Tuesday, August 30, 2022

നിഗൂഢമായ സൗഹൃദം !!


ഒരു ഫീൽ ഗുഡ് സൗഹൃദ സിനിമയുടെ സുഖം തന്നു കൊണ്ട് തുടങ്ങുകയും അതേ സമയം സൗഹൃദത്തിലെ സങ്കീർണതകളും ദുരൂഹതകളും അനുഭവപ്പെടുത്തി കൊണ്ട് കാണുന്നവരുടെ മനസ്സിലേക്ക് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും തന്നു കൊണ്ട് അവസാനിക്കുന്ന സിനിമയാണ് ഡിയർ ഫ്രണ്ട്.

ഈ സിനിമയുടെ ആസ്വാദനം എന്നത് ഒരു തരം ഡിസ്റ്റർബൻസ് ആണ് ..ആ ഡിസ്ടർബൻസിനെ നിരാശയായി കാണുന്നവർക്ക് ഈ സിനിമയും നിരാശയായി മാറും എന്നതാണ് റിസ്ക് .

വിനോദിന്റെ കഥാപാത്രത്തോട് ഒരു ഘട്ടത്തിൽ നമുക്ക് തന്നെ വല്ലാത്ത ഒരു സിമ്പതി തോന്നാം .. ആ സിമ്പതിയിലൂടെ തന്നെയാണ് സൗഹൃദത്തിന്റെ ആഴത്തിലേക്ക് അവൻ നമ്മളെ കൊണ്ട് പോകുന്നത് .

അവന്റെ മുഖത്ത് നമ്മൾ കണ്ട നിഷ്ക്കളങ്കത പതിയെ ഒരു വലിയ ദുരൂഹതയായി മാറുന്നിടത്ത് 'ഡിയർ ഫ്രണ്ട്' അന്വേഷണാത്മകത കൈവരിക്കുന്നു.

ഒരു പിടി നുണകളിലൂടെയാണ് സുഹൃത് ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതെങ്കിലും സൗഹൃദത്തിലിരിക്കുന്ന ഒരു ഘട്ടത്തിലും അവൻ ആരെയും ചതിച്ചിട്ടില്ല ..അവന്റെ കള്ളക്കഥകളേക്കാൾ അകാരണമായി ഉപേക്ഷിച്ചു പോകുന്ന അവന്റെ സൗഹൃദമാണ് ചതിയായി അനുഭവപ്പെടുന്നത്.


തൃപ്‍തികരമായ ഒരു ഉത്തരം പോലും നൽകാതെ മുൻകാല സുഹൃത്തുക്കളെയെല്ലാം ഉപേക്ഷിച്ചു കൊണ്ട് പൊടുന്നനെ അപ്രത്യക്ഷനാകുന്നവൻ. 

മറ്റൊരിടത്ത് മറ്റൊരു വേഷത്തിൽ പുതിയ സുഹൃത്തുക്കളുമായി പ്രത്യക്ഷപ്പെടുമ്പോഴും അവനിൽ കുറ്റബോധമോ പശ്ചാത്താപമോ ഒന്നും തന്നെയില്ല.. തീർത്തും പുതിയ ഒരാൾ.

മെട്രോ ലൈഫിന്റെ രാത്രി ഭംഗിയും നിഗൂഢതയുമൊക്കെ ഗംഭീരമായി പകർത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഈ സിനിമയുടെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം ..

ആ ക്ലൈമാക്സ് സീൻ വീണ്ടും ഓർത്തു പോകുന്നു..

Same story..it always works എന്നും പറഞ്ഞ ശേഷം വിനോദിന്റെ ഒരു ചിരിയുണ്ട്. അവന്റെ ആ ചിരിയോടുള്ള ജന്നത്തിന്റെയും അർജ്ജുന്റെയും റിയാക്ഷനും കഴിഞ്ഞു ഇരുട്ടിലൂടെ അവർ നടന്നു നീങ്ങുമ്പോൾ വരുന്ന പശ്ചാത്തല സംഗീതത്തിനൊപ്പം വീണ്ടും വിനോദിന്റെ മുഖം കാണാം.. ഇരുട്ടിൽ ആ മുഖത്ത് ചിരിക്കൊപ്പം ചെറിയൊരു ഭാവ മാറ്റം കാണാം.. അടക്കി വക്കുന്ന ഒരു സങ്കടം ആ ചിരിയെ പാതി മറക്കുന്നു .

ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന ആ കഥാപാത്രം നമുക്ക് തരുന്ന ഡിസ്റ്റർബൻസ് ആണ് 'ഡിയർ ഫ്രണ്ടി'ന്റെ ദുരൂഹമായ സൗന്ദര്യം.

ആകെ മൊത്തം ടോട്ടൽ = സ്ഥിരം സൗഹൃദ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആംഗിളിലൂടെ കഥ പറഞ്ഞ സിനിമ എന്ന നിലക്ക് പുതുമയുണ്ട്. അതിനേക്കാളേറെ വളരെ റിസ്‌ക്കി ആയ ഒരു പരീക്ഷണ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഡിയർ ഫ്രണ്ടിനെ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, August 27, 2022

ചിരിയും ചിന്തയുമുണർത്തുന്ന കോടതി മുറി !!


'The Man Who Sued God' എന്ന സിനിമയിൽ വക്കീൽ ജോലി ഉപേക്ഷിച്ചു മത്സ്യബന്ധനത്തിനിറങ്ങുന്ന സ്റ്റീവ് ആണ് കേന്ദ്ര കഥാപാത്രം. മത്സ്യ ബന്ധനത്തിനായി അയാൾ വാങ്ങിയ ബോട്ട് ഇടിമിന്നലിൽ തകർന്നു പോകുകയാണ്. 

നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന സ്റ്റീവിനു കിട്ടുന്ന മറുപടി ഇടിമിന്നൽ എന്നത് Act of God ആയത് കൊണ്ട് അത് മൂലമുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനിക്ക് സാധിക്കില്ല എന്നാണ്. അങ്ങിനെയെങ്കിൽ തന്റെ നഷ്ടം നികത്തി തരാൻ ഈ പറഞ്ഞ ഗോഡിന് ഉത്തരവാദിത്തവുമുണ്ട് എന്നും പറഞ്ഞു ദൈവത്തിന് എതിരായി കോടതിയിൽ സ്റ്റീവ് ഒരു കേസ് കൊടുക്കുകയാണ്. 

ഈ വിചിത്രമായ കേസും അനുബന്ധ വാദ പ്രതിവാദങ്ങളുമൊക്കെയാണ് 'The Man Who Sued God' എന്ന സിനിമയെ രസകരമാക്കുന്നത്. ഇതേ പടത്തിന്റെ മറ്റൊരു പതിപ്പാണ് ഹിന്ദിയിൽ വന്ന Oh My God. 

'ന്നാ താൻ കേസ് കൊട്' സിനിമക്ക് മേൽപ്പറഞ്ഞ സിനിമകളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്ന കേസും കേസ് നടക്കുന്ന കോടതി മുറിയും കോടതി മുറിക്കുള്ളിലെ വാദ പ്രതിവാദങ്ങളുമൊക്കെ ഈ പറഞ്ഞ സിനിമകളെ ഓർമ്മപ്പെടുത്തി.

ദൈവത്തിന് എതിരെ കേസ് വരുമ്പോൾ ഭക്തർക്കും മന്ത്രിക്കെതിരെ കേസ് വരുമ്പോൾ അണികൾക്കും ഒരു പോലെ പൊള്ളുന്നു. ആ തലത്തിൽ രണ്ടു കൂട്ടരിലും ഒരുപാട് സാമ്യതകൾ ഉണ്ട് താനും. 


കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അത് പറഞ്ഞവതരിപ്പിക്കുന്ന ശൈലി കൊണ്ടും മികച്ചു നിൽക്കുന്നു 'ന്നാ താൻ കേസ് കൊട്'. കാസ്റ്റിങ് ആണ് ഈ സിനിമയുടെ പരമാത്മാവ്. വിരലിൽ എണ്ണാവുന്ന നടീനടമാർ ഒഴിച്ച് നിർത്തിയാൽ എല്ലാവരും പുതുമുഖങ്ങൾ. എന്നിട്ടും ഒരിടത്തു പോലും പാളിപ്പോകാതെ അത്ര മേൽ സ്വാഭാവികമായ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് അവരെല്ലാം ഓരോ സീനിലും നമ്മളെ ഞെട്ടിക്കുന്നു. 

ജഡ്ജിയും വക്കീലന്മാരും പോലീസുകാരും കൊഴുമ്മൽ രാജീവനും മാത്രമല്ല പോലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന വൃദ്ധ കഥാപാത്രങ്ങളും കോടതിയിലെ പ്രതിക്കൂട്ടിൽ കയറി ഇറങ്ങുന്നവരും തൊട്ട് വഴിയേ നടന്നു പോകുന്ന ആളുകൾക്ക് വരെ ഈ സിനിമയിൽ അപാരമായ സ്‌ക്രീൻ സ്പേസ് കിട്ടിയിട്ടുണ്ട്. കൊഴുമ്മൽ രാജീവനെ കടിച്ച കിങ്ങിണിയും പൈങ്കിളിയും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളായി മാറുന്നു.

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും', 'തിങ്കളാഴ്ച നിശ്ചയം', സിനിമകൾക്ക് ശേഷം കാസർഗോഡിന്റെ പ്രാദേശികതയെ മനോഹരമായി അവതരിപ്പിച്ച സിനിമ എന്ന നിലക്കും ശ്രദ്ധേയമാകുന്നു 'ന്നാ താൻ കേസ് കൊട്'. മലയാള സിനിമയുടെ കഥാ ഭൂമികയിൽ കാസർഗോഡ് ഇനിയും കടന്നു വരട്ടെ.

കുഴിയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ കൃത്യമായി ഇടത് പക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ കയറ്റുന്നത് എന്തിനാണെന്ന് ചിന്തിക്കുകയുണ്ടായി. ഈ കുഴി എന്നത് ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് മാത്രം രൂപപ്പെട്ടതോ രൂപപ്പെടുന്നതോ അല്ല എന്നിരിക്കെ എന്തിനാണ് അങ്ങിനെയൊരു ചിത്രീകരണത്തിന്റെ ആവശ്യകത എന്നും സംശയിക്കാം. അവിടെയാണ് സഖാവ് ഇ.എം.എസ് പറഞ്ഞ ചില കാര്യങ്ങളുടെ പ്രസക്തി. (അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിൽ തിരുത്താം) 


തിരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാർ രൂപീകരിച്ചു ഭരണത്തിലേറിയാലും സർക്കാരിനെയല്ല അധികാരത്തിലേറ്റിയ ജനങ്ങളെയാണ് പാർട്ടി പിന്തുണക്കേണ്ടത്. ഏത് സർക്കാർ ഭരിച്ചാലും പാർട്ടിക്ക് എന്നും പ്രതിപക്ഷത്തിന്റെ റോളാണ് ഉണ്ടാകേണ്ടത് എന്ന് ഓർമ്മിപ്പിച്ചിട്ടുള്ള സഖാവ് ഇ.എം.എസിന്റെ ചിന്തകളോട് ചേർന്ന് നിൽക്കുന്നുണ്ട് ഈ സിനിമ. അങ്ങിനെ ഒരു പ്രതിപക്ഷത്തിന്റെ ദൗത്യം തന്നെയാണ് ഈ സിനിമക്കും ഉണ്ടായി കാണുന്നത്. 

കുഴി എന്ന വിഷയത്തെ എത്ര കാര്യക്ഷമതയോടെ ചർച്ച ചെയ്യിക്കാൻ സിനിമക്ക് സാധിച്ചു എന്നതിന്റെ ഉത്തരമാണ് ഈ സിനിമ വന്ന ശേഷം റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥ വിഭാഗങ്ങളും സ്വീകരിച്ചു കാണുന്ന പോസിറ്റിവ് നിലപാടുകൾ. ബഹിഷ്‌ക്കരിക്കേണ്ടത് ഇത്തരം സിനിമകളെയല്ല. ചൂണ്ടി കാണിക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതികളെയാണ്. 

പെട്രോൾ വില വർദ്ധനവും രക്തസാക്ഷിത്വവുമൊക്കെ ചിരിച്ചു തള്ളാനുള്ള കോമഡി ടൂളാക്കി മാറ്റിയ ആക്ഷേപ ഹാസ്യ ശൈലിയോടൊന്നും യോജിപ്പില്ലെങ്കിലും സിനിമയുടെ ജോണറിനെ കണക്കിലെടുത്തു കൊണ്ട് കണ്ണടക്കാം. 

ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ സിനിമയിലൂടെയെങ്കിലും കേരളത്തിന്റെ ഒരു വനിതാ മുഖ്യമന്ത്രിയെ കാണിച്ചു തന്നു എന്നതാണ്. ചെറിയ റോളെങ്കിലും ഉണ്ണി മായയുടെ മുഖ്യമന്ത്രി വേഷം മലയാള സിനിമാ ചരിത്രത്തിൽ എന്നും അടയാളപ്പെട്ടു കിടക്കും.  

ആദ്യാവസാനം വരെ ചിരിപ്പിച്ച കോടതി ഒരു ഘട്ടത്തിൽ ഗൗരവത്തോടെ ചിലത് ചിന്തിപ്പിക്കുന്നു. ദൈവം കനിയാത്തിടത്ത് ജഡ്ജ് കനിയുമെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ അത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിക്കും. സാധാരണക്കാരന്റെ ശബ്ദം മുഴങ്ങുന്ന കോടതി മുറികളും സാധാരണക്കാരന് വേണ്ടി ന്യായത്തിന്റെ വിധി പറയുന്ന ജഡ്ജുമൊക്കെ സിനിമകളിലൂടെയെങ്കിലും നമ്മളെ ത്രസിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടൽ = ഒരു ക്ലീൻ എന്റർടൈനർ എന്നതിനൊപ്പം ഒരു സാമൂഹ്യ വിഷയം അതിന്റെ ഗൗരവം ചോരാതെ  ചർച്ച ചെയ്ത സിനിമ. 

*വിധി മാർക്ക് = 8/10 

 ©bhadran praveen sekhar

Tuesday, August 23, 2022

തിയേറ്റർ പൊളിച്ചടുക്കുന്ന ഡബിൾ സ്ട്രോങ്ങ്‌ എനർജറ്റിക് സിനിമ !!

ഒരു അടിയിൽ തുടങ്ങി മറ്റൊരു അടിയിൽ അവസാനിച്ച് വീണ്ടും മറ്റൊരു അടിയിൽ തുടങ്ങി അങ്ങിനെ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു അടിക്കഥ. അത് എത്രത്തോളം കളർഫുളും സ്റ്റൈലിഷും ആക്കാൻ പറ്റുമോ അതിന്റെ മാക്സിമം ആണ് 'തല്ലുമാല'.

ഒരു സിനിമക്ക് വേണ്ട കഥയുണ്ടോ എന്ന് സംശയിപ്പിക്കുന്ന ഒരു ചെറിയ പ്ലോട്ടിനെ പാട്ടും ഡാൻസും സൗഹൃദവും തമ്മിൽതല്ലുമൊക്കെ കൊണ്ട് ആഘോഷഭരിതമാക്കി മാറ്റുന്ന ഗംഭീര മെയ്കിങ് എന്ന് തന്നെ പറഞ്ഞു വക്കാം 'തല്ലുമാല'യെ.
ടോവിനോയും, ഷൈൻ ടോം ചാക്കോയും, കല്യാണിയും, ബിനു പപ്പുവും, ഗോകുലനും, ഓസ്റ്റിനും പിന്നെ സത്താറും വികാസുമൊക്കെയായി വന്നവരുമടക്കം എല്ലാവരും ഒരേ പൊളിച്ചടുക്കൽ.

കൂട്ടത്തിൽ ചങ്കിൽ കയറി കൂടിയത് ജംഷിയായി വന്ന മ്മടെ ലുഖ്മാൻ തന്നെ.. എജ്ജാതി പടപ്പാണ് ഷ്ടാ.. ചെമ്പന്റെയും സലിം കുമാറിന്റെയും ഗസ്റ്റ് അപ്പിയറൻസ് വേഷങ്ങൾക്ക് പോലും പടത്തിൽ നല്ല സ്‌പേസ് കിട്ടി.
ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, വിഷ്‌ണു വിജയുടെ സംഗീതം അതിലുമുപരി നിഷാദ് യൂസഫിന്റെ എഡിറ്റിംഗ്.. ഇത് മൂന്നും തല്ലുമാലയുടെ എടുത്തു പറയേണ്ട മികവുകളാണ്.

ആക്ഷൻ സീനുകളെല്ലാം ഒന്നിനൊന്നു മികച്ചത്.. അടിപ്പടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം.. പക്ഷെ ഈ പടത്തിലെ പോലെ ഒരു അടി വേറെ കണ്ട ഓർമ്മ പോലുമില്ല. ഓരോ അടിക്കും നമ്മളെ ത്രസിപ്പിക്കുന്ന ഒരു താളമുണ്ട്..

ആ തിയേറ്ററിനുള്ളിലെയും കാറിനുള്ളിലെയുമൊക്കെ അടി. എന്റെ പൊന്നോ വേറെ ലെവൽ എക്സ്പീരിയൻസ്. തിയേറ്റർ നിന്ന് അത് കാണുമ്പോഴുണ്ടായ അതേ തരിപ്പ് കണ്ടിറങ്ങിയ ശേഷവും കൂടെ പോരുന്നു.
ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Friday, August 19, 2022

ജീവന്റെയും മരണത്തിന്റെയും മണമുള്ള മലയൻകുഞ്ഞ്!!

ട്രെയിലറിൽ നിന്ന് തന്നെ ഊഹിച്ചെടുക്കാവുന്ന കഥയും കഥാഗതിയും ആണ് മലയൻകുഞ്ഞിന്റെത്. 

എന്നാലും അത് എങ്ങിനെ ഒരു മുഴുനീള സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നറിയാനുള്ള കൗതുകമാണ് മലയൻകുഞ്ഞിനെ കാണാൻ പ്രേരിപ്പിക്കുക .

ഇത്തരം ജോണറുകളിൽ പല ഭാഷകളിലായി നമ്മൾ മുൻപ് കണ്ട സിനിമകളുമായൊന്നും മലയൻകുഞ്ഞിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. എന്തിന് ഭരതന്റെ 'മാളൂട്ടി'യുമായോ മാത്തുക്കുട്ടി സേവ്യറിന്റെ 'ഹെലനു'മായോ പോലും അത്തരമൊരു താരതമ്യം ആവശ്യമില്ല .
ഒരേ തീമിലും ഒരേ കഥയിലും വരുന്ന സിനിമകൾ ആണെങ്കിൽ കൂടി ഒന്ന് മറ്റൊന്നിൽ നിന്ന് മാറി എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കുന്നതായിരിക്കും നല്ലത്. മലയൻകുഞ്ഞിനെ അങ്ങിനെയാണ് ആസ്വദിക്കാനും സാധിക്കുക.
ആദ്യത്തെ പല സീനുകളും ഓവർ ഡീറ്റൈലിംഗ് നൽകി നീട്ടി വലിക്കുന്നതായി തോന്നിയെങ്കിലും ഒരു ഘട്ടമെത്തുമ്പോൾ സിനിമയോട് ഇഴുകി ചേരാൻ സാധിക്കുന്നുണ്ട്. മലയോര ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന സീനുകൾ കാര്യമായി ഒന്നുമില്ലെങ്കിൽ കൂടിയും സിനിമ കണ്ടു കൊണ്ടിരിക്കെ നമ്മളും അവരിൽ ഒരാളായി മാറുന്നുണ്ട് .
അനിക്കുട്ടന്റെ കഥാപാത്രത്തെ വരച്ചിടാൻ കുറച്ചധികം സമയം എടുക്കുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ ഭ്രാന്തൻ മാനസികാവസ്ഥയെ നമുക്ക് കൂടി ഉൾക്കൊള്ളാൻ സാധിച്ചതും അത് കൊണ്ട് തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി .
അയാൾ ഒരിക്കലും ഒരു ജാതിവാദി ആയിരുന്നിരിക്കാൻ സാധ്യതയില്ല .. പക്ഷേ പെങ്ങളുടെ ഒളിച്ചോട്ടവും അച്ഛന്റെ തൂങ്ങി മരണവും ഒക്കെ കൂടി ചേർന്ന മനസികാഘാതങ്ങൾ അയാൾക്കുള്ളിൽ അയാൾ പോലുമറിയാതെ ജാതിവെറിയും പകയും സൃഷ്ടിക്കുന്നു ..അത് കൊണ്ട് തന്നെ ഒരേ സമയം സിനിമയിൽ ആ കഥാപാത്രം വെറുപ്പും സഹതാപവുമൊക്കെ പിടിച്ചു പറ്റുന്നുണ്ട്.
ജാഫർ ഇടുക്കിയൊക്കെ കുറച്ചു സീനിലേ ഉള്ളൂ എന്ന് പറഞ്ഞിട്ടെന്താ കിടിലൻ പെർഫോമൻസ് തന്നെ. കല്യാണ തലേന്ന് മകൾ ഒളിച്ചോടി പോയിട്ടും സമനില നഷ്ടപ്പെടാതെ അയാൾ സംസാരിക്കാൻ ശ്രമിക്കുന്നതും ചെക്കന്റെ വീട്ടുകാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള അയാളുടെ ആ പോക്കും ഒടുക്കം മരക്കൊമ്പിൽ മരിച്ചു തൂങ്ങിയാടുന്നതുമൊക്കെ നെഞ്ചിൽ കനമുണ്ടാക്കുന്നു .


മരിക്കും വരെയേ ഈ ജാതിയും മതവുമൊക്കെയുള്ളൂ എന്ന തിരിച്ചറിവ് തന്റെ മകൻ അനിക്കുട്ടന് പകർന്ന് കൊടുക്കാൻ ഒരു മലവെള്ളപാച്ചിൽ വേണ്ടി വന്നു.
ഒരായുസ്സ് മുഴുവൻ മനസ്സിൽ കൊണ്ട് നടക്കാൻ തീരുമാനിച്ച ദ്വേഷ്യവും പകയും സ്വാർത്ഥതയുമൊക്കെ എത്ര പെട്ടെന്നാണ് വെള്ളത്തിനും മണ്ണിനുമിടയിൽ അലിഞ്ഞില്ലാതാകുന്നത് .
താൻ കലഹിച്ചവരും തന്നോട് കലഹിക്കാൻ വന്നവരുമൊക്കെ ഒരു പെരുമഴയിൽ പൊടുന്നനെ ഒലിച്ചു വന്ന മലയുടെ ചീഞ്ഞ മണ്ണിൽ ശ്വാസം വെടിഞ്ഞിട്ടും അനിക്കുട്ടനെ മാത്രം ബാക്കിയാക്കുന്ന വിധി വൈപരീത്യം .
പൊന്നിയുടെ കരച്ചിൽ ആണ് അനിക്കുട്ടന്റെ ഇനിയുള്ള ജീവിതത്തെ മുന്നോട്ട് നടത്തുക .. ക്ലൈമാക്സ് സീനുകളെല്ലാം ശരിക്കും കണ്ണ് നനയിച്ചു..
ഫഹദിന്റെ ഒറ്റയാൾ പ്രകടനമൊക്കെ മികച്ചു നിന്നു..ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനം തന്നെയാണ് മലയൻകുഞ്ഞിന്റെ ഹൈലൈറ്റ്.
AR റഹ്മാൻ സംഗീതം സിനിമക്ക് ഗുണം ചെയ്തതായി തോന്നിയില്ല.. പക്ഷെ പശ്ചാത്തല സംഗീതം മനസ്സ് തൊടുന്നു.. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ..
ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമാ നിർമ്മിതി അല്ല മലയൻകുഞ്ഞ്. പോരായ്മകൾ അനുഭവപ്പെടാം.. ബോധ്യപ്പെടാതെ പോകുന്ന സീനുകളും ഉണ്ടാകാം .. ഇനിയും നന്നാക്കാമായിരുന്നെന്ന് തോന്നാവുന്ന കാര്യങ്ങൾ പറയാനുമുണ്ടാകാം .. എന്നിട്ടും എന്ത് കൊണ്ടൊക്കെയോ പല കാരണങ്ങൾ കൊണ്ട് മലയൻകുഞ്ഞിനെ ഇഷ്ടപ്പെട്ടു.
*വിധി മാർക്ക് = 6.5/10

-pravin-

Tuesday, August 16, 2022

സംഭവ ബഹുലമായ ജീവിത കഥ..സത്യസന്ധമായ സിനിമാവിഷ്ക്കാരം !!


'നമ്പി നാരായണൻ' എന്ന മനുഷ്യന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിന് നൽകുന്ന ആദരവും ബഹുമാനവും സമർപ്പണവുമാണ് 'റോക്കട്രി'.

ചാരവൃത്തി കേസുമായി ബന്ധപ്പെടുത്തി കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെട്ട ഒരു
മനുഷ്യന്റെ ജീവിതത്തിലെ നമ്മൾ അറിയാതെ പോയതും അറിഞ്ഞിരിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങളെയെല്ലാം തികഞ്ഞ സത്യസന്ധതയോടെ സിനിമയിലേക്ക് പകർത്തിയെടുക്കുന്നതിനൊപ്പം സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങളെ സമയബന്ധിതമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'റോക്കട്രി' മികച്ചു നിൽക്കുന്നത്.

ഒരു സിനിമയുടെ ക്ലിപ്ത ദൈർഘ്യത്തിൽ ഒതുക്കി പറയാവുന്ന ജീവിതമല്ല നമ്പി നാരായണന്റേത് എന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച മാധവനെ അഭിനന്ദിക്കാതെ പാകമില്ല. കൃത്യമായ പഠന വിവരണങ്ങളിലൂടെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കപ്പെട്ട ചുരുക്കം ബയോപിക് സിനിമകളിൽ ഒന്ന് കൂടിയായി മാറുന്നു 'റോക്കട്രി'.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായി നമ്പി നാരായണൻ എങ്ങിനെ വിശേഷിപ്പിക്കപ്പെടാം എന്നതിന്റെ ദൃശ്യ വിവരണങ്ങൾ ഒരു ഭാഗത്ത് അഭിമാനകരമായ് അവതരിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തെ പോലുള്ള ഒരാളുടെ ജീവിതത്തിൽ അകാരണമായി സംഭവിക്കുന്ന അനിഷ്ടങ്ങളും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും ശാരീരിക പീഡനങ്ങളുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട് .

തനിക്ക് കിട്ടിയ അതിഥി വേഷത്തിന്റെ ദൗത്യത്തെ ഗംഭീരമായി തന്നെ അവതരിപ്പിക്കാൻ സൂര്യക്ക് സാധിച്ചിട്ടുണ്ട്. ഒരു നായയെ തല്ലിക്കൊല്ലണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് പേ ഉണ്ടെന്ന് വെറുതേ വിളിച്ചു പറഞ്ഞാൽ മതി എന്ന പോലെ ഒരാളെ എല്ലാ തരത്തിലും ഇല്ലാതാക്കാൻ രാജ്യദ്രോഹിയെന്ന മുദ്ര കുത്തൽ തന്നെ ധാരാളം എന്ന് സൂര്യ പറയുമ്പോൾ അത് വാസ്തവമെന്നല്ലാതെ ഒന്നും പറയാനില്ല.

പേരും പ്രശസ്തിയും ഒന്നുമില്ലാത്ത എത്രയെത്ര നിരപരാധികൾ ഇതേ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ കൊല്ലപ്പെടുകയും ജയിലിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട് . അതിൽ എത്ര പേർ നിരപരാധിയെന്ന വിധിയും സമ്പാദിച്ച് പുറം ലോകം കാണുകയും ജീവിതം തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട് . ഒരാൾ നിരപരാധി ആണെങ്കിൽ തെറ്റ് ചെയ്ത മറ്റൊരാൾ കൂടി ഉണ്ടാകുമല്ലോ അയാൾ ആരാണ് എന്ന് കണ്ടെത്തപ്പെടുന്നുണ്ടോ ?

നമ്പി നാരായണന്റെ ജീവിത കഥയാണ് 'റോക്കട്രി' പറയുന്നതെങ്കിലും ഇത് നമ്പി നാരായണന്റെ മാത്രം ജീവിത കഥയല്ല എന്ന് ഒരുപാട് ചോദ്യങ്ങളിലൂടെ പറഞ്ഞു വക്കുകയാണ് സിനിമ .

സിനിമാറ്റിക് ആയി തന്നെ കാണാവുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ചില സംഭവ വികാസങ്ങളും ഇമോഷണൽ സീനുകളും അതിനൊത്ത പശ്ചാത്തല സംഗീതവും മാധവന്റെ പ്രകടനവുമൊക്കെ കൂടി ചേർന്നപ്പോൾ 'റോക്കട്രി' ഒരു വേറിട്ട ബയോപിക് സിനിമസ്വാദനം സമ്മാനിക്കുന്നുണ്ട്.


ക്ലൈമാക്സ് സീനുകളിൽ പൊടുന്നനെ മാധവനു പകരം സൂര്യക്കൊപ്പം യഥാർത്ഥ നമ്പി നാരായണൻ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷയിലും സംസാരത്തിലുമൊക്കെ നമ്മൾ മാധവനെ അറിയാതെ തിരഞ്ഞു നോക്കും. മാധവന്റെ സ്‌ക്രീൻ അപ്പിയറൻസും അഭിനയവുമൊക്കെ നമ്പി നാരായണനോട് അത്ര മാത്രം നീതി പുലർത്തി കാണാം.

നമ്പി നാരായണനോട് സൂര്യ പറയുന്ന മാപ്പ്. അതൊരു ജനതയുടേതാണ്. ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ക്രൂശിക്കപ്പെട്ടപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും ദുഃഖത്തോടെയെങ്കിലും തല ഉയർത്തി തന്നെ നിന്ന നമ്പി നാരായണനെ ഒരു സിനിമയിലൂടെ കണ്ടറിയേണ്ടി വന്നത് ഒരർത്ഥത്തിൽ ഗതികേട് കൂടിയാണ്. ഈ സിനിമ കാണാതെ പോകുന്നത് പോലും ഒരു നീതി കേടാണ് എന്ന് പറയേണ്ടി വരുന്നു.

* വിധി മാർക്ക് = 9/10

-pravin-

Monday, August 8, 2022

മനസ്സ് തൊടുന്ന 'വെയിൽ' !!


പ്രതീക്ഷകളോ മുൻവിധികളോ ഒന്നുമില്ലാതെയാണ് 'വെയിൽ' കണ്ടു തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയിലേക്ക് ഇഴുകി ചേർന്നു പോയി.

ഒറ്റ നോട്ടത്തിൽ ഒരു പ്ലസ് ടു പ്രണയ കഥയെന്ന് തോന്നിച്ച തുടക്കത്തിൽ നിന്ന് പതിയെ പിരിമുറുക്കമുള്ള ഒരു കുടുംബ കഥയായി പരിണമിക്കുകയാണ് 'വെയിൽ'.
കൈ വിട്ടു പോകുന്ന ജീവിതത്തെ തിരിച്ചു പിടിക്കാൻ പോലുമാകാത്ത മാനസികാവസ്ഥയിൽ എത്തി ചേരുന്ന ഷൈൻ നിഗത്തിന്റെ സിദ്ധാർഥിനെ കാണുമ്പോൾ മനസ്സിലെവിടെയോ സേതുമാധവന്റെ ഓർമ്മകൾ എത്തി.
ജീവിതത്തോട് പൊരുതി പോരാടി രണ്ട് മക്കളെയും പോറ്റി വളർത്തുന്ന ശ്രീരേഖയുടെ അമ്മ കഥാപാത്രം നമുക്ക് ചുറ്റുമുള്ള ആരുടെയൊക്കെയോ ജീവിതമായി തന്നെ അനുഭവപ്പെടുന്നു.
ഷൈൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ ഭാഷാ ശൈലി കഥ നടക്കുന്ന സ്ഥലവുമായോ സഹ കഥാപാത്രങ്ങളുടെ സംസാര ശൈലിയുമായോ ഒത്തു പോകാതെ തന്റെ മുൻകാല സിനിമകളിലെ മട്ടാഞ്ചേരിയൻ കഥാപാത്രങ്ങളുടെ തുടർച്ച പോലെ തോന്നിച്ചു എന്നതൊഴിച്ചാൽ സിനിമയിൽ എല്ലായിടത്തും ഷൈൻ നിഗത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു.
സിദ്ധാർഥിന്റെ മാനസികവിചാരങ്ങളും പിരിമുറുക്കങ്ങളും നിഷ്‌ക്രിയത്വവും അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെയൊക്കെ സൂക്ഷ്മതയോടെ തന്നെ അവതരിപ്പിക്കുന്നു ഷൈൻ നിഗം.
സിദ്ധാർഥ്-കാർത്തിക് സഹോദരങ്ങളുടെ വ്യക്തിത്വങ്ങൾ രണ്ട് ധ്രുവങ്ങളിലെന്ന പോലെ വ്യത്യാസപ്പെട്ടു കാണുമ്പോഴും അവർക്കിടയിലുള്ള സാഹോദര്യത്തിന്റെ ആഴം നമ്മൾ അനുഭവിക്കുന്നു പല സീനുകളിലും. അത് കൊണ്ട് തന്നെ അവരുടെ സ്നേഹവും അകൽച്ചയും ഒരു പോലെ മനസ്സ് തൊടുന്നുമുണ്ട്.
അമ്മയും മക്കളും തമ്മിലുള്ള വൈകാരിക രംഗങ്ങളൊക്കെ 'വെയിലി'ലെ മികച്ച രംഗങ്ങൾ ആയി തന്നെ വിലയിരുത്താൻ സാധിക്കും.


ഷൈൻ നിഗത്തിന്റെയും ശ്രീ രേഖയുടെയും സെയ്ദ് ഇമ്രാൻറെയുമൊക്കെ മികച്ച പ്രകടനങ്ങളും , പ്രദീപ് കുമാറിന്റെ ഹൃദ്യമായ സംഗീതവും , ഷാസ് മുഹമ്മദിന്റെ ഛായാഗ്രഹണവുമൊക്കെ വെയിലിന്റെ തിളക്കം കൂട്ടി. സഹനടന്മാരുടെ വേഷത്തിൽ ജെയിംസ് ഏലിയയുടെ ബേബി മാത്യുവും പ്രകടനം കൊണ്ട് വേറിട്ട് നിന്നു.
സൗഹൃദവും പ്രണയവും കുടുംബവുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന ഇങ്ങിനെയൊരു നല്ല സിനിമ ഒരു കാര്യവുമില്ലാത്ത തർക്കങ്ങളിൽ കുരുങ്ങി കിടന്നത് ദുഖകരമായ കാര്യമാണ് .
ഷൈൻ നിഗവും നിർമ്മാതാവും തമ്മിലുണ്ടായ പ്രശ്നങ്ങൾ എന്ത് തന്നെയായിരുന്നെങ്കിലും അത് ഈ സിനിമയെ ബാധിക്കാൻ പാടില്ലായിരുന്നു. ശരത് മേനോന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = മനസ്സ് തൊടുന്ന ഒരു കുഞ്ഞു മനോഹര സിനിമ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, July 23, 2022

'വാശി' വേണ്ടിയിരുന്ന പോരാട്ടം !!


അജയ് ബാഹ് ലിന്റെ 'Section 375' സിനിമയിലൂടെ ചർച്ച ചെയ്ത അതേ കാര്യങ്ങൾ തന്നെയാണ് 'വാശി'യും ചർച്ച ചെയ്യാൻ എടുക്കുന്നത്. 'Section 375' ലെ വാദപ്രതിവാദങ്ങൾ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചതെങ്കിൽ 'വാശി'യിൽ വിഷയം ചർച്ച ചെയ്യപ്പെടുന്നത് മറ്റൊരു രീതിയിലാണ് എന്ന് മാത്രം .

കോടതി റൂമുകളിലെ നടപടികളും വക്കീലന്മാരുടെ വാദ പ്രതിവാദങ്ങളുമൊക്കെ നാളിതു വരെ കാണാത്ത വിധം യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'വാശി' മുൻകാല കോടതി മുറി സിനിമകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് .

നാരദൻ പോലുള്ള പടങ്ങൾ ഉണ്ടാക്കിയ ക്ഷീണം വച്ച് നോക്കുമ്പോൾ 'വാശി' യിൽ ടോവിനോ നില മെച്ചപ്പെടുത്തി കാണാം ..കീർത്തി സുരേഷും കൊള്ളാമായിരുന്നു. അവർ രണ്ടു പേരുടെയും കോമ്പോ സീനുകളൊക്കെ നന്നായി വർക് ഔട്ട് ആയിട്ടുണ്ട്. പ്രത്യേകിച്ച് വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമൊക്കെ ഇഴ ചേർത്ത് കൊണ്ടുള്ള അവരുടെ കഥാപാത്ര പ്രകടനങ്ങളിൽ .

ആകെ മൊത്തം ടോട്ടൽ = തിരഞ്ഞെടുത്ത വിഷയം പ്രസക്തമെങ്കിലും അത് ചർച്ച ചെയ്യാൻ രൂപപ്പെടുത്തിയ കേസ് കുറച്ചു കൂടി ശക്തമായിരുന്നെങ്കിൽ ഒന്ന് കൂടെ നന്നാകുമായിരുന്നു എന്ന് തോന്നി.. കേസിന്റെ ആ ദുർബ്ബലത സിനിമക്ക് അനിവാര്യമായ ഒരു ത്രില്ലിനെ ഇല്ലാതാക്കുകയും പകരം ലാഗ് ഉണ്ടാക്കുകയും ചെയ്തു. ആ പോരായ്മ ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് വാശി .
വിധി മാർക്ക് = 6/10

©bhadran praveen sekhar 

Thursday, July 21, 2022

കേസ് അന്വേഷണത്തിന്റെ നേർ കാഴ്ചകൾ !!

പ്രാദേശികമായി നടന്ന ഒരു ജ്വല്ലറി മോഷണക്കേസിൽ നിന്ന് തുടങ്ങി അതിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണം മറ്റൊരു സംസ്ഥാനത്തേക്ക് നീളുന്നതാണ് സിനിമയുടെ വൺ ലൈൻ. സമാന പ്രമേയവും കഥയുമൊക്കെ കൈകാര്യം ചെയ്തിട്ടുള്ള മുൻകാല സിനിമകളിലെ പോലെ പോലീസിന്റെ ഹീറോ മാസ്സ് പരിവേഷങ്ങളോ,അന്വേഷണ ചടുലതയോ, മറ്റു ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയുടെ ഭാഗമാകുന്നില്ല. പകരം സത്യസന്ധവും സ്വാഭാവികവുമായ അവതരണം കൊണ്ടാണ് 'കുറ്റവും ശിക്ഷയും' വേറിട്ട ഒരു പോലീസ് അന്വേഷണ സിനിമയാകുന്നത്.

കേസ് അന്വേഷണത്തിലെ ജയ പരാജയങ്ങൾക്കപ്പുറം ഇങ്ങിനെയുള്ള കേസുകൾ അന്വേഷിക്കേണ്ടി വരുന്ന ഘട്ടത്തിൽ പോലീസിനു നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവർ അതിനെ നേരിടുന്ന രീതിയുമൊക്കെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്തെ പോലീസും അവിടത്തെ പോലീസ് സംവിധാനവുമൊക്കെ കേരളത്തിൽ നിന്ന് എത്ര മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന കഥാ സാഹചര്യങ്ങൾ.

ആകെ മൊത്തം ടോട്ടൽ = തമിഴിലെ 'തീരൻ' പോലെയൊരു സിനിമയാക്കി മാറ്റാവുന്ന കഥാഘടകങ്ങൾ ഉണ്ടായിട്ടും ഒട്ടും സിനിമാറ്റിക് ആക്കാതെ റിയലിസ്റ്റിക്കായി പറഞ്ഞവതരിപ്പിച്ചു എന്ന കാരണത്താൽ 'കുറ്റവും ശിക്ഷയും' നിരാശപ്പെടുത്തുമായിരിക്കാം. എന്നിരുന്നാലും പോലീസ് അന്വേഷണത്തിന്റെ യാഥാർഥ്യബോധമുള്ള നേർക്കാഴ്ചകൾ കൊണ്ട് വേറിട്ട ആസ്വാദനം സമ്മാനിക്കുന്നു 'കുറ്റവും ശിക്ഷയും' .

*വിധി മാർക്ക് = 6.5/10

©bhadran praveen sekhar

Wednesday, July 20, 2022

മാസ്സ് ആക്ഷൻ 'കടുവ' !!


രണ്ടു വ്യക്തികൾക്കിടയിൽ സംഭവിക്കുന്ന നിസ്സാരമെന്ന് തോന്നാവുന്ന ഒരു പ്രശ്നം അത് നാടിനെയും നാട്ടുകാരെയും വരെ ബാധിക്കാവുന്ന ഒരു യുദ്ധമായി മാറുന്ന അവസ്ഥ. അഭിമാനവും ദുരഭിമാനവും തമ്മിലെ പോരാട്ടങ്ങൾ, വാശിയും പകയും അടിയും തിരിച്ചടിയുമൊക്കെയായി നീളുന്ന കഥാ മുഹൂർത്തങ്ങൾ. 'അയ്യപ്പനും കോശിയും' , 'ഡ്രൈവിംഗ് ലൈസൻസ്' പോലുള്ള സിനിമകളിൽ നമ്മൾ കണ്ട അതേ സംഗതികളുടെ മറ്റൊരു പതിപ്പാണ് കടുവ എന്ന് പറയാം.

ആ ഒരു ട്രാക്കിലൂടെ തന്നെയാണ് 'കടുവ'യും പോകുന്നതെങ്കിലും മേൽപ്പറഞ്ഞ രണ്ടു സിനിമകളെ വച്ച് നോക്കുമ്പോൾ മാസ്സ് എലമെൻറ്സും പഞ്ച് സീനുകളും കൊണ്ടാണ് കടുവ ആഘോഷിക്കപ്പെടുന്നത് എന്ന് മാത്രം . തിയേറ്റർ കാഴ്ചകളിൽ 'കടുവ' നമ്മളെ ത്രസിപ്പിക്കുന്നതും അങ്ങിനെ തന്നെ.
മുൻകാല മലയാള സിനിമകളിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള മാസ്സ് ആക്ഷൻ സീനുകളെയെല്ലാം മിനുക്കി പണിഞ്ഞ ഒരു സമ്മിശ്ര സങ്കര മാസ്സ് സിനിമയായി വിലയിരുത്താം കടുവയെ. ഒട്ടും ബോറടിപ്പിക്കാതെ ആദ്യാവസാനം വരെ 'കടുവയെ' എൻഗേജിങ് ആക്കാൻ ഷാജി കൈലാസിന് സാധിച്ചു.
'താന്തോന്നി'യിലെ വടക്കൻ വീട്ടിലെ കൊച്ചു കുഞ്ഞിനെ പുതുക്കി പണിഞ്ഞ രൂപവും മെച്ചപ്പെടുത്തിയ പ്രകടനവുമാണ് പൃഥ്വിരാജിന്റെ കടുവാക്കുന്നേൽ കുര്യച്ചൻ. ഇൻട്രോ സീൻ തൊട്ട് പല സീനുകളിലും കടുവാക്കുന്നേൽ കുര്യച്ചനു വേണ്ടി മോഹൻലാലിന്റെ ശൈലികൾ കടം കൊള്ളുമ്പോഴും ഒട്ടും മുഷുമിപ്പിക്കാത്ത ഒരു പൃഥ്വിരാജ് ഷോ തന്നെയായി മാറുന്നു കടുവ.

ജോസഫ് ചാണ്ടിയെ ഒരു ടിപ്പിക്കൽ വില്ലൻ കഥാപാത്രമായി അനുഭവപ്പെടുത്താത്ത വിധം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് വിവേക് ഒബ്‌റോയ്. ലിപ് സിങ്കും വോയ്‌സ് മോഡുലേഷനുമൊക്കെ കൊണ്ട് വിവേക് ഒബ്‌റോയുടെ പ്രകടനത്തിനെ വേറെ ലെവലാക്കാൻ വിനീതിന്റെ ഡബ്ബിങ്ങിന് സാധിച്ചു.
തെരുതി ചേട്ത്തിയായി സീമയുടെ പ്രകടനം നന്നായിരുന്നെങ്കിലും മല്ലിക സുകുമാരന്റെ ഡബ്ബിങ്‌ സീമക്ക് ഒട്ടും യോജിച്ചതായി അനുഭവപ്പെടുത്തിയില്ല. സീമയുടെ പ്രകടനത്തെ പോലും അപ്രസക്തമാക്കും വിധം അങ്ങിനെ ഒരു ഡബ്ബിങ്ങിന്റെ ആവശ്യം എന്തായിരുന്നു എന്ന് മനസ്സിലായില്ല.
'അയ്യപ്പനും കോശിയി'ൽ കോശിയുടെ ഭാര്യാ പദവിയിൽ മാത്രം ഒതുങ്ങി പോയ റൂബിയെ പോലെയായില്ല കടുവയിലെ കുര്യച്ചന്റെ ഭാര്യാ എൽസ. കുര്യച്ചന്റെ ഭാര്യ എന്നതിനപ്പുറം എൽസക്ക് കിട്ടിയ സ്‌പേസ് സംയുക്ത നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = ഒരു മാസ്സ് ആക്ഷൻ സിനിമയുടെ ആസ്വാദനത്തിനൊപ്പം ആളും സമ്പത്തും അധികാരവുമൊക്കെ കൊണ്ട് മാത്രം സാധ്യമാകുന്ന ജയങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു 'കടുവ'. ജേക്സ് ബിജോയുടെ സംഗീതവും അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങുമൊക്കെ കൂടെ ചേരുമ്പോൾ ഉണ്ടാകുന്ന താളവും മേളവും ഓളവും തന്നെ ധാരാളമാണ് 'കടുവ'യുടെ ആസ്വാദന പൂർണ്ണതക്ക്.
*വിധി മാർക്ക് = 7.5/10
©bhadran praveen sekhar

Tuesday, July 5, 2022

ലൈംഗിക ന്യൂനപക്ഷത്തിന് വേണ്ടി സംസാരിച്ച ഒരു മനോഹര സിനിമ !!



സ്വവർഗ്ഗാനുരാഗികളായ പെൺകുട്ടികളെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കുന്ന ഹൈക്കോടതി വിധിയുടെ വാർത്തകൾക്ക് താഴെയുള്ള തെറി / ശാപ കമെന്റുകൾ വായിക്കുമ്പോൾ ആണ് വിദ്യാ സമ്പന്നർ എന്ന് നമ്മൾ കരുതി വച്ചിരിക്കുന്ന പലരുടെയും മാനസികാവസ്ഥകളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.

പൊതുബോധങ്ങളും മതബോധങ്ങളുമൊക്കെ കൊണ്ട് മലീമസമായ മനസ്സുകളിൽ LGBT കമ്മ്യൂണിറ്റിക്ക് ഒരു കാലത്തും സ്വീകാര്യത നേടാനാകില്ല എന്നത് ഒരു യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തെ ഉൾക്കൊള്ളുമ്പോഴും Badhai Do പോലുള്ള സിനിമകൾ ലൈംഗിക ന്യൂനപക്ഷത്തിന് വേണ്ടി സംസാരിക്കുന്നത് അഭിനന്ദനീയമാണ്.

രാജ്കുമാർ റാവു - ഭൂമി പെഡ്നേക്കർ ടീമിന്റെ കഥാപാത്ര പ്രകടനങ്ങൾക്കൊപ്പം തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ് കഥാപാത്ര തിരഞ്ഞെടുപ്പിലുള്ള അവരുടെ നിലപാടുകളും .

ആകെ മൊത്തം ടോട്ടൽ =  ഒരു എന്റർടൈനർ പാക്കേജ് ആണെങ്കിലും സിനിമക്കായി തിരഞ്ഞെടുത്ത വിഷയത്തിന്റെ ഗൗരവം ചോരാതെ തന്നെ അത് പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് Badhai Do നല്ലൊരു സിനിമയായി മാറുന്നത്. ക്ലൈമാക്സ് സീനുകളെല്ലാം ആ നിലക്ക് മികച്ചു നിൽക്കുന്നുമുണ്ട്.

*വിധി മാർക്ക് = 8/10 

©bhadran praveen sekhar

Thursday, June 30, 2022

ആലിയയുടെ ഗംഗു ഭായ് !!




ഗംഗു ഭായിയുടെ വായിച്ചറിഞ്ഞ ജീവിത കഥയിൽ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി അവരെടുത്ത നിലപാടുകളും അവർക്ക് പിന്നീട് സമൂഹത്തിൽ കിട്ടിയ ആദരവുമൊക്കെ വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട് ..ഗംഗു ഭായി അങ്ങിനെയാണ് ഗംഗാ മാ ആയി മാറുന്നതും. എന്നാൽ അത്തരം വിവരണങ്ങളെയൊന്നും സിനിമ കടം കൊള്ളുന്നില്ല. ഗംഗു ഭായി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് മാത്രം കഥ പറയാൻ ശ്രമിച്ചത് വിരസമാകുകയും ചെയ്തു.

ആലിയാ ഭട്ടിനെ സംബന്ധിച്ച് ഗംഗു ഭായിയെ അവതരിപ്പിക്കുന്നതിൽ ശാരീരികമായി പോലും ഒരുപാട് പരിമിതികൾ ഉണ്ട് .. പ്രകടനം കൊണ്ട് പരമാവധി നന്നാക്കാൻ ആലിയ ശ്രമിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ പവർ അനുഭവപ്പെടാത്ത അവസ്ഥയുണ്ട് പല സീനുകളിലും. പ്രധാന മന്ത്രി നെഹ്‌റുവിനെ കാണാൻ പോകുന്ന സീനും ക്ലൈമാക്സിലെ മൈതാന പ്രസംഗവുമൊക്കെയാണ് കൂട്ടത്തിൽ മികച്ചതെന്ന് പറയാവുന്നത് .

ഗംഗു ഭായിയുടെ കഥ പറയുന്ന സിനിമയിൽ മുഴുനീള വേഷത്തിൽ ആലിയ മരിച്ചഭിനയിച്ചിട്ടും കിട്ടാതെ പോയ സ്‌ക്രീൻ പ്രസൻസ് റഹീം ലാലയായി കുറഞ്ഞ സീനുകളിൽ മാത്രം വന്ന അജയ് ദേവ്ഗൺ കൊണ്ട് പോയി എന്ന് പറയാം .

ആകെ മൊത്തം ടോട്ടൽ = ഒരു സഞ്ജയ് ലീല ബൻസാലി സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഒരു ബയോപിക് സിനിമ എന്ന നിലക്ക് പൂർണ്ണത അനുഭവപ്പെട്ടില്ല.

*വിധി മാർക്ക് = 7/10

©bhadran praveen sekhar

Tuesday, June 14, 2022

ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സ് !!


ലോകേഷ് കനകരാജെന്ന പുതുമുഖ സംവിധായകനെ ഗംഭീരമായി അടയാളപ്പെടുത്തിയ സിനിമ 'മാനഗരം' ആയിരുന്നെങ്കിലും 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആഘോഷിക്കപ്പെടുന്നത്.

മാസ്സ് പരിവേഷമുള്ള കഥാപാത്ര നിർമ്മിതികളെ കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിലിൽ ത്രില്ലടിപ്പിക്കും വിധം അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്ക് ലോകേഷ് വിലയിരുത്തപ്പെടുന്നതും 'കൈതി'ക്ക് ശേഷമാണ്.

എന്നാൽ 'മാസ്റ്ററി'ലേക്ക് എത്തിയപ്പോൾ വിജയുടെ സൂപ്പർ താര പരിവേഷത്തെ ഉപയോഗപ്പെടുത്തി ഒരു ടിപ്പിക്കൽ മാസ്സ് പടം കൊണ്ട് പ്രേക്ഷകരെ തൃപ്‍തിപ്പെടുത്തുകയാണ് ലോകേഷ് ചെയ്തത്. വിജയുടെ ജെ.ഡിയെക്കാൾ വിജയ് സേതുപതിയുടെ ഭവാനിയായിരുന്നു ആ പടത്തിൽ സ്‌കോർ ചെയ്തത് .


തന്റെ സിനിമകളിൽ നായകനും വില്ലനുമൊക്കെ ഒരു പോലെ സ്‌ക്രീൻ സ്പേസ് കൊടുക്കുന്ന കാര്യത്തിൽ ലോകേഷ് കാണിക്കുന്ന താൽപ്പര്യം ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ കമൽ ഹാസനെ വച്ച് 'വിക്രം' പ്രഖ്യാപിക്കുമ്പോൾ ആ സിനിമ ഒരു ഹീറോക്ക് വേണ്ടി മാത്രം എഴുതുന്നതല്ല എന്ന് ഉറപ്പായിരുന്നു.

മുൻകാല സിനിമകളുടെ റഫറൻസുകൾ 'വിക്രമി'ന് വേണ്ടി സമർത്ഥമായി ഉപയോഗപ്പെടുത്താൻ ലോകേഷിന് സാധിച്ചു. 'കൈതി'യെ തന്നെയാണ് പ്രധാനമായും അതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പഴയ 'വിക്രം' സിനിമയിൽ കമൽ ഹാസ്സൻ ചെയ്ത RAW ഏജന്റ് കഥാപാത്രത്തെ ഓർമ്മപ്പെടുത്തും വിധമാണ് ഫഹദിന്റെ അമർ എന്ന കഥാപാത്ര സൃഷ്ടി. പഴയ വിക്രമിനെ കർണ്ണനായി പുനരവതരിപ്പിക്കുന്നതോടൊപ്പം ആ സിനിമയിലെ സത്യരാജിന്റെ വില്ലൻ കഥാപാത്രത്തിന്റെ ഒറ്റ ചില്ലു മാത്രമുള്ള കണ്ണട വിജയ് സേതുപതിയുടെ വില്ലന് വേണ്ടിയും റഫർ ചെയ്ത് കാണാം.

കമൽ ഹാസ്സന്റെ സ്‌ക്രീൻ പ്രസൻസും എനർജിയും 'വിക്രമി'ന്റെ ഹൈലൈറ്റ് ആകുമ്പോഴും ഫഹദും വിജയ് സേതുപതിയും ചെമ്പനും നരേനുമടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾക്ക് സിനിമയിൽ വ്യക്തമായ ഇടം കിട്ടുന്നുണ്ട്. ശബ്ദം കൊണ്ടാണെങ്കിലും കാർത്തിയുടെ ഡില്ലി വന്നു പോകുന്ന സീനും, സൂര്യയുടെ ഇൻട്രോ സീനുമൊക്കെ തിയേറ്റർ കാഴ്ചയിൽ ഗംഭീരമായ ഒരു ഓളം ഉണ്ടാക്കുന്നു.

പ്രവചനാതീതമായ കഥയോ കഥാ സാഹചര്യമോ അല്ലാതിരുന്നിട്ടു കൂടി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന മേക്കിങ് തന്നെയാണ് വിക്രമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആക്ഷൻ സീനുകളും, പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവുമൊക്കെ മികച്ചതായി തന്നെ അനുഭവപ്പെട്ടു.

ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ചേരുവകൾ കൂടുതലുണ്ടെങ്കിലും കഥാപാത്രങ്ങളുടെ കുടുംബവും വ്യക്തി ജീവിതവും വൈകാരികതയുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന വിധമാണ് ലോകേഷ് 'വിക്രമി'നെ രൂപപ്പെടുത്തിയിരിക്കുന്നത്.

സിസ്റ്റത്തോടുള്ള എതിർപ്പുകളും, മനുഷ്യന്റെ പ്രതികാര ബുദ്ധിയും, സാമൂഹികതയും, വേട്ടക്കാരനും ഇരക്കുമൊക്കെ ഒരു പോലെ ബാധകമായിട്ടുള്ള പ്രകൃതിയുടെ നിയമവുമൊക്കെ കൂട്ടത്തിൽ പറഞ്ഞു പോകുന്നത് കാണാം.


'കൈതി'യിലെ ക്ലൈമാക്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് - സംബന്ധമേ ഇല്ലാതെ വന്ത് മൊത്തത്തെ കാലി പൻഡ്രു പോയവൻ യാര് ?

സംബന്ധം ഇരിക്ക് ..അവൻ പേര് ഡില്ലി .. എന്ന് അടൈകളം പറയുമ്പോൾ ഡില്ലി മകളെയും എടുത്ത് റോഡിലൂടെ നടന്നു പോകുകയാണ്.. കത്തിക്കയറുന്ന ബിജിഎമ്മിനോടൊപ്പം ആ സീൻ കാണുമ്പോഴാണ് ഈ കഥ ഇവിടെയൊന്നും തീരുന്നതല്ല എന്ന് മനസ്സിലാകുന്നത്.

അന്ന് 'കൈതി' സമ്മാനിച്ച അതേ മൂഡിലിരുന്നു കൊണ്ട് വിക്രമിനെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് 'വിക്രമി'ന്റെ ഏറ്റവും മികച്ച ആസ്വാദനം എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ =ഉലകനായകനെ മുൻനിർത്തി കൊണ്ട് ലോകേഷ് കനകരാജ് ഒരുക്കുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള വാതിൽ മാത്രമാണ് വിക്രം. ഇത് ആരംഭം മാത്രമാണ്. കഥകളും കഥാപാത്രങ്ങളുമൊക്കെ ഇനിയും വരാനുണ്ട്.'വിക്രമി'ൽ കേൾക്കുന്ന ഡില്ലിയുടെ ശബ്ദവും, കഥാവസാനം റോളക്‌സെന്ന കൊടൂര വില്ലന്റെ ഇൻട്രോയുമൊക്കെ അതിന്റെ ചെറിയ സൂചനകൾ മാത്രം.ജെ.ഡിയും, ഡില്ലിയും, റോളക്‌സും, വിക്രമുമൊക്കെ കൂടെ ഉണ്ടാക്കാൻ പോകുന്ന ആ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകേഷിന്റെ വരും സിനിമകളെ കൂടുതൽ ത്രസിപ്പിക്കട്ടെ.

*വിധി മാർക്ക് = 8/10

©bhadran praveen sekhar

Thursday, June 9, 2022

പുഴുവരിക്കുന്ന യാഥാർഥ്യങ്ങൾ !!


ജാതി ഒരു മിഥ്യയെങ്കിലും ജാതീയത ഒരു യാഥാർഥ്യമാണ്. മനുഷ്യൻ മാറി റോബോട്ട് വന്നാലും ഇതൊന്നും അങ്ങിനെ മാറില്ലെടോ എന്ന് കുട്ടപ്പൻ പറയുന്നത് അത് കൊണ്ടാണ്.

മമ്മൂട്ടിയുടെ കുട്ടനും അപ്പുണ്ണി ശശിയുടെ കുട്ടപ്പനും തമ്മിലുള്ള അന്തരം കൃത്യമായി വരച്ചു കാണിക്കുന്നതോടൊപ്പം ആ രണ്ടു കഥാപാത്രങ്ങളും കൊണ്ട് നടക്കുന്ന നിലപാടുകളും ആദർശവും അമർഷവുമൊക്കെ അവരുടേതായ കാഴ്ചപ്പാടിൽ കാണിച്ചു തരുന്നുണ്ട് സിനിമ. ഇതിൽ കുട്ടന്റെ കൂടെ നിൽക്കണമോ കുട്ടപ്പന്റെ കൂടെ നിൽക്കണമോ എന്നത് കാഴ്ചക്കാരന്റെ രാഷ്ട്രീയം പോലിരിക്കും.


'വിധേയനി'ലെ ഭാസ്ക്കര പട്ടേലരും, 'പാലേരി മാണിക്യ'ത്തിലെ മുരിക്കിൻ കുന്നത് അഹമ്മദ് ഹാജിയെയുമൊക്കെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ 'പുഴു'വിലെ കുട്ടൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഒരു വില്ലൻ വേഷമേ അല്ല. എന്നാൽ അറപ്പിന്റെയും വെറുപ്പിന്റെയുമൊക്കെ ചിന്താഗതികൾ കൊണ്ട് നെഗറ്റിവ് പരിവേഷം കൈവരുന്ന കുട്ടൻ എന്ന കഥാപാത്രത്തെ തനിക്ക് മാത്രം സാധ്യമായ സൂക്ഷ്മാഭിനയങ്ങളിലൂടെ മികച്ചതാക്കി മാറ്റുന്നു മമ്മൂട്ടി.

വേണുവിന്റെ 'മുന്നറിയിപ്പി'ൽ പുറമേക്ക് ശാന്തശീലനായി പെരുമാറുന്ന, ആരെയും ആകർഷിക്കുന്ന സംസാര-പെരുമാറ്റങ്ങൾ ഉള്ള സി.കെ രാഘവനെ എത്ര നിഗൂഢമായാണ് മമ്മൂട്ടി അവതരിപ്പിച്ചത് എന്നോർത്തു നോക്കൂ. ഇവിടെ 'പുഴു'വിലെ കുട്ടനിലും സമാനമായ ഒരു നിഗൂഢതയുണ്ട്. അയാൾ അധികം സംസാരിക്കില്ല, പലപ്പോഴും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നു, പലതിനെയും ഭയക്കുന്നു, പലരെയും വെറുക്കുന്നു, ഒരു വേട്ടക്കാരനെ പോലെ നിലകൊള്ളുന്നു . ഈ സ്വഭാവ സവിശേഷതകൾക്കെല്ലാം പശ്ചാത്തലമായി നിൽക്കുന്നതാകട്ടെ അയാൾക്കുള്ളിലെ സവർണ്ണ ബോധമാണ്. അത് തന്റെ മകനിലേക്ക് കൂടി പകർന്നു കൊടുക്കാൻ അയാൾ ശക്തമായി ശ്രമിക്കുന്നു.

കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളെ മമ്മൂട്ടി പകർന്നാടുന്നത് ഹൈ വോൾട്ടേജിൽ അല്ല മറിച്ച് നിസ്സാരമെന്ന് തോന്നാവുന്ന ഭാവപ്രകടനങ്ങളിൽ കൂടിയാണ്. ഉള്ളിൽ വെറുപ്പ് ഒതുക്കി കൊണ്ട് സംസാരിക്കുന്നതും, മനസ്സിൽ പക കത്തി നിൽക്കുമ്പോൾ വൈകാരികമായി പെരുമാറുന്നതും, ഒരു ക്രൂരകൃത്യം നടപ്പിലാക്കിയ ശേഷം തെല്ലും കുറ്റബോധമില്ലാതെ തീർത്തും സാധാരണമായി തന്നെ മറ്റുള്ളവരുമായി ഇടപഴകുന്നതുമടക്കം പല വിധ സ്വഭാവ-പെരുമാറ്റ ശൈലികൾ കൊണ്ട് കുട്ടനെ വേറിട്ടൊരു നെഗറ്റിവ് കഥാപാത്രമാക്കി പൂർണ്ണതയിൽ എത്തിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

കുട്ടൻ -കുട്ടപ്പൻ എന്ന ഒരു പോലെയുള്ള കഥാപാത്ര നാമകരണത്തിന്റെ പിന്നിൽ പോലും കൃത്യതയുണ്ട്. രണ്ടു പേരുകളിൽ ഒന്ന് ഓമനത്തത്തോടെ സ്വീകരിക്കപ്പെടുന്നതും മറ്റൊന്ന് ദളിത് സ്വത്വമുള്ള പേരായി കണ്ട് അവഗണിക്കപ്പെടുന്നതുമാണ്. അപ്പുണ്ണി ശശിയുടെ കുട്ടപ്പനിലേക്ക് ചെന്നാൽ അയാൾ ഒരുപാട് അവഗണനകളും അവഹേളനങ്ങളും അനുഭവിച്ചറിയുകയും അതിൽ നിന്ന് സ്വയമേ പൊരുതി വിജയിച്ചവനുമാണ് എന്ന് മനസ്സിലാക്കാം.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർമാരിൽ നിന്ന് നേരിട്ട പരിഹാസത്തെ കുട്ടിയായിരിക്കെ തന്നെ അയാൾ തന്റേതായ രീതിയിൽ ഒറ്റക്ക് നാടകം കളിച്ചു കൊണ്ട് പ്രതിഷേധിച്ചതായി പറയുന്നുണ്ട്. തന്റെ നിറത്തെ ജാതീയമായി പരിഹസിച്ചവനെ കായികമായി കൈകാര്യം ചെയ്തു കൊണ്ട് പ്രതിഷേധിക്കുന്ന തലത്തിലേക്ക് അയാൾ മാറിയതിന് പിന്നിൽ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ തന്നെയാകാം കാരണം. അയാൾ നിയമവ്യവസ്ഥകളിലൂടെ നീതി വാങ്ങാൻ വേണ്ടി കാത്തു നിൽക്കുന്നില്ല എന്ന് മാത്രമല്ല സ്വതന്ത്രമായി ജീവിക്കാൻ ഒരു ലൈസൻസിന്റെയും ആവശ്യമില്ല എന്ന് പറയുന്ന തരത്തിൽ ഒരു റബൽ ആയി തന്നെ നിലകൊള്ളുന്നു.


കുട്ടപ്പന്റെ ഭാര്യാ കഥാപാത്രം പാർവ്വതിയെ സംബന്ധിച്ചിടത്തോളം പ്രകടനപരമായ സാധ്യതകൾ നൽകുന്ന ഒന്നായിരുന്നില്ല . പാർവ്വതിക്ക് പകരം ആര് അഭിനയിച്ചാലും ആ റോൾ മോശമാകുകയും ഇല്ല. എന്നിട്ടും എന്ത് കൊണ്ട് പാർവ്വതി എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ചിലരൊക്കെ അപ്പുണ്ണി ശശിക്ക് എതിരെ പറഞ്ഞ സവർണ്ണത നിറഞ്ഞ കമെന്റുകൾ.

കലാഭവൻ മണിയുടെ നായികയാകാൻ വിമുഖത കാണിച്ച നടിമാരുണ്ടായിരുന്ന മലയാള സിനിമയിൽ അത്ര പോലും പ്രശസ്തനല്ലാത്ത അപ്പുണ്ണി ശശിയുടെ ഭാര്യാ വേഷം ചെയ്യാൻ തയ്യാറായ പാർവ്വതിയുടെ നിലപാട് ആണ് ഈ സിനിമയിലെ അവരുടെ കഥാപാത്രത്തേക്കാൾ കൈയ്യടി അർഹിക്കുന്നത്.

പുഴു എന്ന പേര് ഈ സിനിമയുടെ പല തലങ്ങളിൽ കൂടിപ്പിണഞ്ഞു കിടക്കുന്നുണ്ട്. നിസ്സാരവത്ക്കരണത്തിന്റെ ഭാഗമായും അറപ്പിന്റെ പ്രതീകമായുമൊക്കെ പുഴുവിനെ സിനിമയിൽ ബന്ധപ്പെടുത്തി കാണാം. അതിനോടൊപ്പം തന്നെ സിനിമയിൽ പ്രാധാന്യമുണ്ട് തക്ഷകന്റെ ആ നാടകത്തിന്. അഥവാ ആ നാടകമാണ് പുഴുവിന്റ ആത്മാവ്.

ആകെ മൊത്തം ടോട്ടൽ =  ഒരിക്കലും പറയാത്ത ഒരു വിഷയമല്ല പുഴുവിന്റെ പ്രമേയം, പക്ഷെ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലക്ക് തന്നെയാണ് 'പുഴു' ഇന്നും പ്രസക്തമാകുന്നത്. അവതരണത്തിലെ മന്ദഗതിയും പറഞ്ഞു തുടങ്ങിയ വിഷയത്തെ പറഞ്ഞവസാനിപ്പിച്ച ശൈലിയുമൊക്കെ പുഴുവിന്റെ പോരായ്മാകളായി പറയാമെങ്കിലും ഒരു പാഴ് കാഴ്ചയല്ല 'പുഴു' വിന്റേത്.

*വിധി മാർക്ക് = 7/10 

©bhadran praveen sekhar

Saturday, June 4, 2022

കടുവയുടെയും കാടിന്റെയും രാഷ്ട്രീയം !!


കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങി നാട്ടുകാരെ ആക്രമിച്ചു എന്ന വാർത്ത വായിക്കുമ്പോൾ എന്ത് കൊണ്ട് കടുവയും പുലിയും കാടിറങ്ങി നാട്ടിലെത്തുന്നു എന്ന് ചിന്തിക്കാനോ ചർച്ച ചെയ്യാനോ അധികമാരും ശ്രമിക്കാറില്ല. അത്തരം വാർത്തകളിലെല്ലാം തന്നെ മനുഷ്യന്റെ സ്വൈര്യ ജീവിതം ഇല്ലാതാക്കാൻ വേണ്ടി നാട്ടിലിറങ്ങുന്ന ഭീകരർ മാത്രമാണ് വന്യജീവികൾ.

പുലിയും കടുവയുമൊക്കെ സിനിമകളിലും വില്ലന്മാരാണ്. വാറുണ്ണിയും മുരുകനുമൊക്കെ നായകനായി വരുന്ന സിനിമകളിൽ പുലിക്കും കടുവക്കുമൊന്നും അതിനപ്പുറം മറ്റൊരു കഥാപാത്ര പരിവേഷത്തിന് സാധ്യത പോലുമില്ല.

കഥാന്ത്യത്തിൽ നായകന്മാരുടെ കൈകളാൽ കടുവയും പുലിയും ചത്ത് വീണാലെ ഹീറോയിസത്തിന് പൂർണ്ണതയുണ്ടാകൂ, എന്നാൽ മാത്രമേ അത്തരം സിനിമകൾ ആസ്വദനീയമാകൂ എന്നൊക്കെയുള്ള നിർബന്ധ ബുദ്ധിക്ക് എതിരെ നിക്കുന്ന സിനിമയാണ് 'ഷേർണി'.


കാടിന്റെയും നാടിന്റെയും പ്രശ്നം ഒരു പോലെ വരച്ചു കാണിക്കുന്നുണ്ട് 'ഷേർണി'. വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവിതവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, വന്യജീവികളുടെയും കാടിന്റെയും നാടിന്റെയുമൊക്കെ കാര്യത്തിൽ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളും, രാഷ്ട്രീയപരമായ മുതലെടുപ്പുകളുമടക്കം പലതും റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ഷേർണിക്ക് സാധിച്ചു.

ശരത് സക്സേനയുടെ പിന്റു എന്ന വേട്ടക്കാരൻ കഥാപാത്രത്തിനു സിനിമക്കുള്ളിലെ മറ്റു കഥാപാത്രങ്ങൾ നൽകുന്ന വീര പരിവേഷത്തെ വിദ്യാ ബാലന്റെ ഫോറസ്സ് ഓഫിസർ എത്ര ഗംഭീരമായാണ് മറി കടക്കുന്നത് എന്ന് പറയ വയ്യ. വിദ്യാ ബാലന്റെ മറ്റൊരു ഇഷ്ട കഥാപാത്രമായി മാറുന്നു ഷേർണിയിലെ വിദ്യാ വിൻസെന്റ്.

ആകെ മൊത്തം ടോട്ടൽ = കഥാപാത്ര സംഘട്ടനങ്ങളും സാഹസിക പ്രകടനങ്ങളും ഒന്നുമില്ലാതെ തന്നെ കാടിന്റെയും കടുവയുടേയുമൊക്കെ രാഷ്ട്രീയം മനോഹരമായി മനസ്സിൽ തട്ടും വിധം ബോധ്യപ്പെടുത്തി തരാൻ സംവിധായകൻ അമിത്‌ വി.മസൂർക്കറിന് സാധിച്ചു. Hats off to the entire team behind this movie.

*വിധി മാർക്ക് = 7.5/10

-pravin-

Thursday, May 26, 2022

പന്ത്രണ്ടാമന്റെ അന്വേഷണങ്ങൾ !!


സംഭവ ബഹുലമായ ഒരു ക്രൈം ത്രില്ലർ ഒന്നുമില്ലെങ്കിലും ഒരൊറ്റ രാത്രിയിലെ കഥയെ പരിമിതമായ കഥാപരിസരം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് .  

സ്ഥിരം കുറ്റാന്വേഷണ കഥകളിലെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ ഒരു ഗെയിം കളിക്കുന്ന പ്രതീതിയിൽ അന്വേഷണം നടത്തുന്നതൊക്കെ നന്നായി തോന്നി .. കഥയിലെ അസ്വാഭാവികതകളെ കുറിച്ചും നാടകീയതകളെ കുറിച്ചുമൊന്നും ശങ്കിച്ച് നിൽക്കാതെ ചന്ദ്ര ശേഖറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ആ മേശക്ക് ചുറ്റും നമ്മളും ആ പത്തു പേരെ മാറി മാറി നോക്കി കൊണ്ടിരിക്കും .

മോഹൻലാലിൻറെ costume കാണുമ്പോൾ ബിഗ് ബോസ് സീസൺ നാലിൽ നിന്ന് നേരിട്ട് വന്നു അഭിനയിച്ച പോലെ തോന്നിയെങ്കിലും ബോറായി തോന്നിയില്ല .. സർവ്വോപരി ഏട്ടന്റെ ആറാട്ട് കണ്ടതിന് ശേഷം ഇപ്പോൾ ഒരു വിധപ്പെട്ട ബോർ സീനുകൾ ആണെങ്കിൽ കൂടി അത് സഹിക്കാൻ സാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഈ 'പന്ത്രണ്ടാമ'ൻ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തുകയാണ് ഉണ്ടായത്.

ഇതിലെ അവിഹിതങ്ങളെ ചൊല്ലി പരാതിയില്ല. ആ അവിഹിതങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് ആക്കിയത് എന്ന് വേണമെങ്കിൽ പറയാം. ഒരു murder mystery നിറഞ്ഞു നിൽക്കുമ്പോഴും പല കഥാപാത്രങ്ങളുടെയും പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്ന സീനുകളെല്ലാം നന്നായി തോന്നി.. ഒരുപാട് predictions ന് സാധ്യതകൾ തന്നപ്പോഴും ക്ലൈമാക്സ്‌ ട്വിസ്റ്റുകളൊക്കെ ഇഷ്ടപ്പെട്ടു..

ആകെ മൊത്തം ടോട്ടൽ = ഒരു ചെറിയ ക്രൈം ത്രില്ലർ നോവൽ വായിക്കുന്ന ഫീൽ നൽകി കൊണ്ട് പറഞ്ഞവസാനിപ്പിച്ച ഒരു കൊച്ചു സിനിമ എന്ന നിലക്ക് 12th Man ഇഷ്ടപ്പെട്ടു.

*വിധി മാർക്ക് = 7/10 

-pravin- 

Friday, May 20, 2022

സേതു രാമയ്യരുടെ അഞ്ചാം വരവ് !!


ഒരുപാട് പേരുടെ നെഗറ്റീവ് റിവ്യൂസ് കേട്ടിട്ട് തന്നെയാണ് CBI 5 ന് പോയത്. പക്ഷേ എന്തോ അത്രക്കും മോശമായി അനുഭവപ്പെട്ടില്ല.

കേസ് അന്വേഷണം സി.ബി.ഐയിലേക്ക് എത്തുന്നതും സേതു രാമയ്യർ അന്വേഷണ ചുമതലയുമായി വരുന്നതുമടക്കം പല സീനുകളും സിബിഐ സീരീസിലെ ഒഴിവാക്കാനാകാത്ത കാര്യങ്ങൾ ആയത് കൊണ്ട് എല്ലാ CBI സിനിമകളിലും ഒരേ അവതരണ രീതി തന്നെയാണ് എന്നൊക്കെ പരാതിപ്പെടുന്നതിൽ കാര്യമില്ല.

സിബിഐയുടെ ചരിത്രത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്ന ഒരു കേസ് അന്വേഷണം എന്ന നിലക്ക് 'ബാസ്‌ക്കറ്റ് കില്ലിംഗ്' കേസിനെ പരിചയപ്പെടുത്തുന്നതൊക്കെ കൊള്ളാമായിരുന്നു. എന്നാൽ ആ കേസിൽ സിബിഐ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ പറഞ്ഞവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒന്ന് കൂടെ മെച്ചപ്പെടുത്താമായിരുന്നു.

ഒരു ഫ്ലാഷ് ബാക്കിലൂടെയെന്ന പോലെ ഒരു കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കു വെക്കുമ്പോൾ ലൈവായിട്ട് നടക്കുന്ന ഒരു കേസ് അന്വേഷണത്തിന്റെ ചടുലത ഇല്ലാതെ പോയി എന്നത് ഒരു പോരായ്മയാണ്. സേതുരാമയ്യരിന്റെ അന്വേഷണ ടീമിലെ പഴയ കോമ്പോ മാറി പുതിയ ഒരു ടീം വരുമ്പോൾ അതിലേക്ക് കുറച്ചു കൂടി നല്ല കാസ്റ്റിങ് വേണമായിരുന്നെന്നും തോന്നി. ഈ സീരീസിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു ഇടവേള ബാബുവിന്റെ മാമൻ വർഗ്ഗീസ്.

ദൃശ്യ പരിചരണത്തിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയുമൊക്കെ കേസ് അന്വേഷണത്തിന്റെ പിരിമുറുക്കങ്ങൾ അനുഭവപ്പെടുത്താനും സ്വാഭാവികമായും അതിന്റെതായ ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കി എടുക്കാനുമൊക്കെ മുൻകാല സിബിഐ സിനിമകളിൽ സാധിച്ചിരുന്നുവെങ്കിൽ സിബിഐ 5 ലേക്ക് വരുമ്പോൾ കേസിന്റെ മുഴു നീള വിവരങ്ങളും വള്ളി പുള്ളി വിടാതെ ശ്രദ്ധിച്ചു കേൾക്കുന്നവർക്ക് മാത്രമായി ആസ്വാദനം ചുരുങ്ങുന്നുണ്ട്.

ജഗതിയുടെ വിക്രമിനെ സ്‌ക്രീനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കും വിധം അദ്ദേഹത്തിന്റെ കഥാപാത്രത്തെ SN സ്വാമി മനോഹരമായി എഴുതി ചേർത്തിട്ടുണ്ട്.



കാര്യമായി വലിയ റോളുകളൊന്നും ചെയ്യാൻ ഇന്നത്തെ ജഗതിക്ക് സാധിക്കില്ല എന്ന യാഥാർഥ്യത്തെ അംഗീകരിക്കുമ്പോഴും ആ ചക്ര കസേരയിൽ ഇരുന്നു കൊണ്ട് തന്നെ അദ്ദേഹം വിക്രമിനെ ഗംഭീരമാക്കി. "His brain is still vibrant" എന്ന് സേതുരാമയ്യർ പറയുമ്പോൾ കാണുന്ന നമുക്കും അത് അംഗീകരിക്കാൻ സാധിക്കുന്നു. ജഗതി തിരിച്ചു വരുമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ കൂടിയായിരുന്നു അത്.

കുറ്റാന്വേഷണങ്ങളിലെ സാങ്കേതികതയും ശാസ്ത്രീയതയുമൊക്കെ കൂടുതൽ പഠന വിഷയമാക്കി കൊണ്ട് കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള കുറ്റാന്വേഷണ സിനിമകൾക്കിടയിൽ സിബിഐയുടെ പുതിയ പതിപ്പിന് വിമർശനങ്ങൾ സ്വാഭാവികം. കഥാപാത്രങ്ങളുടെ എണ്ണക്കൂടുതലും, മോശം കാസ്റ്റിങ്ങും, അവതരണത്തിലെ മന്ദഗതിയും, സിനിമയുടെ സമയ ദൈർഘ്യവുമൊക്കെ തന്നെയായിരിക്കാം പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയത് എന്ന് കരുതുന്നു.

ആകെ മൊത്തം ടോട്ടൽ = ഏറ്റവും മികച്ചതല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ എന്ന നിലക്ക് വ്യകതിപരമായി CBI 5 എന്നെ തൃപ്തിപ്പെടുത്തി. ക്ലൈമാക്സ് ട്വിസ്റ്റുകളൊക്കെ നന്നായി തന്നെ ആസ്വദിക്കാൻ സാധിച്ചു.

*വിധി മാർക്ക് = 6/10

-pravin-

Tuesday, May 17, 2022

ചോദ്യങ്ങളും നിലപാടുകളും കൊണ്ട് പ്രസക്തമാകുന്ന സിനിമ !!


നീതിക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങൾ അത് സമൂഹത്തിലായാലും സിനിമയിലായാലും ആവേശം കൊള്ളിക്കുന്നതാണ്. കൊമേഴ്സ്യൽ സിനിമകളിൽ അത്തരം കാര്യങ്ങളെ പറഞ്ഞവതരിപ്പിക്കുമ്പോൾ പലപ്പോഴും പറയുന്ന വിഷയത്തേക്കാൾ കൂടുതൽ പ്രാധാന്യം ഹീറോയിസത്തിന് നൽകുന്ന ശൈലിയാണ് കൂടുതലും കാണാറുള്ളത് . ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' ആ കാര്യത്തിൽ വേറിട്ടൊരു മാതൃക സമ്മാനിക്കുന്നുണ്ട്.

സ്ഥിരം നായക-പ്രതിനായക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യവസ്ഥിതികൾ മാറ്റിയെടുത്ത അല്ലെങ്കിൽ അതിനനുസരിച്ചു മാറി ജീവിക്കുന്നവരെ പൂർണ്ണമായും നായകനെന്നോ പ്രതിനായകനെന്നോ പിടി തരാത്ത വിധം അവതരിപ്പിക്കുകയാണ് സിനിമയിൽ. ആ തരത്തിൽ പൃഥ്വിരാജ്-സുരാജ് ടീമിന്റെയൊക്കെ കേന്ദ്ര കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ ഫലവത്തായി ഉപയോഗിക്കാൻ സാധിച്ചിടത്ത് സിനിമ മികച്ചു നിൽക്കുന്നു.

സമകാലീന സംഭവങ്ങളെ കോർത്തിണക്കി കഥ പറയുമ്പോഴും അതിനൊത്ത കഥാപാത്ര നിർമ്മിതികളും കഥാസാഹചര്യങ്ങളുമൊക്കെ കൊണ്ട് കെട്ടുറപ്പുള്ള ഒരു തിരക്കഥയുണ്ടാക്കാൻ ഷാരിസ് മുഹമ്മദിന് സാധിച്ചിടത്താണ് 'ജനഗണമന' വിജയിക്കുന്നത്.

തിരുത്തപ്പെടേണ്ട പൊതു ബോധ്യങ്ങളും ധാരണകളുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചതും, കെട്ട കാലത്തെ രാഷ്ട്രീയ വ്യവസ്ഥിതികളെ കുറിക്ക് കൊള്ളുന്ന കഥാപാത്ര സംഭാഷണങ്ങളിലൂടെ വിമർശന വിധേയമാക്കിയതുമെല്ലാം ഒരു സിനിമക്കപ്പുറം ജനഗണമനയെ ശ്രദ്ധേയമാക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥനും വിൻസിയുടെ ഗൗരി ലക്ഷ്മിയുമൊക്കെ നന്നായി എന്ന് പറയുമ്പോഴും സുരാജിന്റെ സജ്ജൻ കുമാർ തന്നെയാണ് പ്രകടനത്തിൽ ഏറെ മികച്ചതായി അനുഭവപ്പെട്ടത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേഷത്തിൽ എത്തുന്ന ഷമ്മി തിലകനും കൊള്ളാമായിരുന്നു.

രണ്ടാം പകുതിയിലെ കോടതി സീനുകളിൽ ലോജിക്ക് പരതാനും അവതരണത്തിലെ നാടകീയതകളെ ചോദ്യം ചെയ്യാനുമൊക്കെയുള്ള അവസരം തരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെയും ഉന്നയിക്കുന്ന ചോദ്യങ്ങളുടെയുമൊക്കെ പ്രസക്തി കൊണ്ട് ആ സീനുകൾ കല്ല് കടിയായി അനുഭവപ്പെട്ടില്ല.

റിയലിസ്റ്റിക് ആയി കൈകാര്യം ചെയ്യാമായിരുന്ന സീനുകളെങ്കിലും ആ സീനുകൾക്ക് ഒരു പവർ ഉണ്ടാകണമെങ്കിൽ ഒരൽപ്പം നാടകീയതയും സിനിമാറ്റിക് അവതരണവുമൊക്കെ അനുയോജ്യമാണെന്ന് തന്നെയാണ് അഭിപ്രായം.

ദൈർഘ്യമേറിയ കോടതി സീനുകളും വാദ പ്രതിവാദങ്ങളും അതിനേക്കാളുപരി സമൂഹത്തിൽ നില നിൽക്കുന്ന പൊതു ബോധങ്ങളെയും മിഥ്യാ ധാരണകളെയുമൊക്കെ വലിച്ചു കീറുന്ന സംഭാഷണങ്ങളുമൊക്കെ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ സീനിന്റെ വിജയവും .


ജേക്സ് ബിജോയുടെ സംഗീതവും, സുദീപിന്റെ ഛായാഗ്രഹണവും, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങുമൊക്കെ 'ജനഗണമന'യുടെ ചടുലതയെ കൂടുതൽ മനോഹരമാക്കി. ക്ലൈമാക്സ് ട്വിസ്റ്റുകളും കേന്ദ്ര കഥാപാത്രങ്ങളുടെ ട്രാൻസ്ഫോമേഷൻ സീനുകളൊക്കെ എടുത്തു പറയേണ്ട മികവുകളാണ്.

ആകെ മൊത്തം ടോട്ടൽ = പൂർണ്ണമായും ഒരു രാഷ്ട്രീയ സിനിമ എന്ന നിലക്ക് വിലയിരുത്തപ്പെടാനാകില്ലെങ്കിലും പത്ര വാർത്തകളിലൂടെ നമ്മൾ വായിച്ചു മറന്നിട്ടുള്ള പല സംഭവങ്ങളെയും അനീതികളെയും ഓർമ്മപ്പെടുത്തുകയും, അതിനെയെല്ലാം സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രസകത്മായ ചോദ്യങ്ങൾ സഹിതം പറഞ്ഞവതരിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന നിലക്ക് 'ജനഗണമന' കൈയ്യടി അർഹിക്കുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, April 30, 2022

ഭയപ്പാടിന്റെ 'അന്താക്ഷരി' !!


ഒറ്റപ്പെട്ട വീടുകളും വിജനമായ വഴികളും റബ്ബർ എസ്റ്റേറ്റുമൊക്കെ കഥയിലെ ദുരൂഹതക്ക് മികവേകിയപ്പോൾ ദൃശ്യപരിചരണത്തിലൂടെ ഒരു ഹൊറർ മൂഡ് സൃഷ്ടിച്ചെടുക്കുന്നതിൽ സിനിമ വിജയിച്ചു. സൗണ്ട് ഡിസൈനും നന്നായി അനുഭവപ്പെട്ടു .

ഒരു പോലീസ് കുറ്റാന്വേഷണ കഥയുടെ സ്ഥിരം ചട്ടക്കൂടുകൾ ഉണ്ടെങ്കിലും ഈ സിനിമയിലെ അന്വേഷണം ദാസ് എന്ന പോലീസുകാരനിൽ നിന്ന് മാറി ദാസിന്റെ വ്യക്തിപരമായ അന്വേഷണമായി മാറുന്നതൊക്കെ കൊള്ളാമായിരുന്നെങ്കിലും അന്വേഷണത്തെ ചടുലമാക്കുന്ന കഥാഗതികളോ അനുബന്ധ കഥകളോ ഇല്ലാതെ പോകുന്നിടത്ത് ഒരൽപ്പം വിരസമാകുന്നുണ്ട് അന്താക്ഷരി.
സാധാരണ കുറ്റാന്വേഷണ സിനിമകളിൽ കൂർമ്മ ബുദ്ധിയുള്ള പോലീസ് കഥാപാത്രങ്ങളെ മാത്രം കണ്ടു ശീലിച്ചത് കൊണ്ടാകാം സൈജു കുറുപ്പിന്റെ ആത്മവിശ്വാസമില്ലാത്ത പോലീസ് കഥാപാത്രം വ്യത്യസ്തതമായി തോന്നി.
ആത്മവിശ്വാസമില്ലായ്‌മയും ഭയവുമൊക്കെ കൂടി കലർന്ന പോലീസ് കഥാപാത്രത്തെ സൈജു കുറുപ്പ് നന്നായി ചെയ്തിട്ടുണ്ട്. ടോർച്ച് വെളിച്ചത്തിൽ റബ്ബർ എസ്റ്റേറ്റിലെ ഇരുട്ടിലൂടെ കൊലപാതകിയെ തേടി ഭയത്തോടെ അന്താക്ഷരി കളിക്കേണ്ടി വരുന്ന സീനൊക്കെ ഗംഭീരമായി തന്നെ സൈജു ചെയ്തിട്ടുണ്ട്.
ഭയം എന്ന വികാരത്തിനെ ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളുമായും ബന്ധപ്പെടുത്തി കൊണ്ട് കഥ പറയാൻ സംവിധായകൻ ശ്രമിച്ചു കാണാം സിനിമയിൽ. അരക്ഷിതരായി ജീവിക്കേണ്ടി വരുന്നവരുടെയും, ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെയുമൊക്കെ മനസ്സിലെ ഭയം ഒരു ഘട്ടം കഴിഞ്ഞാൽ ഏത് വയലൻസും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട് സിനിമ.
കഥാപാത്ര പ്രകടനങ്ങളിൽ രമേഷ് കോട്ടയത്തിന്റെ പോലീസ് കഥാപാത്രം മികച്ചു നിന്നു. അത് പോലെ കിഷോറിന്റെ കുട്ടിക്കാലം അഭിനയിച്ച പയ്യന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
ആകെ മൊത്തം ടോട്ടൽ = ഒരു വറൈറ്റി ത്രില്ലർ എന്ന് പറയാമെങ്കിലും അപൂർണ്ണമാണ് പലതും.. പല കഥാപാത്രങ്ങളെയും വേണ്ട പോലെ കഥയിലേക്ക് ബന്ധപ്പെടുത്താനോ ഉപയോഗപ്പെടുത്താനോ ശ്രമിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച പോലെ തോന്നി.. അതൊഴിച്ചു നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു പടമാണ് 'അന്താക്ഷരി'.

*വിധി മാർക്ക് = 5.5/10

-pravin-