Monday, August 24, 2020

ത്രില്ലടിപ്പിക്കാത്ത ഒരു പോലീസ് കഥ !

ബോംബെ അധോലകത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെ ഹീറോവത്ക്കരിച്ചു കൊണ്ട് കഥ പറഞ്ഞ സിനിമകൾ ബോളിവുഡിൽ ലാഭം കൊയ്തപ്പോൾ ശോഭ് രാജ്, കരിം ലാല , ചോട്ടാ ഷക്കീൽ , ഹാജി മസ്താൻ , ദാവൂദ് ഇബ്രാഹിം, വരദരാജൻ മുതലിയാർ തൊട്ടുള്ള പല അധോലോക നേതാക്കൾക്കും സിനിമാക്കാരേക്കാൾ വലിയ ഹീറോ പരിവേഷം കിട്ടുകയുണ്ടായിട്ടുണ്ട്.

2000 കാലത്തിങ്ങോട്ടുള്ള പല ബോളിവുഡ് അധോലോക സിനിമകൾക്കും റഫറൻസ് ആയിട്ടുള്ളത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹുസൈൻ സെയ്ദിയുടെ പുസ്തകങ്ങളാണ്. അതുൽ സഭർവാളിന്റെ 'Class of 83' യാണ് അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.

ബോംബെ അധോലോകവും പോലീസ് - ഗ്യാങ്‌സ്റ്റർ പോരാട്ടങ്ങളും നിരവധി തവണ പ്രമേയവത്ക്കരിക്കപ്പെട്ടതെങ്കിലും ബോളിവുഡിൽ അത്തരം സിനിമകൾക്ക് അവതരണപരമായ സാധ്യതകൾ എന്നുമുണ്ട് .

ഏത് ആംഗിളിൽ നിന്ന് കൊണ്ട് കഥ പറയുന്നുവോ അതിനനുസരിച്ച് പോലീസിനും അധോലോക നേതാക്കൾക്കും ഹീറോ പരിവേഷം മാറിമാറി കിട്ടി കൊണ്ടിരിക്കും. 'Class of 83' യിൽ ക്രിമിനലുകളെ എൻകൗണ്ടർ ചെയ്യുന്ന ബോംബെ പോലീസിനാണ് നായക പ്രതിഷ്ഠ.

വ്യക്തിജീവിതത്തിലെ തകർച്ചയും ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി മുന്നോട്ട് പോകുന്ന പോലീസ് കഥാപാത്രങ്ങൾ കണ്ടു മടുത്തത് തന്നെയെങ്കിലും ബോബി ഡിയോളിനെ സംബന്ധിച്ച് വിജയ് സിംഗ് ഒരു വേറിട്ട കഥാപാത്രവും മെയ്ക് ഓവറുമായിരുന്നു. പക്ഷേ അപ്പോഴും ആ കഥാപാത്രത്തിന് നിറഞ്ഞാടാൻ പാകത്തിൽ കാര്യമായൊന്നും സിനിമയിൽ ഇല്ലാതെ പോയി. പുതുമുഖങ്ങളുടെ കാര്യവും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

80 കളുടെ തുടക്കത്തിലെ ബോംബെ അധോലകവും, ലോ ആൻഡ് ഓർഡർ സിസ്റ്റവുമൊക്കെ പ്രധാന ഘടകങ്ങളായി വരുന്ന കഥയായിട്ടും അതിനൊത്ത ഒരു തിരക്കഥയോ, അവതരണപരമായ ത്രില്ലോ നൽകാൻ 'ക്ലാസ്സ് ഓഫ് 83' ക്ക് സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയപരമായ പുതുമക്കൊന്നും സാധ്യതയില്ലാത്ത ഒരു കഥയെ സിനിമയാക്കുമ്പോൾ അത് പാളിപ്പോകാൻ എളുപ്പമാണ്. 'Class of 83' യ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. ട്രെയ്‌ലർ തന്ന പ്രതീക്ഷയെ പോലും തകിടം മറിച്ച ഒരു സിനിമ എന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 4/10 

-pravin-

Tuesday, August 18, 2020

പാറിപ്പറന്ന പെൺ ശൗര്യത്തിന്റെ കഥ !!

കാർഗിൽ യുദ്ധ കാലത്ത് തീർത്തും നിർണ്ണായകമായ സാഹചര്യങ്ങളിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച, ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിൽ പോലും പ്രധാന പങ്കു വഹിച്ച പെൺ കരുത്തായിരുന്നു ഗുഞ്ചൻ സക്‌സേന.

കാർഗിൽ യുദ്ധത്തിന്റെ ഭാഗമായ ഏക വനിതയും ഏക വ്യോമസേനാ ഉദ്യോഗസ്ഥയും അവർ തന്നെ. പരിക്കേറ്റവരും മരണപ്പെട്ടവരുമായ തൊള്ളായിരത്തോളം ഇന്ത്യൻ സൈനികരെ ഹെലികോപ്റ്ററിൽ യഥാ സ്ഥലത്ത് എത്തിക്കാൻ അവർക്ക് സാധിച്ചു.

ശത്രുക്കളുടെ മുന്നേറ്റം നിരീക്ഷിക്കുകയും അതാത് സമയത്ത് ഇന്ത്യൻ സൈന്യത്തിന് വേണ്ട വിവരങ്ങൾ കൈമാറുകയും ചെയ്തു കൊണ്ട് യുദ്ധ മുഖത്ത് ഹെലികോപ്റ്ററിൽ പാറിപ്പറന്നു നടന്ന IAF ഓഫിസർ ഗുഞ്ചൻ സക്‌സേനക്ക് അന്ന് പ്രായം വെറും ഇരുപത്തി നാല്.

Kargil Girl എന്ന പേരിൽ അറിയപ്പെട്ട ഗുഞ്ചൻ സക്സേനയെ രാജ്യം പിന്നീട് ശൗര്യ ചക്ര അവാർഡ് നൽകി ആദരിച്ചു.

ഇതേ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് 'ഗുഞ്ചൻ സക്സേന' സിനിമ തുടങ്ങുന്നതെങ്കിലും ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധ സിനിമയല്ല. പക്ഷേ തീർച്ചയായും ഒരു പോരാട്ടത്തിന്റെ കഥയാണ്. ആണധികാര വ്യവസ്ഥിതികളോടും പൊതു ബോധങ്ങളോടുമൊക്കെയുള്ള ഒരു പെണ്ണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ.

പൈലറ്റാകാൻ സ്വപ്നം കാണുന്ന കുഞ്ഞു ഗുഞ്ചനെ നോക്കി പെണ്ണുങ്ങൾ ഒരിക്കലും പൈലറ്റാകില്ല എന്ന് പറഞ്ഞു സഹോദരൻ കളിയാക്കുന്നുണ്ട്. വിമാനം പറത്തുന്നവർ ആൺ പെൺ ഭേദമില്ലാതെ പൈലറ്റ് എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അവർക്കിടയിലുണ്ടാകുന്ന ആ തർക്കത്തിൽ അച്ഛൻ ഇടപെടുന്നത്.

പൈലറ്റാകാനുളള സ്വപ്നം ഗുഞ്ചന്റെ തന്നെയെങ്കിലും ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി അവളെ പറക്കാൻ പ്രേരിപ്പിക്കുന്നതും തളരുമ്പോഴൊക്കെ ശക്തി പകരുന്നതും അച്ഛൻ അനൂപ് സക്സേനയാണ്.

അങ്ങിനെ നോക്കുമ്പോൾ ഈ സിനിമ ഗുഞ്ചൻ സക്സേനയുടെ മാത്രമല്ല അനൂപ് സക്‌സേന എന്ന അച്ഛന്റെ കൂടിയാണ്. അനൂപ് സക്‌സേനയെന്ന അച്ഛനെ അതി വൈകാരികതകളില്ലാതെ നിയന്ത്രിത ഭാവ ചലനങ്ങൾ കൊണ്ട് മികവുറ്റതാക്കി പങ്കജ് ത്രിപാഠി.

ഗുഞ്ചൻ സക്സേനയെ പൂർണ്ണമായും അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ജാൻവി കപൂറിന് പരിമിതികൾ ഉള്ളതായി പല സീനുകളിലും അനുഭവപ്പെടുമെങ്കിലും രണ്ടു മൂന്നു സിനിമകൾ കൊണ്ട് തന്നെ കരിയറിന്റെ ഗ്രാഫിൽ ഉയർച്ച നേടാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഗുഞ്ചൻ സക്‌സേന ആ ഉയർച്ചയെ അടയാളപ്പെടുത്താൻ സഹായിച്ചു എന്ന് തന്നെ പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ ബയോപിക് സിനിമയല്ലെങ്കിലും കണ്ടു നോക്കേണ്ട പടം തന്നെയാണ് 'ഗുഞ്ചൻ സക്‌സേന'. പറക്കാൻ ആഗ്രഹിക്കുന്ന പെൺ മനസ്സുകളോടുള്ള ഒരു ഐക്യദാർഢ്യം പ്രഖ്യാപ്പിക്കല് കൂടിയാണ് ഈ സിനിമ കാണൽ. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, August 12, 2020

വിദ്യാ ബാലൻ ഷോയിൽ ഒതുങ്ങിപ്പോയ 'ശകുന്തളാ ദേവി' !

ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ ഗണിത ശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുകൾ വെളിപ്പെടുത്തിയ സ്ത്രീ വ്യക്തിത്വമായിരുന്നു ശകുന്തളാ ദേവി.

ആറാം വയസ്സ് തൊട്ട് അക്കങ്ങളുടെയും സംഖ്യകളുടെയും കളിത്തോഴിയായവൾ പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ഗിന്നസ് ബുക്കിൽ കയറി പറ്റിയ അത്ഭുത സ്ത്രീയായി മാറി.

ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾക്കപ്പുറം തന്റേതായ നിലപാടുകളും ചിന്തകളും കൊണ്ടുമൊക്കെ സാമൂഹികമായ ഇടപെടൽ നടത്തിയിരുന്ന ഒരാള് കൂടിയായിരുന്നു ശകുന്തളാ ദേവി.

Homosexuality യെ കുറിച്ച് ഇന്ന് ഇന്ത്യയിൽ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പഠനങ്ങൾക്ക് വേണ്ട സാധ്യത ഒരുക്കിയത് അക്കാലത്ത് അവരെഴുതിയ 'World of Homosexuals' എന്ന പുസ്തകമായിരുന്നു.

Human Computer എന്ന വിളിപ്പേരിൽ ലോകമാകെ അറിയപ്പെട്ട ഇന്ത്യക്കാരിയുടെ സംഭവ ബഹുലമായ ജീവിത കഥ സിനിമയാകുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. പക്ഷേ ടിപ്പിക്കൽ ബോളിവുഡ് ബയോപിക് സിനിമകളുടെ പരിമിതികളും പോരായ്മാകളും ആവർത്തിച്ച ഒരു സാധാരണ സിനിമയായി ഒതുങ്ങി പോയി അരുൺ മേനോന്റെ ' ശകുന്തളാ ദേവി'.

ശകുന്തളാ ദേവി എന്ന പ്രതിഭാസത്തെ സിനിമയാക്കേണ്ടതിന് പകരം ശകുന്തളാ ദേവി എന്ന അമ്മയുടെ കഥയാണ് സിനിമക്കാധാരമായത് എന്ന് പറയാം. അമ്മയുടെ കഥ എന്ന് തോന്നിത്തുടങ്ങുന്ന അതേ സമയത്ത് തന്നെ ശകുന്തളാദേവിയുടെ മകളുടെ സിനിമ എന്ന നിലക്ക് കഥ വീണ്ടും മാറുന്നു.

അമ്മയ്ക്കും മകൾക്കും ഇടയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കഥ മാറി മാറി പറയുമ്പോൾ നഷ്ടപ്പെട്ടത് സംഭവബഹുലമായ ഒരു ജീവിത കഥയുടെ ആത്മാവാണ് എന്ന് സംവിധായകൻ തിരിച്ചറിഞ്ഞില്ല.

ആകെ മൊത്തം ടോട്ടൽ = ശകുന്തളാ ദേവിക്ക് സമർപ്പണമാകേണ്ടിയിരുന്ന സിനിമ അതിനൊത്ത നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും ശകുന്തളാ ദേവിയായി വിദ്യാ ബാലൻ നിറഞ്ഞാടി. ആ വിദ്യാ ബാലൻ ഷോ മാത്രമാണ് 'ശകുന്തളാ ദേവി' യെ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയതും എന്ന് പറയാം.

*വിധി മാർക്ക് = 5/10

-pravin- 

Tuesday, August 4, 2020

Raat Akeli Hai - ദുരൂഹതകളും അന്വേഷണങ്ങളും !!


രാത്രിയിൽ വിജനമായ വഴിയിൽ വച്ച് നടക്കുന്ന ക്രൂരമായ ഒരു കൊലപാതകം കാണിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം കഥ മറ്റൊരിടത്ത് വച്ച് വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ അവിടെയും ദുരൂഹമായ മറ്റൊരു കൊലപാതകം ആവർത്തിക്കുകയാണ്.

ഭാര്യ മരിച്ച ശേഷം രണ്ടാമത് വിവാഹം കഴിച്ച പ്രമാണിയും ധനികനുമായ വൃദ്ധനെ അതേ രാത്രിയിൽ സ്വന്തം ഹവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയാണ്. മണവാട്ടി പെണ്ണടക്കം ആ വീട്ടിലുളള എല്ലാവരും ഒരു പോലെ സംശയത്തിന്റെ നിഴലിലാണ്. വൃദ്ധൻ മരിച്ചതുമായി ബന്ധപ്പെട്ട് വീട്ടിലുള്ള ആർക്കും ഒരു സങ്കടവുമില്ല എന്ന് മാത്രമല്ല പല കാരണങ്ങളാൽ എല്ലാവർക്കും ആ വൃദ്ധൻ ശത്രുവുമായിരുന്നു എന്നതാണ് ശ്രദ്ധേയം .

ആരാണ് കൊലപാതകി എന്ന അന്വേഷണവുമായി ഇൻസ്‌പെക്ടർ ജതിൽ യാദവ് മുന്നോട്ട് പോകും തോറും കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്. അന്വേഷണത്തിനിടക്ക് അയാൾ നേരിടുന്ന വ്യക്തിപരവും ഔദ്യോഗികരവുമായ വെല്ലുവിളികളും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുകളുമൊക്കെ കാഴ്ചക്കാരന് ഊഹിക്കാൻ പറ്റാത്ത തരത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

യു,പി യുടെ കഥാപാശ്ചാത്തലവും രാത്രി കാല അന്വേഷണവും യാത്രകളുമൊക്കെ സിനിമക്ക് അനുയോജ്യമായ ദുരൂഹതയുടെ ഒരു മൂഡ് ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പങ്കജ് കുമാറിന്റെ ഛായാഗ്രഹണം ആ തലത്തിൽ സിനിമക്ക് മികച്ച പിന്തുണ നൽകി.

തുടക്കം മുതൽ ഒടുക്കം വരെ കൊലയാളി ആരെന്ന് നിഗമിക്കാൻ പറ്റാത്ത തരത്തിലുള്ള ട്വിസ്റ്റുകളിലൂടെ സസ്പെന്സിലേക്കുള്ള ദൈർഘ്യത്തെ ഗംഭീരമായി ക്രമീകരിച്ചിട്ടുണ്ട്. ലാഗ് ഉണ്ടായി പോകുമായിരുന്ന സീനുകളിലൊക്കെ തന്നെ അന്വേഷണാത്മകത നഷ്ടപ്പെടാതിരിക്കാൻ നന്നായി തന്നെ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ ഹണി ട്രെഹാൻ.

അത് കൊണ്ടൊക്കെ തന്നെയാണ് താരതമ്യേന മറ്റു ക്രൈം ത്രില്ലർ സിനിമകളുടെ വേഗമില്ലാതെ കഥ പറഞ്ഞിട്ടും 'രാത് അകേലി ഹേ' വേറിട്ടൊരു ത്രില്ലർ സിനിമയുടെ ആസ്വാദനം തരുന്നതും.

'രാത് അകേലീ ഹേ' എന്ന പേര് ഈ സിനിമക്ക് വെറുതെ ഇട്ടതല്ല. 'രാത്രി'ക്ക് അത്ര മാത്രം റോളുണ്ട് ഈ സിനിമയിൽ. 'രാത്രി'യാണ് രണ്ടു കൊലപാതകങ്ങളുടെയും ഏക സാക്ഷി. രാത്രിയുടെ ഏകാന്തതയും ദുരൂഹതയുമൊക്കെ ഈ സിനിമക്ക് കൊടുക്കുന്ന ഭംഗിയും  വലുതാണ്.  

ആകെ മൊത്തം ടോട്ടൽ = പതിഞ്ഞ താളത്തിൽ ഒരു വേറിട്ട ത്രില്ലർ. നവാസുദ്ധീൻ സിദ്ധീഖി..ഒന്നും പറയാനില്ല ഗംഭീരം എന്നല്ലാതെ. ഇൻസ്‌പെക്ടർ ജതിൽ യാദവായി സിനിമ മുഴുവൻ നിറഞ്ഞാടി. 

*വിധി മാർക്ക് = 8/10 

-pravin- 

Monday, July 27, 2020

Let The Right One In

2008 ലിറങ്ങിയ ഒരു സ്വീഡിഷ് സിനിമയാണ് 'Let The Right One In'. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തീർത്തും ത്രില്ലിംഗ് മൂഡിൽ കഥ പറയുന്ന ഒരു റൊമാന്റിക് ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാം 'Let The Right One In' നെ.

രക്ത ദാഹികളായ vampires നെ പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മേൽ നിഷ്ക്കളങ്കമായി ഒരു vampire നെ മറ്റൊരു സിനിമയിലും അവതരിപ്പിച്ചു കണ്ടിട്ടില്ല.

Vampire ആയ മകളെ പുറം ലോകവും വെളിച്ചവും കാണിക്കാതെ രഹസ്യമായി വളർത്തുന്ന അച്ഛൻ ആ മകൾക്ക് വേണ്ടി പലരെയും കൊല്ലുന്നുണ്ട്. മകൾക്ക് കുടിക്കാൻ മനുഷ്യ ചോരയുമായി വരുന്ന ആ അച്ഛന് പക്ഷെ ഭീകര പരിവേഷമില്ല.. അച്ഛന് മാത്രമല്ല ചോര കുടിച്ചു ജീവിക്കുന്ന മകൾക്കുമില്ല ഭീകര പരിവേഷം. കാരണം അത് അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമായാണ് സിനിമ കാണിക്കുന്നത്. 

ഒരു ഘട്ടത്തിൽ അച്ഛനില്ലാതാകുമ്പോൾ ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന മകളും പിന്നീട് അവളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കേറി വരുന്ന കൂട്ടുകാരനുമൊക്കെയാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.

രണ്ടു തരത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിരുന്ന അവനും അവളും തമ്മിൽ സൗഹൃദത്തിലായപ്പോൾ അത് അസാധാരണമായൊരു ആത്മബന്ധത്തിലേക്ക് വഴി മാറുന്നു.

അവളൊരു vampire ആണെന്ന് അറിയുമ്പോഴും അവൻ അവളെ ഭയന്നോടുകയല്ല ചേർത്ത് പിടിക്കുകയാണ് ചെയ്യുന്നത്.അവർക്കിടയിലെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും അതൊരു അസാധാരണ പ്രണയമായി മാറുന്നുണ്ട്.

വെറുമൊരു ഹൊറർ സിനിമയിൽ ഒതുങ്ങുമായിരുന്ന പ്രമേയത്തെ വേറിട്ട സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ സിനിമയാക്കി മാറ്റുകയാണ് സംവിധായകൻ.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു റൊമാന്റിക് ഹൊറർ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin- 

Wednesday, July 22, 2020

Theeb

1916 കാലത്തെ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഹിജാസ് മലനിരകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. 

പിതാവിന്റെ മരണ ശേഷം അനാഥരായ തീബിന്റെയും ഹുസൈന്റേയും ജീവിതവും അവരുടെ സഹോദര ബന്ധവുമൊക്കെയായിരിക്കാം സിനിമയുടെ പ്രധാന പ്രമേയമെന്ന് തോന്നിപ്പിക്കുന്ന തുടക്കത്തിൽ നിന്ന് മാറി സിനിമ പിന്നീട് തീബിനും ഹുസ്സൈനുമൊപ്പം മരുഭൂമിയിലൂടെ ഒരു സാഹസിക യാത്രക്ക് കൂടെ കൂട്ടുകയാണ് നമ്മളെ. 

അറേബ്യൻ മണലാരണ്യത്തിലൂടെ ഒട്ടകത്തിന്റെ പുറത്തുള്ള യാത്രയും, യാത്രാ മദ്ധ്യേ അവർ നേരിടുന്ന വെല്ലുവിളികളും, തീബിന്റെ ഒറ്റപ്പെടലും അതിജീവനവുമൊക്കെ ഗംഭീരമായി പകർത്തിയെടുത്തിട്ടുണ്ട് സംവിധായകൻ. 

ആ കാലഘട്ടത്തിലെ ബ്രിട്ടീഷ്-ഓട്ടോമൻ ശത്രുതയും, മരുഭൂമി നിവാസികളായ ബെദുക്കളുടെ ജീവിതവും അവരുടെ ആതിഥ്യ മര്യാദയുമൊക്കെ അടയാളപ്പെടുത്തുന്നുണ്ട് 'തീബ്'. 

മലനിരകൾ നിറഞ്ഞു നിൽക്കുന്ന മരുഭൂമിയുടെ പശ്ചാത്തലത്തെ ഒരേ സമയം മനോഹരമായ കാഴ്ചയും പേടിപ്പെടുത്തുന്ന അനുഭവവുമാക്കിമാറ്റുന്ന ഛായാഗ്രഹണം തന്നെയാണ് 'തീബി'ന്റെ എടുത്തു പറയേണ്ട മികവ്. 

തീബിനെ അവതരിപ്പിച്ച കുട്ടിയുടെ പ്രകടനവും അവന്റെ മുഖവും മറക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു പോകുന്നുണ്ട് സിനിമ കണ്ട് കഴിയുമ്പോൾ.

ആകെ മൊത്തം ടോട്ടൽ = മനോഹരമായൊരു  അറബ് സിനിമ. 

*വിധി മാർക്ക് = 7.5 /10 

-pravin-

Tuesday, July 14, 2020

ലെബനൻ

ഹീബ്രു ഭാഷയിൽ ആദ്യമായാണ് ഒരു സിനിമ കാണുന്നത്. 1982 ലെ ലെബനൻ യുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത് .
ഇസ്രായേൽ സൈനികർ ലെബനീസ് തെരുവുകളിലേക്ക് വെടിക്കോപ്പുകളുമായി ഇരച്ചു കയറുകയാണ്. നാല് ഇസ്രായേൽ സൈനികർ ഒരു യുദ്ധ ടാങ്കിനുള്ളിൽ നിന്ന് കൊണ്ട് ഗൺ സൈറ്റിലൂടെ കാണുന്ന കാഴ്ചകളാണ് ഈ സിനിമയുടെ അവതരണത്തെ ശ്രദ്ധേയമാക്കുന്നത്.  
ഒരേ സമയം യുദ്ധ ഭീകരതയും ഇരകളുടെ കണ്ണുകളിലെ ദയനീയതയും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ. വെടിവെപ്പിൽ കൊല്ലപ്പെടുന്ന ബ്രോയ്‌ലർ കോഴികളും കന്നുകാലിയും മനുഷ്യനുമൊക്കെ യുദ്ധ ഭീകരതയുടെയും കൊലവെറിയുടെയും ഒരേ നേർ കാഴ്ചകളാകുന്നു .
വയസ്സായവരും കുട്ടികളും സൈനികരുടെ ദയവിനർഹരാകുമ്പോഴും അവരുടെ കണ്ണുകളിലെ ഭീതിയും ഒറ്റപ്പെടലും യുദ്ധ ടാങ്കിനുള്ളിലെ സൈനികനെ മാനസികമായി പിടിച്ചുലക്കുന്നുണ്ട് .
ഭരണകൂട താൽപ്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും ഇരകളാണ്. കൊല്ലപ്പെടുന്നവർ ശാരീരികമായി മരണം വരിക്കുമ്പോൾ കൊല്ലുന്നവർ മാനസികമായി മരിച്ചു മരവിച്ചു പോകുകയാണ്.
ഒരു ഘട്ടമെത്തുമ്പോൾ സിനിമയിലെ ഒരു പ്രധാന കഥാപാത്രമെന്ന നിലക്ക് മാറുന്നുണ്ട് ആ യുദ്ധ ടാങ്ക് പോലും. യുദ്ധത്തിലെ സൈനിക മാനസിക സംഘർഷങ്ങളും നിസ്സഹായാവസ്ഥകളും സർവ്വോപരി ഭീകരവും ദയനീയവുമായ ചുറ്റുപാടുകളുമൊക്കെ റിയലിസ്റ്റിക്ക് ആയി തന്നെ അനുഭവപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണ് ലെബനൻ.
വെടിയുണ്ടകളും ബോംബുകളും ഗ്രനേഡുകളുമൊക്കെ എപ്പോൾ വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് വീണു പൊട്ടുമെന്ന ഭീതി തുടക്കം മുതൽ ഒടുക്കം വരെ അനുഭവിപ്പിക്കുന്നുണ്ടെങ്കിലും ഒരു യുദ്ധമുഖത്ത് പ്രേക്ഷകനെ കൊണ്ട് നിർത്തി സമാധാനം ആഗ്രഹിപ്പിക്കുകയും സമാധാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയുമാണ് 'ലെബനൻ' ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ത്രില്ലടിപ്പിക്കുന്ന വാർ സിനിമയല്ല, വേറിട്ട യുദ്ധ കാഴ്ചകളിലൂടെ പ്രേക്ഷകനെ ഇമോഷണൽ ആക്കുന്ന വാർ സിനിമയാണ് ലെബനൻ. 

*വിധി മാർക്ക് = 7.5/10 
-pravin-

Thursday, July 9, 2020

സൂഫിയും സുജാതയും - മറ്റൊരു ക്ലൈമാക്സ് കാഴ്ച

സൂഫിയും സുജാതയും കണ്ട ശേഷം മനസ്സിലേക്ക് വന്ന മറ്റൊരു ക്ലൈമാക്സ് കാഴ്ചയാണ്. സിനിമ കണ്ടവർ മാത്രം വായിക്കുക. തെറ്റുണ്ടെങ്കിൽ പൊറുക്കുക 😜

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം അതി തീവ്രമായിരുന്നെങ്കിൽ.. അവർക്കിടയിൽ സംഭവിച്ച വിരഹം അവർക്ക് അത്ര മേൽ വേദനയുടേതായിരുന്നെങ്കിൽ.. 

വിവാഹം കഴിഞ്ഞു പത്തു വർഷക്കാലം കഴിഞ്ഞിട്ടും, മറ്റൊരു ദേശത്തേക്ക് പറിച്ചു നടപ്പെട്ടിട്ടും, മനസ്സിൽ നിന്നൊഴിയാത്ത സൂഫിയുടെ പ്രണയത്തിന്റെ കനവുമായാണ് രാജീവനൊപ്പം സുജാത ജീവിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ .. 

ഇത്രയും സങ്കൽപ്പങ്ങൾ സിനിമയിലൂടെ അനുഭവപ്പെട്ടു എന്ന് കൂട്ടുക.. മറ്റൊരു ക്ലൈമാക്സ് കാഴ്ചയുടെ സാധ്യത മനസ്സിൽ തെളിഞ്ഞതിങ്ങനെ. 

പാതിരാത്രിക്ക് പള്ളി ശ്മശാനത്തിലെ ആളനക്കം എന്താണെന്ന് നോക്കാൻ വേണ്ടി ഉസ്താദ് ജനൽ തുറന്നു. 

ദൂര കാഴ്ചയിൽ ഖബർ കുഴിച്ചു കൊണ്ടിരിക്കുന്ന രാജീവനും കുമാരനും. 

ഉസ്താദ് ജനൽ അടച്ചു കൊണ്ട് അവർക്കരികിലേക്ക് നടന്നു നീങ്ങി. 

ഉസ്താദ് അവരുടെ തൊട്ടടുത്ത് എത്തി കൊണ്ട് ഉറക്കെ ചോദിച്ചു. 

"പടച്ചോനെ ..ഇങ്ങളെന്താണ് കാട്ടണത് ..ഖബർ അടക്കിയവനെ മാന്തി എടുക്കേ ? ഇത് ഞമ്മള് സമ്മതിക്കില്ല.. " 

ഉസ്താദിന് നേരെ കൈ കൂപ്പി കൊണ്ട് സുജാതയുടെ അച്ഛൻ ;- 

"ഉസ്താദേ ..ചതിക്കല്ലേ പൊറുക്കണം .. പറ്റിപ്പോയി ..ആളെ വിളിച്ചു കൂട്ടിയാൽ അറിയാല്ലോ, എല്ലാരും കൂടെ ഞങ്ങളെ മാത്രമല്ല.. ഈ നാടും കത്തും .." 

പേടിച്ചു കരഞ്ഞു കൊണ്ട് കുമാരൻ ; -

" ഉസ്താദേ ..ഞാൻ അപ്പോഴേ ഇവരോട് പറഞ്ഞതാണ് .. നിരപരാധിയായ എന്നെ ഈ മഹാ പാപത്തിന് കൂട്ടല്ലേയെന്ന് ..ഇതെങ്ങാനും പുറത്തറിഞ്ഞാൽ ഇനി എനിക്കെന്ത് ജീവിതം ..എന്റെ പെണ്ണിനും കുട്ടിക്കും ആരുമില്ല ഉസ്താദേ "

രാജീവൻ ഒന്നും മിണ്ടാതെ തളർന്നു കൊണ്ട് ഖബറിൽ നിൽക്കുകയാണ് ..പൊടുന്നനെ അയാൾ സുജാതയുടെ നേർക്ക് മുഖം വെട്ടിച്ചു കൊണ്ട് ചോദിച്ചു. 

"നിനക്ക് കാണണോ സൂഫിയെ .. പറ " 

സുജാത ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ..അവൾ കരയുന്ന കണ്ണ് കൊണ്ട് വേണം എന്ന് പറഞ്ഞു. 

ഉസ്താദ് അവരുടെ മുഖത്ത് നിന്ന് മാറി കരഞ്ഞു കലങ്ങിയ കണ്ണോടെ നിൽക്കുന്ന സുജാതയുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളുടെ കൈകൾക്കുള്ളിൽ നിധി പോലെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ തസ്ബിയിലേക്കും ..

കയ്യിൽ തസ്ബിയുമായി നിൽക്കുന്ന സുജാതയെ കാണുമ്പോൾ ഉസ്താദ് ആലോചിക്കുന്നത് സൂഫി തന്നോട് പറഞ്ഞ അത് പോലൊരു തസ്ബിയെ കുറിച്ചാണ്.. ഉസ്താദിന് സൂഫിയെയും സുജാതയേയും മനസ്സിലായ പോലെ മുഖഭാവം. 

സുജാതയുടെ അച്ഛൻ : - 

"ഉസ്താദേ .. ഇതോട് കൂടെ എന്റെ കുട്ടിയുടെ മനസ്സിലെ വേദനകളൊക്കെ അങ്ങട് തീരുമെങ്കിൽ അങ്ങട് തീരട്ടെ ..ഒന്ന് സമ്മതിച്ചു കൂടെ .. "

കുമാരൻ ഉസ്താദിന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കി നിൽക്കുകയാണ്. രാജീവനും ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട് ഉസ്താദിൽ നിന്ന്. 

അത് വരെ ഇല്ലാത്ത പോലെ പള്ളി ശ്മാശാനത്തിലെ ആ ഞാവൽ മരം കാറ്റത്ത് വീശാൻ തുടങ്ങി .. പ്രാവുകൾ കുറുകി കൊണ്ടേയിരിക്കുന്നു. ചെറിയ ഇടിയും മിന്നലുമൊക്കെ വരുന്ന പോലെ കാലാവസ്ഥയിൽ ഒരു മാറ്റം .. ഉസ്താദ് അതെല്ലാം നോക്കി ഉത്തരം പറയാതെ കുറച്ചു നേരം നിന്നു..

ഉസ്താദ് :- 

"നിയമത്തിലും വിശ്വാസത്തിലുമൊന്നും ഉള്ള കാര്യങ്ങളല്ല ഇങ്ങളീ പറയുന്നതൊന്നും ..ഈ ജിന്ന് പള്ളിയിലേക്ക് അബൂബ്‌ ഉസ്താദിന് പകരക്കാരനായി എത്തിയ കാലം തൊട്ട് ഇന്നീ വരേക്കും പടച്ചോന് നിരക്കാത്ത ഒന്നും ഞമ്മള് ഇവിടെ ചെയ്തിട്ടില്ല .. പക്ഷേ ഇത് .."

അത്ര നേരം മെല്ലെ വീശിയിരുന്ന കാറ്റ് ശക്തി പ്രാപിക്കുന്നു .. ഇടിയും മിന്നലും .. ഞാവൽ പഴങ്ങൾ പൊഴിയാൻ തുടങ്ങി. സുജാത എന്തോ ആലോചിച്ചു കൊണ്ട് ഞാവൽ പഴമെടുത്തു തിന്നു ..

പത്തു വർഷങ്ങൾക്ക് മുന്നേ പടിപ്പുര വാതിലിൽ തന്നെ കാത്തു നിന്ന സൂഫിയുടെ മുഖം വാടി മറയുന്ന ഓർമ്മയിൽ സുജാത തേങ്ങി കരയാൻ തുടങ്ങി.. ആ കരച്ചിൽ പിന്നെ അവൾ പോലുമറിയാതെ ശബ്ദമായി പുറത്തു വന്നു. 

അത്രയും കാലത്തിനിടയിൽ ആദ്യമായി അവൾ ശബ്ദത്തോടെ കരയുന്നത് കണ്ടു അച്ഛനും രാജീവനും കുമാരനുമെല്ലാം പകച്ചു നിന്നു. 

ഉസ്താദ് നോക്കി നിൽക്കെ രാജീവൻ സൂഫിയുടെ ഖബറിലെ അവന്റെ മുഖ ഭാഗത്തെ സ്ളാബ് അടർത്തി മാറ്റാൻ തുടങ്ങി.

ഒന്നും പറയാതെ കുമാരനും കൂടെ കൂടി. ഉസ്താദ് ഒന്നും മിണ്ടാതെ കണ്ണുകൾ മേലോട്ടാക്കി പടച്ചോനോട് മാപ്പിരന്നു. 

സ്ലാബ് തുറന്ന രാജീവനും കുമാരനും ഞെട്ടിപ്പോയി. അതിൽ ഒന്നുമില്ലായിരുന്നു - ഒരു തസ്ബി ഒഴിച്ച്. 

ഉസ്താദ് :-" അള്ളാ ...ഖബറടക്കിയ മയ്യത്ത് എവിടെ ? "

സുജാത തന്റെ കയ്യിലെ തസ്ബി ഖബറിലേക്ക് എറിഞ്ഞു. അത് വരെ വീശിയിരുന്ന കാറ്റിന് ഒരു മാറ്റം സംഭവിച്ചത് അപ്പോഴായിരുന്നു. രാജീവനും കുമാരനും കൂടി ഖബർ മൂടി വേഗത്തിൽ പുറത്തെത്തി. അപ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുക്കാനുള്ള സമയമായിരുന്നു. 

ഉസ്താദ് പള്ളിയിലേക്ക് തിരിഞ്ഞു നടക്കവേ ..മൈക്കിലൂടെ സൂഫിയുടെ അതേ ശബ്ദത്തിൽ ബാങ്ക് വിളി കേൾക്കാൻ തുടങ്ങി. എല്ലാവരും പള്ളിയിലേക്ക് ഓടി എത്തുമ്പോഴേക്കും ബാങ്ക് വിളിച്ചു തീരാറായിരുന്നു. 

അവിടെ ബാങ്കു വിളിച്ച മൈക്കിന് തൊട്ടടുത്ത് നിന്ന് ഒരു പ്രകാശം വട്ടം തിരിഞ്ഞു കൊണ്ട് മുകളിലേക്ക് പറന്നുയരുന്നത് കാണാം. 

സുജാതയുടെ മനസ്സിൽ അബൂബ്‌ ഉസ്താദിന്റെ വാക്കുകൾ 

"ആ തള്ള വിരലുകളിലാണ് ഓന്റെ റൂഹ് "

അന്ന് ആ രാത്രി അവിടെ നടന്ന കറാമത്തുകൾ അവരൊഴിച്ച് ആ നാട്ടുകാരാരും അറിഞ്ഞതേയില്ല.. 

പക്ഷെ മുല്ല ബാസാറിൽ തൊട്ടടുത്ത ദിവസം പത്ര വായനയിൽ നിന്ന് നാട്ടുകാർക്ക് ചർച്ച ചെയ്യാൻ ഒരു കറാമത്ത് വാർത്ത ഉണ്ടായിരുന്നു. 

അജ്മീറിൽ വച്ച് മരിച്ച സൂഫിക്കും ഇന്നലെ ജിന്ന് പള്ളിയിൽ നിസ്‌കാരത്തിനിടെ മരിച്ച സൂഫിക്കും എങ്ങിനെ ഒരേ മുഖഛായ !! 

സുജാത രാജീവനോടൊപ്പം ദുബായിലേക്ക് മടങ്ങുമ്പോൾ അവളുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നു. 

കുമാരന് പഴയതിനേക്കാൾ ധൈര്യം കൂടിയിരിക്കുന്നു. 

ജിന്ന് പള്ളിയെ കുറിച്ച് ഒന്നും അറിയാതിരുന്ന ഉസ്താദിന് ഇപ്പോൾ ജിന്ന് പള്ളിയെ കുറിച്ച് പലതുമറിയാം. 

പള്ളിയിൽ നിസ്‌ക്കരിക്കാൻ വന്ന കുട്ടി ഉസ്താദിനോട് ചോദിച്ചു. 

"ഉസ്താദേ, ശരിക്കും മ്മടെ പള്ളിയിൽ ജിന്നുണ്ടോ ? ഓല് നമ്മളെ ഉപദ്രവിക്കുമോ ..? "

ഉസ്താദ് :- 

"ഞമ്മളെ പോലെ തന്നെ ഈ ദുനിയാവിൽ ജീവിക്കുന്ന കൂട്ടരാണ് ജിന്നുകള് ..ഞമ്മളെ പോലെ തന്നെ നല്ലോരും മോശക്കാരും ഓരുടെ കൂട്ടത്തിലുമുണ്ട് .. പിന്നെ ഇവിടേം ജിന്നൊക്കെ ഉണ്ട് .. .. ഓല് പാട്ടു പാടി തരും ..ചിലപ്പോ ബാങ്ക് വിളിച്ചൂന്ന് വരും, ഞാവൽ പഴം പൊയിച്ചു തരും ..അങ്ങിനൊക്കെയാണ് .. പക്ഷെ ഓല് നമ്മളെ ഉപദ്രവിക്കൊന്നുമില്ല ട്ടോ .. "

അതും പറഞ്ഞു കൊണ്ട് ഉസ്താദ് മറ്റെന്തൊക്കെയോ ആലോചനയിൽ മുഴുകി പോയി. കുട്ടികൾ അപ്പോഴേക്കും ദൂരെ ഓടി മറഞ്ഞു. 

മൈലാഞ്ചി പറിക്കാൻ ആരും വരാതിരുന്ന ആ ഖബർസ്ഥാനിൽ ഇപ്പോൾ ഒളിച്ചും പതുങ്ങിയും പല പെൺകുട്ടികളും വരുന്നുണ്ട്. 

അന്ന് വന്നത് സുഹ്‌റയാണ്.. 

അവൾ ഞാവൽ മരത്തിന്റെ താഴെ നിന്ന് മൈലാഞ്ചി പറിച്ചെടുക്കവേ അവളുടെ പുറത്തേക്ക് കുറെ ഞാവൽ പഴങ്ങൾ വീണു. അവളത് വാരിക്കൂട്ടി മൈലാഞ്ചി ഇടാൻ കൊണ്ട് വന്ന കവറിലേക്ക് എടുത്തിട്ടു. 

ഞാവൽ മരം കാറ്റത്ത് ആടുന്നുണ്ടായിരുന്നു .. പ്രാവുകൾ കുറുകുന്നുമുണ്ട്.. അവളുടെ കണ്ണുകൾ മണ്ണിൽ അമർന്നു കിടക്കുന്ന ഒരു തസ്ബിയിലേക്ക് പതിഞ്ഞു. ആ തസ്ബിയിലെ മണ്ണ് തട്ടിക്കളഞ്ഞ ശേഷം അതും കവറിലിട്ടു കൊണ്ട് കൈയ്യിൽ ഒരു പിടി മൈലാഞ്ചി ചെടികളുമായി സുഹ്റ വീട്ടിലേക്ക് പോയി.. 

റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കുന്നത് ! 💚

-pravin- 

Sunday, July 5, 2020

സൂഫിയും സുജാതയും

'റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്' എന്നെഴുതി കാണിച്ചു കൊണ്ട് തെളിയുന്ന ടൈറ്റിലുകളും ഒരു പ്രണയ സിനിമയെന്ന് തോന്നിക്കുന്ന മികച്ച തുടക്കവും അതിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിലും കാഴ്ചയിൽ അനുഭവപ്പെടുത്തുന്ന പ്രണയമോ കാത്തിരിപ്പോ ഒന്നും തന്നെയില്ല സൂഫിയും സുജാതയുടെയും കാര്യത്തിൽ. പക്ഷെ പുതുമയുള്ള ഒരു കഥാപശ്ചാത്തലവും പാട്ടുകളും ഫ്രെയിമുകളുമൊക്കെയായി സിനിമ ഒരു മാന്ത്രിക അനുഭൂതി തരുന്നുണ്ട്. അത് തന്നെയാണ് 'സൂഫിയും സുജാതയു'ടെയും ആസ്വാദനവും. അല്ലാത്ത പക്ഷം നിരാശപ്പെടുന്നവർ ധാരാളം ഉണ്ടാകും എന്ന് ഉറപ്പ്. 

തേന്മാവിൻ കൊമ്പത്തിലും, സുന്ദരകില്ലാഡിയിലുമൊക്കെ നമ്മൾ കണ്ട സാങ്കൽപ്പിക ഗ്രാമങ്ങളെ പോലെ ഇവിടെയും ഒരു സാങ്കൽപ്പിക ഗ്രാമമുണ്ട്. കേരള - കർണ്ണാടക അതിർത്തിയിലെവിടെയോ ആണെന്ന് തോന്നിക്കുന്ന ഒരു സൂഫി ഗ്രാമം. 

സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ, സൂഫി സംഗീതത്തിന്റെ അകമ്പടിയിലൊക്കെ തന്നെയാണ് 'സൂഫിയും സുജാതയും' പിന്നീട് മനസ്സിലേക്ക് കയറിക്കൂടുന്നത്.

ബാങ്ക് വിളിച്ചാൽ പുഴ മുറിച്ചു കടന്നു ജിന്ന് പള്ളിയിലേക്ക് നിസ്‌കരിക്കാൻ വരുന്ന വിശ്വാസികളും, എപ്പോഴും ഉത്സവാന്തരീക്ഷത്തിലുള്ള ആ മുല്ല ബാസാറും, ക്ലാരിനെറ്റ് ഊതി മനസ്സ് കവരുന്ന അബൂബ് ഉസ്താദും, ആരുടെ മരണം നടന്നാലും ഖബർ കുഴിക്കാനെത്തുന്ന കുമാരനും, മൈലാഞ്ചി ചെടികൾ നിറഞ്ഞു നിൽക്കുന്ന ഖബർസ്ഥാനും, സൂഫിയുടെ ബാങ്ക് വിളിയും, സുജാതയുടെ നൃത്തവുമടക്കം പലതും മനസ്സിൽ പതിഞ്ഞു പോകുന്നുണ്ട്.

ബാങ്ക് വിളിയുടെ സംഗീതം ഇത്ര മേൽ മനോഹരമായി മുൻപെങ്ങും കേൾക്കാത്ത തരത്തിൽ സൂഫി പാടുമ്പോൾ കേൾക്കുന്ന നമ്മളും മറ്റൊരു ലോകത്തേക്ക് എത്തിപ്പെടുന്നു. സിനിമ പറയാൻ വന്ന പ്രണയത്തേക്കാൾ സിനിമയിൽ ഇഷ്ടപ്പെട്ടു പോകുന്നതും ആ സംഗീതം തന്നെ. 

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തേക്കാളേറെ അവർ തമ്മിലുള്ള ആശയ വിനിമയങ്ങളിലെ സംഗീത-നൃത്ത ഭംഗിയാണ് വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

അദിതി റാവുവിന്റെ സുജാതയേക്കാളും, ജയസൂര്യയുടെ രാജീവനേക്കാളുമേറെ ദേവ് മോഹന്റെ സൂഫിയും അയാളുടെ ആ ചിരിയും ബാങ്കു വിളിയും തന്നെയായിരിക്കാം സിനിമക്ക് ശേഷം കൂടുതലും നമ്മൾ ഓർക്കുക.

പ്രണയ കഥ കൊണ്ടല്ല, പ്രണയ സംഗീതം കൊണ്ടാണ് 'സൂഫിയും സുജാതയും' മനസ്സ് തൊടുന്നത്. 

ആകെ മൊത്തം ടോട്ടൽ = മികച്ച സിനിമയെന്ന അവകാശവാദമില്ല. പരിമിതികളും പോരായ്മാകളും ഏറെയുണ്ട് താനും. എന്നാലും ദൃശ്യ ഭംഗി കൊണ്ടും സംഗീതം കൊണ്ടും  കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 5.5/10 

-pravin- 

Wednesday, July 1, 2020

ലളിതം ഗംഭീരം 'കപ്പേള' !!  

എനിക്ക് കടൽ കാണിച്ചു തരുമോ എന്ന് അവൾ ചോദിച്ചു. അവൻ അവൾക്ക് മനോഹരമായൊരു കടൽ കാണിച്ചു കൊടുത്തു. 

ശരിക്കും പറഞ്ഞാൽ കഥ അത്രേ ഉള്ളൂ പക്ഷേ എത്ര ഗംഭീരമായിട്ടാണ് മുസ്തഫ അതിനെ ത്രില്ലടിപ്പിക്കുന്ന ഒരു കൊച്ചു സിനിമയാക്കി മാറ്റിയത്.

ഒരു നാട്ടിൻപുറത്തുകാരിയുടെ വക തിരിവില്ലാത്ത പ്രണയവും, തിരിച്ചറിവും, കഥയിൽ വന്നു പോയ ഉത്തരമുള്ളതും ഇല്ലാത്തതുമായ കടങ്കഥകളും, മാറി മറയുന്ന നായക-പ്രതിനായക സങ്കൽപ്പങ്ങളുമെല്ലാം കൂടി ചേർന്നപ്പോഴുണ്ടായ പിരി മുറക്കത്തിലാണ് 'കപ്പേള' മനോഹരമായത്.

മുസ്തഫ ഒരു നല്ല നടൻ മാത്രമല്ല സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു ആ പിന്നെ ശ്രീനാഥ്‌ ഭാസി-അന്ന ബെൻ - റോഷൻ.. മൂന്നാളും കിടുവാണ് കേട്ടോ. 

ആകെ മൊത്തം ടോട്ടൽ = ചെറിയൊരു കഥയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചിടത്ത് തന്നെയാണ് കപ്പേള നല്ലൊരു സിനിമയായത്. 

*വിധി മാർക്ക് = 7.5/10 

-pravin- 

Monday, June 22, 2020

'പെൻഗ്വിൻ' - കൈ വിട്ടു പോയ ഒരു മിസ്റ്ററി ത്രില്ലർ

കണ്ടു മടുത്ത കിഡ്നാപ്പിംഗും സീരിയൽ കില്ലിങ്ങും അന്വേഷണവുമൊക്കെ തന്നെയാണ് പ്രധാന ചേരുവകളെങ്കിലും മികച്ച തുടക്കവും പിന്നീട് കഥയിൽ രൂപപ്പെടുന്ന ചോദ്യങ്ങളുമൊക്കെയായി ഒരു നല്ല ത്രില്ലറെന്ന പ്രതീക്ഷയുണ്ടാക്കി 'പെൻഗ്വിൻ'.

ചാർളി ചാപ്ലിന്റെ വേഷത്തിൽ മഞ്ഞക്കുടയുമായി വന്ന് ഭീകരത സൃഷ്ടിക്കുന്ന സൈക്കോ കഥാപാത്രത്തിന്റെ ഇൻട്രോ സീനൊക്കെ ഗംഭീരമായെങ്കിലും ഒന്നിനും ഒരു തരത്തിലും ലോജിക്ക് വേണ്ട എന്ന നിർബന്ധമായിരുന്നു സംവിധായകന്. 

ആദ്യത്തെ ഒരു മണിക്കൂറോളം തരക്കേടില്ലാതെ പോയ ഒരു സിനിമ പിന്നീട് ഒരു സൈക്കോയുടെ കഥയാണോ, അതോ ഒരു അമ്മയുടെയും കുട്ടിയുടെയും കഥയാണോ പറയേണ്ടത് എന്നറിയാതെ അടപടലം പൊളിഞ്ഞു വീഴുന്നുണ്ട്.

രണ്ടാം പകുതിക്ക് ശേഷമുള്ള ട്വിസ്റ്റും ഫ്ലാഷ് ബാക്കും സൈക്കോ കഥാപാത്രത്തിന്റെ കാര്യ കാരണങ്ങളുമൊക്കെ കാണുമ്പോൾ ഈ കൊറോണ കാലത്തെ ദുരന്ത ദുരിതങ്ങൾ പോലും ഒന്ന് മാറി നിക്കും. അത്രക്കും ഗതികേടോടെയാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്.

'കഹാനി' യിലെ വിദ്യ ബാലന്റെ ഗർഭിണി കഥാപാത്രം കൽക്കത്തയിലേക്ക് ഭർത്താവിനെ അന്വേഷിച്ചു വരുന്നതു പോലെ കീർത്തിയുടെ ഗർഭിണി കഥാപാത്രവും ഒരു അന്വേഷണത്തിലാണ്.

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ആറു വർഷങ്ങൾക്ക് മുന്നേ കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന ആ അമ്മ കഥാപാത്രത്തെ കീർത്തി സുരേഷിന് ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചുവെങ്കിലും 'കഹാനി'യിലെ പോലെ കെട്ടുറപ്പുള്ള ഒരു തിരക്കഥയോ അവതരണ മികവോ, എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളോ ഒന്നുമേ ഇല്ലാതെ പോകുന്നു 'പെൻഗ്വി'നിൽ. 

ആകെ മൊത്തം ടോട്ടൽ = ഊട്ടി-കൊടൈക്കനാൽ കഥാപശ്ചാത്തലത്തെ രാത്രിയുടെ ദുരൂഹമായ ഭംഗിയോടെ ഒപ്പിയെടുത്ത കാർത്തിക് ഫലാനിയുടെ ഛയാഗ്രഹണവും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവുമൊക്കെ ഈ സിനിമയിലെ പ്ലസുകൾ ആണ്. അതിനപ്പുറം പറയാൻ ഒന്നുമില്ലാത്ത നിരാശ മാത്രമാണ് ' 'പെൻഗ്വിൻ'.  

*വിധി മാർക്ക് =  4.5/10 

-pravin- 

Tuesday, June 16, 2020

Gulabo Sitabo - ഫാത്തിമാ ബീഗമാണ് താരം !!

ക്ഷമയോടെ കാണേണ്ട സിനിമയാണ് 'ഗുലാബോ സിതാബോ'. ഒരു കോമഡി എന്റർടൈനർ പ്രതീക്ഷിച്ചു കണ്ടാൽ നിരാശപ്പെടും എന്നത് ഉറപ്പ്. 

ഒരു നാടോടി കഥയെന്ന പോലെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന തുടക്കം ഉൾക്കൊണ്ടു കാണാൻ സാധിച്ചാൽ അത്രേം നല്ലത് .

വളരെ സ്ലോ ആയി പറഞ്ഞു തുടങ്ങി മെല്ലെ മെല്ലെ നമ്മളെയും ആ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഫാത്തിമാ മഹലിനുള്ളിലെ വാടകക്കാരാക്കി മാറ്റുകയാണ് സിനിമ .

ബീഗവും, മിർസാ നവാബും, ബാൻകെ രസ്തോഗിയുമടക്കം ഫാത്തിമാ മഹലിനുള്ളിലെ പല പല കഥാപാത്രങ്ങൾക്കിടയിലേക്ക് നമ്മളെയും കൊണ്ട് നിർത്താൻ വേണ്ടി തന്നെയായിരിക്കണം സിനിമ അതിന്റെ പകുതി സമയവും അത്ര മേൽ സ്ലോ ആയത് .. എങ്കിലും ആ ലാഗിനോടുള്ള അതൃപ്തി മറച്ചു വെക്കുന്നില്ല. 

പ്രായ ഭേദമന്യേ പണത്തോടും വസ്തുക്കളോടുമുള്ള മനുഷ്യന്റെ അത്യാർത്തികളെ സരസമായി വരച്ചിടുന്ന സിനിമ വിലയും മൂല്യവും തമ്മിലുള്ള അന്തരത്തെയും ബോധ്യപ്പെടുത്തി തരുന്നുണ്ട്.

നമ്മൾ കണക്കാക്കുന്ന വിലയല്ല ഒന്നിന്റെയും യഥാർത്ഥ മൂല്യം എന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും നമ്മൾ അത്ര മേൽ വിലയില്ലാത്ത ജീവിതങ്ങളായി മാറി കഴിഞ്ഞിരിക്കും .

ആദ്യമേ പറഞ്ഞു തുടങ്ങിയ നാടോടി കഥയുടെ പിൻബലവും ലക്‌നൗ നഗരത്തിൽ അലിഞ്ഞു ചേർന്ന പ്രാദേശിക ഭാഷാ തനിമയുമൊക്കെ ഈ സിനിമയിലെ ആസ്വാദനവും ആസ്വാദന ഭംഗവുമായി പലർക്കും മാറി മാറി അനുഭവപ്പെട്ടേക്കാം . പക്ഷെ അവസാനത്തെ പത്തിരുപത് മിനുട്ടുകളിൽ സിനിമ മനസ്സ് നിറക്കുക തന്നെ ചെയ്യും. 

ദോ ദിൻ കാ മേളാ ഹേ, ഖേലാ ഫിർ ഉദ് ജാനാ ഹേ..

ആനാ ഹേ ജാനാ ഹേ, ജീവൻ ചൽത്തേ ജാനാ ഹേ !!

ആ പാട്ടോടു കൂടെ പറഞ്ഞവസാനിപ്പിച്ചതിലുമുണ്ട് ഒരു ഭംഗി.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയുമടക്കമുള്ളവരുടെ പ്രകടനത്തെക്കാൾ സിനിമ കഴിയുമ്പോൾ മനസ്സിൽ കേറിക്കൂടുന്നത് ഫാത്തിമാ മഹലും ഫാത്തിമാ ബീഗവുമാണ്. 

ആകെ മൊത്തം ടോട്ടൽ = ലാഗുണ്ടെങ്കിലും, ഉൾക്കൊള്ളാൻ ഏറെയുള്ള, കണ്ടിരിക്കാവുന്ന    ഒരു കൊച്ചു സിനിമ. 

വിധി മാർക്ക് = 6.5/10 

-pravin- 

Monday, June 8, 2020

രുചി വികാര വിചാരങ്ങളുടെ 'ആമിസ് '

ഭക്ഷണം പങ്കു വച്ച് കഴിക്കുന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ഒരു രസക്കൂട്ട് രൂപപ്പെടാറുണ്ട്. പങ്കു വക്കുന്ന ആളിനേക്കാൾ പങ്കു വക്കപ്പെടുന്ന ഭക്ഷണമായിരിക്കാം അവർക്കിടയിൽ ആ രസതന്ത്രം നടപ്പാക്കുന്നത്. ഇതേ കാര്യം വന്യമായി കൈകാര്യം ചെയ്യുന്ന സിനിമയാണ് ആമിസ്.

(ആസാമീസ് ഭാഷയിൽ ആമിസ് എന്ന് പറഞ്ഞാൽ മാംസം എന്നാണ് അർത്ഥം.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ചിന്തകളിലും സ്വഭാവത്തിലുമൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. 'ആമിസ്' കാണുമ്പോൾ ആദ്യം ഓർത്തു പോയത് അതാണ്.

സുമോനും നിർമ്മാലിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും ശക്തമാകുന്നതും വൈവിധ്യപൂർണ്ണമായ മാംസാഹാരങ്ങൾ പങ്കു വച്ച് കഴിക്കുമ്പോഴാണ്. മാംസാഹാരത്തിന്റെ രുചി വൈവിധ്യങ്ങൾ അവരുടെ മനസ്സിൽ പ്രണയത്തിന്റെയും കാമത്തിന്റെയുമൊക്കെ തിരയിളക്കം തീർക്കുന്നു.

വയറിന്റെ വിശപ്പിനേക്കാൾ മനസ്സിന്റെ കൊതി കൊണ്ട് കഴിക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ മനുഷ്യനെ സംതൃപ്തനാക്കുകയല്ല മറിച്ച് പരവശനാക്കുകയാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളും.

ഭക്ഷണം - മനുഷ്യ ശരീരവും, വിശപ്പ് -ലൈംഗികതയുമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്ന സീനുകളിൽ കുടുംബവും സമൂഹവും സദാചാര ബോധവുമൊക്കെ പ്രതിക്കൂട്ടിലാണ്.

നിർമ്മാലി-സുമോൻ ബന്ധത്തെ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം വിലക്കപ്പെട്ടിരിക്കുന്ന മനുഷ്യ മാംസത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞാലുണ്ടാകുന്ന ഭീകരതയും സിനിമയുടെ കാഴ്ചയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = നരഭോജനം അല്ല സിനിമയുടെ യഥാർത്ഥ കാഴ്ച എന്ന് മനസ്സിലാക്കി കാണാൻ സാധിക്കുന്നിടത്താണ് 'ആമിസ്' രുചികരമായ സിനിമയായി മാറുന്നത്. 

*വിധി മാർക്ക് = 8.5/10 

-pravin-

Saturday, June 6, 2020

Leila (Web Series- Season 1 - Episodes - 6)

"മുജേ മേരി സിന്ദഗി വാപസ് ചാഹിയെ..മുജേ മേരീ ആസാദി വാപസ് ചാഹിയേ .. മേരീ ലൈലാ വാപസ് ചാഹിയേ !! "

'ലൈലാ' ഒരു ഹൊറർ കഥയല്ല. പക്ഷെ പൊളിറ്റിക്കൽ ഹൊറർ സീരീസ് എന്ന് പറയേണ്ടി വരും 'ലൈല'യെ. 

2040 കളിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ കഥാപശ്ചാത്തലം ..അവിടെ ഇന്ത്യ എന്ന പേരില്ല. പകരം ജോഷിജി എന്ന ഏകാധിപതിയുടെ കീഴിലുള്ള ആര്യാവർത്ത രാഷ്ട്ര സങ്കൽപ്പമാണ്.

ഒരു ജനതയെ ദേശീയതയുടെയും മതത്തിന്റെയും ജാതിയുടേയുമൊക്കെ പേരിൽ എങ്ങിനെയൊക്കെ തരം തിരിക്കാം, ഏതൊക്കെ തരത്തിൽ ഉടച്ചു വാർക്കാം എന്നതിന്റെ ഭീകര കാഴ്ചകളാണ് 6 എപ്പിസോഡുകൾ ഉള്ള 'ലൈല'.. 

Waiting for Season 2 !!

-pravin- 

Monday, June 1, 2020

First They Killed My Father


ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം അമേരിക്ക ഏറ്റു പിടിച്ചത് കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെയുള്ള ഒരു യുദ്ധം എന്ന നിലക്കായിരുന്നുവെങ്കിലും പലരും അത് മനസ്സിലാക്കാൻ വൈകി.

1975 ൽ വിയറ്റ്നാം യുദ്ധം അഥവാ അമേരിക്കൻ യുദ്ധം അവസാനിക്കുമ്പോൾ വിജയം കമ്യൂണിസ്റ്റ് സഖ്യത്തിനായിരുന്നു. ആഞ്ജലീന ജോളിയുടെ ' First They Killed My Father ' സിനിമ തുടങ്ങുന്നത് ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ്.

വിയറ്റ്നാം യുദ്ധത്തിന് ശേഷം കമ്പൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പോൾ പോട്ട് കംബോഡിയയുടെ ഭരണം പിടിച്ചെടുത്തു. പോൾ പോട്ടിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥകൾ കംബോഡിയൻ ജനതയെ ഒരു തരം അടിമത്തത്തിലേക്കാണ് കൊണ്ട് പോയത്.

പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖെമർ റൂഷ് ഭരണ കാലത്ത് എതിർ സ്വരങ്ങൾ അടിച്ചമർത്തപ്പെട്ടു, രാജ്യത്തെ മൊത്തം ജനതയുടെ കാൽഭാഗത്തോളം പേരെ കൂട്ടക്കുരുതി നടത്തി. വിയറ്റ്നാമീസും തദ്ദേശീയ മുസ്ലിങ്ങളുമാണ് പോൾ പോട്ടിന്റെ വംശഹത്യക്ക് ഇരയായവരിൽ ഭൂരിഭാഗവും.

വംശ ഹത്യകൾക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചും വെള്ളത്തിൽ മുക്കിയുമൊക്കെ ആളെ കൊല്ലുന്ന സ്പെഷ്യൽ കമ്യൂണിസം രാജ്യത്ത് നടപ്പിലാക്കിയ പോൾ പോട്ടിനെ 'ഏഷ്യൻ ഹിറ്റ്‌ലർ' എന്നായിരുന്നു ലോകം വിളിച്ചത്.

പോൾ പോട്ട് അധികാരത്തിലേറി ഒരൊറ്റ രാത്രി കൊണ്ട് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥി കാമ്പുകളിലേക്ക് അയക്കപ്പെട്ട കമ്പോഡിയൻ ജനതയുടെ വേദനകളും സഹനങ്ങളുമൊക്കെ ലൗങ് എന്ന കൊച്ചു കുട്ടിയുടെ കാഴ്ചകളിലൂടെ പറഞ്ഞവതരിപ്പിക്കുകയാണ് ആഞ്ജലീന ജോളിയുടെ ' First They Killed My Father '

ആകെ മൊത്തം ടോട്ടൽ = ഒരു യുദ്ധ സിനിമയുടെ പശ്ചാത്തലമുണ്ടെങ്കിലും ഇത് യുദ്ധ സിനിമയല്ല, യുദ്ധവും അധിനിവേശവും സ്വേച്ഛാധിപത്യവുമൊക്കെ കാരണം ഇരുട്ടിലായ ഒരു ജനതയുടെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സിനിമയാണ്. 

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, May 23, 2020

Bala - തിരുത്തിക്കുറിക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ !!

'തമാശ' കണ്ട ശേഷമാണ് അതിന്റെ ഒറിജിനൽ സിനിമ Ondu Motteya Kathe കാണുന്നത്. അതിനും ശേഷം അതിന്റെ ഹിന്ദി റീമേക് Ujda Chaman ഉം കണ്ടു. മുടിയില്ലാത്ത ഒരു ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളും അയാൾക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങളുമൊക്കെ മൂന്നു സിനിമയിലും ഒരു പോലെ പറയുന്നുണ്ട് .  

Bala റിലീസായപ്പോൾ വീണ്ടും അതേ വിഷയം ഇനി മറ്റൊരു കഥാ പശ്ചാത്തലത്തിൽ കാണാൻ ഇഷ്ടപ്പെട്ടില്ല .. പക്ഷേ ഇപ്പൊ കണ്ടു തീർന്നപ്പോൾ ആ മൂന്നു സിനിമകളേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ബാലയെയാണ്. 

ഒരു കഷണ്ടിക്കാരന്റെ കഥയായി ഒതുങ്ങി പോയില്ല Bala എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വമുണ്ട്. ആരും പ്രതിക്കൂട്ടിൽ നിൽക്കുന്നില്ല. തന്റെ ഭർത്താവ് കഷണ്ടിക്കാരനായതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെടുന്ന പരി മിശ്ര എന്ന കഥാപാത്രം പോലും കാര്യകാരണങ്ങൾ ബോധിപ്പിക്കുന്നുണ്ട്. 

കറുത്തവരോടും ഉയരക്കുറവുള്ളവരോടും തടിച്ചവരോടും മെലിഞ്ഞവരോടുമൊക്കെയുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളെ സിനിമ മനോഹരമായി തിരുത്തിക്കുറിക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ഒരു പ്രേമ സിനിമയായി അവസാനിപ്പിക്കാതെ കഥാപാത്ര വ്യക്തിത്വങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നിടത്തു തന്നെയാണ് ബാല മികച്ചു നിൽക്കുന്നത്. ആയുഷ്മാൻ ഖുറാന, ഭൂമി പെഡ്നേക്കർ, യാമി ഗൗതം കോമ്പോ മികച്ചു നിന്നു. 

*വിധി മാർക്ക് = 8/10 

-pravin-

Thursday, May 21, 2020

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!

ഈ സിനിമ ഏത് ജെനറിൽ പെടുത്തണം എന്നറിയില്ല . ഒരേ സമയം ഒരുപാട് വിഷയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് അവസാനം കുറേ സാരോപദേശങ്ങൾ  കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന ഒരു പ്രത്യേക തരം പു.ക സിനിമ . 

ശംഭു പുരുഷോത്തമന്റെ 'വെടിവഴിപാടി'ൽ പ്രതിക്കൂട്ടിൽ നിർത്തിയ മലയാളിയുടെ കപട സദാചാരത്തെ ഈ സിനിമയിലും  പ്രേമേയപരമായി അദ്ദേഹം വീണ്ടും  പരിഗണിക്കുന്നുണ്ട്. അതിന്റെ കൂടെ  വിവാഹവും ധൂർത്തും നഷ്ടപ്രണയവും കഞ്ചാവടിയും  അവിഹിതവുമൊക്കെ കൂടി ചേർന്ന് ഇത്തവണ  ഒരു അവിയൽ മിക്സ് ആയി  എന്ന് മാത്രം. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാൽ ആരും ഇവിടെ പുണ്യാളന്മാരല്ല എന്ന അർത്ഥം കൂടിയുണ്ട്. ആ പേരൊന്നു കൊണ്ട് തന്നെ സിനിമയിൽ തെറ്റ് കുറ്റങ്ങൾ ഒരുപാടുണ്ടാകാം അതൊക്കെ നിങ്ങളങ്ങു മറന്നേക്കണം എന്ന ലൈനിൽ ഒരു ഉത്തരവാദിത്തവും പേറാതെ സംവിധായകന് രക്ഷപ്പെടാൻ പറ്റിയിട്ടുണ്ട്. പക്ഷേ പ്രേക്ഷകന് രക്ഷയില്ല.

സിനിമയിലെ മധുപാലിന്റെ ജോർജ്ജ് എന്ന കഥാപാത്രത്തെ പോലെ രണ്ടു പുകയൊക്കെ വിട്ട് കണ്ടാൽ ചിലപ്പോ എല്ലാം കളർഫുൾ ആയിട്ട് കാണാൻ സാധിക്കും.. അല്ലാത്തവർ സ്വാഹാ !!

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്കും നാട്ടാചാരങ്ങൾക്കും സദാചാര സങ്കൽപ്പങ്ങൾക്കുമൊക്കെ പോറലേൽപ്പിക്കുന്ന സിനിമ ആയത് കൊണ്ട് മിക്കവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാത്ത ഒരു സിനിമ. പ്രമേയപരമായി മികച്ചു നിന്നെങ്കിലും പറഞ്ഞവതരിപ്പിച്ചിടത്തും അവസാനിപ്പിച്ചിടത്തുമൊക്കെ ഒരു സിനിമ എന്ന നിലക്ക് വേണ്ട മികവുണ്ടായില്ല.

*വിധി മാർക്ക് = 6/10 

-pravin- 

Monday, May 18, 2020

Tanhaji

മഹാരാഷ്ട്രയിലെ പൂനൈക്ക് അടുത്തുള്ള സിംഹഗഢ് കോട്ട (സിംഗാദ്) മുഗൾ ചക്രവർത്തി ഔറംഗസേബിൽ നിന്ന് തിരിച്ചു പിടിക്കുന്നതിനായി ഛത്രപതി ശിവാജി നടത്തിയ പോരാട്ടമാണ് 1670 ൽ നടന്ന സിംഹഗഡ് യുദ്ധമായി അറിയപ്പെടുന്നത്. 

കോലി സമുദായത്തിലെ താനാജി മാലുസാരെ ശിവാജിക്ക് വേണ്ടി പട നയിച്ചപ്പോൾ രജപുത്ര വംശജനായ ഉദയ് ഭൻ റാത്തോഡ് ആയിരുന്നു ഔറംഗസേബിന്റെ സേനാ നായകൻ. 

താനാജിയുടെ യുദ്ധ നൈപുണ്യവും പോരാട്ടവും പിൽക്കാലത്ത് തുളസീ ദാസിനെ പോലുള്ളവർ മറാത്തി കവിതകളിലൂടെ വാഴ്ത്തി പാടുകയുണ്ടായി. ഇത് പിന്നീട് മറാത്തി നാടോടിക്കഥകളിൽ താനാജിക്ക് ഒരു വീരപരിവേഷം സമ്മാനിക്കുകയും ചെയ്തു. 

സംഭവ ബഹുലമായ ഒരു ജീവിത കഥയും ചരിത്രവുമൊക്കെ പറയാനുണ്ടായിട്ടും ഒരു സിനിമ എന്ന നിലക്ക് വേണ്ടത്ര അനുഭവപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുണ്ട് 'താനാജി'യിൽ. 

അത്യാവശ്യം നല്ലൊരു ബജറ്റിൽ വന്ന പടമായിട്ടും അതിനൊത്ത മികവൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടിയതുമില്ല. ശരാശരിയിലൊതുങ്ങി എല്ലാം. 

'ഛപാക്' റിലീസായ സമയത്ത് ആ സിനിമക്കെതിരെ നടന്ന സൈബർ ആക്രമണം സാമ്പത്തികമായി ഗുണം ചെയ്തത് 'താനാജി'യെയാണ്. IMDB റേറ്റിംഗിൽ 'ഛപാക്' 3-4 സ്‌കോറിൽ ആയിരുന്നപ്പോൾ താനാജി 8-9 സ്കോറിലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ബോക്സ് ഓഫിസ് ഹിറ്റായിട്ടും ആസ്വാദനപരമായി കാര്യമായൊരു തൃപ്‍തി തരാത്ത സിനിമ. 

*വിധി മാർക്ക് = 5.5 /10

-pravin-

Monday, May 11, 2020

Abgeschnitten ( Cut Off )

2018 ൽ റിലീസായ ഒരു ക്രൈം ത്രില്ലർ പടമാണ് Abgeschnitten ( Cut Off ). 

ഫെഡറൽ ക്രിമിനൽ പോലീസ് ഓഫിസിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകളെ തട്ടി കൊണ്ട് പോയ സീരിയൽ കില്ലറിലേക്കുള്ള അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കിൽ ഒരു മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യപ്പെടേണ്ടതുണ്ട്. ഹെൽഗോ ലാൻഡിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് കാരണം ഡോക്ടർക്ക് അങ്ങോട്ടേക്ക് എത്താനും സാധിക്കുന്നില്ല.

Time is running. തീർത്തും നിർണ്ണായകമായ ഒരു സാഹചര്യം. അവിചാരിതമായി ഫോണിലൂടെ പരിചയപ്പെട്ട ലിൻഡയോടും ക്ലിനിക്കിന്റെ സെക്യൂരിറ്റിക്കാരനോടും ഡോക്ടർ തനിക്ക് പകരം ആ പോസ്റ്റ്മാർട്ടം നടത്താൻ പറയുകയാണ്.. പിന്നീട് അങ്ങോട്ട് ത്രില്ലോടു ത്രില്ലാണ്‌ .

ആകെ മൊത്തം ടോട്ടൽ = സസ്‌പെൻസും ത്രില്ലും ട്വിസ്റ്റുമൊക്കെ കൂടെ ഒരു കിടിലൻ പടം. BGM വേറെ ലെവൽ. പോസ്റ്റ്മാർട്ടം സീനുകൾ കണ്ടു ഓക്കാനം വരുന്നവർ കാണാതിരിക്കുക . അജ്ജാതി സീനുകൾ കുറെയുണ്ട്. 

*വിധി മാർക്ക് = 7.5/10

-pravin-

Saturday, May 9, 2020

Pokot ( Spoor)


മൃഗങ്ങളെ വിനോദത്തിന് കൊന്നു തള്ളുന്ന ചില നാട്ടു സംസ്‌കാരങ്ങൾക്കെതിരെ, മൃഗങ്ങൾ മനുഷ്യനാൽ വേട്ടയാടപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരും മനുഷ്യന് അടിമപ്പെട്ടു ജീവിക്കേണ്ടവരുമാണെന്ന ചില മതപുരോഹിതരുടെ ആഹ്വാനങ്ങൾക്കെതിരെയുമൊക്കെ ശബ്ദമുയർത്തുന്ന ഒരു പോളിഷ് സിനിമയാണ്  Pokot ( Spoor). 

മൃഗങ്ങൾക്കു വേണ്ടിയും പ്രതികാരം ചെയ്യാൻ ആളുണ്ട് ഭൂമിയിൽ. മൃഗങ്ങൾ അന്യായമായി വേട്ടയാടി കൊല്ലപ്പെടുമ്പോൾ വേട്ട നടത്തിയ വേട്ടക്കാരും കൊല്ലപ്പെടുന്നു.ഈ കൊലപാതകങ്ങളിലേക്കുള്ള അന്വേഷണത്തേക്കാൾ അവർ കൊല ചെയ്യപ്പെട്ടതിന്റെ ന്യായ വാദങ്ങളാണ് സിനിമ പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തുന്നത് .

പരിസ്ഥിതി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്നും ക്രിസ്ത്യൻ വിരുദ്ധ സിനിമയെന്നുമൊക്കെ വിമർശിക്കപ്പെട്ട Spoor 2017 ലെ ഓസ്‌ക്കാർ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പോളിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പടമല്ലെങ്കിലും മഞ്ഞു വീണു കിടക്കുന്ന പോളണ്ടിലെ താഴ് വരകളെയും വൈൽഡ് ലൈഫിനെയുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഛായാഗ്രഹണത്തെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല .

*വിധി മാർക്ക് = 6/10

-pravin-

Sunday, May 3, 2020

രാമുലമ്മ എന്ന പെൺപുലിയുടെ കഥ !!

നാട് ഭരിക്കേണ്ട സർക്കാരിനെ ഭൂപ്രഭുക്കന്മാർ ഭരിച്ചിരുന്ന ഒരു കാലം. പോലീസും ഉദ്യോഗസ്ഥരുമൊക്കെ ഭൂപ്രഭുക്കൻന്മാരുടെ വാലാട്ടി പട്ടികളായി ജീവിച്ച ആ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിരുന്നത് താണ ജാതിയിൽ പെട്ടവരും ഇടത് പക്ഷ പ്രസ്ഥാന നേതാക്കളും നക്സലുകളുമൊക്കെയായിരുന്നു.

ആ ഒരു കാലത്തെ  രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ്  ദാസരി നാരായണ റാവു   'രാമുലമ്മ' യെ അവതരിപ്പിക്കുന്നത്. 

തെലങ്കാനയിലെ  ഗ്രാമത്തിൽ ഒരു ദളിത് സ്ത്രീ നടത്തിയ യഥാർത്ഥ വിപ്ലവ പോരാട്ടമാണ്  1997 ൽ റിലീസായ  'ഒസെയ് രാമുലമ്മ' എന്ന സിനിമക്ക് ആധാരം. 

നക്സൽ നേതാവ് കൊമറണ്ണയായി സംവിധായകൻ തന്നെ വേഷമിട്ട സിനിമയിൽ നക്സൽ പ്രസ്ഥാനങ്ങൾ പ്രതിക്കൂട്ടിലല്ല, ജനപക്ഷത്താണ്. ഭരണകൂടത്തിന് എതിര് പറയുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കുന്ന ഈ കാലഘട്ടത്തിലും ഈ സിനിമയും സിനിമയിലെ ചോദ്യങ്ങളും പ്രസക്തമാണ്. 

വിപ്ലവ വീര്യമുള്ള പാട്ടുകളും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെ  സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല.    

നായക കഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്ന മുഖ്യധാരാ സിനിമയിൽ നായികക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അവതരിപ്പിക്കപ്പെട്ട 1990 കളിലെ ഒരേ ഒരു  സിനിമയായി വിലയിരുത്തപ്പെട്ടിരുന്നു  'ഒസെയ് രാമുലമ്മ'.  

1985 ലിറങ്ങിയ 'പ്രതിഘടന'യും 1990 ലെ  'കർത്തവ്യ'വും  വിജയ് ശാന്തിക്ക് നൽകിയ ആക്ഷൻ നായികാ പരിവേഷം ചെറുതായിരുന്നില്ല.. രാമുലമ്മയെ കൂടി ഗംഭീരമായി പകർന്നാടിയപ്പോൾ ആ പരിവേഷം കൂടുതൽ ശക്തിപ്പെട്ടു. 

ആകെ മൊത്തം ടോട്ടൽ = വിജയ് ശാന്തി സിനിമകളിൽ കാണേണ്ട ഒരു പടം. 

*വിധി മാർക്ക് =7.5  /10 

-pravin-

Tuesday, April 28, 2020

ജൽകി എന്ന മിടുക്കി കുട്ടിയുടെ കഥ !!



ബാലവേലക്കായി നഗരത്തിലേക്ക്  കൊണ്ട് പോയ തന്റെ അനിയനെ കണ്ടെത്തി തിരിച്ചു കൊണ്ട് വരാൻ ഒരു  ഒൻപത് വയസ്സുകാരി നടത്തുന്ന പോരാട്ടമാണ് ഈ സിനിമ.

പണം വാങ്ങി കുട്ടികളെ ബാലവേലക്ക് വിട്ടു കൊടുക്കുന്ന രക്ഷിതാക്കളും അത് മുതലെടുത്തു കൊണ്ട് ജീവിക്കുന്ന ഇടനിലക്കാരുമൊക്കെ ഉത്തരേന്ത്യൻ  ഉൾ ഗ്രാമങ്ങളിലെ മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളാണ്..

ജൽകിയും കൊച്ചനിയനും തമ്മിലുള്ള സ്നേഹബന്ധവും അവനു വേണ്ടിയുള്ള അവളുടെ പ്രതീക്ഷ നിറഞ്ഞ പോരാട്ടവുമൊക്കെ ഉത്തരേന്ത്യൻ നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്നുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 

Thursday, April 23, 2020

The Boat

'ദേജാ വൂ' അഥവാ പുനരനുഭവമിഥ്യ എന്നൊരു സംഗതിയുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും അത് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല എന്ന് തന്നെ പറയാം. 

നമ്മൾ ആദ്യമായി പോകുന്ന ഒരു സ്ഥലത്ത്  അതിനു മുന്നേ പണ്ടെപ്പോഴോ  വന്നിട്ടുണ്ടെന്ന് തോന്നുക, ആദ്യമായി കണ്ട ഒരാളെ പണ്ടെപ്പോഴോ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് തോന്നുക, അതുമല്ലെങ്കിൽ വർത്തമാന കാലത്ത് നമ്മൾ സംസാരിക്കുന്നതോ, അനുഭവിയ്ക്കുന്നതോ ആയ കാര്യങ്ങൾ അതിനും മുന്നേ കഴിഞ്ഞതും അതിന്റെ  ആവർത്തനാവുമായി തോന്നുക etc..  അങ്ങിനെ പല വേർഷൻ ഉണ്ട് ദേജാ വൂവിന്. 

2009 ലിറങ്ങിയ 'Triangle' ദേജാ വുവിന്റെ പല അവസ്ഥകളിലൂടെ കൊണ്ട് പോയിട്ടുണ്ട് ..അന്ന് പറന്നു പോയ കിളികൾ ഇപ്പോഴും കൂടണഞ്ഞിട്ടില്ല.. പ്രമേയപരമായി Triangle നെ അനുകരിക്കുന്ന സിനിമയല്ലെങ്കിലും,  ആസ്വാദനത്തിൽ മറ്റൊരു ദേജാ വൂ എഫക്ട് തരുന്നുണ്ട്  The Boat..   ഈ സിനിമ മുന്നേ എപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നൽ അതിന്റെ ഭാഗമായിരിക്കാം..  

നിശ്ശബ്ദമായ കടലിനു നടുവിലെ ഏകാന്തതയും , രാത്രി വെളിച്ചത്തിലെ കടലും, ആ ബോട്ടുമൊക്കെ ഭീകര കാഴ്ചകളും അനുഭവപ്പെടുത്തലുകളുമാണ്.  BGM കൂടി ആകുമ്പോൾ ആ ഭീകരത പൂർണ്ണമാകുന്നു. സോളോ ആക്ടിങ് വേറെ ലെവൽ.  

ആകെ മൊത്തം ടോട്ടൽ = ഏറെക്കുറെ സംഭാഷണ രഹിതമായ ഒരു സ്ക്രിപ്റ്റായിട്ടും അവതരണ മികവ് കൊണ്ട് ആളെ പിടിച്ചിരുത്തുന്ന സിനിമ എന്ന് പറയാം.  


കാര്യ കാരണ വിശദീകരണങ്ങൾ ഒന്നുമില്ലാതെ പറഞ്ഞവസാനിപ്പിക്കുമ്പോഴും ദുരൂഹതയുടെ ഭംഗി കൂടുന്നേയുള്ളൂ. എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത ഒരു പടം 

*വിധി മാർക്ക് = 6/10

-pravin- 

Tuesday, April 21, 2020

ശാരദമ്മിണിയും ലാൻസ് നായ്ക്   മുകുന്ദൻ മേനോനും !!

" ശാരദമ്മിണി :- നിങ്ങടെ തലക്ക് നല്ല അസ്സല് ഭ്രാന്ത് തന്നെയാ !! 

മുകുന്ദൻ മേനോൻ :- അല്ലെന്നാര് പറഞ്ഞു ? ഭ്രാന്ത് തന്നെ ..അല്ലെങ്കി കൂടപ്പിറപ്പുകൾ വിശന്നു കരയുന്നത് കണ്ടപ്പോ ഒരുത്തൻ ചാടിക്കേറിയങ്ങു പട്ടാളത്തിൽ ചേരുമോ ? വെടിയുണ്ടയുടെയും ബോംബിന്റെയും രൂപത്തിൽ മരണം ആർത്തലച്ചു വരുമ്പോ ഒന്നും നോക്കാതെ മുന്നോട്ട് ചാടിക്കയറുന്ന പട്ടാളക്കാരന് ഭ്രാന്ത് തന്നെ !! രാവില്ലാ പകലില്ലാ മഞ്ഞില്ലാ മഴയില്ലാ വെയിലില്ലാ ...വിശപ്പില്ല ദാഹമില്ല മോഹമില്ല ..എന്തിന്.. ഒരു ജന്മം തീറെഴുതി കൊടുത്തു !! തീറെഴുതി ..? പറയണം മേം സാബ് .. 

ശാരദാമ്മിണി :- തീറെഴുതി കൊടുത്തു ...

മുകുന്ദൻ മേനോൻ : - അതെ ...അത് കൊണ്ടെന്താ ..കൂടപ്പിറപ്പുകൾ വളർന്നു ..ഭാര്യയായി..ഭർത്താവായി ..മക്കളായി ..കുടുംബമായി..ഇതൊക്കെ മറന്നവന് ഭ്രാന്തല്ലേ ?? പട്ടാളത്തീന്ന് തിരിച്ചു വന്നപ്പോ ലാൻസ് നായിക് മുകുന്ദൻ മേനോൻ വെറും ഒരു ഒഴിഞ്ഞ തകരപ്പാത്രം...ഹ ഹ് ഹാ ..സങ്കടം പറഞ്ഞു കരഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു - വട്ട് !! ഔദാര്യത്തിനും അവകാശത്തിനും കാത്തു നിക്കാതെ കൈയും വീശി ഇറങ്ങി പോന്നപ്പോ നാട്ടുകാര് പറഞ്ഞു - വട്ടാണ് !! ഇപ്പൊ മേം സാബ് പറയുന്നു - മുഴു ഭ്രാന്താണെന്ന് !!! ഹഹ്ഹാ... അതേ ..ഭ്രാന്തനാണ് ..ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ് ...പക്ഷേ മേം സാബ് കളിയാക്കണ്ട ..എന്നെ പോലെ നിങ്ങൾക്കുമുണ്ട് ..എന്ത് !! .. ഹ ഹ് ഹാ ..എന്താ മിണ്ടാത്തത് ? വിഷമമായോ ? 

ശാരദമ്മിണി :- ശര്യന്നെയാണ് പറഞ്ഞത് ..

മുകുന്ദൻ മേനോൻ : - ആണല്ലോ .വണ്ടിക്കാളകളാണ് മേം സാബ് ..നമ്മളൊക്കെ വണ്ടിക്കാളകളായിരുന്നു .. "


****************************************************************************************************************************

ശാരദമ്മിണിയെ ആദ്യ കാഴ്ചയിൽ തന്നെ മുകുന്ദൻ മേനോൻ മനസ്സിലാക്കിയിരുന്നെങ്കിലും അയാൾക്ക് ശാരദമ്മിണിയോട് ഇത്രയും ഉള്ളു തുറന്ന് സംസാരിക്കാൻ സാധിച്ചത് ആശുപത്രിയിൽ വച്ചാണ് .. ഒറ്റപ്പെട്ടു പോയവരുടെ വേദന അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു വെക്കുമ്പോൾ ശാരദമ്മിണിയുടെ മനസ്സ് പൊള്ളുകയായിരുന്നു.. മുകുന്ദൻ മേനോനെ ശാരദമ്മിണി അംഗീകരിക്കുന്നത് അപ്പോഴാണ്. അത് പിന്നെ സ്നേഹവും പ്രണയവുമൊക്കെയായി മാറുന്നുണ്ട്. 

മുകുന്ദൻ മേനോൻ കിണറ്റിലേക്ക് വീണത് തന്റെ പ്രാർത്ഥന കൊണ്ടാകുമോ എന്ന കുറ്റബോധം കൊണ്ട് ഉരുകുന്ന അതേ ശാരദമ്മിണി അയാളുടെ ജീവന് വേണ്ടി കേണു പ്രാർത്ഥിക്കുന്നതും കാണാം .. പിറ്റേന്ന് ആശുപത്രി കിടക്കയിൽ അയാളെ കാണാതാകുമ്പോൾ ഒരു നിമിഷം അവൾ അനുഭവിച്ചു പോയ വേദന അയാളോടുള്ള അവളുടെ പ്രണയമായിരുന്നു .


അത് വരെ ശത്രുവിനെ പോലെ കണ്ടിരുന്ന മുകുന്ദൻ മേനോനോട് ശാരദമ്മിണിക്ക് തോന്നുന്ന അടുപ്പത്തിന്റെ/ പ്രണയത്തിന്റെ ആഴം ചുരുങ്ങിയ സമയം കൊണ്ട് അനുഭവപ്പെടുത്തുന്നുണ്ട് സംവിധയകൻ എം.എ വേണ. ഒരു തിരിച്ചു പോക്കിനൊരുങ്ങുന്ന മുകുന്ദൻ മേനോനോട് വഴിയരുകിൽ വച്ച് ശാരദമ്മിണി തന്റെ ഇഷ്ടം അറിയിക്കുമ്പോൾ മുകുന്ദൻ മേനോൻ സങ്കടം കലർന്ന പൊട്ടിച്ചിരിയോടെയാണ് പ്രതികരിക്കുന്നത് ..

ലോകത്ത് ഒരാളെങ്കിലും തന്നോടിത് പറഞ്ഞതിൽ നന്ദിയുണ്ടെന്ന് പറയുന്നു അയാൾ..എന്നിട്ട് ഒരു പരിഭവവുമില്ലാതെ ആ ഇഷ്ടം നിരാകരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ പിൻവാങ്ങുന്നു ..ഭ്രാന്തൻ തന്നെ എന്ന് നമ്മളും അയാളെ നോക്കി പറഞ്ഞു പോകും ..

മേം സാബ് സന്തോഷമായി ഇരിക്കണമെന്ന് ആശയുണ്ടെന്നും പറഞ്ഞു കൊണ്ട് ഗുഡ് ബൈ പറഞ്ഞു കൊണ്ടയാൾ ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോൾ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം ആ സീനിനു ഉണ്ടാക്കി കൊടുക്കുന്ന സൗന്ദര്യം ചെറുതല്ല. 

ശ്രീരാമ പാദം കാത്തു കിടക്കുന്ന അഹല്യയെ പോലെ താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് മുകുന്ദൻ മേനോന് ശാരദമ്മിണി കൊടുത്തയക്കുന്ന കുറിപ്പും അതിനു മറുപടിയെന്നോണം നാളെ സന്ധ്യക്ക് ഒരു അമൂല്യ സമ്മാനവുമായി ഒരു പെരുമഴ പോലെ താൻ വരുമെന്ന് പറയുന്ന മുകുന്ദൻ മേനോനും .. പക്ഷേ എല്ലാം ശുഭമെന്നു നമ്മൾ കരുതിന്നിടത്ത് വിപരീതമായ വിധിയെഴുത്തുകൾ നടത്തുന്ന ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് 'ചകോര'ത്തിലും നമ്മളെ ദുഖിപ്പിക്കുന്നു.. 

ജീവിതത്തിൽ പത്തു തവണ മരണത്തെ തോൽപ്പിച്ച തന്റെ കഥാപാത്രം മുകുന്ദൻ മേനോന് വീണ്ടും ഒരു അവസരം കൊടുക്കാൻ ലോഹിതദാസ് എന്ന ദൈവത്തിന് ദയവുണ്ടായില്ല .

ശാരദമ്മിണിയുടെ വീട്ടിലെ ജനൽ കാഴ്ചയിലൂടെ പണി തീരാത്ത മുകുന്ദൻമേനോന്റെ വീടും അയാളെ കുറിച്ചുള്ള അവളുടെ ഓർമ്മകളും..മുകുന്ദൻ മേനോന്റെ ദൂരേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തി കൊണ്ട് കടന്നു വരുന്ന ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം .. 


"അരുത് മേം സാബ് ..മുഖം മൂടികളൊന്നും മാറ്റരുത് ..മാറ്റിയാൽ കരയാനേ സമയം കാണൂ " അയാളുടെ വോയ്‌സ് ഓവറിൽ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്ന ശാരദമ്മിണിയെ കാണാം. ശാരദമ്മിണിയുടെ മുഖത്ത് ചില തീരുമാനങ്ങൾ ..ഇനി ഒരിക്കലും ആ ജനൽ കാഴ്ച കാണാതിരിക്കാൻ അത് ആണിയടിച്ചു കൊട്ടിയടക്കാൻ പറയുന്നു .. അങ്ങിനെ ശാരദാമ്മിണി വീണ്ടും ശാരദമ്മിണിയായി മാറുന്നിടത്താണ് ചകോരം അവസാനിക്കുന്നത് .

ലോഹിതദാസിന്റെ സ്ക്രിപ്റ്റ് ..മുരളിയുടെ കരിയറിലെ വ്യത്യസ്ത വേഷം.. ശാന്തി കൃഷ്‌ണയുടെ മികച്ച കഥാപാത്രം.. ചകോരം ഒറ്റനോട്ടത്തിൽ തന്നെ അത്രയുമുണ്ട് പറയാൻ .

1994 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി ശാന്തി കൃഷ്ണയും മികച്ച നവാഗത സംവിധായകനായി എം എ വേണുവുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 

-pravin-