻ' സ്ഥിരം സ്പൈ ആക്ഷൻ ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസികളിൽ ജോലി ചെയ്യുന്നവരുടെ ഔദ്യോഗിക ജീവിതം സംഘർഷ ഭരിതമാകുമ്പോൾ അത് അവരുടെ കുടുംബ ജീവിതത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നുണ്ടാകാം എന്ന ചിന്ത തന്നെയാകാം തിവാരി-സുചി കുടുംബ ജീവിതത്തെ 'ഫാമിലി മാനി'ന്റെ പ്രധാന പ്ലോട്ട് ആക്കി മാറ്റിയത്.
ഒന്നാം സീസണിൽ ദൈനം ദിന പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള സ്ക്രിപ്റ്റിങ് ആയിരുന്നതിനാൽ സമകാലീന ഇന്ത്യൻ രാഷ്ട്രീയവും അനുബന്ധ സാമൂഹിക പ്രശ്നങ്ങളുമൊക്കെ നന്നായി ബന്ധപ്പെടുത്താൻ സാധിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കശ്മീരികളുടെ നിസ്സഹായതയും അവരെ മുതലെടുക്കുന്നവരുടെ ഉദ്ദേശ്യങ്ങളും രാജ്യ സുരക്ഷയും ഭീഷണിയും വ്യാജ ഏറ്റുമുട്ടലുകളുമടക്കം ഒരുപാട് വിഷയങ്ങൾ ആ സീസണിലെ എപ്പിസോഡുകളിൽ ചർച്ച ചെയ്യപ്പെട്ടു.

രണ്ടാം സീസണിൽ ഇന്ത്യക്കെതിരെ തമിഴ് പുലി -ഐ.എസ് .ഐ ഒന്നിച്ചു കൈ കോർക്കുന്നതായാണ് കാണിക്കുന്നത്. ഇതിൽ സാങ്കൽപ്പികതയും ചരിത്രവും കൂടി ചേർന്നിട്ടുണ്ട്. പുലി പ്രഭാകരനെ ഭാസ്ക്കരനായി കാണാം. ഭാസ്‌കരന്റെ സുഹൃത്ത് ദീപൻ പഴയ തമിഴ് പുലി വിനായക മൂർത്തി മുരളീധരനായിട്ട് കണ്ടാലും തെറ്റില്ല. പ്രഭാകരനുമായി തെറ്റി പിരിഞ്ഞ ശേഷം ശ്രീലങ്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ വിനായക മൂർത്തി മുരളീധരന്റെ നിലപാടുകൾ ദീപനിൽ വ്യക്തമായി കാണാൻ സാധിക്കും.
ചരിത്രത്തിൽ ഒരൊറ്റ വനിതാ പ്രധാന മന്ത്രിയെ മാത്രം ലഭിച്ചിട്ടുള്ള ഇന്ത്യയെ സംബന്ധിച്ച് ഈ സീരീസിലെ മറ്റൊരു ഗംഭീര പുതുമയായിരുന്നു പ്രധാന മന്ത്രിയായിട്ടുള്ള സീമ ബിസ്വാസിന്റെ കഥാപാത്രം. പി.എം ബസുവിനെ ഒരു ബംഗാളി വനിതയാക്കി പ്രതിനിധീകരിക്കുന്നതോടൊപ്പം അവരുടെ ശരീര ഭാഷ കൂടി ചേർത്ത് വായിക്കുമ്പോൾ ആ പ്രധാനമന്ത്രി മമതാ ബാനർജിയായിട്ടു തന്നെ അനുഭവപ്പെട്ടു.
മനോജ് ബജ്പേയിയൊക്കെ വേറെ ലെവൽ ആയിരുന്നു പ്രകടനം. പ്രിയാമണിയുടെ സുചിയെ തിവാരിയുടെ നിഴലായി ഒതുക്കാതെ രണ്ടാം സീസണിലും ഗംഭീരമാക്കി കാണിച്ചു തന്നു. സാമന്തയുടെ കരിയർ ബെസ്റ്റ് ആയിട്ടു തന്നെ പറയേണ്ടി വരുന്നു രാജി എന്ന കഥാപാത്രം. പേരറിയാത്ത ഒരുപാട് പേരുടെ പ്രകടന മികവിന്റെ കൂടിയാണ് 'ഫാമിലി മാൻ'.
Waiting for Next Mission !!

ആകെ മൊത്തം ടോട്ടൽ = A Must watch Series.

*വിധി മാർക്ക് = 8/10

-pravin-

Thursday, June 10, 2021

കലഹത്തിന്റെ രാഷ്ട്രീയം !!


സ്വന്തം നാട്ടിൽ വച്ച് നാട്ടുകാർ നോക്കി നിൽക്കേ അകാരണമായി മർദ്ദിക്കപ്പെടുകയും തുണി ഉരിയപ്പെട്ടു അപമാനിക്കപ്പെടുകയും ചെയ്യുന്ന മഹേഷിനു തോന്നുന്ന പ്രതികാര ബുദ്ധിയാണ് 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹൈലൈറ്റ്. അടിച്ചവനെ തിരിച്ചടിച്ചു പ്രതികാരം ചെയ്യുക എന്ന ലളിതമായ പ്രമേയത്തെ ഒരു മുഴുനീള സിനിമയാക്കി മാറ്റിയെടുത്തപ്പോൾ സ്‌ക്രീനിൽ മഹേഷിന്റെ പ്രതികാരത്തിനൊപ്പം മഹേഷിന്റെ പ്രണയവും മഹേഷിന്റെ നാടിന്റെ ഭംഗിയുമൊക്കെ നിറഞ്ഞു നിന്നു.

ഇവിടെ 'കള'യുടെ കാര്യത്തിലേക്ക് വന്നാലും പ്രതികാരം തന്നെയാണ് പ്രധാന വിഷയം. പ്രതികാരത്തിനൊപ്പം മനുഷ്യന്റെ അധികാര ഹുങ്കും അടിച്ചമർത്തപ്പെടുന്നവരുടെ വികാര വിചാരങ്ങളും കുടുംബത്തിനകത്തെ ആൺ പോരിമയുമൊക്കെ വന്യമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'കള' വേറിട്ട് നിൽക്കുന്നത്.

സിനിമയുടെ ഒരു ഘട്ടത്തിൽ അയ്യപ്പൻ കോശിമാരുടെ ഒടുങ്ങാത്ത പോരാട്ടത്തെ ഓർത്തു പോയി. ന്യായവും ദുരഭിമാനവും തമ്മിലായിരുന്നു അവിടെ കലഹം. അധികാര ഹുങ്കും സ്വാധീനവും കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ മുണ്ടൂർ മാടനായി വന്ന് ഞെക്കിയമർത്തി പൊട്ടിച്ചു കളയുന്ന പോലെ ഷാജിയുടെ എല്ലാ വിധ അഹങ്കാരങ്ങളും അധികാര ചിന്തകളും ഇടിച്ചു ഇഞ്ച പരുവമാക്കി ഇല്ലാതാക്കുന്നത് ആ പയ്യനാണ്.
സുമേഷ് മൂറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ടോവിനോയുടെ സ്‌ക്രീൻ പ്രസൻസിനെയൊക്കെ എത്ര പെട്ടെന്നാണ് പ്രകടനം കൊണ്ട് സുമേഷ് മറി കടക്കുന്നത്. ഒരു നായക്ക് വേണ്ടിയാണോ അവൻ ഇങ്ങിനെ സംഹാര താണ്ഡവമാടിയത് എന്ന് ചോദിക്കുന്ന ചില കമെന്റുകൾ കണ്ടിരുന്നു. അവരും ഷാജിയും തമ്മിൽ വലിയ അന്തരമില്ല എന്നേ പറയാനുള്ളൂ.
ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളാണ് സുമേഷ് മൂറിന്റെ കൊല്ലപ്പെട്ട നായയും ഷാജിയുടെ കറുത്തുരുണ്ട ആ വിദേശി നായയും. രണ്ടു നായ്ക്കളും ജന്മം കൊണ്ടും ഇനം കൊണ്ടും ജീവിതം കൊണ്ടും വ്യത്യസ്ത ധ്രുവങ്ങളിലാണ്. നാടൻ നായയെങ്കിലും സുമേഷിന്റെ നായക്ക് സത്യസന്ധമായ സ്നേഹ പരിലാളനങ്ങൾ കിട്ടുന്നുണ്ട്. യജമാന സ്ഥാനത്തിരുന്നു കൊണ്ടല്ല അവൻ അവന്റെ നായയെ സ്നേഹിക്കുന്നതും കൊണ്ട് നടക്കുന്നതും.
എന്നാൽ ഷാജിയുടെ നായയുടെ കാര്യത്തിലേക്ക് വന്നാൽ അവനു വലിയ വീട്ടിലെ നായ എന്ന സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്. പക്ഷെ സ്വാതന്ത്ര്യമില്ല. സദാ കൂട്ടിലാണ്. ചങ്ങലയിൽ നിന്ന് അഴിച്ചു വിടാൻ ഷാജിക്ക് താൽപ്പര്യവുമില്ല. സ്വന്തം കാലു കൊണ്ട് നായയുടെ തലയിൽ ഉഴിഞ്ഞു ഒരു അടിമയെ പോലെയാണ് ഷാജി അതിനോടുള്ള സ്നേഹ പ്രകടനം പോലും നടത്തുന്നത്. ആ പൊള്ളയായ സ്നേഹ പ്രകടനം അവസാനം നമുക്ക് കണ്ടറിയാൻ സാധിക്കുന്നുമുണ്ട്.
കൊല്ലപ്പെട്ട നായക്ക് വേണ്ടി പകരം ചോദിക്കാനെത്തുന്ന, അതിനായി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറാകുന്ന തരത്തിലാണ് സുമേഷ് മൂറിന്റെ കഥാപാത്ര പ്രകടനമെങ്കിൽ ഷാജി സ്വന്തം ജീവന് വേണ്ടി നായയെ കൊലക്ക് കൊടുക്കാൻ തയ്യാറാകുന്നു. ഈ പ്ലോട്ടിൽ തന്നെയാണ് 'കള'യിലെ കലഹം രാഷ്ട്രീയ പ്രസക്തകമാകുന്നത്.
അടുത്തിറങ്ങിയ 'പാതാൾ ലോക്' വെബ് സീരീസിൽ അഭിഷേക് ബാനർജിയുടെ ത്യാഗി എന്ന കഥാപാത്രത്തിന്റെ ഒരു ചിന്തയാണ് ഓർത്തു പോകുന്നത്. If a Man likes Dog, he is a good Dog. If a Dog likes Man, he is a good Man. ഷാജിയുടെ നായക്ക് ആ തിരിച്ചറിവുണ്ട്. അവസാന സീനിൽ മൂറിനോടപ്പമുള്ള ബ്ലാക്കിയുടെ സ്വതന്ത്രമായ ആ നടത്തം പോലും എന്തൊരു ഗംഭീരമായ നിലപാടാണ് പറഞ്ഞറിയിക്കുന്നത് എന്ന് നോക്കൂ.

ആകെ മൊത്തം ടോട്ടൽ = ഒരു പ്രമേയം എന്താണെന്നതിനേക്കാൾ ആ പ്രമേയം തിരക്കഥയിലേക്ക് എങ്ങിനെ പടർത്തി എഴുതപ്പെടുന്നു അല്ലെങ്കിൽ സിനിമയിൽ എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനാണ് പ്രസക്തി എന്ന് തോന്നിയിട്ടുണ്ട്. രോഹിതിന്റെ 'കള' പ്രമേയത്തിനെക്കാൾ അതിന്റെ ഗംഭീരമായ അവതരണം കൊണ്ടാണ് മികച്ചു നിൽക്കുന്നത്.

*വിധി മാർക്ക് =8/10

-pravin-

Wednesday, June 2, 2021

എന്നാലും എന്റെ മോഹൻ കുമാരോ !!


പ്രത്യേകിച്ച് വലിയ കഥയൊന്നുമില്ലെങ്കിലും ഉള്ള കഥയെ ഒരു ഫീൽ ഗുഡ് സിനിമയാക്കി മാറ്റാൻ ജിസ് ജോയിക്ക് സാധിക്കാറുള്ളതാണ്. ആ ഒരു മിനിമം ഗ്യാരണ്ടി തന്നെയായിരുന്നു ജിസ് ജോയ് സിനിമകളുടെ പ്രത്യേകതയും. അങ്ങിനെ നോക്കുകയാണെങ്കിൽ മുൻകാല ജിസ് ജോയ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താൻ പോലും സാധിക്കുന്നില്ല 'മോഹൻകുമാർ ഫാൻസി'നെ.

ബോബി സഞ്ജയുമാർ ജിസ് ജോയിക്ക് കൊടുത്ത കഥയുടേതാണോ അതോ ജിസ് ജോയുടെ തിരക്കഥയുടെ കുഴപ്പമാണോ എന്നൊന്നും അറിയില്ല 'മോഹൻകുമാർ ഫാൻസി'ൽ നിന്ന് തൃപ്തികരമായ ഒരു ഘടകവും കണ്ടെടുക്കാൻ പറ്റിയില്ല.

മുപ്പത് വർഷം മുന്നേ താരമായിരുന്ന ഒരു നടന്റെ തിരിച്ചു വരവും ആ നടന്റെ ഭാഗ്യമില്ലായ്‌മയും വിധിയുമൊക്കെ പ്രധാന പ്രമേയമാക്കുന്ന സിനിമയുടെ കഥ വെറും മോഹൻ കുമാറിൽ ഒതുങ്ങി പോകുകയാണ് ചെയ്തത്. വിനയ് ഫോർട്ടിന്റെ യങ് സൂപ്പർ സ്റ്റാർ ആഘോഷ് മേനോൻ സരോജ് കുമാറിന്റെ തന്നെ മറ്റൊരു പരിവേഷമായി അനുഭവപ്പെടുത്തിയപ്പോൾ മുകേഷിന്റെ പ്രകാശ് ഓർമ്മപ്പെടുത്തിയത് പഴയ ആ ബേബിക്കുട്ടനെ തന്നെയായിരുന്നു.

സ്ഥിരം ജിസ് ജോയ് സിനിമകളിൽ കാണുന്നവരൊക്കെ ഏറെക്കുറെ വലിയ വ്യത്യാസമില്ലാതെ ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവർക്കൊന്നും ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ചെയ്യാനുണ്ടായിരുന്നത് സിദ്ധീഖിന് മാത്രമാണ്.

സിദ്ധീഖ് മികച്ച നടനെങ്കിലും സമീപ കാലത്തായി അദ്ദേഹത്തിന്റെ ചുണ്ടു വിറച്ചു കൊണ്ടുള്ള അഭിനയം ആവർത്തന വിരസമായി കൊണ്ടിരിക്കുകയാണ് എന്ന് പറയാതെ വയ്യ. മോഹൻകുമാർ എന്ന കഥാപാത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളിൽ സിദ്ധീഖിനെ വീണ്ടും അങ്ങിനെ കാണാൻ ബുദ്ധിമുട്ടി.

സലിം അഹമ്മദിന്റെ 'ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു' സിനിമയിൽ നായകനായ ഇസഹാഖ് തന്റെ സിനിമയെ ഓസ്‌ക്കാർ അവാർഡിനായി മാർക്കറ്റ് ചെയ്യാൻ പെടാപാട് പെടുന്നതിന് സമാനമായി ഇവിടെ മോഹൻകുമാറിന് ദേശീയ അവാർഡ് കിട്ടാൻ വേണ്ടിയുള്ള അവസാന നിമിഷ തയ്യാറെടുപ്പുകളാണ് ഒരു പോരാട്ടമെന്ന കണക്കെ അവതരിപ്പിക്കുന്നത്.

അവസാന സീനുകളിൽ ട്വിസ്റ്റുകൾ ഉണ്ടാക്കുന്നതിലെ തന്റെ മിടുക്ക് ജിസ് ജോയ് 'മോഹൻ കുമാർ ഫാൻസി'ലും പ്രയോജനപ്പെടുത്തുന്നുണ്ട്. എങ്കിലും പറഞ്ഞല്ലോ മൊത്തത്തിൽ ഒരു പതിവ് ജിസ് ജോയ് സിനിമയുടെ ആസ്വാദനം സിനിമക്ക് തരാൻ സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = ഇത് വരെ കണ്ടിട്ടുള്ള ജിസ് ജോയ് സിനിമകളെ വച്ച് നോക്കുമ്പോൾ നിരാശപ്പെടുത്തിയ സിനിമാനുഭവം.

*വിധി മാർക്ക് = 4/10
-pravin-

Tuesday, June 1, 2021

വേട്ടയാടപ്പെടുന്ന സത്യം ..ഇരയാക്കപ്പെടുന്ന നീതി !!


സോഷ്യൽ മീഡിയാ യുഗത്തിൽ ഒരു കൈ വിരൽ തുമ്പ് കൊണ്ട് ഏത് വിഷയത്തിലും പ്രതികരണവും പ്രതിഷേധവും വേണ്ടി വന്നാൽ ഒരു വിപ്ലവം പോലും സൃഷ്ടിക്കാൻ ശേഷിയുള്ള നമുക്ക് മുന്നിൽ വെറും ഒരു സിനിമ മാത്രമായി ഒതുങ്ങുന്നില്ല 'നായാട്ട്'. അത് മനസ്സിനെ വേട്ടയാടുന്ന ഓർമ്മപ്പെടുത്തലോ അതുമല്ലെങ്കിൽ ഒരു മുന്നറിയിപ്പോ കൂടിയാണ്.
നമുക്ക് പ്രതികരിക്കാൻ വേണ്ടി ലഭിക്കുന്ന അനവധി നിരവധി വാർത്തകളിൽ പ്രത്യേകിച്ച് വ്യക്തികളുടെ പേരും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളിൽ നമ്മളെടുക്കുന്ന നിലപാടുകൾക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ സത്യം എന്താണെന്ന് അന്വേഷിക്കാൻ ആഗ്രഹിക്കുന്നവർ ചുരുക്കമായിരിക്കും.
പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളിൽ മാത്രം അഭിരമിക്കുന്നവരും, ഏത് വിധേനയും തങ്ങളുടെ തല്പര കക്ഷികൾ ന്യായീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം എന്ന് ആഗ്രഹിക്കുന്നവരുമൊക്കെ കൂടിയാണ് നമ്മുടെ നാട്ടിലെ ജനാധിപത്യത്തെയും നീതി ന്യായ വ്യവസ്ഥയേയും തീർത്തും അപലപനീയമായ ഒരു അവസ്ഥയിലേക്കെത്തിച്ചത്.

പൊലീസായാലും വക്കീലായാലും പട്ടാളമായാലും മീഡിയക്കാരായാലും അവരുടെ നായാട്ടിൽ സത്യത്തിനും നീതിക്കുമല്ല ഭരണകൂട താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം. അഥവാ അവരുടെ കൂട്ടത്തിൽ നിന്ന് ആർക്കെങ്കിലും അതിനെതിരെ നിൽക്കണം എന്ന് തോന്നിയാൽ പോലും അവരും ഭരണകൂടത്തിന്റെ ഇരകളായി മാറിയേക്കാം.
മണിയനും പ്രവീണും സുനിതയുമൊക്കെ അവര് പോലുമറിയാതെ ആരുടെയൊക്കെയോ വേട്ടപ്പട്ടികൾ ആയിരുന്നു. ഗുണ്ടകൾക്ക് പോലും കൊട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ പോലീസുകാർക്ക് അതില്ല എന്ന് മണിയൻ പറയുന്നതും അത് കൊണ്ടൊക്കെ തന്നെ.
രാഷ്ട്രീയ പ്രബുദ്ധരെല്ലാം ജാതീയതക്ക് എതിരാണെങ്കിലും ജാതി വോട്ടുകൾക്ക് എതിരല്ല. ജാതി സമുദായ വോട്ടുകളുടെ എണ്ണം നോക്കി നിലപാട് പറയുന്നവർ കേരള രാഷ്ട്രീയത്തിലുമുണ്ടല്ലോ. അധികാരം നിലനിർത്താൻ പോലീസിനെയും നിയമ വ്യവസ്ഥിതികളേയും ജനാധിപത്യ വിരുദ്ധമായി ഉപയോഗിക്കുന്നവരെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ അന്ധരാണ്. അവരുടെ തെറ്റായ വോട്ടിങ്ങിലൂടെ ജനാധിപത്യമെന്ന ആശയവും ഇരുളിലായി പോകുന്നതായി കാണിക്കുന്നു 'നായാട്ട്'.

അധികാര രാഷ്ട്രീയത്തിന്റെ ഗർവ്വും അധികാരത്തിനായുള്ള കുടില നീക്കങ്ങളുമെല്ലാം മിനിസ്റ്റർ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു ജാഫർ ഇടുക്കി.
കുഞ്ചാക്കോ ബോബന്റെ പ്രവീൺ മൈക്കിളും നിമിഷയുടെ സുനിതയുമൊക്കെ ഇരകളുടെ പ്രതീക്ഷയറ്റ മുഖങ്ങളായി മനസ്സിൽ തറഞ്ഞു നിക്കുമ്പോൾ ജോജുവിന്റെ ASI മണിയൻ എന്ന കഥാപാത്രം മനസ്സിനെ വേട്ടയാടും വിധം ഇപ്പോഴും തൂങ്ങിയാടുകയാണ്.
ആകെ മൊത്തം ടോട്ടൽ = കഥയും കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളുമെല്ലാം വ്യത്യാസപ്പെടുമ്പോഴും എവിടെയൊക്കെയോ വെട്രിമാരന്റെ 'വിസാരണൈ' യെ ഓർമ്മപ്പെടുത്തുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്'. ഷൈജു ഖാലിദിന്റെ ക്യാമറയും മഹേഷ് നാരായണന്റെ കത്രികയും വിഷ്ണു വിജയുടെ സംഗീതവും കൂടി ചേർന്നപ്പോൾ മാർട്ടിന്റെ 'നായാട്ട്' പ്രേക്ഷക മനസ്സുകളെയാണ് വേട്ടയാടിയത്.

*വിധി മാർക്ക് = 8/10

-pravin-